വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുതിർന്നവരുടെ ജ്ഞാനം എനിക്ക്‌ വഴികാട്ടിയായി

മുതിർന്നവരുടെ ജ്ഞാനം എനിക്ക്‌ വഴികാട്ടിയായി

ജീവിതകഥ

മുതിർന്നവരുടെ ജ്ഞാനം എനിക്ക്‌ വഴികാട്ടിയായി

എൽവ ജെർഡി പറഞ്ഞപ്രകാരം

ഏകദേശം 70 വർഷം മുമ്പ്‌, ഞങ്ങളുടെ വീട്ടിലെത്തിയ ഒരു വ്യക്തി പറഞ്ഞ ഒരു കാര്യം എന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. അന്നുമുതൽ ഇന്നോളം എന്നെ സ്വാധീനിച്ച പലരുമുണ്ട്‌. മറ്റെന്തിനെക്കാളും ഞാൻ പ്രിയപ്പെടുന്ന ഒരു സുഹൃദ്‌ബന്ധം വളർത്തിയെടുക്കാൻ ഇവരെല്ലാം എന്നെ സഹായിച്ചിരിക്കുന്നു. എങ്ങനെയെന്നു ഞാൻ പറയാം.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ്‌ ഞാൻ ജനിച്ചത്‌, 1932-ൽ. പള്ളിയുമായി വലിയ ബന്ധമൊന്നും ഇല്ലായിരുന്നെങ്കിലും ദൈവവിശ്വാസികളായിരുന്നു എന്റെ മാതാപിതാക്കൾ. ദൈവം എല്ലാം കാണുന്നുണ്ടെന്നും ഞാൻ വികൃതി കാണിച്ചാൽ ദൈവം ശിക്ഷിക്കുമെന്നും അമ്മ എപ്പോഴും പറയും. അതു കാരണം എനിക്ക്‌ ദൈവത്തെ പേടിയായിരുന്നു. എങ്കിലും ബൈബിൾ വായിക്കാൻ എനിക്ക്‌ ഇഷ്ടമായിരുന്നു. വാരാന്തങ്ങളിൽ എന്റെ ആന്റി ഞങ്ങളുടെ വീട്ടിൽ വരും; നല്ലനല്ല ബൈബിൾക്കഥകൾ പറഞ്ഞുതരും. അതുകൊണ്ടുതന്നെ, വാരാന്തമാകാൻ ഞാൻ കാത്തിരിക്കും.

ഞാൻ കൗമാരത്തിലായിരുന്നപ്പോൾ ഒരു ദിവസം യഹോവയുടെ സാക്ഷികളിൽപ്പെട്ട പ്രായമുള്ള ഒരു സ്‌ത്രീ, കുറെ പുസ്‌തകങ്ങൾ അമ്മയ്‌ക്കു കൊടുത്തു. ഡാഡി അവ വായിക്കാനിടയായി. അതിലെ വിവരങ്ങൾ അദ്ദേഹത്തിന്‌ ഒരുപാട്‌ ഇഷ്ടമായി. അങ്ങനെ, സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഒരു രാത്രി, വീട്ടിൽവെച്ച്‌ ഡാഡി ഒരു സാക്ഷിയോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ എല്ലാം ഒളിഞ്ഞുനിന്നു കേൾക്കുകയാണെന്ന്‌ മനസ്സിലാക്കിയപ്പോൾ അദ്ദേഹം എന്നോട്‌, പോയി കിടന്നുറങ്ങാൻ ആവശ്യപ്പെട്ടു. പക്ഷേ അധ്യയനം നടത്തിക്കൊണ്ടിരുന്ന വ്യക്തി പറഞ്ഞു: “എൽവയ്‌ക്ക്‌ ഇഷ്ടമാണെങ്കിൽ അവളും ഇരുന്നോട്ടെ.” ആ നിർദേശം എന്റെ ജീവിതത്തിലെ വഴിത്തിരിവായി. അങ്ങനെയാണ്‌ ഞാൻ സത്യദൈവമായ യഹോവയെ അറിയുന്നതും അവനോട്‌ അടുക്കുന്നതും.

അധികം വൈകാതെ ഞാനും ഡാഡിയും ക്രിസ്‌തീയയോഗങ്ങളിൽ സംബന്ധിക്കാൻതുടങ്ങി. പഠിച്ച കാര്യങ്ങൾ ഡാഡി ജീവിതത്തിൽ പ്രാവർത്തികമാക്കി. പെട്ടെന്നു ദേഷ്യപ്പെടുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്‌. അതിനും മാറ്റം വന്നു. ഡാഡിയിലുണ്ടായ മാറ്റങ്ങൾ കണ്ട്‌ മമ്മിയും എന്റെ മൂത്ത സഹോദരൻ ഫ്രാങ്കും ഞങ്ങളോടൊപ്പം യോഗങ്ങൾക്കു വരാൻതുടങ്ങി. a താമസിയാതെ ഞങ്ങൾ നാലുപേരും സ്‌നാനമേറ്റ്‌ യഹോവയുടെ സാക്ഷികൾ ആയിത്തീർന്നു. അന്നുമുതൽ, മുതിർന്ന പലരും ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും എന്നെ ക്രിയാത്മകമായി സ്വാധീനിച്ചിട്ടുണ്ട്‌.

ഒരു വലിയ തീരുമാനം

കൗമാരത്തിലായിരിക്കെ സഭയിലുള്ള മുതിർന്ന പലരുമായും ഞാൻ ചങ്ങാത്തത്തിലായി. അല്ലസ്‌ പ്ലേസ്‌ ആയിരുന്നു അതിലൊരാൾ. ആദ്യമായി ഞങ്ങളുടെ വീട്ടിൽ വന്ന്‌ സാക്ഷ്യം നൽകിയത്‌ ഈ സഹോദരിയാണ്‌. മുത്തശ്ശിയെപ്പോലെയായിരുന്നു അവർ എനിക്ക്‌. ശുശ്രൂഷയിൽ ആവശ്യമായ പരിശീലനം തന്നതും സ്‌നാനമേൽക്കുകയെന്ന പടിയിലേക്കു പുരോഗമിക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചതുമെല്ലാം അവരായിരുന്നു. അങ്ങനെ 15-ാം വയസ്സിൽ ഞാൻ സ്‌നാനമേറ്റു.

പേഴ്‌സി ഡന്നമും ഭാര്യ മാർഗരറ്റുമായിരുന്നു എന്റെ മറ്റ്‌ രണ്ടുസുഹൃത്തുക്കൾ. പ്രായമുള്ള ആ ദമ്പതികളുമായുള്ള സഹവാസം എന്റെ ജീവിതത്തെ വളരെ സ്വാധീനിച്ചു. എങ്ങനെയെന്നല്ലേ? എന്റെ ഇഷ്ടവിഷയമായിരുന്നു ഗണിതശാസ്‌ത്രം. ഒരു കണക്ക്‌ ടീച്ചറാകുക എന്നത്‌ എന്റെ സ്വപ്‌നമായിരുന്നു. 1930-കളിൽ ലാറ്റ്‌വിയയിൽ മിഷനറിമാരായി സേവിച്ചിരുന്നവരാണ്‌ പേഴ്‌സിയും മാർഗരറ്റും. യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, സിഡ്‌നിയുടെ പ്രാന്തപ്രദേശത്തുള്ള ഓസ്‌ട്രേലിയൻ ബെഥേലിൽ സേവിക്കാൻ അവർക്കു ക്ഷണം ലഭിച്ചു. എന്നെ വലിയ കാര്യമായിരുന്നു അവർക്ക്‌. മിഷനറിവേലയിൽ ആസ്വദിച്ച സന്തോഷത്തെക്കുറിച്ച്‌ അവർ കൂടെക്കൂടെ എന്നോടു പറയുമായിരുന്നു. ‘കണക്ക്‌ പഠിപ്പിക്കുന്നതിനെക്കാൾ എത്രയോ ഉത്‌കൃഷ്ടമായ കാര്യമാണ്‌ മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കുന്നത്‌!’ ഞാൻ ചിന്തിച്ചു. അങ്ങനെ, ഒരു മിഷനറിയാകാൻ ഞാൻ തീരുമാനിച്ചു.

മിഷനറിസേവനത്തിലേക്കു പ്രവേശിക്കാനുള്ള ഏറ്റവും നല്ല മാർഗം പയനിയറിങ്‌ ആണെന്ന്‌ അവർ എന്നോടു പറഞ്ഞു. 1948-ൽ, എന്റെ 16-ാം വയസ്സിൽ ഞാൻ പയനിയറിങ്‌ തുടങ്ങി. അങ്ങനെ, സിഡ്‌നിയിലെ ഹർസ്റ്റ്‌വില്ലിൽ (എന്റെ മാതൃസഭയിൽ) പയനിയറിങ്‌ ചെയ്‌തുകൊണ്ടിരുന്ന പത്തു യുവസാക്ഷികളോടൊപ്പം ഞാനും ചേർന്നു.

പിന്നീടുള്ള നാലുവർഷം, ന്യൂസൗത്ത്‌ വെയ്‌ൽസിലും ക്വീൻസ്‌ലാൻഡിലും ഉള്ള നാലുപട്ടണങ്ങളിൽക്കൂടെ പയനിയറിങ്‌ നടത്താൻ എനിക്കു കഴിഞ്ഞു. എന്റെ ആദ്യത്തെ ബൈബിൾ വിദ്യാർഥികളിൽ ഒരാളായിരുന്നു ബെറ്റി ലോ (ഇപ്പോൾ ബെറ്റി റെംനന്റ്‌). അവൾ എന്നെക്കാൾ രണ്ടുവയസ്സു മൂത്തതായിരുന്നു. മറ്റുള്ളവരോട്‌ പരിഗണനയോടെ ഇടപെടുന്ന പ്രകൃതമായിരുന്നു ബെറ്റിയുടേത്‌. പിന്നീട്‌ അവൾ എന്റെ പയനിയർ പങ്കാളിയായി. സിഡ്‌നിക്ക്‌ 230 കിലോമീറ്റർ പടിഞ്ഞാറുള്ള കൗറ പട്ടണത്തിലാണ്‌ ഞങ്ങൾ പയനിയറിങ്‌ ചെയ്‌തത്‌. കുറച്ചു നാളുകൾ മാത്രമേ ഒരുമിച്ചുണ്ടായിരുന്നുള്ളുവെങ്കിലും ഞങ്ങൾ ഇന്നും സുഹൃത്തുക്കളാണ്‌.

പിന്നീട്‌ എനിക്ക്‌ കൗറയിൽനിന്ന്‌ 220 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള നരാൻഡ്രയിൽ പ്രത്യേകപയനിയറായി നിയമനം ലഭിച്ചു. എന്നെക്കാൾ രണ്ടുവയസ്സു മൂത്ത ജോയ്‌ ലെന്നോക്‌സ്‌ (ഇപ്പോൾ ജോയ്‌ ഹണ്ടർ) ആയിരുന്നു പയനിയർ പങ്കാളി. തീക്ഷ്‌ണതയുള്ള ഒരു പയനിയറായിരുന്നു അവൾ. ആ പട്ടണത്തിൽ സാക്ഷികളായി ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിഥിപ്രിയരായ റേ അയേൺസിന്റെയും ഭാര്യ എസ്ഥേറിന്റെയും വീട്ടിലാണ്‌ ഞങ്ങൾ വാടകയ്‌ക്കു താമസിച്ചിരുന്നത്‌. അവർക്ക്‌ നാലുമക്കളായിരുന്നു, ഒരാണും മൂന്നുപെണ്ണും. മുഴുകുടുംബത്തിനും ബൈബിൾവിഷയങ്ങളിൽ താത്‌പര്യമുണ്ടായിരുന്നു. റേയും മകനും പട്ടണത്തിനു വെളിയിലുള്ള ഒരു ഫാമിലാണ്‌ (അവിടെ ആടുവളർത്തലും ഗോതമ്പ്‌ കൃഷിയുമായിരുന്നു.) ജോലി ചെയ്‌തിരുന്നത്‌. അവർക്ക്‌ ഒരു ലോഡ്‌ജ്‌ ഉണ്ടായിരുന്നു. എസ്ഥേറും പെൺമക്കളുമാണ്‌ അത്‌ നോക്കിനടത്തിയിരുന്നത്‌. എല്ലാ ഞായറാഴ്‌ചയും, റേയുടെ കുടുംബത്തിനും അവരുടെ ലോഡ്‌ജിൽ താമസിക്കുന്ന പത്തുപന്ത്രണ്ട്‌ റെയിൽവേ ജോലിക്കാർക്കും അത്താഴം ഒരുക്കിയിരുന്നത്‌ ഞാനും ജോയും ചേർന്നാണ്‌. ഈ സേവനത്തിന്റെ കൂലി ഒഴിച്ചുള്ള തുക ഞങ്ങൾ വാടകയായി കൊടുത്താൽ മതിയായിരുന്നു. ഇതിനുശേഷം സമൃദ്ധമായ ഒരു ആത്മീയസദ്യയും ഞങ്ങൾ റേ കുടുംബത്തിനായി ഒരുക്കുമായിരുന്നു—വാരന്തോറുമുള്ള വീക്ഷാഗോപുരപഠനം. റേയും എസ്ഥേറും അവരുടെ നാലുമക്കളും പിന്നീട്‌ സാക്ഷികളായി. നരാൻഡ്ര സഭയിലെ ആദ്യത്തെ അംഗങ്ങളായിരുന്നു അവർ.

1951-ൽ സിഡ്‌നിയിൽവെച്ചു നടന്ന, യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ ഞാൻ പങ്കെടുത്തു. കൺവെൻഷന്റെ ഭാഗമായി, മിഷനറിസേവനത്തിൽ താത്‌പര്യമുള്ള പയനിയർമാർക്കുവേണ്ടിയുള്ള ഒരു യോഗവുമുണ്ടായിരുന്നു. ഒരു വലിയ കൂടാരത്തിൽവെച്ചായിരുന്നു യോഗം; ഞങ്ങൾ 300-ലധികം പേർ അതിൽ സംബന്ധിച്ചു. കൂട്ടത്തെ അഭിസംബോധനചെയ്‌തു സംസാരിക്കവെ ബ്രുക്ലിൻ ബെഥേലിൽനിന്നുള്ള നേഥൻ നോർ സഹോദരൻ, സുവാർത്ത ഭൂമിയുടെ എല്ലാ കോണിലും എത്തിക്കേണ്ടതിന്റെ അടിയന്തിരതയെക്കുറിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ ഓരോ വാക്കും അതീവ ശ്രദ്ധയോടെയാണ്‌ ഞങ്ങൾ കേട്ടത്‌. അന്ന്‌ ആ യോഗത്തിൽ പങ്കെടുത്ത പലരും പിന്നീട്‌ സൗത്ത്‌ പസിഫിക്കിലും മറ്റു പ്രദേശങ്ങളിലും സുവാർത്ത വ്യാപിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 1952-ൽ, 19-ാമത്തെ ഗിലെയാദ്‌ സ്‌കൂളിലേക്കു തിരഞ്ഞെടുക്കപ്പെട്ട 17 ഓസ്‌ട്രേലിയക്കാരിൽ ഒരാളാകാൻ കഴിഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അങ്ങനെ 20-ാമത്തെ വയസ്സിൽ, മിഷനറിസേവനം എന്ന എന്റെ സ്വപ്‌നം പൂവണിഞ്ഞു.

തിരുത്തലുകൾ ആവശ്യമായി വന്നപ്പോൾ

ഗിലെയാദ്‌ സ്‌കൂളിൽ ലഭിച്ച നിർദേശങ്ങളും അവിടത്തെ സഹവാസവും എന്റെ ബൈബിൾപരിജ്ഞാനം വർധിപ്പിക്കുകയും വിശ്വാസം ശക്തമാക്കുകയും ചെയ്‌തു. അത്‌ എന്റെ വ്യക്തിത്വത്തിലും സാരമായ മാറ്റങ്ങൾ വരുത്തി. ഞാൻ വലിയ ആദർശവാദിയായിരുന്നു. എന്നിൽനിന്നും മറ്റുള്ളവരിൽനിന്നും ഞാൻ പൂർണത പ്രതീക്ഷിച്ചു. പലപ്പോഴും എന്റെ വീക്ഷണങ്ങൾ അതിരുകടന്നതായിരുന്നു. ഒരിക്കൽ, നോർ സഹോദരൻ ബെഥേലിലുള്ള ഒരു കൂട്ടം യുവാക്കളോടൊപ്പം പന്തുകളിക്കുന്നതു കണ്ട്‌ ഞാൻ ഞെട്ടിപ്പോയി!

വർഷങ്ങളുടെ അനുഭവജ്ഞാനമുള്ള ഗിലെയാദിലെ അധ്യാപകർക്ക്‌ എന്റെ പ്രശ്‌നം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. എന്റെ ചിന്താഗതി തിരുത്താൻ അവർതന്നെ മുൻകൈയെടുത്തു. യഹോവ സ്‌നേഹവും വിലമതിപ്പും ഉള്ള ദൈവമാണെന്നും കർക്കശക്കാരനോ പൂർണത പ്രതീക്ഷിക്കുന്നവനോ അല്ലെന്നും ക്രമേണ ഞാൻ മനസ്സിലാക്കി. സ്‌കൂളിൽ എന്നോടൊപ്പമുണ്ടായിരുന്ന ചിലരും എന്നെ സഹായിച്ചു. ഒരിക്കൽ ഒരു സഹോദരി എന്നോടു പറഞ്ഞു: “എൽവാ, കൈയിൽ ഒരു ചാട്ടയും പിടിച്ച്‌ എല്ലാവരെയും ശിക്ഷിക്കാൻ നിൽക്കുന്നവനല്ല യഹോവ. നീ നിന്നോടുതന്നെ ഇത്ര കർക്കശമായി പെരുമാറുന്നത്‌ എന്തിനാണ്‌?” ആ വാക്കുകൾ എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു.

ഗിലെയാദ്‌ പരിശീലനത്തിനു ശേഷം, എന്നെയും മറ്റ്‌ നാലുപേരെയും ആഫ്രിക്കയിലെ നമീബിയയിലേക്കു നിയമിച്ചു. ഞങ്ങളെല്ലാവരുംകൂടെ അവിടെ 80 ബൈബിളധ്യയനങ്ങൾ നടത്തി! ആ രാജ്യവും അവിടത്തെ സേവനവും എനിക്ക്‌ ഒരുപാട്‌ ഇഷ്ടമായെങ്കിലും പെട്ടെന്നുതന്നെ എനിക്ക്‌ അവിടം വിടേണ്ടിവന്നു. കാരണം, ഗിലെയാദിൽ എന്റെ സഹപാഠിയായിരുന്ന ഒരു സഹോദരനുമായി ഞാൻ പ്രണയത്തിലായിരുന്നു. സ്വിറ്റ്‌സർലൻഡിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. അതുകൊണ്ട്‌ ഒരു വർഷം കഴിഞ്ഞ്‌ ഞാനും സ്വിറ്റ്‌സർലൻഡിലേക്കു പോയി. വിവാഹശേഷം ഞങ്ങളൊരുമിച്ച്‌ സർക്കിട്ട്‌ വേലയിൽ ഏർപ്പെട്ടു.

ഒരു വലിയ പ്രതിസന്ധി

അഞ്ചുവർഷം ഞങ്ങൾ സർക്കിട്ട്‌ വേല ആസ്വദിച്ചു. അതിനുശേഷം, സ്വിറ്റ്‌സർലൻഡ്‌ ബെഥേലിൽ സേവിക്കാൻ ഞങ്ങൾക്ക്‌ ക്ഷണം ലഭിച്ചു. ആത്മീയപക്വതയുള്ള, പ്രായമേറിയ സഹോദരീസഹോദരന്മാരോടൊപ്പം ബെഥേലിൽ സേവിക്കാനായതിന്റെ ആഹ്ലാദം പറഞ്ഞറിയിക്കാനാവില്ല.

അധികം വൈകാതെ എന്റെ ജീവിതത്തിൽ വലിയൊരു ദുരന്തമുണ്ടായി. എന്റെ ഭർത്താവ്‌ എന്നോടും യഹോവയോടും അവിശ്വസ്‌തത കാണിച്ചു. അദ്ദേഹം എന്നെ ഉപേക്ഷിച്ചു പോയപ്പോൾ ഞാൻ ശരിക്കും തകർന്നുപോയി! ബെഥേൽ കുടുംബത്തിലെ മുതിർന്ന സുഹൃത്തുക്കളുടെ സ്‌നേഹവും പിന്തുണയുമാണ്‌ ആ പ്രതിസന്ധി തരണംചെയ്യാൻ എന്നെ സഹായിച്ചത്‌. സംസാരിക്കണമെന്ന്‌ തോന്നിയപ്പോൾ എനിക്ക്‌ പറയാനുള്ളതെല്ലാം അവർ ശ്രദ്ധിച്ചു കേട്ടു; ഒറ്റയ്‌ക്കിരിക്കണമെന്നു തോന്നിയപ്പോൾ അതിനും എന്നെ അനുവദിച്ചു. അവരുടെ ആശ്വാസവാക്കുകളും ദയാപ്രവൃത്തികളുമാണ്‌ എന്റെ മനസ്സിനേറ്റ മുറിവുണക്കിയത്‌, യഹോവയോട്‌ കൂടുതൽ അടുക്കാൻ എന്നെ സഹായിച്ചത്‌.

പരിശോധനകളെ വിജയകരമായി നേരിട്ട പക്വമതികളായ വ്യക്തികൾ വർഷങ്ങൾക്കു മുമ്പ്‌ എന്നോടു പറഞ്ഞ വാക്കുകളും എനിക്ക്‌ അപ്പോൾ ആശ്വാസമായി. ഉദാഹരണത്തിന്‌, മാർഗരറ്റ്‌ ഡെന്നം ഒരിക്കൽ എന്നോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “എൽവാ, യഹോവയെ സേവിക്കുന്നതിനിടെ പല പരിശോധനകളും ഉണ്ടാകാം. പക്ഷേ ഏറ്റവും വലിയ പരിശോധന ഉണ്ടാകുന്നത്‌ വേണ്ടപ്പെട്ടവർതന്നെ നമ്മളെ വേദനിപ്പിക്കുമ്പോഴായിരിക്കും. ആ സമയത്ത്‌ യഹോവയോട്‌ പറ്റിനിൽക്കണം. ഒരു കാര്യം ഓർക്കുക, നമ്മൾ യഹോവയെയാണ്‌ സേവിക്കുന്നത്‌, മനുഷ്യരെയല്ല.” എന്റെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങളിൽ എനിക്കു വഴികാട്ടിയത്‌ മാർഗരറ്റിന്റെ ഈ വാക്കുകളാണ്‌. ഭർത്താവിന്റെ തെറ്റ്‌ ഒരിക്കലും യഹോവയിൽനിന്ന്‌ എന്നെ അകറ്റാനുള്ള ഒരു പരിശോധനയാകരുതെന്ന്‌ ഞാൻ മനസ്സിലുറച്ചു.

അങ്ങനെ, എന്റെ വീട്ടുകാർ താമസിക്കുന്നതിനടുത്ത്‌ പയനിയറിങ്‌ ചെയ്യാനായി ഓസ്‌ട്രേലിയയിലേക്കു മടങ്ങിപ്പോകാൻ ഞാൻ തീരുമാനിച്ചു. കപ്പലിലായിരുന്നു യാത്ര. യാത്രയിലുടനീളം സഹയാത്രികരുമായി രസകരമായ ബൈബിൾച്ചർച്ചകൾ നടത്താൻ എനിക്കു കഴിഞ്ഞു. അക്കൂട്ടത്തിൽ നോർവീജിയക്കാരനായ ആർനെ ജെർഡിയും ഉണ്ടായിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്‌. കേട്ട കാര്യങ്ങളെല്ലാം അദ്ദേഹത്തിന്‌ ഇഷ്ടമായി. പിന്നീടൊരിക്കൽ ആർനെ സിഡ്‌നിയിലെത്തി എന്നെയും എന്റെ കുടുംബാംഗങ്ങളെയും സന്ദർശിച്ചു. അദ്ദേഹം പെട്ടെന്ന്‌ പുരോഗതി വരുത്തി സ്‌നാനമേറ്റു. 1963-ൽ ഞങ്ങൾ വിവാഹിതരായി. രണ്ടുവർഷത്തിനു ശേഷം ഞങ്ങൾക്കൊരു മകൻ പിറന്നു, ഗാരി.

മറ്റൊരു നഷ്ടം

സന്തോഷകരമായ കുടുംബജീവിതമായിരുന്നു ഞങ്ങളുടേത്‌. പിന്നീട്‌ ആർനെ, എന്റെ വൃദ്ധമാതാപിതാക്കളെയും ഞങ്ങളോടൊപ്പം താമസിക്കാൻ ക്ഷണിച്ചു. പക്ഷേ ആറുവർഷത്തെ ദാമ്പത്യത്തിനു ശേഷം മറ്റൊരു ദുരന്തം എന്നെ തേടിയെത്തി. ആർനെയ്‌ക്ക്‌ തലച്ചോറിൽ കാൻസറാണെന്നു കണ്ടുപിടിച്ചു; റേഡിയേഷൻ ചികിത്സ വേണ്ടിവന്നു. എല്ലാ ദിവസവും ഞാൻ ആശുപത്രിയിൽ അദ്ദേഹത്തിന്റെ അടുക്കൽ പോകും. അങ്ങനെയിരിക്കെ, അദ്ദേഹത്തിന്റെ സ്ഥിതി അൽപ്പമൊന്നു മെച്ചപ്പെട്ടു. എന്നാൽ ആ സന്തോഷവും അധികം നീണ്ടുനിന്നില്ല. അദ്ദേഹത്തിനു മസ്‌തിഷ്‌കാഘാതം ഉണ്ടായി. ഇനി ആഴ്‌ചകൾ മാത്രമേ ആയുസ്സുള്ളുവെന്ന്‌ ഡോക്‌ടർമാർ വിധിയെഴുതി; പക്ഷേ ആർനെ അതിജീവിച്ചു. അദ്ദേഹം ആശുപത്രി വിട്ടു. അദ്ദേഹത്തെ പരിചരിച്ചുകൊണ്ട്‌ ഞാൻ എപ്പോഴും അടുത്തുതന്നെ ഉണ്ടായിരുന്നു. ഒടുവിൽ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു; എഴുന്നേറ്റു നടക്കാമെന്നായി; സഭാമൂപ്പനെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും കഴിഞ്ഞു. എപ്പോഴും സന്തോഷത്തോടിരിക്കുകയും തമാശകൾ പറയുകയും ചെയ്യുന്ന സ്വഭാവമായിരുന്നതുകൊണ്ടാകാം അദ്ദേഹം പെട്ടെന്നു സൗഖ്യം പ്രാപിച്ചത്‌. അദ്ദേഹത്തിന്റെ ഈ പ്രകൃതം കാരണം, അദ്ദേഹത്തെ പരിചരിക്കാനും എളുപ്പമായിരുന്നു.

വർഷങ്ങൾക്കു ശേഷം 1986-ൽ ആർനെയുടെ ആരോഗ്യസ്ഥിതി വീണ്ടും വഷളായി. അപ്പോഴേക്കും എന്റെ മാതാപിതാക്കളെ എനിക്കു നഷ്ടപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങൾ സിഡ്‌നിക്കു പുറത്തുള്ള ബ്ലൂ മൗണ്ടെൻസിലേക്കു താമസം മാറി. പ്രകൃതിരമണീയമായ ആ പ്രദേശത്ത്‌ ഞങ്ങളുടെ ചില സുഹൃത്തുക്കളും താമസിച്ചിരുന്നു. പിന്നീട്‌ ഗാരി സുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു. കരിൻ എന്നാണ്‌ അവളുടെ പേര്‌. നല്ല ആത്മീയതയുള്ള കുട്ടിയായിരുന്നു അവൾ. അവർ രണ്ടുപേരും ഞങ്ങളോടൊപ്പം താമസിക്കാൻ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ എല്ലാവരും, ആദ്യം താമസിച്ചിരുന്ന സ്ഥലത്തുനിന്ന്‌ അൽപ്പം മാറി മറ്റൊരു വീട്ടിൽ താമസമാക്കി.

മരിക്കുന്നതിനു മുമ്പുള്ള 18 മാസക്കാലം ആർനെ കിടക്കയിൽത്തന്നെയായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത്‌ എപ്പോഴും ഒരാൾ വേണമായിരുന്നു. ഞാൻ എപ്പോഴും വീട്ടിൽ ഉണ്ടായിരുന്നതുകൊണ്ട്‌, ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും പഠിക്കാനായി ദിവസവും രണ്ടുമണിക്കൂർ നീക്കിവെക്കാൻ എനിക്കു കഴിഞ്ഞു. സാഹചര്യവുമായി പൊരുത്തപ്പെടാൻ വേണ്ട ജ്ഞാനവത്തായ ഉപദേശങ്ങൾ അതിലൂടെ എനിക്കു ലഭിച്ചു. സഭയിലെ പലരും ഞങ്ങളെ വീട്ടിൽ വന്നു കാണുമായിരുന്നു. പക്വമതികളായ അവരിൽ പലരും ജീവിതത്തിൽ ഇത്തരം സാഹചര്യങ്ങളെ വിജയകരമായി നേരിട്ടിട്ടുള്ളവരാണ്‌. അവരുടെ സന്ദർശനങ്ങൾ എനിക്ക്‌ പുതുജീവൻ നൽകി. അങ്ങനെയിരിക്കെ, 2003 ഏപ്രിലിൽ ആർനെ മരിച്ചു, പുനരുത്ഥാനത്തിലുള്ള ഉറച്ച പ്രത്യാശയോടെ.

ഏറ്റവും വലിയ സഹായം

എന്റെ യുവപ്രായത്തിൽ, എല്ലാം കുറ്റമറ്റ രീതിയിൽ നടക്കണമെന്ന വാശിയായിരുന്നു എനിക്ക്‌. പക്ഷേ ജീവിതം എപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ ആയിരിക്കണമെന്നില്ല എന്ന യാഥാർഥ്യം ഞാൻ ക്രമേണ മനസ്സിലാക്കി. നിരവധി അനുഗ്രഹങ്ങൾ ഞാൻ ആസ്വദിച്ചിട്ടുണ്ട്‌. ഒപ്പം രണ്ടു ദുരന്തങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. ആദ്യത്തെ ജീവിതപങ്കാളി എന്നെ ഉപേക്ഷിച്ചു പോയി, മറ്റേയാളെ മരണത്തിൽ എനിക്ക്‌ നഷ്ടപ്പെട്ടു. ഇക്കാലത്തുടനീളം, പ്രായമായ പലരിൽനിന്നും എനിക്ക്‌ മാർഗനിർദേശവും ആശ്വാസവും ലഭിച്ചിട്ടുണ്ട്‌. പക്ഷേ എനിക്ക്‌ ഏറ്റവും വലിയ പിന്തുണ നൽകിയിട്ടുള്ളത്‌ ‘വയോധികൻ’ എന്നു തിരുവെഴുത്തുകൾ വിശേഷിപ്പിക്കുന്ന, ജ്ഞാനികളിൽ ജ്ഞാനിയായ യഹോവയാംദൈവമാണ്‌. (ദാനീ. 7:9) അവന്റെ ജ്ഞാനോപദേശങ്ങളാണ്‌ എന്റെ വ്യക്തിത്വത്തെ പരുവപ്പെടുത്തിയത്‌. മിഷനറിവേലയിൽ എനിക്ക്‌ വിജയം നൽകിയതും അവനാണ്‌. പ്രശ്‌നങ്ങൾ ആഞ്ഞടിച്ചപ്പോൾ, ‘യഹോവയുടെ ദയ എന്നെ താങ്ങി; അവന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിച്ചു.’ (സങ്കീ. 94:18, 19) എന്റെ കുടുംബാംഗങ്ങളും ‘അനർത്ഥകാലത്തു സഹോദരരായിത്തീർന്ന’ സ്‌നേഹിതരും തന്ന പിന്തുണയും ഞാൻ നന്ദിയോടെ ഓർക്കുന്നു. (സദൃ. 17:17) അവരിൽ പലരും എന്നെക്കാൾ മുതിർന്നവരായിരുന്നു.

“വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ട്‌” എന്ന്‌ ഗോത്രപിതാവായ ഇയ്യോബ്‌ പറയുകയുണ്ടായി. (ഇയ്യോ. 12:12) ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ ആ പ്രസ്‌താവന എത്ര സത്യമാണെന്ന്‌ എനിക്ക്‌ കാണാനാകുന്നു. പ്രായമായവരുടെ ഉപദേശങ്ങൾ എനിക്ക്‌ വഴികാട്ടി, അവർ പകർന്നുതന്ന ആശ്വാസം എനിക്കു പിന്തുണയേകി, അവരുമായുള്ള സൗഹൃദം എന്റെ ജീവിതം ധന്യമാക്കി. അതെ, അവരോട്‌ അടുക്കാൻ കഴിഞ്ഞത്‌ വലിയ ഒരു അനുഗ്രഹമായി ഞാൻ കരുതുന്നു.

ഇപ്പോൾ എനിക്കും പ്രായമായി. എനിക്ക്‌ ഇപ്പോൾ 80 വയസ്സുണ്ട്‌. വാർധക്യത്തിലുള്ളവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി അവരോട്‌ പരിഗണന കാണിക്കാൻ എന്റെ ജീവിതാനുഭവങ്ങൾ എന്നെ പഠിപ്പിച്ചിരിക്കുന്നു. സാധിക്കുമ്പോഴൊക്കെ ഞാൻ അവരെ ചെന്നു കാണാറുണ്ട്‌, ആവശ്യമായ സഹായങ്ങൾ ചെയ്‌തുകൊടുക്കാറുമുണ്ട്‌. യുവപ്രായക്കാരുമായുള്ള സൗഹൃദവും ഞാൻ ആസ്വദിക്കുന്നു. അവരുടെ പ്രസരിപ്പും ചുറുചുറുക്കും എനിക്ക്‌ ഉത്സാഹം പകരുന്നു. അവർക്ക്‌ ഉപദേശവും പിന്തുണയും ആവശ്യമായിവരുമ്പോൾ അത്‌ നൽകാൻ ഞാൻ മടിക്കാറില്ല. അവരെ സഹായിക്കാനാകുന്നതും ഒരു അനുഗ്രഹമായി ഞാൻ കാണുന്നു.

[അടിക്കുറിപ്പ്‌],[അടിക്കുറിപ്പുകൾ]

a എൽവയുടെ സഹോദരനായ ഫ്രാങ്ക്‌ ലാമ്പർട്ട്‌ തീക്ഷ്‌ണതയുള്ള ഒരു പയനിയറായി. ഓസ്‌ട്രേലിയയുടെ ഉൾപ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ ഒന്ന്‌, യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1983 (ഇംഗ്ലീഷ്‌) 110-112 പേജുകളിൽ കാണാം.

[14-ാം പേജിലെ ചിത്രം]

നരാൻഡ്രയിൽ ജോയ്‌ ലെന്നോക്‌സിനോടൊപ്പം പയനിയർ സേവനത്തിൽ

[15-ാം പേജിലെ ചിത്രം]

സ്വിറ്റ്‌സർലൻഡിലെ ബെഥേലംഗങ്ങൾക്കൊപ്പം എൽവ, 1960-ൽ

[16-ാം പേജിലെ ചിത്രം]

ആർനെയോടൊപ്പം