ദൈവഹിതം ചെയ്യാൻ യഹോവ എന്നെ പഠിപ്പിച്ചു
ജീവിതകഥ
ദൈവഹിതം ചെയ്യാൻ യഹോവ എന്നെ പഠിപ്പിച്ചു
മാക്‌സ് ലോയ്‌ഡ് പറഞ്ഞ പ്രകാരം
വർഷം 1955. രാത്രി ഏറെ വൈകിയിരുന്നു. തെക്കേ അമേരിക്കയിലെ പരാഗ്വേയിലെ നിയമിതപ്രദേശത്ത് പ്രവർത്തിക്കുകയായിരുന്നു ഞാനും എന്റെ സഹമിഷനറിയും. പെട്ടെന്ന് ഒരു ജനക്കൂട്ടം വീടു വളഞ്ഞു. “ഞങ്ങളുടെ ദൈവം രക്തദാഹിയാണ്, അവന് ഗ്രിങ്കോകളുടെ രക്തം വേണം,” അവർ ആക്രോശിച്ചു. ഞങ്ങൾ ഗ്രിങ്കോകൾ (വിദേശികൾ) എങ്ങനെയാണ് അവിടെ എത്തിപ്പെട്ടത്?
ഈ കഥ ആരംഭിക്കുന്നത് ഓസ്‌ട്രേലിയയിലാണ്; ഞാൻ വളർന്നുവന്ന ഈ സ്ഥലത്തുവെച്ചാണ് തന്റെ ഹിതം ചെയ്യാൻ യഹോവ എന്നെ പഠിപ്പിച്ചുതുടങ്ങിയത്. 1938-ൽ എന്റെ പിതാവ് യഹോവയുടെ സാക്ഷിയായ ഒരു സ്‌ത്രീയിൽനിന്ന് ശത്രുക്കൾ (ഇംഗ്ലീഷ്) എന്ന പുസ്‌തകം സ്വീകരിച്ചു. ബൈബിളിലെ ചില ഭാഗങ്ങൾ കെട്ടുകഥകൾ മാത്രമാണെന്നു പറഞ്ഞിരുന്ന പള്ളിയിലെ പുരോഹിതന്മാരോട് എന്റെ മാതാപിതാക്കൾക്ക് മതിപ്പ് നഷ്ടമായിരുന്നു. ഒരു വർഷത്തിനുശേഷം യഹോവയ്‌ക്കുള്ള സമർപ്പണത്തിന്റെ പ്രതീകമായി എന്റെ മാതാപിതാക്കൾ സ്‌നാനമേറ്റു. യഹോവയുടെ ഹിതം ചെയ്യുക എന്നത് അപ്പോൾ മുതൽ ഞങ്ങളുടെ കുടുംബജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറി. എന്നെക്കാൾ അഞ്ചുവയസ്സ് മൂത്ത എന്റെ ചേച്ചി ലെസ്‌ലി അടുത്തതായി സ്‌നാനമേറ്റു; 1940-ൽ ഒൻപതു വയസ്സുള്ളപ്പോൾ ഞാനും.
രണ്ടാം ലോകമഹായുദ്ധം തുടങ്ങി അധികം വൈകാതെ, യഹോവയുടെ സാക്ഷികളുടെ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളുടെ അച്ചടിയും വിതരണവും ഓസ്‌ട്രേലിയയിൽ നിരോധിക്കപ്പെട്ടു. എന്റെ വിശ്വാസത്തെക്കുറിച്ച് ബൈബിൾ മാത്രം ഉപയോഗിച്ച് വിശദീകരിക്കാൻ അങ്ങനെ ചെറുപ്പത്തിലേ ഞാൻ പഠിച്ചു. പതാകയെ വന്ദിക്കാത്തതിന്റെയും യുദ്ധത്തോടു ബന്ധപ്പെട്ട പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാത്തതിന്റെയും കാരണങ്ങൾ കാണിച്ചുകൊടുക്കാൻ സ്‌കൂളിൽ ബൈബിൾ കൊണ്ടുപോകുന്നത് ഞാൻ ഒരു ശീലമാക്കി.—പുറ. 20:4, 5; മത്താ. 4:10; യോഹ. 17:16; 1 യോഹ. 5:21.
ഞാൻ ഒരു “ജർമൻ ചാരൻ” ആണെന്നു പറഞ്ഞ് സ്‌കൂളിൽ പലരും എന്നെ അകറ്റിനിറുത്തി. അന്നൊക്കെ സ്‌കൂളിൽ സിനിമകൾ പ്രദർശിപ്പിച്ചിരുന്നു. പ്രദർശനം തുടങ്ങുന്നതിനു മുമ്പ് എല്ലാവരും എഴുന്നേറ്റുനിന്ന് ദേശീയഗാനം ആലപിക്കണമായിരുന്നു. ഞാൻ അതിന് വിസമ്മതിക്കുമ്പോൾ രണ്ടുമൂന്നു ചെറുക്കന്മാർ എന്റെ മുടിക്ക് പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കും. എന്റെ ബൈബിളധിഷ്‌ഠിത വിശ്വാസങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാഞ്ഞതുമൂലം എന്നെ പിന്നീട് സ്‌കൂളിൽനിന്നു പുറത്താക്കി. എങ്കിലും വീട്ടിലിരുന്ന് തപാൽമാർഗം ഞാൻ പഠനം തുടർന്നു.
ലക്ഷ്യം കൈവരിക്കുന്നു
പതിനാല് വയസ്സാകുമ്പോൾ പയനിയറിങ് ആരംഭിച്ച് ഒരു മുഴുസമയ സേവകനായിത്തീരുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അതുകൊണ്ട്, ഞാൻ ആദ്യം ഒരു ജോലി കണ്ടുപിടിക്കണമെന്ന് മാതാപിതാക്കൾ പറഞ്ഞപ്പോൾ എനിക്കു വല്ലാത്ത നിരാശ തോന്നി. വീട്ടിലെ താമസത്തിനും ഭക്ഷണത്തിനും പണം നൽകണമെന്നും അവർ പറഞ്ഞു. എന്നാൽ 18 വയസ്സാകുമ്പോൾ പയനിയറിങ് തുടങ്ങിക്കൊള്ളാൻ അവർ അനുമതി നൽകി. ഞാൻ സമ്പാദിക്കുന്ന പണത്തെക്കുറിച്ചുള്ള ചർച്ചകൾ വീട്ടിൽ പതിവായിരുന്നു. ഈ പണം പയനിയറിങ്ങിനുവേണ്ടി സൂക്ഷിച്ചുവെക്കാനുള്ളതാണെന്ന് ഞാൻ പറഞ്ഞുനോക്കിയെങ്കിലും അവർ സമ്മതിച്ചില്ല.
പയനിയറിങ് ആരംഭിക്കാനുള്ള സമയം വന്നപ്പോൾ മാതാപിതാക്കൾ കാര്യം വെളിപ്പെടുത്തി. ഞാൻ നൽകിയിരുന്ന
പണം അവർ ഒരു ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. വസ്‌ത്രങ്ങൾ വാങ്ങുന്നതിനും പയനിയറിങ്ങുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നതിനും വേണ്ടി ആ തുക മുഴുവനും അവർ എനിക്കു തിരിച്ചുതന്നു. സ്വന്തംകാലിൽ നിൽക്കാനും സ്വന്തം ആവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാനും എന്നെ പഠിപ്പിക്കുകയായിരുന്നു അവർ. പിന്തിരിഞ്ഞു നോക്കുമ്പോൾ ആ പരിശീലനം എനിക്ക് ശരിക്കും പ്രയോജനം ചെയ്‌തുവെന്ന് പറയാം.എന്റെയും ചേച്ചിയുടെയും ചെറുപ്പകാലത്ത് മിക്കപ്പോഴും പയനിയർമാർ ഞങ്ങളുടെ വീട്ടിൽ താമസിച്ചിരുന്നു. ഞങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു അവരോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടുന്നത്. വാരാന്തം മുഴുവനും വീടുതോറുമുള്ള വേലയ്‌ക്കും തെരുവുസാക്ഷീകരണത്തിനും ബൈബിളധ്യയനങ്ങൾക്കും വേണ്ടിയുള്ളതായിരുന്നു. മാസന്തോറും ശുശ്രൂഷയിൽ 60 മണിക്കൂർ എന്ന ലക്ഷ്യം കൈവരിക്കാനായിരുന്നു അക്കാലത്ത് പ്രസാധകരെ പ്രോത്സാഹിപ്പിച്ചിരുന്നത്. അമ്മയ്‌ക്ക് മിക്കപ്പോഴും അത് സാധിച്ചിരുന്നു; അമ്മയുടെ ആ മാതൃക എന്നെയും ചേച്ചിയെയും കാര്യമായി സ്വാധീനിച്ചു.
ടാസ്‌മാനിയയിലെ പയനിയർസേവനം
പയനിയറായി എന്നെ ആദ്യം നിയമിച്ചത് ഓസ്‌ട്രേലിയയുടെ ഭാഗമായ ടാസ്‌മാനിയ എന്ന ദ്വീപിലേക്കാണ്. അന്ന് അവിടെ ചേച്ചിയും ഭർത്താവും പയനിയർമാരായി സേവിക്കുന്നുണ്ടായിരുന്നു; ഞാനും അവരോടൊപ്പം ചേർന്നു. എന്നാൽ അധികം വൈകാതെ അവർ ഗിലെയാദ് സ്‌കൂളിന്റെ 15-ാമത്തെ ക്ലാസ്സിൽ പങ്കെടുക്കാൻ പോയി. വളരെ ലജ്ജാലുവായ ഒരു വ്യക്തിയായിരുന്നു ഞാൻ; പോരാത്തതിന് അതുവരെ വീട്ടിൽനിന്നു മാറി താമസിച്ചിട്ടുമില്ല. കൂടിപ്പോയാൽ മൂന്നുമാസം, അതിൽക്കൂടുതൽ ഞാൻ അവിടെ പിടിച്ചുനിൽക്കില്ലെന്നാണ് ചിലർ കരുതിയത്. എന്നാൽ ഒരു വർഷത്തിനകം, 1950-ൽ എന്നെ അവിടെ കമ്പനി ദാസനായി (ഇന്നത്തെ, മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ) നിയമിച്ചു. പിന്നീട് ഞാൻ പ്രത്യേക പയനിയറായി; കൂട്ടിന് ഒരു യുവസഹോദരനുമുണ്ടായിരുന്നു.
ചെമ്പുഖനികളുള്ള ഒരു ഒറ്റപ്പെട്ട പട്ടണത്തിലായിരുന്നു ഞങ്ങളുടെ നിയമനം; അവിടെ സാക്ഷികളാരും ഇല്ലായിരുന്നു. ബസ്സിൽ കയറി ഞങ്ങൾ അവിടെ എത്തിയപ്പോൾ നേരം നന്നേ വൈകി. ആദ്യദിവസം ഒരു പഴയ ഹോട്ടലിൽ രാത്രി കഴിച്ചുകൂട്ടി. അടുത്ത ദിവസം മുഴുവൻ വീടുതോറുമുള്ള വേലയിൽ കണ്ടുമുട്ടിയവരോട് താമസിക്കാൻ ഒരു മുറി കിട്ടുമോ എന്ന് അന്വേഷിച്ചു. പ്രസ്‌ബിറ്റേറിയൻ പള്ളിയോടു ചേർന്നുള്ള പള്ളിമേട ഒഴിഞ്ഞുകിടക്കുകയാണെന്നും ശെമ്മാശ്ശനോട് ചോദിച്ചുനോക്കാനും ഒടുവിൽ ഒരാൾ ഞങ്ങളോടു പറഞ്ഞു. സൗഹൃദഭാവത്തോടെ ഞങ്ങളോട് ഇടപെട്ട ശെമ്മാശ്ശൻ ഞങ്ങൾക്ക് ആ വീട് താമസിക്കാൻ തന്നു. എല്ലാ ദിവസവും പുരോഹിതന്റെ വീട്ടിൽനിന്ന് വയൽസേവനത്തിനായി ഇറങ്ങുന്നത് വേറിട്ട ഒരു അനുഭവമായിരുന്നു!
നല്ല പ്രതികരണമുള്ള ഒരു പ്രദേശമായിരുന്നു അത്. ആളുകളുമായി നല്ല ചർച്ചകൾ നടത്താനും ബൈബിളധ്യയനങ്ങൾ ആരംഭിക്കാനും സാധിച്ചു. ഈ വിവരം തലസ്ഥാനനഗരത്തിലുള്ള പള്ളിയധികാരികളുടെ കാതുകളിലെത്തി. യഹോവയുടെ സാക്ഷികളായ ഞങ്ങൾ പള്ളിമേടയിലാണ് താമസിക്കുന്നത് എന്നുകൂടി അറിഞ്ഞപ്പോൾ എത്രയും വേഗം ഞങ്ങളെ അവിടെനിന്ന് പുറത്താക്കാൻ ശെമ്മാശ്ശനോട് അവർ ആവശ്യപ്പെട്ടു. അങ്ങനെ വീണ്ടും കിടപ്പാടം നഷ്ടമായി!
അടുത്ത ദിവസം ഉച്ചകഴിയുന്നതുവരെ പ്രസംഗവേലയിൽ ഏർപ്പെട്ടശേഷം, രാത്രി തങ്ങാൻ പറ്റിയ ഒരു ഇടം അന്വേഷിച്ചുതുടങ്ങി. സ്‌പോർട്‌സ് സ്റ്റേഡിയത്തിലെ മേൽക്കൂരയുള്ള ഒരു ഗ്യാലറിയാണ് ഞങ്ങൾക്ക് ആകെ കണ്ടെത്താനായത്. പെട്ടികൾ അവിടെ ഒളിപ്പിച്ചുവെച്ചിട്ട് ഞങ്ങൾ വയൽസേവനം തുടർന്നു. ഇരുട്ടിത്തുടങ്ങിയെങ്കിലും കുറച്ച് വീടുകൾ കൂടി സന്ദർശിച്ച് ആ തെരുവ് പ്രവർത്തിച്ചുതീർക്കാൻ ഞങ്ങൾ തീരുമാനിച്ചു. അവിടെ ഒരു വീട്ടുകാരൻ ഞങ്ങൾക്കു താമസിക്കാനായി തന്റെ വീടിന്റെ പിൻവശത്തുള്ള ഒരു ചെറിയ രണ്ടുമുറി വീട് തന്നു.
സർക്കിട്ട് വേലയും ഗിലെയാദും
ഏതാണ്ട് എട്ടുമാസം പയനിയറായി സേവിച്ചശേഷം ഓസ്‌ട്രേലിയയിലെ ബ്രാഞ്ച് ഓഫീസിൽനിന്ന് എനിക്ക് സർക്കിട്ട് മേൽവിചാരകനായി സേവിക്കാനുള്ള ക്ഷണം ലഭിച്ചു. വെറും 20 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന എന്നെ ഇത് ഞെട്ടിച്ചുകളഞ്ഞു. കുറച്ച് ആഴ്‌ചകൾ നീണ്ട പരിശീലനത്തിനു ശേഷം ഞാൻ സഭകൾ സന്ദർശിക്കാൻ തുടങ്ങി. എന്നെക്കാൾ മുതിർന്നവർ (എന്നുവെച്ചാൽ ഏതാണ്ട് എല്ലാവരും) എന്റെ പ്രായം ഗണ്യമാക്കാതെ, സഭകളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ചെയ്യുന്ന ശ്രമത്തെ വിലമതിച്ചു.
ഒരു സഭയിൽനിന്ന് മറ്റൊരു സഭയിലേക്കുള്ള യാത്രയ്‌ക്ക് എന്തൊക്കെ മാർഗങ്ങളാണ് ഉപയോഗിച്ചിരുന്നത്! ഒരാഴ്‌ച ബസ്സിലാണെങ്കിൽ, അടുത്തയാഴ്‌ച ട്രാമിലായിരിക്കും (റോഡിലെ പാളത്തിലൂടെ ഓടുന്ന വാഹനം), പിന്നെ ചിലപ്പോൾ കാറിലായിരിക്കും യാത്ര. പെട്ടിയും സാക്ഷീകരണബാഗും ഒരുവിധം താങ്ങിപ്പിടിച്ച് ബൈക്കിനു പുറകിൽ ഇരുന്നും യാത്ര ചെയ്യേണ്ടിവന്നിട്ടുണ്ട്. സഹോദരങ്ങളോടൊപ്പമുള്ള താമസം ഞാൻ ശരിക്കും ആസ്വദിച്ചിരുന്നു. വീടുപണി പൂർത്തിയായിരുന്നില്ലെങ്കിലും ഒരു കമ്പനി ദാസന് ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കണമെന്ന് ഒരേ നിർബന്ധമായിരുന്നു. ബാത്ത്‌ടബ്ബിലാണ് ഒരാഴ്‌ചത്തേക്ക് എനിക്ക് കിടക്ക ഒരുക്കിയത്! സ്ഥിതി അതായിരുന്നിട്ടും ആ ആഴ്‌ചത്തെ ആത്മീയ പ്രവർത്തനങ്ങൾ ഞങ്ങൾക്കെല്ലാം എത്രമാത്രം സന്തോഷം പകർന്നെന്നോ!
1953-ൽ, 22-ാമത്തെ ഗിലെയാദ് ക്ലാസ്സിനുള്ള അപേക്ഷാഫാറം എനിക്കു ലഭിച്ചു; തീർത്തും അപ്രതീക്ഷിതമായിരുന്നു അത്. സന്തോഷത്തോടൊപ്പം തെല്ലൊരു ആശങ്കയും എനിക്കുണ്ടായിരുന്നു. അതിന് കാരണവുമുണ്ട്. 1950 ജൂലൈ 30-ന് ഗിലെയാദ് ബിരുദം നേടിയ ചേച്ചിയെയും ഭർത്താവിനെയും പാക്കിസ്ഥാനിലേക്കാണ് നിയമിച്ചത്. ഒരു വർഷത്തിനകം ചേച്ചി രോഗബാധിതയാകുകയും അവിടെവെച്ച് മരിക്കുകയും ചെയ്‌തു. ഈ സംഭവം നടന്ന് അധികം കഴിയുന്നതിനു മുമ്പ് ഞാനും ഒരു അന്യനാട്ടിലേക്കു പോയാൽ അത് എന്റെ മാതാപിതാക്കൾക്ക് താങ്ങാനാകുമോ? പക്ഷേ, “പൊയ്‌ക്കൊള്ളൂ, യഹോവ പറയുന്നിടത്ത് ചെന്ന് അവനെ സേവിക്കൂ” എന്നാണ് അവർ പറഞ്ഞത്. പിന്നെ ഞാൻ എന്റെ പിതാവിനെ കണ്ടിട്ടില്ല; 1950-കളുടെ ഒടുവിൽ അദ്ദേഹം മരണമടഞ്ഞു.
അങ്ങനെ, ഓസ്‌ട്രേലിയക്കാരായ മറ്റ് അഞ്ച് സഹോദരീസഹോദരന്മാരോടൊപ്പം ഞാൻ ന്യൂയോർക്ക് സിറ്റിയിലേക്ക് കപ്പൽകയറി. ബൈബിൾവായനയും പഠനവും സാക്ഷീകരണവുമൊക്കെയായി കപ്പലിൽ ആറാഴ്‌ച. ഗിലെയാദ് സ്‌കൂൾ നടക്കുന്ന ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിലേക്കു പോകുന്നതിനു മുമ്പ് ഞങ്ങൾ യാങ്കീ സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽ സംബന്ധിച്ചു. 1953 ജൂലൈയിൽ നടന്ന ആ കൺവെൻഷന് 1,65,829 പേർ ഹാജരായിരുന്നു!
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 120 പേരാണ് ഞങ്ങളുടെ ക്ലാസ്സിലുണ്ടായിരുന്നത്. ഓരോരുത്തരെയും എങ്ങോട്ടേക്കാണ് നിയമിക്കുന്നതെന്ന് ബിരുദദാനം നടക്കുന്ന ദിവസം വരെ പറഞ്ഞിരുന്നില്ല. അറിഞ്ഞ ഉടനെ, നിയമനം ലഭിച്ച രാജ്യത്തെക്കുറിച്ച് അറിയാൻ എല്ലാവരും ഗിലെയാദ് ലൈബ്രറിയിലേക്ക് ഓടി. എനിക്കു പോകേണ്ടിയിരുന്ന പരാഗ്വേ, രാഷ്‌ട്രീയ വിപ്ലവങ്ങൾക്കു പേരുകേട്ട രാജ്യമാണെന്ന് ഞാൻ മനസ്സിലാക്കി. അവിടെ എത്തി അധികം വൈകാതെ ഒരു ദിവസം, തലേന്ന് രാത്രി നടന്ന ‘ആഘോഷം’ എന്താണെന്ന് ഞാൻ എന്റെ സഹമിഷനറിമാരോട് തിരക്കി. പുഞ്ചിരിച്ചുകൊണ്ട് അവർ പറഞ്ഞു: “നീ വന്നതിനു ശേഷമുള്ള ആദ്യത്തെ വിപ്ലവമായിരുന്നു അത്. ദാ, പുറത്തേക്ക് നോക്ക്.” തെരുവിൽ മുക്കിലും മൂലയിലുമെല്ലാം പട്ടാളക്കാർ!
മറക്കാനാവാത്ത ഒരു അനുഭവം
ഒരു ഒറ്റപ്പെട്ട സഭയെ സന്ദർശിക്കുന്നതിനും പുതിയ ലോക സമുദായം പ്രവർത്തനത്തിൽ (ഇംഗ്ലീഷ്) എന്ന ചലച്ചിത്രം കാണിക്കുന്നതിനും വേണ്ടി ഒരു സർക്കിട്ട് മേൽവിചാരകനോടൊപ്പം ഞാനും പോയി. തീവണ്ടിയിൽ തുടങ്ങിയ യാത്ര കുതിരപ്പുറത്തും കുതിരവണ്ടിയിലും
കാളവണ്ടിയിലും ഒക്കെയായി എട്ടൊൻപതു മണിക്കൂർ നീണ്ടുനിന്നു. ഒരു ജനറേറ്ററും പ്രൊജക്‌ടറും (ചലച്ചിത്രം പ്രദർശിപ്പിക്കുന്നതിനുള്ള ഉപകരണം) ഞങ്ങൾ കരുതിയിരുന്നു. അവിടെ എത്തി പിറ്റേദിവസം, അങ്ങിങ്ങായി താമസിക്കുന്ന കൃഷിക്കാരെ സന്ദർശിച്ച് രാത്രിയിൽ നടക്കാനിരിക്കുന്ന ചലച്ചിത്രപ്രദർശനത്തിനു ക്ഷണിച്ചു. ഏകദേശം 15 പേർ ഹാജരായി.പ്രദർശനം ആരംഭിച്ച് ഏതാണ്ട് 20 മിനിട്ട് കഴിഞ്ഞുകാണും, പെട്ടെന്ന് വീടിനുള്ളിലേക്കു പോകാൻ ഞങ്ങളോട് ആരോ പറഞ്ഞു. വേഗം പ്രൊജക്‌ടർ എടുത്ത് ഞങ്ങൾ അകത്തേക്ക് ഓടി. പുറത്ത് ആളുകളുടെ ബഹളവും വെടിയൊച്ചയും. അപ്പോഴാണ്, “ഞങ്ങളുടെ ദൈവം രക്തദാഹിയാണ്, അവന് ഗ്രിങ്കോകളുടെ രക്തം വേണം” എന്ന് ജനക്കൂട്ടം ആക്രോശിച്ചത്. അവിടെ രണ്ടു ഗ്രിങ്കോകളേ ഉണ്ടായിരുന്നുള്ളൂ, ഞാനായിരുന്നു അതിൽ ഒരാൾ! പ്രദർശനം കാണാൻ എത്തിയവർ തടഞ്ഞതുകൊണ്ട് ജനക്കൂട്ടത്തിന് വീടിനുള്ളിലേക്കു കയറാൻ കഴിഞ്ഞില്ല. പക്ഷേ, വെടിയുതിർത്തുകൊണ്ട് വെളുപ്പിന് മൂന്നുമണിയോടെ ആ കൂട്ടം തിരിച്ചെത്തി. പട്ടണത്തിലേക്കു തിരിച്ചുപോകുമ്പോൾ ‘നിങ്ങളെ കണ്ടോളാം’ എന്ന് അവർ പറയുന്നുണ്ടായിരുന്നു.
സഹോദരങ്ങൾ അറിയിച്ചതനുസരിച്ച്, ആ പ്രദേശത്ത് ക്രമസമാധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ (ഷെറിഫ്) ഞങ്ങളെ പട്ടണത്തിലേക്കു കൊണ്ടുപോകാൻ ഉച്ചയോടെ രണ്ടുകുതിരകളുമായി എത്തി. യാത്രയ്‌ക്കിടയിൽ മരക്കൂട്ടങ്ങളുടെയോ കുറ്റിക്കാടുകളുടെയോ അടുത്തെത്തിയപ്പോഴൊക്കെ അദ്ദേഹം തോക്ക് കൈയിലെടുത്ത് ഞങ്ങൾക്കു മുമ്പേ പോയി അവിടമാകെ പരിശോധിച്ചു. കുതിരകൾ അവിടെ യാത്രയ്‌ക്ക് വളരെ ഉപകാരപ്രദമാണെന്നു മനസ്സിലാക്കിയ ഞാനും പിന്നീട് ഒരെണ്ണം സ്വന്തമാക്കി.
കൂടുതൽ മിഷനറിമാർ എത്തുന്നു
പുരോഹിതന്മാരുടെ എതിർപ്പ് നിരന്തരം ഉണ്ടായിരുന്നിട്ടും പ്രസംഗവേല നല്ല ഫലം കാണുന്നുണ്ടായിരുന്നു. 1955-ൽ അഞ്ചുമിഷനറിമാർകൂടി എത്തി. 25-ാമത്തെ ഗിലെയാദ് ക്ലാസ്സിൽനിന്നു ബിരുദം നേടിയ കാനഡക്കാരിയായ എൽസി സ്വാൻസൻ എന്ന യുവതിയായിരുന്നു അതിൽ ഒരാൾ. എൽസിക്ക് മറ്റൊരു പട്ടണത്തിലേക്ക് നിയമനം ലഭിക്കുന്നതുവരെ ഞങ്ങൾ ബ്രാഞ്ച് ഓഫീസിൽ കുറച്ചുനാൾ ഒരുമിച്ചുണ്ടായിരുന്നു. ഒരിക്കലും സത്യം സ്വീകരിക്കാഞ്ഞ മാതാപിതാക്കളുടെ പിന്തുണ ഇല്ലാതിരുന്നിട്ടും തന്റെ ജീവിതം യഹോവയുടെ സേവനത്തിനായി ഉഴിഞ്ഞുവെച്ചവളാണ് എൽസി. 1957 ഡിസംബർ 31-ന് വിവാഹിതരായ ഞങ്ങൾ തെക്കൻ പരാഗ്വേയിലേക്ക് താമസം മാറി. അവിടെയുള്ള മിഷനറിഭവനത്തിൽ ഞങ്ങൾ മാത്രമായിരുന്നു താമസം.
ആ വീട്ടിൽ പൈപ്പുണ്ടായിരുന്നില്ല. വീടിനു പുറകിലുള്ള കിണറ്റിൽനിന്നാണ് വെള്ളം കോരിയിരുന്നത്. അകത്ത് കുളിമുറിയോ കക്കൂസോ ഇല്ലായിരുന്നു. വാഷിങ് മെഷീനും ഫ്രിഡ്‌ജുപോലും ഉണ്ടായിരുന്നില്ല ഞങ്ങൾക്ക്. അന്നന്നത്തേക്കു വേണ്ട സാധനങ്ങൾ വാങ്ങി പാകം ചെയ്യുകയായിരുന്നു പതിവ്; അല്ലെങ്കിൽ, ഭക്ഷണ സാധനങ്ങൾ കേടായിപ്പോകുമല്ലോ. ഇങ്ങനെയൊക്കെയായിരുന്നെങ്കിലും ഞങ്ങളുടെ വിവാഹജീവിതത്തിലെ വളരെ സന്തോഷം നിറഞ്ഞ നാളുകളായിരുന്നു അവ. ലളിതമായ ആ ജീവിതവും സഭയിലെ സഹോദരങ്ങളുമായി ഞങ്ങൾക്കുണ്ടായിരുന്ന ഊഷ്‌മളബന്ധവും ആണ് അതിനു കാരണം.
അമ്മയെ കാണാനായി 1963-ൽ ഞങ്ങൾ ഓസ്‌ട്രേലിയയിൽ
ചെന്നു. പത്തുവർഷത്തിനു ശേഷം മകനെ കണ്ടതിലുള്ള അതിയായ സന്തോഷംനിമിത്തമാണെന്നു തോന്നുന്നു, അമ്മയ്‌ക്ക് ഹൃദയാഘാതം ഉണ്ടായി. പരാഗ്വേയിലേക്കു മടങ്ങിപ്പോകാനുള്ള സമയമായപ്പോൾ ഞങ്ങൾ വിഷമസന്ധിയിലായി. ആരെങ്കിലും നോക്കിക്കൊള്ളും എന്ന വിശ്വാസത്തോടെ അമ്മയെ ആശുപത്രിയിൽ വിട്ടിട്ട്, ഞങ്ങൾ ഏറെ പ്രിയപ്പെട്ടിരുന്ന നിയമനം നിർവഹിക്കാനായി പരാഗ്വേയിലേക്ക് തിരിച്ചുപോകണോ എന്നതായിരുന്നു ഞങ്ങൾക്കു മുമ്പിലെ ചോദ്യം. ജീവിതത്തിൽ ഞങ്ങൾ നേരിട്ട ബുദ്ധിമുട്ടേറിയ ഒരു സാഹചര്യമായിരുന്നു അത്. ഏറെ പ്രാർഥനകൾക്കു ശേഷം, അവിടെ താമസിച്ച് അമ്മയെ പരിചരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. 1966-ൽ അമ്മ മരിക്കുന്നതുവരെ അമ്മയെ ശുശ്രൂഷിക്കാനും മുഴുസമയ സേവനത്തിൽ തുടരാനും ഞങ്ങൾക്കു സാധിച്ചു.സർക്കിട്ട്-ഡിസ്‌ട്രിക്‌റ്റ് മേൽവിചാരകനായി ഓസ്‌ട്രേലിയയിൽ അനവധി വർഷങ്ങൾ സേവിക്കാനായതും മൂപ്പന്മാർക്കുവേണ്ടിയുള്ള രാജ്യശുശ്രൂഷാ സ്‌കൂളിൽ പഠിപ്പിക്കാനായതും ഒരു പദവിയായി ഞാൻ കണക്കാക്കുന്നു. പിന്നീട് ഞങ്ങളുടെ ജീവിതത്തിൽ മറ്റൊരു മാറ്റം ഉണ്ടായി: ഓസ്‌ട്രേലിയയിലെ ആദ്യത്തെ ബ്രാഞ്ച് കമ്മിറ്റിയിൽ ഒരു അംഗമായി എന്നെ നിയമിച്ചു. അവിടെ പുതിയ ബ്രാഞ്ച് ഓഫീസിന്റെ നിർമാണം ആരംഭിച്ചപ്പോൾ എന്നെ നിർമാണ കമ്മിറ്റിയുടെ അധ്യക്ഷനായി നിയോഗിച്ചു. അനുഭവസമ്പത്തുള്ള അനേകരുടെ കൂട്ടായ ശ്രമഫലമായി മനോഹരമായ ഒരു ബ്രാഞ്ച് നിർമിക്കപ്പെടുകയുണ്ടായി.
രാജ്യത്തെ പ്രസംഗവേലയ്‌ക്ക് മേൽനോട്ടം വഹിക്കുന്ന വിഭാഗത്തിലായിരുന്നു എന്റെ അടുത്ത നിയമനം. ഒരു മേഖലാ മേൽവിചാരകനായി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ബ്രാഞ്ചുകൾ സന്ദർശിച്ച് വേണ്ട സഹായവും പ്രോത്സാഹനവും നൽകാനും എനിക്ക് അവസരം ലഭിച്ചു. യഹോവയോടുള്ള വിശ്വസ്‌തതയുടെയും അനുസരണത്തിന്റെയും പേരിൽ വർഷങ്ങളോളം, ദശകങ്ങളോളംപോലും ജയിലിലും തടങ്കൽപ്പാളയങ്ങളിലും കഴിഞ്ഞവരെ ഇത്തരം സന്ദർശനങ്ങൾക്കിടെ കാണാനായത് എന്റെ വിശ്വാസം ബലപ്പെടുത്തുന്ന അനുഭവമായിരുന്നു.
ഞങ്ങളുടെ ഇപ്പോഴത്തെ നിയമനം
2001-ലെ ഒരു മേഖലാ സന്ദർശനത്തിനു ശേഷം വളരെ ക്ഷീണിതനായി തിരിച്ചെത്തിയ എന്നെ കാത്തിരുന്നത് ഐക്യനാടുകളിലെ പുതുതായി രൂപീകരിക്കപ്പെട്ട ബ്രാഞ്ച് കമ്മിറ്റിയിൽ സേവിക്കാനായി ന്യൂയോർക്കിലെ ബ്രുക്ലിനിലേക്കു ക്ഷണിച്ചുകൊണ്ടുള്ള കത്തായിരുന്നു. എൽസിയും ഞാനും പ്രാർഥനാപൂർവം ഇതേക്കുറിച്ച് ചിന്തിച്ചശേഷം നിയമനം സന്തോഷത്തോടെ സ്വീകരിച്ചു. കഴിഞ്ഞ 11 വർഷമായി ഞങ്ങൾ ബ്രുക്ലിനിലാണ്.
യഹോവ പറയുന്നതെന്തും ചെയ്യാൻ സന്നദ്ധയായ ഒരു ഭാര്യയെ ലഭിച്ചതിൽ കൃതാർഥനാണ് ഞാൻ. പ്രായം 80 കടന്നെങ്കിലും ഞങ്ങൾക്ക് ഇരുവർക്കും സാമാന്യം നല്ല ആരോഗ്യമുണ്ട്. നിത്യതയിൽ ഉടനീളം യഹോവയിൽനിന്നു പഠിക്കാനും തന്റെ ഹിതം ചെയ്യുന്നവർക്കായി അവൻ കരുതിവെച്ചിരിക്കുന്ന അനുഗ്രഹങ്ങൾ ആസ്വദിക്കാനും ഞങ്ങൾ കാത്തിരിക്കുന്നു.
[19-ാം പേജിലെ ആകർഷക വാക്യം]
ഒരാഴ്‌ച യാത്ര ബസ്സിലാണെങ്കിൽ, അടുത്തയാഴ്‌ച ട്രാമിലായിരിക്കും, പിന്നെ ചിലപ്പോൾ കാറിലും. പെട്ടിയും സാക്ഷീകരണബാഗും ഒരുവിധം താങ്ങിപ്പിടിച്ച് ബൈക്കിനു പുറകിൽ ഇരുന്നും യാത്ര ചെയ്യേണ്ടിവന്നിട്ടുണ്ട്
[21-ാം പേജിലെ ആകർഷക വാക്യം]
നിത്യതയിൽ ഉടനീളം യഹോവയിൽനിന്നു പഠിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു
[18-ാം പേജിലെ ചിത്രങ്ങൾ]
ഇടത്ത്: ഓസ്‌ട്രേലിയയിൽ സർക്കിട്ട് വേലയിൽ
വലത്ത്: മാതാപിതാക്കളോടൊപ്പം
[20-ാം പേജിലെ ചിത്രം]
1957 ഡിസംബർ 31-ന് ഞങ്ങൾ വിവാഹിതരായപ്പോൾ