വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഞാൻ ആരെ പേടിക്കും?”

“ഞാൻ ആരെ പേടിക്കും?”

“ഞാൻ ആരെ പേടിക്കും?”

“എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.”—സങ്കീ. 27:3.

ധൈര്യമുള്ളവരായിരിക്കാൻ ഈ തിരുവെഴുത്തുകൾ നിങ്ങളെ എപ്രകാരം സഹായിക്കും?

സങ്കീർത്തനം 27:1

സങ്കീർത്തനം 27:4

സങ്കീർത്തനം 27:11

1.. സങ്കീർത്തനം 27 ഏതു ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുന്നു?

 ലോകസാഹചര്യങ്ങൾ ഒന്നിനൊന്നു വഷളാകുമ്പോഴും നമ്മുടെ പ്രസംഗപ്രവർത്തനം ഊർജിതമായി മുന്നേറുന്നു, എന്താണ്‌ ഇതിന്റെ രഹസ്യം? സാമ്പത്തികപ്രതിസന്ധിയാൽ അനേകർ വലയുമ്പോഴും പ്രസംഗവേലയിൽ സമയവും ഊർജവും ഉദാരമായി ചെലവഴിക്കാൻ നാം സന്തോഷത്തോടെ മുന്നോട്ടുവരുന്നു, എന്തുകൊണ്ട്‌? പലരും ഭാവിയെ ഭയപ്പെടുമ്പോൾ നമുക്ക്‌ എങ്ങനെ ധീരരായി തുടരാനാകും? സങ്കീർത്തനം 27-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദാവീദുരാജാവിന്റെ നിശ്വസ്‌തഗീതം ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുന്നു.

2. ഭയം ഒരുവനെ എങ്ങനെ ബാധിക്കും, എന്നാൽ നമുക്ക്‌ എന്ത്‌ ഉറപ്പുണ്ട്‌?

2 ദാവീദിന്റെ ആ ഗീതം ആരംഭിക്കുന്നത്‌ ഈ വാക്കുകളോടെയാണ്‌: “യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?” (സങ്കീ. 27:1) ഒന്നുംചെയ്യാനാകാത്തവിധം ഒരു വ്യക്തിയെ തളർത്തിക്കളയാൻ ഭയത്തിനാകും. എന്നാൽ, യഹോവയിൽ ആശ്രയിക്കുന്ന ഒരു വ്യക്തി ഭയചകിതനാകില്ല, പിന്നെയോ ധീരനായിരിക്കും. (1 പത്രോ. 3:14) യഹോവയെ ശരണമാക്കുന്നെങ്കിൽ നാം “നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.” (സദൃ. 1:33; 3:25) അത്‌ എങ്ങനെ സാധിക്കും?

“യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു”

3. യഹോവ നമ്മുടെ വെളിച്ചം ആയിരിക്കുന്നത്‌ എങ്ങനെ, പക്ഷേ നാം എന്തു ചെയ്യണം?

3 ‘യഹോവ എന്റെ വെളിച്ചം ആകുന്നു’ എന്ന രൂപകാലങ്കാരം, അജ്ഞതയിൽനിന്നും ആത്മീയ അന്ധകാരത്തിൽനിന്നും യഹോവ നമ്മെ മോചിപ്പിക്കുന്നു എന്ന വസ്‌തുത എടുത്തുകാട്ടുന്നു. (സങ്കീ. 27:1) വെളിച്ചമുണ്ടെങ്കിൽ മാർഗമധ്യേയുള്ള തടസ്സമോ അപകടമോ കാണാനാകും, എന്നാൽ വെളിച്ചം അത്‌ മാറ്റിക്കളയില്ല. കാണുന്നതിന്റെ അടിസ്ഥാനത്തിൽ ജ്ഞാനത്തോടെ പ്രവർത്തിക്കേണ്ടത്‌ നമ്മുടെ ഉത്തരവാദിത്വമാണ്‌. സമാനമായി, ലോകസംഭവങ്ങളുടെ അർഥം യഹോവ നമുക്ക്‌ കാണിച്ചുതരുന്നു. ഈ ദുഷ്ടലോകത്തിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച്‌ അവൻ മുന്നറിയിപ്പു നൽകുന്നു. എപ്പോഴും പ്രായോഗികമായ ബൈബിൾതത്ത്വങ്ങൾ അവൻ പറഞ്ഞുതരുന്നു. പക്ഷേ, പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കേണ്ടത്‌ നമ്മളാണ്‌. അങ്ങനെ ചെയ്‌താൽ നമ്മുടെ ശത്രുക്കളെക്കാളോ ഗുരുക്കന്മാരെക്കാളോ ജ്ഞാനത്തോടെ പ്രവർത്തിക്കാൻ നമുക്കാകും.—സങ്കീ. 119:98, 99, 130.

4. (എ) ‘യഹോവ എന്റെ രക്ഷ ആകുന്നു’ എന്ന്‌ ദാവീദിന്‌ ബോധ്യത്തോടെ പറയാനായത്‌ എന്തുകൊണ്ട്‌? (ബി) യഹോവ വിശേഷാൽ നമ്മുടെ രക്ഷയ്‌ക്കെത്തുന്നത്‌ എപ്പോൾ?

4 യഹോവ മുൻകാലങ്ങളിൽ തന്നെ രക്ഷിച്ച സന്ദർഭങ്ങൾ ദാവീദ്‌ ഓർക്കുന്നുണ്ടായിരുന്നെന്ന്‌ സങ്കീർത്തനം 27:1-ലെ അവന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. “സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും” യഹോവ അവനെ വിടുവിച്ചിരുന്നു. മല്ലനായ ഗൊല്യാത്തിനെ തറപറ്റിക്കാനും യഹോവ അവനെ സഹായിച്ചു. പിന്നീട്‌ ശൗൽരാജാവ്‌ കുന്തംകൊണ്ട്‌ കൊല്ലാൻ ശ്രമിച്ച ഓരോ പ്രാവശ്യവും യഹോവ ദാവീദിനെ രക്ഷിക്കുകയുണ്ടായി. (1 ശമൂ. 17:37, 49, 50; 18:11, 12; 19:10) ‘യഹോവ എന്റെ രക്ഷ ആകുന്നു’ എന്ന്‌ ബോധ്യത്തോടെ ദാവീദിനു പറയാനായത്‌ അതുകൊണ്ടാണ്‌. ദാവീദിനെ രക്ഷിച്ചതുപോലെ ഭാവിയിൽ തന്റെ ദാസരെയും യഹോവ രക്ഷിക്കും. എപ്പോൾ? വരാനിരിക്കുന്ന ‘മഹാകഷ്ടത്തിന്റെ’ സമയത്ത്‌.—വെളി. 7:14; 2 പത്രോ. 2:9, 10എ.

യഹോവ സഹായിച്ച അവസരങ്ങൾ ഓരോന്നും ഓർത്തെടുക്കുക

5, 6. (എ) ധൈര്യം പകരാൻ ഓർമകൾക്ക്‌ കഴിയുന്നത്‌ എങ്ങനെ? (ബി) കഴിഞ്ഞകാലങ്ങളിൽ യഹോവ തന്റെ ദാസരെ സഹായിച്ച വിധത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ നമുക്ക്‌ ധൈര്യം പകരുന്നത്‌ എങ്ങനെ?

5 ധൈര്യം സംഭരിക്കാൻ അവലംബിക്കാവുന്ന ഒരു പ്രധാനപ്പെട്ട മാർഗത്തെക്കുറിച്ച്‌ സങ്കീർത്തനം 27:2, 3 (വായിക്കുക.) പറയുന്നു. യഹോവയുടെ രക്ഷ അനുഭവിച്ചറിഞ്ഞ പല അവസരങ്ങളും ദാവീദ്‌ ഓർത്തെടുത്തു. (1 ശമൂ. 17:34-37) തീർത്തും ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോൾ ആ ഓർമകൾ അവനു ധൈര്യം പകർന്നു. സ്വന്തം അനുഭവങ്ങളിൽനിന്ന്‌ നിങ്ങൾ ഇങ്ങനെ കരുത്താർജിക്കാറുണ്ടോ? ഒന്നോർത്തുനോക്കൂ, നിങ്ങളെ വിഷമിപ്പിച്ച ഒരു പ്രശ്‌നത്തെക്കുറിച്ച്‌ മുട്ടിപ്പായി പ്രാർഥിച്ചപ്പോൾ, ആ പരിശോധനയെ നേരിടാൻ വേണ്ട ജ്ഞാനവും കരുത്തും യഹോവ പകർന്നുതന്ന അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? അല്ലെങ്കിൽ, യഹോവയെ സന്തോഷത്തോടെ സേവിക്കുന്നതിനു തടസ്സമായിനിന്ന പ്രശ്‌നങ്ങൾ മാറിപ്പോയതോ പ്രവർത്തനത്തിനുള്ള ഒരു വലിയ വാതിൽ തുറന്നുകിട്ടിയതോ ഓർക്കാനാകുന്നുണ്ടോ? (1 കൊരി. 16:9) അത്തരം സന്ദർഭങ്ങൾ ഓർത്തെടുക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്‌? അതിലും വലിയ തടസ്സങ്ങളും പ്രശ്‌നങ്ങളും മറികടക്കാൻ അല്ലെങ്കിൽ സഹിച്ചുനിൽക്കാൻ യഹോവയ്‌ക്ക്‌ നിങ്ങളെ സഹായിക്കാനാകുമെന്ന ബോധ്യം ആ ഓർമകൾ നിങ്ങൾക്കു നൽകുന്നില്ലേ?—റോമ. 5:3-5.

6 യഹോവയുടെ സാക്ഷികളുടെ സംഘടനയെ ഉന്മൂലനം ചെയ്യാൻ പ്രബലമായൊരു ഗവണ്മെന്റ്‌ പദ്ധതിയിടുന്നെങ്കിലോ? ഇത്തരം പദ്ധതിയുമായി ഇറങ്ങിപ്പുറപ്പെട്ട പലരെയുംകുറിച്ച്‌ ആധുനികകാലചരിത്രം പറയുന്നുണ്ട്‌, പക്ഷേ അവരാരും വിജയിച്ചില്ല. മുൻകാലങ്ങളിൽ യഹോവ തന്റെ ജനത്തെ സഹായിച്ചത്‌ എങ്ങനെയെന്ന്‌ ഓർക്കുന്നത്‌ ഭാവിയെ ധൈര്യത്തോടെ നേരിടാൻ നമ്മെ സജ്ജരാക്കും.—ദാനീ. 3:28.

സത്യാരാധനയോടുള്ള പ്രിയം

7, 8. (എ) സങ്കീർത്തനം 27:4-ൽ ദാവീദ്‌ യഹോവയോട്‌ എന്താണ്‌ ചോദിച്ചത്‌? (ബി) യഹോവയുടെ മഹനീയമായ ആത്മീയ ആലയം എന്താണ്‌, അവിടെ ആരാധന അർപ്പിക്കുന്നത്‌ എങ്ങനെയാണ്‌?

7 സത്യാരാധനയോടുള്ള നമ്മുടെ പ്രിയമാണ്‌ ധൈര്യമുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്ന മറ്റൊരു ഘടകം. (സങ്കീർത്തനം 27:4 വായിക്കുക.) ദാവീദിന്റെ കാലത്ത്‌ സമാഗമനകൂടാരമായിരുന്നു ‘യഹോവയുടെ ആലയം.’ ദാവീദാണ്‌ തന്റെ മകനായ ശലോമോൻ നിർമിച്ച പ്രൗഢഗംഭീരമായ ആലയത്തിനു വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്‌തത്‌. യഹോവയെ ആരാധിക്കാനായി ഒരു ആലയത്തിൽ പോകേണ്ട ആവശ്യമില്ലാതാകുമെന്ന്‌ നൂറ്റാണ്ടുകൾക്കു ശേഷം യേശു പറയുകയുണ്ടായി. (യോഹ. 4:21-23) യഹോവയുടെ ഹിതം ചെയ്യാൻ സ്വയം സമർപ്പിച്ചുകൊണ്ട്‌ എ.ഡി. 29-ൽ യേശു സ്‌നാനമേറ്റപ്പോൾ, മഹനീയമായ ആ ആത്മീയ ആലയം നിലവിൽവന്നതായി എബ്രായർ 8-10 അധ്യായങ്ങളിൽ പൗലോസ്‌ അപ്പൊസ്‌തലൻ സൂചിപ്പിച്ചു. (എബ്രാ. 10:10) യേശുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ദൈവത്തിനു സ്വീകാര്യമായ വിധത്തിൽ അവനെ സമീപിക്കാൻ യഹോവ ചെയ്‌തിരിക്കുന്ന ക്രമീകരണമാണ്‌ മഹനീയമായ ഈ ആത്മീയ ആലയം. നാം അവിടെ ആരാധന അർപ്പിക്കുന്നത്‌ എങ്ങനെയാണ്‌? “വിശ്വാസത്തിന്റെ പൂർണനിശ്ചയത്തോടും പരമാർഥഹൃദയത്തോടുംകൂടെ” പ്രാർഥിച്ചുകൊണ്ടും ധൈര്യത്തോടെ നമ്മുടെ പ്രത്യാശ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടും സഭായോഗങ്ങൾക്കും കുടുംബാരാധനയ്‌ക്കും കൂടിവരുമ്പോൾ സഹാരാധകരോട്‌ കരുതൽ കാണിക്കുകയും അവരെ ഉത്സാഹിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തുകൊണ്ടും നമുക്കത്‌ അർപ്പിക്കാം. (എബ്രാ. 10:22-25) സത്യാരാധനയോടു നാം കാട്ടുന്ന പ്രിയം ദുഷ്‌കരമായ ഈ അന്ത്യനാളുകളിൽ ധീരരായി നിലകൊള്ളാൻ നമ്മെ സഹായിക്കും.

8 ഭൂമിയിലെമ്പാടും യഹോവയുടെ വിശ്വസ്‌തദാസർ ശുശ്രൂഷയിൽ കൂടുതൽ ഏർപ്പെടുകയും പുതിയ ഭാഷകൾ പഠിക്കുകയും രാജ്യഘോഷകരുടെ ആവശ്യം അധികമുള്ളിടത്തേക്ക്‌ മാറിത്താമസിക്കുകയും ചെയ്യുന്നു. അവരുടെ ഈ പ്രവൃത്തികൾ കാണിക്കുന്നത്‌, സങ്കീർത്തനക്കാരനെപ്പോലെ തങ്ങൾക്ക്‌ യഹോവയോടു ചോദിക്കാൻ ഒന്നേയുള്ളുവെന്നാണ്‌: എന്തൊക്കെ സംഭവിച്ചാലും യഹോവയുടെ മനോഹരത്വം കാണണമെന്നും അവന്‌ വിശുദ്ധസേവനം അർപ്പിക്കണമെന്നും ആണ്‌ അവരുടെ ആഗ്രഹം.—സങ്കീർത്തനം 27:6 വായിക്കുക.

ദൈവസഹായത്തിൽ ആശ്രയിക്കുക

9, 10. സങ്കീർത്തനം 27:10 നമുക്ക്‌ എന്ത്‌ ഉറപ്പു നൽകുന്നു?

9 “അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും കർത്താവ്‌ (യഹോവ) എന്നെ കൈക്കൊള്ളും” എന്ന ദാവീദിന്റെ വാക്കുകളിൽനിന്ന്‌ യഹോവയിലുള്ള അവന്റെ ആശ്രയത്വത്തിന്റെ ആഴം വായിച്ചെടുക്കാം. (സങ്കീ. 27:10, പി.ഒ.സി. ബൈബിൾ) ദാവീദിന്റെ മാതാപിതാക്കൾ അവനെ ഉപേക്ഷിച്ചില്ലെന്ന്‌ 1 ശമൂവേൽ 22-ാം അധ്യായത്തിലെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ നിഗമനം ചെയ്യാവുന്നതാണ്‌. പക്ഷേ, സ്വന്തം കുടുംബത്താൽ ഉപേക്ഷിക്കപ്പെട്ടതിന്റെ വേദനയനുഭവിക്കുന്ന പലരും ഇന്നുണ്ട്‌. എന്നാൽ അങ്ങനെ പരിത്യജിക്കപ്പെട്ട പലരും ക്രിസ്‌തീയ സഭയുടെ സ്‌നേഹവും സഹായസംരക്ഷണങ്ങളും അനുഭവിച്ചറിഞ്ഞിരിക്കുന്നു.

10 മറ്റുള്ളവർ ഉപേക്ഷിക്കുമ്പോഴും തന്റെ ദാസർക്കായി കരുതുന്ന യഹോവ മറ്റേതു പ്രശ്‌നങ്ങൾ നേരിടുമ്പോഴും അവരെ പുലർത്താൻ മുന്നോട്ടുവരില്ലേ? ഉദാഹരണത്തിന്‌, കുടുംബത്തിന്റെ ഭൗതികാവശ്യങ്ങൾ എങ്ങനെ നിവർത്തിക്കുമെന്ന ഉത്‌കണ്‌ഠ നമ്മെ അലട്ടുന്നെങ്കിൽ യഹോവ നമ്മെ സഹായിക്കുമെന്ന്‌ ഉറപ്പുണ്ടായിരിക്കാനാകില്ലേ? (എബ്രാ. 13:5, 6) വിശ്വസ്‌തരായ തന്റെ ഓരോ ദാസരുടെയും സാഹചര്യവും ആവശ്യങ്ങളും അവൻ മനസ്സിലാക്കുന്നു.

11. യഹോവയിൽ നമുക്കുള്ള ആശ്രയത്വം മറ്റുള്ളവരിൽ എന്തു പ്രഭാവം ചെലുത്തിയേക്കാം? ഉദാഹരിക്കുക.

11 ലൈബീരിയയിലെ ഒരു ബൈബിൾവിദ്യാർഥിനിയായ വിക്‌ടോറിയയുടെ കാര്യമെടുക്കുക. അവൾ സ്‌നാനത്തിനു വേണ്ട പുരോഗതി നേടിയപ്പോൾ, ഒപ്പം താമസിച്ചുകൊണ്ടിരുന്ന പുരുഷൻ അവളെയും മൂന്നുമക്കളെയും ഉപേക്ഷിച്ചുപോയി. ഒരു വീടോ ജോലിയോ ഇല്ലായിരുന്നെങ്കിലും അവൾ ആത്മീയമായി പുരോഗമിച്ചു. വിക്‌ടോറിയയുടെ സ്‌നാനശേഷം, 13 വയസ്സുള്ള അവളുടെ മകൾക്ക്‌ നിറയെ പണമുള്ള ഒരു ബാഗ്‌ കളഞ്ഞുകിട്ടി. പ്രലോഭനം ഒഴിവാക്കാൻ പണം എണ്ണിനോക്കേണ്ടെന്ന്‌ അവർ തീരുമാനിച്ചു. പെട്ടെന്നുതന്നെ, അതിന്റെ ഉടമസ്ഥനായ പട്ടാളക്കാരനെ കണ്ടുപിടിച്ച്‌ അത്‌ ഏൽപ്പിക്കുകയും ചെയ്‌തു. എല്ലാവരും യഹോവയുടെ സാക്ഷികളെപ്പോലെ സത്യസന്ധരായിരുന്നെങ്കിൽ ലോകം സമാധാനമുള്ള എത്ര നല്ല ഒരിടമായേനേ എന്ന്‌ അദ്ദേഹം അവരോടു പറയുകയുണ്ടായി. അപ്പോൾ, ഒരു പുതിയ ഭൂമിയെക്കുറിച്ചുള്ള യഹോവയുടെ വാഗ്‌ദാനം ബൈബിളിൽനിന്ന്‌ വിക്‌ടോറിയ ആ പട്ടാളക്കാരനെ കാണിച്ചു. അവളുടെ സത്യസന്ധതയിൽ മതിപ്പു തോന്നിയ പട്ടാളക്കാരൻ ആ പണത്തിൽനിന്ന്‌ നല്ലൊരു തുക അവൾക്ക്‌ പാരിതോഷികമായി നൽകി. യഹോവ തങ്ങൾക്കായി കരുതുമെന്ന പൂർണവിശ്വാസം യഹോവയുടെ സാക്ഷികളെ സത്യസന്ധതയ്‌ക്ക്‌ പേരുകേട്ടവരാക്കിത്തീർത്തിരിക്കുന്നു.

12. സാമ്പത്തികനഷ്ടമുണ്ടാകുമ്പോഴും യഹോവയെ സേവിക്കുന്നതിൽ തുടരുമ്പോൾ നാം എന്തായിരിക്കും തെളിയിക്കുന്നത്‌? ഉദാഹരിക്കുക.

12 സിയറ ലിയോണിലുള്ള സ്‌നാനമേറ്റിട്ടില്ലാത്ത പ്രസാധകനാണ്‌ തോമസ്‌. അദ്ദേഹത്തിന്റെ അനുഭവം ശ്രദ്ധിക്കുക. ഒരു ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ദേഹം അധ്യാപകനായി ചേർന്നു. ജോലിസംബന്ധമായ നടപടിക്രമങ്ങൾ പൂർത്തിയാകാൻ വേണ്ടിവന്ന ഏതാണ്ട്‌ ഒരുവർഷക്കാലം അദ്ദേഹത്തിന്‌ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടതായി വന്നു. അത്രയുംനാളത്തെ ശമ്പളം കൈപ്പറ്റാനുള്ള അവസാനപടി എന്തായിരുന്നു? സ്‌കൂൾമേധാവിയായ പുരോഹിതനുമായുള്ള കൂടിക്കാഴ്‌ച. യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ ആ സ്ഥാപനത്തിന്റേതുമായി പൊരുത്തപ്പെടുന്നവയല്ലെന്നും അതുകൊണ്ട്‌ ഒന്നുകിൽ ജോലി അല്ലെങ്കിൽ ബൈബിളധിഷ്‌ഠിത വിശ്വാസം, ഏതെങ്കിലും ഒന്ന്‌ തിരഞ്ഞെടുക്കണമെന്ന്‌ പുരോഹിതൻ പറഞ്ഞു. തോമസ്‌ ആ ജോലിയും ഏതാണ്ട്‌ ഒരുവർഷത്തെ ശമ്പളവും ഉപേക്ഷിച്ചുപോന്നു; മൊബൈൽ ഫോണും റേഡിയോയും നന്നാക്കുന്ന ഒരു ജോലി കണ്ടെത്തി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. അടിസ്ഥാന ആവശ്യങ്ങൾക്കു വക കണ്ടെത്താൻ കഴിയാതെവരുമോ എന്നത്‌ പലരുടെയും പേടിസ്വപ്‌നമാണ്‌. പക്ഷേ, സകലത്തിന്റെയും സ്രഷ്ടാവും തന്റെ ജനത്തിന്റെ സംരക്ഷകനും ആയവനെ ആശ്രയിക്കുന്ന പലരും ഈ ഭയത്തെ അതിജീവിച്ചിരിക്കുന്നു.

13. ദരിദ്രരാജ്യങ്ങളിൽ രാജ്യപ്രസംഗവേല ഊർജിതമായി നടക്കുന്നത്‌ എന്തുകൊണ്ട്‌?

13 ദരിദ്രരാജ്യങ്ങളിലെ രാജ്യപ്രസാധകർ താരതമ്യേന സജീവമായി പ്രവർത്തിക്കുന്നതായി കാണുന്നു, എന്തുകൊണ്ട്‌? ഒരു ബ്രാഞ്ച്‌ ഓഫീസ്‌ എഴുതി: “ബൈബിളധ്യയനത്തിനു സമ്മതിക്കുന്ന പല വീട്ടുകാർക്കും ജോലിയില്ല. ആയതിനാൽ ബൈബിൾ പഠിക്കാൻ പകൽ അവർക്ക്‌ ധാരാളം സമയമുണ്ട്‌. സഹോദരങ്ങൾക്കും പ്രസംഗിക്കാൻ സമയം ധാരാളം. ഇവിടെയുള്ളവരോട്‌ അന്ത്യകാലത്താണ്‌ നാം ജീവിക്കുന്നതെന്ന്‌ അധികം വിശദീകരിക്കേണ്ടതില്ല. കാരണം, അതിനുള്ള തെളിവുകളാണ്‌ അവർ ചുറ്റും കണ്ടുകൊണ്ടിരിക്കുന്നത്‌. ആളുകളുടെ സാഹചര്യം എത്ര മോശമാണോ അത്ര എളുപ്പമാണ്‌ അവരോടു സാക്ഷീകരിക്കാൻ.” ഓരോ പ്രസാധകനും ശരാശരി മൂന്നിലേറെ ബൈബിളധ്യയനങ്ങൾ നടത്തുന്ന ഒരു രാജ്യത്ത്‌ 12 വർഷത്തിലേറെയായി സേവിക്കുന്ന ഒരു മിഷനറി ഇങ്ങനെ എഴുതി: “അധികം ശ്രദ്ധാശൈഥില്യങ്ങളൊന്നുമില്ലാത്ത ലളിതമായ ജീവിതമാണ്‌ മിക്ക പ്രസാധകരുടെയും. അതുകൊണ്ട്‌ വയൽസേവനത്തിനും ബൈബിളധ്യയനത്തിനും കൂടുതൽ സമയം ചെലവഴിക്കാൻ അവർക്കു കഴിയുന്നു.”

14. മഹാപുരുഷാരത്തെ ദൈവം ഏതെല്ലാം വിധത്തിലാണ്‌ സംരക്ഷിക്കുന്നത്‌?

14 ഒരു കൂട്ടമെന്ന നിലയിൽ തന്റെ ജനത്തെ ആത്മീയമായും ശാരീരികമായും സഹായിക്കുകയും സംരക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുമെന്ന്‌ യഹോവ ഉറപ്പു നൽകിയിരിക്കുന്നു; യഹോവ ആ ഉറപ്പ്‌ പാലിക്കുമെന്ന കാര്യത്തിൽ നമുക്ക്‌ വിശ്വാസമുണ്ട്‌. (സങ്കീ. 37:28; 91:1-3) ‘മഹാകഷ്ടത്തെ’ അതിജീവിക്കുന്ന പുരുഷാരം വലുതായിരിക്കണം. (വെളി. 7:9, 14) അതുകൊണ്ട്‌ അന്ത്യകാലത്തിന്റെ ശേഷിക്കുന്ന സമയത്തുടനീളം ആ പുരുഷാരത്തെ യഹോവ സംരക്ഷിക്കും; അവർ നാമാവശേഷമാകാൻ അവൻ അനുവദിക്കില്ല. പരിശോധനകൾ സഹിച്ചുനിൽക്കാനും താനുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാനും വേണ്ട സകലതും അവൻ അവർക്കു നൽകും. മഹാകഷ്ടത്തിന്റെ അന്ത്യപാദത്തിലും യഹോവ തന്റെ ജനത്തെ കാത്തുപരിപാലിക്കും.

“യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ”

15, 16. ദിവ്യമാർഗനിർദേശം അനുസരിക്കുന്നതിന്റെ പ്രയോജനം എന്ത്‌? ഉദാഹരിക്കുക.

15 ധീരരായി തുടരുന്നതിന്‌ ദൈവത്തിൽനിന്നുള്ള മാർഗനിർദേശം നാം തുടർച്ചയായി സ്വീകരിക്കണം. ദാവീദിന്റെ യാചന ഇതിന്‌ അടിവരയിടുന്നു: “യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ.” (സങ്കീ. 27:11) യഹോവയുടെ സംഘടനയിൽനിന്നു വരുന്ന ബൈബിളധിഷ്‌ഠിത മാർഗനിർദേശങ്ങൾ ഓരോന്നും ശ്രദ്ധിക്കുകയും തത്‌ക്ഷണം പ്രാവർത്തികമാക്കുകയും ചെയ്യുന്നെങ്കിൽ മാത്രമേ നാം ഈ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നുവെന്ന്‌ പറയാനാകൂ. ഉദാഹരണത്തിന്‌, ജീവിതം ലളിതമാക്കാനുള്ള ജ്ഞാനോപദേശം ബാധകമാക്കിയവർക്ക്‌ സമീപകാലത്തുണ്ടായ സാമ്പത്തികപ്രതിസന്ധിയുടെ സമയത്ത്‌ പിടിച്ചുനിൽക്കാനായി. അനാവശ്യചെലവ്‌ വരുത്തിവെക്കുന്ന വസ്‌തുവകകൾ വിറ്റുകളയുകയും കടങ്ങൾ അടച്ചുതീർക്കുകയും ചെയ്‌തിരുന്നതിനാൽ സാമ്പത്തികഭാരം ഒഴിവാക്കി ശുശ്രൂഷയിൽ കൂടുതൽ പ്രവർത്തിക്കാൻ അവർക്കു സാധിക്കുന്നു. ‘ബൈബിളിലും വിശ്വസ്‌തനും വിവേകിയും ആയ അടിമവർഗം നൽകുന്ന പ്രസിദ്ധീകരണങ്ങളിലും കാണുന്ന ഓരോ ബുദ്ധിയുപദേശവും തത്‌ക്ഷണം ഞാൻ ബാധകമാക്കാറുണ്ടോ? ത്യാഗങ്ങൾ ഉൾപ്പെട്ടിരിക്കുമ്പോഴും ഞാൻ അത്‌ ചെയ്യുന്നുണ്ടോ?’ എന്ന്‌ ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതുണ്ട്‌.—മത്താ. 24:45.

16 മാർഗനിർദേശം നൽകാനും നീതിയുടെ പാതയിലൂടെ നമ്മെ നയിക്കാനും യഹോവയെ അനുവദിക്കുന്നെങ്കിൽ നാം ഒന്നുകൊണ്ടും ഭയക്കേണ്ടതില്ല. കുടുംബത്തോടൊപ്പം മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടാൻ സഹായിക്കുന്ന ഒരു ജോലിക്കുവേണ്ടി ഐക്യനാടുകളിലുള്ള ഒരു സാധാരണ പയനിയർ അപേക്ഷിച്ചു. പക്ഷേ, ബിരുദമില്ലാത്തതിനാൽ അദ്ദേഹത്തിന്‌ ആ ജോലി ലഭിക്കാൻ പോകുന്നില്ലെന്ന്‌ മേലുദ്യോഗസ്ഥൻ പറഞ്ഞു. നിങ്ങളായിരുന്നു ആ സഹോദരന്റെ സ്ഥാനത്തെങ്കിൽ, ഉന്നതവിദ്യാഭ്യാസം വേണ്ടെന്നുവെച്ച്‌ മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തതിനെപ്രതി ഖേദിക്കുമായിരുന്നോ? രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ ആ മേലുദ്യോഗസ്ഥന്‌ ജോലി നഷ്ടമായി. വേറൊരു മാനേജർ ഈ സഹോദരനോട്‌ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചു ചോദിച്ചു. താനും ഭാര്യയും യഹോവയുടെ സാക്ഷികളിൽപ്പെട്ട മുഴുസമയ ശുശ്രൂഷകരാണെന്നും അങ്ങനെതന്നെ തുടരാനാണ്‌ ആഗ്രഹമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൂടുതൽ വിശദീകരണം നൽകാനാകുന്നതിനു മുമ്പ്‌ മാനേജർ പറഞ്ഞു: “നിങ്ങൾക്ക്‌ എന്തോ പ്രത്യേകതയുണ്ടെന്ന്‌ എനിക്ക്‌ തോന്നിയിരുന്നു. എന്റെ പിതാവ്‌ മരണക്കിടക്കയിലായിരുന്നപ്പോൾ നിങ്ങളുടെ വിശ്വാസത്തിൽപ്പെട്ട രണ്ടുപേർ ദിവസവും വന്ന്‌ അദ്ദേഹത്തെ ബൈബിൾ വായിച്ചു കേൾപ്പിക്കുമായിരുന്നു. യഹോവയുടെ സാക്ഷികളിൽ ആരെയെങ്കിലും സഹായിക്കാൻ ഒരു അവസരം ലഭിച്ചാൽ അത്‌ ചെയ്‌തിരിക്കുമെന്ന്‌ അന്ന്‌ ഞാൻ ഉറപ്പിച്ചതാണ്‌.” മുൻ മേലുദ്യോഗസ്ഥൻ നൽകാൻ വിസമ്മതിച്ച ജോലി അടുത്തദിവസം സഹോദരനു ലഭിച്ചു. അതെ, ദൈവരാജ്യത്തിന്‌ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുന്നെങ്കിൽ നമ്മുടെ മറ്റ്‌ ആവശ്യങ്ങൾ നിവർത്തിക്കുമെന്ന ഉറപ്പ്‌ യഹോവ പാലിക്കാതിരിക്കില്ല.—മത്താ. 6:33.

വിശ്വാസവും പ്രത്യാശയും ആവശ്യം

17. ഭാവിയെ ധൈര്യത്തോടെ നേരിടാൻ നമ്മെ എന്തു സഹായിക്കും?

17 “ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കിൽ കഷ്ടം!” എന്നു പറഞ്ഞപ്പോൾ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രാധാന്യം എടുത്തുകാട്ടുകയായിരുന്നു ദാവീദ്‌. (സങ്കീ. 27:13) ദൈവം നമുക്ക്‌ പ്രത്യാശ നൽകിയില്ലായിരുന്നെങ്കിൽ, സങ്കീർത്തനം 27-ൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ നമുക്ക്‌ അജ്ഞാതമായിരുന്നെങ്കിൽ, നമ്മുടെ ജീവിതം എത്ര നിരർഥകമായേനേ! അതുകൊണ്ട്‌, അർമ്മഗെദ്ദോനിലേക്കു നയിക്കുന്ന സംഭവവികാസങ്ങൾ നേരിടാനിരിക്കുന്ന നമുക്ക്‌ രക്ഷയ്‌ക്കായും വേണ്ട ശക്തിക്കായും പ്രാർഥിക്കുന്നതിൽ തുടരാം.—സങ്കീർത്തനം 27:14 വായിക്കുക.

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

യഹോവ തന്നെ രക്ഷിച്ചതിനെക്കുറിച്ചുള്ള ഓർമകളിൽനിന്ന്‌ ദാവീദ്‌ കരുത്താർജിച്ചു

[25-ാം പേജിലെ ചിത്രം]

സാമ്പത്തികപ്രതിസന്ധിയെ ശുശ്രൂഷയിലെ പങ്ക്‌ വർധിപ്പിക്കാനുള്ള അവസരമായി നാം കാണുന്നുണ്ടോ?