വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“കോൽപോർട്ടർ സേവനത്തോടുള്ള എന്റെ സ്‌നേഹം അനുദിനം വർധിച്ചുവരുകയാണ്‌”

“കോൽപോർട്ടർ സേവനത്തോടുള്ള എന്റെ സ്‌നേഹം അനുദിനം വർധിച്ചുവരുകയാണ്‌”

ചരിത്ര സ്‌മൃതികൾ

“കോൽപോർട്ടർ സേവനത്തോടുള്ള എന്റെ സ്‌നേഹം അനുദിനം വർധിച്ചുവരുകയാണ്‌”

വർഷം 1886. സഹസ്രാബ്ദോദയം വാല്യം 1-ന്റെ നൂറു കോപ്പികൾ ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ, ഐക്യനാടുകളിലെ അലിഗേനിയിലുള്ള ബൈബിൾ ഹൗസിൽനിന്ന്‌ ഇല്ലിനോയിസിലെ ചിക്കാഗോയിലേക്ക്‌ അയച്ചു. ഈ വാല്യങ്ങൾ പുസ്‌തകശാലകൾവഴി വിതരണം ചെയ്യാനായിരുന്നു പരിപാടി. പുസ്‌തകത്തിന്റെ കോപ്പികൾ വിറ്റഴിച്ചുതരാമെന്ന്‌ മതസംബന്ധമായ പുസ്‌തകങ്ങൾ വിതരണം ചെയ്യുന്ന ഒരു വലിയ സ്ഥാപനം സമ്മതിച്ചിരുന്നു. പക്ഷേ രണ്ടാഴ്‌ച കഴിഞ്ഞപ്പോഴേക്കും അയച്ച പുസ്‌തകങ്ങൾ മുഴുവൻ ബൈബിൾ ഹൗസിൽ തിരിച്ചെത്തി. എന്താണു സംഭവിച്ചത്‌?

തന്റെ പുസ്‌തകങ്ങളുടെകൂടെ സഹസ്രാബ്ദോദയം പ്രദർശനത്തിനു വെച്ചിരിക്കുന്നത്‌ പ്രശസ്‌തനായ ഒരു സുവിശേഷകന്‌ രസിച്ചില്ല. ആ പുസ്‌തകം വിതരണം ചെയ്യുകയാണെങ്കിൽ തന്റെയും സുഹൃത്തുക്കളുടെയും പുസ്‌തകങ്ങളുടെ വിതരണാവകാശം മറ്റു സ്ഥാപനങ്ങൾക്കു നൽകുമെന്ന്‌ അയാൾ ഭീഷണി മുഴക്കി. ഇതുകേട്ട സ്ഥാപന ഉടമ വൈമനസ്യത്തോടെ ആ പുസ്‌തകങ്ങൾ തിരിച്ചയച്ചു. പുസ്‌തകത്തെക്കുറിച്ച്‌ പത്രങ്ങളിൽ ചില പരസ്യങ്ങൾ കൊടുത്തിരുന്നു. പക്ഷേ, ആ പരസ്യക്കരാറുകളും വിരോധികൾ ഇടപെട്ട്‌ റദ്ദാക്കി. ഈയൊരു സാഹചര്യത്തിൽ പുതിയ പ്രസിദ്ധീകരണം സത്യാന്വേഷികളുടെ പക്കൽ എത്തിക്കാൻ മറ്റെന്തെങ്കിലും മാർഗമുണ്ടായിരുന്നോ?

കോൽപോർട്ടർമാർ രംഗത്ത്‌ എത്തുന്നത്‌ അങ്ങനെയാണ്‌! a 1881-ൽ, ബൈബിൾ പ്രസിദ്ധീകരണങ്ങളുടെ വിതരണത്തിൽ മുഴുവൻ സമയം പങ്കെടുക്കാൻ താത്‌പര്യമുള്ള 1,000 രാജ്യഘോഷകരെ ആവശ്യമുണ്ടെന്ന്‌ സീയോന്റെ വീക്ഷാഗോപുരത്തിലൂടെ ഒരു അറിയിപ്പ്‌ നടത്തുകയുണ്ടായി. മുന്നൂറോളം കോൽപോർട്ടർമാർ മാത്രമേ മുന്നോട്ടുവന്നുള്ളുവെങ്കിലും, ഈ പുസ്‌തകത്തിലൂടെ സത്യത്തിന്റെ വിത്തുകൾ വ്യാപകമായി വിതയ്‌ക്കാൻ അവർക്കു കഴിഞ്ഞു. 1897 ആയപ്പോഴേക്കും, സഹസ്രാബ്ദോദയം എന്ന പുസ്‌തകത്തിന്റെ പത്തുലക്ഷം പ്രതികൾ വിതരണം ചെയ്യപ്പെട്ടിരുന്നു; അതിൽ ഏറിയ പങ്കും സമർപ്പിച്ചത്‌ കോൽപോർട്ടർമാരായിരുന്നു. വീക്ഷാഗോപുരത്തിന്റെ വരിസംഖ്യയിൽനിന്നോ സമർപ്പിച്ചിരുന്ന പുസ്‌തകങ്ങളിൽനിന്നോ ലഭിക്കുന്ന ചെറിയ തുകയായിരുന്നു അവരുടെ ആകെയുണ്ടായിരുന്ന വരുമാനം.

ധൈര്യശാലികളായ ഈ കോൽപോർട്ടർമാരിൽ ആരെല്ലാം ഉണ്ടായിരുന്നു? ഏകാകികളും കുട്ടികളില്ലാത്ത വിവാഹിതരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കുട്ടികളുള്ള ചിലരും ഈ സേവനം ഏറ്റെടുത്തു. മുതിർന്നവർ മാത്രമല്ല കൗമാരക്കാരും ഉണ്ടായിരുന്നു ഈ അണിയിൽ. മുഴുസമയ കോൽപോർട്ടർമാർ പകലന്തിയോളം ശുശ്രൂഷയിൽ ഏർപ്പെട്ടപ്പോൾ, സഹായ കോൽപോർട്ടർമാർ ദിവസം ഒന്നോ രണ്ടോ മണിക്കൂർ പ്രവർത്തിച്ചു. ഈ സേവനം ഏറ്റെടുക്കാൻ പറ്റിയ സാഹചര്യമല്ലായിരുന്നു പലർക്കും; ചിലർക്ക്‌ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അങ്ങനെയിരിക്കെ 1906-ൽ നടന്ന ഒരു കൺവെൻഷനിൽ, കൂടുതൽ പേരെ ഈ അണിയിൽ ചേരാൻ പ്രോത്സാഹിപ്പിക്കുകയുണ്ടായി. കോൽപോർട്ടറാകാൻ “ഒരുപാട്‌ ജ്ഞാനമോ കഴിവോ ദൈവദൂതന്മാരുടെ സംസാരചാതുര്യമോ” ആവശ്യമില്ല എന്ന പ്രസ്‌താവന പലർക്കും പ്രചോദനമായി.

മിക്ക ഭൂഖണ്ഡങ്ങളിലുംതന്നെ വെറും സാധാരണക്കാരാണ്‌ ഈ അസാധാരണ വേല നിർവഹിച്ചത്‌. ഏഴുവർഷംകൊണ്ട്‌ 15,000-ത്തോളം പുസ്‌തകങ്ങൾ സമർപ്പിച്ച ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “പുസ്‌തകം വിറ്റഴിക്കാനല്ല ഞാൻ കോൽപോർട്ടറായത്‌; യഹോവയ്‌ക്കും സത്യത്തിനും സാക്ഷ്യം വഹിക്കാനാണ്‌!” കോൽപോർട്ടർമാർ എത്തിപ്പെട്ട സ്ഥലങ്ങളിലെല്ലാം സത്യത്തിന്റെ വിത്തു മുളച്ച്‌ ഫലം കായ്‌ച്ചു; ബൈബിൾ വിദ്യാർഥികളുടെ എണ്ണം വർധിച്ചു.

‘പുസ്‌തക കച്ചവടക്കാർ’ എന്നു വിളിച്ച്‌ അന്നത്തെ വൈദികർ കോൽപോർട്ടർമാരെ പരിഹസിച്ചു. 1892-ലെ വീക്ഷാഗോപുരം ഇങ്ങനെ റിപ്പോർട്ടുചെയ്‌തു: “ചുരുക്കം ചിലരേ ഇവർ കർത്താവിന്റെ പ്രതിനിധികളാണെന്ന്‌ തിരിച്ചറിയുന്നുള്ളൂ; കർത്താവിനെപ്പോലെ ഇവരുടെ താഴ്‌മയും ആത്മത്യാഗവും വിലമതിക്കുന്നുള്ളൂ.” കോൽപോർട്ടർമാരുടെ ജീവിതം “പൂമെത്ത” ആയിരുന്നില്ല എന്ന്‌ ഒരു സഹോദരി സാക്ഷ്യപ്പെടുത്തുന്നു. ഉദാഹരണത്തിന്‌, കോൽപോർട്ടർമാരുടെ യാത്രാസൗകര്യങ്ങൾ വളരെ പരിമിതമായിരുന്നു. ഒന്നുകിൽ കട്ടിയുള്ള ഷൂസും ധരിച്ച്‌ നടക്കുക അല്ലെങ്കിൽ സൈക്കിൾ ചവിട്ടുക! ചിലപ്പോഴൊക്കെ പുസ്‌തകങ്ങൾ സമർപ്പിക്കുമ്പോൾ പകരം കിട്ടിയിരുന്നത്‌ പണമായിരുന്നില്ല, ആഹാരസാധനങ്ങളായിരുന്നു. ക്ഷീണിതരായിരുന്നെങ്കിലും സന്തോഷത്തോടെയാണ്‌ വൈകുന്നേരങ്ങളിൽ അവർ തങ്ങളുടെ ടെന്റുകളിലേക്കും വാടകവീടുകളിലേക്കും മടങ്ങിയത്‌. പിന്നീട്‌, ‘കോൽപോർട്ടർ വാഗൺ’ രംഗപ്രവേശം ചെയ്‌തു; താമസിക്കാനുള്ള സൗകര്യംകൂടെ ഉണ്ടായിരുന്ന ഈ വണ്ടികൾ അവർ സ്വന്തമായി ഉണ്ടാക്കിയെടുക്കുകയായിരുന്നു. b

1893-ൽ നടന്ന ചിക്കാഗോ കൺവെൻഷനിൽ കോൽപോർട്ടർമാർക്കുവേണ്ടി ഒരു പ്രത്യേക സെഷൻ ഉണ്ടായിരുന്നു. അനുഭവങ്ങൾ പങ്കുവെക്കാനും പ്രസംഗരീതികൾ പഠിക്കാനും പ്രായോഗിക ഉപദേശങ്ങൾ സ്വീകരിക്കാനും ഉള്ള ഒരു വേദിയായിരുന്നു അത്‌. പിന്നീടങ്ങോട്ട്‌ ഈ സെഷൻ, കൺവെൻഷനുകളുടെ ഒരു സവിശേഷതയായി. ഒരിക്കൽ റസ്സൽ സഹോദരൻ കോൽപോർട്ടർമാർക്ക്‌ ആരോഗ്യസംബന്ധമായ ഒരു നുറുങ്ങ്‌ പറഞ്ഞുകൊടുത്തു: പ്രാതൽ നന്നായി കഴിക്കുക; പിന്നെ, ശുശ്രൂഷയ്‌ക്കിടെ ഒരു ഗ്ലാസ്‌ പാൽ കുടിക്കാൻ മറക്കരുത്‌. ചൂടുള്ള ദിവസമാണെങ്കിൽ ഒരു ഐസ്‌ക്രീം-സോഡയുമാകാം.

വേലയിൽ ഒരു പങ്കാളിയെ ആവശ്യമുള്ളവർ, കൺവെൻഷൻ സ്ഥലത്ത്‌ ആയിരിക്കുമ്പോൾ ഒരു മഞ്ഞ റിബൺ ധരിച്ചിരുന്നു. പുതിയ കോൽപോർട്ടർമാർ അനുഭവപരിചയമുള്ളവരോടൊപ്പം പ്രവർത്തിക്കാനാണ്‌ ഇഷ്ടപ്പെട്ടത്‌. അത്തരം പരിശീലനം അന്ന്‌ വളരെ ആവശ്യമായിരുന്നു. ഒരിക്കൽ ഒരു പുതിയ കോൽപോർട്ടർ, പുസ്‌തകം സമർപ്പിക്കവെ പരിഭ്രമംകൊണ്ട്‌ ഇങ്ങനെ പറഞ്ഞുപോയി: “നിങ്ങൾക്ക്‌ ഈ പുസ്‌തകം വേണ്ടായിരിക്കും, അല്ലേ?” എന്തായാലും, വീട്ടുകാരി പുസ്‌തകം സ്വീകരിച്ചു; പിന്നീട്‌ സ്‌നാനമേറ്റ്‌ ഒരു സഹോദരി ആയിത്തീരുകയും ചെയ്‌തു.

ഒരു സഹോദരൻ ഇങ്ങനെ ചിന്തിച്ചു: ‘ഇപ്പോൾ എന്റെ സാമ്പത്തികനില ഭദ്രമാണ്‌. ഈ സ്ഥിതിയിൽ തുടർന്നാൽ വർഷാവർഷം 1,000 ഡോളർ വേലയ്‌ക്കുവേണ്ടി അയച്ചുകൊടുക്കാം. അതാണോ നല്ലത്‌, ഒരു കോൽപോർട്ടർ ആകുന്നതാണോ?’ അദ്ദേഹത്തിന്‌ ലഭിച്ച ഉത്തരം ഇതായിരുന്നു: രണ്ടായാലും കർത്താവ്‌ വിലമതിക്കും. പക്ഷേ സമയവും ഊർജവും കർത്താവിന്റെ വേലയിൽ ചെലവഴിച്ചാൽ കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കും! “പരമാവധി ആളുകൾക്ക്‌ പരമാവധി നന്മ ചെയ്യാനുള്ള ഏറ്റവും പറ്റിയ മാർഗം,” കോൽപോർട്ടർ വേലയെക്കുറിച്ച്‌ മേരി ഹൈൻഡ്‌സ്‌ എന്ന സഹോദരിയുടെ അഭിപ്രായമാണിത്‌. അൽപ്പം നാണംകുണുങ്ങിയായിരുന്ന ആൽബർട്ട ക്രോസ്‌ബി പറഞ്ഞു: “കോൽപോർട്ടർ സേവനത്തോടുള്ള എന്റെ സ്‌നേഹം അനുദിനം വർധിച്ചുവരുകയാണ്‌.”

തീക്ഷ്‌ണരായ ആ കോൽപോർട്ടർമാരുടെ പിൻമുറക്കാരും ആത്മീയ മക്കളും തങ്ങൾക്കു കൈമാറിക്കിട്ടിയ പൈതൃകം കാത്തുസൂക്ഷിക്കുന്നുണ്ട്‌. നിങ്ങളുടെ കുടുംബത്തിൽ ഒരു കോൽപോർട്ടറോ പയനിയറോ ഉണ്ടായിരുന്നിട്ടില്ലെങ്കിൽ അങ്ങനെയൊരു പാരമ്പര്യത്തിന്‌ തുടക്കമിടാൻ നിങ്ങൾക്കാകുമോ? എങ്കിൽ, മുഴുസമയ പ്രസംഗവേലയെ സ്‌നേഹിക്കാൻ നിങ്ങളും പഠിക്കും!

[അടിക്കുറിപ്പുകൾ]

a 1931 മുതൽ ഇവർ “പയനിയർമാർ” എന്നാണ്‌ അറിയപ്പെടുന്നത്‌.

b ഈ വണ്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒരു ഭാവിലേഖനത്തിൽ ഉണ്ടായിരിക്കും.

[32-ാം പേജിലെ ആകർഷക വാക്യം]

കോൽപോർട്ടറാകാൻ “ഒരുപാട്‌ ജ്ഞാനമോ കഴിവോ ദൈവദൂതന്മാരുടെ സംസാരചാതുര്യമോ” ആവശ്യമില്ല

[31-ാം പേജിലെ ചിത്രം]

ഘാനയിൽ കോൽപോർട്ടറായിരുന്ന എ. ഡബ്ലിയൂ. ഓസേ, ഏകദേശം 1930-ൽ

[32-ാം പേജിലെ ചിത്രങ്ങൾ]

മുകളിൽ: ഇംഗ്ലണ്ടിൽ കോൽപോർട്ടർമാരായിരുന്ന ഈഡത്ത്‌ കീനും ഗർട്രൂഡ്‌ മോറിസും, ഏകദേശം 1918-ൽ; താഴെ: പുസ്‌തകങ്ങൾ സമർപ്പിച്ചശേഷം ഒഴിഞ്ഞ കാർട്ടണുകളുമായി സ്റ്റാൻലി കൊസബമും ഹെന്‌റി നോൺകീസും, ഐക്യനാടുകളിൽ