വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“എന്റെ സ്വപ്‌നം സഫലമായി”

“എന്റെ സ്വപ്‌നം സഫലമായി”

“എന്റെ സ്വപ്‌നം സഫലമായി”

സാധാരണ പയനിയറായിരുന്ന എമീല്യക്ക്‌ പതിനഞ്ച്‌ വർഷം മുമ്പ്‌ പയനിയറിങ്‌ നിറുത്തേണ്ടിവന്നു. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി, ജീവിതത്തിൽ തനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ആ നല്ല നാളുകളെക്കുറിച്ച്‌ അവൾ ഇടയ്‌ക്കിടെ ഓർക്കാറുണ്ടായിരുന്നു. വീണ്ടും ശുശ്രൂഷയിലെ പങ്ക്‌ വർധിപ്പിക്കണമെന്ന്‌ അവൾക്ക്‌ തോന്നിത്തുടങ്ങി.

പക്ഷേ, ഒരു തടസ്സം: സമയത്തിന്റെ സിംഹഭാഗം ജോലിക്കായി വേണ്ടിവരുന്നു; അത്‌ അവളെ വളരെ വിഷമിപ്പിച്ചു. “എന്റെ ജോലിസമയം കുറച്ചു കിട്ടിയിരുന്നെങ്കിൽ. . . ” എന്ന്‌ അവൾ സഹജോലിക്കാരോട്‌ പരിതപിക്കുന്നത്‌ ഒരിക്കൽ മേലുദ്യോഗസ്ഥ കേൾക്കാനിടയായി. അത്‌ കാര്യമായിട്ട്‌ പറഞ്ഞതാണോയെന്ന്‌ അവർ ചോദിച്ചു. അതെ എന്നായിരുന്നു അവളുടെ മറുപടി. എല്ലാ ജോലിക്കാരും നിശ്ചയിച്ചിരിക്കുന്ന സമയമത്രയും ജോലിചെയ്‌തിരിക്കണം എന്നത്‌ കമ്പനിയുടെ നിയമമായതിനാൽ അവളുടെ ആവശ്യം അംഗീകരിച്ചുകിട്ടണമെങ്കിൽ മേലധികാരികളിൽ ഒരാളുടെ അനുമതി വേണ്ടിയിരുന്നു. മേലധികാരിയുമായി സംസാരിക്കാൻ സഹോദരി തയ്യാറെടുത്തു; ധൈര്യവും പ്രശാന്തതയും ലഭിക്കുന്നതിനായി പ്രാർഥിക്കുകയും ചെയ്‌തു.

സംസാരത്തിനിടെ എമീല്യ നയപൂർവം, എന്നാൽ ധൈര്യത്തോടെ തന്റെ ജോലിസമയം കുറച്ചു തരാൻ അപേക്ഷിച്ചു. ഒഴിവുസമയങ്ങൾ താൻ മറ്റുള്ളവരെ സഹായിക്കാൻ വിനിയോഗിക്കാറുണ്ടെന്ന്‌ അവൾ വിശദീകരിച്ചു: “ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്‌. ഞാൻ ആളുകളെ ആത്മീയമായി സഹായിക്കാറുണ്ട്‌. ഇന്ന്‌ പൊതുവെ ആളുകളുടെ ധാർമികമൂല്യങ്ങൾ ക്ഷയിക്കുന്നതിനാൽ അവർക്ക്‌ ശരിയായ മൂല്യങ്ങൾ പകർന്നുകൊടുക്കുകയും അവരെ നേർവഴി കാണിക്കുകയും ചെയ്യേണ്ടതുണ്ട്‌. ഞാൻ ബൈബിളിൽനിന്ന്‌ പറഞ്ഞുകൊടുക്കുന്ന വിവരങ്ങൾ അവർക്ക്‌ ഏറെ പ്രയോജനം ചെയ്യുന്നു. ആളുകളെ സഹായിക്കാൻ എനിക്ക്‌ കുറച്ചുകൂടി സമയം കിട്ടിയാൽ കൊള്ളാമെന്നുണ്ട്‌. അതുകൊണ്ടാണ്‌ ജോലിസമയം കുറച്ചുകിട്ടാൻ ഞാൻ ആഗ്രഹിക്കുന്നത്‌. ജോലിസമയത്തിനു ശേഷമുള്ള എന്റെ പ്രവർത്തനങ്ങൾ ജോലിയെ ബാധിക്കാതെ ഞാൻ നോക്കിക്കൊള്ളാം.”

എമീല്യക്കു പറയാനുള്ളത്‌ ശ്രദ്ധിച്ചുകേട്ട കമ്പനിമേധാവി, ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ച്‌ താനും ഒരിക്കൽ ചിന്തിച്ചിരുന്നെന്ന്‌ പറഞ്ഞു. “നിങ്ങൾ പറഞ്ഞ കാരണങ്ങൾ വെച്ചുനോക്കുമ്പോൾ എനിക്ക്‌ നിങ്ങളുടെ ആവശ്യം അംഗീകരിക്കാതിരിക്കാൻ കഴിയുന്നില്ല. പക്ഷേ, ശമ്പളം കുറയുമെന്ന കാര്യം ചിന്തിച്ചിരുന്നോ?” അദ്ദേഹം ചോദിച്ചു. ചിന്തിച്ചിരുന്നെന്നും ആവശ്യമെങ്കിൽ ചെലവുചുരുക്കി ജീവിക്കാൻ ഒരുക്കമാണെന്നും എമീല്യ പറഞ്ഞു. “ആളുകൾക്ക്‌ യഥാർഥത്തിൽ പ്രയോജനം ചെയ്യുന്ന എന്തെങ്കിലും ചെയ്യണമെന്നതാണ്‌ എന്റെ മുഖ്യലക്ഷ്യം” എന്നും അവൾ കൂട്ടിച്ചേർത്തു. “മറ്റുള്ളവർക്കുവേണ്ടി നിസ്സ്വാർഥം സമയം ഉഴിഞ്ഞുവെക്കുന്നവരോട്‌ എനിക്ക്‌ മതിപ്പാണ്‌,” കമ്പനിമേധാവി പ്രതിവചിച്ചു.

ആ കമ്പനി ഒരിക്കൽപ്പോലും ആർക്കും ഇങ്ങനെയൊരു ആനുകൂല്യം നൽകിയിട്ടില്ല. ഇപ്പോൾ എമീല്യക്ക്‌ ആഴ്‌ചയിൽ നാലുദിവസം മാത്രം ജോലിചെയ്‌താൽ മതി. എമീല്യയെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ അവൾക്ക്‌ ശമ്പളവർധനയും ലഭിച്ചു. ഏതാണ്ട്‌ മുമ്പ്‌ ലഭിച്ചിരുന്ന അത്രയുംതന്നെ ശമ്പളമുണ്ട്‌ ഇപ്പോൾ അവൾക്ക്‌! അവൾ പറയുന്നു: “എന്റെ സ്വപ്‌നം സഫലമായി, എനിക്ക്‌ ഇനി സാധാരണ പയനിയറിങ്‌ പുനരാരംഭിക്കാം!”

പയനിയറിങ്‌ തുടങ്ങാനോ പുനരാരംഭിക്കാനോ വേണ്ടി ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച്‌ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

[32-ാം പേജിലെ ആകർഷക വാക്യം]

“മറ്റുള്ളവർക്കുവേണ്ടി നിസ്സ്വാർഥം സമയം ഉഴിഞ്ഞുവെക്കുന്നവരോട്‌ എനിക്ക്‌ മതിപ്പാണ്‌,” കമ്പനിമേധാവി പ്രതിവചിച്ചു