വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തോഷമുള്ള തന്റെ ജനത്തെ യഹോവ കൂട്ടിവരുത്തുന്നു

സന്തോഷമുള്ള തന്റെ ജനത്തെ യഹോവ കൂട്ടിവരുത്തുന്നു

സന്തോഷമുള്ള തന്റെ ജനത്തെ യഹോവ കൂട്ടിവരുത്തുന്നു

‘പുരുഷന്മാരെയും സ്‌ത്രീകളെയും കുട്ടികളെയും നിന്റെ പട്ടണത്തിലുള്ള പരദേശിയെയും വിളിച്ചുകൂട്ടേണം.’—ആവ. 31:12, 13.

ഉത്തരം പറയാമോ?

കൺവെൻഷനുകൾ യഹോവയുടെ ജനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

യെരുശലേമിലെ പെരുന്നാളുകളിൽ പങ്കെടുക്കാൻ പുരാതന ഇസ്രായേല്യരിൽ പലരും എന്ത്‌ ശ്രമം ചെയ്യേണ്ടതുണ്ടായിരുന്നു?

നിങ്ങൾ ഒരു കൺവെൻഷനും മുടക്കരുതാത്തത്‌ എന്തുകൊണ്ട്‌?

1, 2. ഈ ലേഖനത്തിൽ ദിവ്യാധിപത്യ കൺവെൻഷനുകളെക്കുറിച്ച്‌ നാം എന്തു പഠിക്കും?

 നമ്മിൽ മിക്കവർക്കും ഓർത്തെടുക്കാൻ കഴിയുന്ന കാലം മുതൽ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളും അന്താരാഷ്‌ട്ര കൺവെൻഷനുകളും യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രത്തിന്റെ സവിശേഷതയായിരുന്നിട്ടുണ്ട്‌. നമ്മിൽ പലരും സന്തോഷം അലതല്ലുന്ന ഈ പരിപാടികളിൽ സംബന്ധിച്ചിട്ടുള്ളവരാണ്‌. പതിറ്റാണ്ടുകളായി ഇത്തരം കൺവെൻഷനുകളിൽ സംബന്ധിക്കുന്നവരും നമുക്കിടയിലുണ്ടാകും.

2 ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പും ദൈവജനത്തിന്‌ കൺവെൻഷനുകൾ ഉണ്ടായിരുന്നിട്ടുണ്ട്‌. ആധുനികകാല കൺവെൻഷനുകളുടെ ചില പുരാതന പതിപ്പുകൾ നമുക്ക്‌ ഒന്ന്‌ അവലോകനം ചെയ്യാം; അക്കാലത്തെയും ഇക്കാലത്തെയും കൺവെൻഷനുകളുടെ ചില സമാനതകൾ കണ്ടെത്താൻ ശ്രമിക്കാം; അവയിൽ സംബന്ധിക്കുന്നതിന്റെ പ്രയോജനങ്ങളും മനസ്സിലാക്കാം.—സങ്കീ. 44:1; റോമ. 15:4.

പുരാതനകാലത്തെയും ആധുനികകാലത്തെയും ശ്രദ്ധേയമായ കൺവെൻഷനുകൾ

3. (എ) ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന, ദൈവജനത്തിന്റെ ആദ്യത്തെ കൺവെൻഷന്റെ പ്രത്യേകത എന്തായിരുന്നു? (ബി) ഇസ്രായേല്യരെ കൂട്ടിവരുത്തിയിരുന്നത്‌ എങ്ങനെ?

3 സീനായ്‌ പർവതത്തിന്റെ അടിവാരത്തു നടന്ന ഇസ്രായേല്യരുടെ കൂടിവരവിനെക്കുറിച്ചുള്ളതാണ്‌ ആത്മീയ ബോധനത്തിനായി ദൈവജനം വലിയ കൂട്ടമായി സമ്മേളിച്ചതിന്റെ ആദ്യത്തെ രേഖ. സത്യാരാധനയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്‌. ആ അവസരത്തിൽ ഇസ്രായേല്യർക്ക്‌ ന്യായപ്രമാണം നൽകിയപ്പോൾ ദൈവം തന്റെ ശക്തിയും അവരെ കാണിച്ചു. കാണികൾക്ക്‌ ആവേശംപകർന്ന അവിസ്‌മരണീയമായ ഒരു അനുഭവമായിരുന്നു അത്‌. (പുറ. 19:2-9, 16-19; പുറപ്പാടു 20:18; ആവർത്തനപുസ്‌തകം 4:9, 10 വായിക്കുക.) ദൈവം ഇസ്രായേല്യരുമായി ഇടപെടുന്ന വിധത്തിന്‌ ഈ സംഭവത്തോടെ ഒരു മാറ്റമുണ്ടായി. അതിനു ശേഷം വൈകാതെ, തന്റെ ജനത്തെ കൂട്ടിവരുത്താൻ യഹോവ ഒരു ക്രമീകരണം ചെയ്‌തു. “സഭ മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്‌ക്കൽ” കൂടാൻ അവരെ വിളിക്കേണ്ടതിന്‌ വെള്ളികൊണ്ടുള്ള രണ്ട്‌ കാഹളം ഉണ്ടാക്കാൻ മോശയോട്‌ ദൈവം കൽപ്പിച്ചു. (സംഖ്യാ. 10:1-4) അത്തരം അവസരങ്ങളിൽ അലയടിച്ച ആവേശം ഒന്ന്‌ ഊഹിച്ചുനോക്കൂ!

4, 5. മോശയും യോശുവയും സംഘടിപ്പിച്ച കൺവെൻഷനുകളുടെ സവിശേഷത എന്തായിരുന്നു?

4 താരതമ്യേന അടുത്തകാലത്തായി രൂപംകൊണ്ട ഇസ്രായേൽ ജനതയുടെ ചരിത്രത്തിലെ ഒരു നിർണായക നിമിഷത്തിൽ, 40 വർഷത്തെ മരുപ്രയാണത്തിന്റെ അവസാനത്തോടടുത്ത്‌, മോശ ആ ജനത്തെ വിളിച്ചുകൂട്ടി. അവർ അപ്പോൾ വാഗ്‌ദത്തദേശത്തിന്റെ കവാടത്തിങ്കൽ എത്തിയിരുന്നു. യഹോവ അവർക്കായി അന്നേവരെ ചെയ്‌തിട്ടുള്ളതും ഇനി ചെയ്യാനിരിക്കുന്നതും ആയ കാര്യങ്ങളെക്കുറിച്ച്‌ അവന്റെ സഹോദരങ്ങളെ ഓർമിപ്പിക്കാൻ പറ്റിയ സമയമായിരുന്നു അത്‌.—ആവ. 28:6929:14; 30:15-20; 31:30.

5 ഒരുപക്ഷേ ആ കൺവെൻഷനിൽവെച്ചായിരിക്കാം ക്രമമായ അടിസ്ഥാനത്തിൽ ദൈവജനത്തെ കൂട്ടിവരുത്താനും പഠിപ്പിക്കാനും ഉള്ള ഒരു ക്രമീകരണത്തെക്കുറിച്ച്‌ മോശ പറഞ്ഞത്‌. പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും പട്ടണത്തിലുള്ള പരദേശിയും, ‘കേട്ടു പഠിച്ചു യഹോവയെ ഭയപ്പെട്ടു ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്‌’ ശബത്ത്‌ വർഷങ്ങളിലെ കൂടാരപ്പെരുന്നാളിൽ കൂടിവരണമായിരുന്നു. (ആവർത്തനപുസ്‌തകം 31:1, 10-13 വായിക്കുക.) അതെ, തന്റെ വചനവും ഉദ്ദേശ്യവും മനസ്സിലാക്കാൻ ഇസ്രായേൽ ജനം കൂടെക്കൂടെ ഒന്നിച്ചുകൂടേണ്ടതുണ്ടെന്ന്‌ തുടക്കത്തിൽത്തന്നെ യഹോവ വ്യക്തമാക്കി. യഹോവയോടു വിശ്വസ്‌തരായി തുടരാൻ ഇസ്രായേല്യരെ പ്രോത്സാഹിപ്പിക്കേണ്ടതിന്‌ ഒരിക്കൽ യോശുവ അവരെ വിളിച്ചുകൂട്ടി; വാഗ്‌ദത്തദേശം പിടിച്ചടക്കിയതിനു ശേഷവും വിജാതീയർ അവർക്കു ചുറ്റും താമസിച്ചിരുന്ന സമയമായിരുന്നു അത്‌. ഫലമോ? ദൈവത്തെ സേവിക്കുമെന്ന്‌ ആ ജനം ദൃഢപ്രതിജ്ഞ ചെയ്‌തു.—യോശു. 23:1, 2; 24:1, 15, 21-24.

6, 7. യഹോവയുടെ ജനത്തിന്റെ ആധുനികകാല ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലുകളായിരുന്ന ചില കൺവെൻഷനുകൾ ഏവ?

6 യഹോവയുടെ ജനത്തിന്റെ ആധുനികകാലചരിത്രത്തിലും ശ്രദ്ധേയമായ കൺവെൻഷനുകൾ നടന്നിട്ടുണ്ട്‌. ദിവ്യാധിപത്യപ്രവർത്തനങ്ങളിൽ ഉണ്ടായ മാറ്റങ്ങളും തിരുവെഴുത്തുഗ്രാഹ്യത്തിൽ ഉണ്ടായ പൊരുത്തപ്പെടുത്തലുകളും അത്തരം കൺവെൻഷനുകളിലൂടെയാണ്‌ അറിയിച്ചത്‌. (സദൃ. 4:18) 1919-ൽ യു.എസ്‌.എ.-യിലെ ഒഹായോയിലുള്ള സീഡാർ പോയിന്റിൽ ബൈബിൾ വിദ്യാർഥികൾ സംഘടിപ്പിച്ച കൺവെൻഷനായിരുന്നു ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന ആദ്യത്തെ പ്രധാനപ്പെട്ട കൺവെൻഷൻ. ഏതാണ്ട്‌ 7,000 പേർ കൂടിവന്ന ആ കൺവെൻഷൻ ഒരു ആഗോള പ്രസംഗപരിപാടിക്ക്‌ നാന്ദികുറിച്ചു. ഇതേ സ്ഥലത്തുവെച്ച്‌ 1922-ൽ നടന്ന ഒൻപത്‌ ദിവസത്തെ കൺവെൻഷനിൽ ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ സഹോദരൻ ഈ വേല ഊർജിതമാക്കാനുള്ള ഒരു നാടകീയ ആഹ്വാനം നൽകി. അദ്ദേഹം സദസ്യരെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “കർത്താവിനു വിശ്വസ്‌തരും സത്യവാന്മാരുമായ സാക്ഷികളായിരിക്കുവിൻ. ബാബിലോൺ തരിമ്പുപോലും ശേഷിക്കാതെ ശൂന്യമാക്കപ്പെടുന്നതുവരെ മുന്നേറുവിൻ. സന്ദേശം ഉടനീളം ഉദ്‌ഘോഷിക്കുവിൻ. യഹോവ ദൈവമാണെന്നും യേശുക്രിസ്‌തു രാജാധിരാജാവും കർത്താധികർത്താവുമാണെന്നും ലോകം അറിയുകതന്നെ വേണം. ഇതു സർവദിവസങ്ങളിലേക്കും മഹാദിവസമാണ്‌. ഇതാ, രാജാവു വാഴുന്നു! നിങ്ങൾ അവന്റെ പരസ്യപ്രചാരകരാണ്‌. അതുകൊണ്ട്‌, രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ.” അവിടെ കൂടിയിരുന്നവർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ദൈവജനം ആ ആഹ്വാനം ആഹ്ലാദപൂർവം നെഞ്ചിലേറ്റി.

7 ഒഹായോയിലെ കൊളംബസിൽ 1931-ൽ നടന്ന കൺവെൻഷനിലാണ്‌ ബൈബിൾ വിദ്യാർഥികൾ യഹോവയുടെ സാക്ഷികൾ എന്ന പേര്‌ ആവേശത്തോടെ സ്വീകരിച്ചത്‌. “സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്ന”തായി വെളിപാട്‌ പുസ്‌തകത്തിൽ വർണിച്ചിരിക്കുന്ന “മഹാപുരുഷാരം” ആരാണെന്ന്‌ 1935-ൽ വാഷിങ്‌ടൺ ഡി.സി.-യിൽവെച്ച്‌ റഥർഫോർഡ്‌ സഹോദരൻ വ്യക്തമാക്കി. (വെളി. 7:9-17) 1942-ൽ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുമ്പോഴാണ്‌ നേഥൻ എച്ച്‌. നോർ സഹോദരൻ “സമാധാനം—അതു നിലനിൽക്കുമോ?” എന്ന ഉദ്വേഗജനകമായ പ്രസംഗം നടത്തിയത്‌. വെളിപാട്‌ 17-ാം അധ്യായത്തിലെ ‘കടുഞ്ചുവപ്പുനിറമുള്ള കാട്ടുമൃഗം’ എന്തിനെയാണ്‌ പ്രതിനിധാനം ചെയ്യുന്നതെന്നു വ്യക്തമാക്കിയ അദ്ദേഹം യുദ്ധാനന്തരം പ്രസംഗവേല വ്യാപകമായി നിർവഹിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

8, 9. ചില കൺവെൻഷനുകൾ പ്രത്യേകാൽ ആവേശജനകമായിരുന്നത്‌ എന്തുകൊണ്ട്‌?

8 ഒഹായോയിലെ ക്ലീവ്‌ലൻഡിൽ 1946-ൽ നടന്ന “സന്തുഷ്ട ജനതകൾ” ദിവ്യാധിപത്യസമ്മേളനത്തിൽ നോർ സഹോദരൻ നടത്തിയ, “പുനർനിർമാണവും വിപുലീകരണവും—ചില വെല്ലുവിളികൾ” എന്ന പ്രസംഗം ശ്രദ്ധേയമായിരുന്നു. ആ പ്രസംഗം സദസ്യരിൽ ചെലുത്തിയ പ്രഭാവത്തെക്കുറിച്ച്‌ അതിൽ സംബന്ധിച്ച ഒരു സഹോദരൻ എഴുതിയത്‌ ഇങ്ങനെയാണ്‌: “അന്ന്‌ ആ സായാഹ്നത്തിൽ സ്റ്റേജിൽ അദ്ദേഹത്തിന്റെ പുറകിലായി ഞാൻ ഉണ്ടായിരുന്നു. ബ്രുക്ലിൻ ബെഥേൽ സമുച്ചയവും ഫാക്‌ടറിയും വിപുലീകരിക്കുന്നതിനെയും നടക്കാനിരിക്കുന്ന പ്രസംഗവേലയെയും കുറിച്ച്‌ അദ്ദേഹം പറഞ്ഞപ്പോൾ ആ വലിയ സദസ്സിൽനിന്ന്‌ വീണ്ടുംവീണ്ടും കരഘോഷം ഉയർന്നു. സ്റ്റേജിൽനിന്ന്‌ സദസ്യരുടെ മുഖം വ്യക്തമായി കാണാനാവുമായിരുന്നില്ലെങ്കിലും അവരിൽ നിറഞ്ഞുനിന്ന സന്തോഷം വായിച്ചെടുക്കാൻ യാതൊരു പ്രയാസവും ഉണ്ടായില്ല.” 1950-ൽ ന്യൂയോർക്ക്‌ സിറ്റിയിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിലാണ്‌ പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ പുറത്തിറങ്ങിയത്‌. ദൈവത്തിന്റെ നാമം അവന്റെ വചനത്തിൽ അതാതു സ്ഥാനത്ത്‌ പുനഃസ്ഥാപിച്ച ആധുനിക ഇംഗ്ലീഷിലെ ബൈബിളിന്റെ ആദ്യഭാഗം ലഭിച്ചപ്പോൾ സദസ്സ്‌ ഒന്നടങ്കം ആഹ്ലാദിച്ചു.—യിരെ. 16:21.

9 പീഡനങ്ങൾക്കോ നിരോധനങ്ങൾക്കോ ശേഷം യഹോവ തന്റെ വിശ്വസ്‌ത സാക്ഷികളെ കൂട്ടിവരുത്തിയ കൺവെൻഷനുകളും ഹൃദയസ്‌പർശിയായ നിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. യഹോവയുടെ സാക്ഷികളെ ജർമനിയിൽനിന്ന്‌ ഉന്മൂലനം ചെയ്യുമെന്ന്‌ ശപഥം ചെയ്‌ത അഡോൾഫ്‌ ഹിറ്റ്‌ലറിന്റെ ന്യൂറംബെർഗിലെ മുൻ പരേഡ്‌ ഗ്രൗണ്ടിൽ 1955-ലെ കൺവെൻഷനു കൂടിവന്നത്‌ 1,07,000 സാക്ഷികളാണ്‌. അവരിൽ പലരും സന്തോഷംകൊണ്ട്‌ വിതുമ്പിപ്പോയി! 1989-ൽ പോളണ്ടിൽ നടന്ന “ദൈവിക ഭക്തി” കൺവെൻഷനിൽ 1,66,518 പേർ സംബന്ധിച്ചു; മൂന്നു കൺവെൻഷനുകളിലായി, അന്നത്തെ സോവിയറ്റ്‌ യൂണിയനിൽനിന്നും ചെക്കോസ്ലൊവാക്യയിൽനിന്നും മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്നും ഒരു വലിയ സംഘം സഹോദരങ്ങൾ കൂടിവന്നു. 15-ഓ ഏറിയാൽ 20-ഓ ആളുകളോടൊപ്പം മാത്രം കൂടിവന്ന്‌ പരിചയിച്ച ഇവർക്ക്‌ ഇത്ര വലിയ ക്രിസ്‌തീയകൂട്ടത്തോടൊപ്പം കൂടിവന്നത്‌ തികച്ചും പുതിയൊരു അനുഭവമായിരുന്നു. 1993-ൽ യുക്രയിനിലെ കീവിൽ നടന്ന “ദിവ്യബോധന” അന്താരാഷ്‌ട്ര കൺവെൻഷനിൽ 7,402 പേർ സ്‌നാനമേറ്റപ്പോൾ ഉണ്ടായ സന്തോഷം ഒന്ന്‌ ഭാവനയിൽ കാണുക! രേഖകൾപ്രകാരം, യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിൽ ഏറ്റവും അധികം ആളുകൾ സ്‌നാനമേറ്റ ദിവസമായിരുന്നു അത്‌.—യെശ. 60:22; ഹഗ്ഗാ. 2:7.

10. നിങ്ങളുടെ മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്ന കൺവെൻഷനുകൾ ഏവ, എന്തുകൊണ്ട്‌?

10 നിങ്ങളുടെ മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്ന ചില ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളോ അന്താരാഷ്‌ട്ര കൺവെൻഷനുകളോ ഉണ്ടാവും. നിങ്ങൾ സംബന്ധിച്ച ആദ്യകൺവെൻഷൻ, അല്ലെങ്കിൽ നിങ്ങൾ സ്‌നാനമേറ്റ കൺവെൻഷൻ ഓർക്കുന്നില്ലേ? നിങ്ങളുടെ ജീവിതത്തിലെ ആത്മീയനാഴികക്കല്ലുകളാണ്‌ അവ. ആ സ്‌മരണകൾ മനസ്സിൽനിന്നു മായാതിരിക്കട്ടെ!—സങ്കീ. 42:4.

സന്തോഷിക്കാൻ വർഷന്തോറും അവസരങ്ങൾ

11. ഓരോ വർഷവും ഏതു പെരുന്നാളുകൾക്കു കൂടിവരണമെന്നാണ്‌ ദൈവം ഇസ്രായേല്യരോടു കൽപ്പിച്ചിരുന്നത്‌?

11 ഇസ്രായേല്യർ വർഷത്തിൽ മൂന്ന്‌ പെരുന്നാളുകൾക്കായി യെരുശലേമിൽ കൂടിവരണമെന്ന്‌ യഹോവ ആവശ്യപ്പെട്ടിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ, പിന്നീട്‌ പെന്തെക്കൊസ്‌ത്‌ എന്ന്‌ അറിയപ്പെട്ട വാരോത്സവം, കൂടാരപ്പെരുന്നാൾ എന്നിവയായിരുന്നു അവ. ഇതുമായി ബന്ധപ്പെട്ട്‌ ദൈവം ഈ കൽപ്പന നൽകി: “സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങൾ എല്ലാം കർത്താവായ യഹോവയുടെ മുമ്പാകെ വരേണം.” (പുറ. 23:14-17) ആരാധനയിൽ ഈ പെരുന്നാളുകൾക്കുള്ള പ്രാധാന്യം കണക്കിലെടുത്ത്‌ പല കുടുംബനാഥന്മാരും കുടുംബസമേതം അവയിൽ സംബന്ധിച്ചിരുന്നു.—1 ശമൂ. 1:1-7; ലൂക്കോ. 2:41, 42.

12, 13. വാർഷിക പെരുന്നാളുകളിൽ സംബന്ധിക്കാൻ പല ഇസ്രായേല്യരും എന്തു ചെയ്‌തിരുന്നു?

12 ആ യാത്ര ഒരു ഇസ്രായേല്യകുടുംബത്തിന്‌ എങ്ങനെയുള്ള അനുഭവമായിരുന്നു? ഉദാഹരണത്തിന്‌, നസറെത്തിൽനിന്ന്‌ യെരുശലേമിലേക്ക്‌ യോസേഫിനും മറിയയ്‌ക്കും ഏതാണ്ട്‌ 100 കിലോമീറ്റർ യാത്ര ചെയ്യണമായിരുന്നു. ചെറിയ കുട്ടികളുമൊത്ത്‌ അത്രയും ദൂരം കാൽനടയായി യാത്ര ചെയ്യാൻ നിങ്ങൾക്ക്‌ എത്ര ദിവസം വേണ്ടിവരുമെന്നാണ്‌ കരുതുന്നത്‌? ബാലനായിരുന്നപ്പോൾ യേശു യെരുശലേമിൽ പോയ വിവരണം സൂചിപ്പിക്കുന്നത്‌ ബന്ധുമിത്രാദികൾ ഒന്നിച്ചായിരിക്കാം അത്തരം യാത്ര പോയിരുന്നത്‌ എന്നാണ്‌. ഒരുമിച്ച്‌ യാത്ര ചെയ്യുന്നതും ഒന്നിച്ച്‌ ഭക്ഷണം പാകംചെയ്‌തു കഴിക്കുന്നതും അപരിചിതമായ ഇടങ്ങളിൽ രാത്രി ഉറങ്ങാൻ ഇടമൊരുക്കുന്നതും ഒക്കെ ഒരു പ്രത്യേക അനുഭവമായിരുന്നു. അതേസമയം, യേശുവിനെപ്പോലെ 12 വയസ്സുള്ള ഒരു കുട്ടിക്ക്‌ കുറച്ചൊക്കെ സ്വാതന്ത്ര്യം അനുവദിക്കാൻവേണ്ടും സുരക്ഷിതമായിരുന്നു ആ യാത്ര. അത്‌ എത്ര അവിസ്‌മരണീയമായ യാത്രയായിരുന്നിരിക്കാം, പ്രത്യേകിച്ച്‌ കുട്ടികൾക്ക്‌!—ലൂക്കോ. 2:44-46.

13 സ്വദേശത്തുനിന്ന്‌ പല ഇസ്രായേല്യരും ചിതറിക്കപ്പെട്ടതോടെ ഉത്സവങ്ങൾക്കായി പല ദേശങ്ങളിൽനിന്ന്‌ ആളുകൾ വന്നുതുടങ്ങി. എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ ഇറ്റലി, ലിബിയ, ക്രേത്ത, ഏഷ്യാമൈനർ, മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിൽനിന്നെല്ലാം യഹൂദന്മാരും യഹൂദമതം സ്വീകരിച്ചവരും യെരുശലേമിൽ വന്നിരുന്നു.—പ്രവൃ. 2:5-11; 20:16.

14. വാർഷിക ഉത്സവങ്ങൾ ഇസ്രായേല്യരിൽ എന്ത്‌ പ്രഭാവം ചെലുത്തി?

14 വിശ്വസ്‌തരായ ഇസ്രായേല്യരെ സംബന്ധിച്ചിടത്തോളം ആ യാത്രയുടെ മുഖ്യ ആകർഷണം യഹോവയെ സ്‌നേഹിക്കുന്ന ആയിരങ്ങളോടു ചേർന്ന്‌ അവനെ ആരാധിക്കുന്നതായിരുന്നു. ആ പെരുന്നാളുകളിൽ പങ്കെടുത്തവരിൽ അത്‌ എന്ത്‌ പ്രഭാവം ചെലുത്തി? കൂടാരപ്പെരുന്നാളിനെക്കുറിച്ച്‌ യഹോവ തന്റെ ജനത്തിനു നൽകിയ നിർദേശത്തിൽ അതിനുള്ള ഉത്തരമുണ്ട്‌: “ഈ പെരുനാളിൽ നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം. യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നിന്റെ ദൈവമായ യഹോവെക്കു ഏഴു ദിവസം പെരുനാൾ ആചരിക്കേണം; നിന്റെ അനുഭവത്തിൽ ഒക്കെയും നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.”—ആവ. 16:14, 15; മത്തായി 5:3 വായിക്കുക.

ആധുനികകാല കൺവെൻഷനുകളെ വിലമതിക്കേണ്ടത്‌ എന്തുകൊണ്ട്‌?

15, 16. കൺവെൻഷനുകളിൽ സംബന്ധിക്കാൻ നിങ്ങൾക്ക്‌ എന്തെല്ലാം ത്യാഗങ്ങൾ ചെയ്യേണ്ടിവന്നിട്ടുണ്ട്‌? ആ ശ്രമങ്ങൾ തക്ക മൂല്യമുള്ളതായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

15 പുരാതന കാലത്തെ ആ കൂടിവരവുകൾ ഇന്ന്‌ ദൈവജനത്തിന്‌ എത്ര നല്ല മാതൃകയാണ്‌! കൺവെൻഷനുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും മാറ്റം വന്നിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ കൺവെൻഷനുകൾക്ക്‌ അന്നത്തേതുമായി സമാനതകളുണ്ട്‌. ബൈബിൾ കാലങ്ങളിലെ ആളുകൾക്ക്‌ കൺവെൻഷനുകളിൽ സംബന്ധിക്കാൻ ത്യാഗങ്ങൾ ചെയ്യേണ്ടിവന്നതുപോലെ നമ്മിൽ പലർക്കും ത്യാഗങ്ങൾ ചെയ്യേണ്ടിവരുന്നു. എന്നാൽ, അതിന്‌ തക്ക പ്രയോജനങ്ങളുണ്ട്‌. അന്നത്തെപ്പോലെ ഇന്നും അവയ്‌ക്ക്‌ നമ്മുടെ ആരാധനയിൽ വലിയ സ്ഥാനമാണുള്ളത്‌. ദൈവവുമായുള്ള ഉറ്റബന്ധം കാത്തുസൂക്ഷിക്കാൻ വേണ്ട വിവരങ്ങളും ഗ്രാഹ്യവും അവിടെനിന്ന്‌ നമുക്കു ലഭിക്കുന്നു. പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാനുള്ള പ്രചോദനവും പ്രശ്‌നങ്ങൾ ഒഴിവാക്കാൻ വേണ്ട സഹായവും ഭാരപ്പെടുത്തുന്ന കാര്യങ്ങൾക്കു പകരം ഉന്മേഷം പകരുന്ന കാര്യങ്ങൾക്ക്‌ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകാനുള്ള പ്രോത്സാഹനവും കൺവെൻഷനുകളിൽനിന്ന്‌ ലഭിക്കാറുണ്ട്‌.—സങ്കീ. 122:1-4.

16 കൺവെൻഷനുകൾ എക്കാലവും സന്തോഷത്തിന്റെ അവസരങ്ങളാണ്‌. 1946-ൽ നടന്ന ഒരു വലിയ കൺവെൻഷനെക്കുറിച്ചു വന്ന റിപ്പോർട്ടു ശ്രദ്ധിക്കുക: “ആയിരങ്ങൾ വരുന്ന സാക്ഷികൾ തങ്ങളുടെ ഇരിപ്പിടങ്ങളിൽ ശാന്തമായി ഇരിക്കുന്ന കാഴ്‌ച ഒന്നു കാണേണ്ടതായിരുന്നു. വലിയൊരു വാദ്യഘോഷത്തിന്റെ അകമ്പടിയോടെ ആയിരങ്ങൾ യഹോവയെ സ്‌തുതിച്ചുകൊണ്ടുള്ള മനോഹരമായ രാജ്യഗീതങ്ങൾ ആലപിച്ചുകേട്ടത്‌ അതിലും ഹൃദ്യമായ അനുഭവമായിരുന്നു.” ആ റിപ്പോർട്ട്‌ ഇങ്ങനെയും പറഞ്ഞു: “വ്യത്യസ്‌ത ഡിപ്പാർട്ടുമെന്റുകളിൽ സേവിക്കാനായി, കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ നിരവധി പേർ സ്വമേധാസേവന ഡിപ്പാർട്ടുമെന്റിൽ പേർ ചാർത്തി. സഹവിശ്വാസികളെ സേവിക്കുന്നതിന്റെ സന്തോഷം അനുഭവിക്കാൻവേണ്ടിയായിരുന്നു അത്‌.” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിലോ അന്താരാഷ്‌ട്ര കൺവെൻഷനുകളിലോ പങ്കെടുത്തപ്പോൾ നിങ്ങൾക്കും അതേപോലെ ആവേശം തോന്നിയിട്ടില്ലേ?—സങ്കീ. 110:3; യെശ. 42:10-12.

17. കൺവെൻഷനുകൾ നടത്തുന്ന വിധത്തിൽ സമീപകാലത്ത്‌ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്‌?

17 കൺവെൻഷനുകൾ നടത്തുന്ന വിധത്തിൽ വർഷങ്ങളിലുടനീളം ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്‌. എട്ടു ദിവസത്തെ കൺവെൻഷൻ കൂടിയത്‌ നമ്മിൽ ചിലർ ഓർക്കുന്നുണ്ടാകും! അന്നൊക്കെ രാവിലെയും ഉച്ചകഴിഞ്ഞും വൈകുന്നേരവും ആയി മൂന്നു സെഷനുകൾ ഉണ്ടായിരുന്നു. വയൽസേവനവും പരിപാടിയുടെ ഭാഗമായിരുന്നു. രാവിലെ ഒൻപതു മണിക്ക്‌ തുടങ്ങി രാത്രി ഒൻപതു വരെ പരിപാടികൾ ഉണ്ടായിരുന്നിട്ടുണ്ട്‌. കൺവെൻഷനുകളിൽ സംബന്ധിക്കുന്നവർക്ക്‌ പ്രാതലും ഉച്ചഭക്ഷണവും അത്താഴവും തയ്യാറാക്കാനായി സ്വമേധാസേവകർ മണിക്കൂറുകളോളം അധ്വാനിച്ചിരുന്നു. ഇപ്പോൾ കൺവെൻഷനുകൾക്ക്‌ പണ്ടത്തെയത്ര ദൈർഘ്യമില്ല. എല്ലാവരുംതന്നെ ഭക്ഷണം തയ്യാറാക്കി കൊണ്ടുവരുന്നതിനാൽ മിക്ക സഹോദരങ്ങൾക്കും പരിപാടികൾക്കു കൂടുതൽ ശ്രദ്ധ കൊടുക്കാൻ കഴിയുന്നു.

18, 19. കൺവെൻഷന്റെ ഭാഗമായ എന്തിനെല്ലാം വേണ്ടിയാണ്‌ നിങ്ങൾ കാത്തിരിക്കാറുള്ളത്‌, എന്തുകൊണ്ട്‌?

18 ദീർഘകാലമായി കൺവെൻഷനുകളുടെ ഭാഗമായിരുന്നിട്ടുള്ളതും നാം ആകാംക്ഷാപൂർവം കാത്തിരിക്കുന്നതും ആയ ചില കാര്യങ്ങളുണ്ട്‌. ബൈബിൾ പ്രവചനങ്ങളും പഠിപ്പിക്കലുകളും മെച്ചമായി മനസ്സിലാക്കാൻ സഹായിക്കുന്ന ‘തക്കസമയത്തെ’ ആത്മീയ “ഭക്ഷണം” പ്രസംഗങ്ങളിൽനിന്നു മാത്രമല്ല കൺവെൻഷനിൽ പ്രകാശനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളിൽനിന്നും ലഭിക്കുന്നു. (മത്താ. 24:45) ആത്മാർഥഹൃദയർക്ക്‌ ആത്മീയസത്യങ്ങൾ പകർന്നുകൊടുക്കാൻ ഉതകുന്ന ഉപകരണങ്ങളാണ്‌ ഇവയിൽ പല പ്രസിദ്ധീകരണങ്ങളും. ചിന്തോദ്ദീപകമായ ബൈബിളധിഷ്‌ഠിതനാടകങ്ങൾ ഈ ലോകത്തിന്റെ അഭക്തചിന്തകൾ ചെലുത്തുന്ന സമ്മർദം ചെറുക്കാനും സ്വന്തം ആന്തരം പരിശോധിക്കാനും ചെറുപ്പക്കാരെയും മുതിർന്നവരെയും സഹായിക്കുന്നവയാണ്‌. സ്‌നാനപ്രസംഗമോ? നമ്മുടെ ജീവിതത്തിലെ മുൻഗണനകൾ പുനഃപരിശോധിക്കാനും യഹോവയ്‌ക്കു ജീവിതം സമർപ്പിച്ചതിന്റെ പ്രതീകമായി മറ്റുള്ളവർ സ്‌നാനമേൽക്കുന്നതിന്റെ സന്തോഷം ആസ്വദിക്കാനും അത്‌ അവസരമേകുന്നു.

19 അതെ, ആയിരക്കണക്കിനു വർഷങ്ങളായി സത്യാരാധനയുടെ ഭാഗമായിരുന്നിട്ടുള്ള കൺവെൻഷനുകൾ പ്രതിസന്ധിഘട്ടങ്ങളിലും യഹോവയെ സന്തോഷത്തോടെ സേവിക്കാൻ അവന്റെ ജനത്തെ സജ്ജരാക്കുന്നു. ആത്മീയമായി ഉത്തേജനം പകരുകയും പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ അവസരം ഒരുക്കുകയും നാം ഒരു ആഗോള സഹോദരവർഗത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്ന ഇത്തരം കൂടിവരവുകളിലൂടെ യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കുകയും അവർക്കായി കരുതുകയും ചെയ്യുന്നു. അതുകൊണ്ട്‌, ഓരോ കൺവെൻഷന്റെയും എല്ലാ സെഷനിലും സംബന്ധിച്ചുകൊണ്ട്‌ പ്രയോജനം നേടാൻ നമ്മിൽ ഓരോരുത്തർക്കും വേണ്ട ക്രമീകരണങ്ങൾ ചെയ്യാം.—സദൃ. 10:22.

[അധ്യയന ചോദ്യങ്ങൾ]

[30-ാം പേജിലെ ചിത്രം]

ന്യൂയോർക്ക്‌ സിറ്റിയിൽ 1950-ൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷൻ

[32-ാം പേജിലെ ചിത്രം]

മൊസാമ്പിക്ക്‌

[32-ാം പേജിലെ ചിത്രം]

ദക്ഷിണ കൊറിയ