വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘പിൽഗ്രിമു’കളോടൊപ്പം ഒരു യാത്ര

‘പിൽഗ്രിമു’കളോടൊപ്പം ഒരു യാത്ര

ചരിത്ര സ്‌മൃതികൾ

‘പിൽഗ്രിമു’കളോടൊപ്പം ഒരു യാത്ര

“വീടുതോറും പോയി പ്രസംഗിക്കാനൊന്നും എന്നെക്കൊണ്ടു പറ്റില്ല!” അപരിചിതരോടു സംസാരിക്കുന്നതിനെക്കുറിച്ച്‌ എത്രയോ പുതിയ ബൈബിൾവിദ്യാർഥികൾക്ക്‌ ഇങ്ങനെ തോന്നിയിട്ടുണ്ട്‌. എന്നാൽ ഇത്‌ പറഞ്ഞത്‌ ബൈബിൾ അധ്യാപകനും പയറ്റിത്തെളിഞ്ഞ പ്രാസംഗികനും ആയ ഒരു ‘പിൽഗ്രിമാണ്‌.’

സീയോന്റെ വീക്ഷാഗോപുരം പതിവായി വായിക്കുകയും പള്ളി വിട്ടുപോരുകയും ചെയ്‌ത പലർക്കും ബൈബിൾസത്യത്തിനായി ദാഹിക്കുന്ന മറ്റുള്ളവരോടൊപ്പം സഹവസിക്കാൻ ആഗ്രഹമുണ്ടായിരുന്നു. തങ്ങൾ അമൂല്യമായി കരുതുന്ന അതേ വിശ്വാസങ്ങളുള്ളവരുമൊത്ത്‌ ബൈബിൾ പഠിക്കുന്നതിന്‌ ക്രമമായി കൂടിവരാൻ ഈ മാസിക അതിന്റെ വായനക്കാരോട്‌ ആഹ്വാനം ചെയ്‌തു. ഇത്തരം കൂട്ടങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ച്‌ അവരെ സന്ദർശിക്കാൻ വാച്ച്‌ ടവർ സൊസൈറ്റി 1894-നോടടുത്ത്‌ സഞ്ചാരപ്രതിനിധികളെ അയയ്‌ക്കാൻ തുടങ്ങി. അനുഭവപരിചയമുള്ള കഠിനാധ്വാനികളായ പുരുഷന്മാരെയാണ്‌ ഇതിനായി തിരഞ്ഞെടുത്തിരുന്നത്‌. സൗമ്യതയും ബൈബിൾപരിജ്ഞാനവും പ്രസംഗ-പഠിപ്പിക്കൽ പ്രാപ്‌തിയും മറുവിലയോടുള്ള വിലമതിപ്പും അവർക്കു വേണ്ട യോഗ്യതകളായിരുന്നു. ഇവർ പിന്നീട്‌ ‘പിൽഗ്രിമുകൾ’ (വാച്യാർഥം, “തീർഥാടകർ”) എന്ന്‌ അറിയപ്പെട്ടു. തിരക്കുപിടിച്ച ഒന്നോ രണ്ടോ ദിവസമായിരുന്നു സാധാരണഗതിയിൽ അത്തരം സന്ദർശനങ്ങളുടെ ദൈർഘ്യം. പല ബൈബിൾവിദ്യാർഥികളുടെയും വയൽശുശ്രൂഷയിലെ ആദ്യാനുഭവം ‘പിൽഗ്രിമിന്റെ’ പരസ്യപ്രസംഗ ക്ഷണക്കത്തുകൾ വിതരണം ചെയ്‌തതായിരുന്നു. ഒരു ദിവസം വൈകിട്ട്‌ ഒരു സ്‌കൂളിൽവെച്ചു നടന്ന പ്രസംഗത്തിനുശേഷം, പിന്നീട്‌ ഭരണസംഘത്തിൽ അംഗമായ ഹ്യൂഗോ റീമർ ബൈബിൾചോദ്യങ്ങൾക്ക്‌ ഉത്തരം നൽകി; അർധരാത്രി കഴിഞ്ഞും അതു നീണ്ടു. ക്ഷീണിതനെങ്കിലും സന്തോഷവാനായി കാണപ്പെട്ട അദ്ദേഹം, “വളരെ നല്ലൊരു” യോഗമായിരുന്നു അതെന്ന്‌ അഭിപ്രായപ്പെട്ടു.

ഭവനങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ സംബന്ധിച്ച്‌, “വിശ്വാസത്തിലുള്ളവരെ” പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ‘പിൽഗ്രിമു’കളുടെ സന്ദർശനത്തിന്റെ “മുഖ്യ ഉദ്ദേശ്യം” എന്ന്‌ വീക്ഷാഗോപുരം പ്രസ്‌താവിക്കുകയുണ്ടായി. അവിടെവെച്ചു നടക്കുന്ന പ്രസംഗങ്ങൾ കേൾക്കാൻ ചുറ്റുപാടുമുള്ള ബൈബിൾവിദ്യാർഥികൾ ഒത്തുകൂടുമായിരുന്നു. തുടർന്ന്‌ ചോദ്യങ്ങൾ ചോദിക്കാൻ അവർക്ക്‌ അവസരം ലഭിച്ചിരുന്നു. അതു കഴിഞ്ഞാൽ ക്രിസ്‌തീയ ആതിഥ്യത്തിനുള്ള സമയമാണ്‌. കുട്ടിയായിരുന്നപ്പോൾ മോഡ്‌ അബ്ബൊട്ട്‌ അത്തരം ഒരു പ്രസംഗം കേൾക്കാൻ പോയി. രാവിലത്തെ ആ പ്രസംഗം കഴിഞ്ഞ്‌ എല്ലാവരും മുറ്റത്തുള്ള ഒരു നീളൻ മേശയ്‌ക്കു ചുറ്റും കൂടി. “പന്നിയിറച്ചിയും പൊരിച്ച കോഴിയും പലതരം റൊട്ടിയും പൈയും (ഒരുതരം അട) കേക്കും ഒക്കെയായി വിഭവസമൃദ്ധമായിരുന്നു ഭക്ഷണം! എല്ലാവരും മൂക്കുമുട്ടെ കഴിച്ചു; രണ്ടുമണിയോടെ അടുത്ത പ്രസംഗം കേൾക്കാൻ ഞങ്ങൾ ഒത്തുകൂടി.” പക്ഷേ “അപ്പോഴേക്കും എല്ലാവരും പാതി മയക്കത്തിലായിരുന്നു,” അവൾ പറയുന്നു. വളരെക്കാലം ‘പിൽഗ്രിം’ ആയി സേവിച്ച ബെഞ്ചമിൻ ബാർട്ടൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “എനിക്കു വിളമ്പിയ ഗംഭീരൻ ഭക്ഷണം മുഴുവൻ അകത്താക്കിയിരുന്നെങ്കിൽ പണ്ടുതന്നെ എന്റെ പിൽഗ്രിം വേല അവസാനിച്ചേനേ.” പിന്നീട്‌ ബ്രുക്ലിനിലെ ഹെഡ്‌ക്വാർട്ടേഴ്‌സിൽനിന്നു വന്ന ഒരു കത്തിൽ, എല്ലാവരുടെയും ക്ഷേമം കണക്കിലെടുത്ത്‌, ‘പിൽഗ്രിമിന്‌’ “ദിവസേന വീട്ടിൽ തയ്യാറാക്കുന്ന സാധാരണ ഭക്ഷണവും” “നല്ല ഉറക്കവും” ലഭ്യമാക്കിയാൽ മതിയെന്ന്‌ നല്ല ആന്തരത്തോടെ ഈ ജോലിയൊക്കെ ചെയ്‌തുകൊണ്ടിരുന്ന സഹോദരിമാരോട്‌ നിർദേശിക്കുകയുണ്ടായി.

‘പിൽഗ്രിമുകൾ’ നല്ല പഠിപ്പിക്കൽ പ്രാപ്‌തിയുള്ളവരായിരുന്നു. ചാർട്ടുകളും മാതൃകകളും, തങ്ങൾക്ക്‌ സംഘടിപ്പിക്കാൻ പറ്റുന്നതെന്തും ഉപയോഗിച്ച്‌ അവതരണം ജീവസ്സുറ്റതാക്കാൻ അവർക്ക്‌ സാധിച്ചു. “എല്ലാ രസക്കൂട്ടും ചേർന്ന” ആത്മീയ പ്രസംഗങ്ങൾ ആയിരുന്നു ആർ. എച്ച്‌. ബാർബറുടേത്‌. പിതൃതുല്യനായിരുന്ന ഡബ്ല്യു. ജെ. തോൺ “പണ്ടുകാലത്തെ ഒരു ഗോത്രപിതാവിനെപ്പോലെയാണ്‌” സംസാരിച്ചിരുന്നത്‌. ഷീൽഡ്‌ ടൂട്‌ജീയൻ ഒരു ദിവസം ഒരു ‘മോഡൽ എ’ ഫോർഡ്‌ കാറിൽ യാത്ര പോകുമ്പോൾ പെട്ടെന്ന്‌, “വണ്ടി നിറുത്തൂ” എന്ന്‌ പറഞ്ഞ്‌ ചാടിയിറങ്ങി. കുറച്ചു കാട്ടുപൂക്കൾ പറിച്ചുകൊണ്ടുവന്ന അദ്ദേഹം ഒപ്പമുള്ളവരോട്‌ യഹോവയുടെ സൃഷ്ടിയെക്കുറിച്ച്‌ ഒരു തത്‌ക്ഷണ പ്രഭാഷണംതന്നെ നടത്തി.

മധ്യവയസ്‌കർക്കും പ്രായമുള്ളവർക്കും ‘പിൽഗ്രിം’ വേലയിലെ അസൗകര്യങ്ങൾ വിശേഷാൽ ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ വേല നിർവഹിക്കുന്ന വിധത്തിൽ വന്ന ഒരു മാറ്റത്തോടു പൊരുത്തപ്പെടാനായിരുന്നു ചിലർക്ക്‌ ഏറെ പ്രയാസം. വീടുതോറുമുള്ള പ്രസംഗവേലയ്‌ക്ക്‌ അവർ ഇനിമുതൽ നേതൃത്വം വഹിക്കേണ്ടിയിരുന്നു. “രാജ്യത്തിന്‌ സാക്ഷ്യം നൽകുക” എന്നതാണ്‌ സത്യക്രിസ്‌ത്യാനികളുടെ “പ്രധാന നിയോഗങ്ങളിലൊന്ന്‌. ഈ ഉദ്ദേശ്യത്തിലാണ്‌ പിൽഗ്രിമുകളെ അയയ്‌ക്കുന്നത്‌” എന്ന്‌ 1924 മാർച്ച്‌ 15 ലക്കം വീക്ഷാഗോപുരം പ്രസ്‌താവിച്ചു.

ഈ മാറ്റവുമായി പൊരുത്തപ്പെടാൻ ചില ‘പിൽഗ്രിമു’കൾക്കു സാധിച്ചില്ലെന്നു തോന്നുന്നു; അവർ സഞ്ചാരവേല നിറുത്തിക്കളഞ്ഞു, അതൃപ്‌തരായ ചിലർ വേറെ സഭകൾക്കു രൂപം നൽകി. നല്ല പ്രാസംഗികനായിരുന്ന ഒരു ‘പിൽഗ്രിം’ ഇങ്ങനെ പരാതിപ്പെട്ടതായി റോബി ഡി. ആഡ്‌കൻസ്‌ ഓർക്കുന്നു: “എനിക്ക്‌ ആകെ അറിയാവുന്നത്‌ സ്റ്റേജിൽനിന്ന്‌ പ്രസംഗിക്കാനാണ്‌. വീടുതോറും പോയി പ്രസംഗിക്കാനൊന്നും എന്നെക്കൊണ്ടു പറ്റില്ല!” ആഡ്‌കൻസ്‌ സഹോദരൻ തുടരുന്നു: “1924-ൽ ഒഹായോയിലെ കൊളംബസിൽ നടന്ന ഒരു കൺവെൻഷനിൽവെച്ചാണ്‌ ഞാൻ അദ്ദേഹത്തെ പിന്നീട്‌ കാണുന്നത്‌. അവിടെയുണ്ടായിരുന്നതിൽ ഏറ്റവും വിഷണ്ണനായി കാണപ്പെട്ട വ്യക്തി അദ്ദേഹമാണ്‌; സന്തുഷ്ടരായ ആയിരക്കണക്കിനു സഹോദരങ്ങളിൽനിന്നെല്ലാം മാറി, ഒരു ചെറുമരത്തിന്റെ തണലിൽ ഒറ്റയ്‌ക്ക്‌ അദ്ദേഹം നിൽപ്പുണ്ടായിരുന്നു. പിന്നീട്‌ ഒരിക്കലും ഞാൻ അദ്ദേഹത്തെ കണ്ടില്ല. അധികം വൈകാതെ അദ്ദേഹം സംഘടന വിട്ടുപോയി.” എന്നാൽ, “സന്തുഷ്ടരായ അനേകം സഹോദരന്മാർ തങ്ങളുടെ കാറുകളിലേക്ക്‌ പുസ്‌തകങ്ങൾ എടുത്തുകൊണ്ടു പോകുന്നുണ്ടായിരുന്നു.” വീടുതോറും സാക്ഷീകരിക്കാനുള്ള ഉത്സാഹമായിരുന്നു അവർക്ക്‌.—പ്രവൃ. 20:20, 21.

പരിശീലനം നൽകാൻ നിയോഗിക്കപ്പെട്ട ‘പിൽഗ്രിമു’കളിൽ പലർക്കും മറ്റുള്ളവരെപ്പോലെതന്നെ പരിഭ്രമം ഉണ്ടായിരുന്നെങ്കിലും അവർ അത്യുത്സാഹത്തോടെ ഈ വേലയിൽ ഏർപ്പെട്ടു. മാക്‌സ്‌വെൽ ജി. ഫ്രണ്ട്‌ (ഫ്രഷൽ) എന്ന ജർമൻ ഭാഷക്കാരനായ ‘പിൽഗ്രിം’ വീടുതോറുമുള്ള വേലയെക്കുറിച്ച്‌ എഴുതി: “ഈ വേല പിൽഗ്രിം വേലയുടെ അനുഗ്രഹങ്ങളിൽ ഒന്നാണ്‌.” രാജ്യപ്രസംഗവേലയ്‌ക്കു കൈവന്ന പ്രാധാന്യം സഹോദരങ്ങൾ പൊതുവെ സന്തോഷത്തോടെ സ്വീകരിച്ചെന്നാണ്‌ ജോൺ എ. ബോണെറ്റ്‌ എന്ന ‘പിൽഗ്രിം’ പറഞ്ഞത്‌. സഹോദരങ്ങളിൽ ഭൂരിഭാഗവും “മുന്നണിയിൽ നിന്നു പോരാടാനുള്ള ആവേശത്തിലായിരുന്നു” എന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

സഞ്ചാരവേലയിൽ ആയിരിക്കുന്ന വിശ്വസ്‌തരായ സഹോദരങ്ങൾ കഴിഞ്ഞ കാലങ്ങളിലുടനീളം മറ്റുള്ളവർക്ക്‌ ഒരു പ്രചോദനമായിരുന്നിട്ടുണ്ട്‌. “ഒരു കൊച്ചുകുട്ടി ആയിരുന്നിട്ടുകൂടി പിൽഗ്രിമുകളുടെ മൂല്യവും അവരുടെ വേലയുടെ പ്രയോജനവും മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞു” എന്നാണ്‌ ദീർഘകാലമായി വിശ്വാസത്തിലുള്ള നോർമൻ ലാർസൻ പറഞ്ഞത്‌. “എന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ അവർ വലിയ പങ്കു വഹിച്ചു” എന്ന്‌ അദ്ദേഹം സമ്മതിക്കുന്നു. ആത്മത്യാഗമനോഭാവവും വിശ്വസ്‌തതയും ഉള്ള സഞ്ചാര മേൽവിചാരകന്മാരുടെ പ്രവർത്തനം, “ഞങ്ങൾക്കും വീടുതോറും പോകാൻ സാധിക്കും!” എന്നു പറയാൻ ഇന്നോളം സഹവിശ്വാസികളെ സഹായിച്ചിരിക്കുന്നു.

[32-ാം പേജിലെ ആകർഷക വാക്യം]

‘പിൽഗ്രിം’ വരുന്ന ദിവസം സന്തോഷത്തിന്റെ ദിനമായിരുന്നു!

[31-ാം പേജിലെ ചിത്രം]

1905-ൽ ബെഞ്ചമിൻ ബാർട്ടൻ ഏകദേശം 170 സ്ഥലങ്ങളിൽ സന്ദർശനം നടത്തി

[32-ാം പേജിലെ ചിത്രം]

വാൾട്ടർ ജെ. തോൺ എന്ന ‘പിൽഗ്രിമിനെ’ പിതൃതുല്യമായ പെരുമാറ്റംനിമിത്തം ‘പാപ്പി’ എന്നാണ്‌ സ്‌നേഹപൂർവം വിളിച്ചിരുന്നത്‌

[32-ാം പേജിലെ ചിത്രം]

ജെ. എ. ബ്രൗണിനെ ജമൈക്കയിലുള്ള 14 ചെറിയ കൂട്ടങ്ങളെ ബലപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും 1902-ഓടെ ‘പിൽഗ്രിമായി’ അയച്ചു

[32-ാം പേജിലെ ചിത്രം]

‘പിൽഗ്രിം’ വേല ക്രിസ്‌തീയ ഐക്യം ഊട്ടിയുറപ്പിക്കുകയും സഹോദരങ്ങളുടെ വിശ്വാസം ബലപ്പെടുത്തുകയും അവരെ സംഘടനയോട്‌ അടുപ്പിക്കുകയും ചെയ്‌തു