വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ തന്റെ കുടുംബത്തെ കൂട്ടിച്ചേർക്കുന്നു

യഹോവ തന്റെ കുടുംബത്തെ കൂട്ടിച്ചേർക്കുന്നു

യഹോവ തന്റെ കുടുംബത്തെ കൂട്ടിച്ചേർക്കുന്നു

‘ഞാൻ നിങ്ങളോട്‌ അപേക്ഷിക്കുന്നു: ആത്മാവിനാലുള്ള ഐക്യം നിലനിറുത്തുവിൻ.’—എഫെ. 4:1, 3.

വിശദീകരിക്കാമോ?

ദൈവത്തിന്റെ കാര്യവിചാരണയുടെ ഉദ്ദേശ്യം എന്താണ്‌?

നമുക്ക്‌ എങ്ങനെ “ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ” സാധിക്കും?

‘തമ്മിൽ ദയ ഉള്ളവരായിരിക്കാൻ’ നമ്മെ എന്തു സഹായിക്കും?

1, 2. ഭൂമിയെയും മനുഷ്യവർഗത്തെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം എന്താണ്‌?

 കുടുംബം. ഈ വാക്ക്‌ കേൾക്കുമ്പോൾ എന്താണ്‌ നിങ്ങളുടെ മനസ്സിലേക്കു വരുന്നത്‌? സ്‌നേഹം? സന്തോഷം? പൊതുവായൊരു ലക്ഷ്യം നേടാനുള്ള കൂട്ടായ ശ്രമം? വളരാനും പഠിക്കാനും ചിന്തകൾ പങ്കുവെക്കാനും പറ്റിയ സുരക്ഷിതമായ ഒരിടം? നിങ്ങൾ കരുതലുള്ള ഒരു കുടുംബത്തിന്റെ ഭാഗമാണെങ്കിൽ ഇതൊക്കെയായിരിക്കാം മനസ്സിലേക്കു വരുക. കുടുംബത്തിന്‌ ആരംഭംകുറിച്ചത്‌ യഹോവയാണ്‌. (എഫെ. 3:14, 15) സ്വർഗത്തിലും ഭൂമിയിലും ഉള്ള തന്റെ സൃഷ്ടികളെല്ലാം ഐക്യത്തിൽ, പരസ്‌പരവിശ്വാസത്തോടും സുരക്ഷിതത്വബോധത്തോടും കൂടെ ജീവിക്കണം എന്നതായിരുന്നു യഹോവയുടെ ഉദ്ദേശ്യം.

2 പാപം ചെയ്‌തതോടെ ആദാമും ഹവ്വായും ദൈവത്തിന്റെ അഖിലാണ്ഡകുടുംബത്തിന്റെ ഭാഗമല്ലാതായെങ്കിലും അത്‌ യഹോവയുടെ ഉദ്ദേശ്യത്തെ തകിടംമറിച്ചില്ല. ആദാമിന്റെയും ഹവ്വായുടെയും സന്താനങ്ങളെക്കൊണ്ട്‌ പറുദീസാഭൂമി നിറയുന്നുവെന്ന്‌ അവൻ ഉറപ്പുവരുത്തും. (ഉല്‌പ. 1:28; യെശ. 45:18) ഈ ഉദ്ദേശ്യം നിവർത്തിക്കാൻ വേണ്ട ഒരുക്കങ്ങളെല്ലാം അവൻ ചെയ്‌തിട്ടുണ്ട്‌. അവയിൽ ചിലത്‌ എഫെസ്യർ എന്ന ബൈബിൾപുസ്‌തകത്തിൽ നമുക്കു കാണാനാകും. ഐക്യത്തെക്കുറിച്ചാണ്‌ ഈ പുസ്‌തകം പ്രധാനമായും സംസാരിക്കുന്നത്‌. അതിലെ ചില വാക്യങ്ങൾ പരിശോധിച്ചുകൊണ്ട്‌ തന്റെ സൃഷ്ടികളെ ഒരു കുടുംബമായി ഏകീകരിക്കാനുള്ള യഹോവയുടെ ഉദ്ദേശ്യത്തോടു നമുക്ക്‌ എങ്ങനെ സഹകരിക്കാമെന്ന്‌ നോക്കാം.

കാര്യവിചാരണയും അതിന്റെ പ്രവർത്തനവിധവും

3. എഫെസ്യർ 1:10-ൽ പറഞ്ഞിരിക്കുന്ന ദൈവത്തിന്റെ കാര്യവിചാരണ എന്താണ്‌, അതിന്റെ ആദ്യഭാഗം എന്നാണ്‌ ആരംഭിച്ചത്‌?

3 എപ്പോഴും തന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിലാണ്‌ യഹോവ പ്രവർത്തിക്കുന്നത്‌. അങ്ങനെ ‘കാലസമ്പൂർണതയിൽ,’ ബുദ്ധിശക്തിയുള്ള തന്റെ എല്ലാ സൃഷ്ടികളെയും ഒരു കുടുംബമായി ഏകീകരിക്കാനുള്ള ക്രമീകരണം അഥവാ ‘കാര്യവിചാരണ’ യഹോവ ആരംഭിച്ചു. (എഫെസ്യർ 1:8-10 വായിക്കുക.) രണ്ടുഭാഗമായാണ്‌ ഈ കാര്യവിചാരണ അതിന്റെ ലക്ഷ്യം കൈവരിക്കുന്നത്‌. സ്വർഗത്തിൽ യേശുക്രിസ്‌തുവിന്റെ അധികാരത്തിൻ കീഴിൽ പ്രവർത്തിക്കാൻ അഭിഷിക്തരുടെ സഭയെ ഒരുക്കുന്നതാണ്‌ ആദ്യഭാഗം. ക്രിസ്‌തുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കുന്നവരെ എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ യഹോവ കൂട്ടിച്ചേർക്കാൻ തുടങ്ങിയതോടെ ഈ ഭാഗം ആരംഭിച്ചു. (പ്രവൃ. 2:1-4) ക്രിസ്‌തുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ, അഭിഷിക്തരെ നീതിമാന്മാരും ജീവനു യോഗ്യരും ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ തങ്ങൾ ‘ദൈവത്തിന്റെ മക്കളായി’ ദത്തെടുക്കപ്പെട്ടിരിക്കുന്നുവെന്ന്‌ അവർ മനസ്സിലാക്കുന്നു.—റോമ. 3:23, 24; 5:1; 8:15-17.

4, 5. കാര്യവിചാരണയുടെ രണ്ടാം ഭാഗം എന്താണ്‌?

4 ക്രിസ്‌തുവിന്റെ മിശിഹൈകരാജ്യത്തിൻ കീഴിലെ പറുദീസാഭൂമിയിൽ വസിക്കാനുള്ളവരെ ഒരുക്കുന്നതാണ്‌ കാര്യവിചാരണയുടെ രണ്ടാം ഭാഗം. “മഹാപുരുഷാരം” ആണ്‌ ഇതിലെ ആദ്യത്തെ ഗണം. (വെളി. 7:9, 13-17; 21:1-5) ആയിരംവർഷ വാഴ്‌ചക്കാലത്ത്‌ ഉയിർത്തെഴുന്നേറ്റുവരുന്ന കോടിക്കണക്കിന്‌ ആളുകളും ഇവരോടൊപ്പം ചേരും. (വെളി. 20:12, 13) പുനരുത്ഥാനം ആരംഭിക്കുന്നതോടെ നമ്മുടെ ഐക്യം തെളിയിക്കാനുള്ള എത്രയെത്ര അവസരങ്ങളായിരിക്കും ലഭിക്കുകയെന്ന്‌ വിഭാവന ചെയ്‌തുനോക്കൂ! ആയിരംവർഷ വാഴ്‌ചയുടെ ഒടുവിൽ ‘ഭൂമിയിലുള്ളത്‌’ ഒരു അന്തിമപരിശോധനയ്‌ക്ക്‌ വിധേയമാക്കപ്പെടും. വിശ്വസ്‌തത തെളിയിക്കുന്നവർ ഭൂമിയിലെ ‘ദൈവമക്കളായി’ ദത്തെടുക്കപ്പെടും.—റോമ. 8:20; വെളി. 20:7, 8.

5 ദൈവത്തിന്റെ കാര്യവിചാരണയുടെ സ്വർഗീയവും ഭൗമികവും ആയ രണ്ടുഭാഗങ്ങളും ഇന്ന്‌ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ദൈവത്തിന്റെ കാര്യവിചാരണയോട്‌ നമുക്ക്‌ ഓരോരുത്തർക്കും എങ്ങനെ സഹകരിക്കാനാകും?

ആത്മാവിനാലുള്ള ഐക്യം നിലനിറുത്തുവിൻ’

6. ക്രിസ്‌ത്യാനികൾ ഒരുമിച്ച്‌ കൂടിവരേണ്ടതുണ്ടെന്ന്‌ തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നത്‌ എങ്ങനെ?

6 ക്രിസ്‌ത്യാനികൾ ഒരുമിച്ച്‌ കൂടിവരണമെന്ന്‌ തിരുവെഴുത്തുകൾ പറയുന്നു. (1 കൊരി. 14:23; എബ്രാ. 10:24, 25) ഉത്സവപ്പറമ്പിലോ കായികവിനോദങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിലോ ആളുകൾ കൂടിവരാറുണ്ട്‌. എന്നാൽ അതുപോലെ ഏതെങ്കിലും ഒരു സ്ഥലത്ത്‌ വെറുതെ കൂടിവരുന്നതിനെക്കുറിച്ചല്ല പൗലോസ്‌ പറഞ്ഞത്‌; അവിടെ യഥാർഥ ഐക്യമുണ്ടാകുന്നില്ല. യഹോവയുടെ മാർഗനിർദേശം ബാധകമാക്കുകയും നമ്മെ രൂപപ്പെടുത്താൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ അനുവദിക്കുകയും ചെയ്യുമ്പോഴാണ്‌ നാം യഥാർഥ ഐക്യം കൈവരിക്കുന്നത്‌.

7. “ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ” നാം എന്തു ചെയ്യേണ്ടതുണ്ട്‌?

7 ക്രിസ്‌തുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ യഹോവ, അഭിഷിക്തരായവരെ തന്റെ പുത്രന്മാർ എന്ന നിലയിലും വേറെ ആടുകളിൽപ്പെട്ടവരെ തന്റെ സ്‌നേഹിതന്മാർ എന്ന നിലയിലും നീതിമാന്മാരായി പ്രഖ്യാപിച്ചിരിക്കുന്നുവെന്നത്‌ ശരിതന്നെ; എന്നാൽ ഈ വ്യവസ്ഥിതിയിൽ ജീവിച്ചിരിക്കുന്നിടത്തോളം നമുക്കിടയിൽ വ്യക്തിത്വഭിന്നതകളുണ്ടാകും. (റോമ. 5:9; യാക്കോ. 2:23) അതുകൊണ്ടാണല്ലോ ‘അന്യോന്യം ക്ഷമിക്കുന്നതിൽ’ തുടരാൻ നിശ്വസ്‌തതയിൽ നമ്മെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നത്‌. സഹവിശ്വാസികളുമായി നമുക്ക്‌ എങ്ങനെ ഐക്യത്തിൽ വസിക്കാം? അതിന്‌ നാം “തികഞ്ഞ വിനയവും സൗമ്യതയും” വളർത്തിയെടുക്കേണ്ടതുണ്ട്‌. കൂടാതെ, “സമാധാനബന്ധം കാത്തുകൊണ്ട്‌ ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ” യത്‌നിക്കാനും പൗലോസ്‌ പ്രോത്സാഹിപ്പിച്ചു. (എഫെസ്യർ 4:1-3 വായിക്കുക.) ഈ ബുദ്ധിയുപദേശം ബാധകമാക്കുന്നവർ ദൈവാത്മാവിന്റെ സ്വാധീനത്തിന്‌ കീഴ്‌പെടുകയും തങ്ങളിൽ ആത്മാവിന്റെ ഫലം ഉളവാക്കാൻ അതിനെ അനുവദിക്കുകയും ചെയ്യും. ആത്മാവിന്റെ ഫലം വ്യക്തിത്വഭിന്നതകൾ പരിഹരിക്കുന്നു. എന്നാൽ ജഡത്തിന്റെ പ്രവൃത്തികൾ അങ്ങനെയല്ല. അത്‌ ആളുകളെ ഭിന്നിപ്പിക്കും.

8. ജഡത്തിന്റെ പ്രവൃത്തികൾ അനൈക്യം സൃഷ്ടിക്കുന്നത്‌ എങ്ങനെ?

8 “ജഡത്തിന്റെ പ്രവൃത്തികൾ” അനൈക്യം സൃഷ്ടിക്കുന്നത്‌ എങ്ങനെയാണ്‌? (ഗലാത്യർ 5:19-21 വായിക്കുക.) പരസംഗം ഒരുവനെ യഹോവയിൽനിന്നും സഭയിൽനിന്നും വേർപെടുത്തുന്നു. വ്യഭിചാരമാകട്ടെ, കുട്ടികളെ മാതാപിതാക്കളിൽനിന്നും നിരപരാധികളായവരെ തങ്ങളുടെ ഇണയിൽനിന്നും നിർദയം പറിച്ചുമാറ്റിയേക്കാം. അശുദ്ധി ദൈവവുമായും പ്രിയപ്പെട്ടവരുമായും ഉള്ള ഒരു വ്യക്തിയുടെ ഐക്യത്തെ ബാധിക്കുന്നു. രണ്ടുവസ്‌തുക്കൾ ഒട്ടിപ്പിടിക്കണമെങ്കിൽ ഒട്ടിച്ചുചേർക്കേണ്ട പ്രതലങ്ങൾ വൃത്തിയുള്ളതായിരിക്കണമല്ലോ! ദുർന്നടപ്പ്‌ അഥവാ ധിക്കാരപരമായ നടത്ത ദൈവത്തിന്റെ നീതിയുള്ള നിയമങ്ങളോടുള്ള കടുത്ത അനാദരവാണ്‌. മറ്റുള്ളവരുമായും ദൈവവുമായും ഉള്ള ബന്ധത്തിൽനിന്ന്‌ ജഡത്തിന്റെ മറ്റു പ്രവൃത്തികളും ഒരു വ്യക്തിയെ വേർപെടുത്തും. ആ പ്രവൃത്തികൾ ദൈവത്തിന്റെ വ്യക്തിത്വവുമായി ഒരുതരത്തിലും യോജിക്കുന്നില്ല.

9. “സമാധാനബന്ധം കാത്തുകൊണ്ട്‌ ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ” നാം യത്‌നിക്കുന്നുണ്ടോയെന്ന്‌ എങ്ങനെ പരിശോധിക്കാനാകും?

9 അതുകൊണ്ട്‌ ഓരോരുത്തരും സ്വയം ഇങ്ങനെ ചോദിക്കുക: ‘“സമാധാനബന്ധം കാത്തുകൊണ്ട്‌ ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ” ഞാൻ എത്രത്തോളം യത്‌നിക്കുന്നുണ്ട്‌? പ്രശ്‌നങ്ങളുണ്ടാകുമ്പോൾ എന്റെ പ്രതികരണം എങ്ങനെയാണ്‌? കഴിയുന്നത്ര സുഹൃത്തുക്കളുടെ പിന്തുണ നേടാനായി ഞാൻ എന്റെ പ്രശ്‌നങ്ങൾ പറഞ്ഞുപരത്താറുണ്ടോ? ഒരു വ്യക്തിയുമായി സമാധാനം പുനഃസ്ഥാപിക്കാൻ ആത്മാർഥമായി ശ്രമിക്കാതെ എനിക്കുവേണ്ടി മൂപ്പന്മാർ ഇടപെടണമെന്ന്‌ ഞാൻ പ്രതീക്ഷിക്കാറുണ്ടോ? മറ്റൊരാൾക്ക്‌ എന്നോട്‌ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു തോന്നുമ്പോൾ അത്‌ പരസ്‌പരം ചർച്ച ചെയ്യാനുള്ള അവസരം നൽകാതെ ഞാൻ ഒഴിഞ്ഞുമാറി നടക്കാറുണ്ടോ?’ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ, എല്ലാം ക്രിസ്‌തുവിൽ വീണ്ടും ഒന്നായിച്ചേർക്കുക എന്ന യഹോവയുടെ ഉദ്ദേശ്യത്തിനു ചേർച്ചയിലാണ്‌ നാം പ്രവർത്തിക്കുന്നതെന്ന്‌ പറയാനാകുമോ?

10, 11. (എ) സഹോദരങ്ങളുമായി സമാധാനത്തിലായിരിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌? (ബി) സമാധാനത്തിനും ആത്മീയ അഭിവൃദ്ധിക്കും വേണ്ടി നമുക്ക്‌ എന്തു ചെയ്യാനാകും?

10 യേശു പറഞ്ഞു: “ആകയാൽ നീ യാഗപീഠത്തിങ്കൽ വഴിപാടു കൊണ്ടുവരുമ്പോൾ നിന്റെ സഹോദരന്‌ നിനക്കെതിരെ എന്തെങ്കിലും ഉണ്ടെന്ന്‌ അവിടെവെച്ച്‌ ഓർമ വന്നാൽ നിന്റെ വഴിപാട്‌ യാഗപീഠത്തിനു മുമ്പിൽ വെച്ചിട്ട്‌ ആദ്യം പോയി നിന്റെ സഹോദരനുമായി രമ്യതയിലാകുക. പിന്നെ വന്ന്‌ നിന്റെ വഴിപാട്‌ അർപ്പിക്കുക. . . . വഴിയിൽവെച്ചുതന്നെ അവനുമായി രമ്യതയിലായിക്കൊള്ളുക (“വേഗം രമ്യതപ്പെട്ടുകൊൾക,” പി.ഒ.സി. ബൈബിൾ).” (മത്താ. 5:23-25) “സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതച്ച്‌ നീതിഫലം കൊയ്യും” എന്ന്‌ യാക്കോബ്‌ എഴുതി. (യാക്കോ. 3:17, 18) അതുകൊണ്ട്‌, മറ്റുള്ളവരുമായി സമാധാനത്തിലല്ലെങ്കിൽ നീതിനിഷ്‌ഠമായി നടക്കാൻ നമുക്കാവില്ല.

11 ഒരു ഉദാഹരണം നോക്കാം. യുദ്ധം നാശംവിതച്ച ചില രാജ്യങ്ങളിലുള്ളവർക്ക്‌ കുഴിബോംബുകളെ ഭയക്കേണ്ടതില്ലായിരുന്നെങ്കിൽ, 35 ശതമാനം അധികം സ്ഥലം കൃഷി ചെയ്യാമായിരുന്നെന്ന്‌ കണക്കാക്കപ്പെടുന്നു. ഒരു കുഴിബോംബ്‌ പൊട്ടുമ്പോൾ കർഷകർ ആ നിലത്ത്‌ കൃഷി ചെയ്യുന്നത്‌ നിറുത്തുന്നു. അപ്പോൾ ഗ്രാമങ്ങളിലുള്ളവർക്ക്‌ ജീവിതമാർഗം നഷ്ടമാകുന്നതോടൊപ്പം പട്ടണങ്ങളിലുള്ളവർക്ക്‌ വേണ്ട ഭക്ഷണവും കിട്ടാതാകും. സമാനമായി, നമ്മുടെ സഹോദരങ്ങളുമായുള്ള സമാധാനബന്ധത്തിന്‌ തടസ്സമായേക്കാവുന്ന സ്വഭാവരീതികൾ നമ്മുടെ ആത്മീയ വളർച്ചക്ക്‌ വിഘാതമായേക്കാം. എന്നാൽ, പെട്ടെന്നുതന്നെ മറ്റുള്ളവരോടു ക്ഷമിക്കുകയും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ നമുക്കെല്ലാവർക്കും സമാധാനവും യഹോവയുടെ അനുഗ്രഹവും ആസ്വദിക്കാനാകും.

12. ഐക്യത്തിൽ വസിക്കാൻ മൂപ്പന്മാർ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

12 ഐക്യം ഉന്നമിപ്പിക്കുന്നതിൽ ‘മനുഷ്യരാകുന്ന ദാനങ്ങൾക്കും’ വലിയൊരു പങ്കുണ്ട്‌. അവരെ നമുക്കു നൽകിയിരിക്കുന്നത്‌ നാം ‘വിശ്വാസത്തിൽ ഐക്യം പ്രാപിക്കാൻ’ വേണ്ടിയാണ്‌. (എഫെ. 4:8, 13) വിശുദ്ധസേവനത്തിൽ നമ്മോടൊപ്പം പ്രവർത്തിക്കുന്ന മൂപ്പന്മാർ ദൈവവചനത്തിൽ അധിഷ്‌ഠിതമായ ബുദ്ധിയുപദേശങ്ങൾ നൽകിക്കൊണ്ട്‌ പുതിയ വ്യക്തിത്വം ധരിക്കുന്നതിൽ പുരോഗമിക്കാൻ നമ്മെ സഹായിക്കുന്നു. (എഫെ. 4:22-24) തന്റെ പുത്രന്റെ ഭരണത്തിൻ കീഴിലുള്ള പുതിയ ഭൂമിയിലെ ജീവിതത്തിനായി നിങ്ങളെ ഒരുക്കാനുള്ള യഹോവയുടെ ശ്രമങ്ങളായിട്ടാണോ ഇത്തരം ബുദ്ധിയുപദേശങ്ങളെ നിങ്ങൾ കാണുന്നത്‌? മൂപ്പന്മാരേ, ഇക്കാര്യം മനസ്സിൽപ്പിടിച്ചുകൊണ്ടാണോ നിങ്ങൾ മറ്റുള്ളവർക്ക്‌ ബുദ്ധിയുപദേശം നൽകുന്നത്‌?—ഗലാ. 6:1.

തമ്മിൽ ദയ ഉള്ളവരായിരിപ്പിൻ’

13. എഫെസ്യർ 4:25-32 വാക്യങ്ങളിൽ കാണുന്ന ബുദ്ധിയുപദേശം അനുസരിക്കാതിരുന്നാൽ എന്തായിരിക്കും ഫലം?

13 നാം തീർത്തും ഒഴിവാക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ എഫെസ്യർ 4:25-29 പറയുന്നു. നാം വ്യാജം സംസാരിക്കുകയോ കോപിക്കുകയോ അലസതയുള്ളവരായിരിക്കുകയോ ദുഷിച്ച കാര്യങ്ങൾ സംസാരിക്കുകയോ ചെയ്യരുത്‌. പകരം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ നല്ല കാര്യങ്ങൾ സംസാരിക്കുക. ഈ ബുദ്ധിയുപദേശം അനുസരിക്കാത്ത ഒരു വ്യക്തി ദൈവാത്മാവിനെ ദുഃഖിപ്പിക്കുകയായിരിക്കും ചെയ്യുന്നത്‌. കാരണം, പരിശുദ്ധാത്മാവ്‌ ഐക്യം ഉന്നമിപ്പിക്കുന്ന ഒരു ശക്തിയാണ്‌. (എഫെ. 4:30) പൗലോസ്‌ തുടർന്ന്‌ പറഞ്ഞ കാര്യങ്ങൾ ബാധകമാക്കുന്നതും സമാധാനത്തിനും ഐക്യത്തിനും അത്യന്താപേക്ഷിതമാണ്‌. അവൻ എഴുതി: “സകല വിദ്വേഷവും കോപവും ക്രോധവും ആക്രോശവും ദൂഷണവും എല്ലാവിധ ദുർഗുണങ്ങളോടുംകൂടെ നിങ്ങളെ വിട്ട്‌ ഒഴിഞ്ഞുപോകട്ടെ. തമ്മിൽ ദയയും ആർദ്രാനുകമ്പയും ഉള്ളവരായി ദൈവം ക്രിസ്‌തുമൂലം നിങ്ങളോട്‌ ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും അന്യോന്യം ഉദാരമായി ക്ഷമിക്കുവിൻ.”—എഫെ. 4:31, 32.

14. (എ) ‘ദയ ഉള്ളവരായിരിപ്പിൻ’ എന്ന വാക്ക്‌ എന്ത്‌ സൂചിപ്പിക്കുന്നു? (ബി) ദയ ഉള്ളവരായിരിക്കാൻ നമ്മെ എന്തു സഹായിക്കും?

14 ‘ദയ ഉള്ളവരായിരിപ്പിൻ’ എന്ന വാക്ക്‌ സൂചിപ്പിക്കുന്നത്‌ നാമിപ്പോൾ ഒരളവുവരെയെങ്കിലും ദയയില്ലാതെ പെരുമാറുന്നുണ്ടെന്നും ദയ കാണിക്കുന്നതിൽ പുരോഗമിക്കേണ്ടതുണ്ടെന്നും ആണ്‌. നമ്മുടെ വികാരങ്ങളെക്കാൾ മറ്റുള്ളവരുടെ വികാരങ്ങൾ പരിഗണിക്കാൻ നാം പഠിക്കേണ്ടതുണ്ട്‌. (ഫിലി. 2:4) ഒരുപക്ഷേ, നാം പറയാൻ പോകുന്ന കാര്യം മറ്റുള്ളവരെ ചിരിപ്പിക്കുകയോ നമ്മുടെ മിടുക്ക്‌ പ്രദർശിപ്പിക്കുകയോ ചെയ്‌തേക്കാം; പക്ഷേ, അത്‌ ദയയായിരിക്കുമോ? സംസാരിക്കുന്നതിനു മുമ്പുതന്നെ അതേക്കുറിച്ച്‌ ചിന്തിക്കുന്നത്‌ ‘ദയ ഉള്ളവരായിരിക്കാൻ’ നമ്മെ സഹായിക്കും.

കുടുംബത്തിൽ സ്‌നേഹവും ആദരവും കാണിക്കാൻ പഠിക്കുക

15. ക്രിസ്‌തുവിനെ അനുകരിക്കാൻ എഫെസ്യർ 5:28 ഭർത്താക്കന്മാരെ സഹായിക്കുന്നത്‌ എങ്ങനെ?

15 ക്രിസ്‌തുവിന്‌ സഭയോടുള്ള ബന്ധത്തെ ഭർത്താവിന്‌ ഭാര്യയോടുള്ള ബന്ധത്തോട്‌ ബൈബിൾ താരതമ്യപ്പെടുത്തുന്നു. ഭർത്താവ്‌ ഭാര്യക്കു വേണ്ട നിർദേശങ്ങൾ നൽകണമെന്നും സ്‌നേഹവും കരുതലും കാണിക്കണമെന്നും ഭാര്യ ഭർത്താവിന്‌ കീഴ്‌പെട്ടിരിക്കണമെന്നും ഇത്‌ നമ്മെ പഠിപ്പിക്കുന്നു. (എഫെ. 5:22-33) പൗലോസ്‌ എഴുതി: “അങ്ങനെതന്നെ, ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തം ശരീരത്തെപ്പോലെ സ്‌നേഹിക്കേണ്ടതാകുന്നു.” (എഫെ. 5:28) “അങ്ങനെതന്നെ” എന്നു പറഞ്ഞപ്പോൾ പൗലോസ്‌ എന്താണ്‌ ഉദ്ദേശിച്ചത്‌? മുൻവാക്യങ്ങളിൽ പൗലോസ്‌, ‘ക്രിസ്‌തു സഭയെ സ്‌നേഹിച്ചു. . . . അവൻ സഭയെ വചനത്തിന്റെ ജലംകൊണ്ടു കഴുകിവെടിപ്പാക്കേണ്ടതിന്‌ സഭയ്‌ക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്തു’ എന്ന കാര്യം പറഞ്ഞുവരുകയായിരുന്നു. എല്ലാം ക്രിസ്‌തുവിൽ വീണ്ടും ഒന്നായിച്ചേർക്കുക എന്ന യഹോവയുടെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്ന ഒരു ഭർത്താവ്‌ തന്റെ കുടുംബത്തെ ആത്മീയമായി പോഷിപ്പിക്കാൻ ശ്രദ്ധിക്കണം.

16. തിരുവെഴുത്തുകൾ തങ്ങൾക്ക്‌ നൽകുന്ന ഉത്തരവാദിത്വങ്ങൾ മാതാപിതാക്കൾ നിർവഹിക്കുമ്പോൾ എന്തു ഫലമുണ്ടാകും?

16 യഹോവയിൽനിന്നുള്ള ഒരു നിയമനം ലഭിച്ചവരാണ്‌ തങ്ങളെന്ന്‌ മാതാപിതാക്കൾ മനസ്സിൽപ്പിടിക്കണം. സങ്കടകരമെന്നു പറയട്ടെ, ലോകത്ത്‌ ഇന്ന്‌ മിക്കവർക്കും “സഹജസ്‌നേഹമില്ല.” (2 തിമൊ. 3:1, 3) ഉത്തരവാദിത്വങ്ങളിൽനിന്ന്‌ ഒളിച്ചോടുന്ന അനേകം പിതാക്കന്മാർ ഇന്നുണ്ട്‌. ഇത്‌ കുട്ടികളെ പ്രതികൂലമായി ബാധിക്കുകയും അവരെ വിഷാദമഗ്നരാക്കുകയും ചെയ്യുന്നു. എന്നാൽ പൗലോസ്‌ ക്രിസ്‌തീയ പിതാക്കന്മാർക്ക്‌ ഈ ബുദ്ധിയുപദേശം നൽകി: “നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ യഹോവയുടെ ശിക്ഷണത്തിലും അവന്റെ ചിന്തകൾക്ക്‌ അനുസൃതമായും അവരെ വളർത്തിക്കൊണ്ടുവരുക.” (എഫെ. 6:4) കുട്ടികൾ സ്‌നേഹത്തിന്റെയും ആദരവിന്റെയും ആദ്യപാഠങ്ങൾ പഠിക്കേണ്ടത്‌ കുടുംബത്തിലല്ലാതെ മറ്റെവിടെയാണ്‌? ഈ പാഠങ്ങൾ ഫലപ്രദമായി കുട്ടികളെ പഠിപ്പിച്ച മാതാപിതാക്കൾ യഹോവയുടെ കാര്യവിചാരണയ്‌ക്ക്‌ ചേർച്ചയിൽ പ്രവർത്തിച്ചിരിക്കുന്നു. കോപത്തിനും ആക്രോശത്തിനും മോശമായ സംസാരത്തിനും ഇടംകൊടുക്കാത്ത, സ്‌നേഹം കളിയാടുന്ന ഒരിടമായിരിക്കണം നമ്മുടെ ഭവനം. അങ്ങനെയാണെങ്കിൽ സ്‌നേഹത്തെയും ആദരവിനെയും കുറിച്ചുള്ള സുപ്രധാനപാഠങ്ങൾ നാം നമ്മുടെ കുട്ടികളെ പഠിപ്പിക്കുകയായിരിക്കും. ഇത്‌ അവരെ ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവിതത്തിനായി ഒരുക്കും.

17. പിശാചിനെ ചെറുത്തുനിൽക്കാൻ നാം എന്ത്‌ ചെയ്യേണ്ടതുണ്ട്‌?

17 സാർവത്രിക സമാധാനത്തിന്‌ ഏറ്റവും ആദ്യം തുരങ്കംവെച്ച പിശാച്‌ ദൈവത്തിന്റെ ഹിതം ചെയ്യാനുള്ള നമ്മുടെ ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌. ഇന്ന്‌ വിവാഹമോചനനിരക്ക്‌ കുതിച്ചുയരുകയും ആളുകൾ വിവാഹിതരാകാതെ ഒന്നിച്ചുതാമസിക്കുകയും ഒരേ ലിംഗവർഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം അംഗീകരിക്കപ്പെടുകയും ചെയ്യുമ്പോൾ സാത്താന്റെ ഉദ്ദേശ്യമാണ്‌ നടപ്പിലാകുന്നത്‌. ഇന്നത്തെ ലോകത്തിന്റെ രീതികൾ നമ്മുടെ പെരുമാറ്റത്തെയോ മനോഭാവത്തെയോ രൂപപ്പെടുത്താൻ നാം അനുവദിക്കുന്നില്ല. പകരം ക്രിസ്‌തുവാണ്‌ നമ്മുടെ മാതൃക. (എഫെ. 4:17-21) സാത്താനെയും അവന്റെ ഭൂതങ്ങളെയും വിജയകരമായി ചെറുത്തുനിൽക്കാൻ “ദൈവത്തിൽനിന്നുള്ള സർവായുധവർഗം ധരിച്ചുകൊള്ളുവിൻ” എന്ന്‌ നമ്മെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നു.—എഫെസ്യർ 6:10-13 വായിക്കുക.

“സ്‌നേഹത്തിൽ ജീവിക്കുവിൻ”

18. നമ്മുടെ ഇടയിലെ ക്രിസ്‌തീയ ഐക്യത്തിന്റെ താക്കോൽ എന്താണ്‌?

18 ക്രിസ്‌തീയ ഐക്യത്തിന്റെ താക്കോൽ സ്‌നേഹമാണ്‌. നമ്മുടെ ഏക ‘കർത്താവിനോടും’ ഏക ‘ദൈവത്തോടും’ സഹവിശ്വാസികളോടും സ്‌നേഹമുള്ളതിനാൽ “ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ” നാം ദൃഢചിത്തരാണ്‌. (എഫെ. 4:3-6) അത്തരം സ്‌നേഹത്തെക്കുറിച്ചാണ്‌ യേശു തന്റെ പ്രാർഥനയിൽ പറഞ്ഞത്‌: “ഇവർക്കുവേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു; അവർ എല്ലാവരും ഒന്നായിരിക്കേണ്ടതിനും പിതാവേ, നീ എന്നോടും ഞാൻ നിന്നോടും ഏകീഭവിച്ചിരിക്കുന്നതുപോലെ അവരും നമ്മോട്‌ ഏകീഭവിച്ചവരായിരിക്കേണ്ടതിനും . . . തന്നെ. നീ എന്നോടു കാണിച്ച സ്‌നേഹം അവരിൽ ഉണ്ടാകുവാനും ഞാൻ അവരോട്‌ ഏകീഭവിച്ചിരിക്കുവാനും ഞാൻ നിന്റെ നാമം അവരെ അറിയിച്ചിരിക്കുന്നു; ഇനിയും അറിയിക്കും.”—യോഹ. 17:20, 21, 26.

19. എന്താണ്‌ നിങ്ങളുടെ ദൃഢതീരുമാനം?

19 നമ്മിലുള്ള ഏതെങ്കിലും അപൂർണതയുമായി നമുക്ക്‌ പോരാട്ടമുണ്ടെങ്കിൽ സങ്കീർത്തനക്കാരനെപ്പോലെ, “നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ” എന്നു പ്രാർഥിക്കാൻ സ്‌നേഹം നമ്മെ പ്രചോദിപ്പിക്കട്ടെ. (സങ്കീ. 86:11) നമ്മുടെ സ്‌നേഹവാനായ പിതാവിൽനിന്നും അവന്റെ അംഗീകാരമുള്ളവരിൽനിന്നും നമ്മെ അകറ്റിക്കളയാനുള്ള പിശാചിന്റെ ശ്രമങ്ങളെ ചെറുത്തുനിൽക്കാൻ നമുക്ക്‌ ദൃഢനിശ്ചയമുള്ളവരായിരിക്കാം. “പ്രിയമക്കളായി ദൈവത്തെ അനുകരിക്കുവിൻ. . . . നിങ്ങളും സ്‌നേഹത്തിൽ ജീവിക്കുവിൻ” എന്ന ബുദ്ധിയുപദേശം കുടുംബത്തിലും ശുശ്രൂഷയിലും സഭയിലും ബാധകമാക്കാൻ കഠിനമായി യത്‌നിക്കുക.—എഫെ. 5:1, 2.

[അധ്യയന ചോദ്യങ്ങൾ]

[29-ാം പേജിലെ ചിത്രം]

വഴിപാട്‌ യാഗപീഠത്തിനു മുമ്പിൽ വെച്ചിട്ട്‌ തന്റെ സഹോദരനുമായി രമ്യതയിലാകാൻ പോകുകയാണ്‌ ഈ വ്യക്തി

[31-ാം പേജിലെ ചിത്രം]

മാതാപിതാക്കളേ, ആദരവുള്ളവരായിരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക