വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉറച്ചുനിൽക്കുക, സാത്താൻ ഒരുക്കുന്ന കെണികൾ ഒഴിവാക്കുക!

ഉറച്ചുനിൽക്കുക, സാത്താൻ ഒരുക്കുന്ന കെണികൾ ഒഴിവാക്കുക!

ഉറച്ചുനിൽക്കുക, സാത്താൻ ഒരുക്കുന്ന കെണികൾ ഒഴിവാക്കുക!

‘പിശാചിന്റെ കുടിലതന്ത്രങ്ങളോട്‌ എതിർത്തുനിൽക്കുക.’—എഫെ. 6:11.

ഉത്തരം പറയാമോ?

ഭൗതികത്വം എന്ന കെണിയിൽപ്പെടാതിരിക്കാൻ യഹോവയുടെ ഒരു ദാസന്‌ എന്തു ചെയ്യാനാകും?

വ്യഭിചാരം എന്ന കുഴിയിൽ വീഴാതിരിക്കാൻ വിവാഹിത ക്രിസ്‌ത്യാനിയെ എന്തു സഹായിക്കും?

ഭൗതികത്വത്തെയും ലൈംഗിക അധാർമികതയെയും എതിർത്തുനിൽക്കുന്നത്‌ പ്രയോജനപ്രദമാണെന്ന്‌ നിങ്ങൾ കരുതുന്നത്‌ എന്തുകൊണ്ട്‌?

1, 2. (എ) അഭിഷിക്തരോടും ‘വേറെ ആടുകളോടും’ സാത്താന്‌ തെല്ലും ദയയില്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) സാത്താൻ ഒരുക്കുന്ന ഏതു കെണികളെക്കുറിച്ചാണ്‌ ഈ ലേഖനത്തിൽ നാം ചിന്തിക്കുന്നത്‌?

 പിശാചായ സാത്താന്‌ മനുഷ്യരോട്‌, വിശേഷാൽ യഹോവയെ സേവിക്കുന്നവരോട്‌ യാതൊരു ദയയുമില്ല. വാസ്‌തവത്തിൽ, അഭിഷിക്ത ശേഷിപ്പിനോട്‌ അവൻ ഇന്ന്‌ യുദ്ധം ചെയ്യുകയാണ്‌. (വെളി. 12:17) രാജ്യപ്രസംഗവേലയ്‌ക്ക്‌ സുധീരം നേതൃത്വം നൽകിവരുന്ന ആ ക്രിസ്‌ത്യാനികൾ ഈ ലോകത്തിന്റെ ഭരണാധികാരി സാത്താനാണെന്ന്‌ തുറന്നുകാട്ടിയിരിക്കുന്നു. ഈ വേലയിൽ അഭിഷിക്തരെ പിന്തുണയ്‌ക്കുന്ന, എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള ‘വേറെ ആടുകളെയും’ പിശാച്‌ ദ്വേഷിക്കുന്നു. (യോഹ. 10:16) നിത്യം ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ സാത്താൻ അവരെ പകയ്‌ക്കുന്നതിൽ അതിശയിക്കാനില്ല! നമുക്കുള്ള പ്രത്യാശ സ്വർഗീയമായാലും ഭൗമികമായാലും നമ്മുടെ ക്ഷേമത്തിൽ തെല്ലും താത്‌പര്യമില്ലാത്തവനാണ്‌ സാത്താൻ. തന്റെ ഇരകളായാണ്‌ അവൻ നമ്മെ കാണുന്നത്‌.—1 പത്രോ. 5:8.

2 നമ്മെ പിടിക്കുകയെന്ന ലക്ഷ്യത്തിൽ സാത്താൻ പലതരം കെണികൾ ഒരുക്കിവെച്ചിട്ടുണ്ട്‌. അവൻ അവിശ്വാസികളുടെ “മനസ്സ്‌ അന്ധമാക്കിയിരിക്കുന്ന”തിനാൽ അവർ സുവിശേഷം സ്വീകരിക്കുകയോ ഈ കെണികൾ തിരിച്ചറിയുകയോ ചെയ്യുന്നില്ല. എന്നാൽ, രാജ്യസന്ദേശം സ്വീകരിച്ച ചിലരെയും പിശാച്‌ കെണിയിൽ വീഴ്‌ത്തിയിട്ടുണ്ട്‌. (2 കൊരി. 4:3, 4) സാത്താൻ ഒരുക്കുന്ന മൂന്നുകെണികൾ എങ്ങനെ ഒഴിവാക്കാമെന്ന്‌ മുൻലേഖനത്തിൽ നാം കണ്ടു. (1) അനിയന്ത്രിതമായ സംസാരം, (2) ഭയവും സമ്മർദവും, (3) അമിതമായ കുറ്റബോധം എന്നിവയായിരുന്നു അവ. സാത്താൻ ഒരുക്കുന്ന മറ്റു രണ്ടുകെണികളുണ്ട്‌: ഭൗതികത്വവും വ്യഭിചാരം ചെയ്യാനുള്ള പ്രലോഭനവും. ആ കെണികളിൽ വീഴാതെ നമുക്ക്‌ എങ്ങനെ ‘എതിർത്തുനിൽക്കാം’ എന്നാണ്‌ ഈ ലേഖനത്തിൽ നാം ചിന്തിക്കുന്നത്‌.

ഭൗതികത്വം—ഞെരുക്കുന്ന കെണി

3, 4. നാം ഭൗതികത്വം എന്ന കെണിയിൽ കുരുങ്ങാൻ ഈ ലോകത്തിന്റെ ആകുലതകൾ ഇടയാക്കിയേക്കാവുന്നത്‌ എങ്ങനെ?

3 മുൾച്ചെടികൾക്കിടയിൽ വിതയ്‌ക്കപ്പെട്ട വിത്തുകളെക്കുറിച്ച്‌ യേശു ഒരു ദൃഷ്ടാന്തത്തിൽ പറയുകയുണ്ടായി. ഒരു വ്യക്തി വചനം കേട്ടേക്കാമെങ്കിലും “ഈ ലോകത്തിന്റെ ആകുലതകളും ധനത്തിന്റെ വഞ്ചകശക്തിയും വചനത്തെ ഞെരുക്കിയിട്ട്‌ അവൻ ഫലം” നൽകാതാകുന്നെന്ന്‌ യേശു പറഞ്ഞു. (മത്താ. 13:22) അതെ, നമ്മുടെ ശത്രുവായ സാത്താൻ ഉപയോഗിക്കുന്ന കെണികളിൽ ഒന്നാണ്‌ ഭൗതികത്വം.

4 രണ്ടുഘടകങ്ങൾ ചേർന്നാണ്‌ വചനത്തെ ഞെരുക്കുന്നത്‌. ‘ഈ ലോകത്തിന്റെ ആകുലതകളാണ്‌’ അതിൽ ഒന്ന്‌. “വിശേഷാൽ ദുഷ്‌കരമായ” ഈ സമയങ്ങളിൽ നമ്മെ ആകുലചിത്തരാക്കാൻപോന്ന അനവധി കാര്യങ്ങളുണ്ട്‌. (2 തിമൊ. 3:1) ജീവിതച്ചെലവുകൾക്കൊപ്പം തൊഴിലില്ലായ്‌മയും വർധിക്കുമ്പോൾ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നിങ്ങൾ പെടാപ്പാടുപെടുന്നുണ്ടാകാം. അല്ലെങ്കിൽ, ‘ജോലിയിൽനിന്നു വിരമിച്ചശേഷം ജീവിക്കാൻ വേണ്ട വകയുണ്ടാകുമോ?’ എന്നിങ്ങനെ ഭാവിയെക്കുറിച്ചുള്ള ഉത്‌കണ്‌ഠയായിരിക്കാം നിങ്ങളെ അലട്ടുന്നത്‌. ഇങ്ങനെയുള്ള ആകുലതകൾനിമിത്തം പലരും പണത്തിനു പിന്നാലെ പായുന്നു. പണമുണ്ടെങ്കിൽ ജീവിതം ഭദ്രമാണെന്നാണ്‌ അവർ കരുതുന്നത്‌.

5. ‘ധനത്തിന്റെ ശക്തി’ നമ്മെ വഞ്ചിച്ചേക്കാവുന്നത്‌ എങ്ങനെ?

5 യേശു പറഞ്ഞ രണ്ടാമത്തെ ഘടകം “ധനത്തിന്റെ വഞ്ചകശക്തി” ആണ്‌. ആകുലതയോടൊപ്പം ഇതുകൂടി ചേരുമ്പോൾ വചനം ഞെരുങ്ങിപ്പോകുന്നു. ‘ദ്രവ്യം ഒരു ശരണ’മാണെന്ന്‌ ബൈബിൾ സമ്മതിക്കുന്നുണ്ട്‌. (സഭാ. 7:12) എന്നാൽ, ദ്രവ്യത്തിനു പിന്നാലെ അഥവാ പണത്തിനു പിന്നാലെ പായുന്നത്‌ ബുദ്ധിയല്ല. പണം സമ്പാദിക്കാൻ കിണഞ്ഞു ശ്രമിക്കുന്തോറും ഭൗതികത്വം എന്ന കെണിയിൽ തങ്ങൾ കൂടുതൽ കുരുങ്ങുന്നതായി പലരും തിരിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെ ധനത്തിന്‌ അടിമകളായിത്തീർന്നവരുമുണ്ട്‌.—മത്താ. 6:24.

6, 7. (എ) ജോലിസ്ഥലത്ത്‌ ഭൗതികത്വം എന്ന കെണി രൂപപ്പെട്ടേക്കാവുന്നത്‌ എങ്ങനെ? (ബി) പതിവിലേറെ സമയം ജോലി ചെയ്യുന്നതിനെക്കുറിച്ച്‌ ചിന്തിക്കേണ്ടിവരുമ്പോൾ ഒരു ക്രിസ്‌ത്യാനി എന്തെല്ലാം കാര്യങ്ങൾ കണക്കിലെടുക്കണം?

6 നിങ്ങൾപോലും അറിയാതെയായിരിക്കാം നിങ്ങളിൽ പണസ്‌നേഹം നാമ്പെടുക്കുന്നത്‌. ഉദാഹരണത്തിന്‌, പിൻവരുന്ന സാഹചര്യത്തെക്കുറിച്ച്‌ ചിന്തിക്കുക. മേലുദ്യോഗസ്ഥൻ നിങ്ങളുടെ അടുക്കൽ വന്ന്‌, “ഒരു സന്തോഷവാർത്തയുണ്ട്‌! കമ്പനിക്ക്‌ ഒരു വലിയ കോൺട്രാക്‌റ്റ്‌ കിട്ടിയിരിക്കുന്നു. അടുത്ത ഏതാനും മാസം കൂടെക്കൂടെ വൈകുന്നേരങ്ങളിലും ജോലി ചെയ്യേണ്ടിവരും. പക്ഷേ, അതിനു തക്ക ശമ്പളം കിട്ടും” എന്നു പറയുന്നു. നിങ്ങൾ എന്തു ചെയ്യും? കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങൾക്കായി കരുതുന്നത്‌ ഗൗരവമുള്ള ഒരു ഉത്തരവാദിത്വമാണെന്നത്‌ ശരിതന്നെ; പക്ഷേ, അതു മാത്രമല്ല നിങ്ങൾക്കുള്ള ഉത്തരവാദിത്വം. (1 തിമൊ. 5:8) മറ്റു പല കാര്യങ്ങളും നിങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്‌. എത്ര സമയം ഓവർടൈം ചെയ്യേണ്ടിവരും? സഭായോഗങ്ങളും കുടുംബാരാധനയും ഉൾപ്പെടെയുള്ള ആത്മീയ പ്രവർത്തനങ്ങൾക്ക്‌ ജോലി ഒരു തടസ്സമാകുമോ?

7 ഒരു തീരുമാനമെടുക്കുമ്പോൾ നിങ്ങൾ ഏതിന്‌ പ്രാധാന്യം കൊടുക്കും: നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ടിനോ അതോ ആത്മീയതയ്‌ക്കോ? പണം സമ്പാദിക്കാനുള്ള ത്വരനിമിത്തം, ദൈവരാജ്യത്തോടു ബന്ധപ്പെട്ട കാര്യങ്ങൾക്ക്‌ നിങ്ങൾ മേലാൽ ഒന്നാം സ്ഥാനം കൊടുക്കാതിരിക്കുമോ? നിങ്ങളുടെതന്നെയും കുടുംബത്തിന്റെയും ആത്മീയ ആരോഗ്യം അവഗണിച്ചാൽ ഭൗതികത്വം നിങ്ങളെ എങ്ങനെ ബാധിച്ചേക്കാമെന്ന്‌ കാണാനാകുന്നുണ്ടോ? ഇപ്പോൾത്തന്നെ നിങ്ങളുടെ ആത്മീയത അപകടത്തിലാണെന്നു തോന്നുന്നെങ്കിൽ, ഭൗതികത്വം നിങ്ങളെ ഞെരുക്കിക്കളയാതെ നിങ്ങൾക്ക്‌ എങ്ങനെ ഉറച്ചുനിൽക്കാം?—1 തിമൊഥെയൊസ്‌ 6:9, 10 വായിക്കുക.

8. സ്വന്തം ജീവിതം പരിശോധിച്ചുനോക്കാൻ ഏതു തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ സഹായിക്കും?

8 ഭൗതികത്വം എന്ന കെണിയിൽപ്പെട്ട്‌ ഞെരുങ്ങാതിരിക്കണമെങ്കിൽ നാം സ്വന്തം ജീവിതം കൂടെക്കൂടെ പരിശോധിച്ചുനോക്കണം. ആത്മീയ കാര്യങ്ങളെ സ്വന്തം പ്രവൃത്തിയാൽ അലക്ഷ്യമാക്കിക്കളഞ്ഞ ഏശാവിനെപ്പോലെ ആയിത്തീരരുത്‌ നാം! (ഉല്‌പ. 25:34; എബ്രാ. 12:16) തനിക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രർക്കു നൽകി യേശുവിനെ അനുഗമിക്കാൻ ക്ഷണം ലഭിച്ച ധനവാനായ യുവാവിനെപ്പോലെയും ആകരുത്‌. “ആ യുവാവ്‌ വളരെ സമ്പത്തുള്ളവനായിരുന്നതിനാൽ” യേശുവിന്റെ ക്ഷണം സ്വീകരിക്കാതെ “ദുഃഖിതനായി അവിടെനിന്നു പോയി.” (മത്താ. 19:21, 22) ധനത്തിന്റെ കെണിയിൽപ്പെട്ടുപോയ ആ മനുഷ്യനു നഷ്ടമായത്‌ ഒരു വലിയ പദവിയാണ്‌—ജീവിച്ചിരുന്നിട്ടുള്ളതിലേക്കും മഹാനായ മനുഷ്യനെ അനുഗമിക്കാനുള്ള പദവി! യേശുവിന്റെ ശിഷ്യനായിരിക്കുക എന്ന പദവി നഷ്ടമാകാതിരിക്കാൻ നമുക്കു ശ്രദ്ധിക്കാം.

9, 10. ബൈബിളിന്റെ അടിസ്ഥാനത്തിൽ, ഭൗതിക വസ്‌തുക്കളെ എങ്ങനെ വീക്ഷിക്കണമെന്നാണ്‌ നിങ്ങൾ കരുതുന്നത്‌?

9 ഭൗതിക വസ്‌തുക്കളെക്കുറിച്ചുള്ള ഉത്‌കണ്‌ഠ ഒഴിവാക്കാൻ യേശുവിന്റെ ഈ ഉദ്‌ബോധനത്തിനു ശ്രദ്ധ നൽകുക: “‘ഞങ്ങൾ എന്തു തിന്നും?’ ‘ഞങ്ങൾ എന്തു കുടിക്കും?’ ‘ഞങ്ങൾ എന്ത്‌ ഉടുക്കും?’ എന്നിങ്ങനെ ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌. ഈവകയൊക്കെയും വ്യഗ്രതയോടെ അന്വേഷിക്കുന്നത്‌ ജാതികളത്രേ. ഇവയെല്ലാം നിങ്ങൾക്ക്‌ ആവശ്യമെന്ന്‌ നിങ്ങളുടെ സ്വർഗീയപിതാവ്‌ അറിയുന്നുവല്ലോ.”—മത്താ. 6:31, 32; ലൂക്കോ. 21:34, 35.

10 ധനത്തിന്റെ വഞ്ചകശക്തിക്ക്‌ ഇരയാകുന്നതിനു പകരം ബൈബിൾ എഴുത്തുകാരനായ ആഗൂറിന്റെ മനോഭാവമുള്ളവരായിരിക്കാൻ ശ്രമിക്കുക: “ദാരിദ്ര്യവും സമ്പത്തും എനിക്കു നല്‌കരുതേ, നിത്യവൃത്തിമാത്രം തന്ന്‌ എന്നെ പുലർത്തണമേ.” (സദൃ. 30:8, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) പണം ഒരു ശരണമാണെന്നും അതോടൊപ്പം അതിന്‌ ഒരു വഞ്ചകശക്തിയുണ്ടെന്നും ആഗൂർ തിരിച്ചറിഞ്ഞിരുന്നെന്ന്‌ അവന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. ഈ ലോകത്തിന്റെ ആകുലതകളും ധനത്തിന്റെ വഞ്ചകശക്തിയും നമ്മെ ആത്മീയ നാശത്തിലേക്കു നയിച്ചേക്കാമെന്ന കാര്യം മനസ്സിലാക്കണം. ഭൗതിക വസ്‌തുക്കളെക്കുറിച്ചുള്ള ആകുലതകൾ നിങ്ങളുടെ സമയവും ഊർജവും കവർന്നെടുത്തേക്കാം; ദൈവരാജ്യത്തോടു ബന്ധപ്പെട്ട കാര്യങ്ങൾക്ക്‌ പ്രഥമസ്ഥാനം നൽകാനുള്ള ആഗ്രഹം പിന്നെ നിങ്ങളിൽ ശേഷിക്കില്ല. അതുകൊണ്ട്‌, ഭൗതികത്വം എന്ന സാത്താന്റെ കെണിയിൽപ്പെടാതിരിക്കാൻ ശ്രദ്ധയുള്ളവരായിരിക്കുക.—എബ്രായർ 13:5 വായിക്കുക.

വ്യഭിചാരം—കൗശലപൂർവം മറച്ചുവെച്ചിരിക്കുന്ന കുഴി

11, 12. വ്യഭിചാരത്തിലേക്കു നയിച്ചേക്കാവുന്ന സാഹചര്യം ജോലിസ്ഥലത്ത്‌ എങ്ങനെ സംജാതമായേക്കാം?

11 ശക്തിയുള്ള ഒരു മൃഗത്തെ പിടിക്കാനായി വേട്ടക്കാർ അത്‌ സാധാരണ സഞ്ചരിക്കുന്ന വഴിയിൽ കുഴി കുഴിച്ച്‌ മീതെ കമ്പും മണ്ണും കൊണ്ട്‌ മറയ്‌ക്കാറുണ്ട്‌. സാത്താൻ ഏറ്റവും ഫലം കണ്ടിരിക്കുന്ന ഒരു പ്രലോഭനം ഏതാണ്ട്‌ ഈ കെണിപോലെയാണ്‌. അധാർമികത എന്ന പാപമാണ്‌ അത്‌. (സദൃ. 22:14; 23:27) എളുപ്പം തെറ്റിലേക്കു വീണേക്കാവുന്ന സാഹചര്യങ്ങളിൽ സ്വയം ചെന്നെത്തിക്കൊണ്ട്‌ അനേകം ക്രിസ്‌ത്യാനികൾ ഈ കുഴിയിൽ അകപ്പെട്ടിരിക്കുന്നു. ചില ക്രിസ്‌ത്യാനികൾ, സ്വന്തം വിവാഹിത ഇണയല്ലാത്ത ഒരാളോട്‌ വൈകാരിക അടുപ്പം വളർത്തിയെടുത്തതിന്റെ ഫലമായി വ്യഭിചാരത്തിൽ ഏർപ്പെട്ടിരിക്കുന്നു.

12 അനുചിതമായ വൈകാരികബന്ധം നിങ്ങളുടെ ജോലിസ്ഥലത്ത്‌ ഉടലെടുത്തേക്കാം. വ്യഭിചാരം ചെയ്‌ത സ്‌ത്രീകളിൽ പകുതിപ്പേരും പുരുഷന്മാരിൽ മുക്കാൽപ്പങ്കും ജോലിസ്ഥലത്തുള്ളവരുമായിട്ടാണ്‌ അവിഹിതബന്ധത്തിൽ ഏർപ്പെട്ടതെന്ന്‌ ഒരു പഠനം കാണിക്കുന്നു. ജോലിസ്ഥലത്ത്‌ എതിർലിംഗത്തിൽപ്പെട്ടവരോട്‌ നിങ്ങൾക്ക്‌ ഇടപഴകേണ്ടിവരാറുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾക്കിടയിൽ ഏതുതരം ബന്ധമാണുള്ളത്‌? ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കപ്പുറം ആ ബന്ധം പോകാതിരിക്കാൻ നിങ്ങൾ പരിധികൾ വെക്കാറുണ്ടോ? ഈ സാഹചര്യത്തെക്കുറിച്ച്‌ ചിന്തിക്കുക: സഹജോലിക്കാരനുമായി സാധാരണസംഭാഷണത്തിൽ പലതവണ ഏർപ്പെട്ടശേഷം ഒരു ക്രിസ്‌തീയ സഹോദരിക്ക്‌ തന്റെ ദാമ്പത്യപ്രശ്‌നങ്ങളെക്കുറിച്ചുപോലും സംസാരിക്കാനുള്ള അടുപ്പം ആ വ്യക്തിയോടു തോന്നിയേക്കാം. മറ്റൊരു സാഹചര്യത്തിൽ, ഒരു സഹജോലിക്കാരിയുമായി സൗഹൃദത്തിലായശേഷം ഒരു ക്രിസ്‌തീയ പുരുഷൻ ഇങ്ങനെ ചിന്തിച്ചേക്കാം: “എന്റെ അഭിപ്രായങ്ങൾക്ക്‌ അവൾ വിലകൽപ്പിക്കുകയും ഞാൻ സംസാരിക്കുമ്പോൾ ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുന്നു. അവൾക്ക്‌ എന്നോട്‌ ബഹുമാനമുണ്ട്‌. വീട്ടിൽ ഇങ്ങനെയായിരുന്നെങ്കിൽ എത്ര നന്നായേനേ!” ഇത്തരം സാഹചര്യത്തിലായിരിക്കുന്ന ക്രിസ്‌ത്യാനികൾ വ്യഭിചാരത്തിൽ ഏർപ്പെടാൻ സാധ്യത കൂടുതലാണെന്ന്‌ നിങ്ങൾക്കു തോന്നുന്നില്ലേ?

13. അനുചിതമായ വൈകാരികബന്ധം സഭയ്‌ക്കുള്ളിൽപ്പോലും ഉടലെടുത്തേക്കാം, എങ്ങനെ?

13 അനുചിതമായ വൈകാരികബന്ധം സഭയ്‌ക്കുള്ളിൽപ്പോലും ഉടലെടുത്തേക്കാം. ഒരു ജീവിതാനുഭവം ശ്രദ്ധിക്കുക. ഡാനിയേലും ഭാര്യ സാറയും a സാധാരണ പയനിയർമാരായിരുന്നു. ഡാനിയേലിന്റെതന്നെ വാക്കുകളിൽ പറഞ്ഞാൽ, ഒരു കാര്യവും “പറ്റില്ല” എന്നു പറയാത്ത ഒരു മൂപ്പനായിരുന്നു അദ്ദേഹം. എല്ലാ പദവികളും അദ്ദേഹം ഇരുകൈയുംനീട്ടി സ്വീകരിച്ചു. അദ്ദേഹം ബൈബിളധ്യയനം നടത്തിയ അഞ്ചുചെറുപ്പക്കാരിൽ മൂന്നുപേർ സ്‌നാനമേൽക്കുകയുണ്ടായി. പുതുതായി സ്‌നാനമേറ്റ ഈ സഹോദരന്മാർക്ക്‌ വളരെയധികം സഹായം ആവശ്യമായിരുന്നു. ഡാനിയേൽ വ്യത്യസ്‌ത ദിവ്യാധിപത്യ നിയമനങ്ങൾ നിർവഹിക്കുന്ന തിരക്കിലായിരുന്നതിനാൽ സാറയാണ്‌ മിക്കപ്പോഴും അവരുടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത്‌. അവർക്ക്‌ വൈകാരികപിന്തുണ വേണ്ടിയിരുന്നു, അത്‌ സാറയിൽനിന്നു ലഭിച്ചു; സാറയ്‌ക്ക്‌ ശ്രദ്ധയും പരിഗണനയും ആവശ്യമായിരുന്നു, അത്‌ ആ ബൈബിൾവിദ്യാർഥികളിൽനിന്നു ലഭിച്ചു. ഇതൊരു പതിവായി. അപകടകരമായ ഒരു കെണി അവിടെ ഒരുങ്ങുകയായിരുന്നു. ഡാനിയേൽ പറയുന്നു: “ഇങ്ങനെ മാസങ്ങളോളം ഇവരെ സഹായിച്ച എന്റെ ഭാര്യ ആത്മീയമായും വൈകാരികമായും ക്ഷീണിതയായി. എന്റെ അവഗണനയുംകൂടി ആയപ്പോൾ കാര്യങ്ങൾ തകിടംമറിഞ്ഞു. ആ ബൈബിൾവിദ്യാർഥികളിൽ ഒരാളുമായി എന്റെ ഭാര്യ വ്യഭിചാരം ചെയ്‌തു. എന്റെ കൺവെട്ടത്തുതന്നെ അവൾ ആത്മീയമായി തളരുകയായിരുന്നെങ്കിലും സഭാ ഉത്തരവാദിത്വങ്ങളെക്കുറിച്ചു മാത്രം ചിന്തിച്ചിരുന്ന ഞാൻ അത്‌ ശ്രദ്ധിച്ചുപോലുമില്ല.” ഇങ്ങനെയൊരു ദുരന്തം ഒഴിവാക്കാൻ എന്താണ്‌ ചെയ്യേണ്ടത്‌?

14, 15. വ്യഭിചാരം എന്ന കുഴിയിൽ വീഴാതിരിക്കാൻ വിവാഹിത ക്രിസ്‌ത്യാനികൾ എന്തു ചെയ്യണം?

14 വ്യഭിചാരം എന്ന കുഴിയിൽ വീഴാതിരിക്കാൻ ദാമ്പത്യപ്രതിബദ്ധതയിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണെന്ന്‌ ചിന്തിക്കേണ്ടതുണ്ട്‌. “ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ” എന്ന്‌ യേശു പറഞ്ഞു. (മത്താ. 19:6) ഇണയെക്കാൾ പ്രാധാന്യം നിങ്ങളുടെ ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങൾക്കാണെന്ന്‌ ഒരിക്കലും ചിന്തിക്കരുത്‌. മാത്രമല്ല, അത്യാവശ്യമില്ലാത്ത കാര്യങ്ങൾക്കായി ഇണയോടൊപ്പമല്ലാതെ സമയം ചെലവഴിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ അത്‌ നിങ്ങളുടെ ദാമ്പത്യത്തിൽ എന്തോ കുഴപ്പമുണ്ടെന്നതിന്റെ സൂചനയാവാം. അത്‌ പ്രലോഭനങ്ങൾക്ക്‌ ഇടനൽകിയേക്കാം, ഗുരുതരമായ പാപത്തിലേക്ക്‌ നയിച്ചെന്നും വരാം.

15 നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ നിങ്ങളുടെ മേൽവിചാരണയിലുള്ള ആടുകളുടെ കാര്യമോ? പത്രോസ്‌ അപ്പൊസ്‌തലൻ എഴുതി: “നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുവിൻ; നിർബന്ധത്താലല്ല, മനസ്സോടെയും ദുർല്ലാഭമോഹത്തോടെയല്ല, താത്‌പര്യത്തോടെയും . . . തന്നെ.” (1 പത്രോ. 5:2, 3) നിങ്ങളുടെ പരിപാലനത്തിലുള്ള സഭാംഗങ്ങളെ അവഗണിക്കാൻ പാടില്ലെന്നതു ശരിയാണ്‌. എന്നുവരികിലും, ഭർത്താവിന്റെ കടമ അവഗണിച്ചുകൊണ്ട്‌ ഇടയന്റെ കടമ നിർവഹിക്കാൻ ശ്രമിക്കരുത്‌. വീട്ടിൽ ഭാര്യ ‘പട്ടിണി കിടക്കുമ്പോൾ’ സഭയെ പോഷിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിക്കുന്നത്‌ നിരർഥകമാണ്‌, ഒരുപക്ഷേ അപകടകരവും. ഡാനിയേൽ പറയുന്നു: “സ്വന്തം കുടുംബത്തിന്റെ ക്ഷേമം ബലികഴിച്ചുകൊണ്ട്‌ സഭാ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ കഷ്ടപ്പെടുന്നതിൽ അർഥമില്ല.”

16, 17. (എ) വിവാഹേതര ബന്ധങ്ങൾക്കൊന്നും നിങ്ങളെ കിട്ടുകയില്ലെന്ന്‌ ജോലിസ്ഥലത്തുള്ളവരെ ബോധ്യപ്പെടുത്താൻ വിവാഹിത ക്രിസ്‌ത്യാനികൾക്ക്‌ പ്രായോഗികമായി എന്തു ചെയ്യാനാകും? (ബി) വ്യഭിചാരം ഒഴിവാക്കാൻ ക്രിസ്‌ത്യാനികളെ സഹായിക്കുന്ന ചില ലേഖനങ്ങൾ ഏവ?

16 വ്യഭിചാരം എന്ന കെണിയിൽ വീഴാതിരിക്കാൻ വിവാഹിതരായ ക്രിസ്‌ത്യാനികളെ സഹായിക്കുന്ന ധാരാളം വിവരങ്ങൾ വീക്ഷാഗോപുരത്തിലും ഉണരുക!-യിലും വന്നിട്ടുണ്ട്‌. ഉദാഹരണത്തിന്‌, 2006 സെപ്‌റ്റംബർ 15 ലക്കം വീക്ഷാഗോപുരം ഈ ഉപദേശം നൽകി: “ജോലിസ്ഥലത്തും മറ്റിടങ്ങളിലും എതിർലിംഗവർഗത്തിൽപ്പെട്ടവരുമായി അടുത്ത ബന്ധം വികാസംപ്രാപിക്കാവുന്ന സാഹചര്യങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുക. ഉദാഹരണത്തിന്‌ വിപരീത ലിംഗവർഗത്തിൽപ്പെട്ട ഒരാളോടൊപ്പം ഓവർടൈം ജോലിചെയ്യുന്നത്‌ പ്രലോഭനത്തിനു കാരണമായേക്കാം. വിവാഹം കഴിഞ്ഞ ഒരു പുരുഷൻ അല്ലെങ്കിൽ സ്‌ത്രീ എന്ന നിലയിൽ വിവാഹേതര ബന്ധങ്ങൾക്കൊന്നും നിങ്ങളെ കിട്ടുകയില്ലെന്ന്‌ വാക്കിനാലും പെരുമാറ്റത്താലും വ്യക്തമാക്കുക. ദൈവഭക്തിയോടെ ജീവിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ, ശൃംഗാരത്തിലൂടെയോ മോശമായ വസ്‌ത്രധാരണത്തിലൂടെയോ ചമയത്തിലൂടെയോ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കില്ല. . . . ഇണയുടെയും മക്കളുടെയും ഫോട്ടോകൾ ജോലിസ്ഥലത്തു വെക്കുന്നത്‌ നിങ്ങളുടെ കുടുംബം നിങ്ങൾക്കു സർവപ്രധാനമാണെന്ന്‌ നിങ്ങളെത്തന്നെയും മറ്റുള്ളവരെയും ഓർമിപ്പിക്കാൻ ഉതകും. മറ്റുള്ളവരുടെ പ്രണയാത്മക മുന്നേറ്റങ്ങൾക്കു വളംവെച്ചുകൊടുക്കാതിരിക്കാൻ—അത്‌ അനുവദിക്കാതിരിക്കാൻപോലും—ദൃഢനിശ്ചയമുള്ളവരായിരിക്കുക.”

17 “വൈവാഹിക വിശ്വസ്‌തത—അതിന്റെ അർഥമെന്ത്‌?” എന്ന 2009 ജൂലൈ-സെപ്‌റ്റംബർ ലക്കം ഉണരുക!-യിലെ ലേഖനം സ്വന്തം ഇണയല്ലാത്ത ഒരാളെ ചുറ്റിപ്പറ്റി രതിഭാവനകൾ നെയ്യുന്നതിനെതിരെ മുന്നറിയിപ്പു നൽകി. അത്തരം ഭാവനകൾ, വ്യഭിചാരം ചെയ്യാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ആ ലേഖനം വ്യക്തമാക്കി. (യാക്കോ. 1:14, 15) നിങ്ങൾ വിവാഹിതനാണെങ്കിൽ, ഇണയോടൊപ്പം അത്തരം ലേഖനങ്ങൾ ഇടയ്‌ക്കൊക്കെ അവലോകനം ചെയ്യുന്നത്‌ നല്ലതാണ്‌. ദാമ്പത്യക്രമീകരണത്തിന്റെ ഉപജ്ഞാതാവ്‌ യഹോവയാണ്‌; ദാമ്പത്യം പാവനമാണ്‌. നിങ്ങളുടെ ദാമ്പത്യത്തെക്കുറിച്ച്‌ ഇണയോടൊപ്പമിരുന്നു സംസാരിക്കാൻ സമയം നീക്കിവെക്കുന്നത്‌ നിങ്ങൾ വിശുദ്ധകാര്യങ്ങളെ വിലമതിക്കുന്നെന്ന്‌ തെളിയിക്കും.—ഉല്‌പ. 2:21-24.

18, 19. (എ) വ്യഭിചാരത്തിന്റെ തിക്തഫലങ്ങൾ എന്തൊക്കെയാണ്‌? (ബി) വൈവാഹിക വിശ്വസ്‌തത എന്ത്‌ പ്രയോജനങ്ങൾ കൈവരുത്തുന്നു?

18 അനുചിതമായ ഒരു വൈകാരികബന്ധം കെട്ടിപ്പടുക്കാൻ പ്രലോഭനം തോന്നുന്നെങ്കിൽ പരസംഗത്തിന്റെയും വ്യഭിചാരത്തിന്റെയും തിക്തഫലങ്ങളെക്കുറിച്ച്‌ വിചിന്തനം ചെയ്യുക. (സദൃ. 7:22, 23; ഗലാ. 6:7) അധാർമികതയിൽ ഏർപ്പെടുന്നവർ യഹോവയെ അപ്രീതിപ്പെടുത്തുകയും ഇണയ്‌ക്കും തങ്ങൾക്കും ഹൃദയവേദനയുണ്ടാക്കുകയും ചെയ്യുന്നു. (മലാഖി 2:13, 14 വായിക്കുക.) നിർമലമായ നടപ്പ്‌ കാത്തുസൂക്ഷിക്കുന്നതുകൊണ്ടു കൈവരുന്ന പ്രയോജനങ്ങളെക്കുറിച്ചും ചിന്തിക്കുക. അങ്ങനെയുള്ളവർക്ക്‌ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയുണ്ടെന്നു മാത്രമല്ല, ഇപ്പോൾത്തന്നെ നല്ല മനസ്സാക്ഷിയോടെ ഉത്‌കൃഷ്ടമായ ഒരു ജീവിതം ആസ്വദിക്കാനും കഴിയുന്നു.—സദൃശവാക്യങ്ങൾ 3:1, 2 വായിക്കുക.

19 ദൈവത്തിന്റെ “ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്‌ചെക്കു സംഗതി ഏതുമില്ല” എന്ന്‌ സങ്കീർത്തനക്കാരൻ പാടി. (സങ്കീ. 119:165) അതുകൊണ്ട്‌ സത്യത്തെ സ്‌നേഹിക്കുക. ഈ ദുഷ്‌കാലത്ത്‌ “എങ്ങനെ നടക്കുന്നുവെന്നതിനു സൂക്ഷ്‌മശ്രദ്ധ നൽകുവിൻ; ഭോഷന്മാരായിട്ടല്ല, ജ്ഞാനികളായിട്ടുതന്നെ നടക്കുവിൻ.” (എഫെ. 5:15, 16) നാം നടക്കുന്ന വഴി നിറയെ, സത്യാരാധകരെ കുടുക്കാനുള്ള കെണികൾ ഒരുക്കിവെച്ചിരിക്കുകയാണ്‌ സാത്താൻ. എന്നാൽ ആത്മരക്ഷയ്‌ക്കുള്ള സർവസന്നാഹങ്ങളും നമുക്കുണ്ട്‌. ഉറച്ചുനിൽക്കാൻ, അവന്റെ തന്ത്രങ്ങളോട്‌ ‘എതിർത്തുനിൽക്കാൻ,’ ‘ദുഷ്ടന്റെ തീയമ്പുകളെയൊക്കെയും കെടുത്താൻ,’ വേണ്ടതെല്ലാം യഹോവ നമുക്കു നൽകിയിരിക്കുന്നു!—എഫെ. 6:11, 16.

[അടിക്കുറിപ്പ്‌]

a പേരുകൾ മാറ്റിയിട്ടുണ്ട്‌.

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

ഭൗതികത്വം ഒരു വ്യക്തിയെ ആത്മീയമായി ഞെരുക്കിക്കളഞ്ഞേക്കാം. നിങ്ങൾക്ക്‌ അത്‌ സംഭവിക്കാതിരിക്കട്ടെ

[29-ാം പേജിലെ ചിത്രം]

ശൃംഗരിക്കുന്നതോ ശൃംഗരിക്കാൻ അനുവദിക്കുന്നതോ വ്യഭിചാരത്തിലേക്കു നയിച്ചേക്കാം