വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കുന്നുണ്ടോ?

നിങ്ങൾ യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കുന്നുണ്ടോ?

നിങ്ങൾ യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കുന്നുണ്ടോ?

‘യഹോവയുടെ തേജസ്സ്‌ കണ്ണാടികൾപോലെ പ്രതിഫലിപ്പിക്കുന്നവരാണ്‌ നാം.’—2 കൊരി. 3:18.

ഉത്തരം പറയാമോ?

പാപികളാണെങ്കിലും നമുക്ക്‌ ദൈവതേജസ്സ്‌ പ്രതിഫലിപ്പിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

പ്രാർഥനയും ക്രിസ്‌തീയ യോഗങ്ങളും ദൈവതേജസ്സ്‌ പ്രതിഫലിപ്പിക്കാൻ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കുന്നതിൽ തുടരാൻ നമ്മെ എന്തു സഹായിക്കും?

1, 2. നമുക്ക്‌ യഹോവയുടെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാനാകുമെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

 നമ്മുടെ മാതാപിതാക്കളുമായി ഏതെങ്കിലും വിധത്തിൽ സാദൃശ്യമുള്ളവരാണ്‌ നാം. ‘നീ നിന്റെ അച്ഛന്റെ തനിപ്പകർപ്പാണ്‌’ എന്ന്‌ ഒരു ആൺകുട്ടിയോട്‌ ആരെങ്കിലും പറയുന്നത്‌ നിങ്ങൾ കേട്ടിട്ടുണ്ടാകും. അല്ലെങ്കിൽ ഒരു പെൺകുട്ടിയോട്‌ ‘നിന്നെ കാണുമ്പോഴൊക്കെ നിന്റെ അമ്മയെയാണ്‌ എനിക്ക്‌ ഓർമവരുക’ എന്ന്‌ പറയുന്നതും നിങ്ങൾ കേട്ടിരിക്കാം. കുട്ടികൾ മിക്കപ്പോഴും അച്ഛനും അമ്മയും ചെയ്യുന്ന കാര്യങ്ങൾ അനുകരിക്കാറുണ്ട്‌. നമ്മുടെ കാര്യമോ? നമ്മുടെ സ്വർഗീയ പിതാവായ യഹോവയെ നമുക്ക്‌ അനുകരിക്കാനാകുമോ? നാം അവനെ കണ്ടിട്ടില്ലെന്നുള്ളത്‌ ശരിതന്നെ; എന്നുവരികിലും അവന്റെ വചനം പഠിക്കുമ്പോഴും അവന്റെ സൃഷ്ടിയെ നിരീക്ഷിക്കുമ്പോഴും തിരുവെഴുത്തുകൾ ധ്യാനിക്കുമ്പോഴും—വിശേഷിച്ച്‌ ദൈവപുത്രനായ യേശുക്രിസ്‌തുവിന്റെ വാക്കുകളും പ്രവൃത്തികളും ധ്യാനിക്കുമ്പോൾ—നമുക്ക്‌ യഹോവയുടെ വിശിഷ്ടഗുണങ്ങൾ ദർശിക്കാനാകും. (യോഹ. 1:18; റോമ. 1:20) അതെ, യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കാൻ നമുക്കു സാധിക്കും.

2 തന്റെ ഹിതം നിവർത്തിക്കാനും തന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാനും തനിക്കു മഹത്ത്വം കരേറ്റാനും മനുഷ്യർക്ക്‌ സാധിക്കുമെന്ന്‌ ആദാമിനെയും ഹവ്വായെയും സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ യഹോവയ്‌ക്ക്‌ ഉറപ്പുണ്ടായിരുന്നു. (ഉല്‌പത്തി 1:26, 27 വായിക്കുക.) നമ്മെ സൃഷ്ടിച്ചവന്റെ ഗുണങ്ങൾ അനുകരിക്കേണ്ടവരാണ്‌ ക്രിസ്‌ത്യാനികളായ നാം. അപ്രകാരം ചെയ്യുന്നെങ്കിൽ, ദൈവതേജസ്സ്‌ പ്രതിഫലിപ്പിക്കുകയെന്ന അനുഗൃഹീത പദവി ആസ്വദിക്കുന്നതിന്‌ നമ്മുടെ സംസ്‌കാരമോ വംശമോ വിദ്യാഭ്യാസമോ ഒന്നും ഒരു തടസ്സമാവില്ല. കാരണം, ‘ദൈവം പക്ഷപാതമുള്ളവനല്ല, ഏതൊരു ജനതയിലും അവനെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണ്‌.’—പ്രവൃ. 10:34, 35.

3. യഹോവയെ സേവിക്കുന്നതിലൂടെ നമുക്ക്‌ എന്ത്‌ അനുഭവിക്കാനാകും?

3 യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കുന്നവരാണ്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾ. അതുകൊണ്ടാണ്‌ ആത്മാഭിഷേകം പ്രാപിച്ച പൗലോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതിയത്‌: “മൂടുപടം നീങ്ങിയ മുഖത്തോടെ യഹോവയുടെ തേജസ്സ്‌ കണ്ണാടികൾപോലെ പ്രതിഫലിപ്പിക്കുന്നവരായ നാം ഏവരും തേജസ്സിന്മേൽ തേജസ്സു പ്രാപിച്ച്‌ . . . അവന്റെ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെടുന്നു.” (2 കൊരി. 3:18) പത്തുകൽപ്പനകൾ ആലേഖനം ചെയ്‌ത കൽപ്പലകകളുമായി മോശ സീനായ്‌ പർവതത്തിൽനിന്ന്‌ ഇറങ്ങിവന്ന സന്ദർഭത്തെക്കുറിച്ചാണ്‌ പൗലോസ്‌ പറഞ്ഞത്‌. ദൈവം അവനോടു സംസാരിച്ചതിനാൽ അപ്പോൾ മോശയുടെ മുഖം പ്രകാശിക്കുന്നുണ്ടായിരുന്നു. (പുറ. 34:29, 30) ക്രിസ്‌ത്യാനികൾക്ക്‌ അത്തരമൊരു അനുഭവമുണ്ടായിട്ടില്ല, അവരുടെ മുഖം അക്ഷരീയമായി പ്രകാശിക്കുന്നുമില്ല. എങ്കിലും, യഹോവയെയും അവന്റെ ഗുണങ്ങളെയും മനുഷ്യർക്കുവേണ്ടി അവൻ ചെയ്യാനിരിക്കുന്ന അത്ഭുതകാര്യങ്ങളെയും കുറിച്ച്‌ മറ്റുള്ളവരോടു പറയുമ്പോൾ അവരുടെ മുഖം സന്തോഷംകൊണ്ട്‌ പ്രകാശിക്കുന്നു. പണ്ടുകാലത്തുണ്ടായിരുന്ന മിനുക്കിയെടുത്ത ലോഹക്കണ്ണാടികൾപോലെ തങ്ങളുടെ ജീവിതത്തിലും ശുശ്രൂഷയിലും യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കുന്നവരാണ്‌ അഭിഷിക്തരും ഭൂമിയിലെ അവരുടെ സഹകാരികളും. (2 കൊരി. 4:1) നിങ്ങളുടെ കാര്യമോ? ദൈവത്തിനു പ്രസാദകരമായ ജീവിതം നയിച്ചുകൊണ്ടും ക്രമമായി രാജ്യപ്രസംഗവേലയിൽ ഏർപ്പെട്ടുകൊണ്ടും നിങ്ങൾ യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കുന്നുണ്ടോ?

യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു

4, 5. (എ) പൗലോസ്‌ നേരിട്ട ഏതു പ്രശ്‌നം നമുക്കുമുണ്ട്‌? (ബി) പാപം മനുഷ്യരെ എങ്ങനെ ബാധിച്ചിരിക്കുന്നു?

4 ചെയ്യുന്ന ഓരോ കാര്യത്തിലും സ്രഷ്ടാവിന്റെ തേജസ്സ്‌ പ്രതിഫലിപ്പിക്കണമെന്നാണ്‌ അവന്റെ ദാസരായ നമ്മുടെ ആഗ്രഹം. എന്നാൽ മിക്കപ്പോഴും, ആഗ്രഹിക്കുന്നതുപോലെയായിരിക്കില്ല നാം പ്രവർത്തിക്കുന്നത്‌. ഇതേ പ്രശ്‌നം പൗലോസിനുമുണ്ടായിരുന്നു. (റോമർ 7:21-25 വായിക്കുക.) അതിന്റെ കാരണം അവൻ വിശദീകരിക്കുന്നത്‌ ശ്രദ്ധിക്കുക: “എല്ലാവരും പാപം ചെയ്‌തു ദൈവികമഹത്ത്വം ഇല്ലാത്തവരായിത്തീർന്നിരിക്കുന്നു.” (റോമ. 3:23) അതെ, പാപിയായ ആദാമിൽനിന്നു കൈമാറിക്കിട്ടിയ പാപം മനുഷ്യരുടെമേൽ ക്രൂരമായി ‘വാഴ്‌ച നടത്താൻ’ തുടങ്ങി.—റോമ. 5:12; 6:12.

5 എന്താണ്‌ പാപം? യഹോവയുടെ വ്യക്തിത്വത്തിനും രീതികൾക്കും നിലവാരങ്ങൾക്കും ഹിതത്തിനും എതിരായതെന്തും പാപമാണ്‌. അത്‌ ദൈവവുമായുള്ള ഒരു വ്യക്തിയുടെ ബന്ധത്തെ താറുമാറാക്കും. ഒരു അമ്പെയ്‌ത്തുകാരന്റെ അമ്പ്‌ ഏതെങ്കിലും കാരണത്താൽ ലക്ഷ്യം പിഴയ്‌ക്കുന്നതുപോലെ ദൈവതേജസ്സ്‌ പ്രതിഫലിപ്പിക്കുകയെന്ന നമ്മുടെ ലക്ഷ്യം പിഴയ്‌ക്കാൻ പാപം കാരണമാകുന്നു. മനഃപൂർവമായും അല്ലാതെയും നാം പാപം ചെയ്‌തേക്കാം. (സംഖ്യാ. 15:27-31) പാപം മനുഷ്യരിൽ രൂഢമൂലമാണ്‌. സ്രഷ്ടാവുമായുള്ള അവരുടെ ബന്ധത്തിന്‌ അത്‌ തടസ്സം സൃഷ്ടിക്കുന്നു. (സങ്കീ. 51:5; യെശ. 59:2; കൊലോ. 1:21) അതുകൊണ്ട്‌ മനുഷ്യവർഗം പൊതുവിൽ യഹോവയുടെ വഴികളിൽനിന്ന്‌ കാതങ്ങൾ അകലെയാണ്‌; ദൈവതേജസ്സ്‌ പ്രതിഫലിപ്പിക്കുകയെന്ന അതുല്യപദവി അവർക്ക്‌ അന്യമായിരിക്കുന്നു. മനുഷ്യവർഗത്തെ വലയ്‌ക്കുന്ന ഏറ്റവും കടുത്ത വൈകല്യമാണ്‌ പാപം എന്നതിന്‌ രണ്ടുപക്ഷമില്ല.

6. പാപികളാണെങ്കിലും നമുക്ക്‌ ദൈവതേജസ്സ്‌ പ്രതിഫലിപ്പിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

6 പാപികളായി ജനിച്ച നമ്മെ “പ്രത്യാശ നൽകുന്ന ദൈവ”മായ യഹോവ കൈയൊഴിഞ്ഞില്ല. (റോമ. 15:13) പാപത്തെ തുടച്ചുമാറ്റാൻ അവൻ ചെയ്‌ത ക്രമീകരണമാണ്‌ യേശുക്രിസ്‌തുവിന്റെ മറുവിലയാഗം. ആ യാഗത്തിൽ വിശ്വാസം അർപ്പിക്കുന്ന നാം മേലാൽ ‘പാപത്തിന്‌ അടിമകളല്ല.’ ആയതിനാൽ നമുക്ക്‌ യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കാനും അവന്റെ സുഹൃത്തുക്കളായിരിക്കാനും സാധിക്കും. (റോമ. 5:19; 6:6; യോഹ. 3:16) ദൈവവുമായുള്ള ആ ഉറ്റബന്ധം കാത്തുസൂക്ഷിക്കുന്നെങ്കിൽ, ഇപ്പോൾത്തന്നെ യഹോവ നമ്മെ അനുഗ്രഹിക്കും; ഭാവിയിൽ പൂർണതയും നിത്യജീവനും ആസ്വദിക്കാനും നമുക്കാകും. നാം ഇപ്പോഴും പാപികളാണെങ്കിലും തന്റെ തേജസ്സ്‌ പ്രതിഫലിപ്പിക്കാൻ കഴിയുന്നവരായി ദൈവം നമ്മെ വീക്ഷിക്കുന്നു. എത്ര വലിയൊരു ബഹുമതിയാണ്‌ അത്‌!

ദൈവതേജസ്സ്‌ പ്രതിഫലിപ്പിക്കുക

7. യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കാൻ കഴിയണമെങ്കിൽ നാം എന്ത്‌ അംഗീകരിക്കണം?

7 ദൈവതേജസ്സ്‌ പ്രതിഫലിപ്പിക്കാൻ കഴിയണമെങ്കിൽ നാം നമ്മുടെ പാപാവസ്ഥ മനസ്സോടെ സമ്മതിക്കണം. (2 ദിന. 6:36) നമുക്കുള്ള പാപപൂർണമായ ചായ്‌വുകൾ നാം അംഗീകരിക്കുകയും അവയെ നിയന്ത്രിക്കാൻ പരിശ്രമിക്കുകയും ചെയ്‌തെങ്കിലേ ദൈവതേജസ്സ്‌ പ്രതിഫലിപ്പിക്കാൻ നമുക്കാകൂ. ഉദാഹരണത്തിന്‌, അശ്ലീലം വീക്ഷിക്കുകയെന്ന കെണിയിൽ അകപ്പെട്ട്‌ നാം പാപം ചെയ്യുന്നെങ്കിൽ നമുക്ക്‌ ആത്മീയ സഹായം ആവശ്യമാണെന്ന വസ്‌തുത അംഗീകരിക്കുകയും അതു ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കുകയും വേണം. (യാക്കോ. 5:14, 15) പൂർണമായും ദൈവത്തിനു മഹത്ത്വം കരേറ്റുന്ന ജീവിതത്തിലേക്കുള്ള ആദ്യചവിട്ടുപടിയാണ്‌ അത്‌. യഹോവയുടെ ആരാധകരായ നാം അവന്റെ നീതിയുള്ള നിലവാരങ്ങൾക്കൊപ്പം എത്തുന്നുണ്ടോ എന്ന്‌ അറിയാൻ തുടർച്ചയായി ആത്മപരിശോധന നടത്തേണ്ടതുണ്ട്‌. (സദൃ. 28:18; 1 കൊരി. 10:12) നമ്മുടെ പാപപൂർണമായ ചായ്‌വുകൾ എന്തുമായിക്കൊള്ളട്ടെ, അവയ്‌ക്ക്‌ എതിരെയുള്ള പോരാട്ടം തുടരുന്നെങ്കിൽ നമുക്ക്‌ യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കാനാകും.

8. പൂർണരല്ലെങ്കിലും നാം എന്തു ചെയ്യേണ്ടതാണ്‌?

8 ദൈവത്തിന്റെ തേജസ്സ്‌ തികവാർന്ന വിധത്തിൽ പ്രതിഫലിപ്പിക്കുകയും അവനെ എല്ലാവിധത്തിലും പ്രസാദിപ്പിക്കുകയും ചെയ്‌ത ഒരേയൊരു മനുഷ്യനേ ഇന്നേവരെ ജീവിച്ചിരുന്നിട്ടുള്ളൂ, അത്‌ യേശുവാണ്‌. നാം അവനെപ്പോലെ പൂർണരല്ലെങ്കിലും അവന്റെ മാതൃക അനുകരിക്കാൻ നമുക്കു കഴിയും, നാം അതിന്‌ പരിശ്രമിക്കേണ്ടതുമാണ്‌. (1 പത്രോ. 2:21) നമ്മുടെ പരിശ്രമവും പുരോഗതിയും നിരീക്ഷിക്കുന്ന യഹോവ, തന്നെ മഹത്ത്വപ്പെടുത്താൻ നാം ചെയ്യുന്ന ആത്മാർഥശ്രമത്തെ അനുഗ്രഹിക്കുന്നു.

9. ദൈവത്തിന്റെ നിലവാരങ്ങൾക്കൊത്ത്‌ ഉയരാൻ ആഗ്രഹിക്കുന്ന ഒരു ക്രിസ്‌ത്യാനിയെ ബൈബിളിന്‌ എങ്ങനെ സഹായിക്കാനാകും?

9 ദൈവതേജസ്സ്‌ കൂടുതൽ നന്നായി പ്രതിഫലിപ്പിക്കാൻ നാം എന്തു ചെയ്യണമെന്നു കാണിച്ചുതരാൻ ബൈബിളിനാകും. അതിനു നാം തിരുവെഴുത്തുകൾ ഗഹനമായി പഠിക്കുകയും ധ്യാനനിരതമായി അത്‌ വായിക്കുകയും വേണം. (സങ്കീ. 1:1-3) ദിവസേന ബൈബിൾ വായിക്കുമ്പോൾ, നാം മെച്ചപ്പെടേണ്ട മേഖലകൾ തിരിച്ചറിയാനും പുരോഗതി വരുത്താനും നമുക്കു കഴിയും. (യാക്കോബ്‌ 1:22-25 വായിക്കുക.) തിരുവെഴുത്തുപരിജ്ഞാനം നമ്മുടെ വിശ്വാസം കരുത്തുറ്റതാക്കും. ഗുരുതരമായ പാപങ്ങൾ ഒഴിവാക്കാനും യഹോവയെ പ്രസാദിപ്പിക്കാനും ഉള്ള നമ്മുടെ ദൃഢനിശ്ചയത്തെ ബലിഷ്‌ഠമാക്കാനും ആ പരിജ്ഞാനത്തിനാകും.—സങ്കീ. 119:11, 47, 48.

10. യഹോവയെ മെച്ചമായി സേവിക്കാൻ പ്രാർഥന നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

10 യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കാൻ നാം “പ്രാർഥനയിൽ ഉറ്റിരിക്കു”കയും വേണം. (റോമ. 12:12) സ്വീകാര്യമായ വിധത്തിൽ ദൈവത്തെ സേവിക്കാനുള്ള സഹായത്തിനായി നാം പ്രാർഥിക്കേണ്ടതുണ്ട്‌. പരിശുദ്ധാത്മാവിനും കൂടുതൽ വിശ്വാസത്തിനും പ്രലോഭനം ചെറുക്കാനുള്ള കരുത്തിനും “സത്യവചനത്തെ ശരിയാംവണ്ണം കൈകാര്യം” ചെയ്യാനുള്ള പ്രാപ്‌തിക്കും വേണ്ടി യഹോവയോടു യാചിക്കാവുന്നതാണ്‌. (2 തിമൊ. 2:15; മത്താ. 6:13; ലൂക്കോ. 11:13; 17:5) ഒരു കുട്ടി തന്റെ പിതാവിൽ ആശ്രയിക്കുന്നതുപോലെ, നാം നമ്മുടെ സ്വർഗീയ പിതാവായ യഹോവയിൽ ആശ്രയിക്കണം. ദൈവത്തെ കൂടുതൽ നന്നായി സേവിക്കാൻ വേണ്ട സഹായത്തിനായി യാചിച്ചാൽ അവൻ അതു നൽകുമെന്ന കാര്യം ഉറപ്പാണ്‌. നമ്മുടെ പ്രാർഥനകൾ അവനൊരു ശല്യമാകുമെന്ന്‌ ഒരിക്കലും ചിന്തിക്കരുത്‌! പകരം പ്രാർഥനയിൽ നമുക്ക്‌ അവനെ സ്‌തുതിക്കാം, അവനു നന്ദി നൽകാം, അവന്റെ വിശുദ്ധ നാമത്തിനു മഹത്ത്വം കരേറ്റുന്ന വിധത്തിൽ അവനെ സേവിക്കാൻ സഹായം അഭ്യർഥിക്കാം, അവന്റെ മാർഗനിർദേശത്തിനായി യാചിക്കാം—വിശേഷിച്ച്‌ പരിശോധനകൾ ഉണ്ടാകുമ്പോൾ.—സങ്കീ. 86:12; യാക്കോ. 1:5-7.

11. യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കാൻ ക്രിസ്‌തീയ യോഗങ്ങൾ സഹായിക്കുന്നത്‌ എങ്ങനെ?

11 തന്റെ എല്ലാമെല്ലാമായ ആടുകളെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം ദൈവം “വിശ്വസ്‌തനും വിവേകിയുമായ അടിമ”യ്‌ക്ക്‌ നൽകിയിരിക്കുന്നു. (മത്താ. 24:45-47; സങ്കീ. 100:3) നാം യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കുന്നത്‌ കാണാൻ അടിമവർഗം ആഗ്രഹിക്കുന്നു, അതിനു വേണ്ട സഹായവും അവർ നൽകുന്നുണ്ട്‌. കടയിൽനിന്നു വാങ്ങിയ ഒരു വസ്‌ത്രം തയ്യൽക്കാരൻ നമുക്കു പാകമാകുന്ന തരത്തിൽ ആക്കിത്തരുന്നതുപോലെ ക്രിസ്‌തീയ യോഗങ്ങൾ ക്രിസ്‌തീയ ശുശ്രൂഷകരായ നമ്മുടെ വ്യക്തിത്വം ‘പാകമാക്കിയെടുക്കുന്നു.’ (എബ്രാ. 10:24, 25) യോഗങ്ങൾക്ക്‌ വൈകിയെത്തുന്ന ഒരു ശീലം നമുക്കുണ്ടെങ്കിൽ, യഹോവയുടെ ദാസരുടെ വ്യക്തിത്വം പാകമാക്കിയെടുക്കാൻ തയ്യാറാക്കിയിരിക്കുന്ന വിവരങ്ങളിൽ കുറച്ചെങ്കിലും നമുക്ക്‌ നഷ്ടമാകും. അതുകൊണ്ട്‌ യോഗങ്ങൾ തുടങ്ങുന്നതിനു മുമ്പേ എത്തിച്ചേരുന്നത്‌ നമ്മുടെ പതിവാക്കണം.

നമുക്ക്‌ ദൈവത്തെ അനുകരിക്കാം

12. നമുക്ക്‌ എങ്ങനെ ദൈവത്തെ അനുകരിക്കാം?

12 ദൈവതേജസ്സ്‌ പ്രതിഫലിപ്പിക്കാൻ നമുക്കു കഴിയണമെങ്കിൽ നാം “ദൈവത്തെ അനുകരി”ക്കണം. (എഫെ. 5:1) യഹോവ വീക്ഷിക്കുന്നതുപോലെ കാര്യങ്ങളെ വീക്ഷിക്കാൻ പഠിക്കുക എന്നതാണ്‌ അവനെ അനുകരിക്കാനുള്ള ഒരു മാർഗം. മറ്റേതൊരു വീക്ഷണഗതി കൈക്കൊണ്ടാലും അത്‌ ദൈവത്തോടു കാണിക്കുന്ന അനാദരവായിരിക്കും, നമുക്ക്‌ അത്‌ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ചുറ്റുമുള്ള ലോകം പിശാചായ സാത്താൻ എന്ന ദുഷ്ടന്റെ സ്വാധീനവലയത്തിലായതിനാൽ യഹോവ വെറുക്കുന്ന കാര്യങ്ങളെ വെറുക്കാനും അവൻ സ്‌നേഹിക്കുന്ന കാര്യങ്ങളെ ആഴമായി സ്‌നേഹിക്കാനും നാം കഠിനശ്രമം ചെയ്യേണ്ടതുണ്ട്‌. (സങ്കീ. 97:10; 1 യോഹ. 5:19) സകലവും ദൈവത്തിന്റെ മഹത്ത്വത്തിനായി ചെയ്യുന്നതാണ്‌ ശരിയായ വിധത്തിൽ ദൈവത്തെ സേവിക്കാനുള്ള ഏകമാർഗമെന്ന്‌ നമുക്ക്‌ തികഞ്ഞ ബോധ്യമുണ്ടായിരിക്കണം.—1 കൊരിന്ത്യർ 10:31 വായിക്കുക.

13. നാം പാപത്തെ വെറുക്കേണ്ടത്‌ എന്തുകൊണ്ട്‌, പാപത്തെ വെറുക്കുന്നെങ്കിൽ നാം എന്തു ചെയ്യും?

13 യഹോവ പാപത്തെ വെറുക്കുന്നു, നമ്മളും അങ്ങനെതന്നെയായിരിക്കണം. നാം തെറ്റിൽനിന്ന്‌ ഓടിയകലുകയാണ്‌ വേണ്ടത്‌, അല്ലാതെ അപകടം പിണയാതെ എത്രത്തോളം അടുത്തു ചെല്ലാമെന്ന്‌ പരീക്ഷിക്കുകയല്ല. ഉദാഹരണത്തിന്‌, ദൈവതേജസ്സ്‌ പ്രതിഫലിപ്പിക്കുന്നതിനു തടസ്സമാകുന്ന വിശ്വാസത്യാഗമെന്ന പാപത്തിന്റെ പിടിയിലാകാതിരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കണം. (ആവ. 13:6-9) അതുകൊണ്ട്‌, വിശ്വാസത്യാഗികളെയും സഹോദരന്മാരെന്ന്‌ അവകാശപ്പെടുമ്പോൾത്തന്നെ ദൈവത്തിനു നിന്ദ വരുത്തുന്നവരെയും നാം പൂർണമായും അകറ്റിനിറുത്തണം, അവർ നമ്മുടെ കുടുംബാംഗങ്ങളാണെങ്കിലും. (1 കൊരി. 5:11) വിശ്വാസത്യാഗികളോ യഹോവയുടെ സംഘടനയെ വിമർശിക്കുന്നവരോ കൊണ്ടുവരുന്ന ആരോപണങ്ങളെ ഖണ്ഡിക്കാൻ ശ്രമിക്കുന്നത്‌ നമുക്ക്‌ യാതൊരു പ്രയോജനവും ചെയ്യില്ല. പുസ്‌തകങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും മറ്റും പ്രചരിക്കുന്ന അവരുടെ ആശയങ്ങൾ അറിയാൻ ശ്രമിക്കുന്നത്‌ ഉചിതമല്ലെന്നു മാത്രമല്ല അത്‌ നമ്മെ ആത്മീയമായി അപകടപ്പെടുത്തുകയും ചെയ്യും.—യെശയ്യാവു 5:20; മത്തായി 7:6 വായിക്കുക.

14. ദൈവതേജസ്സ്‌ പ്രതിഫലിപ്പിക്കാനുള്ള ഒരു പ്രധാനമാർഗം ഏതാണ്‌, എന്തുകൊണ്ട്‌?

14 സ്‌നേഹമുള്ളവരായിരിക്കുക എന്നതാണ്‌ നമ്മുടെ സ്വർഗീയ പിതാവിനെ അനുകരിക്കാനുള്ള ഒരു പ്രധാനമാർഗം. (1 യോഹ. 4:16-19) വാസ്‌തവത്തിൽ, നാം യേശുവിന്റെ ശിഷ്യന്മാരും യഹോവയുടെ ദാസന്മാരും ആണെന്നതിന്റെ തെളിവാണ്‌ നമുക്കിടയിലുള്ള സ്‌നേഹം. (യോഹ. 13:34, 35) സ്‌നേഹം പ്രകടിപ്പിക്കുന്നതിന്‌, നമ്മുടെ ഉള്ളിലെ പാപപ്രവണത ചിലപ്പോഴൊക്കെ തടസ്സംനിന്നേക്കാമെങ്കിലും അതിനെ വകഞ്ഞുമാറ്റി സദാ സ്‌നേഹമുള്ളവരായിരിക്കാൻ നാം ശ്രമിക്കേണ്ടതാണ്‌. സ്‌നേഹവും മറ്റു ദൈവിക ഗുണങ്ങളും വളർത്തിയെടുക്കുന്നത്‌ പാപപ്രവൃത്തികളും നിർദയമായ ചെയ്‌തികളും ഒഴിവാക്കാൻ നമ്മെ സഹായിക്കും.—2 പത്രോ. 1:5-7.

15. മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തെ സ്‌നേഹം എപ്രകാരം സ്വാധീനിക്കും?

15 മറ്റുള്ളവർക്ക്‌ നല്ലതു ചെയ്യാൻ സ്‌നേഹം നമ്മെ പ്രചോദിപ്പിക്കുന്നു. (റോമ. 13:8-10) ഉദാഹരണത്തിന്‌, ഇണയോടുള്ള സ്‌നേഹം ദാമ്പത്യത്തിൽ വിശ്വസ്‌തരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കും. മൂപ്പന്മാരോടുള്ള സ്‌നേഹവും അവർ ചെയ്യുന്ന വേലയോടുള്ള ആദരവും അവർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും അവർക്കു കീഴ്‌പെട്ടിരിക്കാനും നമ്മെ സഹായിക്കും. മാതാപിതാക്കളെ സ്‌നേഹിക്കുന്ന മക്കൾ അവരെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്നു മാത്രമല്ല അവരെക്കുറിച്ച്‌ മോശമായി സംസാരിക്കുകയുമില്ല. സഹമനുഷ്യരെ നാം സ്‌നേഹിക്കുന്നെങ്കിലോ? നമ്മെക്കാൾ താഴ്‌ന്നവരായി അവരെ കാണുന്നതും അവരോട്‌ ആദരവില്ലാതെ സംസാരിക്കുന്നതും നാം ഒഴിവാക്കും. (യാക്കോ. 3:9) ദൈവത്തിന്റെ ആടുകളെ സ്‌നേഹിക്കുന്ന മൂപ്പന്മാരാകട്ടെ, ആർദ്രതയോടെയായിരിക്കും അവരെ പരിപാലിക്കുന്നത്‌.—പ്രവൃ. 20:28, 29.

16. സ്‌നേഹം ശുശ്രൂഷയിൽ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

16 നമ്മുടെ ശുശ്രൂഷയിലും സ്‌നേഹമെന്ന ഗുണം മുന്തിനിൽക്കണം. ചില വ്യക്തികളുടെ താത്‌പര്യക്കുറവോ ശ്രദ്ധിക്കാനുള്ള വിമുഖതയോ നിമിത്തം മടുത്തുപോകാതെ, പ്രസംഗവേലയിൽ തുടരാൻ യഹോവയോടുള്ള അഗാധമായ സ്‌നേഹം നമ്മെ സഹായിക്കും. ശുശ്രൂഷയ്‌ക്കായി നന്നായി തയ്യാറാകാനും ഫലപ്രദമായി അതു നിർവഹിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്‌ സ്‌നേഹമാണ്‌. ദൈവത്തെയും നമ്മുടെ അയൽക്കാരെയും യഥാർഥത്തിൽ സ്‌നേഹിക്കുന്നപക്ഷം രാജ്യപ്രസംഗവേലയെ ഒരു ജോലിയായോ കടമയായോ നാം ഒരിക്കലും വീക്ഷിക്കില്ല; അതിനെ ഒരു വലിയ പദവിയായി കണ്ട്‌ സന്തോഷത്തോടെ നാം ആ വേല നിർവഹിക്കും.—മത്താ. 10:7.

യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കുന്നതിൽ തുടരുക

17. ദൈവതേജസ്സ്‌ പ്രതിഫലിപ്പിക്കുന്നതിന്‌ പാപം ഒരു തടസ്സമാണെന്ന തിരിച്ചറിവ്‌ നമുക്ക്‌ എങ്ങനെ ഗുണം ചെയ്യും?

17 പൊതുവെ ഇന്നത്തെ ലോകം പാപത്തിന്റെ ഗൗരവം തിരിച്ചറിയുന്നില്ലെങ്കിലും നാം തിരിച്ചറിയുന്നുണ്ട്‌. അതുകൊണ്ടുതന്നെ നമ്മുടെ പാപപ്രവണതകൾക്കെതിരെ പോരാടേണ്ടതാണെന്ന്‌ നമുക്ക്‌ അറിയാം. നമ്മുടെ മനസ്സാക്ഷിയെ പരിശീലിപ്പിക്കാൻ അതു നമ്മെ പ്രേരിപ്പിക്കും. പാപം ചെയ്യാനുള്ള ചിന്ത മനസ്സിലോ ഹൃദയത്തിലോ മുളപൊട്ടുമ്പോൾത്തന്നെ അത്‌ പിഴുതുമാറ്റാൻ അത്തരം ഒരു മനസ്സാക്ഷി നമ്മെ പ്രചോദിപ്പിക്കും. (റോമ. 7:22, 23) നാം ബലഹീനരാണെന്നത്‌ ശരിതന്നെ. എന്നാൽ ഏതു സാഹചര്യത്തിലും ശരിയായത്‌ ചെയ്യാൻ വേണ്ട കരുത്തുപകരാൻ ദൈവത്തിനാകും.—2 കൊരി. 12:10.

18, 19. (എ) ദുഷ്ടാത്മസേനകൾക്ക്‌ എതിരെയുള്ള പോരാട്ടത്തിൽ വിജയിക്കാൻ നമ്മെ എന്തു സജ്ജരാക്കും? (ബി) എന്തായിരിക്കണം നമ്മുടെ ദൃഢതീരുമാനം?

18 യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കാൻ കഴിയണമെങ്കിൽ ദുഷ്ടാത്മസേനകൾക്ക്‌ എതിരെയും നാം പോരാടണം. ആ പോരാട്ടത്തിൽ വിജയിക്കാൻ ദൈവത്തിൽനിന്നുള്ള ആത്മീയ ആയുധവർഗം നമ്മെ സഹായിക്കും. (എഫെ. 6:11-13) യഹോവയ്‌ക്കു മാത്രം അർഹതപ്പെട്ട മഹത്ത്വം തട്ടിയെടുക്കാൻ സാത്താൻ സദാ പരിശ്രമിക്കുകയാണ്‌. യഹോവയുമായി നമുക്കുള്ള ബന്ധം തകർക്കാനും അവൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, നാം ഉൾപ്പെടെ അപൂർണരായ ലക്ഷോപലക്ഷം പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും ഇന്ന്‌ ദൈവത്തിന്റെ തേജസ്സ്‌ പ്രതിഫലിപ്പിച്ചുകൊണ്ട്‌ അവനു മഹത്ത്വം കരേറ്റുന്നുണ്ട്‌. അവരുടെ വിശ്വസ്‌തഗതി സാത്താന്‌ വലിയൊരു തിരിച്ചടിതന്നെയാണ്‌! അതുകൊണ്ട്‌, “ഞങ്ങളുടെ ദൈവമായ യഹോവേ, നീ സകലവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഹിതപ്രകാരം ഉളവായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊള്ളുവാൻ നീ യോഗ്യൻ” എന്നു പാടിയ സ്വർഗീയ ജീവികളെപ്പോലെ നമുക്കും യഹോവയെ സ്‌തുതിക്കുന്നതിൽ തുടരാം.—വെളി. 4:11.

19 എന്തുവന്നാലും യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കുക എന്നതായിരിക്കട്ടെ നമ്മുടെ ദൃഢതീരുമാനം. തന്നെ അനുകരിക്കാനും തന്റെ തേജസ്സ്‌ പ്രതിഫലിപ്പിക്കാനും വിശ്വസ്‌തരായ അനേകർ തങ്ങളാലാകുന്നതെല്ലാം ചെയ്യുന്നതു കാണുമ്പോൾ യഹോവയുടെ ഹൃദയം സന്തോഷിക്കുന്നുണ്ടാവും, തീർച്ച. (സദൃ. 27:11) “എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണ ഹൃദയത്തോടെ നിന്നെ സ്‌തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും” എന്നു പാടിയ ദാവീദിന്റെ വികാരമായിരിക്കട്ടെ നമ്മുടേതും. (സങ്കീ. 86:12) യഹോവയുടെ തേജസ്സ്‌ തികവാർന്ന വിധത്തിൽ പ്രതിഫലിപ്പിക്കാനും അവനെ എന്നേക്കും സ്‌തുതിക്കാനും കഴിയുന്ന ആ നല്ല നാളിനായി നാം എത്ര ആകാംക്ഷയോടെയാണ്‌ കാത്തിരിക്കുന്നത്‌! അനുസരണമുള്ള മനുഷ്യർ അതിന്റെ സന്തോഷം അനുഭവിച്ചറിയും. സകല നിത്യതയിലും യഹോവയാംദൈവത്തിന്റെ തേജസ്സ്‌ പ്രതിഫലിപ്പിക്കാൻ കഴിയേണ്ടതിന്‌ നിങ്ങൾ ഇപ്പോൾ അതു പ്രതിഫലിപ്പിക്കുന്നുണ്ടോ?

[അധ്യയന ചോദ്യങ്ങൾ]

[27-ാം പേജിലെ ചിത്രങ്ങൾ]

ഈ വിധങ്ങളിലെല്ലാം നിങ്ങൾ യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കുന്നുണ്ടോ?