യഹോവയുടെ സേവനത്തിന് പ്രഥമസ്ഥാനം നൽകേണ്ടത് എന്തുകൊണ്ട് ?
യഹോവയുടെ സേവനത്തിന് പ്രഥമസ്ഥാനം നൽകേണ്ടത് എന്തുകൊണ്ട് ?
“എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും.”—സങ്കീ. 71:15.
ഉത്തരം കണ്ടെത്താമോ?
നോഹയും മോശയും യിരെമ്യാവും പൗലോസും എന്തുകൊണ്ടാണ് യഹോവയ്‌ക്ക് ജീവിതത്തിൽ പ്രഥമസ്ഥാനം നൽകിയത്?
ജീവിതം എങ്ങനെ വിനിയോഗിക്കണമെന്നു തീരുമാനിക്കാൻ നിങ്ങൾ ഏത് ആത്മപരിശോധന നടത്തണം?
യഹോവയുടെ സേവനം പ്രഥമസ്ഥാനത്തു വെക്കാൻ നിങ്ങൾ ദൃഢചിത്തരായിരിക്കുന്നത് എന്തുകൊണ്ട്?
1, 2. (എ) യഹോവയ്‌ക്ക് ജീവിതം സമർപ്പിക്കുന്നതിൽ എന്ത് ഉൾപ്പെടുന്നു? (ബി) നോഹയുടെയും മോശയുടെയും യിരെമ്യാവിന്റെയും പൗലോസിന്റെയും തിരഞ്ഞെടുപ്പുകൾ പരിചിന്തിക്കുന്നത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
ദൈവത്തിന് സ്വയം സമർപ്പിച്ച് സ്‌നാനമേറ്റ് യേശുവിന്റെ ഒരു അനുഗാമിയായിത്തീരുന്നത് നിങ്ങളുടെ ജീവിതത്തിലെ വളരെ ഗൗരവമുള്ള ഒരു പടിയാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് അത്. ആ തീരുമാനം എടുക്കുമ്പോൾ ഒരു അർഥത്തിൽ നിങ്ങൾ ഇങ്ങനെ പറയുകയാണ്: ‘യഹോവേ, എന്റെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അങ്ങ് എന്റെ യജമാനനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അങ്ങയുടെ ദാസനാണ്. എന്റെ സമയം എങ്ങനെ വിനിയോഗിക്കണം, എന്തിനൊക്കെ മുൻഗണനകൾ നൽകണം, എന്റെ വസ്‌തുവകകളും കഴിവുകളും എങ്ങനെ ഉപയോഗിക്കണം എന്നെല്ലാം അങ്ങ് തീരുമാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’
2 നിങ്ങൾ ഒരു സമർപ്പിത ക്രിസ്‌ത്യാനിയാണെങ്കിൽ നിങ്ങൾ യഹോവയ്‌ക്ക് ആ ഉറപ്പു കൊടുത്തുകഴിഞ്ഞു. ആ തീരുമാനം അഭിനന്ദനാർഹമാണ്; ഉചിതവും ജ്ഞാനപൂർവകവുമായ ഒരു തീരുമാനം. യഹോവയെ യജമാനനായി അംഗീകരിക്കുന്ന ഒരു വ്യക്തി സമയം എങ്ങനെ വിനിയോഗിക്കും? നോഹയുടെയും മോശയുടെയും യിരെമ്യാവിന്റെയും പൗലോസ് അപ്പൊസ്‌തലന്റെയും ദൃഷ്ടാന്തങ്ങൾ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ നമ്മെ സഹായിക്കും. ഇവർ ഓരോരുത്തരും മുഴുദേഹിയോടെ യഹോവയെ സേവിച്ചവരാണ്. അവരുടേതിനു സമാനമാണ് നമ്മുടെയും സാഹചര്യം. ജീവിതത്തിൽ എന്തിനാണ് അവർ മുൻഗണന നൽകിയതെന്ന് അവർ കൈക്കൊണ്ട തീരുമാനങ്ങൾ വ്യക്തമാക്കുന്നു. അവ പരിചിന്തിക്കുന്നത് സമയം വിനിയോഗിക്കുന്ന കാര്യത്തിൽ ഒരു ആത്മപരിശോധന നടത്താൻ നമ്മെ പ്രോത്സാഹിപ്പിക്കും.—മത്താ. 28:19, 20; 2 തിമൊ. 3:1.
പ്രളയത്തിനു മുമ്പ്
3. നമ്മുടെ നാളുകൾ നോഹയുടേതിനു സമാനമായിരിക്കുന്നത് എങ്ങനെ?
3 നോഹയുടെ കാലവും നമ്മുടെ കാലവും താരതമ്യപ്പെടുത്തിക്കൊണ്ട് യേശു പറഞ്ഞു: “നോഹയുടെ നാളുകൾപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ സാന്നിധ്യവും. . . . നോഹ പെട്ടകത്തിൽ കയറിയ ദിവസംവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുക്കപ്പെട്ടും പോന്നു. ജലപ്രളയം വന്ന് അവരെ എല്ലാവരെയും നീക്കിക്കളയുവോളം അവർ ഗൗനിച്ചതേയില്ല.” (മത്താ. 24:37-39) നാം ജീവിക്കുന്ന നാളുകളുടെ അടിയന്തിരതയെക്കുറിച്ച് മിക്കവരും ചിന്തിക്കാറില്ല. ദൈവദാസർ ഘോഷിക്കുന്ന മുന്നറിയിപ്പുകൾ അവർ ശ്രദ്ധിക്കുന്നതുമില്ല. ദൈവം മനുഷ്യരുടെ കാര്യാദികളിൽ ഇടപെടുമെന്ന ആശയത്തെ നോഹയുടെ നാളിലെ മനുഷ്യരെപ്പോലെ അവരും പുച്ഛിച്ചുതള്ളുന്നു. (2 പത്രോ. 3:3-7) പ്രതികൂലമായ ചുറ്റുപാടുകളിലായിരുന്നിട്ടും നോഹ സമയം എങ്ങനെയാണ് വിനിയോഗിച്ചത്?
4. യഹോവയിൽനിന്ന് നിയമനം ലഭിച്ചതിനു ശേഷം നോഹ സമയം എങ്ങനെ വിനിയോഗിച്ചു, എന്തുകൊണ്ട്?
4 താൻ ചെയ്യാൻ പോകുന്നത് എന്താണെന്ന് ദൈവം നോഹയ്‌ക്ക് വെളിപ്പെടുത്തി; ഒപ്പം നോഹയ്‌ക്ക് ഒരു പ്രത്യേക നിയമനം നൽകുകയും ചെയ്‌തു. തുടർന്ന്, മനുഷ്യനെയും മൃഗങ്ങളെയും ജീവനോടെ സംരക്ഷിക്കുന്നതിനായി നോഹ പെട്ടകം പണിതു. (ഉല്‌പ. 6:13-15എ, 22) യഹോവയുടെ ആസന്നമായ ന്യായവിധിയെക്കുറിച്ചും നോഹ പ്രഖ്യാപിച്ചു. പത്രോസ് അപ്പൊസ്‌തലൻ നോഹയെ “നീതിപ്രസംഗി” എന്നു വിളിച്ചതിൽനിന്ന്, അന്നത്തെ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് അവൻ കഠിനമായി യത്‌നിച്ചു എന്ന് മനസ്സിലാക്കാം. (2 പത്രോസ് 2:5 വായിക്കുക.) നല്ല ഒരു കച്ചവടം തുടങ്ങുന്നതിലും മറ്റുള്ളവരെക്കാൾ ഒരുപടി മികച്ചുനിൽക്കുന്നതിലും സുഖസൗകര്യങ്ങളോടുകൂടിയ ഒരു ജീവിതം നയിക്കുന്നതിലും ആയിരുന്നു നോഹയും കുടുംബവും ശ്രദ്ധിച്ചിരുന്നതെങ്കിൽ അത് ഉചിതമായ ഒരു നടപടി ആയിരുന്നെന്ന് പറയാനാകുമോ? ഒരിക്കലും അല്ല! വരാൻ പോകുന്നത് എന്താണെന്ന് അറിഞ്ഞിരുന്നതുകൊണ്ട് അവർ ആ ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കി.
ഒരു ഈജിപ്‌ഷ്യൻ രാജകുമാരന്റെ തീരുമാനം
5, 6. (എ) മോശയ്‌ക്കു നൽകിയ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്തായിരുന്നിരിക്കാം? (ബി) ഈജിപ്‌തിൽ തനിക്ക് ലഭിക്കുമായിരുന്ന അവസരങ്ങൾ മോശ നിരാകരിച്ചത് എന്തുകൊണ്ട്?
5 അടുത്തതായി, മോശയുടെ ദൃഷ്ടാന്തം നമുക്കു നോക്കാം. ഫറവോന്റെ മകളുടെ ദത്തുപുത്രനായി ഈജിപ്‌തിലെ ഒരു കൊട്ടാരത്തിലാണ് അവൻ വളർന്നത്. രാജകുമാരനായ അവന് “ഈജിപ്‌റ്റുകാരുടെ സകല ജ്ഞാനത്തിലും” പരിശീലനം ലഭിച്ചു. (പ്രവൃ. 7:22; പുറ. 2:9, 10) ഫറവോന്റെ കൊട്ടാരത്തിലെ ഉദ്യോഗത്തിനായി അവനെ ഒരുക്കുക എന്നതായിരുന്നിരിക്കാം അതിന്റെ ഉദ്ദേശ്യം. അന്നത്തെ ഏറ്റവും ശക്തമായ ഭരണകൂടത്തിൽ ഒരു പ്രമുഖസ്ഥാനത്ത് അവന് എത്തിച്ചേരാമായിരുന്നു; അതിന്റെ ആഡംബരങ്ങളും പദവികളും ഉല്ലാസങ്ങളും ഒക്കെ ആസ്വദിക്കാമായിരുന്നു. എന്നാൽ അതിനായിരുന്നോ മോശ പ്രാധാന്യം കൽപ്പിച്ചത്?
6 തന്റെ യഥാർഥ മാതാപിതാക്കളിൽനിന്ന് നന്നേ ചെറുപ്പത്തിൽത്തന്നെ ലഭിച്ച പരിശീലനം, തന്റെ പൂർവപിതാക്കന്മാരായ അബ്രാഹാമിനോടും യിസ്‌ഹാക്കിനോടും യാക്കോബിനോടും യഹോവ ചെയ്‌ത വാഗ്‌ദാനത്തെക്കുറിച്ചു മനസ്സിലാക്കാൻ മോശയെ സഹായിച്ചിട്ടുണ്ടാകണം. അവൻ ആ വാഗ്‌ദാനങ്ങൾ വിശ്വസിച്ചു. തന്റെ ഭാവിയെക്കുറിച്ചും യഹോവയോടു വിശ്വസ്‌തത പാലിക്കുന്നതിനെക്കുറിച്ചും അവൻ ഗഹനമായി ചിന്തിച്ചിരിക്കണം. ഒരു ഈജിപ്‌ഷ്യൻ രാജകുമാരനായി തുടരണമോ, അതോ ഒരു ഇസ്രായേല്യ അടിമയാകണമോ എന്ന് തിരഞ്ഞെടുക്കേണ്ടിവന്നപ്പോൾ അവൻ എന്തു ചെയ്‌തു? “പാപത്തിന്റെ ക്ഷണികസുഖത്തെക്കാൾ ദൈവജനത്തോടൊപ്പമുള്ള കഷ്ടാനുഭവം” അവൻ തിരഞ്ഞെടുത്തു. (എബ്രായർ 11:24-26 വായിക്കുക.) പിന്നീട്, തന്റെ ജീവിതം എങ്ങനെ വിനിയോഗിക്കണമെന്ന് യഹോവയിൽനിന്നു നിർദേശം ലഭിച്ചപ്പോൾ അവൻ അതു പിൻപറ്റി. (പുറ. 3:2, 6-10) അതിന് അവനെ പ്രേരിപ്പിച്ചത് എന്താണ്? അവൻ യഹോവയുടെ വാഗ്‌ദാനങ്ങളിൽ വിശ്വസിച്ചു. ഈജിപ്‌തിൽ താൻ കൈവരിക്കുന്ന നേട്ടങ്ങളൊന്നും ശാശ്വതമല്ലെന്ന് അവൻ തിരിച്ചറിഞ്ഞു. അധികം വൈകാതെ, ദൈവത്തിൽനിന്നുള്ള പത്തുബാധകൾമൂലം ആ ദേശം നശിക്കുകയും ചെയ്‌തു. ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചിരിക്കുന്നവർക്ക് ഇതിൽനിന്ന് എന്തു പഠിക്കാനാകും? ഈ വ്യവസ്ഥിതിയിലെ ഏതെങ്കിലും ജീവിതവൃത്തിയിലോ ഉല്ലാസങ്ങളിലോ ആയിരിക്കരുത് പകരം യഹോവയിലും അവന്റെ സേവനത്തിലും ആയിരിക്കണം നമ്മുടെ മുഖ്യശ്രദ്ധ.
സംഭവിക്കാനിരുന്നത് യിരെമ്യാവിന് അറിയാമായിരുന്നു
7. യിരെമ്യാവിന്റെ സാഹചര്യം നമ്മുടേതിനു സമാനമായിരുന്നത് എങ്ങനെ?
7 യഹോവയുടെ സേവനത്തിന് പ്രഥമസ്ഥാനം നൽകിയ മറ്റൊരു വ്യക്തിയായിരുന്നു പ്രവാചകനായ യിരെമ്യാവ്. വിശ്വാസത്യാഗം ഭവിച്ച യെരുശലേമിനും യെഹൂദയ്‌ക്കും എതിരെ ന്യായവിധി സന്ദേശം പ്രസംഗിക്കാൻ യഹോവ അവനെ നിയോഗിച്ചു. ഒരു അർഥത്തിൽ പറഞ്ഞാൽ, ‘നാളുകളുടെ അവസാനത്തിലാണ്’ യിരെമ്യാവ് ജീവിച്ചിരുന്നത്. (യിരെ. 23:19, 20, ഗുണ്ടർട്ട് ബൈബിൾ) അന്നത്തെ ആ വ്യവസ്ഥിതി അതേ നിലയിൽത്തന്നെ തുടരില്ലെന്ന് അവന് നന്നായി അറിയാമായിരുന്നു.
8, 9. (എ) ബാരൂക്കിന്റെ ചിന്താഗതി തിരുത്തേണ്ടിയിരുന്നത് എന്തുകൊണ്ട്? (ബി) കാര്യങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ നാം എന്ത് മനസ്സിൽപ്പിടിക്കണം?
8 യിരെമ്യാവിന്റെ ആ ബോധ്യം അവനെ എങ്ങനെയാണ് സ്വാധീനിച്ചത്? നാശം കാത്തുകിടക്കുന്ന ഒരു വ്യവസ്ഥിതിയിൽ തന്റെ ഭാവി പടുത്തുയർത്താൻ അവൻ ശ്രമിച്ചില്ല. അങ്ങനെ ചെയ്യുന്നതിൽ എന്ത് അർഥമാണുള്ളത്? എന്നാൽ, യിരെമ്യാവിന്റെ സെക്രട്ടറിയായിരുന്ന ബാരൂക്കിന്റെ വീക്ഷണം വ്യത്യസ്‌തമായിരുന്നു; ഒരു സമയത്തേക്ക്, കാര്യങ്ങൾ വ്യക്തമായി കാണാൻ അവനു സാധിച്ചില്ല. അതുകൊണ്ട് അവനോട് ഇങ്ങനെ പറയാൻ യിരെമ്യാവിനെ ദൈവം നിശ്വസ്‌തനാക്കി: “ഞാൻ പണിതതു ഞാൻ തന്നേ ഇടിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻ തന്നേ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അതു അങ്ങനെ തന്നേ. എന്നാൽ നീ നിനക്കായിട്ടു വലിയകാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുതു; ഞാൻ സർവ്വജഡത്തിന്നും അനർത്ഥം വരുത്തും. . . . എങ്കിലും നീ പോകുന്ന എല്ലാ ഇടത്തും ഞാൻ നിന്റെ ജീവനെ നിനക്കു കൊള്ള പോലെതരും.”—യിരെ. 45:4, 5.
9 ബാരൂക്ക് തനിക്കായി ആഗ്രഹിച്ച ‘വലിയകാര്യങ്ങൾ’ ഏതാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാനാകില്ല. a എന്നാൽ, അവ നിലനിൽക്കുന്ന കാര്യങ്ങൾ അല്ലായിരുന്നുവെന്ന് നമുക്ക് അറിയാം. കാരണം, അവയെല്ലാം ബി.സി. 607-ൽ ബാബിലോണിയർ യെരുശലേം കീഴടക്കുമ്പോൾ നശിക്കുമായിരുന്നു. ഇത് നമ്മെ എന്തു പഠിപ്പിക്കുന്നു? ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിക്കാൻ നമുക്ക് ചില ആസൂത്രണങ്ങൾ ചെയ്യേണ്ടിവരും എന്നത് ശരിതന്നെ. (സദൃ. 6:6-11) എന്നാൽ, ഈടുനിൽക്കാത്ത സംഗതികൾക്കായി വളരെയധികം സമയവും ഊർജവും ചെലവഴിക്കുന്നത് ബുദ്ധിയായിരിക്കുമോ? പുതിയ രാജ്യഹാളുകളുടെയും ബ്രാഞ്ച് സൗകര്യങ്ങളുടെയും നിർമാണവും ദിവ്യാധിപത്യപ്രവർത്തങ്ങളോടു ബന്ധപ്പെട്ട മറ്റ് പദ്ധതികളും യഹോവയുടെ സംഘടന ഇപ്പോഴും ആസൂത്രണം ചെയ്യുന്നുവെന്നത് ശരിയാണ്. എന്നാൽ, ഈ ഉദ്യമങ്ങൾ രാജ്യതാത്‌പര്യം ഉന്നമിപ്പിക്കുന്നവയായതിനാൽ അവയ്‌ക്ക് നിലനിൽക്കുന്ന ഒരു ഭാവിയുണ്ട്. യഹോവയ്‌ക്കു സമർപ്പിച്ച ഒരോ വ്യക്തിയും ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ദൈവരാജ്യത്തിന് മുൻഗണന നൽകുന്നത് ഉചിതമായിരിക്കും. “ഒന്നാമത് രാജ്യവും (യഹോവയുടെ) നീതിയും അന്വേഷിക്കു”ന്നു എന്ന് നിങ്ങൾക്കു ബോധ്യത്തോടെ പറയാനാകുമോ?—മത്താ. 6:33.
‘ഞാൻ അവയെ ഒക്കെയും വെറും ഉച്ഛിഷ്ടമായി ഗണിക്കുന്നു’
10, 11. (എ) ഒരു ക്രിസ്‌ത്യാനിയായിത്തീരുന്നതിനു മുമ്പ് പൗലോസിന്റെ ശ്രദ്ധ എന്തിലായിരുന്നു? (ബി) പൗലോസിന്റെ ജീവിതം മാറിമറിഞ്ഞത് എങ്ങനെ?
10 അവസാനമായി പൗലോസിന്റെ ദൃഷ്ടാന്തം നമുക്കു നോക്കാം. ഒരു ക്രിസ്‌ത്യാനിയാകുന്നതിനു മുമ്പ് ലോകത്തിന്റെ ദൃഷ്ടിയിൽ അവന് ശോഭനമായൊരു ഭാവിയുണ്ടായിരുന്നു. അക്കാലത്തെ പ്രശസ്‌തരായ അധ്യാപകരിൽ ഒരാളിൽനിന്നാണ് അവൻ യഹൂദനിയമം പഠിച്ചത്. യഹൂദ മഹാപുരോഹിതനിൽനിന്നുള്ള അധികാരവും അവനു ലഭിച്ചിരുന്നു. യഹൂദമതകാര്യങ്ങളിൽ സമകാലികരെക്കാളെല്ലാം മുന്നിട്ടുനിന്നവനാണ് പൗലോസ്. (പ്രവൃ. 9:1, 2; 22:3; 26:10; ഗലാ. 1:13, 14) പക്ഷേ യഹോവ, ഒരു ജനതയെന്ന നിലയിൽ യഹൂദന്മാരെ തള്ളിക്കളഞ്ഞുവെന്ന അറിവ് അവന്റെ ജീവിതം മാറ്റിമറിച്ചു.
11 യഹൂദവ്യവസ്ഥിതിയെ ചുറ്റിപ്പറ്റി പടുത്തുയർത്തുന്ന ഒരു ജീവിതവൃത്തിക്ക് യഹോവയുടെ ദൃഷ്ടിയിൽ യാതൊരു മൂല്യവുമില്ലെന്ന് പൗലോസ് തിരിച്ചറിഞ്ഞു; ആ വ്യവസ്ഥിതിയുടെ ഭാവി ഇരുളടഞ്ഞതായിരുന്നു. (മത്താ. 24:2) യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ലഭിച്ച പുതിയ ഗ്രാഹ്യത്തോടും ക്രിസ്‌തീയ ശുശ്രൂഷകനെന്ന പദവിയോടും ഉള്ള താരതമ്യത്തിൽ, ഒരിക്കൽ വിലയുള്ളതായി കണ്ടിരുന്ന പല സംഗതികളും പൗലോസ് എന്ന മുൻപരീശന് “ഉച്ഛിഷ്ടം” ആയി തോന്നി. അവൻ യഹൂദമതം ഉപേക്ഷിക്കുകയും ഭൂമിയിലെ തന്റെ പിൽക്കാല ജീവിതം സുവാർത്ത പ്രസംഗിക്കുന്നതിനായി ഉഴിഞ്ഞുവെക്കുകയും ചെയ്‌തു.—ഫിലിപ്പിയർ 3:4-8, 15 വായിക്കുക; പ്രവൃ. 9:15.
മുൻഗണനകൾ പരിശോധിക്കുക
12. സ്‌നാനമേറ്റതിനു ശേഷം എന്തിലായിരുന്നു യേശുവിന്റെ ശ്രദ്ധ?
12 നോഹ, മോശ, യിരെമ്യാവ്, പൗലോസ് എന്നിവരും അവരെപ്പോലെ മറ്റ് അനേകരും തങ്ങളുടെ സമയത്തിന്റെയും ഊർജത്തിന്റെയും ഭൂരിഭാഗം യഹോവയുടെ സേവനത്തിൽ ചെലവഴിച്ചവരാണ്. നമുക്ക് നല്ല മാതൃകകളാണ് അവർ. എന്നാൽ, യഹോവയുടെ സമർപ്പിതദാസരുടെ കൂട്ടത്തിൽ നമുക്കുള്ള ഏറ്റവും നല്ല മാതൃക യേശുവാണ്. (1 പത്രോ. 2:21) സ്‌നാനത്തിനു ശേഷം ഭൂമിയിലെ തന്റെ ശേഷിച്ച ജീവിതം സുവാർത്ത പ്രസംഗിക്കാനും യഹോവയ്‌ക്ക് ബഹുമതി കരേറ്റാനും വേണ്ടി അവൻ നീക്കിവെച്ചു. യഹോവയെ യജമാനനായി അംഗീകരിക്കുന്ന ഏതൊരു ക്രിസ്‌ത്യാനിയുടെയും ജീവിതത്തിൽ ദൈവസേവനത്തിനായിരിക്കണം മുൻഗണന എന്ന് വ്യക്തം. നിങ്ങളുടെ കാര്യത്തിൽ അത് സത്യമാണോ? ദിവ്യാധിപത്യപ്രവർത്തനങ്ങൾക്ക് മുൻഗണന കൊടുക്കുന്നതിനോടൊപ്പംതന്നെ തനിക്കുള്ള മറ്റ് ഉത്തരവാദിത്വങ്ങളും നിർവഹിക്കാൻ ഒരു വ്യക്തിക്ക് എങ്ങനെ സാധിക്കും?—സങ്കീർത്തനം 71:15; 145:2 വായിക്കുക.
13, 14. (എ) എന്തിനെക്കുറിച്ച് ചിന്തിക്കാനാണ് എല്ലാ സമർപ്പിതക്രിസ്‌ത്യാനികളെയും പ്രോത്സാഹിപ്പിച്ചിരിക്കുന്നത്? (ബി) എന്താണ് ദൈവജനത്തിന് സംതൃപ്‌തി നൽകുന്നത്?
13 പയനിയറിങ് ചെയ്യുന്നതിനെക്കുറിച്ച് പ്രാർഥനാപൂർവം ചിന്തിക്കാൻ വർഷങ്ങളായി യഹോവയുടെ സംഘടന ആവർത്തിച്ച് പ്രോത്സാഹിപ്പിക്കുന്നു. പല കാരണങ്ങളാൽ, മാസന്തോറും പ്രസംഗവേലയിൽ ശരാശരി 70 മണിക്കൂർ പ്രവർത്തിക്കാൻ യഹോവയുടെ വിശ്വസ്‌ത സേവകരിൽ പലരുടെയും സാഹചര്യം അനുവദിച്ചില്ലെന്നുവരാം. അവർക്ക് അതിൽ വിഷമം തോന്നേണ്ടതില്ല. (1 തിമൊ. 5:8) എന്നാൽ നിങ്ങളുടെ കാര്യമോ? വാസ്‌തവത്തിൽ പയനിയറിങ് നിങ്ങൾക്ക് കൈയെത്താദൂരത്താണോ?
14 കഴിഞ്ഞ സ്‌മാരകകാലത്ത്, ദൈവജനത്തിൽ അനേകരും ആസ്വദിച്ച സന്തോഷത്തെക്കുറിച്ച് ഒന്ന് ഓർത്തുനോക്കൂ. ഈ വർഷം മാർച്ച് മാസത്തിൽ 30 മണിക്കൂറോ 50 മണിക്കൂറോ വയൽസേവനത്തിൽ ഏർപ്പെട്ടുകൊണ്ട് സഹായ പയനിയറിങ് ചെയ്യാൻ ഒരു പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുകയുണ്ടായി. (സങ്കീ. 110:3) ദശലക്ഷങ്ങളാണ് സഹായ പയനിയറിങ് ചെയ്‌തത്, സഭകളിൽ സന്തോഷവും ആവേശവും അലയടിച്ചത് നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. കാര്യാദികൾ ക്രമീകരിച്ചുകൊണ്ട് കൂടെക്കൂടെ സഹായ പയനിയറിങ് ചെയ്യാൻ നിങ്ങൾക്കാകുമോ? ഓരോ ദിവസത്തിന്റെയും ഒടുവിൽ “യഹോവേ, അങ്ങയുടെ സേവനത്തിൽ എന്നാലാവുന്നതെല്ലാം ഞാൻ ചെയ്‌തു” എന്നു പറയാനായാൽ ഒരു സമർപ്പിതക്രിസ്‌ത്യാനിക്ക് അത് എത്ര സംതൃപ്‌തി നൽകും!
15. വിദ്യാഭ്യാസം നേടുമ്പോൾ ഒരു യുവക്രിസ്‌ത്യാനിയുടെ ലക്ഷ്യം എന്തായിരിക്കണം?
15 സ്‌കൂൾവിദ്യാഭ്യാസം കഴിയാറായ ഒരു വിദ്യാർഥിയാണോ നിങ്ങൾ? സാധ്യതയനുസരിച്ച് ഉത്തരവാദിത്വങ്ങൾ താരതമ്യേന കുറവായിരിക്കുന്ന ഒരു പ്രായമാണ് അത്; നല്ല ആരോഗ്യവും ഉണ്ടായിരിക്കും. സാധാരണ പയനിയറിങ് ആരംഭിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ഗൗരവമായി ചിന്തിച്ചിട്ടുണ്ടോ? അധ്യാപകർ നിങ്ങളുടെ നന്മയെ കരുതി ഉന്നതവിദ്യാഭ്യാസം നേടാനും ഒരു ജോലി കണ്ടെത്താനും പ്രോത്സാഹിപ്പിച്ചേക്കാം. എന്നാൽ അവർ ആശ്രയിക്കുന്ന സാമൂഹിക-സാമ്പത്തിക വ്യവസ്ഥയ്‌ക്ക് നിലനിൽക്കുന്ന ഭാവിയില്ല. നേരേമറിച്ച്, യഹോവയുടെ സേവനം നിങ്ങളുടെ ജീവിതവൃത്തിയാക്കുന്നെങ്കിൽ നിങ്ങൾ നിങ്ങളുടെ സമയം ഏറ്റവും നല്ല രീതിയിൽ വിനിയോഗിക്കുകയാണ്; നിലനിൽക്കുന്ന ഒരു ഭാവിയും നിങ്ങൾക്കുണ്ടാകും. അപ്പോൾ യേശുവിന്റെ ഉത്തമമാതൃകയായിരിക്കും നിങ്ങൾ അനുകരിക്കുന്നത്. ജ്ഞാനപൂർവമായ ആ തീരുമാനം നിങ്ങൾക്ക് സന്തോഷം നൽകും. അത് നിങ്ങളെ സംരക്ഷിക്കും. യഹോവയ്‌ക്കുള്ള സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ നിങ്ങൾ ദൃഢചിത്തരാണെന്നും അത് തെളിയിക്കും.—മത്താ. 6:19-21; 1 തിമൊ. 6:9-12.
16, 17. യഹോവയുടെ സേവനത്തോടു ബന്ധപ്പെട്ട് ഒരു ക്രിസ്‌ത്യാനി ഏതെല്ലാം ചോദ്യങ്ങൾ സ്വയം ചോദിക്കണം?
16 തങ്ങളുടെ കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ദൈവദാസരിൽ അനേകർക്കും ദീർഘനേരം ജോലി ചെയ്യേണ്ടിവരുന്നു. എന്നാൽ ആവശ്യത്തിലേറെ സമയം ജോലി ചെയ്യുന്നവരുമുണ്ട്. (1 തിമൊ. 6:8) വിപണിയിൽ ഇറങ്ങുന്ന നിരവധി ഉത്‌പന്നങ്ങളും അവയുടെ പുതിയപുതിയ മോഡലുകളും ഇല്ലാതെ ജീവിക്കാനാവില്ലെന്ന് നമ്മെ വിശ്വസിപ്പിക്കാനാണ് വാണിജ്യലോകത്തിന്റെ ശ്രമം. എന്നാൽ, സത്യക്രിസ്‌ത്യാനികളായ നമ്മുടെ മുൻഗണനകൾ തീരുമാനിക്കേണ്ടത് സാത്താന്റെ ലോകമല്ല. (1 യോഹ. 2:15-17) ജോലിയിൽനിന്ന് വിരമിച്ചവർക്ക് യഹോവയുടെ സേവനം ഒന്നാമത് വെച്ചുകൊണ്ട് പയനിയറിങ് ചെയ്യാനുള്ള അവസരമുണ്ട്; തങ്ങളുടെ സമയം നന്നായി വിനിയോഗിക്കാൻ അവർക്ക് ഇതിലും മെച്ചമായ മറ്റെന്ത് മാർഗമാണുള്ളത്?
17 യഹോവയുടെ എല്ലാ സമർപ്പിത ദാസർക്കും സ്വയം ഇങ്ങനെ ചോദിക്കാനാകും: ജീവിതത്തിൽ ഞാൻ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്നത് എന്തിനാണ്? ഞാൻ രാജ്യതാത്‌പര്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകുന്നുണ്ടോ? യേശുവിന്റെ ആത്മത്യാഗമനോഭാവം അനുകരിക്കുന്നുണ്ടോ? യേശുവിനെ തുടർച്ചയായി അനുഗമിക്കാനുള്ള അവന്റെ നിർദേശം പിൻപറ്റുന്നുണ്ടോ? രാജ്യപ്രസംഗവേലയ്‌ക്കും മറ്റു ദിവ്യാധിപത്യപ്രവർത്തനങ്ങൾക്കും ആയി കൂടുതൽ സമയം കണ്ടെത്താൻ എനിക്ക് എന്റെ ദൈനംദിന കാര്യാദികൾ ക്രമീകരിക്കാനാകുമോ? പ്രസംഗവേലയിൽ കൂടുതൽ ഏർപ്പെടാൻ എന്റെ സാഹചര്യം ഇപ്പോൾ അനുവദിക്കുന്നില്ലെങ്കിലും, എന്റെ സമയവും ഊർജവും യഹോവയ്‌ക്കായി ചെലവഴിക്കാനുള്ള അവസരങ്ങൾ ഞാൻ തേടാറുണ്ടോ?
“ഇച്ഛിക്കാനും പ്രവർത്തിക്കാനും” സഹായം
18, 19. നിങ്ങൾക്ക് എന്തിനായി പ്രാർഥിക്കാനാകും, അത്തരം അപേക്ഷ യഹോവയ്‌ക്ക് പ്രസാദകരമായിരിക്കുന്നത് എന്തുകൊണ്ട്?
18 യഹോവയുടെ ജനത്തിന്റെ തീക്ഷ്‌ണത നമുക്ക് സന്തോഷം നൽകാറുണ്ട്. എന്നാൽ, ചിലർക്ക് പയനിയറിങ് ചെയ്യാൻ സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അത് ചെയ്യാനുള്ള ആഗ്രഹം തോന്നുന്നില്ലായിരിക്കാം, അല്ലെങ്കിൽ അതിനുള്ള പ്രാപ്‌തിയുണ്ടെന്നു തോന്നുന്നില്ലായിരിക്കാം. (പുറ. 4:10; യിരെ. 1:6) അപ്പോൾ എന്തു ചെയ്യും? എന്തുകൊണ്ട് ഇതിനെക്കുറിച്ച് പ്രാർഥിച്ചുകൂടാ? “നിങ്ങൾക്ക് ഇച്ഛിക്കാനും പ്രവർത്തിക്കാനും കഴിയേണ്ടതിന് തന്റെ പ്രസാദപ്രകാരം നിങ്ങളിൽ പ്രവർത്തിക്കുന്നത്” യഹോവയാകുന്നു എന്ന് പൗലോസ് സഹവിശ്വാസികളോടു പറഞ്ഞു. (ഫിലി. 2:13) അതുകൊണ്ട്, ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ പ്രചോദനം തോന്നുന്നില്ലെങ്കിൽ അതിനുള്ള ആഗ്രഹവും പ്രാപ്‌തിയും നൽകാൻ യഹോവയോടു യാചിക്കുക.—2 പത്രോ. 3:9, 11, 12എ.
19 നോഹയും മോശയും യിരെമ്യാവും പൗലോസും യേശുവും വിശ്വസ്‌തരായിരുന്നു. യഹോവയുടെ മുന്നറിയിപ്പുകൾ പ്രഖ്യാപിക്കുന്നതിന് തങ്ങളുടെ സമയവും ഊർജവും അവർ വിനിയോഗിച്ചു; അതിൽനിന്ന് ശ്രദ്ധ വ്യതിചലിച്ചുപോകാതിരിക്കാൻ അവർ ശ്രദ്ധിച്ചു. ഈ വ്യവസ്ഥിതിയുടെ അന്ത്യം ആസന്നമാണ്. അതുകൊണ്ട് ജീവിതം ദൈവത്തിനു സമർപ്പിച്ചിരിക്കുന്ന നാമെല്ലാം മേൽപ്പറഞ്ഞ തിരുവെഴുത്തുദൃഷ്ടാന്തങ്ങൾ മാതൃകയാക്കണം. (മത്താ. 24:42; 2 തിമൊ. 2:15) അങ്ങനെ ചെയ്യുകവഴി നമുക്ക് യഹോവയെ പ്രസാദിപ്പിക്കാനാകും; അവന്റെ സമൃദ്ധമായ അനുഗ്രഹങ്ങളും നാം പ്രാപിക്കും.—മലാഖി 3:10 വായിക്കുക.
[അടിക്കുറിപ്പ്]
a വീക്ഷാഗോപുരം 2006 ആഗസ്റ്റ് 15 പേജ് 16-19; 2008 ഒക്‌ടോബർ 15 പേജ് 8, 9 ഖണ്ഡിക 7-9 കാണുക.
[അധ്യയന ചോദ്യങ്ങൾ]
[21-ാം പേജിലെ ചിത്രം]
നോഹയുടെ മുന്നറിയിപ്പുകൾ ജനം ഗൗനിച്ചില്ല
[24-ാം പേജിലെ ചിത്രം]
സാധാരണ പയനിയറിങ് തുടങ്ങുന്നതിനെക്കുറിച്ച് നിങ്ങൾ ഗൗരവമായി ചിന്തിച്ചിട്ടുണ്ടോ?