വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മാർപ്പണത്തിന്റെ മാതൃകകൾ ഇക്വഡോറിൽ

ആത്മാർപ്പണത്തിന്റെ മാതൃകകൾ ഇക്വഡോറിൽ

ആത്മാർപ്പണത്തിന്റെ മാതൃകകൾ ഇക്വഡോറിൽ

ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇറ്റലിയിലെ ഒരു യുവ സഹോദരന്‌ മറ്റുള്ളവരിൽനിന്ന്‌ കടുത്ത സമ്മർദം നേരിട്ടു. ക്ലാസ്സിൽ ഏറ്റവും ഉയർന്ന ഗ്രേഡ്‌ കരസ്ഥമാക്കിയ അവനെ ബന്ധുക്കളും അധ്യാപകരും ഉന്നത വിദ്യാഭ്യാസം നേടാൻ നിർബന്ധിച്ചു. എന്നാൽ ഏതാനും വർഷങ്ങൾക്കുമുമ്പ്‌ ബ്രൂണോ എന്ന ആ ചെറുപ്പക്കാരൻ യഹോവയ്‌ക്കു ജീവിതം സമർപ്പിച്ചിരുന്നു; യഹോവയുടെ ഹിതത്തിനായിരിക്കും ജീവിതത്തിൽ പ്രമുഖസ്ഥാനം എന്ന്‌ അവൻ പ്രതിജ്ഞ ചെയ്‌തിരുന്നു. ഒടുവിൽ അവൻ എന്തു തീരുമാനിച്ചു? അവൻ പറയുന്നു: “ഞാൻ എന്റെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുമെന്നും ജീവിതത്തിൽ ദൈവത്തിന്‌ ഒന്നാം സ്ഥാനം നൽകുമെന്നും യഹോവയ്‌ക്ക്‌ ഉറപ്പുനൽകി. പക്ഷേ വിരസമായ ഒരു ജീവിതമല്ല, ദൈവസേവനത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ്‌ ഞാൻ ആഗ്രഹിക്കുന്നതെന്ന്‌ അവനോടു തുറന്നുപറഞ്ഞു.”

കുറച്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ബ്രൂണോ തെക്കേ അമേരിക്കയിലെ ഇക്വഡോറിലാണ്‌. അവൻ പറയുന്നു: “എന്റെ പ്രതീക്ഷകളെ കടത്തിവെട്ടുന്ന വിധത്തിലാണ്‌ യഹോവ എനിക്ക്‌ ഉത്തരം നൽകിയത്‌.” ബ്രൂണോ ഇക്വഡോറിൽ എത്തിയപ്പോൾ അതിശയിച്ചുപോയി. അവിടെ അതാ, യഹോവയെ കൂടുതൽ നന്നായി സേവിക്കുന്നതിനായി, തന്നെപ്പോലെ അവിടേക്കു മാറിത്താമസിച്ച അനേകം യുവപ്രായക്കാർ!

‘യഹോവയെ പരീക്ഷിച്ചറിഞ്ഞ’ യുവപ്രായക്കാർ

“ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ . . . എന്നെ പരീക്ഷിപ്പിൻ” എന്ന യഹോവയുടെ ക്ഷണത്തോട്‌ ബ്രൂണോയെപ്പോലെ പ്രതികരിച്ച ആയിരക്കണക്കിനു യുവപ്രായക്കാർ ലോകമെമ്പാടുമുണ്ട്‌. (മലാ. 3:10) രാജ്യഘോഷകരുടെ ആവശ്യമേറെയുള്ള ഒരു രാജ്യത്തോ പ്രദേശത്തോ ചെന്ന്‌ തങ്ങളുടെ സമയവും ഊർജവും വിഭവങ്ങളും മനസ്സോടെ ദൈവസേവനത്തിൽ ചെലവഴിക്കാൻ, അങ്ങനെ ‘യഹോവയെ പരീക്ഷിച്ചറിയാൻ,’ അവർ തീരുമാനിച്ചിരിക്കുന്നു. ദൈവത്തോടുള്ള സ്‌നേഹമാണ്‌ അതിനവരെ പ്രേരിപ്പിക്കുന്നത്‌.

“കൊയ്‌ത്തു വളരെയുണ്ട്‌; വേലക്കാരോ ചുരുക്കം” എന്ന വാക്കുകളുടെ സത്യത, നിയമനപ്രദേശത്ത്‌ എത്തുന്നതോടെ ഈ സ്വമേധാസേവകർ അനുഭവിച്ചറിയുന്നു. (മത്താ. 9:37) ജർമനിയിൽനിന്നുള്ള യോക്‌ലീൻ എന്ന സഹോദരി ഇക്വഡോറിലെ ബ്രാഞ്ചിന്‌ എഴുതിയ കത്തിൽനിന്ന്‌ അവരുടെ ആവേശം വായിച്ചെടുക്കാം: “ഞാൻ ഇക്വഡോറിലെത്തിയിട്ട്‌ രണ്ടുവർഷം കഴിഞ്ഞതേയുള്ളൂ. എനിക്ക്‌ ഇപ്പോൾത്തന്നെ 13 ബൈബിളധ്യയനങ്ങളുണ്ട്‌, അതിൽ നാലുപേർ ക്രമമായി യോഗങ്ങൾക്കു ഹാജരാകുന്നു. അത്‌ ഒരു വലിയ കാര്യമല്ലേ?” കാനഡയിൽനിന്നുള്ള ഷാന്റെൽ പറയുന്നു: “2008-ൽ ഞാൻ ഇക്വഡോറിന്റെ തീരത്തുള്ള ഒരു പ്രദേശത്തേക്കു മാറിയപ്പോൾ അവിടെ ഉണ്ടായിരുന്നത്‌ ഒരു സഭ മാത്രമാണ്‌. ഇപ്പോൾ അവിടെ മൂന്നുസഭകളുണ്ട്‌, 30-ലധികം പയനിയർമാരും അവിടെ പ്രവർത്തിക്കുന്നു. പുതിയവരായ അനേകം ആളുകൾ പുരോഗതി വരുത്തുന്നത്‌ കാണുന്നതിന്റെ സന്തോഷം ഒന്നു വേറെതന്നെ.” അവൾ തുടരുന്നു: “അടുത്തയിടെ ഞാൻ, 2,743 മീറ്റർ ഉയരത്തിൽ ആൻഡീസ്‌മലകളിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണത്തിലേക്കു താമസം മാറി. 75,000 പേർ താമസിക്കുന്ന ആ പട്ടണത്തിൽ ഒരു സഭയേ ഉള്ളൂ. വളരെ ഫലവത്തായ ഒരു പ്രദേശമാണ്‌ അത്‌! ഞാൻ എന്റെ ശുശ്രൂഷ ശരിക്കും ആസ്വദിക്കുന്നുണ്ട്‌.”

വെല്ലുവിളികൾ

വിദേശത്ത്‌ സേവിക്കുന്നവർക്ക്‌ കാര്യമായ ചില വെല്ലുവിളികൾ നേരിടേണ്ടിവരും എന്നത്‌ ശരിയാണ്‌. ചില യുവാക്കൾക്ക്‌ മാറിത്താമസിക്കുന്നതിനു മുമ്പുതന്നെ തടസ്സങ്ങൾ നേരിട്ടിട്ടുണ്ട്‌. യു.എസ്‌.എ.-യിൽനിന്നുള്ള കേല പറയുന്നു: “സദുദ്ദേശ്യത്തോടെ പറഞ്ഞതാണെങ്കിലും എന്റെ നാട്ടിലെ ചില സഹോദരങ്ങളുടെ അഭിപ്രായങ്ങൾ എന്നെ നിരുത്സാഹപ്പെടുത്തി. പയനിയറിങ്‌ ചെയ്യാൻ ഞാൻ മറ്റൊരു രാജ്യത്തേക്ക്‌ മാറുന്നത്‌ എന്തിനാണെന്ന്‌ അവർക്കു മനസ്സിലായില്ല. ചിലപ്പോഴൊക്കെ, ‘എന്റെ തീരുമാനം ശരിയാണോ’ എന്നുപോലും ഞാൻ സംശയിച്ചിട്ടുണ്ട്‌.” എങ്കിലും കേല മാറിത്താമസിക്കാൻ തീരുമാനിച്ചു. അവൾ പറയുന്നു: “നിരവധി തവണ പ്രാർഥിക്കുകയും പക്വതയുള്ള സഹോദരീസഹോദരന്മാരോട്‌ കുറേയധികം സംസാരിക്കുകയും ചെയ്‌തപ്പോൾ ദൈവസേവനത്തിൽ ഏറെ ചെയ്യാനുള്ള നമ്മുടെ മനസ്സൊരുക്കത്തെ യഹോവ അനുഗ്രഹിക്കും എന്ന്‌ എനിക്ക്‌ ബോധ്യമായി.”

പലർക്കും പുതിയൊരു ഭാഷ പഠിക്കുന്നത്‌ ഒരു പ്രതിബന്ധമാണ്‌. അയർലൻഡിൽനിന്നുള്ള ഷേബൻ ഓർക്കുന്നു: “എന്റെ മനസ്സിലുള്ള കാര്യങ്ങൾ വാക്കുകളിലാക്കാൻ സാധിക്കാഞ്ഞത്‌ എന്നെ പ്രയാസപ്പെടുത്തി. ഭാഷാപഠനം ഊർജിതമാക്കുന്നതോടൊപ്പം ഞാൻ ക്ഷമയും ശീലിക്കേണ്ടിയിരുന്നു. ഞാൻ വരുത്തുന്ന തെറ്റുകൾ തമാശയായി കാണാനും പഠിക്കേണ്ടിയിരുന്നു.” എസ്റ്റോണിയയിൽനിന്നുള്ള അന്ന പറയുന്നു: “സ്‌പാനിഷ്‌ ഭാഷ പഠിക്കുന്നതു വെച്ചുനോക്കുമ്പോൾ ആ നാട്ടിലെ ചൂടും പൊടിയും കുളിക്കാൻ ചൂടുവെള്ളമില്ലാത്തതും ഒന്നും വലിയ പ്രശ്‌നമായി തോന്നിയില്ല. എന്നെക്കൊണ്ട്‌ ഇതു പറ്റില്ല എന്ന്‌ ചില സമയത്തു തോന്നിയിട്ടുണ്ട്‌. എന്റെ തെറ്റുകളിലല്ല, പകരം ഞാൻ വരുത്തുന്ന പുരോഗതിയിൽ ശ്രദ്ധിക്കാൻ ഞാൻ പഠിക്കേണ്ടിയിരുന്നു.”

നാടും വീടും വിട്ടുപോന്നതിന്റെ വിഷമമാണ്‌ മറ്റൊരു പ്രതിബന്ധം. യു.എസ്‌.എ.-യിൽനിന്നുള്ള ജോനഥൻ സമ്മതിക്കുന്നു: “വീട്ടുകാരിൽനിന്നും കൂട്ടുകാരിൽനിന്നും അകന്നുനിൽക്കുന്നതിന്റെ വിഷമം നിമിത്തം അവിടെയെത്തി അധികം വൈകാതെ എന്റെ ആവേശം കെട്ടു. പക്ഷേ വ്യക്തിപരമായ ബൈബിൾപഠനത്തിലും ശുശ്രൂഷയിലും കൂടുതൽ ശ്രദ്ധിച്ചതുകൊണ്ട്‌ എനിക്ക്‌ ആ വിഷമം തരണം ചെയ്യാനായി. വയലിൽ എനിക്കുണ്ടായ ആവേശജനകമായ അനുഭവങ്ങളും സഭയിൽ കണ്ടെത്തിയ പുതിയ കൂട്ടുകാരും പെട്ടെന്നുതന്നെ സന്തോഷം വീണ്ടെടുക്കാൻ എന്നെ സഹായിച്ചു.”

ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്നതാണ്‌ മറ്റൊരു വെല്ലുവിളി. നിങ്ങൾ ശീലിച്ചുവന്ന ചുറ്റുപാടുകളായിരിക്കില്ല അവിടെ. കാനഡയിൽനിന്നുള്ള ബോവ്‌ പറയുന്നു: “പൈപ്പുവെള്ളവും വൈദ്യുതിയും ഇല്ലാത്ത അവസ്ഥയെക്കുറിച്ചു സ്വന്തം നാട്ടിൽവെച്ച്‌ നിങ്ങൾ ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല. പക്ഷേ ഇവിടെ, അവ തോന്നുമ്പോൾ പോകുകയും തോന്നുമ്പോൾ വരുകയും ചെയ്യും.” ദാരിദ്ര്യം, യാത്രാസൗകര്യങ്ങളുടെ അപര്യാപ്‌തത, നിരക്ഷരത എന്നിവയൊക്കെ പല വികസ്വര രാഷ്‌ട്രങ്ങളിലും സാധാരണമാണ്‌. അവിടങ്ങളിലുള്ളവരുടെ നല്ല ഗുണങ്ങളിൽ ശ്രദ്ധിക്കുന്നതുകൊണ്ട്‌ ഓസ്‌ട്രിയയിൽനിന്നുള്ള ഈൻസിന്‌ അത്തരം കാര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാനാകുന്നു. അവൾ പറയുന്നു: “അവർ അതിഥിപ്രിയരും സൗമ്യരും സഹായമനസ്‌കരും താഴ്‌മയുള്ളവരും ആണ്‌. എല്ലാറ്റിനും ഉപരി അവർക്ക്‌ ദൈവത്തെക്കുറിച്ച്‌ അറിയാൻ വലിയ താത്‌പര്യമുണ്ട്‌.”

‘സ്ഥലം പോരാതെവരുവോളം അനുഗ്രഹം’

ഇക്വഡോറിൽ സേവിക്കുന്ന യുവപ്രായക്കാരായ ഇവരെല്ലാം ത്യാഗങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിലും അവരുടെ പ്രതീക്ഷകൾക്കെല്ലാം “ഉപരിയായി ചെയ്‌തു”തരുന്നവനാണ്‌ യഹോവ എന്ന്‌ അവർ അനുഭവിച്ചറിഞ്ഞിരിക്കുന്നു. (എഫെ. 3:20) അവർക്ക്‌ ‘സ്ഥലം പോരാതെവരുവോളം അനുഗ്രഹം’ ലഭിച്ചിരിക്കുന്നതായി അവർക്ക്‌ തോന്നുന്നു. (മലാ. 3:10) അവരുടെ ശുശ്രൂഷയെക്കുറിച്ച്‌ അവരിൽനിന്നു കേൾക്കൂ:

ബ്രൂണോ: “വ്യത്യസ്‌തത നിറഞ്ഞ ആമസോൺ പ്രദേശത്താണ്‌ ഇക്വഡോറിലെ എന്റെ ശുശ്രൂഷ ഞാൻ ആരംഭിച്ചത്‌. പിന്നീട്‌ ഇക്വഡോർ ബ്രാഞ്ച്‌ ഓഫീസ്‌ വിപുലീകരിക്കുന്ന വേലയിൽ സഹായിച്ചു. ഇപ്പോൾ ഞാൻ ബെഥേലിൽ സേവിക്കുന്നു. ഇറ്റലിയിൽവെച്ച്‌, ജീവിതത്തിൽ യഹോവയ്‌ക്ക്‌ ഒന്നാം സ്ഥാനം നൽകാൻ ഞാൻ തീരുമാനിച്ചു. ആവേശജനകവും വൈവിധ്യമാർന്നതും ആയ ഒരു ജീവിതം നയിച്ചുകൊണ്ട്‌ ദൈവത്തെ സേവിക്കാനുള്ള എന്റെ ആഗ്രഹത്തെ ശരിക്കും തൃപ്‌തിപ്പെടുത്തുകയാണ്‌ ദൈവം ഇപ്പോൾ.”

ബോവ്‌: “ഇക്വഡോറിൽ, എന്റെ സമയം മുഴുവനും ആത്മീയ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കാൻ കഴിയുന്നതുകൊണ്ട്‌ യഹോവയോടു ഞാൻ കൂടുതൽ അടുത്തിരിക്കുന്നു. അതോടൊപ്പം, കാലങ്ങളായി ഞാൻ മനസ്സിൽ താലോലിച്ചിരുന്ന ഒരു ആഗ്രഹം കൂടി സഫലമായി: നല്ലനല്ല സ്ഥലങ്ങൾ കാണാനുള്ള ആഗ്രഹം.”

അന്ന: “ഏകാകിയായതിനാൽ എനിക്ക്‌ ഒരു മിഷനറിയുടേതുപോലുള്ള ജീവിതം നയിക്കാൻ സാധിക്കില്ലെന്നാണ്‌ ഞാൻ കരുതിയിരുന്നത്‌. എന്നാൽ അതു സാധ്യമാണെന്ന്‌ എനിക്ക്‌ ഇപ്പോൾ അറിയാം. യഹോവയുടെ അനുഗ്രഹത്താൽ ശിഷ്യരെ ഉളവാക്കാനും രാജ്യഹാൾ നിർമാണത്തിൽ പങ്കെടുക്കാനും പുതിയ കൂട്ടുകാരെ കണ്ടെത്താനും എനിക്ക്‌ സാധിച്ചിരിക്കുന്നു. ഞാൻ ഇന്ന്‌ ഏറെ സന്തോഷവതിയാണ്‌.”

എൽക്ക: “കുറഞ്ഞത്‌ ഒരു ബൈബിളധ്യയനമെങ്കിലും ലഭിക്കാൻ എന്റെ സ്വദേശമായ ഓസ്‌ട്രിയയിൽവെച്ച്‌ ഞാൻ യഹോവയോടു പ്രാർഥിക്കുമായിരുന്നു. ഇവിടെ എനിക്ക്‌ 15 ബൈബിളധ്യയനങ്ങളുണ്ട്‌! പുരോഗതി വരുത്തുന്ന ബൈബിൾ വിദ്യാർഥികളുടെ സന്തോഷം കാണുമ്പോൾ എനിക്ക്‌ ഏറെ ചാരിതാർഥ്യം തോന്നുന്നു.”

ജോയൽ: “ഒരു പരിചയവുമില്ലാത്ത ഒരു സ്ഥലത്ത്‌ യഹോവയെ സേവിക്കാനായി വരുക എന്നത്‌ ഒരു പ്രത്യേക അനുഭവമാണ്‌. അവനെ കൂടുതൽ ആശ്രയിക്കാൻ നിങ്ങൾ പഠിക്കും; അവൻ നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുന്നത്‌ കാണുമ്പോൾ നിങ്ങളുടെ ഉത്സാഹം വർധിക്കും! ഞാൻ ഐക്യനാടുകളിൽനിന്ന്‌ ഇവിടെയെത്തി ഒരു വർഷത്തിനുള്ളിൽ ഞാൻ സേവിക്കുന്ന കൂട്ടത്തിലെ പ്രസാധകരുടെ എണ്ണം 6-ൽ നിന്ന്‌ 21 ആയി വർധിച്ചു. സ്‌മാരകത്തിന്‌ ഹാജരായത്‌ 110 പേരാണ്‌.”

നിങ്ങൾക്ക്‌ അതിനു സാധിക്കുമോ?

യുവ സഹോദരീസഹോദരന്മാരേ, നിങ്ങളുടെ രാജ്യത്തോ വിദേശത്തോ രാജ്യഘോഷകരുടെ ആവശ്യം അധികമുള്ള ഒരു പ്രദേശത്തു പോയി സേവിക്കാൻ നിങ്ങൾക്കു സാധിക്കുമോ? പെട്ടെന്ന്‌ എടുക്കേണ്ട ഒരു തീരുമാനമല്ല അത്‌; ഇത്തരം ഗൗരവമുള്ള തീരുമാനമെടുക്കുന്നതിനു മുമ്പ്‌ ശ്രദ്ധയോടെയുള്ള ആസൂത്രണം ആവശ്യമാണ്‌. അതിലുപരി യഹോവയോടും അയൽക്കാരനോടും ഗാഢമായ സ്‌നേഹമുണ്ടായിരിക്കണം. നിങ്ങൾക്ക്‌ അത്തരം സ്‌നേഹവും മറ്റു യോഗ്യതകളും ഉണ്ടെങ്കിൽ വിദേശത്തു പോയി സേവിക്കുന്നതിനെക്കുറിച്ച്‌ യഹോവയോടു പ്രാർഥിക്കുക. നിങ്ങളുടെ ഈ ആഗ്രഹത്തെക്കുറിച്ച്‌ ക്രിസ്‌ത്യാനികളായ മാതാപിതാക്കളോടും സഭാമൂപ്പന്മാരോടും സംസാരിക്കുക. ദൈവത്തെ സേവിക്കാൻ ആവേശജനകവും സംതൃപ്‌തിദായകവും ആയ ഈ മേഖല തിരഞ്ഞെടുക്കാൻ അങ്ങനെ നിങ്ങളും തീരുമാനിച്ചേക്കാം.

[3-ാം പേജിലെ ആകർഷക വാക്യം]

“നിരവധി തവണ പ്രാർഥിക്കുകയും പക്വതയുള്ള സഹോദരീസഹോദരന്മാരോട്‌ കുറെയധികം സംസാരിക്കുകയും ചെയ്‌തപ്പോൾ ദൈവസേവനത്തിൽ ഏറെ ചെയ്യാനുള്ള നമ്മുടെ മനസ്സൊരുക്കത്തെ യഹോവ അനുഗ്രഹിക്കുമെന്ന്‌ എനിക്ക്‌ ബോധ്യമായി.”—യു.എസ്‌.എ.-യിൽനിന്നുള്ള കേല

[6-ാം പേജിലെ ചതുരം/ചിത്രം]

മറ്റൊരു പ്രദേശത്ത്‌ സേവിക്കാൻ എങ്ങനെ ഒരുങ്ങാം?

• നല്ലൊരു പഠനശീലം വളർത്തിയെടുക്കുക

• 2011 ആഗസ്റ്റ്‌ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-6 പേജുകളിലെ വിവരങ്ങൾ പരിചിന്തിക്കുക

• വിദേശത്ത്‌ സേവിച്ചിട്ടുള്ളവരോടു സംസാരിക്കുക

• ആ ദേശത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും കുറിച്ച്‌ ഗവേഷണം ചെയ്യുക

• ഭാഷ അത്യാവശ്യം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരു കോഴ്‌സിനു ചേരുക

[6-ാം പേജിലെ ചതുരം/ചിത്രം]

വിദേശത്തു സേവിക്കുന്ന ചിലർ ചെലവിനുള്ള പണം കണ്ടെത്തുന്ന വിധം

• ഓരോ വർഷവും കുറച്ചു മാസങ്ങൾ സ്വദേശത്തു ജോലി ചെയ്‌തുകൊണ്ട്‌

• വീടോ ഫ്‌ളാറ്റോ ബിസിനെസ്സോ വാടകയ്‌ക്കു കൊടുത്തുകൊണ്ട്‌

• ഇന്റർനെറ്റിലൂടെ ജോലി ചെയ്‌തുകൊണ്ട്‌

[4, 5 പേജുകളിലെ ചിത്രങ്ങൾ]

1 ജർമനിയിൽനിന്നുള്ള യോക്‌ലീൻ

2 ഇറ്റലിയിൽനിന്നുള്ള ബ്രൂണോ

3 കാനഡയിൽനിന്നുള്ള ബോവ്‌

4 അയർലൻഡിൽനിന്നുള്ള ഷേബൻ

5 യു.എസ്‌.എ.-യിൽനിന്നുള്ള ജോയൽ

6 യു.എസ്‌.എ.-യിൽനിന്നുള്ള ജോനഥൻ

7 എസ്റ്റോണിയയിൽനിന്നുള്ള അന്ന

8 ഓസ്‌ട്രിയയിൽനിന്നുള്ള എൽക്ക

9 കാനഡയിൽനിന്നുള്ള ഷാന്റെൽ

10 ഓസ്‌ട്രിയയിൽനിന്നുള്ള ഈൻസ്‌