വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിശാചിന്റെ കെണികളെ സൂക്ഷിക്കുക!

പിശാചിന്റെ കെണികളെ സൂക്ഷിക്കുക!

പിശാചിന്റെ കെണികളെ സൂക്ഷിക്കുക!

‘പിശാചിന്റെ കെണിയിൽനിന്നു വിടുതൽ പ്രാപിക്കുക.’—2 തിമൊ. 2:26.

ഉത്തരം പറയാമോ?

മറ്റുള്ളവരിൽ കുറ്റം കണ്ടെത്തുന്ന പ്രവണത നിങ്ങൾക്കുണ്ടെങ്കിൽ എന്ത്‌ ആത്മപരിശോധന നടത്തേണ്ടതുണ്ട്‌?

ഭയത്തിനും സമ്മർദത്തിനും വഴങ്ങിക്കൊടുക്കാതിരിക്കാൻ പീലാത്തൊസിന്റെയും പത്രോസിന്റെയും ദൃഷ്ടാന്തങ്ങൾ നമ്മെ എങ്ങനെ സഹായിക്കും?

അമിതമായ കുറ്റബോധം നിങ്ങൾക്ക്‌ എങ്ങനെ ഒഴിവാക്കാം?

1, 2. പിശാചിന്റെ ഏതൊക്കെ കെണികളെക്കുറിച്ച്‌ ഈ ലേഖനത്തിൽ പഠിക്കും?

 പിശാച്‌ ഇന്ന്‌ യഹോവയുടെ ദാസരെ വേട്ടയാടുകയാണ്‌. എന്നാൽ ഒരു നായാട്ടുകാരനെപ്പോലെ എല്ലായ്‌പോഴും അവൻ തന്റെ ഇരയെ കൊല്ലുന്നില്ല. ഇരയെ ജീവനോടെ പിടിച്ച്‌ തനിക്ക്‌ ഇഷ്ടപ്പെട്ട രീതിയിൽ ഉപയോഗിക്കാനാണ്‌ അവൻ പ്രധാനമായും ലക്ഷ്യമിടുന്നത്‌.—2 തിമൊഥെയൊസ്‌ 2:24-26 വായിക്കുക.

2 ഇരയെ ജീവനോടെ പിടിക്കാൻ വേട്ടക്കാരൻ പലതരം കെണികൾ ഉപയോഗിക്കാറുണ്ട്‌. ഒളിച്ചിരിക്കുന്ന സ്ഥലത്തുനിന്ന്‌ മൃഗത്തെ പുറത്തുചാടിച്ച്‌ കുരുക്കിട്ടു പിടിക്കാൻ അയാൾ ശ്രമിച്ചേക്കാം. അല്ലെങ്കിൽ, ഒളിപ്പിച്ചുവെച്ച ഒരു കെണിയിൽ മൃഗത്തെ അപ്രതീക്ഷിതമായി അകപ്പെടുത്താൻ കഴിയുന്ന ഒരു സംവിധാനം അയാൾ സജ്ജീകരിച്ചുവെക്കും. യഹോവയുടെ ദാസരെ ജീവനോടെ പിടിക്കാൻ പിശാച്‌ ഉപയോഗിക്കുന്നതും ഇതുപോലുള്ള കെണികളാണ്‌. ഇവയിൽ അകപ്പെടാതിരിക്കണമെങ്കിൽ നാം ജാഗ്രതയോടിരിക്കുകയും സാത്താന്റെ കെണികളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്കു ശ്രദ്ധ കൊടുക്കുകയും വേണം. ഒരു പരിധിവരെ വിജയം കണ്ടിട്ടുള്ള പിശാചിന്റെ മൂന്നുകെണികളെക്കുറിച്ചും അവയ്‌ക്ക്‌ എതിരെ എങ്ങനെ ജാഗ്രത പാലിക്കാമെന്നും ഈ ലേഖനം കാണിച്ചുതരുന്നു. (1) അനിയന്ത്രിതമായ സംസാരം (2) ഭയവും സമ്മർദങ്ങളും (3) അമിതമായ കുറ്റബോധം എന്നിവയാണ്‌ ആ കെണികൾ. സാത്താൻ ഉപയോഗിക്കുന്ന മറ്റ്‌ രണ്ടുകെണികളെക്കുറിച്ച്‌ അടുത്ത ലേഖനം ചർച്ച ചെയ്യും.

അനിയന്ത്രിതമായ സംസാരം എന്ന തീ കത്താതെ സൂക്ഷിക്കുക

3, 4. നമ്മുടെ നാവിനെ നിയന്ത്രിക്കാൻ പരാജയപ്പെട്ടാൽ എന്തു സംഭവിച്ചേക്കാം? ഉദാഹരിക്കുക.

3 ഒളിച്ചിരിക്കുന്ന മൃഗങ്ങളെ പുറത്തുചാടിക്കാൻ വേട്ടക്കാരൻ ചിലപ്പോൾ കാടിന്റെ ഒരു ഭാഗത്ത്‌ തീയിട്ടേക്കാം. അപ്പോൾ ഓടിപ്പോകുന്ന മൃഗങ്ങളെ അയാൾ പിടികൂടും. ഒരു ആലങ്കാരിക അർഥത്തിൽ, ക്രിസ്‌തീയ സഭയിൽ തീയിടാൻ പിശാച്‌ ശ്രമിച്ചേക്കാം. അത്‌ വിജയിച്ചാൽ, സഭയുടെ സംരക്ഷണത്തിൽനിന്ന്‌ ഓടിപ്പോകുന്നവർ നേരെ അവന്റെ കൈയിലായിരിക്കും ചെന്നുപെടുന്നത്‌. ഈ ഉദ്ദേശ്യം സാക്ഷാത്‌കരിക്കാൻ അറിയാതെ നാം സാത്താന്‌ കൂട്ടുനിൽക്കുന്നതിനും അങ്ങനെ അവന്റെ വലയിലാകുന്നതിനും സാധ്യതയുണ്ടോ? ഉണ്ട്‌. അത്‌ എങ്ങനെയെന്നു നോക്കാം.

4 ശിഷ്യനായ യാക്കോബ്‌ നാവിനെ തീയോട്‌ ഉപമിക്കുകയുണ്ടായി. (യാക്കോബ്‌ 3:6-8 വായിക്കുക.) നാവിനെ നിയന്ത്രിക്കാൻ പരാജയപ്പെടുന്നെങ്കിൽ, ആലങ്കാരികമായി സഭയിൽ ഒരു കാട്ടുതീക്ക്‌ നാം തിരികൊളുത്തിയേക്കാം. ഇത്‌ എങ്ങനെ സംഭവിക്കും? പിൻവരുന്ന സാഹചര്യം ശ്രദ്ധിക്കുക: ഒരു സഹോദരിയെ സാധാരണ പയനിയറായി നിയമിച്ചുകൊണ്ടുള്ള അറിയിപ്പ്‌ സഭയിൽ വായിക്കുന്നു. യോഗങ്ങൾക്കു ശേഷം രണ്ടുപ്രസാധകർ ഇതേക്കുറിച്ചു സംസാരിക്കുകയാണ്‌. അറിയിപ്പു കേട്ടതിൽ സന്തോഷിക്കുന്ന അവരിലൊരാൾ സഹോദരി ആ നിയമനം നന്നായി നിർവഹിക്കുമെന്ന്‌ പ്രത്യാശ പ്രകടിപ്പിക്കുന്നു. എന്നാൽ ഇത്‌ സഭയിൽ ആളാകാൻവേണ്ടിയുള്ള ശ്രമമാണെന്നു പറഞ്ഞുകൊണ്ട്‌ മറ്റേ വ്യക്തി പയനിയറുടെ ആന്തരത്തിൽ സംശയം പ്രകടിപ്പിക്കുന്നു. ഈ രണ്ടുപ്രസാധകരിൽ ആരെയാണ്‌ നിങ്ങൾ സുഹൃത്താക്കാൻ ആഗ്രഹിക്കുക? സംസാരത്തിലൂടെ സഭയിൽ തീയിട്ടേക്കാവുന്നത്‌ ഇതിൽ ആരാണ്‌? അത്‌ കണ്ടെത്താൻ പ്രയാസമില്ല.

5. അനിയന്ത്രിതമായ സംസാരം എന്ന തീ കത്തുന്നത്‌ ഒഴിവാക്കാൻ നാം ഏത്‌ ആത്മപരിശോധന നടത്തേണ്ടതുണ്ട്‌?

5 അനിയന്ത്രിതമായ സംസാരം എന്ന തീ കത്തുന്നത്‌ ഒഴിവാക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും? “ഹൃദയത്തിന്റെ നിറവിൽനിന്നല്ലയോ വായ്‌ സംസാരിക്കുന്നത്‌” എന്ന്‌ യേശു പറഞ്ഞു. (മത്താ. 12:34) അതുകൊണ്ട്‌, സ്വന്തം ഹൃദയത്തെ പരിശോധിക്കുന്നതാണ്‌ ആദ്യപടി. ഹാനികരമായ സംസാരത്തിനു വഴിമരുന്നിടുന്ന മോശമായ ചിന്തകൾ നാം ഒഴിവാക്കുന്നുണ്ടോ? ഉദാഹരണത്തിന്‌, സഭയിലെ സേവനപദവിക്കായി ഒരു സഹോദരൻ യത്‌നിക്കുന്നതിനെക്കുറിച്ചു കേൾക്കാൻ ഇടവന്നാൽ നാം മുഴുമനസ്സോടെ അദ്ദേഹത്തിന്റെ ആ നല്ല ആന്തരത്തെ വിലമതിക്കുമോ, അതോ അദ്ദേഹത്തെ നയിക്കുന്നത്‌ സ്വാർഥതാത്‌പര്യങ്ങളാണെന്ന്‌ സംശയിക്കുമോ? മറ്റുള്ളവരിൽ കുറ്റം കണ്ടുപിടിക്കാനുള്ള പ്രവണത നമുക്കുണ്ടെങ്കിൽ, ദൈവത്തോടു വിശ്വസ്‌തനായിരുന്ന ഇയ്യോബിന്റെ ആന്തരത്തെ പിശാച്‌ ചോദ്യംചെയ്‌തെന്ന്‌ ഓർക്കുക. (ഇയ്യോ. 1:9-11) ആ സഹോദരനെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതിനു പകരം, എന്തുകൊണ്ടാണ്‌ നാം അദ്ദേഹത്തെ വിമർശിക്കുന്നതെന്ന്‌ ചിന്തിക്കുക. അങ്ങനെ വിമർശിക്കാൻ തക്ക കാരണങ്ങൾ നമുക്കുണ്ടോ? അതോ അന്ത്യകാലത്ത്‌ സാധാരണയായ സ്‌നേഹമില്ലായ്‌മ നമ്മുടെ ഹൃദയത്തെ വിഷലിപ്‌തമാക്കിയിരിക്കുകയാണോ?—2 തിമൊ. 3:1-4.

6, 7. (എ) മറ്റുള്ളവരെക്കുറിച്ച്‌ കുറ്റം പറയാൻ നമ്മെ പ്രേരിപ്പിക്കുന്ന ചില കാരണങ്ങൾ ഏവ? (ബി) അധിക്ഷേപിക്കപ്പെട്ടാൽ നാം എങ്ങനെ പ്രതികരിക്കണം?

6 മറ്റുള്ളവരെക്കുറിച്ച്‌ കുറ്റം പറയാൻ നമ്മെ പ്രേരിപ്പിക്കുന്ന വേറെ ചില കാരണങ്ങളും ഉണ്ടാകാം. സ്വന്തം നേട്ടങ്ങളിലേക്ക്‌ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ നാം ആഗ്രഹിക്കുന്നതായിരിക്കാം ഒരു കാരണം. അല്ലെങ്കിൽ, നാം മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠരാണെന്നു കാണിക്കാനായിരിക്കാം അവരെ ഇടിച്ചുതാഴ്‌ത്തി സംസാരിക്കുന്നത്‌. അതുമല്ലെങ്കിൽ നാം ചെയ്യേണ്ടത്‌ ചെയ്യാത്തതിനെ ന്യായീകരിക്കാനാവാം മറ്റുള്ളവരിൽ കുറ്റം കണ്ടെത്തുന്നത്‌. നമ്മെ നയിക്കുന്നത്‌ അഹങ്കാരമോ അസൂയയോ അരക്ഷിതബോധമോ ആയിക്കൊള്ളട്ടെ, ഇത്തരം സംസാരം ദോഷം ചെയ്യുകയേയുള്ളൂ.

7 ഒരാളെക്കുറിച്ച്‌ കുറ്റം പറയുന്നതിന്‌ തക്ക കാരണങ്ങളുണ്ടെന്ന്‌ നമുക്കു തോന്നുന്നുണ്ടാകാം. ഒരുപക്ഷേ, ആ വ്യക്തിയുടെ അനിയന്ത്രിതമായ സംസാരം നമ്മെ മുറിപ്പെടുത്തിയിരിക്കാം. എന്നാൽ, അയാളെക്കുറിച്ച്‌ കുറ്റം പറഞ്ഞുകൊണ്ട്‌ അതേ നാണയത്തിൽ തിരിച്ചടിക്കുന്നതല്ല അതിനുള്ള പരിഹാരം. അങ്ങനെ ചെയ്യുന്നത്‌ എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെ ആയിരിക്കും; അപ്പോൾ നാം ദൈവത്തിന്റെയല്ല പിശാചിന്റെ ഇഷ്ടമായിരിക്കും ചെയ്യുന്നത്‌. (2 തിമൊ. 2:26) ഇക്കാര്യത്തിൽ നാം യേശുവിനെ അനുകരിക്കണം. അധിക്ഷേപിക്കപ്പെട്ടപ്പോൾ അവൻ ‘പകരം അധിക്ഷേപിച്ചില്ല.’ മറിച്ച്‌, ‘നീതിയോടെ വിധിക്കുന്നവന്റെ പക്കൽ അവൻ തന്നെത്തന്നെ ഭരമേൽപ്പിക്കുകയാണ്‌’ ചെയ്‌തത്‌. (1 പത്രോ. 2:21-23) തന്റേതായ രീതിയിൽ, തന്റേതായ സമയത്ത്‌ യഹോവ അത്‌ കൈകാര്യം ചെയ്‌തുകൊള്ളുമെന്ന്‌ യേശുവിന്‌ ഉറപ്പുണ്ടായിരുന്നു. ദൈവത്തിൽ നമുക്കും അത്രതന്നെ വിശ്വാസമുണ്ടായിരിക്കണം. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ദയാപൂർവം സംസാരിക്കുമ്പോൾ നാം സഭയിൽ ‘സമാധാനവും’ ‘ഐക്യവും’ നിലനിറുത്താൻ സഹായിക്കുകയാണ്‌.—എഫെസ്യർ 4:1-3 വായിക്കുക.

ഭയത്തിന്റെയും സമ്മർദത്തിന്റെയും കുരുക്കിൽപ്പെടരുത്‌

8, 9. പീലാത്തൊസ്‌ യേശുവിനെ മരണത്തിനു വിധിച്ചത്‌ എന്തുകൊണ്ട്‌?

8 കെണിയിൽപ്പെടുന്ന മൃഗത്തിന്‌ ഇഷ്ടാനുസരണം ചലിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. സമാനമായി, ഭയത്തിനും അതുമായി ബന്ധപ്പെട്ട സമ്മർദത്തിനും കീഴ്‌പെടുന്ന ഒരു വ്യക്തിക്ക്‌ തന്റെ ജീവിതത്തിന്മേലുള്ള നിയന്ത്രണം കുറച്ചെങ്കിലും നഷ്ടമാകുന്നു. (സദൃശവാക്യങ്ങൾ 29:25 വായിക്കുക.) ഭയത്തിനും സമ്മർദത്തിനും അടിമപ്പെട്ട, വ്യത്യസ്‌ത പശ്ചാത്തലത്തിലുള്ള രണ്ടുവ്യക്തികളെക്കുറിച്ചാണ്‌ ഇനി നാം പരിചിന്തിക്കാൻ പോകുന്നത്‌. അവരിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാമെന്നും നോക്കാം.

9 റോമൻ ഗവർണറായിരുന്ന പൊന്തിയൊസ്‌ പീലാത്തൊസിന്‌ യേശു നിരപരാധിയാണെന്ന്‌ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ യേശുവിനെ ദ്രോഹിക്കാൻ അവൻ ആഗ്രഹിച്ചില്ല. “മരണാർഹമായതൊന്നും” യേശു ചെയ്‌തിട്ടില്ലെന്ന്‌ പീലാത്തൊസ്‌ പറയുകപോലും ചെയ്‌തു. എന്നിട്ടും അവൻ യേശുവിനെ മരണത്തിനു വിധിച്ചത്‌ എന്തുകൊണ്ടാണ്‌? ജനക്കൂട്ടത്തിന്റെ സമ്മർദംനിമിത്തം. (ലൂക്കോ. 23:15, 21-25) “ഇവനെ വിട്ടയച്ചാൽ നീ കൈസറുടെ സ്‌നേഹിതനല്ല” എന്ന്‌ ആർത്തുവിളിച്ച ജനക്കൂട്ടം കാര്യസാധ്യത്തിനായി അവന്റെമേൽ സമ്മർദം ചെലുത്തി. (യോഹ. 19:12) ക്രിസ്‌തുവിന്റെ പക്ഷം പിടിച്ചാൽ തന്റെ അധികാരമോ ജീവൻതന്നെയോ നഷ്ടമാകുമെന്ന്‌ അവൻ ഭയന്നിരിക്കാം. അതുകൊണ്ട്‌ പിശാചിന്റെ ഇഷ്ടം ചെയ്യാൻ അവൻ നിന്നുകൊടുത്തു.

10. ക്രിസ്‌തുവിനെ തള്ളിപ്പറയാൻ പത്രോസിനെ പ്രേരിപ്പിച്ചത്‌ എന്താണ്‌?

10 യേശുവിന്റെ ഉറ്റ സഹകാരികളിൽ ഒരാളായിരുന്നു പത്രോസ്‌ അപ്പൊസ്‌തലൻ. യേശു മിശിഹായാണെന്ന്‌ പരസ്യമായി പറയാൻ അവൻ ധൈര്യം കാണിച്ചു. (മത്താ. 16:16) യേശു പറഞ്ഞതിന്റെ അർഥം ഗ്രഹിക്കാതെ ചില ശിഷ്യന്മാർ അവനെ ഉപേക്ഷിച്ചുപോയപ്പോഴും പത്രോസ്‌ അവനോടു വിശ്വസ്‌തമായി പറ്റിനിന്നു. (യോഹ. 6:66-69) ശത്രുക്കൾ യേശുവിനെ അറസ്റ്റുചെയ്യാൻ വന്നപ്പോൾ അവനെ സംരക്ഷിക്കാനായി വാൾ എടുക്കുകപോലും ചെയ്‌തവനാണ്‌ പത്രോസ്‌. (യോഹ. 18:10, 11) എന്നാൽ ഇതേ അപ്പൊസ്‌തലൻ, യേശുവിനെ അറിയുകപോലുമില്ലെന്ന്‌ പിന്നീട്‌ പറയുകയുണ്ടായി. എന്തായിരുന്നു കാരണം? അൽപ്പസമയത്തേക്ക്‌ മാനുഷഭയം എന്ന കെണിയിൽ അവൻ അകപ്പെട്ടു. അതെ, ധീരമായ നിലപാട്‌ സ്വീകരിക്കുന്നതിന്‌ ഭയം തടസ്സമായി.—മത്താ. 26:74, 75.

11. ഏതെല്ലാം ദുസ്സ്വാധീനങ്ങളെ നമുക്ക്‌ ചെറുക്കേണ്ടിവന്നേക്കാം?

11 ക്രിസ്‌ത്യാനികളായ നമ്മുടെ കാര്യമോ? ദൈവത്തെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യാനുള്ള സമ്മർദത്തെ നാം ചെറുത്തുനിൽക്കണം. സത്യസന്ധമല്ലാത്ത കാര്യങ്ങൾ ചെയ്യാനോ ലൈംഗിക അധാർമികതയിൽ ഏർപ്പെടാനോ ചിലപ്പോൾ തൊഴിലുടമകളോ മറ്റുള്ളവരോ നമ്മെ നിർബന്ധിച്ചേക്കാം. വിദ്യാർഥികൾക്ക്‌, പരീക്ഷയിൽ കള്ളത്തരം കാണിക്കാനോ അശ്ലീലം വീക്ഷിക്കാനോ പുകവലിക്കാനോ മയക്കുമരുന്ന്‌ ഉപയോഗിക്കാനോ മദ്യപിക്കാനോ ലൈംഗിക ദുഷ്‌കൃത്യത്തിൽ ഏർപ്പെടാനോ സഹപാഠികളിൽനിന്ന്‌ സമ്മർദം നേരിട്ടേക്കാം. ആകട്ടെ, സമ്മർദത്തിന്റെയും ഭയത്തിന്റെയും കെണിയിൽപ്പെട്ട്‌ യഹോവയെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുന്നത്‌ നമുക്ക്‌ എങ്ങനെ ഒഴിവാക്കാം?

12. പീലാത്തൊസിൽനിന്നും പത്രോസിൽനിന്നും നമുക്ക്‌ എന്തു പഠിക്കാം?

12 പീലാത്തൊസിൽനിന്നും പത്രോസിൽനിന്നും നമുക്ക്‌ പഠിക്കാൻ ചിലതുണ്ട്‌. പീലാത്തൊസിന്‌ ക്രിസ്‌തുവിനെപ്പറ്റി കാര്യമായൊന്നും അറിയില്ലായിരുന്നു. എങ്കിലും, യേശു നിരപരാധിയാണെന്നും ഒരു സാധാരണ മനുഷ്യനല്ലെന്നും അവനു മനസ്സിലായിരുന്നു. എന്നാൽ പീലാത്തൊസിന്‌ താഴ്‌മയും സത്യദൈവത്തോടുള്ള സ്‌നേഹവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവനെ ജീവനോടെ പിടിക്കാൻ പിശാചിന്‌ എളുപ്പം കഴിഞ്ഞു. പത്രോസിന്‌ ദൈവത്തെയും ക്രിസ്‌തുയേശുവിനെയും കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനവും ദൈവത്തോടുള്ള സ്‌നേഹവും ഉണ്ടായിരുന്നു. എന്നാൽ അവന്‌ എളിമ നഷ്ടമാകുകയും അവൻ ഭയത്തിനും സമ്മർദത്തിനും കീഴടങ്ങുകയും ചെയ്‌ത സന്ദർഭങ്ങളുണ്ട്‌. “മറ്റെല്ലാവരും ഇടറിപ്പോയാലും ഞാൻ ഇടറുകയില്ല” എന്ന്‌ യേശുവിന്റെ അറസ്റ്റിനു തൊട്ടുമുമ്പ്‌ പത്രോസ്‌ വീമ്പിളക്കി. (മർക്കോ. 14:29) എന്നാൽ, “യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?” എന്നു പാടിയ സങ്കീർത്തനക്കാരനെപ്പോലെ പത്രോസ്‌ യഹോവയിൽ ആശ്രയിച്ചിരുന്നെങ്കിൽ, തന്നെ കാത്തിരുന്ന പരിശോധന നേരിടാൻ അവൻ കൂടുതൽ സജ്ജനായിരുന്നേനേ. (സങ്കീ. 118:6) മരണത്തിന്റെ തലേരാത്രി യേശു പത്രോസിനെയും മറ്റ്‌ രണ്ട്‌ അപ്പൊസ്‌തലന്മാരെയും കൂട്ടി ഗെത്ത്‌ശെമനത്തോട്ടത്തിനുള്ളിലേക്കു പോയി. പത്രോസും കൂട്ടരുമാകട്ടെ അവിടെ ഉണർന്നിരിക്കുന്നതിനു പകരം ഉറങ്ങുകയാണുണ്ടായത്‌. അവരെ ഉണർത്തിയ ശേഷം യേശു പറഞ്ഞു: “നിങ്ങൾ പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ സദാ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ.” (മർക്കോ. 14:38) പക്ഷേ, പത്രോസ്‌ വീണ്ടും ഉറങ്ങി, മാനുഷഭയത്തിനും സമ്മർദത്തിനും പിന്നീട്‌ വശംവദനായി.

13. തെറ്റു ചെയ്യാനുള്ള സമ്മർദത്തെ ചെറുക്കാൻ കഴിയണമെങ്കിൽ നാം എന്തു ചെയ്യണം?

13 മറ്റുള്ളവരിൽനിന്നുള്ള സമ്മർദം ചെറുത്തുനിൽക്കാൻ കഴിയണമെങ്കിൽ സൂക്ഷ്‌മപരിജ്ഞാനം, താഴ്‌മ, എളിമ, ദൈവത്തോടുള്ള സ്‌നേഹം, മാനുഷഭയത്തിനു പകരം യഹോവയോടുള്ള ഭയം എന്നിവയെല്ലാം നമുക്ക്‌ ആവശ്യമാണെന്ന്‌ പീലാത്തൊസിന്റെയും പത്രോസിന്റെയും അനുഭവം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ വിശ്വാസം സൂക്ഷ്‌മപരിജ്ഞാനത്തിൽ അധിഷ്‌ഠിതമാണെങ്കിൽ മാത്രമേ ബോധ്യത്തോടും ധൈര്യത്തോടും കൂടെ ആ വിശ്വാസത്തെക്കുറിച്ചു സംസാരിക്കാൻ നമുക്കു കഴിയൂ. സമ്മർദം ചെറുക്കാനും മാനുഷഭയത്തെ കീഴ്‌പെടുത്താനും അത്‌ നമ്മെ സഹായിക്കും. എന്നാൽ നാം ഒരിക്കലും അമിത ആത്മവിശ്വാസമുള്ളവരായിരിക്കരുത്‌. പകരം, മറ്റുള്ളവരിൽനിന്നുള്ള സമ്മർദം ചെറുക്കാൻ ദൈവത്തിൽനിന്നുള്ള ശക്തി ആവശ്യമാണെന്ന്‌ താഴ്‌മയോടെ നാം തിരിച്ചറിയണം. പരിശുദ്ധാത്മാവിനായി പ്രാർഥിക്കണം. യഹോവയോടുള്ള സ്‌നേഹം അവന്റെ നിലവാരങ്ങൾക്കൊത്തു പ്രവർത്തിക്കാനും അവന്റെ നാമത്തിനു നിന്ദവരുത്തുന്ന കാര്യങ്ങൾ ഒഴിവാക്കാനും നമ്മെ പ്രേരിപ്പിക്കണം. ഒരു പരിശോധന നേരിടുന്നതിനു മുമ്പ്‌ അതിനായി തയ്യാറാകേണ്ടതും പ്രധാനമാണ്‌. ഉദാഹരണത്തിന്‌, മക്കളെ മുന്നമേ പരിശീലിപ്പിക്കുകയും അവരോടൊപ്പം പ്രാർഥിക്കുകയും ചെയ്‌താൽ തെറ്റു ചെയ്യാൻ സമപ്രായക്കാരിൽനിന്ന്‌ സമ്മർദമുണ്ടാകുമ്പോൾ അതിനെ ചെറുക്കാൻ അവർക്ക്‌ എളുപ്പമായിരിക്കും.—2 കൊരി. 13:7. a

തകർത്തുകളയുന്ന കെണി—അമിതമായ കുറ്റബോധം

14. കഴിഞ്ഞകാലത്തു ചെയ്‌ത തെറ്റുകളെക്കുറിച്ച്‌ നാം എന്തു ചിന്തിക്കണമെന്നാണ്‌ സാത്താന്റെ ആഗ്രഹം?

14 ഇര സാധാരണ സഞ്ചരിക്കാറുള്ള പാതയുടെ മുകളിൽ ഭാരമുള്ള ഒരു തടിയോ കല്ലോ തൂക്കിയിട്ടും കെണിയൊരുക്കാറുണ്ട്‌. ഇതൊന്നും അറിയാതെ ആ വഴി വരുന്ന ഇര കയറിൽ തട്ടുമ്പോൾ അതുമായി ബന്ധിപ്പിച്ചിരിക്കുന്ന കല്ലോ തടിയോ ഇരയുടെമേൽ വീണ്‌ അതിനെ തകർക്കുന്നു. തകർത്തുകളയുന്ന ഈ കല്ലോ തടിയോ പോലെയായിരുന്നേക്കാം അമിതമായ കുറ്റബോധം എന്ന കെണി. കഴിഞ്ഞകാലത്തെ ചില തെറ്റുകളെക്കുറിച്ചു ചിന്തിക്കുമ്പോൾ നാം ‘അത്യന്തം തകർന്നു’ പോയെന്നുവരാം. (സങ്കീർത്തനം 38:3-5, 8 വായിക്കുക.) നാം യഹോവയാംദൈവത്തിന്റെ കരുണയുടെ എത്തുപാടിലല്ലെന്നോ അവന്റെ നിലവാരങ്ങൾക്കൊത്തു ജീവിക്കാൻ നമ്മെക്കൊണ്ടാവില്ലെന്നോ നാം ചിന്തിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു.

15, 16. അമിതമായ കുറ്റബോധം എന്ന കെണിയിൽപ്പെടാതിരിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

15 തകർത്തുകളയുന്ന ഈ കെണിയിൽപ്പെടാതിരിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? ഗുരുതരമായ ഒരു പാപം ചെയ്‌തുപോയെങ്കിൽ യഹോവയുമായുള്ള സൗഹൃദത്തിലേക്കു തിരിച്ചുവരാൻ ഉടൻ നടപടി സ്വീകരിക്കണം. മൂപ്പന്മാരെ സമീപിച്ച്‌ സഹായം ചോദിക്കുക. (യാക്കോ. 5:14-16) തെറ്റു തിരുത്താൻ നിങ്ങളാലാവുന്നതെല്ലാം ചെയ്യുക. (2 കൊരി. 7:11) ശിക്ഷണം ലഭിക്കുന്നെങ്കിൽ മനസ്സിടിഞ്ഞുപോകരുത്‌. യഹോവയ്‌ക്ക്‌ നിങ്ങളോടുള്ള സ്‌നേഹത്തിന്റെ തെളിവാണ്‌ ശിക്ഷണം. (എബ്രാ. 12:6) പാപം ചെയ്യുന്നതിലേക്കു നയിച്ച കാര്യങ്ങൾ ആവർത്തിക്കില്ലെന്ന്‌ ദൃഢനിശ്ചയം ചെയ്യുക, ആ നിശ്ചയത്തിനു ചേർച്ചയിൽ പ്രവർത്തിക്കുക. നിങ്ങൾ അനുതപിച്ച്‌ തിരിഞ്ഞുവന്ന ഒരു വ്യക്തിയാണോ? അങ്ങനെയെങ്കിൽ നിങ്ങളുടെ പാപങ്ങളെ മറയ്‌ക്കാൻ യേശുക്രിസ്‌തുവിന്റെ മറുവിലയാഗത്തിനു കഴിയുമെന്ന്‌ ഉറച്ചു വിശ്വസിക്കുക.—1 യോഹ. 4:9, 14.

16 ചെയ്‌ത തെറ്റിന്‌ ക്ഷമ ലഭിച്ചിട്ടും ചിലർ ഇപ്പോഴും അമിതമായ കുറ്റബോധത്താൽ നീറിപ്പുകയുകയാണ്‌. നിങ്ങളുടെ സാഹചര്യം ഇതാണെങ്കിൽ, ഏറ്റവും അടിയന്തിരമായ ഘട്ടത്തിൽ തന്റെ പ്രിയപുത്രനെ ഉപേക്ഷിച്ചുപോയ പത്രോസിനോടും മറ്റ്‌ അപ്പൊസ്‌തലന്മാരോടും യഹോവ ക്ഷമിച്ചെന്ന്‌ ഓർക്കുക. തീർത്തും ഹീനമായ ദുഷ്‌പ്രവൃത്തിയിൽ ഏർപ്പെട്ട്‌ സഭയിൽനിന്നു പുറത്താക്കപ്പെട്ട ഒരാൾ പിന്നീട്‌ അനുതപിച്ചപ്പോൾ യഹോവ ആ വ്യക്തിയോടും ക്ഷമിച്ചു. (1 കൊരി. 5:1-5; 2 കൊരി. 2:6-8) ഗുരുതരമായ പാപം ചെയ്‌തെങ്കിലും അനുതപിച്ചപ്പോൾ ദൈവത്തിന്റെ ക്ഷമ ലഭിച്ച മറ്റു ചിലരെക്കുറിച്ചും ദൈവവചനം പറയുന്നുണ്ട്‌.—2 ദിന. 33:2, 10-13; 1 കൊരി. 6:9-11.

17. മറുവിലയ്‌ക്ക്‌ നമുക്കുവേണ്ടി എന്തു ചെയ്യാനാകും?

17 നിങ്ങൾക്ക്‌ യഥാർഥ അനുതാപം ഉണ്ടായിരിക്കുകയും യഹോവ നിങ്ങളോടു കരുണ കാണിക്കുമെന്നു വിശ്വസിക്കുകയും ചെയ്യുന്നെങ്കിൽ, യഹോവ നിങ്ങളുടെ കഴിഞ്ഞകാല തെറ്റുകൾ ക്ഷമിക്കുകയും മറക്കുകയും ചെയ്യും. നിങ്ങളുടെ തെറ്റുകളെ മറയ്‌ക്കാൻ യേശുവിന്റെ മറുവിലയ്‌ക്കാകില്ലെന്ന്‌ ഒരിക്കലും ചിന്തിക്കരുത്‌. അങ്ങനെ ചിന്തിച്ചാൽ, നിങ്ങൾ സാത്താന്റെ കെണിയിൽപ്പെട്ടിരിക്കുന്നു എന്നാണ്‌ അർഥം. നിങ്ങൾ അങ്ങനെ ചിന്തിക്കാനാണ്‌ അവൻ ആഗ്രഹിക്കുന്നതെങ്കിലും യാഥാർഥ്യം മറ്റൊന്നാണ്‌: തെറ്റു ചെയ്‌തെങ്കിലും അതേപ്രതി അനുതപിക്കുന്ന ഏവരുടെയും പാപങ്ങളെ മറയ്‌ക്കാൻ മറുവിലയ്‌ക്കാകും. (സദൃ. 24:16) അമിതമായ കുറ്റബോധം എന്ന ഭാരം നിങ്ങളുടെ ചുമലിൽനിന്ന്‌ ഇറക്കാനും മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുശക്തിയോടും കൂടെ ദൈവത്തെ സേവിക്കാൻ ആവശ്യമായ ശക്തിപകരാനും മറുവിലയിലുള്ള വിശ്വാസത്തിനു കഴിയും.—മത്താ. 22:37.

നാം സാത്താന്റെ തന്ത്രങ്ങൾ അറിയാത്തവരല്ല

18. പിശാചിന്റെ കെണികൾ നമുക്ക്‌ എങ്ങനെ ഒഴിവാക്കാം?

18 ഏതു കെണിയായാലും കുഴപ്പമില്ല, നാം കുടുങ്ങണമെന്നേ സാത്താനുള്ളൂ. സാത്താന്റെ തന്ത്രങ്ങളെക്കുറിച്ചു നമുക്ക്‌ അറിയാവുന്നതുകൊണ്ട്‌ അവൻ നമ്മെ തോൽപ്പിക്കുന്നത്‌ ഒഴിവാക്കാനാകും. (2 കൊരി. 2:10, 11) നാം നേരിടുന്ന പരിശോധനകൾ കൈകാര്യം ചെയ്യാൻ വേണ്ട ജ്ഞാനത്തിനായി പ്രാർഥിക്കുന്നെങ്കിൽ അവന്റെ കെണികളിൽ നാം കുടുങ്ങിപ്പോകില്ല. യാക്കോബ്‌ എഴുതി: “നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അവൻ ദൈവത്തോട്‌ യാചിച്ചുകൊണ്ടേയിരിക്കട്ടെ; അപ്പോൾ അത്‌ അവനു ലഭിക്കും; അനിഷ്ടം കൂടാതെ എല്ലാവർക്കും ഉദാരമായി നൽകുന്നവനല്ലോ ദൈവം.” (യാക്കോ. 1:5) വ്യക്തിപരമായ പഠനം ക്രമമായി നടത്തുകയും ബൈബിൾതത്ത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കുകയും ചെയ്‌തുകൊണ്ട്‌ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുക. വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം നൽകുന്ന ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ പിശാചിന്റെ കെണികളെ വെളിച്ചത്തുകൊണ്ടുവരുകയും അവ ഒഴിവാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും.

19, 20. നാം ദോഷത്തെ വെറുക്കേണ്ടത്‌ എന്തുകൊണ്ട്‌?

19 പ്രാർഥനയും ബൈബിൾപഠനവും നമ്മിൽ നല്ലതിനോടുള്ള സ്‌നേഹം വളർത്തും. എന്നാൽ ദോഷത്തെ വെറുക്കാൻ പഠിക്കുന്നതും അത്രതന്നെ പ്രാധാന്യമുള്ള കാര്യമാണ്‌. (സങ്കീ. 97:10) സ്വാർഥമോഹങ്ങളുടെ ഭവിഷ്യത്തുകളെക്കുറിച്ചു ചിന്തിക്കുന്നത്‌ അവ ഒഴിവാക്കാൻ നമ്മെ സഹായിക്കും. (യാക്കോ. 1:14, 15) ദോഷത്തെ വെറുക്കാൻ പഠിക്കുകയും നല്ലതിനെ അതിയായി സ്‌നേഹിക്കുകയും ചെയ്യുന്നെങ്കിൽ, തന്റെ കെണിയിലേക്കു വശീകരിക്കാൻ സാത്താൻ ഒരുക്കിവെച്ചിരിക്കുന്ന ‘ഇര’കളൊന്നും നമ്മെ മോഹിപ്പിക്കില്ല, പകരം അവയോടു നമുക്ക്‌ വെറുപ്പുതോന്നും.

20 സാത്താൻ നമ്മെ തോൽപ്പിക്കാതിരിക്കാൻ യഹോവ നമ്മെ സഹായിക്കുന്നതിൽ എത്ര നന്ദിയുള്ളവരാണ്‌ നാം! തന്റെ ആത്മാവിനെയും വചനത്തെയും സംഘടനയെയും ഉപയോഗിച്ച്‌ “ദുഷ്ടനിൽനിന്ന്‌” യഹോവ നമ്മെ വിടുവിക്കുന്നു. (മത്താ. 6:13) യഹോവയുടെ ദാസരെ ജീവനോടെ പിടിക്കാൻ സാത്താനെ സഹായിച്ചിരിക്കുന്ന മറ്റു രണ്ടുകെണികൾ എങ്ങനെ ഒഴിവാക്കാമെന്ന്‌ അടുത്ത ലേഖനത്തിൽ നാം പഠിക്കും.

[അടിക്കുറിപ്പ്‌]

a 2010 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 7-11 പേജുകളിലെ “യുവജനങ്ങളേ, കൂട്ടുകാരുടെ ദുസ്സ്വാധീനത്തിനു വഴങ്ങരുത്‌” എന്ന ലേഖനം മാതാപിതാക്കൾക്ക്‌ കുട്ടികളുമൊത്തു ചർച്ച ചെയ്യാവുന്നതാണ്‌. ഒരുപക്ഷേ, കുടുംബാരാധനയിൽ നിങ്ങൾക്ക്‌ ഇത്‌ പരിചിന്തിക്കാം.

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രം]

സഭയിൽ പ്രശ്‌നങ്ങൾ കത്തിപ്പടരാൻ അനിയന്ത്രിതമായ സംസാരം വഴിവെച്ചേക്കാം

[24-ാം പേജിലെ ചിത്രം]

അമിതമായ കുറ്റബോധം എന്ന ഭാരം നിങ്ങൾക്ക്‌ ഇറക്കിവെക്കാനാകും