വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവരാജ്യത്തിന്റെ പൗരന്മാരായി ജീവിക്കുക!

ദൈവരാജ്യത്തിന്റെ പൗരന്മാരായി ജീവിക്കുക!

ദൈവരാജ്യത്തിന്റെ പൗരന്മാരായി ജീവിക്കുക!

‘സുവിശേഷത്തിനു യോഗ്യമാംവണ്ണം വർത്തിക്കുവിൻ.’—ഫിലി. 1:27.

ഉത്തരം പറയാമോ?

ദൈവരാജ്യത്തിന്റെ പൗരന്മാരാകാൻ ആർക്കെല്ലാം കഴിയും?

ദൈവരാജ്യത്തിന്റെ ഭാഷ, ചരിത്രം, നിയമങ്ങൾ എന്നിവ പഠിക്കുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

ദൈവനിയമങ്ങളെ സ്‌നേഹിക്കുന്നെന്ന്‌ ദൈവരാജ്യത്തിന്റെ പൗരന്മാർ തെളിയിക്കുന്നത്‌ എങ്ങനെ?

1, 2. “പൗരന്മാരായി ജീവിക്കുക” എന്ന്‌ പൗലോസ്‌ ഫിലിപ്പിസഭയെ ഉദ്‌ബോധിപ്പിക്കാൻ എന്തു പ്രത്യേക കാരണമുണ്ടായിരുന്നു?

 ‘സുവിശേഷത്തിനു യോഗ്യമാംവണ്ണം വർത്തിക്കുവിൻ’ എന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ ഫിലിപ്പിസഭയെ ഉദ്‌ബോധിപ്പിച്ചു. (ഫിലിപ്പിയർ 1:27 വായിക്കുക.) “വർത്തിക്കുവിൻ” എന്നതിന്‌ പൗലോസ്‌ ഉപയോഗിച്ച ഗ്രീക്ക്‌ പദത്തെ “പൗരന്മാരായി ജീവിക്കുക” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്‌. ഫിലിപ്പിസഭയോട്‌ പൗലോസ്‌ ഇത്‌ പറയാൻ ഒരു പ്രത്യേക കാരണമുണ്ട്‌. എന്താണത്‌? മറ്റു ചില പട്ടണങ്ങളിലെ നിവാസികളെപ്പോലെ ഫിലിപ്പിയർക്കും റോമാപൗരത്വം ലഭിച്ചിരിക്കാം. ഫിലിപ്പിയിലും റോമാസാമ്രാജ്യത്തിലെ മറ്റിടങ്ങളിലും ഉള്ള റോമാപൗരന്മാർ ആ പദവിയിൽ അഭിമാനിച്ചിരുന്നു. റോമൻനിയമത്തിൻ കീഴിൽ അവർക്ക്‌ പ്രത്യേക പരിരക്ഷയും ലഭിച്ചിരുന്നു.

2 ഫിലിപ്പിസഭയിലുള്ളവർക്ക്‌ അഭിമാനിക്കാൻ ഇതിലും വലിയ കാരണമുണ്ടായിരുന്നു. അഭിഷിക്ത ക്രിസ്‌ത്യാനികളായ അവരുടെ പൗരത്വം “സ്വർഗത്തിലാകുന്നു” എന്ന്‌ പൗലോസ്‌ അവരെ ഓർമിപ്പിക്കുകയുണ്ടായി. (ഫിലി. 3:20) അവർ വെറും ഒരു മാനുഷസാമ്രാജ്യത്തിന്റെയല്ല, മറിച്ച്‌ ദൈവരാജ്യത്തിന്റെ പൗരന്മാരായിരുന്നു. മറ്റ്‌ ഗവണ്മെന്റുകളിൽനിന്നൊന്നും ലഭിക്കാത്ത പരിരക്ഷയും പ്രയോജനങ്ങളും ഈ ഗവണ്മെന്റിൽനിന്ന്‌ അവർക്ക്‌ ലഭിച്ചു.—എഫെ. 2:19-22.

3. (എ) ദൈവരാജ്യത്തിന്റെ പൗരന്മാരാകാൻ ആർക്ക്‌ അവസരമുണ്ട്‌? (ബി) ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

3 “പൗരന്മാരായി ജീവിക്കുക” എന്ന പൗലോസിന്റെ ഉദ്‌ബോധനം പ്രധാനമായും ബാധകമാകുന്നത്‌ സ്വർഗത്തിൽ ക്രിസ്‌തുവിനോടൊപ്പം ഭരിക്കാനിരിക്കുന്നവർക്കാണ്‌. (ഫിലി. 3:20) എന്നാൽ, ദൈവരാജ്യത്തിന്റെ പ്രജകളായി ഭൂമിയിൽ ജീവിക്കാനിരിക്കുന്നവർക്കും ഇത്‌ ബാധകമാണ്‌. എന്തുകൊണ്ട്‌? കാരണം, എല്ലാ സമർപ്പിതക്രിസ്‌ത്യാനികളും സേവിക്കുന്നത്‌ യഹോവ എന്ന ഒരേ രാജാവിനെയാണ്‌; അവർ പാലിക്കേണ്ട നിബന്ധനകളും ഒന്നാണ്‌. (എഫെ. 4:4-6) ഒരു സമ്പന്നരാജ്യത്തിന്റെ പൗരന്മാരാകാൻ ഇന്ന്‌ പലയാളുകളും പെടാപ്പാടുപെടുന്നു. ആ സ്ഥിതിക്ക്‌ ദൈവരാജ്യത്തിന്റെ പൗരന്മാരാകാൻ ലഭിച്ചിരിക്കുന്ന അവസരത്തെ നാം എത്രയധികം വിലമതിക്കേണ്ടതാണ്‌! ആ വിലമതിപ്പ്‌ വർധിപ്പിക്കാൻ, ഒരു മാനുഷഗവണ്മെന്റിന്റെ പൗരനാകാനുള്ള നിബന്ധനകളും ദൈവരാജ്യത്തിന്റെ പൗരനാകാനുള്ള നിബന്ധനകളും തമ്മിൽ നമുക്കൊന്നു താരതമ്യം ചെയ്യാം. ദൈവരാജ്യത്തിന്റെ പൗരത്വം നഷ്ടപ്പെടാതിരിക്കാൻ ചെയ്യേണ്ട മൂന്നുകാര്യങ്ങളെക്കുറിച്ചും നാം പരിചിന്തിക്കും.

പൗരത്വം നേടാനുള്ള വ്യവസ്ഥകൾ

4. നിർമലഭാഷ എന്താണ്‌, നാം അതു ‘സംസാരിക്കുന്നത്‌’ എങ്ങനെ?

4 ഭാഷ പഠിക്കുക. പൗരത്വം ലഭിക്കണമെങ്കിൽ രാജ്യത്തെ പ്രഥമഭാഷ സംസാരിക്കാൻ പഠിക്കണമെന്ന്‌ ചില മാനുഷഗവണ്മെന്റുകൾ നിബന്ധന വെക്കാറുണ്ട്‌. പുതിയ ഭാഷയിൽ പ്രാവീണ്യം നേടാൻ പൗരത്വം ലഭിച്ചശേഷവും വർഷങ്ങളോളം പരിശ്രമിക്കേണ്ടിവന്നേക്കാം. വ്യാകരണം എളുപ്പം പഠിച്ചെടുക്കാനായേക്കുമെങ്കിലും വാക്കുകളുടെ ശരിയായ ഉച്ചാരണം പഠിക്കാൻ സമയമെടുത്തേക്കും. സമാനമായി, ദൈവരാജ്യം അതിന്റെ പൗരന്മാരാകാൻ ആഗ്രഹിക്കുന്നവരോട്‌ ഒരു പുതിയ ഭാഷ പഠിക്കാൻ ആവശ്യപ്പെടുന്നു. ബൈബിൾ അതിനെ ‘നിർമലമായുള്ള അധരം’ അഥവാ നിർമലമായ ഭാഷ എന്നാണ്‌ വിളിക്കുന്നത്‌. (സെഫന്യാവു 3:9 വായിക്കുക.) ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച്‌ ബൈബിളിൽ അടങ്ങിയിരിക്കുന്ന സത്യമാണ്‌ ആ ഭാഷ. ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും അനുസരിച്ചു ജീവിക്കുമ്പോൾ നാം ഈ നിർമലഭാഷ ‘സംസാരിക്കുക’യാണെന്നു പറയാനാകും. ദൈവരാജ്യത്തിന്റെ പൗരന്മാർ ബൈബിളിന്റെ അടിസ്ഥാന ഉപദേശങ്ങൾ എളുപ്പം പഠിച്ച്‌ സ്‌നാനപ്പെട്ടേക്കാം. എന്നാൽ, സ്‌നാനമേറ്റശേഷവും ഈ നിർമലഭാഷ ‘സംസാരിക്കുന്നതിൽ’ പുരോഗതി വരുത്താൻ അവർ ശ്രമിക്കേണ്ടതുണ്ട്‌. അത്‌ എങ്ങനെ ചെയ്യാം? നമ്മുടെ പ്രവൃത്തികളെ, പഠിക്കുന്ന ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരാൻ നാം ഓരോരുത്തരും കൂടുതൽക്കൂടുതൽ ശ്രമിക്കണം.

5. യഹോവയുടെ സംഘടനയുടെ ചരിത്രം നാം കഴിയുന്നത്ര പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌?

5 ചരിത്രം പഠിക്കുക. പൗരത്വം ആഗ്രഹിക്കുന്ന വ്യക്തികൾ രാജ്യത്തിന്റെ ചരിത്രം കുറച്ചെങ്കിലും അറിഞ്ഞിരിക്കണമെന്ന്‌ ചില മാനുഷഗവണ്മെന്റുകൾ ആവശ്യപ്പെട്ടേക്കാം. അതുപോലെ, ദൈവരാജ്യത്തിന്റെ പൗരന്മാരാകാൻ ആഗ്രഹിക്കുന്നവർ ദൈവരാജ്യത്തെക്കുറിച്ച്‌ കഴിയുന്നത്ര പഠിക്കേണ്ടതുണ്ട്‌. പുരാതന ഇസ്രായേലിൽ സേവിച്ചിരുന്ന കോരഹ്‌പുത്രന്മാർ ഇക്കാര്യത്തിൽ നല്ലൊരു മാതൃകവെച്ചു. യെരുശലേമിനെയും അവിടത്തെ ആരാധനാസ്ഥലത്തെയും അതിയായി സ്‌നേഹിച്ച അവർ ആ നഗരത്തിന്റെ ചരിത്രത്തെക്കുറിച്ചു സംസാരിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. നഗരത്തിന്റെയോ ആ ആരാധനാസ്ഥലത്തിന്റെയോ ഭംഗിയെക്കാളുപരി അവ എന്തിനെയാണോ പ്രതിനിധാനം ചെയ്‌തത്‌ അതിനെയാണ്‌ അവർ പ്രിയപ്പെട്ടത്‌. സത്യാരാധനയുടെ കേന്ദ്രമായിരുന്നതിനാൽ യെരുശലേം യഹോവ എന്ന “മഹാരാജാവിന്റെ നഗരമായി”രുന്നു. യഹോവയുടെ ന്യായപ്രമാണം പഠിപ്പിച്ചിരുന്നത്‌ അവിടെയാണ്‌; ആ “മഹാരാജാവിന്റെ” കീഴിലുള്ള പ്രജകളോടാണ്‌ യഹോവ സ്‌നേഹനിർഭരമായ ദയ കാണിച്ചിരുന്നത്‌. (സങ്കീർത്തനം 48:1, 2, 9, 12, 13 വായിക്കുക.) അവരെപ്പോലെ, യഹോവയുടെ സംഘടനയുടെ ഭൗമികഭാഗത്തിന്റെ ചരിത്രം പഠിക്കാനും അതേക്കുറിച്ചു സംസാരിക്കാനും നിങ്ങൾ താത്‌പര്യം കാണിക്കാറുണ്ടോ? യഹോവയുടെ സംഘടനയെയും ദൈവം തന്റെ ജനത്തെ നടത്തുന്ന വിധത്തെയും കുറിച്ച്‌ അറിയുന്തോറും ദൈവരാജ്യം നിങ്ങൾക്ക്‌ കൂടുതൽ യഥാർഥമായിത്തീരും. സ്വാഭാവികമായി, ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കാനുള്ള നിങ്ങളുടെ ആഗ്രഹവും ശക്തമാകും.—യിരെ. 9:24; ലൂക്കോ. 4:43.

6. ദൈവരാജ്യത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും നാം പഠിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന്‌ യഹോവ പ്രതീക്ഷിക്കുന്നത്‌ ന്യായമാണോ? വിശദീകരിക്കുക.

6 നിയമം അറിയുക. ഓരോ പൗരനും രാജ്യത്തെ നിയമം അറിയുകയും അനുസരിക്കുകയും ചെയ്യണമെന്ന്‌ മാനുഷഗവണ്മെന്റുകൾ നിഷ്‌കർഷിക്കാറുണ്ട്‌. അതുകൊണ്ട്‌, ദൈവരാജ്യത്തിന്റെ പൗരന്മാർക്കു ബാധകമാകുന്ന നിയമങ്ങളും തത്ത്വങ്ങളും നാം പഠിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന്‌ യഹോവ പ്രതീക്ഷിക്കുന്നത്‌ തീർത്തും ന്യായമല്ലേ? (യെശ. 2:3; യോഹ. 15:10; 1 യോഹ. 5:3) മനുഷ്യന്റെ നിയമങ്ങളിൽ തെറ്റുകളുണ്ടാകാം, അത്‌ അന്യായമാണെന്നും വരാം. എന്നാൽ “യഹോവയുടെ ന്യായപ്രമാണം തികവുള്ള”താണ്‌. (സങ്കീ. 19:7) യഹോവയുടെ പ്രമാണത്തിൽ സന്തോഷിച്ച്‌ അവന്റെ വചനം നിങ്ങൾ ദിവസവും വായിക്കാറുണ്ടോ? (സങ്കീ. 1:1, 2) ദൈവത്തിന്റെ നിയമങ്ങൾ പഠിക്കാൻ നാം ഓരോരുത്തരും സ്വന്തമായി ശ്രമിക്കണം. നമുക്കുവേണ്ടി മറ്റാർക്കും അതു ചെയ്യാനാകില്ല.

ദൈവരാജ്യത്തിന്റെ പൗരന്മാർ യഹോവയുടെ നിയമങ്ങളെ സ്‌നേഹിക്കുന്നു

7. ദൈവരാജ്യത്തിന്റെ പൗരന്മാർ ഉന്നതമായ ഏതു നിയമങ്ങൾ പാലിക്കുന്നു?

7 ദൈവരാജ്യത്തിന്റെ പൗരന്മാരായിരിക്കാനുള്ള പദവി നഷ്ടപ്പെടാതിരിക്കണമെങ്കിൽ ദൈവത്തിന്റെ നിയമങ്ങൾ അറിയുന്നതോടൊപ്പം നാം അവയെ സ്‌നേഹിക്കുകയും വേണം. തങ്ങൾ ജീവിക്കുന്ന രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അംഗീകരിക്കുന്നുവെന്ന്‌ മാനുഷഗവണ്മെന്റിനു കീഴിൽ ജീവിക്കുന്ന പൗരന്മാർ പറയാറുണ്ട്‌. പക്ഷേ, അതിൽ ഏതെങ്കിലും പാലിക്കാൻ ബുദ്ധിമുട്ടാണെന്നും തങ്ങളെ ആരും കാണുന്നില്ലെന്നും തോന്നുമ്പോൾ അവരിൽ പലരും നിയമം ലംഘിക്കുന്നു. ഇങ്ങനെയുള്ളവർ മിക്കവാറും “മനുഷ്യരെ പ്രീണിപ്പിക്കുന്ന”വരായിരിക്കും. (കൊലോ. 3:22) എന്നാൽ, ഉന്നതമായ നിയമങ്ങൾ അനുസരിച്ച്‌ ജീവിക്കുന്നവരാണ്‌ ദൈവരാജ്യത്തിന്റെ പൗരന്മാർ. മറ്റു മനുഷ്യരാരും നമ്മെ കാണുന്നില്ലെങ്കിലും ദൈവത്തിന്റെ നിയമങ്ങൾ നാം സസന്തോഷം അനുസരിക്കും. കാരണം, ആ നിയമങ്ങൾ നൽകിയവനെ നാം സ്‌നേഹിക്കുന്നു.—യെശ. 33:22; ലൂക്കോസ്‌ 10:27 വായിക്കുക.

8, 9. ദൈവത്തിന്റെ നിയമങ്ങളെ നിങ്ങൾ വാസ്‌തവത്തിൽ സ്‌നേഹിക്കുന്നെന്ന്‌ എങ്ങനെ അറിയാം?

8 ദൈവത്തിന്റെ നിയമങ്ങളെ നിങ്ങൾ വാസ്‌തവത്തിൽ സ്‌നേഹിക്കുന്നെന്ന്‌ എങ്ങനെ അറിയാം? വസ്‌ത്രധാരണം, ചമയം എന്നിവപോലെ തീർത്തും വ്യക്തിപരമെന്ന്‌ നിങ്ങൾ കരുതുന്ന ഒരു കാര്യത്തെക്കുറിച്ച്‌ ബുദ്ധിയുപദേശം ലഭിക്കുമ്പോൾ നിങ്ങൾ പ്രതികരിക്കുന്ന വിധത്തിൽനിന്ന്‌ അതു മനസ്സിലാക്കാം. ദൈവരാജ്യത്തിന്റെ പൗരനാകുന്നതിനു മുമ്പ്‌ അലസമായോ മറ്റുള്ളവരിൽ ലൈംഗികവികാരങ്ങൾ ഉണർത്തുന്ന തരത്തിലോ നിങ്ങൾ വസ്‌ത്രം ധരിച്ചിരുന്നിരിക്കാം. എന്നാൽ ദൈവത്തെ കൂടുതൽ സ്‌നേഹിക്കാൻ തുടങ്ങിയതോടെ അവനു മഹത്ത്വം കരേറ്റുന്ന വിധത്തിൽ വസ്‌ത്രം ധരിക്കാൻ നിങ്ങൾ പഠിച്ചു. (1 തിമൊ. 2:9, 10; 1 പത്രോ. 3:3, 4) ഇപ്പോൾ മാന്യമായാണ്‌ വസ്‌ത്രം ധരിക്കുന്നത്‌ എന്നായിരിക്കാം നിങ്ങൾ കരുതുന്നത്‌. എന്നാൽ നിങ്ങളുടെ വസ്‌ത്രധാരണം സഭയിലെ പല പ്രസാധകർക്കും ഇടർച്ചവരുത്തുന്നെന്ന്‌ ഒരു മൂപ്പൻ നിങ്ങളോട്‌ പറയുന്നു എന്നിരിക്കട്ടെ. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? നിങ്ങൾ സ്വയം ന്യായീകരിക്കാൻ ശ്രമിക്കുമോ? അല്ലെങ്കിൽ, ദേഷ്യപ്പെടുകയോ മാറ്റം വരുത്താൻ വിസമ്മതിക്കുകയോ ചെയ്യുമോ? എല്ലാ പൗരന്മാരും ക്രിസ്‌തുവിനെ അനുകരിക്കണം എന്നതാണ്‌ ദൈവരാജ്യത്തിന്റെ ഒരു അടിസ്ഥാനനിയമം. (1 പത്രോ. 2:21) യേശുവിനെക്കുറിച്ച്‌ പൗലോസ്‌ അപ്പൊസ്‌തലൻ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “നാം ഓരോരുത്തരും അയൽക്കാരന്റെ നന്മയ്‌ക്കായി, അവന്റെ ആത്മീയവർധനയ്‌ക്കായിത്തന്നെ പ്രവർത്തിച്ചുകൊണ്ട്‌ അവനെ പ്രസാദിപ്പിക്കണം. ക്രിസ്‌തുതന്നെയും സ്വയം പ്രീതിപ്പെടുത്തിയില്ല.” (റോമ. 15:2, 3) പക്വതയുള്ള ഒരു ക്രിസ്‌ത്യാനി സഭയുടെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനായി മറ്റുള്ളവരുടെ മനസ്സാക്ഷിയെ വ്രണപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.—റോമ. 14:19-21.

9 ശ്രദ്ധ കൊടുക്കേണ്ട മറ്റു രണ്ടുമേഖലകളാണ്‌ ലൈംഗികതയെയും ദാമ്പത്യത്തെയും കുറിച്ചുള്ള നമ്മുടെ വീക്ഷണം. ദൈവരാജ്യത്തിന്റെ പൗരന്മാരല്ലാത്തവർക്ക്‌ സ്വവർഗരതി തെറ്റല്ലായിരിക്കാം; അശ്ലീലം വീക്ഷിക്കുന്നത്‌ നിർദോഷകരമായ ഒരു നേരമ്പോക്കായും വ്യഭിചാരവും വിവാഹമോചനവും തീർത്തും വ്യക്തിപരമായ കാര്യങ്ങളായും അവർ വീക്ഷിച്ചേക്കാം. എന്നാൽ ദൈവരാജ്യത്തിന്റെ പൗരന്മാർ ഇവയുടെ പ്രത്യാഘാതങ്ങളെയും തങ്ങളുടെ പ്രവൃത്തികൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്നതിനെയും കുറിച്ച്‌ ചിന്തയുള്ളവരാണ്‌. മുമ്പ്‌ അധാർമികജീവിതം നയിച്ചിരുന്ന പലരും ക്രിസ്‌ത്യാനികളായശേഷം ലൈംഗികതയെയും ദാമ്പത്യത്തെയും ദൈവത്തിൽനിന്നുള്ള ദാനങ്ങളായി വീക്ഷിക്കാൻ പഠിച്ചിരിക്കുന്നു. ലൈംഗിക ദുഷ്‌കൃത്യങ്ങളിൽ തുടരുന്നവരാരും ദൈവരാജ്യത്തിന്റെ പൗരന്മാരായിരിക്കാൻ യോഗ്യരല്ലെന്ന്‌ യഹോവയുടെ ഉന്നതമായ നിയമങ്ങളെ സ്‌നേഹിക്കുന്നവർ മനസ്സോടെ അംഗീകരിക്കുന്നു. (1 കൊരി. 6:9-11) ഹൃദയം കപടമുള്ളതാണെന്നും അവർക്കറിയാം. (യിരെ. 17:9) അതുകൊണ്ട്‌, ദൈവത്തിന്റെ ഉയർന്ന ധാർമികനിയമങ്ങളിൽനിന്നു വ്യതിചലിക്കാതിരിക്കാൻ സഹായിക്കുന്ന വ്യക്തമായ മുന്നറിയിപ്പുകളെ അവർ അതിയായി വിലമതിക്കുന്നു.

രാജ്യത്തിന്റെ പൗരന്മാർ മുന്നറിയിപ്പുകളെ വിലമതിക്കുന്നു

10, 11. ദൈവരാജ്യം തക്കസമയത്ത്‌ എന്തു മുന്നറിയിപ്പുകൾ നൽകുന്നു, ആ മുന്നറിയിപ്പുകളെ നിങ്ങൾ എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌?

10 ആരോഗ്യത്തിന്‌ ഹാനികരമായ ചില ഭക്ഷ്യവസ്‌തുക്കളെയും മരുന്നുകളെയും കുറിച്ച്‌ മാനുഷഗവണ്മെന്റുകൾ മുന്നറിയിപ്പു നൽകിയേക്കാം. എല്ലാ ഭക്ഷ്യവസ്‌തുക്കളും മരുന്നുകളും ആരോഗ്യത്തിന്‌ ഹാനികരമല്ലെന്നതു ശരിതന്നെ. എന്നാൽ അതിൽ ഏതെങ്കിലുമൊന്ന്‌ അപകടകാരിയാണെങ്കിൽ പൗരന്മാരുടെ ക്ഷേമം മുൻനിറുത്തി ഗവണ്മെന്റ്‌ വേണ്ട മുന്നറിയിപ്പു നൽകും. അങ്ങനെ ചെയ്‌തില്ലെങ്കിൽ അത്‌ ഗവണ്മെന്റിന്റെ ഭാഗത്തെ വീഴ്‌ചയാണ്‌. സമാനമായി, ധാർമികമായോ ആത്മീയമായോ ഹാനിവരുത്തുന്ന സംഗതികളെക്കുറിച്ച്‌ ദൈവരാജ്യം തക്കസമയത്ത്‌ വ്യക്തമായ മുന്നറിയിപ്പുകൾ നൽകുന്നു. ഉദാഹരണത്തിന്‌, ആശയവിനിമയത്തിനും വിദ്യാഭ്യാസത്തിനും വിനോദത്തിനും ഉതകുന്ന ഇന്റർനെറ്റിന്റെ കാര്യംതന്നെയെടുക്കുക. ദൈവത്തിന്റെ സംഘടന ഇന്റർനെറ്റ്‌ നല്ല രീതിയിൽ ഉപയോഗിക്കുകയും പല കാര്യങ്ങളും അതിലൂടെ സാധിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാൽ ഇന്റർനെറ്റിലെ പല സൈറ്റുകളും ധാർമികമായും ആത്മീയമായും അപകടകാരികളാണ്‌. ദൈവരാജ്യത്തിന്റെ പൗരന്മാരുടെ ആത്മീയ ആരോഗ്യത്തിന്‌ ഹാനിവരുത്തുന്ന ഒന്നാണ്‌ അശ്ലീല വെബ്‌സൈറ്റുകൾ. പതിറ്റാണ്ടുകളായി വിശ്വസ്‌ത അടിമവർഗം ഇത്തരം സൈറ്റുകളെക്കുറിച്ച്‌ നമുക്ക്‌ മുന്നറിയിപ്പു നൽകിക്കൊണ്ടിരിക്കുന്നു. നമ്മുടെ ആത്മീയ ആരോഗ്യത്തെ കരുതിയുള്ള ഈ മുന്നറിയിപ്പുകളെപ്രതി നാം നന്ദിയുള്ളവരല്ലേ?

11 സമീപവർഷങ്ങളിൽ മറ്റൊരുതരം വെബ്‌സൈറ്റ്‌ പ്രചുരപ്രചാരം നേടിയിരിക്കുന്നു. സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകൾ എന്ന്‌ അറിയപ്പെടുന്ന ഇവയ്‌ക്ക്‌ പ്രയോജനങ്ങളുണ്ടെങ്കിലും സൂക്ഷിച്ച്‌ ഉപയോഗിച്ചില്ലെങ്കിൽ ഇവ അപകടകാരികളാണ്‌. ദുഷിച്ച സംസർഗത്തിലേക്ക്‌ ഇത്‌ ഒരു വ്യക്തിയെ നയിച്ചേക്കാം. (1 കൊരി. 15:33) ഇത്തരം സൈറ്റുകളെക്കുറിച്ച്‌ ശരിയായ ഒരു ധാരണ ഉണ്ടായിരിക്കാൻ സഹായിക്കുന്ന മുന്നറിയിപ്പുകൾ ദൈവത്തിന്റെ സംഘടന നൽകിയിരിക്കുന്നതിൽ അതിശയിക്കാനില്ല. സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ വിശ്വസ്‌ത അടിമ സമീപകാലത്തു പ്രസിദ്ധീകരിച്ച ലേഖനങ്ങളെല്ലാം നിങ്ങൾ വായിച്ചിട്ടുണ്ടോ? അവ വായിക്കാതെ ആ സൈറ്റ്‌ ഉപയോഗിക്കുന്നത്‌ എത്ര ബുദ്ധിമോശമാണ്‌! a കവറിനു പുറത്തുള്ള മുന്നറിയിപ്പ്‌ വായിക്കാതെ ശക്തിയേറിയ ഒരു മരുന്ന്‌ കഴിക്കുന്നതുപോലെയായിരിക്കും അത്‌.

12. മുന്നറിയിപ്പുകൾ അവഗണിക്കുന്നത്‌ മൗഢ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 വിശ്വസ്‌ത അടിമ നൽകുന്ന മുന്നറിയിപ്പുകൾ കൂട്ടാക്കാത്തവർ തങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഹാനി വരുത്തിവെക്കും എന്നതിൽ സംശയമില്ല. ചിലർ അശ്ലീലം വീക്ഷിക്കുന്ന ശീലത്തിന്‌ അടിമകളായിത്തീരുകയോ ലൈംഗിക അധാർമികതയിൽ ഏർപ്പെടുകയോ ചെയ്‌തിട്ട്‌ തങ്ങൾ ചെയ്യുന്നതൊന്നും യഹോവയ്‌ക്ക്‌ കാണാനാവില്ലെന്ന്‌ സ്വയം വിശ്വസിപ്പിക്കുന്നു. നമ്മുടെ പ്രവൃത്തികൾ യഹോവയിൽനിന്ന്‌ മറച്ചുപിടിക്കാനാകുമെന്നു കരുതുന്നത്‌ എത്ര മൗഢ്യമാണ്‌! (സദൃ. 15:3; എബ്രായർ 4:13 വായിക്കുക.) അത്തരം വ്യക്തികളെ സഹായിക്കാൻ ആഗ്രഹിക്കുന്ന യഹോവ, അതിനായി ഭൂമിയിലുള്ള തന്റെ പ്രതിനിധികളെ ഉപയോഗിക്കുന്നു. (ഗലാ. 6:1) എന്നാൽ, ചില കുറ്റകൃത്യങ്ങളുടെ പേരിൽ മാനുഷഗവണ്മെന്റുകൾ ചിലരുടെ പൗരത്വം റദ്ദാക്കുന്നതുപോലെ, തന്റെ നിയമങ്ങൾ ലംഘിച്ചശേഷം അനുതപിക്കാതിരിക്കുന്നവരുടെ പൗരത്വം യഹോവ റദ്ദാക്കും. b (1 കൊരി. 5:11-13) പക്ഷേ, യഹോവ കരുണാമയനാണ്‌. അനുതപിക്കുകയും മാറ്റം വരുത്തുകയും ചെയ്യുന്നവർക്ക്‌ വീണ്ടും അവന്റെ മുമ്പാകെ ഒരു അംഗീകൃതനില നേടാനും ദൈവരാജ്യത്തിന്റെ പൗരന്മാരായി തുടരാനും സാധിക്കും. (2 കൊരി. 2:5-8) ഇത്രയും സ്‌നേഹവാനായ ഒരു രാജാവിനെ സേവിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്‌ എത്ര വലിയ ബഹുമതിയാണ്‌!

ദൈവരാജ്യത്തിന്റെ പൗരന്മാർ വിദ്യാഭ്യാസത്തെ വിലമതിക്കുന്നു

13. വിദ്യാഭ്യാസത്തെ തങ്ങൾ വിലമതിക്കുന്നെന്ന്‌ ദൈവരാജ്യത്തിന്റെ പൗരന്മാർ തെളിയിക്കുന്നത്‌ എങ്ങനെ?

13 പൗരന്മാർക്ക്‌ വിദ്യാഭ്യാസം നൽകാൻ പല മാനുഷഗവണ്മെന്റുകളും പ്രയത്‌നിക്കാറുണ്ട്‌. സാക്ഷരതയും തൊഴിൽവൈദഗ്‌ധ്യങ്ങളും നേടാൻ സഹായിക്കുന്ന സ്‌കൂളുകൾ അവർ സ്ഥാപിക്കുന്നു. എഴുത്തും വായനയും പഠിപ്പിക്കുകയും സ്വന്തംകാലിൽ നിൽക്കാൻ കഴിയുന്ന തൊഴിൽ നേടാൻ സഹായിക്കുകയും ചെയ്യുന്ന ഇത്തരം സ്‌കൂളുകളിൽനിന്ന്‌ ദൈവരാജ്യത്തിന്റെ പൗരന്മാരും പ്രയോജനം നേടാറുണ്ട്‌. എന്നാൽ അവർ ഇതിലും വിലപ്പെട്ടതായി കരുതുന്നത്‌ യഹോവയിൽനിന്നു ലഭിക്കുന്ന വിദ്യാഭ്യാസത്തെയാണ്‌. ചില ഉദാഹരണങ്ങൾ നോക്കാം: യഹോവയുടെ സംഘടന വായനയെ പ്രോത്സാഹിപ്പിക്കാറുണ്ട്‌. കൊച്ചുകുട്ടികളെ വായിച്ചുകേൾപ്പിക്കാനും സംഘടന മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. വീക്ഷാഗോപുരത്തിലൂടെയും ഉണരുക!-യിലൂടെയും വിശ്വസ്‌ത അടിമ ബൈബിളധിഷ്‌ഠിത വിവരങ്ങൾ ക്രമമായി പ്രസിദ്ധീകരിക്കുന്നുണ്ട്‌. ഒന്നോ രണ്ടോ പേജുകൾ ദിവസവും വായിക്കുകയാണെങ്കിൽ, അതെല്ലാം വായിച്ചുതീർക്കാനും യഹോവ നൽകുന്ന വിദ്യാഭ്യാസത്തിൽനിന്ന്‌ പൂർണപ്രയോജനം നേടാനും നമുക്കാകും.

14. (എ) നമുക്ക്‌ എന്ത്‌ പരിശീലനം ലഭിച്ചുകൊണ്ടിരിക്കുന്നു? (ബി) കുടുംബാരാധനയ്‌ക്കുള്ള ഏത്‌ നിർദേശങ്ങൾ ബാധകമാക്കിയതാണ്‌ നിങ്ങൾ ഏറെ ആസ്വദിച്ചത്‌?

14 സഭായോഗങ്ങളിലൂടെ ഓരോ ആഴ്‌ചയും ദൈവരാജ്യത്തിന്റെ പൗരന്മാർക്ക്‌ പരിശീലനം ലഭിക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌ ദൈവവചനം പഠിപ്പിക്കുന്നതിൽ വൈദഗ്‌ധ്യം നേടാൻ, കഴിഞ്ഞ ആറ്‌ ദശകങ്ങളിലേറെയായി ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ സഹായിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ ഈ സ്‌കൂളിൽ ചേർന്നിട്ടുണ്ടോ? കുടുംബാരാധനയ്‌ക്കായി ആഴ്‌ചയിൽ ഒരു സായാഹ്നം നീക്കിവെക്കാൻ ഏതാനും വർഷങ്ങളായി വിശ്വസ്‌ത അടിമ പ്രത്യേകം പ്രോത്സാഹനം നൽകിവരുന്നു. ഇത്‌ കുടുംബബന്ധങ്ങൾ ശക്തമാക്കുന്നു. ഇതേക്കുറിച്ച്‌ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വന്ന നിർദേശങ്ങൾ നിങ്ങൾ പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? c

15. നമുക്ക്‌ ലഭിച്ചിരിക്കുന്ന ശ്രേഷ്‌ഠമായ ഒരു പദവി ഏതാണ്‌?

15 സ്വന്തം രാഷ്‌ട്രീയ പാർട്ടിക്ക്‌ പിന്തുണ നേടാൻ മാനുഷഗവണ്മെന്റുകളുടെ പൗരന്മാർ ജനങ്ങളുടെ ഇടയിലേക്ക്‌ ഇറങ്ങിച്ചെല്ലാറുണ്ട്‌; അതിനായി വീടുകൾതോറും കയറിയിറങ്ങാനും അവർ മടിക്കാറില്ല. അതിലും വിപുലമായ രീതിയിലാണ്‌ ദൈവരാജ്യത്തിന്റെ പൗരന്മാർ തെരുവുകൾതോറും വീടുകൾതോറും ദൈവരാജ്യത്തെ പിന്തുണയ്‌ക്കുന്ന വേല ചെയ്യുന്നത്‌. കഴിഞ്ഞ അധ്യയന ലേഖനത്തിൽ കണ്ടതുപോലെ യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്ന വീക്ഷാഗോപുരം ഇന്ന്‌ ഭൂമിയിൽ ഏറ്റവും അധികം വിതരണം ചെയ്യുന്ന മാസികയാണ്‌! നമുക്ക്‌ ലഭിച്ചിരിക്കുന്ന ശ്രേഷ്‌ഠമായ ഒരു പദവിയാണ്‌ ദൈവരാജ്യത്തെക്കുറിച്ച്‌ മറ്റുള്ളവരോടു പറയുക എന്നത്‌. ആകട്ടെ, നിങ്ങൾ ആ പ്രസംഗവേലയിൽ തീക്ഷ്‌ണതയോടെ പങ്കെടുക്കുന്നുണ്ടോ?—മത്താ. 28:19, 20.

16. ദൈവരാജ്യത്തിന്റെ ഒരു നല്ല പൗരനാണ്‌ നിങ്ങളെന്ന്‌ എങ്ങനെ തെളിയിക്കാം?

16 ദൈവരാജ്യമെന്ന ഏക ഗവണ്മെന്റ്‌ ഭൂമിയിൽ ഭരണം നടത്തുന്ന കാലം വിദൂരമല്ല. ആത്മീയ കാര്യങ്ങളിൽ മാത്രമല്ല ദൈനംദിനജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ദൈവരാജ്യത്തിന്റെ മേൽനോട്ടം ഉണ്ടായിരിക്കും. അന്ന്‌ നിങ്ങൾ നല്ലൊരു പൗരനായിരിക്കുമോ? അത്‌ തെളിയിക്കാനുള്ള സമയം ഇപ്പോഴാണ്‌. എന്നും യഹോവയുടെ മഹത്ത്വം മുൻനിറുത്തി തീരുമാനങ്ങളെടുക്കുക; അപ്പോൾ ദൈവരാജ്യത്തിന്റെ നല്ല പൗരനായി ജീവിക്കുന്നെന്ന്‌ തെളിയിക്കുകയായിരിക്കും നിങ്ങൾ.—1 കൊരി. 10:31.

[അടിക്കുറിപ്പ്‌],[അടിക്കുറിപ്പുകൾ]

a ഉദാഹരണത്തിന്‌, 2012 ജനുവരി-മാർച്ച്‌ ലക്കം ഉണരുക! പേജ്‌ 14-21; 2012 ഫെബ്രുവരി ലക്കം ഉണരുക! (ഇംഗ്ലീഷ്‌) പേജ്‌ 3-5; 2012 ജൂലൈ-സെപ്‌റ്റംബർ ലക്കം ഉണരുക! പേജ്‌ 29-32 കാണുക.

b 2012 മാർച്ച്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ പേജ്‌ 30-31 കാണുക.

c 2011 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാഗോപുരം പേജ്‌ 6-7; 2011 ജനുവരി നമ്മുടെ രാജ്യ ശുശ്രൂഷ പേജ്‌ 3-6 എന്നിവ കാണുക.

[അധ്യയന ചോദ്യങ്ങൾ]

[14-ാം പേജിലെ ആകർഷക വാക്യം]

ഇന്റർനെറ്റിനെക്കുറിച്ചുള്ള ബൈബിളധിഷ്‌ഠിത മുന്നറിയിപ്പുകൾക്ക്‌ നിങ്ങൾ ശ്രദ്ധ കൊടുക്കാറുണ്ടോ?

[12-ാം പേജിലെ ചിത്രം]

കോരഹ്‌പുത്രന്മാരെപ്പോലെ സത്യാരാധനയെയും അതിന്റെ ചരിത്രത്തെയും നിങ്ങൾ അതിയായി സ്‌നേഹിക്കുന്നുണ്ടോ?

[15-ാം പേജിലെ ചിത്രം]

നിങ്ങളെയും കുടുംബാംഗങ്ങളെയും ദൈവരാജ്യത്തിന്റെ നല്ല പൗരന്മാരാക്കുന്നതിൽ കുടുംബാരാധനയ്‌ക്ക്‌ വലിയ പങ്കുണ്ട്‌