വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
തന്റെ വിശ്വസ്ത ദാസരുടെ മരണം “യഹോവെക്കു വിലയേറിയതാ”യിരിക്കുന്നത് ഏതു വിധത്തിൽ?
▪ “തന്റെ ഭക്തന്മാരുടെ മരണം യഹോവെക്കു വിലയേറിയതാകുന്നു” എന്ന് നിശ്വസ്തതയിൽ സങ്കീർത്തനക്കാരൻ എഴുതി. (സങ്കീ. 116:15) തന്റെ ഓരോ സത്യാരാധകന്റെയും ജീവൻ യഹോവയ്ക്കു വിലപ്പെട്ടതാണ്. എന്നാൽ ഒരൊറ്റ വ്യക്തിയുടെ മരണത്തെയല്ല 116-ാം സങ്കീർത്തനത്തിലെ ഈ വാക്കുകൾ പരാമർശിക്കുന്നത്.
ഒരു ക്രിസ്ത്യാനി യഹോവയോടു വിശ്വസ്തനായാണ് മരിച്ചതെങ്കിൽപ്പോലും, ചരമപ്രസംഗത്തിൽ സങ്കീർത്തനം 116:15-ലെ വാക്കുകൾ അദ്ദേഹത്തിനു ബാധകമാക്കുന്നത് ഉചിതമായിരിക്കില്ല. കാരണം, സങ്കീർത്തനക്കാരന്റെ ഈ വാക്കുകൾക്ക് വിശാലമായ ഒരു അർഥമാണുള്ളത്. തന്റെ വിശ്വസ്ത ദാസർ ഒന്നടങ്കം മരണപ്പെടാൻ യഹോവ അനുവദിക്കില്ല എന്ന അർഥത്തിലാണ് അവരുടെ മരണം അവന് വിലപ്പെട്ടതാണെന്ന് പറയുന്നത്.—സങ്കീർത്തനം 72:14; 116:8 കാണുക.
തന്റെ വിശ്വസ്ത ദാസർ കൂട്ടത്തോടെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടാൻ യഹോവ അനുവദിക്കില്ലെന്ന് സങ്കീർത്തനം 116:15 നമുക്ക് ഉറപ്പുതരുന്നു. നമ്മുടെ ആധുനികകാല ചരിത്രം അതിനു തെളിവാണ്. പരിശോധനകളും പീഡനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും ഭൂമിയിൽനിന്ന് അവർ വേരറ്റുപോകാൻ യഹോവ അനുവദിച്ചിട്ടില്ല, ഇനി അനുവദിക്കുകയുമില്ല.
യഹോവ സർവശക്തനാണ്; അവന്റെ ഉദ്ദേശ്യങ്ങൾക്ക് ഒരിക്കലും മാറ്റം വരുകയില്ല. ഒരു കൂട്ടമെന്ന നിലയിൽ നമ്മൾ ഉന്മൂലനം ചെയ്യപ്പെട്ടാൽ അവന്റെ ശത്രുക്കൾ അവനെക്കാൾ ശക്തരാണെന്നുവരും. അതുപോലെ, ഭൂമി മുഴുവനും തന്റെ വിശ്വസ്ത ദാസരെക്കൊണ്ട് നിറയ്ക്കണമെന്ന യഹോവയുടെ ഉദ്ദേശ്യം നിവർത്തിക്കപ്പെടുകയുമില്ല. (യെശ. 45:18; 55:10, 11) അതു മാത്രമോ? ആത്മീയ ആലയത്തിന്റെ ഭൗമികപ്രാകാരത്തിൽ യഹോവയ്ക്ക് ആരാധന അർപ്പിക്കാൻ ആരുമില്ലെങ്കിൽ ഭൂമിയിൽനിന്ന് സത്യാരാധന അപ്രത്യക്ഷമാകും. കൂടാതെ, “പുതിയ ഭൂമി”ക്ക് അടിസ്ഥാനമില്ലാതെയും വരും. കാരണം, “പുതിയ ആകാശ”ത്തിനു കീഴിൽ ജീവിക്കാൻ പ്രത്യാശിക്കുന്ന നീതിയുള്ള മനുഷ്യവർഗസമുദായം ആണല്ലോ “പുതിയ ഭൂമി”യുടെ അടിസ്ഥാനം. (വെളി. 21:1) ഭൗമികപ്രജകൾ ഇല്ലെങ്കിൽ ക്രിസ്തുവിന്റെ ആയിരം വർഷ വാഴ്ചയും യാഥാർഥ്യമാകുകയില്ല.—വെളി. 20:4, 5.
ദൈവജനത്തെ നിർമൂലമാക്കാൻ ശത്രുക്കളെ അനുവദിച്ചാൽ ദൈവത്തിന്റെ സ്ഥാനവും മഹനീയ നാമവും ചോദ്യംചെയ്യപ്പെടും. അത്തരമൊരു നടപടി, അഖിലാണ്ഡപരമാധികാരി എന്ന അവന്റെ സ്ഥാനത്തിനു നേരെയുള്ള ഒരു ആക്രമണമായിരിക്കും. അതുപോലെ, തന്നോടുതന്നെയും തന്റെ നാമത്തോടും ബഹുമാനമുള്ളതുകൊണ്ടും തന്റെ വിശ്വസ്തർ ഒന്നടങ്കം നശിക്കാൻ യഹോവ അനുവദിക്കില്ല. തന്നെ വിശ്വസ്തമായി സേവിച്ചുകൊണ്ടിരിക്കുന്ന ദാസന്മാരെ കൂട്ടത്തോടെ നിർമൂലമാക്കുന്നത് കണ്ടുനിൽക്കാൻ “അനീതിയില്ലാത്ത” ദൈവത്തിനാകുമോ? ഒരിക്കലുമില്ല. (ആവ. 32:4; ഉല്പ. 18:25) ഇനി, തന്റെ ജനത്തെ ഉന്മൂലനം ചെയ്യാൻ അനുവദിക്കുന്നത്, “തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല” എന്ന യഹോവയുടെ വാഗ്ദാനത്തിനു വിരുദ്ധമായിരിക്കും. (1 ശമൂ. 12:22) അതെ, “യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.”—സങ്കീ. 94:14.
തന്റെ ജനത്തെ ഭൂമിയിൽനിന്ന് തുടച്ചുനീക്കാൻ യഹോവ ഒരിക്കലും അനുവദിക്കില്ലെന്ന് അറിയുന്നത് എത്ര ആശ്വാസകരമാണ്! യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാനാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽനിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു.” (യെശ. 54:17) ഈ വാഗ്ദാനത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് നമുക്ക് യഹോവയോട് വിശ്വസ്തരായി നിലകൊള്ളാം!
[22-ാം പേജിലെ ആകർഷക വാക്യം]
ഭൂമിയിൽനിന്ന് തന്റെ ജനം വേരറ്റുപോകാൻ യഹോവ ഒരിക്കലും അനുവദിക്കില്ല