വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദയാപ്രവൃത്തിയിൽ അലിഞ്ഞില്ലാതായ ദേഷ്യം

ദയാപ്രവൃത്തിയിൽ അലിഞ്ഞില്ലാതായ ദേഷ്യം

ദയാപ്രവൃത്തിയിൽ അലിഞ്ഞില്ലാതായ ദേഷ്യം

നെതർലൻഡ്‌സിലുള്ള സാക്ഷികളായ ഷോർഷെയും മാനോനും സുവാർത്താപ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അവർ കണ്ടുമുട്ടിയ വൃദ്ധയായ ഒരു സ്‌ത്രീ അവരോട്‌ വളരെ ദേഷ്യത്തോടെ പെരുമാറി. അതിന്‌ കാരണമുണ്ടായിരുന്നു: രണ്ടുവട്ടം വിധവയായ ആ സ്‌ത്രീയുടെ ഒരു മകനും മരിച്ചുപോയിരുന്നു; പോരാത്തതിന്‌ കടുത്ത സന്ധിവാതരോഗിയായിരുന്നു അവർ. സംഭാഷണത്തിനിടയ്‌ക്ക്‌ അൽപ്പമൊന്ന്‌ തണുത്തെങ്കിലും അവർ ഒട്ടും സൗഹൃദം കാട്ടിയില്ല.

അവർ കടുത്ത ഏകാന്തതയുടെ പിടിയിലാണെന്നും വളരെ അസ്വസ്ഥയാണെന്നും മനസ്സിലാക്കിയ ഷോർഷെ, ഒരു പൂച്ചെണ്ടുമായി മടങ്ങിച്ചെന്ന്‌ അവരെ കാണാമെന്ന്‌ മാനോനോട്‌ പറഞ്ഞു. വീട്ടുകാരിയായ റീയക്ക്‌ അവരെ കണ്ടപ്പോൾ ആശ്ചര്യവും ഒപ്പം സന്തോഷവും തോന്നി. അപ്പോൾ റീയക്ക്‌ സമയമില്ലാതിരുന്നതിനാൽ മറ്റൊരു ദിവസം മടങ്ങിച്ചെല്ലാനുള്ള ക്രമീകരണം ചെയ്‌തു. നിശ്ചയിച്ച ദിവസം മടങ്ങിച്ചെന്നപ്പോൾ ആരെയും കാണാനായില്ല. പല നേരത്ത്‌ ചെന്നുനോക്കിയെങ്കിലും അവരെ കണ്ടുമുട്ടിയില്ല. ആ സ്‌ത്രീ തങ്ങളെ മനഃപൂർവം ഒഴിവാക്കുകയാണോ എന്നുപോലും ഷോർഷെക്കും മാനോനും തോന്നി.

ഒടുവിൽ ഒരു ദിവസം ഷോർഷെ റീയയെ വീട്ടിൽ കണ്ടെത്തി. താൻ ആശുപത്രിയിലായിരുന്നെന്നും, അതുകൊണ്ടാണ്‌ പറഞ്ഞ സമയത്ത്‌ വീട്ടിലായിരിക്കാൻ കഴിയാഞ്ഞതെന്നും അവർ വിശദീകരിച്ചു, ക്ഷമാപണവും നടത്തി. “നിങ്ങൾ പോയിക്കഴിഞ്ഞ്‌ ഞാൻ എന്താണ്‌ ചെയ്‌തതെന്ന്‌ അറിയാമോ? ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങി,” അവർ പറഞ്ഞു. തുടർന്ന്‌ നല്ലൊരു ചർച്ച നടന്നു; ഒരു ബൈബിളധ്യയനവും ആരംഭിച്ചു.

ബൈബിൾ പഠിച്ചുതുടങ്ങിയതോടെ റീയയിൽ മാറ്റം കണ്ടുതുടങ്ങി; അസ്വസ്ഥതയും ദേഷ്യവും മാറി, സന്തോഷത്തോടെ, ദയയോടെ ഇടപെടുന്ന ഒരാളായിത്തീർന്നു അവർ. വീടിനു പുറത്തിറങ്ങാൻ കഴിയില്ലായിരുന്നെങ്കിലും, തന്നെ കാണാൻ വരുന്നവരോടെല്ലാം തന്റെ പുതിയ വിശ്വാസത്തെക്കുറിച്ച്‌ തുടക്കം മുതൽതന്നെ അവർ സംസാരിക്കുമായിരുന്നു. എല്ലായ്‌പോഴും യോഗങ്ങൾക്ക്‌ ഹാജരാകാൻ ആരോഗ്യം അവരെ അനുവദിച്ചിരുന്നില്ല. എന്നാൽ സഹോദരങ്ങൾ തന്നെ കാണാൻ വരുന്നത്‌ അവർക്ക്‌ വലിയ ഇഷ്ടമായിരുന്നു. 82 വയസ്സ്‌ തികഞ്ഞ ദിവസം റീയക്ക്‌ ഒരു സർക്കിട്ട്‌ സമ്മേളനത്തിൽ പങ്കെടുക്കാനായി; ദൈവത്തോടുള്ള തന്റെ സമർപ്പണത്തിന്റെ പ്രതീകമായി അവർ അവിടെവെച്ച്‌ സ്‌നാനമേറ്റു.

കുറച്ചു മാസങ്ങൾക്കു ശേഷം റീയ മരിച്ചു. അവർ എഴുതിയ ഒരു കവിത പിന്നീട്‌ കണ്ടുകിട്ടി. വാർധക്യത്തിലെ ഏകാന്തതയുടെ വിഷമതകളെക്കുറിച്ച്‌ അതിൽ വിവരിച്ചിരുന്നു; ദയാപ്രവൃത്തിയുടെ പ്രാധാന്യവും അതിൽ പ്രത്യേകം പ്രതിപാദിച്ചിരുന്നു. “ആ കവിത എന്നെ ആഴത്തിൽ സ്‌പർശിച്ചു. അവരോടു ദയ കാണിക്കാൻ യഹോവ ഞങ്ങളെ സഹായിച്ചത്‌ ഓർക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു,” മാനോൻ പറഞ്ഞു.

അതെ, അത്തരം സ്‌നേഹവും ദയയും കാണിക്കാൻ യഹോവയുടെ മാതൃക നമ്മെ പ്രേരിപ്പിക്കുന്നു. (എഫെ. 5:1, 2) “ദയ” കാണിച്ചുകൊണ്ട്‌ “ദൈവത്തിന്റെ ശുശ്രൂഷകരാണെന്നു (നാം) തെളിയിക്കു”മ്പോൾ നമ്മുടെ ശുശ്രൂഷ ഫലപ്രദമായിത്തീരും.—2 കൊരി. 6:4, 6.