വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമാധാനം—ആയിരം വർഷവും അതിനു ശേഷവും!

സമാധാനം—ആയിരം വർഷവും അതിനു ശേഷവും!

സമാധാനം—ആയിരം വർഷവും അതിനു ശേഷവും!

‘ദൈവം എല്ലാവർക്കും എല്ലാമാകും.’—1 കൊരി. 15:28.

വിശദീകരിക്കാമോ?

ഈ തിരുവെഴുത്തുകളുടെ നിവൃത്തി നിങ്ങളെ എങ്ങനെ ബാധിക്കും?

മീഖാ 4:4

യെശയ്യാവു 11:6-9

യോഹന്നാൻ 5:28, 29

1. മഹത്തായ എന്ത്‌ കാര്യങ്ങളാണ്‌ “മഹാപുരുഷാര”ത്തെ കാത്തിരിക്കുന്നത്‌?

 നീതിനിഷ്‌ഠനും ദയാലുവും ആയ ഭരണാധികാരിയുടെ നേതൃത്വത്തിലുള്ള ശക്തമായ ഒരു ഗവണ്മെന്റിന്‌ ആയിരം വർഷംകൊണ്ട്‌ പ്രജകളുടെ ക്ഷേമത്തിനായി എന്തെല്ലാം ചെയ്യാനാകുമെന്ന്‌ ഒന്നാലോചിച്ചുനോക്കൂ! ഈ ദുഷ്ടവ്യവസ്ഥിതിക്ക്‌ അന്ത്യംകുറിക്കുന്ന “മഹാകഷ്ട”ത്തെ അതിജീവിക്കുന്നവരായ അസംഖ്യംവരുന്ന “മഹാപുരുഷാര”ത്തെ കാത്തിരിക്കുന്നത്‌ മഹത്തായ കാര്യങ്ങളാണ്‌.—വെളി. 7:9, 14.

2. കഴിഞ്ഞ 6,000 വർഷത്തെ മനുഷ്യന്റെ അനുഭവം എന്താണ്‌?

2 കഴിഞ്ഞ 6,000 വർഷത്തെ മനുഷ്യന്റെ ഭരണവും അവന്റെ തീരുമാനങ്ങളും വരുത്തിവെച്ച വേദനകൾക്കും കഷ്ടപ്പാടുകൾക്കും കൈയുംകണക്കുമില്ല. ‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിന്നായി അധികാരം’ നടത്തിയിരിക്കുന്നുവെന്ന്‌ വളരെ നാളുകൾക്കു മുമ്പേ ബൈബിൾ പ്രസ്‌താവിക്കുകയുണ്ടായി. (സഭാ. 8:9) ഇന്ന്‌ നാം എന്താണ്‌ കാണുന്നത്‌? യുദ്ധങ്ങളും കലാപങ്ങളും മാത്രമല്ല, ദാരിദ്ര്യവും രോഗവും പരിസ്ഥിതിനശീകരണവും കാലാവസ്ഥാവ്യതിയാനവും ഒക്കെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. കാര്യങ്ങൾ ഇതേപടി തുടർന്നാൽ നമ്മെ കാത്തിരിക്കുന്നത്‌ വൻദുരന്തമാണെന്ന്‌ അധികാരികൾ മുന്നറിയിപ്പു മുഴക്കിക്കഴിഞ്ഞു.

3. ആയിരവർഷവാഴ്‌ചയിൽ എന്തു സംഭവിക്കും?

3 മനുഷ്യർക്കും അവരുടെ ഭൗമഗൃഹത്തിനും വന്നിരിക്കുന്ന കേടുപാടുകൾ മിശിഹൈകരാജാവായ യേശുക്രിസ്‌തുവിന്റെയും അവന്റെ സഹഭരണാധികാരികളായ 1,44,000 പേരുടെയും നേതൃത്വത്തിൽ ദൈവരാജ്യം ഒന്നൊന്നായി പരിഹരിക്കും. “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല” എന്ന യഹോവയാം ദൈവത്തിന്റെ ഹൃദയോഷ്‌മളമായ വാഗ്‌ദാനം ആ ആയിരവർഷവാഴ്‌ചയിൽ നിവൃത്തിയേറും. (യെശ. 65:17) മഹത്തായ എന്തെല്ലാം സംഭവങ്ങളാണ്‌ നമ്മെ കാത്തിരിക്കുന്നത്‌? “കാണാത്തവ”യെങ്കിലും, വിശിഷ്ടമായ ചില സംഭവങ്ങൾ ദൈവത്തിന്റെ പ്രാവചനികവചനത്തിലൂടെ നമുക്കൊന്നു കണ്ടുനോക്കാം.—2 കൊരി. 4:18.

‘അവർ വീടുകളെ പണിയും, മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കും’

4. താമസസൗകര്യവുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ പലരും എന്ത്‌ പ്രശ്‌നം നേരിടുന്നു?

4 കുടുംബത്തോടൊപ്പം സ്വസ്ഥമായി കഴിയുന്നതിന്‌ സ്വന്തമായി ഒരു ഭവനം ആഗ്രഹിക്കാത്തതായി ആരെങ്കിലുമുണ്ടോ? എന്നാൽ താമസസൗകര്യം കണ്ടെത്തുന്നത്‌ ഇക്കാലത്ത്‌ വലിയ ഒരു പ്രശ്‌നമാണ്‌. പട്ടണങ്ങളിൽ ആളുകൾ തിങ്ങിപ്പാർക്കുന്നു. ചേരികളിലും മറ്റും ഷെഡ്ഡ്‌ കെട്ടി താമസിക്കുന്ന ധാരാളം പേരുണ്ട്‌. സ്വന്തമായി ഒരു വീട്‌ എന്നത്‌ അവർക്ക്‌ വെറുമൊരു സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു.

5, 6. (എ) യെശയ്യാവു 65:21-ഉം മീഖാ 4:4-ഉം എങ്ങനെ നിവൃത്തിയേറും? (ബി) നമുക്ക്‌ എങ്ങനെ ആ അനുഗ്രഹം പ്രാപിക്കാം?

5 സ്വന്തമായി ഒരു ഭവനം എന്ന എല്ലാവരുടെയും ആഗ്രഹം രാജ്യഭരണത്തിൻ കീഴിൽ സഫലമാകും. യെശയ്യാവ്‌ അതേക്കുറിച്ച്‌ ഇങ്ങനെ പ്രവചിച്ചു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.” (യെശ. 65:21) സ്വന്തമായൊരു വീട്‌ മാത്രമല്ല വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. സ്വന്തം വീട്ടിലോ ചിലപ്പോൾ കൊട്ടാരസദൃശമായ വീടുകളിലോ താമസിക്കുന്നവർ ഇന്നുമുണ്ട്‌. എന്നാൽ സാമ്പത്തികതിരിച്ചടി മൂലം അതു തങ്ങൾക്ക്‌ നഷ്ടമാകുമെന്നോ മോഷ്ടാക്കൾ അതിക്രമിച്ചുകടക്കുമെന്നോ ഒക്കെയുള്ള ഭയം അവരെ അലട്ടുന്നു. എന്നാൽ ദൈവരാജ്യം ഭരിക്കുമ്പോൾ അങ്ങനെയുള്ള ഭയമൊന്നും ഉണ്ടായിരിക്കില്ല. മീഖാ പ്രവാചകൻ എഴുതി: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.”—മീഖാ 4:4.

6 ഈ പ്രത്യാശ നമുക്കുള്ളതിനാൽ നാം എന്തു ചെയ്യണം? എല്ലാവർക്കും താമസിക്കാൻ ഒരിടം വേണം എന്നതു ശരിതന്നെ. എന്നാൽ, നിങ്ങളുടെ സ്വപ്‌നത്തിലെ വീട്‌ ഇപ്പോൾത്തന്നെ സ്വന്തമാക്കാൻ—ഒരുപക്ഷേ ഭാരിച്ച കടം വരുത്തിവെച്ചുകൊണ്ടുപോലും—ശ്രമിക്കുന്നതിലും നല്ലത്‌ യഹോവയുടെ വാഗ്‌ദാനത്തിൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ട്‌ ജീവിക്കുന്നതല്ലേ? യേശു പറഞ്ഞത്‌ ഓർക്കുക: “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളുമുണ്ട്‌; മനുഷ്യപുത്രനോ തലചായ്‌ക്കാൻ ഇടമില്ല.” (ലൂക്കോ. 9:58) മറ്റാരുടേതിനെക്കാളും പ്രൗഢിയുള്ള ഒരു വീട്‌ നിർമിക്കാനോ സ്വന്തമാക്കാനോ യേശുവിനു കഴിയുമായിരുന്നു. പക്ഷേ, അവൻ അതു ചെയ്‌തില്ല. എന്തുകൊണ്ട്‌? ദൈവരാജ്യം മുൻനിറുത്തി ജീവിക്കുന്നതിൽനിന്ന്‌ തന്റെ ശ്രദ്ധ വ്യതിചലിപ്പിക്കുകയോ തന്നെ പിന്തിരിപ്പിക്കുകയോ ചെയ്യുന്നതെല്ലാം ഒഴിവാക്കാൻ യേശു ആഗ്രഹിച്ചു. ഭൗതികകാര്യങ്ങൾക്കു പിന്നാലെ പോയി ഉത്‌കണ്‌ഠകൾ ക്ഷണിച്ചുവരുത്താതെ കണ്ണ്‌ തെളിച്ചമുള്ളതായി സൂക്ഷിച്ചുകൊണ്ട്‌ യേശുവിന്റെ മാതൃക അനുകരിക്കാൻ നമുക്കാവില്ലേ?—മത്താ. 6:33, 34.

“ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും”

7. മനുഷ്യർക്കും മൃഗങ്ങൾക്കും ഇടയിൽ എങ്ങനെയുള്ള ബന്ധമുണ്ടായിരിക്കാനാണ്‌ യഹോവ ഉദ്ദേശിച്ചത്‌?

7 സൃഷ്ടിക്രിയയിൽ യഹോവ അവസാനമായി ചമച്ചത്‌ ഭൂമിയിലെ തന്റെ വേലയുടെ മകുടമായ മനുഷ്യനെയാണ്‌. തന്നോടൊപ്പം ശിൽപ്പിയായി പ്രവർത്തിച്ച തന്റെ ആദ്യജാതനോട്‌ യഹോവ തന്റെ ഉദ്ദേശ്യം വ്യക്തമായി പ്രസ്‌താവിച്ചു: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ.” (ഉല്‌പ. 1:26) അങ്ങനെ ആദാമും ഹവ്വായും, കാലാന്തരത്തിൽ എല്ലാ മനുഷ്യരും, മൃഗങ്ങളുടെമേൽ ആധിപത്യം പുലർത്തുമായിരുന്നു.

8. മൃഗങ്ങളുടെ സ്വഭാവത്തെക്കുറിച്ച്‌ എന്തു പറയാം?

8 എല്ലാ മൃഗങ്ങളെയും വരുതിയിലാക്കി അവയുമായി സമാധാനത്തിൽ കഴിയാൻ മനുഷ്യനു വാസ്‌തവത്തിൽ സാധിക്കുമോ? പൂച്ചയും പട്ടിയും പോലുള്ള വളർത്തുമൃഗങ്ങളുമായി പല ആളുകളും അടുത്ത്‌ ഇടപഴകാറുണ്ട്‌. എന്നാൽ, വന്യമൃഗങ്ങളുടെ കാര്യമോ? ഒരു പുസ്‌തകം പറയുന്നു: “വന്യമൃഗങ്ങളോട്‌ അടുത്ത്‌ ഇടപഴകിയിട്ടുള്ള ചില ശാസ്‌ത്രജ്ഞർ പറയുന്നത്‌ എല്ലാ സസ്‌തനികൾക്കും വികാരങ്ങളുണ്ടെന്നാണ്‌.” ജീവനു ഭീഷണി നേരിടുമ്പോൾ മൃഗങ്ങൾ ഭയപ്പെടുന്നതും അക്രമാസക്തരാകുന്നതും നാം കണ്ടിട്ടുണ്ടാകും. എന്നാൽ അവയ്‌ക്ക്‌ മൃദുലവികാരങ്ങളുണ്ടോ? ആ പുസ്‌തകം തുടർന്നു പറയുന്നു: “കുഞ്ഞുങ്ങളെ പരിപാലിക്കുമ്പോഴാണ്‌ സ്‌നേഹം പ്രകടിപ്പിക്കാനുള്ള സസ്‌തനികളുടെ അപാരമായ കഴിവ്‌ ഏറ്റവും അധികം പുറത്തുവരുന്നത്‌.”

9. മൃഗങ്ങളിൽ എന്തു മാറ്റം പ്രതീക്ഷിക്കാം?

9 അതുകൊണ്ട്‌, മനുഷ്യർക്കും മൃഗങ്ങൾക്കും ഇടയിൽ സമാധാനമുണ്ടാകുമെന്ന്‌ തിരുവെഴുത്തുകൾ പറയുന്നതിൽ നാം അതിശയിക്കേണ്ടതില്ല. (യെശയ്യാവു 11:6-9; 65:25 വായിക്കുക.) ഇതേക്കുറിച്ച്‌ ചിന്തിക്കുക. പ്രളയത്തിനു ശേഷം പെട്ടകത്തിൽനിന്നു പുറത്തുവന്ന നോഹയോടും കുടുംബത്തോടും യഹോവ ഇങ്ങനെ പറഞ്ഞു: “നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകലമൃഗങ്ങൾക്കും . . . ഉണ്ടാകും.” മൃഗങ്ങളുടെ സുരക്ഷയെ കരുതിയാണ്‌ യഹോവ അങ്ങനെയൊരു കാര്യം ചെയ്‌തത്‌. (ഉല്‌പ. 9:2, 3) തന്റെ ആദിമ ഉദ്ദേശ്യം നിവർത്തിക്കുന്നതിനായി ആ പേടിയും നടുക്കവും ഒരളവുവരെ മാറ്റാൻ യഹോവയ്‌ക്കാകില്ലേ? (ഹോശേ. 2:18) അന്നു ഭൂമിയിൽ ജീവിക്കുന്നവർക്ക്‌ ആസ്വദിക്കാനാകുന്ന സന്തോഷത്തെക്കുറിച്ച്‌ ഒന്നോർത്തുനോക്കൂ!

“അവൻ . . . കണ്ണുനീരെല്ലാം തുടച്ചുകളയും”

10. മനുഷ്യർ കണ്ണീർ ഒഴുക്കുന്നതിന്റെ കാരണം എന്ത്‌?

10 “സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ട”പ്പോൾ ശലോമോൻ ഇങ്ങനെ വിലപിച്ചു: “പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്കു ആശ്വാസപ്രദൻ ഇല്ല.” (സഭാ. 4:1) ഇന്നു കാര്യങ്ങൾ വഷളായിട്ടുള്ളതല്ലാതെ മെച്ചപ്പെട്ടിട്ടില്ല. ഏതെങ്കിലും കാരണത്താൽ കണ്ണീർ ഒഴുക്കിയിട്ടില്ലാത്തവരായി നമ്മിൽ ആരെങ്കിലുമുണ്ടോ? ചിലപ്പോൾ അത്‌ ആനന്ദക്കണ്ണീരായിരുന്നിരിക്കാം. എന്നാൽ പൊതുവെ, ഹൃദയത്തിന്റെ നൊമ്പരമാണ്‌ കണ്ണീരായി പുറത്തുവരുന്നത്‌.

11. ഏതു ബൈബിൾ വിവരണമാണ്‌ നിങ്ങളെ ഏറെ സ്‌പർശിച്ചത്‌?

11 ബൈബിളിൽ നാം വായിച്ചിട്ടുള്ള വികാരനിർഭരമായ ചില സന്ദർഭങ്ങളെക്കുറിച്ച്‌ ഓർക്കുക. 127-ാം വയസ്സിൽ സാറാ മരിച്ചപ്പോൾ “അബ്രാഹാം സാറയെക്കുറിച്ചു വിലപിച്ചു കരവാൻ വന്നു.” (ഉല്‌പ. 23:1, 2) വിധവമാരായ മരുമക്കളോട്‌ നൊവൊമി യാത്രപറഞ്ഞപ്പോൾ “അവർ ഉച്ചത്തിൽ കരഞ്ഞു.” “അവർ പിന്നെയും പൊട്ടിക്കരഞ്ഞു.” (രൂത്ത്‌ 1:9, 14) മരണകരമായ രോഗം പിടിപെട്ട ഹിസ്‌കീയാരാജാവ്‌ പ്രാർഥിച്ച്‌ “ഏറ്റവും കരഞ്ഞ”പ്പോൾ അത്‌ യഹോവയുടെ ഹൃദയത്തെ സ്‌പർശിച്ചു. (2 രാജാ. 20:1-5) പത്രോസ്‌ യേശുവിനെ തള്ളിപ്പറഞ്ഞതിനെക്കുറിച്ചുള്ള വിവരണം ഓർക്കുന്നില്ലേ? കോഴി കൂകുന്നതു കേട്ടപ്പോൾ പത്രോസ്‌ “പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു.” എത്ര ഹൃദയഭേദകമാണ്‌ ആ വിവരണം!—മത്താ. 26:75.

12. രാജ്യഭരണം മനുഷ്യവർഗത്തിന്‌ യഥാർഥ ആശ്വാസം നൽകുന്നത്‌ എങ്ങനെ?

12 ചെറുതും വലുതും ആയ ദാരുണസംഭവങ്ങൾ മനുഷ്യർക്ക്‌ സാന്ത്വനവും ആശ്വാസവും ആവശ്യമാക്കിത്തീർക്കുന്നു. ആയിരവർഷ വാഴ്‌ചയിൽ പ്രജകൾക്ക്‌ അത്‌ ലഭിക്കും: “(ദൈവം) അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല.” (വെളി. 21:4) വിലാപവും മുറവിളിയും വേദനയും ഇല്ലാതാകുന്നതുതന്നെ മഹത്തായ കാര്യമാണെന്നിരിക്കെ, മനുഷ്യരാശിയുടെ കൊടിയ ശത്രുവായ മരണത്തെയും നീക്കുമെന്ന്‌ ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നു! അത്‌ എങ്ങനെ സംഭവിക്കും?

‘സ്‌മാരകക്കല്ലറകളിലുള്ള എല്ലാവരും പുറത്തുവരും’

13. ആദാം പാപം ചെയ്‌തതു മുതൽ മനുഷ്യനെ മരണം എങ്ങനെ ബാധിച്ചിരിക്കുന്നു?

13 ആദാം പാപം ചെയ്‌തതു മുതൽ മാനവരാശിയുടെ മേൽ മരണം രാജാവായി വാണിരിക്കുന്നു. അജയ്യനായ ഒരു ശത്രുവിനെപ്പോലെ പാപികളായ മനുഷ്യരെ മുറുകെ പിടിച്ചിരിക്കുന്ന മരണം കണക്കറ്റ വേദനയും ദുഃഖവും ആണ്‌ വരുത്തിവെച്ചിരിക്കുന്നത്‌. (റോമ. 5:12, 14) വാസ്‌തവത്തിൽ, “ആയുഷ്‌കാലം മുഴുവനും മരണഭീതിയോടെ അടിമത്തത്തിൽ കഴിയുന്ന” ലക്ഷോപലക്ഷം പേർ ഇന്നുണ്ട്‌.—എബ്രാ. 2:15.

14. മരണത്തെ നീക്കം ചെയ്യുമ്പോൾ എന്തായിരിക്കും ഫലം?

14 ‘അവസാന ശത്രുവായിട്ട്‌ മരണം നീക്കം ചെയ്യപ്പെടുന്ന’ സമയത്തെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. (1 കൊരി. 15:26) രണ്ടു കൂട്ടർക്ക്‌ അതിൽനിന്ന്‌ പ്രയോജനം ലഭിക്കും. ഇന്ന്‌ ജീവിച്ചിരിക്കുന്ന “മഹാപുരുഷാര”ത്തിന്‌ നിത്യജീവന്റെ പ്രത്യാശയോടെ, വാഗ്‌ദത്തം ചെയ്യപ്പെട്ടിരിക്കുന്ന പുതിയ ഭൂമിയിലേക്ക്‌ അതിജീവിക്കാൻ അത്‌ വഴിതുറക്കും. ഇതിനകം മരണത്തിന്റെ പിടിയിലായ കോടാനുകോടി ജനങ്ങൾക്ക്‌ പുനരുത്ഥാനം പ്രാപിക്കാനും അത്‌ അവസരമൊരുക്കും. ആദ്യത്തെ കൂട്ടർ രണ്ടാമത്തെ കൂട്ടരെ സ്വാഗതം ചെയ്യുമ്പോഴുള്ള സന്തോഷവും ആവേശവും നിങ്ങൾക്ക്‌ മനസ്സിൽ കാണാനാകുന്നുണ്ടോ? പുനരുത്ഥാനത്തെക്കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ ശ്രദ്ധാപൂർവം വായിക്കുന്നെങ്കിൽ, അത്‌ എങ്ങനെയായിരിക്കുമെന്ന്‌ ഒരു പരിധിവരെ നിങ്ങൾക്ക്‌ മനസ്സിലാക്കാനാകും.—മർക്കോസ്‌ 5:38-42; ലൂക്കോസ്‌ 7:11-17 വായിക്കുക.

15. മരിച്ചുപോയ പ്രിയപ്പെട്ടവർ ജീവനിലേക്കു വരുന്നതു കാണുമ്പോൾ നിങ്ങൾ എങ്ങനെയായിരിക്കാം പ്രതികരിക്കുന്നത്‌?

15 “അവർ അത്യധികം ആഹ്ലാദിച്ചു,” അവർ “ദൈവത്തെ മഹത്ത്വപ്പെടുത്തി” എന്നീ പ്രസ്‌താവനകളെക്കുറിച്ചു ചിന്തിക്കുക. നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾക്കും ഒരുപക്ഷേ അതേ വികാരം തോന്നുമായിരുന്നു. അതെ, മരിച്ചുപോയ പ്രിയപ്പെട്ടവർ പുനരുത്ഥാനം ചെയ്‌തു വരുന്നതു കാണുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷം അവർണനീയമായിരിക്കും. യേശു പറഞ്ഞു: “സ്‌മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരുന്ന സമയം വരുന്നു.” (യോഹ. 5:28, 29) നമ്മളിലാരും ഒരിക്കൽപ്പോലും അങ്ങനെയൊന്ന്‌ കണ്ടിട്ടില്ല; “കാണാത്തവയിൽ”വെച്ച്‌ മഹത്തായ ഒരു സംഭവമായിരിക്കും അത്‌.

‘ദൈവം എല്ലാവർക്കും എല്ലാമാകും’

16. (എ) ഇതുവരെ കാണാത്ത അനുഗ്രഹങ്ങളെക്കുറിച്ച്‌ നാം ആവേശത്തോടെ സംസാരിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) കൊരിന്തിലെ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കാൻ പൗലോസ്‌ അവരോട്‌ എന്തിനെക്കുറിച്ച്‌ സംസാരിച്ചു?

16 അതെ, ഈ ദുഷ്‌കരനാളുകളിൽ യഹോവയോടു വിശ്വസ്‌തരായിരിക്കുന്നവരെ കാത്തിരിക്കുന്നത്‌ വിശിഷ്ടമായ ഒരു ജീവിതമാണ്‌! വർണനാതീതമായ ഈ അനുഗ്രഹങ്ങൾ ഇതുവരെ കാണാത്തവയാണെങ്കിലും അവയെ മനസ്സിൽ അടുപ്പിച്ചുനിറുത്തുന്നെങ്കിൽ വാസ്‌തവത്തിൽ പ്രാധാന്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാനും ഇന്നത്തെ വ്യവസ്ഥിതിയിലെ നൈമിഷികസുഖങ്ങൾക്കു പിന്നാലെ പോയി വഴിതെറ്റാതിരിക്കാനും നമുക്കു കഴിയും. (ലൂക്കോ. 21:34; 1 തിമൊ. 6:17-19) കുടുംബാരാധനയിലും സഹവിശ്വാസികളുമായുള്ള സംഭാഷണത്തിലും ബൈബിൾ വിദ്യാർഥികളുമായോ താത്‌പര്യക്കാരുമായോ ഉള്ള ചർച്ചയിലും ഉത്‌കൃഷ്ടമായ ഈ പ്രത്യാശയെക്കുറിച്ച്‌ നമുക്ക്‌ ആവേശത്തോടെ സംസാരിക്കാം. നമ്മുടെ പ്രത്യാശ മനസ്സിലും ഹൃദയത്തിലും ജ്വലിപ്പിച്ചുനിറുത്താൻ ഇതു നമ്മെ സഹായിക്കും. സഹക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കാൻ പൗലോസ്‌ അപ്പൊസ്‌തലൻ അതാണ്‌ ചെയ്‌തത്‌. ഒരർഥത്തിൽ അവൻ അവരെ ക്രിസ്‌തുവിന്റെ ആയിരവർഷവാഴ്‌ചയുടെ അവസാനം വരെ കൊണ്ടുപോയി. 1 കൊരിന്ത്യർ 15:24, 25, 28-ലെ (വായിക്കുക.) പൗലോസിന്റെ ആ വാക്കുകൾ നിവൃത്തിയേറുന്നത്‌ ഭാവനയിൽ കാണാൻ ഒന്നു ശ്രമിച്ചുനോക്കൂ.

17, 18. (എ) മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽ യഹോവ ‘എല്ലാവർക്കും എല്ലാമായിരുന്നത്‌’ എങ്ങനെ? (ബി) സമാധാനവും ഐക്യവും യേശു എങ്ങനെ പുനഃസ്ഥാപിക്കും?

17 “ദൈവം എല്ലാവർക്കും എല്ലാമാകേണ്ടതിന്‌. . . ” എന്ന വാക്കുകൾ മഹത്തായ ആ പാരമ്യത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത്‌ എന്തുകൊണ്ടും ഉചിതമാണ്‌. എന്താണ്‌ അതിന്റെ അർഥം? പൂർണമനുഷ്യരായിരുന്ന ആദാമും ഹവ്വായും, സമാധാനവും ഐക്യവും കളിയാടിയ, ദൈവത്തിന്റെ സാർവത്രിക കുടുംബത്തിന്റെ ഭാഗമായി ഏദെൻതോട്ടത്തിൽ ജീവിച്ചിരുന്ന കാലത്തെക്കുറിച്ച്‌ ഒന്നു ചിന്തിച്ചുനോക്കൂ. ദൂതന്മാരും മനുഷ്യരും അടങ്ങിയ തന്റെ സൃഷ്ടികളെയെല്ലാം സാർവത്രിക പരമാധികാരിയായ യഹോവ നേരിട്ടു ഭരിച്ചിരുന്ന കാലമായിരുന്നു അത്‌. അവർക്ക്‌ അവനുമായി നേരിട്ട്‌ ആശയവിനിമയം നടത്താനും അവനെ ആരാധിക്കാനും അവനിൽനിന്ന്‌ അനുഗ്രഹങ്ങൾ പ്രാപിക്കാനും കഴിയുമായിരുന്നു. അവൻ ‘എല്ലാവർക്കും എല്ലാമായിരുന്നു.’

18 സാത്താന്റെ വാക്കു കേട്ട്‌ മനുഷ്യർ യഹോവയുടെ പരമാധികാരത്തോടു മത്സരിച്ചതോടെ ആ സമാധാനബന്ധം തകർന്നു. എന്നാൽ ആ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാൻ 1914 മുതൽ മിശിഹൈക രാജ്യം ക്രമാനുഗതമായി നടപടികൾ സ്വീകരിച്ചുവരുകയാണ്‌. (എഫെ. 1:9, 10) ഇന്ന്‌ “കാണാത്ത” പല വിശിഷ്ടകാര്യങ്ങളും ക്രിസ്‌തുവിന്റെ ആയിരംവർഷ വാഴ്‌ചയിൽ യാഥാർഥ്യമാകും. അതിനു ശേഷം “അവസാനത്തിങ്കൽ,” അതായത്‌ ആ വാഴ്‌ചയുടെ ഒടുവിൽ എന്തു സംഭവിക്കും? “സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും” യേശുവിന്‌ നൽകപ്പെട്ടിട്ടുണ്ടെങ്കിലും അവൻ അധികാരമോഹിയല്ല, യഹോവയുടെ സ്ഥാനം അവൻ ആഗ്രഹിക്കുന്നില്ല. താഴ്‌മയോടെ അവൻ “രാജ്യം തന്റെ ദൈവവും പിതാവുമായവനെ ഏൽപ്പിക്കും.” അതെ, അവൻ എല്ലായ്‌പ്പോഴും തന്റെ വിശിഷ്ടമായ സ്ഥാനവും അധികാരവും “ദൈവത്തിന്റെ മഹത്ത്വത്തിനായി” ഉപയോഗിക്കുന്നു.—മത്താ. 28:18; ഫിലി. 2:9-11.

19, 20. (എ) യഹോവയുടെ പരമാധികാരത്തെ പിന്തുണയ്‌ക്കുന്നുണ്ടോയെന്ന്‌ രാജ്യത്തിന്റെ പൗരന്മാർ എങ്ങനെ തെളിയിക്കും? (ബി) മഹത്തായ എന്ത്‌ അനുഗ്രഹങ്ങളാണ്‌ നമ്മെ കാത്തിരിക്കുന്നത്‌?

19 അപ്പോഴേക്കും ഭൂമിയിൽ രാജ്യത്തിന്റെ പ്രജകൾ പൂർണരായിത്തീർന്നിരിക്കും. യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട്‌ താഴ്‌മയോടെ യഹോവയുടെ പരമാധികാരത്തെ അവർ മനസ്സാ അംഗീകരിക്കും. അതിനുള്ള തങ്ങളുടെ മനസ്സൊരുക്കം തെളിയിക്കാൻ അന്തിമപരീക്ഷണം അവർക്ക്‌ അവസരമേകും. (വെളി. 20:7-10) മത്സരികളായ എല്ലാ മനുഷ്യരെയും ആത്മജീവികളെയും അതിനു ശേഷം എന്നെന്നേക്കുമായി നശിപ്പിക്കും. എത്രമാത്രം സന്തോഷവും ആവേശവും അലയടിക്കുന്ന സമയമായിരിക്കും അത്‌! ‘എല്ലാവർക്കും എല്ലാമായിത്തീരുന്ന’ യഹോവയെ ആ സാർവത്രികകുടുംബം സന്തോഷത്തോടെ സ്‌തുതിക്കും.—സങ്കീർത്തനം 99:1-3 വായിക്കുക.

20 സമീപഭാവിയിൽ ദൈവരാജ്യം ചെയ്യാൻ പോകുന്ന മഹത്തായ കാര്യങ്ങളെക്കുറിച്ചുള്ള അറിവ്‌, ദൈവേഷ്ടം ചെയ്യുന്നതിൽ ശ്രദ്ധ പതിപ്പിക്കാനും അതിനായി പരിശ്രമിക്കാനും നിങ്ങളെ പ്രേരിപ്പിക്കുമോ? സാത്താന്റെ ലോകം വാഗ്‌ദാനം ചെയ്യുന്ന വ്യാജ ആശ്വാസത്തിനും പ്രത്യാശയ്‌ക്കും പുറകെ പോയി വഴിതെറ്റാതെ നിങ്ങൾക്ക്‌ ഉറച്ചുനിൽക്കാനാകുമോ? യഹോവയുടെ പരമാധികാരത്തെ പിന്തുണയ്‌ക്കാനുള്ള തീരുമാനം നിങ്ങൾ ശക്തമാക്കുമോ? എന്നെന്നേക്കും അതു ചെയ്യാനാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നതെന്ന്‌ നിങ്ങളുടെ പ്രവൃത്തികൾ തെളിയിക്കട്ടെ. എങ്കിൽ, ആയിരം വർഷം മാത്രമല്ല അതിനു ശേഷവും സമാധാനവും ഐശ്വര്യവും ആസ്വദിക്കാൻ നിങ്ങൾക്കാകും!

[അധ്യയന ചോദ്യങ്ങൾ]

[11-ാം പേജിലെ ചിത്രങ്ങൾ]

രാജാവെന്ന നിലയിലുള്ള തന്റെ കടമ നിർവഹിച്ച ശേഷം യേശു താഴ്‌മയോടെ രാജ്യം പിതാവിന്‌ കൈമാറും