വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘കാലങ്ങളുടെയും സമയങ്ങളുടെയും’ ദൈവമായ യഹോവയിൽ ആശ്രയിക്കുക

‘കാലങ്ങളുടെയും സമയങ്ങളുടെയും’ ദൈവമായ യഹോവയിൽ ആശ്രയിക്കുക

‘കാലങ്ങളുടെയും സമയങ്ങളുടെയും’ ദൈവമായ യഹോവയിൽ ആശ്രയിക്കുക

“അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു.”—ദാനീ. 2:21.

ഉത്തരം പറയാമോ?

സമയം നിശ്ചയിക്കുകയും പാലിക്കുകയും ചെയ്യുന്നതിൽ പിഴവുവരുത്താത്തവനാണ്‌ യഹോവ എന്ന്‌ സൃഷ്ടികളും നിവൃത്തിയേറിയ പ്രവചനങ്ങളും തെളിയിക്കുന്നത്‌ എങ്ങനെ?

യഹോവ ‘കാലങ്ങളുടെയും സമയങ്ങളുടെയും’ ദൈവമാണെന്നു തിരിച്ചറിയുന്നത്‌ നമ്മെ എന്തിനു പ്രേരിപ്പിക്കണം?

ലോകസംഭവങ്ങളും മനുഷ്യന്റെ പദ്ധതികളും യഹോവയുടെ സമയപ്പട്ടികയെ സ്വാധീനിക്കുന്നില്ലെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

1, 2. യഹോവയ്‌ക്ക്‌ സമയത്തെക്കുറിച്ച്‌ എല്ലാം അറിയാമെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

 മനുഷ്യനെ സൃഷ്ടിക്കുന്നതിനു വളരെ നാളുകൾക്കു മുമ്പുതന്നെ യഹോവയാംദൈവം സമയം അളക്കുന്നതിന്‌ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാലാം സൃഷ്ടിദിവസം ദൈവം ഇങ്ങനെ പറഞ്ഞു: “പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ.” (ഉല്‌പ. 1:14, 19, 26) യഹോവ ഉദ്ദേശിച്ചതുപോലെതന്നെ കാര്യങ്ങൾ സംഭവിച്ചു.

2 സമയം എന്നാൽ യഥാർഥത്തിൽ എന്താണെന്ന്‌ വ്യക്തമായി വിശദീകരിക്കാൻ ഇന്നേവരെ ശാസ്‌ത്രജ്ഞന്മാർക്ക്‌ കഴിഞ്ഞിട്ടില്ല. “സമയം എന്നത്‌ ഒരു നിഗൂഢരഹസ്യമായി അവശേഷിക്കുന്നു. അത്‌ എന്താണെന്ന്‌ കൃത്യമായി പറയാൻ ആർക്കും കഴിയുന്നില്ല” എന്ന്‌ ഒരു വിജ്ഞാനകോശം പറയുന്നു. എന്നാൽ യഹോവയ്‌ക്ക്‌ സമയത്തെക്കുറിച്ച്‌ എല്ലാം അറിയാം. അവനാണല്ലോ ‘ആകാശത്തെ സൃഷ്ടിച്ചതും ഭൂമിയെ നിർമ്മിച്ചുണ്ടാക്കിയതും.’ മാത്രമല്ല, “ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും” അവൻ പ്രസ്‌താവിക്കുന്നു. (യെശ. 45:18; 46:10) സമയം നിശ്ചയിക്കുകയും പാലിക്കുകയും ചെയ്യുന്നതിൽ പിഴവുവരുത്താത്തവനാണ്‌ യഹോവ. അതിന്‌ സൃഷ്ടിയും നിവൃത്തിയേറിയ പ്രവചനങ്ങളും നൽകുന്ന തെളിവുകൾ നമുക്ക്‌ ഇപ്പോൾ പരിശോധിക്കാം. യഹോവയിലും അവന്റെ വചനമായ ബൈബിളിലും ഉള്ള നമ്മുടെ വിശ്വാസം വർധിപ്പിക്കാൻ ഇതു സഹായിക്കും.

സൃഷ്ടി—യഹോവയിൽ നമ്മുടെ വിശ്വാസം വർധിപ്പിക്കുന്നു

3. കൃത്യമായി സമയം പാലിക്കുന്ന എന്തെല്ലാം ഈ ഭൗതിക പ്രപഞ്ചത്തിലുണ്ട്‌?

3 കൃത്യമായി സമയം പാലിക്കുന്ന അതിസൂക്ഷ്‌മമായ സൃഷ്ടികൾമുതൽ ബൃഹത്‌സൃഷ്ടികൾവരെ ഈ ഭൗതിക പ്രപഞ്ചത്തിലുണ്ട്‌. ഉദാഹരണത്തിന്‌, കൃത്യമായ ഇടവേളകളിൽ ആറ്റങ്ങളുടെ കമ്പനം നടക്കുന്നു. ഈ കമ്പനങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചില ഘടികാരങ്ങളെ ഗോളവ്യാപകമായി സമയനിർണയത്തിനുള്ള ആധാരമായി ഉപയോഗിക്കുന്നുണ്ട്‌. എട്ടുകോടി വർഷം കൂടുമ്പോൾ വെറും ഒരു സെക്കന്റിന്റെ സമയവ്യത്യാസം മാത്രമേ ഈ ഘടികാരത്തിനുണ്ടാവൂ. ഇനി ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും സംബന്ധിച്ചെന്ത്‌? കൃത്യസമയം പാലിച്ചുകൊണ്ടാണ്‌ അവയും ചലിക്കുന്നത്‌. ആകാശത്തിലെ അവയുടെ സ്ഥാനം കൃത്യമായി പ്രവചിക്കാൻ കഴിയുന്നതുകൊണ്ട്‌ ഋതുക്കൾ നിർണയിക്കാനും സഞ്ചാരത്തിനിടെ ദിശ കണ്ടെത്താനും അവയെ ഉപയോഗിച്ചുപോന്നിട്ടുണ്ട്‌. പിഴവറ്റ ഇത്തരം ‘ഘടികാരങ്ങളെ’ നിർമിച്ച യഹോവയാംദൈവത്തിന്റെ “ശക്തിയുടെ ആധിക്യം” നിങ്ങൾക്ക്‌ ഊഹിക്കാനാകുന്നുണ്ടോ? അവൻ എന്തുകൊണ്ടും നമ്മുടെ സ്‌തുതി അർഹിക്കുന്നു.—യെശയ്യാവു 40:26 വായിക്കുക.

4. ജൈവലോകത്തെ സമയനിഷ്‌ഠ ദൈവത്തിന്റെ ജ്ഞാനം വെളിപ്പെടുത്തുന്നത്‌ എങ്ങനെ?

4 ജൈവലോകത്തും സമയനിഷ്‌ഠയുടെ തെളിവുകൾ കാണാം. മിക്ക സസ്യങ്ങളെയും മൃഗങ്ങളെയും ഒരു ആന്തരിക ഘടികാരം നിയന്ത്രിക്കുന്നുണ്ട്‌. ദേശാടനപ്പക്ഷികൾ സഹജജ്ഞാനം ഉപയോഗിച്ചുകൊണ്ട്‌ ദേശാടനം ആരംഭിക്കേണ്ട കൃത്യസമയം മനസ്സിലാക്കുന്നു. (യിരെ. 8:7) മനുഷ്യരിലുമുണ്ട്‌ ആന്തരിക ഘടികാരങ്ങൾ; സാധാരണഗതിയിൽ അവ പ്രവർത്തിക്കുന്നത്‌ രാത്രിയും പകലും ഉൾപ്പെട്ട 24 മണിക്കൂർ ദൈർഘ്യമുള്ള ഒരു സമയചക്രത്തിന്റെ അടിസ്ഥാനത്തിലാണ്‌. അതുകൊണ്ട്‌, വിമാനത്തിൽ യാത്ര ചെയ്‌ത്‌ ലോകത്തിന്റെ മറ്റൊരു ഭാഗത്ത്‌ എത്തുന്നവർക്ക്‌ അവിടത്തെ സമയക്രമവുമായി പൊരുത്തപ്പെടാൻ ദിവസങ്ങൾ വേണ്ടിവന്നേക്കാം. സൃഷ്ടികളിലെ സമയനിഷ്‌ഠയുടെ ഇത്തരം നിരവധി തെളിവുകൾ ‘കാലങ്ങളുടെയും സമയങ്ങളുടെയും’ ദൈവമായ യഹോവയുടെ ശക്തിയും ജ്ഞാനവും വിളിച്ചോതുന്നു. (സങ്കീർത്തനം 104:24 വായിക്കുക.) അതെ, സമയം നിശ്ചയിക്കുകയും പാലിക്കുകയും ചെയ്യുന്നതിൽ പിഴവുവരുത്താത്ത യഹോവ സർവജ്ഞാനിയും സർവശക്തനുമാണ്‌. തന്റെ ഉദ്ദേശ്യം നടപ്പിലാക്കാൻ അവനു കഴിയുമെന്നു വിശ്വസിക്കാതിരിക്കാൻ കാരണം ഏതുമില്ല!

കൃത്യസമയത്ത്‌ നിവൃത്തിയേറിയ പ്രവചനങ്ങൾ വിശ്വാസം വർധിപ്പിക്കുന്നു

5. (എ) മനുഷ്യവർഗത്തിന്റെ ഭാവിയെക്കുറിച്ച്‌ അറിയാനുള്ള ഒരേയൊരു വഴി ഏത്‌? (ബി) ഭാവിയിൽ എന്തു നടക്കുമെന്നും എപ്പോൾ നടക്കുമെന്നും യഹോവയ്‌ക്ക്‌ പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

5 സൃഷ്ടിയിൻപുസ്‌തകം യഹോവയുടെ “അദൃശ്യഗുണ”ങ്ങളെക്കുറിച്ച്‌ ഏറെ വെളിപ്പെടുത്തുന്നതായി നാം കണ്ടു. (റോമ. 1:20) എന്നാൽ, മനുഷ്യവർഗത്തിന്റെ ഭാവി എന്താണ്‌ എന്നതുപോലുള്ള സുപ്രധാന ചോദ്യങ്ങൾക്ക്‌ അതിൽ ഉത്തരമില്ല. അത്‌ കണ്ടെത്താൻ, ദൈവവചനമായ ബൈബിളിലേക്ക്‌ നാം തിരിയണം. ബൈബിൾപ്രവചനങ്ങൾ എല്ലായ്‌പോഴും കൃത്യസമയത്തുതന്നെ നിവൃത്തിയേറിയിട്ടുണ്ട്‌! ഭാവിസംഭവങ്ങൾ കൃത്യമായി കാണാനാകുന്നതുകൊണ്ട്‌ യഹോവയ്‌ക്ക്‌ കാര്യങ്ങൾ മുൻകൂട്ടിപ്പറയാനാകും. തന്റെ ഉദ്ദേശ്യത്തിനും സമയപ്പട്ടികയ്‌ക്കും അനുസരിച്ച്‌ കാര്യങ്ങളെ നയിക്കാനും അവനു കഴിയും. അതുകൊണ്ടാണ്‌ തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നതെല്ലാം കൃത്യസമയത്തുതന്നെ സംഭവിക്കുന്നത്‌.

6. ബൈബിൾപ്രവചനങ്ങളുടെ നിവൃത്തി നാം മനസ്സിലാക്കാൻ യഹോവ ആഗ്രഹിക്കുന്നു എന്നതിന്‌ എന്തു തെളിവുണ്ട്‌?

6 തന്റെ ആരാധകർ, തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങൾ മനസ്സിലാക്കാനും അവയിൽനിന്ന്‌ പ്രയോജനം നേടാനും യഹോവ ആഗ്രഹിക്കുന്നു. സമയത്തെ നാം വിഭാഗിക്കുന്നതുപോലെയല്ല യഹോവ വിഭാഗിക്കുന്നതെങ്കിലും ഒരു കാര്യം എപ്പോൾ സംഭവിക്കുമെന്ന്‌ നമുക്കു മനസ്സിലാകുന്ന ഭാഷയിൽ അവൻ പറഞ്ഞുതരുന്നത്‌ അതുകൊണ്ടാണ്‌. (സങ്കീർത്തനം 90:4 വായിക്കുക.) ഉദാഹരണത്തിന്‌, ‘നാലുദൂതന്മാരെ’ “ഇന്ന ആണ്ട്‌, ഇന്ന മാസം, ഇന്ന ദിവസം, ഇന്ന നാഴികയിൽ” ഒരു പ്രത്യേക ഉദ്ദേശ്യം നിവർത്തിക്കാൻ “ഒരുക്കിനിറുത്തി”യിരിക്കുന്നതായി വെളിപാടുപുസ്‌തകത്തിൽ നാം വായിക്കുന്നു. മനുഷ്യർക്ക്‌ സുപരിചിതമായ സമയത്തിന്റെ അളവുകൾ ഉപയോഗിച്ചാണ്‌ ഇവിടെ യഹോവ കാര്യം വിശദീകരിച്ചത്‌. (വെളി. 9:14, 15) നമുക്ക്‌ ഇപ്പോൾ, കൃത്യസമയത്ത്‌ നിവൃത്തിയേറിയ ചില പ്രവചനങ്ങൾ പരിശോധിക്കാം. ‘കാലങ്ങളുടെയും സമയങ്ങളുടെയും’ ദൈവമായ യഹോവയിലും അവന്റെ വചനത്തിലും ഉള്ള നമ്മുടെ വിശ്വാസം വർധിക്കാൻ അതു സഹായിക്കും.

7. നിശ്ചയിച്ച സമയത്തുതന്നെ തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നവനാണ്‌ യഹോവയെന്ന്‌ യെരുശലേമിനെയും യെഹൂദയെയും കുറിച്ചുള്ള പ്രവചനനിവൃത്തി തെളിയിക്കുന്നത്‌ എങ്ങനെ?

7 ബി.സി. ഏഴാം നൂറ്റാണ്ടിൽ, “യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ” യഹോവയിൽനിന്ന്‌ “സകല യെഹൂദാജനത്തെയും കുറിച്ചു യിരെമ്യാ”വിന്‌ അരുളപ്പാടുണ്ടായി. (യിരെ. 25:1) യെരുശലേമിന്റെ നാശത്തെയും യെഹൂദയിൽനിന്ന്‌ യഹൂദന്മാരെ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോകുന്നതിനെയും കുറിച്ച്‌ യഹോവ മുൻകൂട്ടിപ്പറഞ്ഞു. അവിടെ അവർ “ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കു”മായിരുന്നു. ബി.സി. 607-ൽ ബാബിലോണിയൻസേന യെരുശലേം നശിപ്പിക്കുകയും യെഹൂദാദേശത്തുള്ള യഹൂദന്മാരെ ബാബിലോണിലേക്ക്‌ പിടിച്ചുകൊണ്ടുപോകുകയും ചെയ്‌തു. എന്നാൽ ആ 70 വർഷത്തിനൊടുവിൽ എന്തു സംഭവിക്കുമായിരുന്നു? അതേക്കുറിച്ച്‌ യിരെമ്യാവ്‌ ഇങ്ങനെ പ്രവചിച്ചു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കയുള്ളു.” (യിരെ. 25:11, 12; 29:10) ഈ പ്രവചനം കൃത്യസമയത്ത്‌ നിവൃത്തിയേറി. ബി.സി. 537-ൽ മേദ്യരും പേർഷ്യക്കാരും ബാബിലോണിൽനിന്ന്‌ യഹൂദന്മാരെ വിടുവിച്ചപ്പോഴാണ്‌ അത്‌ സംഭവിച്ചത്‌.

8, 9. മിശിഹായുടെ വരവിനെക്കുറിച്ചും സ്വർഗീയ ഗവണ്മെന്റ്‌ സ്ഥാപിതമാകുന്നതിനെക്കുറിച്ചും ഉള്ള ദാനിയേലിന്റെ പ്രവചനങ്ങൾ, യഹോവ ‘കാലങ്ങളുടെയും സമയങ്ങളുടെയും’ ദൈവമാണെന്ന്‌ തെളിയിക്കുന്നത്‌ എങ്ങനെ?

8 പുരാതനകാലത്തെ ദൈവജനം ഉൾപ്പെട്ട മറ്റൊരു പ്രവചനം നോക്കുക. യെരുശലേം പുനർനിർമിക്കാനുള്ള കൽപ്പന പുറപ്പെട്ട്‌ 483 വർഷം കഴിഞ്ഞായിരിക്കും മിശിഹാ പ്രത്യക്ഷപ്പെടുകയെന്ന്‌ യഹൂദന്മാർ ബാബിലോൺ വിടുന്നതിന്‌ ഏതാണ്ട്‌ രണ്ടുവർഷം മുമ്പ്‌ ദാനിയേൽപ്രവാചകൻ മുഖാന്തരം ദൈവം അരുളിച്ചെയ്‌തിരുന്നു. ബി.സി. 455-ൽ മേദോ-പേർഷ്യൻ രാജാവ്‌ ആ കൽപ്പന പുറപ്പെടുവിച്ചു. കൃത്യം 483 വർഷം കഴിഞ്ഞ്‌, എ.ഡി. 29-ൽ നസറായനായ യേശു സ്‌നാനമേറ്റപ്പോൾ അവൻ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിക്കുകയും അങ്ങനെ മിശിഹായായിത്തീരുകയും ചെയ്‌തു. aനെഹെ. 2:1, 5-8; ദാനീ. 9:24, 25; ലൂക്കോ. 3:1, 2, 21, 22.

9 നമുക്ക്‌ അടുത്തതായി, ദൈവരാജ്യത്തെക്കുറിച്ചുള്ള ചില തിരുവെഴുത്തുപ്രവചനങ്ങൾ ശ്രദ്ധിക്കാം. മിശിഹൈക രാജ്യം 1914-ൽ സ്വർഗത്തിൽ സ്ഥാപിതമാകുമെന്ന്‌ ബൈബിൾ സൂചിപ്പിച്ചു. എങ്ങനെ? സാത്താനെ സ്വർഗത്തിൽനിന്ന്‌ പുറന്തള്ളുകയും ഭൂമിയിൽ കഷ്ടതകൾ നിറയുകയും ചെയ്യുന്ന യേശുവിന്റെ സാന്നിധ്യകാലത്തിന്റെ “അടയാളം” തിരുവെഴുത്തുകൾ നൽകിയിരുന്നു. (മത്താ. 24:3-14; വെളി. 12:9, 12) എന്നാൽ, അതു മാത്രമല്ല “വിജാതീയർക്കായി നിശ്ചയിച്ചിട്ടുള്ള കാലം തികയു”കയും ദൈവരാജ്യം സ്വർഗത്തിൽനിന്ന്‌ ഭരണം തുടങ്ങുകയും ചെയ്യുന്ന കൃത്യസമയം ചൂണ്ടിക്കാട്ടുന്ന ബൈബിൾപ്രവചനങ്ങളും ഉണ്ടായിരുന്നു. അവ 1914 എന്ന വർഷത്തിലേക്കു വിരൽചൂണ്ടി.—ലൂക്കോ. 21:24; ദാനീ. 4:10-17. b

10. കൃത്യസമയത്തുതന്നെ നിവൃത്തിയേറാനിരിക്കുന്ന ചില സംഭവങ്ങൾ ഏവ?

10 യേശു മുൻകൂട്ടിപ്പറഞ്ഞ “മഹാകഷ്ടം” ഉടൻതന്നെ ആഗതമാകും. അതേത്തുടർന്ന്‌ അവന്റെ ആയിരംവർഷ ഭരണം ആരംഭിക്കും. ഇവയെല്ലാം, പട്ടികപ്പെടുത്തിയിരിക്കുന്ന സമയത്തുതന്നെ സംഭവിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ടാ. ഈ സംഭവങ്ങൾ അരങ്ങേറാനിരിക്കുന്ന “നാളും നാഴികയും” യേശു ഭൂമിയിലായിരുന്ന സമയത്തിനു മുമ്പുതന്നെ യഹോവ തീരുമാനിച്ചു കഴിഞ്ഞിരുന്നു.—മത്താ. 24:21, 36; വെളി. 20:6.

‘സമയം പൂർണമായി പ്രയോജനപ്പെടുത്തുക’

11. അന്ത്യകാലത്താണ്‌ ജീവിക്കുന്നതെന്ന തിരിച്ചറിവ്‌ നമ്മെ എങ്ങനെ സ്വാധീനിക്കണം?

11 ദൈവരാജ്യം ഭരണം ആരംഭിച്ചെന്നും നാം ‘അന്ത്യകാലത്താണ്‌’ ജീവിക്കുന്നതെന്നും തിരിച്ചറിയുന്നത്‌ നമ്മെ എങ്ങനെ സ്വാധീനിക്കണം? (ദാനീ. 12:4) ലോകാവസ്ഥകൾ മോശമായിക്കൊണ്ടിരിക്കുന്നത്‌ അനേകർ കാണുന്നുണ്ടെങ്കിലും അത്‌ അന്ത്യകാലത്തെക്കുറിച്ചുള്ള ബൈബിൾപ്രവചനത്തിന്റെ നിവൃത്തിയാണെന്ന്‌ അവർ മനസ്സിലാക്കുന്നില്ല. ഒരു സുപ്രഭാതത്തിൽ ഈ ലോകം തകർന്നടിയും, അല്ലെങ്കിൽ മനുഷ്യന്റെ ശ്രമങ്ങൾ ‘സമാധാനവും സുരക്ഷിതത്വവും’ കൊണ്ടുവരും—ഇതായിരിക്കാം അവർ പ്രതീക്ഷിക്കുന്നത്‌. (1 തെസ്സ. 5:3) എന്നാൽ നമ്മെക്കുറിച്ച്‌ എന്ത്‌? സാത്താന്റെ ലോകത്തിന്റെ അന്ത്യം വിളിപ്പാടകലെ എത്തിനിൽക്കുന്ന സമയമാണിതെന്ന്‌ തിരിച്ചറിയുന്നെങ്കിൽ, അവശേഷിക്കുന്ന സമയം ‘കാലങ്ങളുടെയും സമയങ്ങളുടെയും’ ദൈവത്തെ സേവിക്കാനും അവനെക്കുറിച്ചു മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കാനും വേണ്ടി നാം വിനിയോഗിക്കേണ്ടതല്ലേ? (2 തിമൊ. 3:1) സമയം ബുദ്ധിപൂർവം ഉപയോഗിക്കാൻ നാം ബാധ്യസ്ഥരാണ്‌.—എഫെസ്യർ 5:15-17 വായിക്കുക.

12. നോഹയുടെ നാളിനെക്കുറിച്ചുള്ള യേശുവിന്റെ പ്രസ്‌താവനയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

12 ശ്രദ്ധാശൈഥില്യങ്ങൾ നിറഞ്ഞ ഈ ലോകത്ത്‌ ‘സമയം പൂർണമായി പ്രയോജനപ്പെടുത്തുക’ അത്ര എളുപ്പമല്ല. “നോഹയുടെ നാളുകൾപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ സാന്നിധ്യവും” എന്ന യേശുവിന്റെ മുന്നറിയിപ്പ്‌ ഓർക്കുക. നോഹയുടെ നാളിലെ അവസ്ഥ എന്തായിരുന്നു? അന്നത്തെ ലോകം അവസാനിക്കുമെന്ന്‌ ദൈവം നോഹയെ അറിയിച്ചു; ഒരു ആഗോളപ്രളയത്തിൽ ദുഷ്ടമനുഷ്യർ മുങ്ങിനശിക്കുമായിരുന്നു. “നീതിപ്രസംഗിയായ” നോഹ അന്നാളിലെ ജനത്തോട്‌ വിശ്വസ്‌തമായി ദൈവത്തിന്റെ സന്ദേശം ഘോഷിച്ചു. (മത്താ. 24:37; 2 പത്രോ. 2:5) എന്നാൽ അവർ “തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുക്കപ്പെട്ടും പോന്നു. ജലപ്രളയം വന്ന്‌ അവരെ എല്ലാവരെയും നീക്കിക്കളയുവോളം അവർ ഗൗനിച്ചതേയില്ല.” അതുകൊണ്ട്‌ യേശു തന്റെ അനുഗാമികൾക്ക്‌ ഈ മുന്നറിയിപ്പ്‌ നൽകി: “നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്‌ എന്നതുകൊണ്ട്‌ നിങ്ങളും ഒരുങ്ങിയിരിക്കുവിൻ.” (മത്താ. 24:38, 39, 44) നോഹയുടെ നാളിലെ ജനത്തെപ്പോലെയല്ല, നോഹയെപ്പോലെയായിരിക്കണം നാം. ആകട്ടെ, ഒരുങ്ങിയിരിക്കാൻ നമ്മെ എന്തു സഹായിക്കും?

13, 14. യഹോവയെക്കുറിച്ച്‌ ഏതു കാര്യം മനസ്സിൽപ്പിടിക്കുന്നത്‌ മനുഷ്യപുത്രന്റെ വരവിനായി കാത്തിരിക്കവെ ദൈവത്തെ വിശ്വസ്‌തമായി സേവിക്കാൻ നമ്മെ സഹായിക്കും?

13 നാം പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുക എന്നതു ശരിയാണെങ്കിലും നിശ്ചയിച്ച സമയത്തുതന്നെ തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്ന ദൈവമാണ്‌ യഹോവ എന്ന കാര്യം നാം മറക്കരുത്‌. ലോകസംഭവങ്ങളും മനുഷ്യന്റെ പദ്ധതികളും അവന്റെ സമയപ്പട്ടികയെ നിയന്ത്രിക്കുന്നില്ല. തന്റെ ഹിതം നിവൃത്തിയേറുന്നതുമായി ബന്ധപ്പെട്ട്‌ കാര്യങ്ങൾ എപ്പോൾ സംഭവിക്കണം, അതിന്റെ അനന്തരഫലം എന്തായിരിക്കണം എന്നൊക്കെ തീരുമാനിക്കാൻ യഹോവയ്‌ക്കാകും. (ദാനീയേൽ 2:21 വായിക്കുക.) സദൃശവാക്യങ്ങൾ 21:1 ഇങ്ങനെ പറയുന്നു: “രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു.”

14 തന്റെ ഉദ്ദേശ്യങ്ങൾ കൃത്യസമയത്ത്‌ നിവൃത്തിയേറുന്നതിനായി കാര്യങ്ങളെ തിരിച്ചുവിടാൻ യഹോവയ്‌ക്കു കഴിയും. ലോകത്ത്‌ അരങ്ങേറിയിട്ടുള്ള നിർണായകമായ പല മാറ്റങ്ങളും ബൈബിൾപ്രവചനങ്ങളുടെ നിവൃത്തിയിൽ കലാശിച്ചിട്ടുണ്ട്‌; വിശേഷിച്ച്‌ രാജ്യസുവാർത്ത ഗോളമെങ്ങും പ്രസംഗിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രവചനങ്ങളുടെ. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയെയും അതിനു ശേഷം അരങ്ങേറിയ സംഭവവികാസങ്ങളെയും കുറിച്ച്‌ ചിന്തിക്കുക. പൊടുന്നനെ ഇത്ര വലിയൊരു രാഷ്‌ട്രീയ പരിവർത്തനം ഉണ്ടാകുമെന്ന്‌ ആരുംതന്നെ കരുതിയിട്ടുണ്ടാവില്ല. എന്നാൽ, മുമ്പ്‌ നമ്മുടെ വേല നിരോധിച്ചിരുന്ന പല ദേശങ്ങളിലും ഇന്ന്‌ സുവാർത്താപ്രസംഗവേല നിർവഹിക്കപ്പെടാൻ അത്‌ വഴിയൊരുക്കി. അതുകൊണ്ട്‌ ‘കാലങ്ങളുടെയും സമയങ്ങളുടെയും’ ദൈവത്തെ വിശ്വസ്‌തമായി സേവിക്കാൻ നമുക്കു സമയം പൂർണമായി പ്രയോജനപ്പെടുത്താം.

യഹോവയുടെ സമയനിഷ്‌ഠയിൽ വിശ്വാസമുള്ളവരായിരിക്കുക

15. സംഘടന വരുത്തുന്ന ഭേദഗതികൾ നമ്മുടെ വിശ്വാസം തെളിയിക്കാൻ അവസരമേകുന്നത്‌ എങ്ങനെ?

15 ഈ അന്ത്യകാലത്ത്‌ രാജ്യപ്രസംഗവേലയിൽ തുടരാൻ കഴിയണമെങ്കിൽ, യഹോവ കൃത്യസമയത്ത്‌ തന്റെ ഉദ്ദേശ്യം നടപ്പാക്കുമെന്ന വിശ്വാസം നമുക്കുണ്ടായിരിക്കണം. ലോകസാഹചര്യങ്ങൾ മാറുന്നതനുസരിച്ച്‌, ശിഷ്യരാക്കൽവേല നിർവഹിക്കുന്ന വിധത്തിൽ ചില മാറ്റങ്ങൾ വേണ്ടിവന്നേക്കാം. രാജ്യപ്രസംഗവേല കാര്യക്ഷമമായി നിർവഹിക്കാൻ നമ്മെ സജ്ജരാക്കാൻ സംഘടന ഇടയ്‌ക്കൊക്കെ ചില ഭേദഗതികൾ വരുത്തിയെന്നുവരാം. ‘സഭയുടെ ശിരസ്സായ’ ദൈവപുത്രനു കീഴിൽ വിശ്വസ്‌തമായി സേവിച്ചുകൊണ്ട്‌ അത്തരം ഭേദഗതികളോട്‌ പൂർണമായി സഹകരിക്കുമ്പോൾ ‘കാലങ്ങളുടെയും സമയങ്ങളുടെയും’ ദൈവത്തിലുള്ള വിശ്വാസം നാം തെളിയിക്കുകയാണ്‌.—എഫെ. 5:23.

16. വേണ്ടസമയത്ത്‌ യഹോവ സഹായിക്കുമെന്ന്‌ നമുക്കു വിശ്വസിക്കാവുന്നത്‌ എന്തുകൊണ്ട്‌?

16 “അവശ്യഘട്ടങ്ങളിൽ,” അഥവാ വേണ്ടസമയത്ത്‌ സഹായം ലഭിക്കുമെന്ന പൂർണ ഉറപ്പോടെ, മടികൂടാതെ നാം പ്രാർഥിക്കണം എന്നാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. (എബ്രാ. 4:16) നമ്മെ ഓരോരുത്തരെയും യഹോവ എത്രമാത്രം സ്‌നേഹിക്കുന്നെന്നും നമ്മെക്കുറിച്ച്‌ അവന്‌ എത്രമാത്രം ചിന്തയുണ്ടെന്നും ഇത്‌ വ്യക്തമാക്കുന്നു. (മത്താ. 6:8; 10:29-31) സഹായത്തിനായി യഹോവയാംദൈവത്തോട്‌ തുടർച്ചയായി പ്രാർഥിക്കുമ്പോഴും അവന്റെ മാർഗദർശനത്തിനും നമ്മുടെ പ്രാർഥനയ്‌ക്കും ചേർച്ചയിൽ പ്രവർത്തിക്കുമ്പോഴും നാം നമ്മുടെ വിശ്വാസത്തിനു തെളിവു നൽകുകയാണ്‌. സഹവിശ്വാസികൾക്കുവേണ്ടി പ്രാർഥിക്കാനും നാം മറക്കില്ല.

17, 18. (എ) യഹോവ ഉടൻതന്നെ തന്റെ ശത്രുക്കൾക്കെതിരെ എന്തു നടപടിയെടുക്കും? (ബി) ഏത്‌ അപകടത്തെക്കുറിച്ച്‌ നാം ശ്രദ്ധയുള്ളവരായിരിക്കണം?

17 “അവിശ്വാസത്താൽ ചഞ്ചലപ്പെടാതെ” വിശ്വാസത്താൽ ശക്തിപ്പെടാനുള്ള സമയമാണ്‌ ഇപ്പോൾ. (റോമ. 4:20, 21) നാം ഉൾപ്പെടെയുള്ള തന്റെ അനുഗാമികൾക്കായി യേശു നിയമിച്ചു തന്ന വേലയ്‌ക്കു തടയിടാൻ, ദൈവത്തിന്റെ ശത്രുക്കളായ സാത്താനും അവന്റെ പക്ഷത്തുള്ളവരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. (മത്താ. 28:19, 20) പിശാചിന്റെ ആക്രമണങ്ങളുണ്ടെങ്കിലും “സകലതരം മനുഷ്യരുടെയും രക്ഷകനായ, വിശേഷാൽ വിശ്വാസികളുടെ രക്ഷകനായ ജീവനുള്ള ദൈവ”മാണ്‌ യഹോവ എന്ന ബോധ്യം നമുക്കുണ്ട്‌. അവന്‌ ‘തന്റെ ഭക്തന്മാരെ എങ്ങനെ പരീക്ഷകളിൽനിന്നു വിടുവിക്കണമെന്ന്‌ അറിയാം.’—1 തിമൊ. 4:10; 2 പത്രോ. 2:9, 10എ.

18 യഹോവ ഉടൻതന്നെ ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കും. അത്‌ സംഭവിക്കുന്ന കൃത്യസമയവും മറ്റു വിശദാംശങ്ങളും നമുക്ക്‌ നൽകിയിട്ടില്ലെങ്കിലും തക്കസമയത്തുതന്നെ ക്രിസ്‌തു ദൈവത്തിന്റെ ശത്രുക്കളെ തുടച്ചുനീക്കുമെന്ന കാര്യം നമുക്ക്‌ അറിയാം. അതോടെ യഹോവയുടെ പരമാധികാരം സംസ്ഥാപിക്കപ്പെടും. ആ സ്ഥിതിക്ക്‌, നാം ജീവിക്കുന്ന “സമയങ്ങളെയും കാലങ്ങളെയും” വിവേചിക്കാൻ നമുക്കു സാധിക്കാതെപോയാൽ അതെത്ര പരിതാപകരമായിരിക്കും! “സകലതും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെതന്നെ ഇരിക്കുന്നു” എന്ന ചിന്ത നമ്മുടെ ഉള്ളിൽ ഒരിക്കലും നാമ്പെടുക്കാതിരിക്കട്ടെ.—1 തെസ്സ. 5:1; 2 പത്രോ. 3:3, 4.

‘കാത്തിരിക്കുക’

19, 20. നാം യഹോവയ്‌ക്കായി കാത്തിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

19 മനുഷ്യരെ സൃഷ്ടിച്ചപ്പോൾ, അവർ അനന്തകാലം ജീവിച്ചിരുന്ന്‌ തന്നെയും തന്റെ മനോഹരസൃഷ്ടികളെയും കുറിച്ചു പഠിക്കണം എന്നുള്ളതായിരുന്നു യഹോവയാംദൈവത്തിന്റെ ഉദ്ദേശ്യം. സഭാപ്രസംഗി 3:11 പറയുന്നു: “അവൻ (യഹോവ) സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്‌തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.”

20 യഹോവ, മനുഷ്യനെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം മാറ്റിയിട്ടില്ലെന്ന്‌ അറിയുന്നത്‌ എത്ര സന്തോഷകരമാണ്‌! (മലാ. 3:6) ദൈവം “മാറിക്കൊണ്ടിരിക്കുന്ന നിഴൽപോലെയല്ല; അവൻ മാറ്റമില്ലാത്തവനത്രേ.” (യാക്കോ. 1:17) ഭൂമി കറങ്ങുന്നതിനെയും മറ്റും ആധാരമാക്കിയാണ്‌ മനുഷ്യൻ സമയം അളക്കുന്നത്‌. എന്നാൽ യഹോവയുടെ സമയപ്പട്ടിക അതിനെയൊന്നും അടിസ്ഥാനമാക്കിയുള്ളതല്ല. അവൻ ‘നിത്യരാജാവാണ്‌.’ (1 തിമൊ. 1:17) അതുകൊണ്ട്‌, നമുക്ക്‌ ‘(നമ്മുടെ) രക്ഷയുടെ ദൈവത്തിനായി കാത്തിരിക്കാം.’ (മീഖാ 7:7) “യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിൻ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.”—സങ്കീ. 31:24.

[അടിക്കുറിപ്പുകൾ]

a ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്‌തകത്തിന്റെ 186-195 പേജുകൾ കാണുക.

b ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്‌തകത്തിന്റെ 94-97 പേജുകൾ കാണുക.

[അധ്യയന ചോദ്യങ്ങൾ]

[19-ാം പേജിലെ ചിത്രം]

ദിവ്യപ്രവചനങ്ങൾ നിവൃത്തിയേറുമെന്ന്‌ ദാനിയേലിന്‌ വിശ്വാസമുണ്ടായിരുന്നു

[21-ാം പേജിലെ ചിത്രം]

യഹോവയുടെ ഹിതം ചെയ്യാൻ നിങ്ങൾ സമയം നന്നായി ഉപയോഗിക്കുന്നുണ്ടോ?