വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രക്ഷയ്‌ക്കായി യഹോവ നമ്മെ കാത്തുസൂക്ഷിക്കുന്നു

രക്ഷയ്‌ക്കായി യഹോവ നമ്മെ കാത്തുസൂക്ഷിക്കുന്നു

രക്ഷയ്‌ക്കായി യഹോവ നമ്മെ കാത്തുസൂക്ഷിക്കുന്നു

“അവസാനകാലത്തു വെളിപ്പെടാനിരിക്കുന്ന രക്ഷയ്‌ക്കായി നിങ്ങൾ ദൈവശക്തിയാൽ വിശ്വാസത്തിലൂടെ കാത്തുസൂക്ഷിക്കപ്പെടുന്നു.”—1 പത്രോ. 1:5.

ഉത്തരം പറയാമോ?

എങ്ങനെയാണ്‌ യഹോവ നമ്മെ സത്യാരാധനയിലേക്ക്‌ ആകർഷിച്ചത്‌?

ബുദ്ധിയുപദേശം നൽകി നമ്മെ വഴിനയിക്കാൻ നമുക്ക്‌ എങ്ങനെ യഹോവയെ അനുവദിക്കാം?

യഹോവ എങ്ങനെയാണ്‌ നമുക്ക്‌ പ്രോത്സാഹനം നൽകുന്നത്‌?

1, 2. (എ) വിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ ദൈവം നമ്മെ സഹായിക്കുമെന്നതിന്‌ എന്ത്‌ ഉറപ്പുണ്ട്‌? (ബി) നമ്മെ ഓരോരുത്തരെയും യഹോവയ്‌ക്ക്‌ എത്ര നന്നായി അറിയാം?

 “അന്ത്യത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും.” (മത്താ. 24:13) സാത്താന്റെ ലോകത്തിന്മേൽ ദൈവം ന്യായവിധി നടത്തുമ്പോൾ സംരക്ഷിക്കപ്പെടണമെങ്കിൽ നാം അന്ത്യത്തോളം വിശ്വസ്‌തത കാത്തുസൂക്ഷിക്കണമെന്നാണ്‌ യേശു ഉദ്ദേശിച്ചത്‌. എന്നാൽ, സഹിച്ചുനിൽക്കാൻ നാം സ്വന്തം ജ്ഞാനത്തിലും ശക്തിയിലും ആശ്രയിക്കാൻ യഹോവ പ്രതീക്ഷിക്കുന്നെന്ന്‌ ഇതിന്‌ അർഥമില്ല. ബൈബിൾ ഈ ഉറപ്പുതരുന്നു: “ദൈവം വിശ്വസ്‌തൻ. നിങ്ങൾക്കു ചെറുക്കാനാവാത്ത ഒരു പ്രലോഭനം അവൻ അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്ക്‌ അതിനെ അതിജീവിക്കാൻ കഴിയേണ്ടതിന്‌ അവൻ അതോടൊപ്പം പോംവഴിയും ഉണ്ടാക്കും.” (1 കൊരി. 10:13) ഈ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു മനസ്സിലാക്കാം?

2 ചെറുക്കാനാകാത്ത ഒരു പ്രലോഭനം നമുക്ക്‌ ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പുവരുത്താൻ യഹോവ നമ്മെക്കുറിച്ച്‌ സകലതും—നാം നേരിടുന്ന പ്രശ്‌നങ്ങൾ, നമ്മുടെ വ്യക്തിത്വസവിശേഷതകൾ, നമുക്ക്‌ ഏത്‌ അളവുവരെ സഹിച്ചുനിൽക്കാനാകും എന്നിവയെക്കുറിച്ചെല്ലാം—അറിയേണ്ടതുണ്ട്‌. ദൈവത്തിന്‌ നമ്മെ ഓരോരുത്തരെയും അത്ര നന്നായി അറിയാമോ? യഹോവയ്‌ക്ക്‌ നമ്മെ വ്യക്തിപരമായി വളരെ അടുത്തറിയാമെന്ന്‌ തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നു. അവന്‌ നമ്മുടെ പതിവുകളും പെരുമാറ്റരീതികളും സുപരിചിതമാണ്‌. എന്തിന്‌, നമ്മുടെ ചിന്തകളും ഹൃദയവിചാരങ്ങളും അവനു ഗ്രഹിക്കാനാകും.—സങ്കീർത്തനം 139:1-6 വായിക്കുക.

3, 4. (എ) യഹോവ നമ്മെ ഓരോരുത്തരെയും ശ്രദ്ധിക്കുന്നെന്ന്‌ ദാവീദിന്റെ അനുഭവം സൂചിപ്പിക്കുന്നത്‌ എങ്ങനെ? (ബി) യഹോവ ഇന്ന്‌ ഏതു മഹത്തായ വേല നിർവഹിച്ചുകൊണ്ടിരിക്കുന്നു?

3 നിസ്സാരരായ മനുഷ്യരുടെ കാര്യത്തിൽ ദൈവം ഇത്രയധികം താത്‌പര്യമെടുക്കുമോയെന്ന്‌ ഒരുപക്ഷേ ചിലർ സംശയിച്ചേക്കാം. സങ്കീർത്തനക്കാരനായ ദാവീദും ഈ വിഷയത്തെക്കുറിച്ച്‌ ചിന്തിച്ചിരുന്നു. യഹോവയോടുള്ള അവന്റെ വാക്കുകൾ ശ്രദ്ധിക്കുക: “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?” (സങ്കീ. 8:3, 4) സ്വന്തം അനുഭവമായിരിക്കാം ഇങ്ങനെയൊരു ചോദ്യം ചോദിക്കാൻ ദാവീദിനെ പ്രേരിപ്പിച്ചത്‌. യിശ്ശായിയുടെ പുത്രന്മാരിൽ ഏറ്റവും ഇളയവനായ ദാവീദിൽ ദൈവം “തനിക്കു ബോധിച്ച ഒരു പുരുഷനെ” കണ്ടു, “യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന്നു . . . പുല്‌പുറത്തു നിന്നു ആടുകളെ നോക്കിനടക്കുമ്പോൾ തന്നേ” അവനെ തിരഞ്ഞെടുത്തു. (1 ശമൂ. 13:14; 2 ശമൂ. 7:8) മുഴു പ്രപഞ്ചത്തിന്റെയും സ്രഷ്ടാവ്‌ വെറും ഒരു ഇടയബാലനായ തന്റെ മനോഗതങ്ങൾ, തന്റെ സ്വകാര്യചിന്തകൾപോലും ശ്രദ്ധിച്ചിരുന്നെന്ന്‌ അറിഞ്ഞപ്പോൾ ദാവീദിനുണ്ടായ വികാരം ഒന്ന്‌ ഊഹിച്ചുനോക്കൂ!

4 യഹോവ ഇന്ന്‌ നമ്മോടു കാണിക്കുന്ന വ്യക്തിപരമായ താത്‌പര്യം നമ്മെയും അത്ഭുതപ്പെടുത്തും. അവൻ ഇന്ന്‌ “സകല ജാതികളുടെയും മനോഹരവസ്‌തു”വിനെ സത്യാരാധനയിൽ ഏകീകരിക്കുകയും വിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ തന്റെ സേവകരെ സഹായിക്കുകയും ചെയ്യുന്നു. (ഹഗ്ഗാ. 2:7) വിശ്വസ്‌തരായി തുടരാൻ യഹോവ നമ്മെ സഹായിക്കുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കാൻ, സത്യാരാധനയിലേക്ക്‌ അവൻ ആളുകളെ ആകർഷിക്കുന്നത്‌ എങ്ങനെയെന്ന്‌ ആദ്യം നോക്കാം.

ദൈവം നമ്മെ ആകർഷിച്ചു

5. യഹോവ എങ്ങനെയാണ്‌ ആളുകളെ തന്റെ പുത്രനിലേക്ക്‌ ആകർഷിക്കുന്നത്‌? ഉദാഹരണം നൽകുക.

5 “എന്നെ അയച്ച പിതാവ്‌ ആകർഷിച്ചിട്ടല്ലാതെ ഒരു മനുഷ്യനും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല” എന്ന്‌ യേശു പറഞ്ഞു. (യോഹ. 6:44) ക്രിസ്‌തുവിന്റെ ശിഷ്യനാകാൻ നമുക്കു ദൈവത്തിന്റെ സഹായം കൂടിയേ തീരൂ എന്നാണ്‌ ആ വാക്കുകൾ കാണിക്കുന്നത്‌. ചെമ്മരിയാടുതുല്യരായ ആളുകളെ യഹോവ എങ്ങനെയാണ്‌ തന്റെ പുത്രനിലേക്ക്‌ ആകർഷിക്കുന്നത്‌? സുവാർത്താ പ്രസംഗവേലയിലൂടെയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെയും. ഉദാഹരണത്തിന്‌ പൗലോസും അവന്റെ മിഷനറി കൂട്ടാളികളും ഫിലിപ്പിയിൽ, ലുദിയ എന്നൊരു സ്‌ത്രീയെ കാണുകയും അവളോടു സുവാർത്ത അറിയിച്ചുതുടങ്ങുകയും ചെയ്‌തു. അപ്പോൾ “പൗലോസിന്റെ വാക്കുകൾക്കു ചെവികൊടുക്കേണ്ടതിന്‌ യഹോവ അവളുടെ ഹൃദയം തുറന്നു” എന്ന്‌ നിശ്വസ്‌ത വിവരണം പറയുന്നു. അതെ, സുവാർത്ത ഗ്രഹിക്കാൻ അവളെ സഹായിക്കുന്നതിന്‌ ദൈവം തന്റെ ആത്മാവിനെ നൽകി. അങ്ങനെ അവളും അവളുടെ ഭവനത്തിലുള്ളവരും സ്‌നാനമേറ്റു.—പ്രവൃ. 16:13-15.

6. ദൈവം എങ്ങനെയാണ്‌ നമ്മെ ഓരോരുത്തരെയും സത്യാരാധനയിലേക്ക്‌ ആകർഷിച്ചത്‌?

6 ലുദിയയുടേത്‌ ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നോ? ഒരിക്കലുമല്ല. നിങ്ങൾ ഒരു സമർപ്പിത ക്രിസ്‌ത്യാനിയാണെങ്കിൽ, ദൈവമാണ്‌ നിങ്ങളെയും സത്യാരാധനയിലേക്ക്‌ ആകർഷിച്ചത്‌. നമ്മുടെ സ്വർഗീയ പിതാവ്‌ ലുദിയയുടെ കാര്യത്തിലെന്നപോലെ നിങ്ങളിലും എന്തോ നന്മ കണ്ടു. നിങ്ങൾ സുവാർത്ത കേട്ടുതുടങ്ങിയപ്പോൾ കാര്യങ്ങൾ ഗ്രഹിക്കാൻ പരിശുദ്ധാത്മാവിനെ നൽകി യഹോവ സഹായിച്ചു. (1 കൊരി. 2:11, 12) പഠിച്ചതു ബാധകമാക്കാൻ പരിശ്രമിച്ചപ്പോൾ ദൈവേഷ്ടം ചെയ്യാനുള്ള നിങ്ങളുടെ ശ്രമങ്ങളെ അവൻ അനുഗ്രഹിച്ചു. നിങ്ങളുടെ ജീവിതം അവന്‌ സമർപ്പിച്ചപ്പോൾ അവന്റെ ഹൃദയം ആനന്ദിച്ചു. അതെ, ജീവന്റെ വഴിയിൽ നിങ്ങൾ യാത്ര തുടങ്ങിയപ്പോൾമുതൽ നിങ്ങളുടെ ഓരോ ചുവടുവെപ്പിലും യഹോവ നിങ്ങളോടൊപ്പമുണ്ടായിരുന്നു.

7. വിശ്വസ്‌തരായിരിക്കാൻ ദൈവം നമ്മെ സഹായിക്കുമെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

7 തന്നോടൊപ്പം നടന്നുതുടങ്ങാൻ ദൈവം നമ്മെ സഹായിച്ചെങ്കിൽ, തുടർന്നും വിശ്വസ്‌തരായി നിൽക്കാൻ വേണ്ട സഹായം അവൻ നൽകുമെന്ന്‌ ഉറപ്പാണ്‌. നാം സത്യത്തിലേക്കു വന്നത്‌ സ്വന്തം കഴിവുകൊണ്ടല്ലാത്തതുപോലെ സത്യത്തിൽ തുടരാനും നമുക്കു സഹായം ആവശ്യമാണെന്ന്‌ അവന്‌ അറിയാം. അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ പത്രോസ്‌ അപ്പൊസ്‌തലൻ എഴുതി: “അവസാനകാലത്തു വെളിപ്പെടാനിരിക്കുന്ന രക്ഷയ്‌ക്കായി നിങ്ങൾ ദൈവശക്തിയാൽ വിശ്വാസത്തിലൂടെ കാത്തുസൂക്ഷിക്കപ്പെടുന്നു.” (1 പത്രോ. 1:5) ആ വാക്കുകൾ തത്ത്വത്തിൽ എല്ലാ ക്രിസ്‌ത്യാനികൾക്കും ബാധകമാണ്‌; ഇന്ന്‌ നമുക്ക്‌ ഓരോരുത്തർക്കും താത്‌പര്യമുണ്ടായിരിക്കേണ്ട ഒന്ന്‌. കാരണം, ദൈവത്തോടു വിശ്വസ്‌തരായിരിക്കാൻ നമുക്കെല്ലാം അവന്റെ സഹായം ആവശ്യമാണ്‌.

തെറ്റായ ചുവടുവെക്കാതിരിക്കാൻ നമ്മെ സഹായിക്കുന്നു

8. തെറ്റായ ചുവടുവെക്കാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടത്‌ എന്തുകൊണ്ട്‌?

8 ജീവിതസമ്മർദങ്ങളും നമ്മുടെതന്നെ അപൂർണതയും നിമിത്തം നമുക്ക്‌ യഹോവ കാണുന്ന രീതിയിൽ കാര്യങ്ങളെ കാണാൻ കഴിയാതെവന്നേക്കാം. അങ്ങനെയൊരു സാഹചര്യത്തിൽ തെറ്റു ചെയ്‌തുപോകാനുള്ള സാധ്യതയുണ്ട്‌; ഒരുപക്ഷേ, നാം അറിയാതെപോലും. (ഗലാത്യർ 6:1 വായിക്കുക.) ദാവീദിന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവം ഇത്‌ തെളിയിക്കുന്നു.

9, 10. തെറ്റായ ഒരു ചുവടുവെക്കുന്നതിൽനിന്ന്‌ ദാവീദിനെ യഹോവ തടഞ്ഞത്‌ എങ്ങനെ, അവൻ ഇന്നു നമുക്കുവേണ്ടി എന്തു ചെയ്യുന്നു?

9 ശൗൽരാജാവ്‌ തന്നെ വേട്ടയാടിയപ്പോൾ ദാവീദ്‌ കാണിച്ച ആത്മസംയമനം എടുത്തുപറയേണ്ടതാണ്‌; അസൂയാലുവായ ആ രാജാവിനോട്‌ അവൻ പകരംവീട്ടിയില്ല. (1 ശമൂ. 24:2-7) പക്ഷേ, അധികം താമസിയാതെ മറ്റൊരു സന്ദർഭത്തിൽ അവന്റെ സംയമനം നഷ്ടമായി. തന്നോടുകൂടെയുള്ളവർക്ക്‌ ഭക്ഷ്യസാധനങ്ങൾ ആവശ്യമായിവന്നപ്പോൾ അവൻ നാബാൽ എന്ന ഇസ്രായേല്യനോട്‌ ബഹുമാനപൂർവം സഹായം അഭ്യർഥിച്ചു. എന്നാൽ നാബാൽ അവനെ ആക്ഷേപിക്കുകയാണുണ്ടായത്‌. അത്‌ അറിഞ്ഞ്‌ കോപംകൊണ്ടു ജ്വലിച്ച ദാവീദ്‌ നാബാലിന്റെ വീട്ടിലുള്ള പുരുഷപ്രജ മുഴുവനോടും പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. നിരപരാധികളായ ആളുകളെ കൊന്നൊടുക്കുന്നത്‌ തന്നെ ദൈവമുമ്പാകെ രക്തപാതകിയാക്കും എന്നൊന്നും അവൻ അപ്പോൾ ചിന്തിച്ചില്ല. നാബാലിന്റെ ഭാര്യയായ അബീഗയിലിന്റെ സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ്‌ ദാവീദ്‌ ആ കൊടുംപാതകം ചെയ്യാതിരുന്നത്‌. സംഭവത്തിൽ യഹോവയുടെ കൈയുണ്ടെന്ന്‌ തിരിച്ചറിഞ്ഞ ദാവീദ്‌ അവളോട്‌ ഇങ്ങനെ പറഞ്ഞു: “എന്നെ എതിരേല്‌പാൻ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവെക്കു സ്‌തോത്രം. നിന്റെ വിവേകം സ്‌തുത്യം; രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ.”—1 ശമൂ. 25:9-13, 21, 22, 32, 33.

10 ഈ വിവരണത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? തെറ്റായ ഒരു ചുവടുവെക്കുന്നതിൽനിന്ന്‌ ദാവീദിനെ തടയാൻ ദൈവം അബീഗയിലിനെ ഉപയോഗിച്ചു. ഏതാണ്ട്‌ ഇതേപോലെയാണ്‌ ഇന്നു നമ്മോടുള്ള ബന്ധത്തിലും അവൻ പ്രവർത്തിക്കുന്നത്‌. എന്നാൽ നാം തെറ്റിലേക്കു നീങ്ങുമ്പോഴെല്ലാം നമ്മെ തടയാൻ ദൈവം ആരെയെങ്കിലും അയയ്‌ക്കുമെന്ന്‌ പ്രതീക്ഷിക്കാനാവില്ല. ഒരു പ്രത്യേകസാഹചര്യത്തിൽ ദൈവം എങ്ങനെ പ്രവർത്തിക്കുമെന്നോ തന്റെ ഉദ്ദേശ്യനിവൃത്തിയോടുള്ള ബന്ധത്തിൽ എന്തൊക്കെ കാര്യങ്ങൾ നടക്കാൻ അനുവദിക്കുമെന്നോ നമുക്ക്‌ ഊഹിക്കാനും സാധിക്കില്ല. (സഭാ. 11:5) പക്ഷേ, നമ്മുടെ സാഹചര്യങ്ങളെക്കുറിച്ച്‌ യഹോവ എല്ലായ്‌പോഴും ബോധവാനാണെന്നും തന്നോട്‌ വിശ്വസ്‌തരായി തുടരാൻ അവൻ നമ്മെ സഹായിക്കുമെന്നും ഉള്ള കാര്യത്തിൽ സംശയം വേണ്ടാ. അവൻ ഈ ഉറപ്പുതരുന്നു: “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.” (സങ്കീ. 32:8) യഹോവ എങ്ങനെയാണ്‌ നമുക്ക്‌ ആലോചന പറഞ്ഞുതരുന്നത്‌? അതിൽനിന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോജനം നേടാം? യഹോവ ഇന്നും തന്റെ ജനത്തെ നയിക്കുന്നുണ്ടെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പുണ്ടായിരിക്കാം? വെളിപാട്‌ പുസ്‌തകം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നു.

ബുദ്ധിയുപദേശം നൽകി നമ്മെ കാത്തുസൂക്ഷിക്കുന്നു

11. തന്റെ ജനത്തിന്റെ സഭകളിൽ നടക്കുന്ന കാര്യങ്ങൾ യഹോവയ്‌ക്ക്‌ എത്രത്തോളം അറിയാം?

11 വെളിപാട്‌ 2-ഉം 3-ഉം അധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദർശനത്തിൽ, മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്‌തു ഏഷ്യാമൈനറിലെ ഏഴുസഭകളെ പരിശോധിക്കുന്നതായി കാണാം. കേവലം അവിടെ നിലനിന്നിരുന്ന പൊതുവായ പ്രവണതകളല്ല മറിച്ച്‌ ചില പ്രത്യേകസാഹചര്യങ്ങൾ യേശു ശ്രദ്ധിക്കുന്നതായി ദർശനം വെളിപ്പെടുത്തുന്നു. ചില അവസരങ്ങളിൽ അവൻ വ്യക്തികളെക്കുറിച്ചുപോലും പരാമർശിക്കുകയുണ്ടായി. ഓരോ സഭയ്‌ക്കും അവൻ അനുയോജ്യമായ അഭിനന്ദനമോ ബുദ്ധിയുപദേശമോ നൽകി. ഈ ദർശനം നമുക്ക്‌ എന്ത്‌ അർഥമാക്കുന്നു? ദർശനനിവൃത്തിയിൽ ഏഴുസഭകൾ 1914-നു ശേഷമുള്ള അഭിഷിക്ത ക്രിസ്‌ത്യാനികളെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌; ഏഴുസഭകൾക്കു നൽകിയ ആ ബുദ്ധിയുപദേശം തത്ത്വത്തിൽ ഇന്ന്‌ ദൈവജനത്തിന്റെ ഭൂമിയിലെമ്പാടുമുള്ള സഭകൾക്കും പ്രയോജനം ചെയ്യും. ഇതിൽനിന്ന്‌, ഇന്നും പുത്രൻ മുഖാന്തരം യഹോവ തന്റെ ജനത്തെ സജീവമായി വഴിനയിക്കുന്നെന്ന്‌ മനസ്സിലാക്കാം. ആ മാർഗദർശനത്തിൽനിന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോജനം നേടാം?

12. നമുക്ക്‌ എങ്ങനെ നമ്മുടെ ചുവടുകളെ നയിക്കാൻ യഹോവയെ അനുവദിക്കാനാകും?

12 യഹോവയുടെ സ്‌നേഹപുരസ്സരമായ വഴിനടത്തിപ്പിൽനിന്ന്‌ പ്രയോജനം നേടാൻ സഹായിക്കുന്ന ഒരു മാർഗമാണ്‌ വ്യക്തിപരമായ പഠനം. വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം പ്രദാനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളിലൂടെ യഹോവ സമൃദ്ധമായി തിരുവെഴുത്തുബുദ്ധിയുപദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. (മത്താ. 24:45) എന്നാൽ, അതു നമുക്കു പ്രയോജനപ്പെടണമെങ്കിൽ, നാം പഠിക്കാൻ സമയമെടുക്കുകയും പഠിച്ചത്‌ ബാധകമാക്കുകയും വേണം. നാം വ്യക്തിപരമായ പഠനം നടത്തുമ്പോൾ, “വീണുപോകാതെ” നമ്മെ ‘കാത്തുകൊള്ളാൻ’ നാം യഹോവയെ അനുവദിക്കുകയാണ്‌. (യൂദാ 24) നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വന്ന എന്തെങ്കിലും പഠിച്ചപ്പോൾ ‘ഇത്‌ എനിക്കുവേണ്ടി എഴുതിയതാണ്‌’ എന്ന്‌ നിങ്ങൾക്ക്‌ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? യഹോവയിൽനിന്നുള്ളതായി കണ്ട്‌ ആ തിരുത്തൽ സ്വീകരിക്കുക. ഒരു സുഹൃത്ത്‌ നിങ്ങളുടെ തോളിൽ തട്ടി ഏതെങ്കിലും ഒരു കാര്യം ശ്രദ്ധയിൽപ്പെടുത്തുന്നതുപോലെ യഹോവയ്‌ക്ക്‌ തന്റെ ആത്മാവിനെ ഉപയോഗിച്ച്‌ നിങ്ങളുടെ—നിങ്ങളെപ്പോലുള്ള മറ്റുള്ളവരുടെയും—വ്യക്തിത്വത്തിലോ പെരുമാറ്റത്തിലോ വരുത്തേണ്ട മാറ്റങ്ങൾ ശ്രദ്ധയിൽപ്പെടുത്താനാകും. പരിശുദ്ധാത്മാവ്‌ വഴിനയിക്കുന്നത്‌ എളുപ്പം തിരിച്ചറിയുകയും ബാധകമാക്കുകയും ചെയ്യുന്നെങ്കിൽ നമ്മുടെ ചുവടുകളെ നയിക്കാൻ നാം യഹോവയെ അനുവദിക്കുകയായിരിക്കും. (സങ്കീർത്തനം 139:23, 24 വായിക്കുക.) ഇതിനായി, നമ്മുടെ പഠനശീലങ്ങൾ എങ്ങനെയുള്ളതാണെന്ന്‌ പരിശോധിക്കുന്നത്‌ പ്രധാനമാണ്‌.

13. നമ്മുടെ പഠനശീലങ്ങൾ പരിശോധിച്ചുനോക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്‌?

13 ഏറെ സമയം വിനോദത്തിനായി ചെലവഴിക്കുന്നെങ്കിൽ വ്യക്തിപരമായ പഠനത്തിന്‌ ആവശ്യമായ സമയം കിട്ടാതെവരും. ഒരു സഹോദരൻ പറയുന്നു: “വിട്ടുകളയാൻ ഏറെ എളുപ്പമുള്ള കാര്യമാണ്‌ വ്യക്തിപരമായ പഠനം. വിനോദപരിപാടികൾക്ക്‌ ഇന്ന്‌ യാതൊരു പഞ്ഞവുമില്ല, പണ്ടത്തെ അപേക്ഷിച്ച്‌ ചെലവും കുറവാണ്‌. ടിവി-യിലും കമ്പ്യൂട്ടറിലും ഫോണിലും എന്നുവേണ്ട എവിടെയും അത്‌ ലഭ്യമാണ്‌.” സൂക്ഷിച്ചില്ലെങ്കിൽ ആഴമായ പഠനത്തിനെടുക്കുന്ന സമയം കുറഞ്ഞുകുറഞ്ഞ്‌ ഒടുവിൽ ഒട്ടുംതന്നെ ഇല്ലാതായേക്കാം. (എഫെ. 5:15-17) നാം ഓരോരുത്തരും ഇങ്ങനെ ചോദിക്കുന്നത്‌ നന്നായിരിക്കും: ‘ദൈവവചനം ആഴമായി പഠിക്കാൻ എത്ര കൂടെക്കൂടെ ഞാൻ സമയം ചെലവഴിക്കാറുണ്ട്‌? പ്രസംഗമോ മറ്റേതെങ്കിലും നിയമനമോ തയ്യാറാകേണ്ടതുള്ളപ്പോൾ മാത്രമാണോ ഞാൻ അങ്ങനെ ചെയ്യുന്നത്‌?’ സാഹചര്യം ഇതാണെങ്കിൽ, കുടുംബാരാധനയ്‌ക്കോ വ്യക്തിപരമായ പഠനത്തിനോ വേണ്ടി മാറ്റിവെച്ചിരിക്കുന്ന സായാഹ്നം നമുക്ക്‌ കൂടുതൽ നന്നായി ഉപയോഗിക്കാം, ദൈവികജ്ഞാനം ഒരു നിധിയെന്നപോലെ അന്വേഷിച്ചു കണ്ടെത്താം. യഹോവയിൽനിന്നുള്ള ആ ജ്ഞാനം നമ്മെ രക്ഷയ്‌ക്കായി കാത്തുകൊള്ളും.—സദൃ. 2:1-5.

പ്രോത്സാഹനം നൽകി നമ്മെ പുലർത്തുന്നു

14. യഹോവ നമ്മുടെ ഹൃദയവേദനകൾ അറിയുന്നുവെന്ന്‌ തിരുവെഴുത്തുകൾ കാണിക്കുന്നത്‌ എങ്ങനെ?

14 വ്യസനകരമായ പല സാഹചര്യങ്ങളിലൂടെയും കടന്നുപോയവനാണ്‌ ദാവീദ്‌. (1 ശമൂ. 30:3-6) യഹോവ അവന്റെ നൊമ്പരങ്ങൾ അറിഞ്ഞിരുന്നെന്ന്‌ നിശ്വസ്‌തതയിൽ അവൻ എഴുതി. (സങ്കീർത്തനം 34:18; 56:8 വായിക്കുക.) നമ്മുടെ ഹൃദയവേദനകളും ദൈവം അറിയുന്നുണ്ട്‌. നാം ‘ഹൃദയം നുറുങ്ങിയും’ ‘മനസ്സു തകർന്നും’ ഇരിക്കുമ്പോൾ അവൻ നമ്മോട്‌ അടുത്തുവരും. ഈ തിരിച്ചറിവുതന്നെ നമുക്ക്‌ വലിയൊരു ആശ്വാസമാണ്‌. ദാവീദിനും അങ്ങനെതന്നെയായിരുന്നു. അവൻ പാടി: “ഞാൻ നിന്റെ ദയയിൽ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ടു എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.” (സങ്കീ. 31:7) നമ്മുടെ സങ്കടങ്ങൾ കാണുക മാത്രമല്ല ആശ്വാസവും പ്രോത്സാഹനവും നൽകി അവൻ നമ്മെ പുലർത്തുകയും ചെയ്യുന്നു. ഇതിനായി അവൻ ഉപയോഗിക്കുന്ന ഒരു മാർഗം ക്രിസ്‌തീയ യോഗങ്ങളാണ്‌.

15. ആസാഫിന്റെ അനുഭവത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

15 യോഗങ്ങളിൽ സംബന്ധിക്കുന്നതിന്റെ ഒരു പ്രയോജനം വ്യക്തമാക്കുന്നതാണ്‌ സങ്കീർത്തനക്കാരനായ ആസാഫിന്റെ അനുഭവം. തന്റെ ചുറ്റും നടക്കുന്ന അനീതികളെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ദൈവത്തെ സേവിക്കുന്നത്‌ വെറുതെയാണെന്ന്‌ അവന്‌ തോന്നിപ്പോയി, അവൻ നിരുത്സാഹിതനായി. അത്‌ അവന്റെ ഈ വാക്കുകളിൽനിന്ന്‌ വായിച്ചെടുക്കാം: “എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും” ചെയ്‌തു. ആസാഫ്‌ ദൈവസേവനം ഏതാണ്ട്‌ നിറുത്തിക്കളയുന്ന ഘട്ടത്തോളമെത്തി കാര്യങ്ങൾ. സമനില വീണ്ടെടുക്കാൻ അവനെ സഹായിച്ചത്‌ എന്താണ്‌? അവന്റെതന്നെ വാക്കുകൾ ശ്രദ്ധിക്കുക: “ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ ചെന്നു.” അവിടെ യഹോവയുടെ ആരാധകരോടൊപ്പമായിരുന്നത്‌ തന്റെ ചിന്തകളെ നേർവഴിക്കാക്കാൻ അവനെ സഹായിച്ചു. ദുഷ്ടന്മാർ കൈവരിക്കുന്ന നേട്ടങ്ങൾ താത്‌കാലികമാണെന്നും യഹോവ ഉറപ്പായും കാര്യങ്ങൾ നേരെയാക്കുമെന്നും അവൻ തിരിച്ചറിഞ്ഞു. (സങ്കീ. 73:2, 13-22) നമുക്കും ആസാഫിനെപ്പോലെ തോന്നാൻ സാധ്യതയുണ്ട്‌. സാത്താന്റെ ലോകത്തിൽ നടമാടുന്ന അനീതികൾക്ക്‌ ഇരയാകുമ്പോഴുണ്ടാകുന്ന സമ്മർദം നമ്മെ തളർത്തിക്കളഞ്ഞേക്കാം. സഹോദരങ്ങളോടൊപ്പം കൂടിവരുന്നത്‌ നമുക്ക്‌ നവോന്മേഷം പകരുകയും യഹോവയെ സേവിക്കുന്നതിലെ സന്തോഷം നിലനിറുത്താൻ സഹായിക്കുകയും ചെയ്യുന്നു.

16. ഹന്നായുടെ ദൃഷ്ടാന്തം നമ്മെ എങ്ങനെ സഹായിക്കും?

16 എന്നാൽ, സഭയിലെ ഒരു പ്രത്യേകസാഹചര്യം നിമിത്തം നിങ്ങൾക്ക്‌ യോഗങ്ങളിൽ സംബന്ധിക്കാൻ ബുദ്ധിമുട്ട്‌ തോന്നുന്നുണ്ടോ? ഒരുപക്ഷേ, നിങ്ങൾക്കുണ്ടായിരുന്ന സേവനപദവിയിൽനിന്ന്‌ ഒഴിയേണ്ടിവന്നതുമൂലം നിങ്ങൾക്ക്‌ മറ്റുള്ളവരെ അഭിമുഖീകരിക്കാൻ വിമുഖത തോന്നുന്നുണ്ടാവാം. അല്ലെങ്കിൽ, ഒരു സഹോദരനുമായോ സഹോദരിയുമായോ ഏതെങ്കിലും കാര്യത്തിൽ നിങ്ങൾക്ക്‌ അഭിപ്രായവ്യത്യാസം ഉണ്ടായിക്കാണും. ഇത്തരം സാഹചര്യങ്ങളിൽ ഹന്നായുടെ ദൃഷ്ടാന്തം പ്രയോജനം ചെയ്യും. (1 ശമൂവേൽ 1:4-8 വായിക്കുക.) ഹന്നായുടെ കുടുംബത്തിൽ നിലനിന്നിരുന്ന ഒരു സാഹചര്യം നിങ്ങൾ ഓർക്കുന്നുണ്ടാകും. അവളുടെ ഭർത്താവിന്റെ രണ്ടാം ഭാര്യയായ പെനിന്നാ അവളെ വല്ലാതെ വ്യസനിപ്പിക്കുകയും മുഷിപ്പിക്കുകയും ചെയ്‌തിരുന്നു. എല്ലാ വർഷവും ശീലോവിൽ യഹോവയ്‌ക്ക്‌ യാഗം അർപ്പിക്കാനായി കുടുംബം ഒരുമിച്ച്‌ യാത്രചെയ്യുമ്പോൾ സാഹചര്യം ഏറെ മോശമാകുമായിരുന്നു. ‘അവൾ കരഞ്ഞു പട്ടിണി കിടക്കുന്ന’ അളവോളം അത്‌ അവളെ വിഷമിപ്പിച്ചിട്ടുണ്ട്‌. എന്നിട്ടും, യഹോവയെ ആരാധിക്കാൻ ലഭിച്ചിരുന്ന അവസരങ്ങളൊന്നും ഇതിന്റെ പേരിൽ മുടക്കാൻ അവൾ മുതിർന്നില്ല. യഹോവ അവളുടെ വിശ്വസ്‌തത കാണുകയും അവളെ അനുഗ്രഹിക്കുകയും ചെയ്‌തു.—1 ശമൂവേൽ 1:11, 20.

17, 18. (എ) ഏതൊക്കെ വിധങ്ങളിൽ സഭായോഗങ്ങളിൽനിന്ന്‌ നമുക്ക്‌ പ്രോത്സാഹനം ലഭിക്കുന്നു? (ബി) രക്ഷയ്‌ക്കായി യഹോവ നമ്മെ ആർദ്രമായി പരിപാലിക്കുന്നതിനെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നുന്നു?

17 ഹന്നായുടെ മാതൃക അനുകരിക്കാൻ ക്രിസ്‌ത്യാനികൾക്ക്‌ നല്ല കാരണമുണ്ട്‌. നാം യോഗങ്ങൾക്ക്‌ ക്രമമായി ഹാജരാകണം. നമുക്ക്‌ ആവശ്യമായ പ്രോത്സാഹനം യോഗങ്ങളിൽനിന്ന്‌ ലഭിക്കുന്നു, അത്‌ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞവരാണ്‌ നാം. (എബ്രാ. 10:24, 25) സ്‌നേഹോഷ്‌മളമായ ക്രിസ്‌തീയ സഹവാസം നമുക്ക്‌ ആശ്വാസം പകരുന്നു. ചിലപ്പോൾ, ഒരു പ്രസംഗത്തിലോ അഭിപ്രായത്തിലോ കേട്ട ഒരു കാര്യമായിരിക്കാം നമ്മുടെ ഹൃദയത്തെ സ്‌പർശിക്കുന്നത്‌. യോഗത്തിനു മുമ്പോ പിമ്പോ ഒരു സഹവിശ്വാസി നമുക്ക്‌ പറയാനുള്ളത്‌ ശ്രദ്ധിക്കുകയോ നല്ല വാക്കുകളാൽ നമ്മെ ആശ്വസിപ്പിക്കുകയോ ചെയ്‌തേക്കാം. (സദൃ. 15:23; 17:17) ഒന്നിച്ച്‌ യഹോവയെ പാടിസ്‌തുതിക്കുമ്പോൾ നമ്മുടെ ഉത്സാഹം വർധിക്കുന്നു. നമ്മുടെ ഉള്ളിലെ ‘വിചാരങ്ങൾ’ നമ്മെ ഭാരപ്പെടുത്തുമ്പോഴാണ്‌ യോഗങ്ങളിലൂടെയുള്ള പ്രോത്സാഹനം നമുക്കു കൂടുതൽ ആവശ്യമായിരിക്കുന്നത്‌. വിശ്വസ്‌തരായി നിൽക്കാനുള്ള നമ്മുടെ തീരുമാനത്തെ യഹോവ പിന്തുണയ്‌ക്കുന്നതും തന്റെ ‘ആശ്വാസങ്ങളാൽ’ നമ്മെ നിലനിറുത്തുന്നതും യോഗങ്ങളിലൂടെയാണ്‌.—സങ്കീ. 94:18, 19.

18 ദൈവത്തിന്റെ ആർദ്രമായ പരിപാലനത്തിലായിരിക്കുമ്പോൾ നമുക്കും സങ്കീർത്തനക്കാരനായ ആസാഫിനെപ്പോലെ സുരക്ഷിതത്വം അനുഭവപ്പെടുന്നു. അവൻ യഹോവയെ ഇങ്ങനെ പാടിസ്‌തുതിച്ചു: “നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്റെ ആലോചനയാൽ നീ എന്നെ നടത്തും.” (സങ്കീ. 73:23, 24) യഹോവ നമ്മെ രക്ഷയ്‌ക്കായി കാത്തുസൂക്ഷിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്‌!

[അധ്യയന ചോദ്യങ്ങൾ]

[28-ാം പേജിലെ ചിത്രം]

യഹോവ നിങ്ങളെയും ആകർഷിച്ചു

[30-ാം പേജിലെ ചിത്രം]

ദിവ്യബുദ്ധിയുപദേശം ബാധകമാക്കുന്നത്‌ നമ്മെ കാത്തുസൂക്ഷിക്കുന്നു

[31-ാം പേജിലെ ചിത്രം]

നമുക്ക്‌ ലഭിക്കുന്ന പ്രോത്സാഹനം നമ്മെ പുലർത്തുന്നു