വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയെ സേവിക്കുക, പൂർണഹൃദയത്തോടെ

യഹോവയെ സേവിക്കുക, പൂർണഹൃദയത്തോടെ

യഹോവയെ സേവിക്കുക, പൂർണഹൃദയത്തോടെ

‘എന്റെ മകനേ, നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണ്ണഹൃദയത്തോടെ സേവിക്കയും ചെയ്‌ക.’—1 ദിന. 28:9.

ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

എന്താണ്‌ ആലങ്കാരിക ഹൃദയം?

നമ്മുടെ ഹൃദയത്തെ പരിശോധിക്കാനുള്ള ഒരു മാർഗം ഏത്‌?

നമുക്ക്‌ എങ്ങനെ യഹോവയെ പൂർണഹൃദയത്തോടെ സേവിക്കാം?

1, 2. (എ) ഏതു ശരീരാവയവത്തെക്കുറിച്ചാണ്‌ ബൈബിളിൽ ആലങ്കാരികമായി ഏറ്റവും അധികം പരാമർശമുള്ളത്‌? (ബി) ആലങ്കാരിക ഹൃദയം എന്താണെന്ന്‌ നാം അറിഞ്ഞിരിക്കേണ്ടത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

 ശരീരാവയവങ്ങളെ പലപ്പോഴും ദൈവവചനത്തിൽ ആലങ്കാരിക അർഥത്തിൽ പരാമർശിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ഗോത്രപിതാവായ ഇയ്യോബ്‌, “സാഹസം എന്റെ കൈകളിൽ ഇല്ല” എന്നും ശലോമോൻരാജാവ്‌, “നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു” എന്നും പറഞ്ഞു. യഹോവ യെഹെസ്‌കേലിന്‌ ഈ ഉറപ്പുകൊടുത്തു: ‘ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ളതാക്കിയിരിക്കുന്നു.’ “ഞങ്ങളുടെ കാതുകൾക്ക്‌ അന്യമായ കാര്യങ്ങളാണു നീ പറയുന്നത്‌” എന്ന്‌ പൗലോസിനോട്‌ ചിലർ പറയുകയുണ്ടായി.—ഇയ്യോ. 16:17; സദൃ. 15:30; യെഹെ. 3:9; പ്രവൃ. 17:20.

2 മറ്റേതൊരു ശരീരഭാഗത്തെക്കാളും കൂടുതൽ ബൈബിളിൽ ആലങ്കാരികമായി പരാമർശിച്ചിട്ടുള്ള ഒരു അവയവമുണ്ട്‌. ഹന്നായുടെ പ്രാർഥനയിൽ അതേക്കുറിച്ച്‌ കാണാം: “എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു.” (1 ശമൂ. 2:1) ബൈബിൾ എഴുത്തുകാർ ആയിരത്തോളം പ്രാവശ്യം ഹൃദയത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌, മിക്കതും ആലങ്കാരിക അർഥത്തിൽ. “ഹൃദയത്തെ” കാത്തുരക്ഷിക്കണമെന്ന്‌ ബൈബിൾ പറയുന്നതിനാൽ ഹൃദയം എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന്‌ നാം അറിയേണ്ടത്‌ അതിപ്രധാനമാണ്‌.സദൃശവാക്യങ്ങൾ 4:23 വായിക്കുക.

ആലങ്കാരിക ഹൃദയം—എന്താണത്‌?

3. “ഹൃദയം” എന്ന പദത്തിന്റെ അർഥം നമുക്ക്‌ എങ്ങനെ വിവേചിച്ചെടുക്കാം? ദൃഷ്ടാന്തീകരിക്കുക.

3 “ഹൃദയം” എന്ന പദത്തിന്‌ നിഘണ്ടു നൽകുന്നതുപോലുള്ള നിർവചനം ബൈബിൾ നൽകുന്നില്ലെങ്കിലും ആ വാക്കിന്റെ അർഥം വിവേചിച്ചെടുക്കാൻ അതു നമ്മെ സഹായിക്കുന്നുണ്ട്‌. ഹൃദയത്തെക്കുറിച്ചുള്ള ആയിരത്തോളം ബൈബിൾപരാമർശങ്ങൾ ‘ചേർത്തു വായിച്ചാൽ’ ഈ വാക്ക്‌ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്‌ ഏത്‌ അർഥത്തിലാണെന്ന്‌ വ്യക്തമായി മനസ്സിലാകും. ഒരു ഉദാഹരണം നോക്കാം. നൂറുകണക്കിന്‌ ചെറിയ ഉരുളൻ കല്ലുകൾ ഭിത്തിയിൽ പതിപ്പിച്ച്‌ ഉണ്ടാക്കിയ മനോഹരമായ ഒരു ചിത്രപ്പണിയെക്കുറിച്ച്‌ ചിന്തിക്കുക. ഒന്നോ രണ്ടോ ചുവട്‌ പുറകോട്ടു മാറിനിന്ന്‌ നോക്കിയാൽ പലപല കല്ലുകൾ ചേർത്തുണ്ടാക്കിയ ആ രൂപം എന്താണെന്ന്‌ വ്യക്തമായി മനസ്സിലാകും. സമാനമായി, കുറച്ച്‌ ‘പുറകോട്ടു മാറിനിന്ന്‌ നോക്കിയാൽ’ ഹൃദയത്തെക്കുറിച്ചുള്ള ബൈബിൾപരാമർശങ്ങൾ ചേർന്നു നിർമിതമായ വ്യക്തമായ ഒരു ചിത്രം നമ്മുടെ മനസ്സിൽ തെളിയും. എന്തു ചിത്രം?

4. (എ) “ഹൃദയം” എന്തിനെ പ്രതീകപ്പെടുത്തുന്നു? (ബി) മത്തായി 22:37-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളുടെ അർഥമെന്ത്‌?

4 ബൈബിൾ എഴുത്തുകാർ “ഹൃദയം” എന്ന പദം ഒരുവന്റെ മുഴു ആന്തരിക വ്യക്തിത്വത്തെ കുറിക്കാൻ ഉപയോഗിക്കുന്നു. അതിൽ നമ്മുടെ ആഗ്രഹങ്ങൾ, ചിന്തകൾ, വ്യക്തിത്വം, മനോഭാവം, പ്രാപ്‌തികൾ, പ്രേരണകൾ, ലക്ഷ്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്‌. (ആവർത്തനപുസ്‌തകം 15:7; സദൃശവാക്യങ്ങൾ 16:9; പ്രവൃത്തികൾ 2:26 വായിക്കുക.) ഒരു ഗ്രന്ഥം ഇതിനെ “ആന്തരിക മനുഷ്യന്റെ ആകെത്തുക” എന്നു വിളിക്കുന്നു. എന്നാൽ ബൈബിളിൽ ചിലയിടങ്ങളിൽ “ഹൃദയം” എന്ന പദത്തിന്‌ അർഥവ്യാപ്‌തി കുറവാണ്‌. ഉദാഹരണത്തിന്‌ യേശുവിന്റെ ഈ വാക്കുകൾ ശ്രദ്ധിക്കുക: “നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടുംകൂടെ സ്‌നേഹിക്കണം.” (മത്താ. 22:37) ഇവിടെ “ഹൃദയം” എന്ന പദം ആന്തരിക വ്യക്തിയുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും മാത്രമേ കുറിക്കുന്നുള്ളൂ. ഹൃദയം, ദേഹി, മനസ്സ്‌ എന്നിവ വെവ്വേറെ പരാമർശിച്ചതിലൂടെ യേശു ഉദ്ദേശിച്ചത്‌, ദൈവത്തോടുള്ള സ്‌നേഹം നമ്മുടെ ഉള്ളിൽ തോന്നുന്ന വികാരങ്ങളിലും ജീവിതം എങ്ങനെ നയിക്കുന്നു എന്നതിലും മാനസിക പ്രാപ്‌തികൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലും പ്രകടമായിരിക്കണം എന്നാണ്‌. (യോഹ. 17:3; എഫെ. 6:6) എന്നാൽ “ഹൃദയ”ത്തെക്കുറിച്ചു മാത്രം പരാമർശിക്കുന്ന ഇടങ്ങളിൽ അത്‌ മുഴു ആന്തരിക വ്യക്തിയെയും അർഥമാക്കുന്നു.

ഹൃദയത്തെ കാത്തുകൊള്ളണം—എന്തുകൊണ്ട്‌?

5. യഹോവയെ പൂർണഹൃദയത്തോടെ സേവിക്കാൻ നാം കഴിവിന്റെ പരമാവധി ശ്രമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

5 ശലോമോനോടുള്ള ദാവീദുരാജാവിന്റെ വാക്കുകളിൽ ഹൃദയത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്‌ ശ്രദ്ധിക്കുക: “എന്റെ മകനേ, . . . നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്‌ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു.” (1 ദിന. 28:9) നമ്മുടേത്‌ ഉൾപ്പെടെ സർവ ഹൃദയങ്ങളും പരിശോധിക്കുന്നവനാണ്‌ യഹോവ. (സദൃ. 17:3; 21:2) നമ്മുടെ ഹൃദയം പരിശോധിക്കുമ്പോൾ അവൻ കണ്ടെത്തുന്ന സംഗതികളെ ആശ്രയിച്ചിരിക്കും അവനുമായുള്ള നമ്മുടെ ബന്ധവും നമ്മുടെ ഭാവിയും. അതിനാൽ, ദാവീദിന്റെ നിശ്വസ്‌ത ബുദ്ധിയുപദേശം പിൻപറ്റിക്കൊണ്ട്‌ യഹോവയെ പൂർണഹൃദയത്തോടെ സേവിക്കാൻ നാം കഴിവിന്റെ പരമാവധി ശ്രമിക്കണം.

6. യഹോവയെ സേവിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്‌ എന്തു സംഭവിച്ചേക്കാമെന്ന്‌ മനസ്സിൽപ്പിടിക്കേണ്ടതുണ്ട്‌?

6 യഹോവയുടെ ജനമായ നമ്മുടെ തീക്ഷ്‌ണതയാർന്ന പ്രവർത്തനങ്ങൾ, യഹോവയെ പൂർണഹൃദയത്തോടെ സേവിക്കാനുള്ള നമ്മുടെ ശക്തമായ ആഗ്രഹം വെളിപ്പെടുത്തുന്നുണ്ട്‌. എന്നാൽ, സാത്താന്റെ ദുഷിച്ച ലോകത്തിന്റെ സമ്മർദങ്ങളും നമ്മുടെ പാപപൂർണമായ ചായ്‌വുകളും ദൈവത്തെ പൂർണഹൃദയത്തോടെ സേവിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിനു തുരങ്കംവെച്ചേക്കാമെന്ന കാര്യം നാം വിസ്‌മരിക്കുന്നില്ല. (യിരെ. 17:9; എഫെ. 2:2) അതുകൊണ്ട്‌, യഹോവയെ സേവിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്‌ ഇളക്കംതട്ടുന്നില്ലെന്നും ജാഗ്രത കൈമോശം വരുന്നില്ലെന്നും ഉറപ്പാക്കാൻ നാം നമ്മുടെ ഹൃദയത്തെ പതിവായി പരിശോധിക്കണം. അത്‌ എങ്ങനെ ചെയ്യാം?

7. നമ്മുടെ ഹൃദയനില വെളിപ്പെടുന്നത്‌ എങ്ങനെ?

7 ഒരു വൃക്ഷത്തിന്റെ അകക്കാമ്പ്‌ അദൃശ്യമായിരിക്കുന്നതുപോലെ നമ്മുടെ ആന്തരിക വ്യക്തിത്വവും അദൃശ്യമാണ്‌. എന്നാൽ, ഫലങ്ങൾ നോക്കി വൃക്ഷത്തിന്റെ യഥാർഥ സ്ഥിതി മനസ്സിലാക്കാനാകുമെന്ന്‌ യേശു ഗിരിപ്രഭാഷണത്തിൽ പറയുകയുണ്ടായി. സമാനമായി, നമ്മുടെ പ്രവൃത്തികളിൽനിന്ന്‌ നമ്മുടെ ഹൃദയത്തിന്റെ അവസ്ഥ മനസ്സിലാക്കാം. (മത്താ. 7:17-20) അത്തരം പ്രവൃത്തികളിൽ ഒന്നാണ്‌ നാം ഇനി കാണാൻ പോകുന്നത്‌.

ഹൃദയത്തെ പരിശോധിക്കാൻ ഒരു മാർഗം

8. മത്തായി 6:33-ലെ യേശുവിന്റെ വാക്കുകൾ നമ്മുടെ ഹൃദയത്തെ പരിശോധിക്കാൻ സഹായിക്കുന്നത്‌ എങ്ങനെ?

8 ഇതേ ഗിരിപ്രഭാഷണത്തിൽ യേശു തന്റെ ശ്രോതാക്കളോട്‌, യഹോവയെ പൂർണഹൃദയത്തോടെ സേവിക്കാനുള്ള അവരുടെ ആഗ്രഹം വെളിവാക്കുന്ന പ്രവൃത്തി ഏതാണെന്ന്‌ പറഞ്ഞിരുന്നു. അവൻ പറഞ്ഞത്‌ ഇതാണ്‌: “ആകയാൽ ഒന്നാമത്‌ രാജ്യവും അവന്റെ നീതിയും അന്വേഷിക്കുവിൻ; അതോടുകൂടെ ഈവക കാര്യങ്ങളൊക്കെയും നിങ്ങൾക്കു നൽകപ്പെടും.” (മത്താ. 6:33) ജീവിതത്തിൽ നാം ഒന്നാം സ്ഥാനം നൽകുന്നത്‌ എന്തിനാണോ, അത്‌ നമ്മുടെ ഉള്ളിന്റെ ഉള്ളിലുള്ള ആഗ്രഹങ്ങളും ചിന്തകളും പദ്ധതികളും വെളിവാക്കും. അതുകൊണ്ട്‌, നമ്മുടെ മുൻഗണനകൾ പരിശോധിച്ചുനോക്കുന്നതാണ്‌ പൂർണഹൃദയത്തോടെയാണോ നാം യഹോവയെ സേവിക്കുന്നതെന്ന്‌ അറിയാനുള്ള ഒരു മാർഗം.

9. ചിലർക്ക്‌ യേശു ഏതു ക്ഷണം നൽകി, അവരുടെ പ്രതികരണം എന്തു വെളിപ്പെടുത്തി?

9 ‘ഒന്നാമത്‌ രാജ്യം അന്വേഷിക്കുവിൻ’ എന്ന്‌ യേശു തന്റെ അനുഗാമികളെ ഉദ്‌ബോധിപ്പിച്ച്‌ അധിക കാലം കഴിയുന്നതിനു മുമ്പ്‌ അരങ്ങേറിയ ഒരു സംഭവം ശ്രദ്ധിക്കുക. ഒരു വ്യക്തി ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകിയിരിക്കുന്ന സംഗതി അയാളുടെ ഹൃദയനില വെളിപ്പെടുത്തുന്നത്‌ എങ്ങനെയെന്ന്‌ കാണിച്ചുതരുന്നതാണ്‌ ആ സംഭവം. തന്നെ കാത്തിരിക്കുന്നത്‌ എന്താണെന്ന്‌ നന്നായി അറിയാമായിരുന്നിട്ടും “യെരുശലേമിലേക്കു പോകാൻ ഉറച്ച” യേശുവിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്‌ സുവിശേഷ എഴുത്തുകാരനായ ലൂക്കോസ്‌ ഈ വിവരണം ആരംഭിക്കുന്നത്‌. യേശുവും അപ്പൊസ്‌തലന്മാരും “പോകുമ്പോൾ” വഴിയിൽവെച്ച്‌ കണ്ടുമുട്ടിയ ചിലർക്ക്‌ യേശു ഈ ക്ഷണം നൽകി: “എന്നെ അനുഗമിക്കുക.” യേശുവിന്റെ ക്ഷണം സ്വീകരിക്കാൻ അവർ തയ്യാറായിരുന്നു. പക്ഷേ, അവർ ചില വ്യവസ്ഥകൾ വെച്ചു. ഒരാൾ ഇങ്ങനെ പറഞ്ഞു: “ആദ്യം പോയി എന്റെ അപ്പനെ അടക്കംചെയ്യാൻ എന്നെ അനുവദിച്ചാലും.” മറ്റൊരാൾ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ഞാൻ നിന്നെ അനുഗമിക്കാം; എന്നാൽ ആദ്യം പോയി വീട്ടിലുള്ളവരോടു യാത്രചോദിക്കാൻ എന്നെ അനുവദിച്ചാലും.” (ലൂക്കോ. 9:51, 57-61) പൂർണഹൃദയത്തോടെയുള്ള യേശുവിന്റെ ഉറച്ച തീരുമാനവും വ്യവസ്ഥകൾ വെച്ചുകൊണ്ട്‌ അവർ നൽകിയ തണുപ്പൻ മറുപടിയും തമ്മിൽ എത്ര വലിയ അന്തരമുണ്ട്‌! രാജ്യതാത്‌പര്യങ്ങൾക്കു പകരം സ്വന്തതാത്‌പര്യങ്ങൾക്ക്‌ ഒന്നാം സ്ഥാനം നൽകിയ അവർ യഹോവയെ പൂർണഹൃദയത്തോടെ സേവിക്കാൻ തയ്യാറല്ലെന്ന്‌ അതിലൂടെ വെളിപ്പെടുത്തി.

10. (എ) തന്റെ അനുഗാമികളാകാനുള്ള യേശുവിന്റെ ക്ഷണത്തോട്‌ നാം എങ്ങനെ പ്രതികരിച്ചിരിക്കുന്നു? (ബി) യേശു ഹ്രസ്വമായ ഏത്‌ ദൃഷ്ടാന്തം ഉപയോഗിച്ചു?

10 യേശുവിന്റെ അടുക്കൽ വന്ന ആ പുരുഷന്മാരിൽനിന്നു വ്യത്യസ്‌തമായി, ജ്ഞാനപൂർവം യേശുവിന്റെ ക്ഷണം സ്വീകരിച്ച്‌ യഹോവയെ ദിനന്തോറും സേവിക്കുന്നവരാണ്‌ നാം. അങ്ങനെ നാം യഹോവയോടുള്ള നമ്മുടെ ഹൃദയംഗമമായ സ്‌നേഹവും വിലമതിപ്പും തെളിയിക്കുന്നു. ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ തിരക്കോടെ ഏർപ്പെടുമ്പോഴും ഹൃദയത്തിനു സംഭവിച്ചേക്കാവുന്ന ഒരു അപകടത്തെക്കുറിച്ച്‌ നാം ജാഗ്രതയുള്ളവരായിരിക്കണം. എന്താണത്‌? തന്റെ അനുഗാമികളാകാൻ താത്‌പര്യം കാണിച്ച പുരുഷന്മാരോടു സംസാരിക്കവെ, ആ അപകടം എന്താണെന്ന്‌ യേശു വെളിപ്പെടുത്തി: “കലപ്പയ്‌ക്കു കൈവെച്ചിട്ടു തിരിഞ്ഞുനോക്കുന്ന ആരും ദൈവരാജ്യത്തിനു കൊള്ളാവുന്നവനല്ല.” (ലൂക്കോ. 9:62) ഈ ദൃഷ്ടാന്തത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

നാം ‘നല്ലതിനോടു പറ്റിനിൽക്കുന്നുണ്ടോ?’

11. യേശുവിന്റെ ദൃഷ്ടാന്തത്തിലെ ഉഴവുകാരന്റെ പണിക്ക്‌ എന്തു സംഭവിച്ചു, എന്തുകൊണ്ട്‌?

11 യേശുവിന്റെ ഹ്രസ്വമായ ആ ദൃഷ്ടാന്തം കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാൻ ആ വാങ്‌മയ ചിത്രത്തിന്‌ നമുക്ക്‌ അൽപ്പം നിറം ചാർത്താം. ഒരു ഉഴവുകാരൻ വയലിൽ തിരക്കിട്ട പണിയിലാണ്‌. പക്ഷേ, നിലം ഉഴുതുകൊണ്ടിരിക്കുമ്പോഴും വീട്‌, അവിടെയുള്ള കുടുംബാംഗങ്ങൾ, കൂട്ടുകാർ, ഭക്ഷണം, സംഗീതം, കളിചിരികൾ, ഒരൽപ്പം തണൽ എന്നിവയെക്കുറിച്ചെല്ലാമുള്ള ചിന്തകൾ ഒന്നൊന്നായി അയാളുടെ മനസ്സിലേക്ക്‌ കടന്നുവരുന്നു. ഇപ്പോൾ ആ ചിന്തകൾ അയാളുടെ ആഗ്രഹങ്ങളെ ഉണർത്തുന്നു. വയലിന്റെ കുറെ ഭാഗം ഉഴുതുകഴിഞ്ഞപ്പോഴേക്കും ആ നല്ല കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകൾക്ക്‌ തടയിടാൻ കഴിയാതെവരുകയും അയാൾ ‘തിരിഞ്ഞുനോക്കുകയും’ ചെയ്യുന്നു. വിത്തു വിതയ്‌ക്കുന്നതിനു മുമ്പ്‌ പല ജോലികളും ചെയ്‌തുതീർക്കാനുണ്ട്‌. പക്ഷേ, അതിൽനിന്നെല്ലാം ശ്രദ്ധ വ്യതിചലിച്ചുപോയത്‌ പണിയെ സാരമായി ബാധിച്ചു. ഈ വ്യക്തി ഉത്സാഹത്തോടെ ജോലി തുടരാഞ്ഞത്‌ അയാളുടെ യജമാനനെ എത്രമാത്രം നിരാശപ്പെടുത്തിയിട്ടുണ്ടാകണം!

12. യേശുവിന്റെ ദൃഷ്ടാന്തത്തിലെ ഉഴവുകാരനും ഇന്നത്തെ ചില ക്രിസ്‌ത്യാനികൾക്കും എന്ത്‌ സമാനതകളുണ്ട്‌?

12 ഈ ദൃഷ്ടാന്തത്തെ നമുക്ക്‌ ഇന്നത്തെ ഒരു സാഹചര്യവുമായി താരതമ്യപ്പെടുത്താം. പുറമെ എല്ലാം നന്നായി ചെയ്യുന്ന, എന്നാൽ യഥാർഥത്തിൽ ആത്മീയ അപകടാവസ്ഥയിലായിരിക്കുന്ന ഏതൊരു ക്രിസ്‌ത്യാനിയും ആ ഉഴവുകാരന്റെ സ്ഥാനത്താണ്‌. ഉദാഹരണത്തിന്‌, ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടുന്ന ഒരു സഹോദരനെ മനസ്സിൽ കാണുക. യോഗങ്ങളിൽ സംബന്ധിക്കുകയും വയൽസേവനത്തിൽ പങ്കെടുക്കുകയും ചെയ്യുന്നെങ്കിലും അദ്ദേഹത്തിന്‌ ആകർഷകമായി തോന്നുന്ന ലോകത്തിന്റേതായ ചില രീതികളെക്കുറിച്ച്‌ അദ്ദേഹത്തിന്‌ ചിന്തിക്കാതിരിക്കാനാകുന്നില്ല. ഉള്ളിന്റെ ഉള്ളിൽ അദ്ദേഹം അവയ്‌ക്കായി വാഞ്‌ഛിക്കുന്നു. ശുശ്രൂഷയിൽ കുറെ വർഷങ്ങൾ ചെലവഴിച്ചെങ്കിലും ഇപ്പോൾ അത്തരം സംഗതികൾക്കുവേണ്ടിയുള്ള ആഗ്രഹത്തിനു തടയിടാൻ കഴിയാതെ ‘തിരിഞ്ഞുനോക്കുന്ന’ ഘട്ടംവരെയെത്തി കാര്യങ്ങൾ. ശുശ്രൂഷയിൽ ഇനിയും വളരെയധികം ചെയ്യാനുണ്ടെങ്കിലും “ജീവന്റെ വചനം മുറുകെപ്പിടി”ക്കാത്തത്‌ അദ്ദേഹത്തിന്റെ ദിവ്യാധിപത്യപ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. (ഫിലി. 2:15, 16) ‘കൊയ്‌ത്തിന്റെ യജമാനനായ’ യഹോവയെ ആ വ്യക്തിയുടെ സ്ഥിരോത്സാഹമില്ലായ്‌മ എത്രമാത്രം ദുഃഖിപ്പിക്കുന്നുണ്ടാകണം!—ലൂക്കോ. 10:2.

13. യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുന്നതിൽ എന്ത്‌ ഉൾപ്പെടുന്നുണ്ട്‌?

13 നമുക്കുള്ള പാഠം വ്യക്തമാണ്‌. ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതും വയൽശുശ്രൂഷയിൽ പങ്കെടുക്കുന്നതും പോലുള്ള സംതൃപ്‌തിദായകമായ പ്രവർത്തനങ്ങളിൽ ക്രമമായി ഏർപ്പെടുന്നത്‌ പ്രശംസാർഹമാണെങ്കിലും യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുന്നതിൽ അവ മാത്രമല്ല ഉൾപ്പെടുന്നത്‌. (2 ദിന. 25:1, 2, 27) ഒരു ക്രിസ്‌ത്യാനി ‘തിരിഞ്ഞുനോക്കുന്നെങ്കിൽ,’ അതായത്‌ ഉള്ളിന്റെ ഉള്ളിൽ ലോകത്തിന്റേതായ ചില രീതികളെ സ്‌നേഹിക്കുന്നെങ്കിൽ, ദൈവവുമായുള്ള ആ വ്യക്തിയുടെ ബന്ധം അപകടത്തിലാണ്‌. (ലൂക്കോ. 17:32) എല്ലാ അർഥത്തിലും ‘ദോഷത്തെ വെറുത്ത്‌ നല്ലതിനോടു പറ്റിനിൽക്കുന്നെങ്കിൽ’ മാത്രമേ നാം “ദൈവരാജ്യത്തിനു കൊള്ളാവുന്ന”വരാകൂ. (റോമ. 12:9; ലൂക്കോ. 9:62) അതുകൊണ്ട്‌, പൂർണഹൃദയത്തോടെ രാജ്യതാത്‌പര്യങ്ങൾ അന്വേഷിക്കുന്നതിൽനിന്ന്‌ നമ്മെ തടയാൻ സാത്താന്റെ ലോകത്തിലെ ഒന്നിനെയും—അത്‌ എത്ര ഉപകാരപ്രദമോ സന്തോഷപ്രദമോ ആണെന്നു തോന്നിയാലും—അനുവദിക്കില്ലെന്ന്‌ നാം ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതുണ്ട്‌.—2 കൊരി. 11:14; ഫിലിപ്പിയർ 3:13, 14 വായിക്കുക.

ജാഗ്രതയോടിരിക്കുക!

14, 15. (എ) നമ്മുടെ ഹൃദയത്തെ സ്വാധീനിക്കാൻ ഏതു വിധത്തിലാണ്‌ സാത്താൻ ശ്രമിക്കുന്നത്‌? (ബി) സാത്താന്റെ തന്ത്രത്തെ ഇത്ര അപകടകരമാക്കുന്നത്‌ എന്തെന്ന്‌ ദൃഷ്ടാന്തീകരിക്കുക.

14 ജീവിതം യഹോവയ്‌ക്ക്‌ സമർപ്പിക്കാൻ നമ്മെ പ്രേരിപ്പിച്ചത്‌ അവനോടുള്ള സ്‌നേഹമാണ്‌. അന്നുമുതൽ വർഷങ്ങളായി യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുന്നവരാണ്‌ നിങ്ങളിൽ അനേകരും; നിങ്ങളുടെ ദൃഢനിശ്ചയം നിങ്ങൾ തെളിയിച്ചിരിക്കുന്നു. എങ്കിലും, സാത്താൻ ശ്രമം ഉപേക്ഷിച്ചിട്ടില്ല. ഇപ്പോഴും നമ്മുടെ ഹൃദയംതന്നെയാണ്‌ അവന്റെ ലക്ഷ്യം. (എഫെ. 6:12) നാം യഹോവയെ പെട്ടെന്നങ്ങ്‌ ഉപേക്ഷിച്ചുകളയില്ലെന്ന്‌ അവന്‌ അറിയാം. അതുകൊണ്ട്‌ അവൻ തന്ത്രപൂർവം “ഈ ലോക”ത്തെ ഉപയോഗിച്ച്‌ ദൈവസേവനത്തിലെ നമ്മുടെ തീക്ഷ്‌ണതയ്‌ക്ക്‌ അൽപ്പാൽപ്പമായി മങ്ങലേൽപ്പിക്കാൻ ശ്രമിക്കുന്നു. (മർക്കോസ്‌ 4:18, 19 വായിക്കുക.) എന്തുകൊണ്ടാണ്‌ സാത്താന്റെ ഈ തന്ത്രം ഇത്ര ഫലപ്രദമായിരിക്കുന്നത്‌?

15 ഉത്തരത്തിനായി ഒരു ദൃഷ്ടാന്തം നോക്കാം. ഒരു 100 വാട്ട്‌ ബൾബിന്റെ വെട്ടത്തിൽ ഇരുന്ന്‌ നിങ്ങൾ പുസ്‌തകം വായിക്കുകയാണെന്നു സങ്കൽപ്പിക്കുക. പെട്ടെന്ന്‌ ബൾബ്‌ കേടായിപ്പോയി. നിനച്ചിരിക്കാതെ ഇരുട്ടു പരന്നപ്പോൾ നിങ്ങൾക്ക്‌ എളുപ്പം കാര്യം മനസ്സിലാകുകയും കേടായതിനു പകരം പുതിയൊരെണ്ണം ഇടുകയും ചെയ്യുന്നു. മുറിയിൽ വീണ്ടും പ്രകാശം പരന്നു. പിറ്റേന്ന്‌ വൈകിട്ട്‌ ഇതേ സ്ഥലത്ത്‌ ഇരുന്ന്‌ നിങ്ങൾ വായിച്ചുകൊണ്ടിരിക്കുകയാണ്‌. എന്നാൽ ഇതിനിടയ്‌ക്ക്‌ നിങ്ങൾ അറിയാതെ ആരോ 100 വാട്ട്‌ ബൾബ്‌ മാറ്റി പകരം 95 വാട്ട്‌ ബൾബ്‌ ഇട്ടിരുന്നു. നിങ്ങൾക്ക്‌ വ്യത്യാസം തിരിച്ചറിയാനാകുമോ? സാധ്യത കുറവാണ്‌. അടുത്ത ദിവസം ആരെങ്കിലും അതു മാറ്റി 90 വാട്ട്‌ ബൾബ്‌ ഇട്ടെങ്കിലോ? മിക്കവാറും, അതും നിങ്ങൾക്ക്‌ മനസ്സിലാവില്ല. എന്തുകൊണ്ട്‌? ഓരോ ദിവസവും കുറേശ്ശെയാണ്‌ വെട്ടം കുറയുന്നത്‌ എന്നതുതന്നെ കാരണം. സമാനമായി, സാത്താന്യലോകത്തിന്റെ സ്വാധീനങ്ങൾ നമ്മുടെ തീക്ഷ്‌ണതയ്‌ക്ക്‌ അൽപ്പാൽപ്പമായി മങ്ങലേൽപ്പിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ, ദൈവസേവനത്തിലെ നിങ്ങളുടെ ജ്വലിക്കുന്ന തീക്ഷ്‌ണതയ്‌ക്ക്‌ കുറവു വരുത്തുന്നതിൽ സാത്താൻ വിജയിച്ചു. ജാഗ്രതയോടിരുന്നില്ലെങ്കിൽ ഒരു ക്രിസ്‌ത്യാനിക്ക്‌ പതിയെപ്പതിയെയുള്ള ആ മാറ്റം തിരിച്ചറിയാൻപോലും സാധിച്ചെന്നുവരില്ല.—മത്താ. 24:42; 1 പത്രോ. 5:8.

പ്രാർഥന അതിപ്രധാനം

16. സാത്താന്റെ തന്ത്രങ്ങളെ നമുക്ക്‌ എങ്ങനെ ചെറുത്തുനിൽക്കാം?

16 സാത്താന്റെ ഇത്തരം തന്ത്രങ്ങളെ ചെറുത്തുനിൽക്കാനും യഹോവയെ പൂർണഹൃദയത്തോടെ സേവിക്കാനും നമുക്ക്‌ എങ്ങനെ സാധിക്കും? (2 കൊരി. 2:11) പ്രാർഥന അത്യന്താപേക്ഷിതമാണ്‌. “പിശാചിന്റെ കുടിലതന്ത്രങ്ങളോട്‌ എതിർത്തുനിൽക്കാൻ” പറഞ്ഞ പൗലോസ്‌, “സകലവിധ പ്രാർഥനകളോടും യാചനകളോടുംകൂടെ . . . പ്രാർഥനാനിരതരായിരിക്കുവിൻ” എന്ന്‌ സഹക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.—എഫെ. 6:11, 18; 1 പത്രോ. 4:7.

17. യേശുവിന്റെ പ്രാർഥനകൾ നമ്മെ എന്തു പഠിപ്പിക്കുന്നു?

17 യഹോവയെ പൂർണഹൃദയത്തോടെ സേവിക്കാനുള്ള യേശുവിന്റെ ശക്തമായ ആഗ്രഹം പ്രതിഫലിക്കുന്നതായിരുന്നു അവന്റെ പ്രാർഥനകൾ. സാത്താനോട്‌ എതിർത്തുനിൽക്കാൻ ഇക്കാര്യത്തിൽ നാം യേശുവിനെ അനുകരിക്കുന്നത്‌ ജ്ഞാനമാണ്‌. മരണത്തിന്റെ തലേരാത്രിയിൽ യേശു പ്രാർഥിച്ച വിധത്തെക്കുറിച്ച്‌ ലൂക്കോസ്‌ പറയുന്നത്‌ ശ്രദ്ധിക്കുക: “അവൻ അതിവേദനയിലായി ഉള്ളുരുകി പ്രാർഥിച്ചുകൊണ്ടിരുന്നു.” (ലൂക്കോ. 22:44) യേശു മുമ്പും ഹൃദയം തുറന്ന്‌ പ്രാർഥിച്ചിട്ടുണ്ട്‌. എന്നാൽ ഇപ്പോൾ ഭൗമിക ജീവിതത്തിലെ ഏറ്റവും കഠിനമായ പരിശോധന നേരിട്ടപ്പോൾ അവൻ “ഉള്ളുരുകി” പ്രാർഥിച്ചു. ആ പ്രാർഥനയ്‌ക്ക്‌ ഉത്തരം ലഭിച്ചു. യേശുവിന്റെ അനുഭവം കാണിക്കുന്നത്‌ പ്രാർഥനകളുടെ തീവ്രത വ്യത്യാസപ്പെട്ടിരിക്കും എന്നാണ്‌. അതുകൊണ്ട്‌ പരിശോധനകളുടെ കാഠിന്യമേറുമ്പോഴും സാത്താൻ കൂടുതൽ കുടിലമായ തന്ത്രങ്ങൾ പ്രയോഗിക്കുമ്പോഴും യഹോവയുടെ സഹായത്തിനായി നാം “ഉള്ളുരുകി” പ്രാർഥിക്കണം.

18. (എ) പ്രാർഥനയെക്കുറിച്ച്‌ നാം സ്വയം എന്തു ചോദിക്കണം, എന്തുകൊണ്ട്‌? (ബി) എന്തെല്ലാം ഘടകങ്ങൾ നമ്മുടെ ഹൃദയത്തെ സ്വാധീനിക്കും, ഏതൊക്കെ വിധങ്ങളിൽ? ( 16-ാം പേജിലെ ചതുരം കാണുക.)

18 ആത്മാർഥമായ ഇത്തരം പ്രാർഥനകളുടെ ഫലം എന്തായിരിക്കും? പൗലോസ്‌ പറയുന്നു: ‘ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക; അപ്പോൾ മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെ കാത്തുകൊള്ളും.’ (ഫിലി. 4:6, 7) അതെ, യഹോവയെ പൂർണഹൃദയത്തോടെ സേവിക്കാൻ നാം തീവ്രമായും കൂടെക്കൂടെയും പ്രാർഥിക്കണം. (ലൂക്കോ. 6:12) അതുകൊണ്ട്‌ സ്വയം ചോദിക്കുക: ‘എത്ര ആത്മാർഥമാണ്‌ എന്റെ പ്രാർഥനകൾ, എത്ര കൂടെക്കൂടെ ഞാൻ പ്രാർഥിക്കാറുണ്ട്‌?’ (മത്താ. 7:7; റോമ. 12:12) യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ ആഗ്രഹം എത്ര ശക്തമാണെന്ന്‌ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വെളിപ്പെടുത്തും.

19. യഹോവയെ പൂർണഹൃദയത്തോടെ സേവിക്കാൻ നിങ്ങൾ എന്തു ചെയ്യും?

19 നാം പരിചിന്തിച്ചതുപോലെ, ജീവിതത്തിൽ വെക്കുന്ന മുൻഗണനകൾ നമ്മുടെ ഹൃദയം എങ്ങനെയുള്ളതാണെന്ന്‌ വെളിപ്പെടുത്തും. യഹോവയെ പൂർണഹൃദയത്തോടെ സേവിക്കാനുള്ള ദൃഢനിശ്ചയം ചോർത്തിക്കളയാൻ പിമ്പിൽ വിട്ടിട്ടുപോന്ന കാര്യങ്ങളെയോ സാത്താന്റെ കുടിലതന്ത്രങ്ങളെയോ അനുവദിക്കില്ലെന്ന്‌ നാം ഉറപ്പുവരുത്തണം. (ലൂക്കോസ്‌ 21:19, 34-36 വായിക്കുക.) അതുകൊണ്ട്‌ ദാവീദിനെപ്പോലെ, “എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ” എന്ന്‌ നമുക്ക്‌ യഹോവയോട്‌ എപ്പോഴും യാചിക്കാം.—സങ്കീ. 86:11.

[അധ്യയന ചോദ്യങ്ങൾ]

[16-ാം പേജിലെ ചതുരം]

ഹൃദയത്തെ സ്വാധീനിക്കുന്ന മൂന്നുഘടകങ്ങൾ

ഹൃദയാരോഗ്യത്തിനായി ചില കാര്യങ്ങൾ നാം ചെയ്യേണ്ടതുപോലെ ആലങ്കാരിക ഹൃദയത്തിന്റെ ആരോഗ്യം നിലനിറുത്താനും നാം ചിലതൊക്കെ ചെയ്യേണ്ടതുണ്ട്‌. താഴെക്കൊടുത്തിരിക്കുന്ന പ്രധാനപ്പെട്ട മൂന്നുഘടകങ്ങൾ ശ്രദ്ധിക്കുക:

1 പോഷണം: ശരിയായ അളവിലുള്ള പോഷണം ഹൃദയത്തിന്‌ ആവശ്യമാണ്‌. ഇതുപോലെ, ക്രമമായുള്ള വ്യക്തിപരമായ പഠനം, ധ്യാനം, യോഗഹാജർ എന്നിവയിൽനിന്ന്‌ ആലങ്കാരിക ഹൃദയത്തിന്‌ ശരിയായ അളവിലുള്ള ആത്മീയ പോഷണം ലഭിക്കുന്നുണ്ടെന്ന്‌ നാം ഉറപ്പുവരുത്തണം.—സങ്കീ. 1:1, 2; സദൃ. 15:28; എബ്രാ. 10:24, 25.

 2 വ്യായാമം: ഇടയ്‌ക്കിടെ വ്യായാമം ചെയ്‌ത്‌ ഹൃദയമിടിപ്പ്‌ വർധിപ്പിക്കുന്നത്‌ ഹൃദയാരോഗ്യത്തിന്‌ നല്ലതാണ്‌. ശുശ്രൂഷയിൽ തീക്ഷ്‌ണതയോടെ പങ്കുപറ്റുന്നത്‌, സാധിക്കുമെങ്കിൽ ഇപ്പോൾ ചെയ്യുന്നതിലുമധികം ചെയ്യുന്നത്‌ ആലങ്കാരിക ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്‌.—ലൂക്കോ. 13:24; ഫിലി. 3:12.

3 ചുറ്റുപാടുകൾ: നാം ജീവിക്കുകയും ജോലി ചെയ്യുകയും ഒക്കെ ചെയ്യുന്ന ചുറ്റുപാടുകൾ നമ്മുടെ അക്ഷരീയ ഹൃദയത്തെയും ആലങ്കാരിക ഹൃദയത്തെയും കടുത്ത സമ്മർദത്തിലാക്കിയേക്കാം. നമ്മുടെ കാര്യത്തിൽ ആത്മാർഥ താത്‌പര്യമുള്ള, യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുന്ന ആളുകളോടൊപ്പമായിരുന്നാൽ ഈ സമ്മർദം നമുക്ക്‌ കുറയ്‌ക്കാനാകും.—സങ്കീ. 119:63; സദൃ. 13:20.