ഈ ലോകത്തിന്റെ അന്ത്യം എങ്ങനെയായിരിക്കും?
ഈ ലോകത്തിന്റെ അന്ത്യം എങ്ങനെയായിരിക്കും?
“ആ ദിവസം നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടത്തക്കവിധം കള്ളന്മാരെപ്പോലെ നിങ്ങൾ ഇരുട്ടിലുള്ളവരല്ല.”—1 തെസ്സ. 5:4.
വിശദീകരിക്കാമോ?
ഇതുവരെ കാണാത്തവയായ ഏതു സംഭവങ്ങളെക്കുറിച്ചാണ് ഈ തിരുവെഴുത്തുകൾ പറയുന്നത്?
1. സദാ ജാഗരൂകരായിരിക്കാനും പരിശോധനകൾ സഹിച്ചുനിൽക്കാനും നമ്മെ എന്തു സഹായിക്കും?
പ്രകമ്പനംകൊള്ളിക്കുന്ന സംഭവങ്ങളാണ് ഉടൻ അരങ്ങേറാനിരിക്കുന്നത്. ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി ഈ വസ്‌തുതയ്‌ക്ക് തെളിവു നൽകുന്നു. അതിനാൽ നാം സദാ ജാഗരൂകരായിരിക്കേണ്ടതുണ്ട്. അതിനു നമ്മെ എന്തു സഹായിക്കും? ‘കാണാത്തവയിൽത്തന്നെ ദൃഷ്ടിയൂന്നുക’ എന്ന് പൗലോസ് അപ്പൊസ്‌തലൻ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. അതെ, സ്വർഗത്തിലായാലും ഭൂമിയിലായാലും നമുക്കു ലഭിക്കാനിരിക്കുന്ന നിത്യജീവൻ എന്ന പ്രതിഫലം നാം മനസ്സിൽ അടുപ്പിച്ചുനിറുത്തണം. വിശ്വസ്‌തഗതി പൂർത്തിയാക്കുന്നവരെ കാത്തിരിക്കുന്ന പ്രതിഫലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കാനായിരുന്നു പൗലോസ് ഈ വാക്കുകൾ രേഖപ്പെടുത്തിയത്. അപ്രകാരം ചെയ്യുന്നത് പരിശോധനകളും പീഡനങ്ങളും സഹിച്ചുനിൽക്കാനും അവരെ സഹായിക്കുമായിരുന്നു.—2 കൊരി. 4:8, 9, 16-18; 5:7.
2. (എ) നമ്മുടെ പ്രത്യാശ ശക്തമാക്കി നിറുത്താൻ നാം എന്തു ചെയ്യണം? (ബി) ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും നാം എന്തു പഠിക്കും?
2 പൗലോസിന്റെ ഉദ്‌ബോധനത്തിൽ ഒരു സുപ്രധാനപാഠമുണ്ട്: നമ്മുടെ പ്രത്യാശ ശക്തമാക്കി നിറുത്തണമെങ്കിൽ നമ്മുടെ തൊട്ടുമുന്നിലുള്ള കാര്യങ്ങൾക്കും അപ്പുറത്തേക്കു നോക്കാൻ നമുക്കു കഴിയണം. കണ്മുന്നിലില്ലാത്തതും എന്നാൽ അരങ്ങേറാനിരിക്കുന്നതും ആയ സുപ്രധാനസംഭവങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. (എബ്രാ. 11:1; 12:1, 2) അതുകൊണ്ട്, നമ്മുടെ നിത്യജീവന്റെ പ്രത്യാശയുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നതും അരങ്ങേറാനിരിക്കുന്നതും ആയ പത്തു സംഭവങ്ങളിലേക്ക് നമുക്കു ശ്രദ്ധ തിരിക്കാം. a
അന്ത്യത്തിനു തൊട്ടുമുമ്പ് എന്തു സംഭവിക്കും?
3. (എ) സംഭവിക്കാനിരിക്കുന്ന ഏതു കാര്യത്തെക്കുറിച്ചാണ് 1 തെസ്സലോനിക്യർ 5:2, 3 പറയുന്നത്? (ബി) രാഷ്‌ട്രീയനേതാക്കൾ എന്തു ചെയ്യും, അവരോടൊപ്പം ആർ ചേരാനിടയുണ്ട്?
3 സംഭവിക്കാനിരിക്കുന്ന കാര്യങ്ങളിൽ ഒന്നിനെക്കുറിച്ച് തെസ്സലോനിക്യർക്കുള്ള ലേഖനത്തിൽ പൗലോസ് പരാമർശിക്കുന്നുണ്ട്. (1 തെസ്സലോനിക്യർ 5:2, 3 വായിക്കുക.) അവൻ “യഹോവയുടെ ദിവസ”ത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. വ്യാജമതത്തിന്റെ നാശത്തിൽ തുടങ്ങി അർമ്മഗെദ്ദോൻ യുദ്ധത്തിൽ അവസാനിക്കുന്ന കാലഘട്ടത്തെയാണ് ഇവിടെ “യഹോവയുടെ ദിവസം” കുറിക്കുന്നത്. എന്നാൽ യഹോവയുടെ ദിവസം തുടങ്ങുന്നതിനു തൊട്ടുമുമ്പ് ലോകനേതാക്കൾ, “സമാധാനം, സുരക്ഷിതത്വം” എന്ന് പറയും. ഇത് ഒറ്റപ്പെട്ട ഒരു സംഭവമോ സംഭവപരമ്പരയോ ആകാം. രാഷ്‌ട്രങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങളിൽ ചിലത് തങ്ങൾ ഉടൻ പരിഹരിക്കുമെന്ന് അവർ ചിന്തിച്ചേക്കാം. മതനേതാക്കളോ? അവരും ലോകത്തിന്റെ ഭാഗമായതിനാൽ രാഷ്‌ട്രീയനേതാക്കളോടൊപ്പം ചേരാനിടയുണ്ട്. (വെളി. 17:1, 2) ഇതിലൂടെ ആ മതനേതാക്കൾ പുരാതന യെഹൂദയിലെ വ്യാജപ്രവാചകന്മാരെ അനുകരിക്കുകയായിരിക്കും ചെയ്യുന്നത്. യഹോവ ആ പ്രവാചകന്മാരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ‘സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്ന് അവർ പറയുന്നു.’—യിരെ. 6:14; 23:16, 17.
4. മറ്റ് ആളുകൾക്ക് അറിയാത്ത ഏതു കാര്യം നമുക്ക് അറിയാം?
4 “സമാധാനം, സുരക്ഷിതത്വം” എന്ന് പറയുന്നതിൽ ആരൊക്കെ പങ്കുചേർന്നാലുംശരി അത് യഹോവയുടെ ദിവസം ആരംഭിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. അതുകൊണ്ടാണ് പൗലോസിന് ഇങ്ങനെ പറയാനായത്: “സഹോദരന്മാരേ, ആ ദിവസം നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടത്തക്കവിധം കള്ളന്മാരെപ്പോലെ നിങ്ങൾ ഇരുട്ടിലുള്ളവരല്ല. നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ . . . മക്കൾ ആകുന്നുവല്ലോ.” (1 തെസ്സ. 5:4, 5) മറ്റു മനുഷ്യരിൽനിന്നു വ്യത്യസ്‌തരായി, ആനുകാലിക ലോകസംഭവങ്ങളുടെ അർഥം നാം തിരുവെഴുത്തുകളിൽനിന്ന് മനസ്സിലാക്കുന്നു. ആകട്ടെ, “സമാധാനം, സുരക്ഷിതത്വം” എന്ന് പറയുന്നതിനെക്കുറിച്ചുള്ള പ്രവചനം ഏതു വിധത്തിലായിരിക്കും നിവൃത്തിയേറുന്നത്? അത് നാം കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. അതുകൊണ്ട് ‘ഉണർന്നും സുബോധത്തോടെയും ഇരിക്കാൻ’ നമുക്കു ദൃഢനിശ്ചയമുള്ളവരായിരിക്കാം.—1 തെസ്സ. 5:6; സെഫ. 3:8.
“രാജ്ഞി”യുടെ കണക്കുകൂട്ടലുകൾ പിഴയ്‌ക്കും
5. (എ) “മഹാകഷ്ടം” ആരംഭിക്കുന്നത് എങ്ങനെ? (ബി) ഏതു “രാജ്ഞി”യുടെ കണക്കുകൂട്ടലുകളാണ് പിഴയ്‌ക്കുന്നത്?
5 തുടർന്ന് എന്ത് സംഭവിക്കും? പൗലോസ് പറഞ്ഞു: ‘“സമാധാനം, സുരക്ഷിതത്വം” എന്ന് അവർ പറയുമ്പോൾ . . . നിനയ്‌ക്കാത്ത നാഴികയിൽ അവർക്കു പെട്ടെന്നു നാശം വന്നുഭവിക്കും.’ “മഹതിയാം ബാബിലോൺ” എന്നും “വേശ്യ” എന്നും ബൈബിൾ വിളിച്ചിരിക്കുന്ന വ്യാജമതലോകസാമ്രാജ്യത്തിനു നേരെയുള്ള ആക്രമണമാണ് ‘പെട്ടെന്നുള്ള നാശത്തിന്റെ’ ആദ്യഘട്ടം. (വെളി. 17:5, 6, 15) ക്രൈസ്‌തവലോകം ഉൾപ്പെടെ എല്ലാ വ്യാജമതങ്ങൾക്കും നേരെയുള്ള ആ ആക്രമണത്തോടെ “മഹാകഷ്ടം” ആരംഭിക്കും. (മത്താ. 24:21; 2 തെസ്സ. 2:8) പലർക്കും ഇത് അവിശ്വസനീയമായി തോന്നിയേക്കാം. എന്തുകൊണ്ട്? കാരണം, ‘ഒരിക്കലും ദുഃഖിക്കേണ്ടിവരില്ലാത്ത’ “രാജ്ഞി”യാണ് താനെന്ന ഭാവമായിരിക്കും ആ സമയംവരെ അവൾക്ക്. എന്നാൽ തന്റെ കണക്കുകൂട്ടലുകൾ പിഴച്ചുപോയെന്ന് അവൾ ഒരു ഞെട്ടലോടെ തിരിച്ചറിയും. “ഒറ്റദിവസംകൊണ്ട്” എന്നപോലെ അവൾക്ക് പെട്ടെന്ന് ഉന്മൂലനാശം ഭവിക്കും.—വെളി. 18:7, 8.
6. വ്യാജമതത്തെ നശിപ്പിക്കുന്നത് ആരാണ്?
6 വേശ്യയെ ആക്രമിക്കുന്നത് ‘പത്തുകൊമ്പുള്ള’ ഒരു ‘കാട്ടുമൃഗം’ ആയിരിക്കുമെന്ന് ദൈവവചനം വെളിപ്പെടുത്തുന്നു. ആ കാട്ടുമൃഗം ഐക്യരാഷ്‌ട്ര സംഘടനയാണെന്ന് വെളിപാട് പുസ്‌തകത്തിന്റെ പഠനത്തിൽനിന്നു മനസ്സിലാക്കാം. ‘കടുഞ്ചുവപ്പുനിറമുള്ള ഈ കാട്ടുമൃഗത്തെ’ പിന്തുണയ്‌ക്കുന്ന ഇന്നത്തെ എല്ലാ രാഷ്‌ട്രീയശക്തികളെയും ‘പത്തുകൊമ്പ്’ ചിത്രീകരിക്കുന്നു. b (വെളി. 17:3, 5, 11, 12) ആ നാശം എത്ര കടുത്തതായിരിക്കും? ഐക്യരാഷ്‌ട്ര സംഘടനയുടെ ഭാഗമായ രാഷ്‌ട്രങ്ങൾ ആ വേശ്യയുടെ സമ്പത്ത് കൊള്ളയടിക്കുകയും അവളുടെ തനിനിറം പുറത്തുകൊണ്ടുവരികയും അവളെ തിന്നുകയും “തീകൊണ്ട് ദഹിപ്പിക്കുകയും” ചെയ്യും. അവൾ എന്നെന്നേക്കുമായി നശിപ്പിക്കപ്പെടും.—വെളിപാട് 17:16 വായിക്കുക.
7. “കാട്ടുമൃഗ”ത്തിന്റെ ആക്രമണത്തിന് തിരികൊളുത്തുന്നത് എന്തായിരിക്കും?
7 ഈ ആക്രമണത്തിന് തിരികൊളുത്തുന്നത് എന്താണെന്നും ബൈബിൾപ്രവചനം വ്യക്തമാക്കുന്നു. വേശ്യയെ നശിപ്പിക്കുക എന്ന “തന്റെ ഉദ്ദേശ്യനിവൃത്തിക്ക് ഉപകരിക്കുന്ന ഒരു പദ്ധതി” ഏതോ ഒരു വിധത്തിൽ ആ രാഷ്‌ട്രീയഭരണാധികാരികളുടെ മനസ്സിൽ യഹോവ ഉദിപ്പിക്കും. (വെളി. 17:17) യുദ്ധക്കൊതിമൂത്ത മതം ലോകത്ത് പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ആ വേശ്യയെ നശിപ്പിക്കുന്നത് രാജ്യത്തിന്റെ ക്ഷേമത്തിൽ കലാശിക്കുമെന്ന് ആ രാഷ്‌ട്രങ്ങൾ ചിന്തിച്ചേക്കാം. ആക്രമണം നടത്തുമ്പോൾ തങ്ങളുടെ “ഏകചിന്ത”യാണ് നടപ്പാക്കുന്നതെന്ന് ഈ ഭരണാധികാരികൾ കരുതും. വാസ്‌തവത്തിൽ, എല്ലാ വ്യാജമതങ്ങളെയും നശിപ്പിക്കാൻ യഹോവ അവരെ തന്റെ ഉപകരണമായി ഉപയോഗിക്കുകയായിരിക്കും ചെയ്യുന്നത്. അങ്ങനെ കാര്യങ്ങൾ അപ്രതീക്ഷിതമായി മാറിമറിയും. സാത്താന്റെ വ്യവസ്ഥിതിയുടെ ഒരു ഭാഗം മറ്റൊരു ഭാഗത്തെ ആക്രമിക്കും; അത് തടയാനാകാതെ സാത്താന് നോക്കിനിൽക്കേണ്ടിവരും.—മത്താ. 12:25, 26.
ദൈവജനത്തിനു നേരെയുള്ള ആക്രമണം
8. “മാഗോഗ്‌ദേശത്തിലെ ഗോഗിന്റെ” ആക്രമണം എന്താണ്?
8 ദൈവദാസർ വ്യാജമതങ്ങളുടെ നാശത്തിനു ശേഷവും ‘മതിലില്ലാതെ’ “നിർഭയമായി വസിക്കുന്ന”തായി കാണപ്പെടും. (യെഹെ. 38:11, 12, 14) യഹോവയെ ആരാധിച്ചുകൊണ്ടിരിക്കുന്ന, പ്രത്യക്ഷത്തിൽ യാതൊരു സംരക്ഷണവുമില്ലെന്നു തോന്നിക്കുന്ന ഈ കൂട്ടത്തിന് എന്തു സംഭവിക്കും? ‘പല ജാതികൾ’ അവരുടെ നേരെ സർവശക്തിയുമെടുത്ത് ആഞ്ഞടിച്ചേക്കാം. ഈ സംഭവത്തെ ദൈവവചനം “മാഗോഗ്‌ദേശത്തിലെ ഗോഗിന്റെ” ആക്രമണമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. (യെഹെസ്‌കേൽ 38:2, 15, 16 വായിക്കുക.) ഈ ആക്രമണത്തെ നാം എങ്ങനെ കാണണം?
9. (എ) ഒരു ക്രിസ്‌ത്യാനിക്ക് എന്താണ് ഏറ്റവും പ്രധാനം? (ബി) വിശ്വാസം ശക്തിപ്പെടുത്താൻ നാം ഇപ്പോൾ എന്തൊക്കെ ചെയ്യേണ്ടതുണ്ട്?
9 ദൈവജനത്തിനു നേരെ ആക്രമണമുണ്ടാകുമെന്ന് മുന്നമേ അറിയാനായത് നമ്മെ അമിതമായി ആകുലരാക്കുന്നില്ല. നമ്മുടെ രക്ഷയെക്കാൾ യഹോവയുടെ നാമവിശുദ്ധീകരണവും അവന്റെ പരമാധികാരത്തിന്റെ സംസ്ഥാപനവും ആണ് നമുക്കു പ്രധാനം. “ഞാൻ യഹോവ എന്നു നിങ്ങൾ അറിയും” എന്ന് യെഹെസ്‌കേലിന്റെ പുസ്‌തകത്തിൽ 60-ലധികം തവണ യഹോവ പറഞ്ഞിട്ടുണ്ട്. (യെഹെ. 6:7) യെഹെസ്‌കേൽ പ്രവചനത്തിന്റെ ഈ സുപ്രധാനവശം നിവൃത്തിയേറുന്നത് എങ്ങനെയെന്ന് അറിയാൻ നാം ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുന്നു; ‘തന്റെ ഭക്തന്മാരെ എങ്ങനെ പരീക്ഷകളിൽനിന്നു വിടുവിക്കണമെന്ന് യഹോവ അറിയുന്നു’ എന്ന കാര്യത്തിൽ നമുക്ക് ഉത്തമവിശ്വാസമുണ്ട്. (2 പത്രോ. 2:9, 10എ) എന്നാൽ, നേരിട്ടേക്കാവുന്ന ഏതു പരിശോധനയിലും യഹോവയോടുള്ള വിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ കഴിയേണ്ടതിന് നമ്മുടെ വിശ്വാസം ശക്തമാക്കേണ്ട സമയമാണ് ഇപ്പോൾ. അതിനു ലഭിക്കുന്ന ഒരവസരവും നാം പാഴാക്കില്ല. വിശ്വാസം ശക്തമാക്കാൻ നാം എന്തു ചെയ്യേണ്ടതുണ്ട്? പ്രാർഥിക്കുകയും ദൈവവചനം പഠിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും രാജ്യസുവാർത്ത പ്രസംഗിക്കുകയും ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ നിത്യജീവന്റെ പ്രത്യാശ “ഒരു നങ്കൂരം”പോലെ ഉറപ്പിക്കാൻ നമുക്കാകും.—എബ്രാ. 6:19; സങ്കീ. 25:21.
യഹോവ ആരെന്ന് രാഷ്‌ട്രങ്ങൾ മനസ്സിലാക്കേണ്ടിവരും
10, 11. ഏത് സംഭവം അർമ്മഗെദ്ദോനിലേക്കു നയിക്കും, അർമ്മഗെദ്ദോനിൽ എന്തു സംഭവിക്കും?
10 യഹോവയുടെ ദാസർക്കു നേരെയുള്ള ആക്രമണം ഏതു മഹാസംഭവത്തിലേക്കു നയിക്കും? യേശുവിനെയും സ്വർഗീയസൈന്യത്തെയും ഉപയോഗിച്ചുകൊണ്ട് തന്റെ ജനത്തിനുവേണ്ടി യഹോവ ഇടപെടും. (വെളി. 19:11-16) ആ ഇടപെടലാണ് “സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”മായ അർമ്മഗെദ്ദോൻ.—വെളി. 16:14, 16.
11 ആ യുദ്ധത്തെക്കുറിച്ച് യെഹെസ്‌കേലിലൂടെ യഹോവ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ എന്റെ സകല പർവ്വതങ്ങളോടും അവന്റെ (ഗോഗിന്റെ) നേരെ വാളെടുപ്പാൻ കല്‌പിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ഓരോരുത്തന്റെ വാൾ അവനവന്റെ സഹോദരന്നു വിരോധമായിരിക്കും.” പരിഭ്രാന്തരാകുന്ന സാത്താന്റെ പക്ഷക്കാർ ആശയക്കുഴപ്പത്തിലാകുകയും പരസ്‌പരം ആയുധമെടുത്ത് പോരാടുകയും ചെയ്യും. സാത്താന്റെ മുഴു വ്യവസ്ഥിതിയും നശിപ്പിക്കപ്പെടും. യഹോവ പറയുന്നു: “ഞാൻ അവന്റെമേലും (ഗോഗിന്റെമേലും) അവന്റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെ മേലും . . . തീയും ഗന്ധകവും വർഷിപ്പിക്കും.” (യെഹെ. 38:21, 22) ഈ ദിവ്യനടപടിയുടെ ഫലം എന്തായിരിക്കും?
12. രാഷ്‌ട്രങ്ങൾ എന്തിന് നിർബന്ധിതരാകും?
12 തങ്ങളെ നശിപ്പിക്കാൻ ഉത്തരവിട്ടത് യഹോവയാണെന്ന് രാഷ്‌ട്രങ്ങൾ മനസ്സിലാക്കേണ്ടിവരും. ചെങ്കടലിങ്കൽ ഇസ്രായേല്യരെ പിന്തുടർന്ന ഈജിപ്‌ഷ്യൻസേനയെപ്പോലെ, അപ്പോൾ സാത്താന്റെ പക്ഷത്തുള്ളവർ “യഹോവ അവർക്കുവേണ്ടി . . . യുദ്ധം ചെയ്യുന്നു” എന്ന് വിലപിച്ചേക്കാം. (പുറ. 14:25) അതെ, യഹോവ ആരെന്ന് മനസ്സിലാക്കാൻ രാഷ്‌ട്രങ്ങൾ നിർബന്ധിതരാകും. (യെഹെസ്‌കേൽ 38:23 വായിക്കുക.) എന്നാൽ നാം ഈ സംഭവപരമ്പരയോട് എത്രമാത്രം അടുത്തിരിക്കുകയാണ്?
ഇനി മറ്റൊരു ലോകശക്തി വരാനില്ല
13. ദാനിയേൽ വിശദീകരിച്ച ബിംബത്തിന്റെ അഞ്ചാമത്തെ ഭാഗത്തെക്കുറിച്ച് നമുക്ക് എന്തൊക്കെ അറിയാം?
13 കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെയാണെന്ന് മനസ്സിലാക്കാൻ ദാനീയേൽ പുസ്‌തകത്തിലെ ഒരു പ്രവചനം നമ്മെ സഹായിക്കും. പല ലോഹങ്ങളാൽ നിർമിതമായ മനുഷ്യരൂപത്തിലുള്ള ഒരു ബിംബത്തെക്കുറിച്ച് ദാനിയേൽ വിവരിക്കുന്നു. (ദാനീ. 2:28, 31-33, പി.ഒ.സി. ബൈബിൾ) കഴിഞ്ഞകാലങ്ങളിലും ഇക്കാലത്തും ദൈവജനത്തിന്മേൽ നിർണായകസ്വാധീനം ചെലുത്തിയ, ഒന്നിനുപുറകെ ഒന്നായി വന്ന ലോകശക്തികളെയാണ് അത് കുറിക്കുന്നത്. ബാബിലോൺ, മേദോ-പേർഷ്യ, ഗ്രീസ്, റോം എന്നിവയും ഇക്കാലത്തുള്ള മറ്റൊരു ലോകശക്തിയും അതിൽപ്പെടുന്നു. ദാനീയേൽ പ്രവചനത്തിന്റെ പഠനം കാണിക്കുന്നത് ബിംബത്തിന്റെ ‘പാദങ്ങളും’ കാൽവിരലുകളും ഈ അവസാനത്തെ ലോകശക്തിയെ ചിത്രീകരിക്കുന്നു എന്നാണ്. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ബ്രിട്ടനും ഐക്യനാടുകളും ഒരു സവിശേഷസഖ്യം വാർത്തെടുത്തു. ആ ആംഗ്ലോ-അമേരിക്കൻ ലോകശക്തിയാണ് ബിംബത്തിന്റെ അഞ്ചാമത്തെ ഭാഗം. ‘പാദങ്ങൾക്കു’ ശേഷം ബിംബത്തിന് മറ്റ് ഭാഗങ്ങളൊന്നും ഇല്ലാത്തത് അതിനുശേഷം മറ്റു ലോകശക്തിയൊന്നും ലോകരംഗത്ത് പ്രത്യക്ഷപ്പെടാനില്ല എന്നതിന്റെ സൂചനയാണ്. ‘പാദങ്ങളും’ കാൽവിരലുകളും ഇരുമ്പും കളിമണ്ണും കൊണ്ടുള്ളതാണ് എന്ന വസ്‌തുത ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ ദുർബലാവസ്ഥയെ ചിത്രീകരിക്കുന്നു.
14. അർമ്മഗെദ്ദോൻ ആഞ്ഞടിക്കുമ്പോൾ ഏതായിരിക്കും പ്രമുഖ ലോകശക്തി?
14 ദൈവരാജ്യത്തെ ചിത്രീകരിക്കുന്ന ഒരു വലിയ കല്ല് 1914-ൽ യഹോവയുടെ പരമാധികാരമാകുന്ന പർവതത്തിൽനിന്ന് അടർന്നുവരുന്നതായി അതേ പ്രവചനം പറയുന്നു. ആ കല്ല് അതിന്റെ ലക്ഷ്യത്തിലേക്ക്, ബിംബത്തിന്റെ പാദങ്ങളിലേക്ക് പാഞ്ഞടുക്കുകയാണ്. അത് അർമ്മഗെദ്ദോനിൽ ബിംബത്തിന്റെ പാദങ്ങളെയും മറ്റു ഭാഗങ്ങളെയും തകർത്തുതരിപ്പണമാക്കും. (ദാനീയേൽ 2:44, 45 വായിക്കുക.) അതുകൊണ്ട്, അർമ്മഗെദ്ദോൻ ആഞ്ഞടിക്കുമ്പോൾ ആംഗ്ലോ-അമേരിക്കതന്നെയായിരിക്കും പ്രമുഖ ലോകശക്തി. ഈ പ്രവചനത്തിന്റെ സമ്പൂർണനിവൃത്തിക്ക് സാക്ഷ്യം വഹിക്കാനാകുന്നത് എത്ര ആവേശജനകമായിരിക്കും! c എന്നാൽ, യഹോവ എന്താണ് സാത്താനുവേണ്ടി കരുതിവെച്ചിരിക്കുന്നത്?
ദൈവത്തിന്റെ മുഖ്യശത്രുവിനെ കൈകാര്യം ചെയ്യുന്ന വിധം
15. അർമ്മഗെദ്ദോനു ശേഷം സാത്താനും ഭൂതങ്ങൾക്കും എന്തു സംഭവിക്കും?
15 ഒന്നാമതായി സാത്താന്, ഭൂമിയിലെ തന്റെ സംഘടനയുടെ നാശം ആദിയോടന്തം കണ്ടുനിൽക്കേണ്ടിവരും. അടുത്ത ഉന്നം സാത്താനായിരിക്കും. അപ്പോൾ എന്തു സംഭവിക്കുമെന്ന് യോഹന്നാൻ അപ്പൊസ്‌തലൻ പറയുന്നു. (വെളിപാട് 20:1-3 വായിക്കുക.) ‘അഗാധത്തിന്റെ താക്കോലുള്ള ദൂതനായ’ യേശുക്രിസ്‌തു സാത്താനെയും ഭൂതങ്ങളെയും പിടിച്ച് അഗാധത്തിലേക്ക് എറിഞ്ഞ് ആയിരം വർഷത്തേക്കു തടവിലാക്കും. (ലൂക്കോ. 8:30, 31; 1 യോഹ. 3:8) സർപ്പത്തിന്റെ തല തകർക്കുന്നതിന്റെ ആദ്യഘട്ടമാണ് ഇത്. d—ഉല്‌പ. 3:15.
16. “അഗാധ”ത്തിൽ അടയ്‌ക്കപ്പെടുന്ന സാത്താൻ ഏത് അവസ്ഥയിലായിരിക്കും?
16 സാത്താനെയും ഭൂതങ്ങളെയും എറിയുന്ന ‘അഗാധം’ എന്താണ്? യോഹന്നാൻ ഉപയോഗിച്ച ഗ്രീക്ക് പദമായ അബിസോസിന് “വളരെ അഥവാ അങ്ങേയറ്റം ആഴമുള്ള” എന്നാണ് അർഥം. “അടികാണാനാവാത്തത്,” “അന്തമില്ലാത്തത്,” “അനന്തമായ ശൂന്യത” എന്നൊക്കെ ആ പദത്തെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട്, യഹോവയുടെയും ‘അഗാധത്തിന്റെ താക്കോലുള്ള ദൂതന്റെയും’ മാത്രം എത്തുപാടിലുള്ള ഒരിടമാണ് അത്. “ജനതകളെ വഴിതെറ്റിക്കാതിരിക്കാൻ” അവിടെ സാത്താൻ മരണതുല്യമായ നിഷ്‌ക്രിയാവസ്ഥയിൽ ആയിരിക്കും. അതെ, “അലറുന്ന സിംഹ”ത്തിന്റെ വായടയും!—1 പത്രോ. 5:8.
സമാധാനം പുലരുന്നതിനു മുമ്പ്
17, 18. (എ) ഇതുവരെ കാണാത്ത ഏതു സംഭവങ്ങളെക്കുറിച്ചാണ് നാം പഠിച്ചത്? (ബി) ഈ സംഭവങ്ങൾക്കു ശേഷം ഏതു കാലം ആഗതമാകും?
17 അതിപ്രധാനവും പ്രകമ്പനംകൊള്ളിക്കുന്നതും ആയ സംഭവങ്ങളാണ് നടക്കാനിരിക്കുന്നത്. “സമാധാനം, സുരക്ഷിതത്വം” എന്ന് അവർ പറയുന്നത് എങ്ങനെയെന്ന് അറിയാൻ നാം കാത്തിരിക്കുകയാണ്. അതേത്തുടർന്ന് മഹതിയാം ബാബിലോണിന്റെ നാശത്തിനും മാഗോഗിലെ ഗോഗിന്റെ ആക്രമണത്തിനും അർമ്മഗെദ്ദോൻ യുദ്ധത്തിനും നാം സാക്ഷികളാകും. സാത്താനെയും ഭൂതങ്ങളെയും അഗാധത്തിലേക്ക് എറിയും. ഈ സംഭവങ്ങൾക്കു ശേഷം, അതായത് എല്ലാ ദുഷ്ടതയും നീങ്ങിക്കഴിയുമ്പോൾ ജീവിതത്തിലെ ഒരു പുതിയ അധ്യായം നമുക്കു മുമ്പാകെ തുറക്കും, നാം “സമാധാനസമൃദ്ധി” ആസ്വദിക്കാനിരിക്കുന്ന ക്രിസ്‌തുവിന്റെ ആയിരവർഷവാഴ്‌ചയ്‌ക്ക് തിരശ്ശീല ഉയരും.—സങ്കീ. 37:10, 11.
18 നാം പരിശോധിച്ചുകഴിഞ്ഞ അഞ്ചു സംഭവങ്ങൾ കൂടാതെ ‘കാണാത്തവയായി’ ഇനിയും ചിലതുണ്ട്. നാം ‘ദൃഷ്ടിയൂന്നേണ്ട’ ആ സംഭവങ്ങളെക്കുറിച്ചാണ് അടുത്ത ലേഖനം.
[അടിക്കുറിപ്പ്],[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും ആയി ആ പത്തു സംഭവങ്ങൾ നാം പരിശോധിക്കും.
b വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകത്തിന്റെ 251-258 പേജുകൾ കാണുക.
c ദാനീയേൽ 2:44-ൽ “ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പി”ക്കും എന്നു പറഞ്ഞപ്പോൾ ഉദ്ദേശിച്ചത് ബിംബത്തിന്റെ ഭാഗങ്ങൾ ചിത്രീകരിച്ച രാജത്വങ്ങളെ അഥവാ ലോകശക്തികളെയാണ്. എന്നാൽ ഇതേ കാലത്തെക്കുറിച്ചുള്ള മറ്റൊരു പ്രവചനം, “സർവശക്തനായ ദൈവത്തിന്റെ മഹാദിവസ”ത്തിൽ ‘സർവഭൂതലത്തിലുമുള്ള രാജാക്കന്മാർ’ യഹോവയ്‌ക്കെതിരെ അണിനിരക്കുമെന്ന് പറയുന്നു. (വെളി. 16:14; 19:19-21) ബിംബത്തിന്റെ ഭാഗമായ രാജത്വങ്ങൾ മാത്രമല്ല ലോകത്തിലുള്ള മറ്റെല്ലാ രാജത്വങ്ങളും അർമ്മഗെദ്ദോനിൽ നശിപ്പിക്കപ്പെടുമെന്ന് ഇതിൽനിന്നു മനസ്സിലാക്കാം.
d ആയിരം വർഷം കഴിഞ്ഞ് സാത്താനെയും ഭൂതങ്ങളെയും “ഗന്ധകത്തീപ്പൊയ്‌കയിലേക്ക്” എറിയുമ്പോൾ സർപ്പത്തിന്റെ തല തകർക്കൽ പൂർണമാകും.—വെളി. 20:7-10; മത്താ. 25:41.
[അധ്യയന ചോദ്യങ്ങൾ]
[4, 5 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
നടക്കാനിരിക്കുന്ന അഞ്ചു സംഭവങ്ങൾ:
1 “സമാധാനം, സുരക്ഷിതത്വം” എന്ന പ്രഖ്യാപനം
2 രാഷ്‌ട്രങ്ങൾ ‘മഹതിയാം ബാബിലോണിനെ’ ആക്രമിച്ചു നശിപ്പിക്കുന്നു
3 യഹോവയുടെ ജനത്തിനു നേരെയുള്ള ആക്രമണം
4 അർമ്മഗെദ്ദോൻ യുദ്ധം
5 സാത്താനെയും ഭൂതങ്ങളെയും അഗാധത്തിലേക്ക് എറിയുന്നു