വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുരിതങ്ങളിന്മധ്യേ ധൈര്യത്തോടെ

ദുരിതങ്ങളിന്മധ്യേ ധൈര്യത്തോടെ

ദുരിതങ്ങളിന്മധ്യേ ധൈര്യത്തോടെ

“ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏററവും അടുത്ത തുണയായിരിക്കുന്നു.”—സങ്കീ. 46:1.

ഉത്തരം പറയാമോ?

പ്രയാസസാഹചര്യങ്ങൾ നേരിടുമ്പോൾ തളർന്നുപോകാതിരിക്കാൻ നമുക്ക്‌ എന്ത്‌ ചെയ്യാനാകും?

ധൈര്യമുള്ളവരായിരിക്കാൻ നമുക്ക്‌ എന്ത്‌ കാരണങ്ങളുണ്ട്‌?

ദുരിതങ്ങളെ നേരിടാൻ സഹായിക്കുന്ന എന്തൊക്കെ കരുതലുകൾ യഹോവ നൽകിയിരിക്കുന്നു?

1, 2. പലർക്കും എന്തൊക്കെ ദുരിതങ്ങൾ നേരിടേണ്ടിവന്നിരിക്കുന്നു, ദൈവദാസരുടെ ആഗ്രഹം എന്താണ്‌?

 ദുഷ്‌കരമായ ഒരു കാലത്താണ്‌ നാം ജീവിക്കുന്നത്‌. ഒന്നിനു പുറകെ ഒന്നായി ലോകമെമ്പാടും ദുരന്തങ്ങൾ ആഞ്ഞടിക്കുന്നു. ഭൂകമ്പങ്ങളും സുനാമികളും അഗ്നിബാധകളും പ്രളയങ്ങളും അഗ്നിപർവതസ്‌ഫോടനങ്ങളും ചുഴലിക്കാറ്റുകളും അനേകരുടെ ജീവിതം കീഴ്‌മേൽ മറിച്ചിരിക്കുന്നു. ഇതിനു പുറമേയാണ്‌ കുടുംബത്തിലെയും വ്യക്തിജീവിതത്തിലെയും പ്രശ്‌നങ്ങൾ. അത്‌ അനേകരെ ഭയത്തിന്റെയും ദുഃഖത്തിന്റെയും നീർച്ചുഴിയിലേക്കു തള്ളിയിടുന്നു. ബൈബിൾ പറയുന്നതുപോലെ ‘യാദൃശ്ചികസംഭവങ്ങൾ’ നമ്മെയെല്ലാം ബാധിക്കുന്നുണ്ട്‌.—സഭാ. 9:11, പി.ഒ.സി. ബൈബിൾ.

2 ഇത്തരം ദുരിതങ്ങൾ വിജയകരമായി തരണം ചെയ്യാൻ ഒരു കൂട്ടം എന്ന നിലയിൽ ദൈവദാസർക്കു സാധിച്ചിരിക്കുന്നു. എങ്കിലും ഈ വ്യവസ്ഥിതിയുടെ അന്ത്യം അടുത്തുവരവെ, അഭിമുഖീകരിച്ചേക്കാവുന്ന ഏത്‌ പ്രയാസസാഹചര്യങ്ങളെയും നേരിടാൻ നാം ഒരുങ്ങിയിരിക്കേണ്ടതുണ്ട്‌. ഇത്തരം പ്രശ്‌നങ്ങൾ നമ്മെ തളർത്തിക്കളയാതെ അതുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ എങ്ങനെ സാധിക്കും? ഇന്നുള്ള ദുരിതങ്ങൾ ധൈര്യപൂർവം നേരിടാൻ എന്ത്‌ സഹായം ലഭ്യമാണ്‌?

ജീവിതത്തെ ധൈര്യത്തോടെ നേരിട്ടവരിൽനിന്ന്‌ പഠിക്കുക

3. ദുഃഖത്തിലാഴ്‌ത്തുന്ന സാഹചര്യങ്ങളിലും ആശ്വാസമേകുന്ന എന്തിനെക്കുറിച്ചാണ്‌ റോമർ 15:4 പറയുന്നത്‌?

3 പ്രയാസസാഹചര്യങ്ങളിന്മധ്യേ കഴിയുന്നവരുടെ എണ്ണം മുമ്പെന്നത്തെക്കാളും ഇന്നു വർധിച്ചിരിക്കുന്നു. എങ്കിലും ഇത്തരം സാഹചര്യങ്ങൾ മനുഷ്യവർഗത്തിനു പുതുമയല്ല. പ്രയാസസാഹചര്യങ്ങളെ ധൈര്യത്തോടെ നേരിട്ട മുൻകാലദൈവദാസരിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകുമെന്നു നോക്കാം.—റോമ. 15:4.

4. ദാവീദിന്‌ എന്തൊക്കെ ദുരിതങ്ങൾ സഹിക്കേണ്ടിവന്നു, സഹിച്ചുനിൽക്കാൻ അവനെ സഹായിച്ചത്‌ എന്താണ്‌?

4 ദാവീദിന്റെ കാര്യമെടുക്കുക. മറ്റു പ്രശ്‌നങ്ങളോടൊപ്പം അവൻ ഒരു രാജാവിന്റെ ക്രോധത്തിനു പാത്രമായി; ശത്രുക്കളുടെ ആക്രമണങ്ങൾ നേരിട്ടു. ഒരു സന്ദർഭത്തിൽ ശത്രുക്കൾ അവന്റെ ഭാര്യമാരെ പിടിച്ചുകൊണ്ടുപോയി. വൈകാരിക വേദനകൾ, സ്വന്തം പക്ഷത്തുള്ളവരുടെ വിശ്വാസവഞ്ചന എന്നിവയും ദാവീദിനു സഹിക്കേണ്ടിവന്നു. (1 ശമൂ. 18:8, 9; 30:1-5; 2 ശമൂ. 17:1-3; 24:15, 17; സങ്കീ. 38:4-8) ഇത്തരം ദുരിതങ്ങൾനിമിത്തം ദാവീദിനുണ്ടായ ഹൃദയവേദന ബൈബിൾ വിവരണങ്ങൾ വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്‌. എന്നാൽ ഇവയൊന്നും അവനെ ആത്മീയമായി തകർത്തുകളഞ്ഞില്ല. പൂർണവിശ്വാസത്തോടെ അവൻ ഇങ്ങനെ പറഞ്ഞു: “യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?”—സങ്കീ. 27:1; സങ്കീർത്തനം 27:5, 10 വായിക്കുക.

5. സഹിച്ചുനിൽക്കാൻ അബ്രാഹാമിനെയും സാറായെയും സഹായിച്ചത്‌ എന്താണ്‌?

5 അബ്രാഹാമും സാറായും തങ്ങളുടെ ജീവിതത്തിൽ ഏറിയ പങ്കും ചെലവഴിച്ചത്‌ അപരിചിതമായ സ്ഥലങ്ങളിലാണ്‌. അവർ അവിടങ്ങളിൽ പരദേശികളായി കൂടാരങ്ങളിൽ താമസിച്ചു. അത്തരമൊരു ജീവിതം എല്ലായ്‌പ്പോഴും സുഖകരമായിരുന്നില്ല. എങ്കിലും ക്ഷാമത്തിന്റെ സമയത്തും ചുറ്റുമുള്ള ജനതകളിൽനിന്ന്‌ ഭീഷണി ഉയർന്നപ്പോഴും അവർ ധൈര്യപൂർവം സഹിച്ചുനിന്നു. (ഉല്‌പ. 12:10; 14:14-16) അവർക്ക്‌ ഇത്‌ എങ്ങനെ സാധിച്ചു? “ദൈവംതന്നെ ശിൽപ്പിയും നിർമാതാവും ആയിരിക്കുന്ന, യഥാർഥ അടിസ്ഥാനങ്ങളുള്ള നഗരത്തിനായി അവൻ (അബ്രാഹാം) കാത്തിരിക്കുകയായിരുന്നു” എന്ന്‌ ദൈവവചനം നമ്മോടു പറയുന്നു. (എബ്രാ. 11:8-10) അബ്രാഹാമും സാറായും എല്ലായ്‌പ്പോഴും മുന്നിലുള്ള കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു. അതുകൊണ്ട്‌ ചുറ്റുമുള്ള ലോകത്തിന്‌ അവരെ പിന്തിരിപ്പിക്കാനായില്ല.

6. നമുക്ക്‌ ഇയ്യോബിനെ എങ്ങനെ അനുകരിക്കാം?

6 പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവനാണ്‌ ഇയ്യോബ്‌. ജീവിതത്തിൽ എല്ലാം പിഴയ്‌ക്കുന്നതായി തോന്നിയപ്പോൾ അവനുണ്ടായ വികാരം ഒന്ന്‌ ഊഹിച്ചുനോക്കൂ. (ഇയ്യോ. 3:3, 11) തനിക്ക്‌ ഇതെല്ലാം സംഭവിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ മുഴുവനായി മനസ്സിലാക്കാൻ അവനായില്ല; അത്‌ കാര്യങ്ങൾ കൂടുതൽ വഷളാക്കി. എങ്കിലും എല്ലായ്‌പ്പോഴും തന്റെ നിർമലതയും ദൈവത്തിലുള്ള വിശ്വാസവും അവൻ മുറുകെപ്പിടിച്ചു. (ഇയ്യോബ്‌ 27:5 വായിക്കുക.) എത്ര നല്ല മാതൃക!

7. ദൈവസേവനത്തിലായിരിക്കെ പൗലോസിന്‌ എന്തെല്ലാം അനുഭവങ്ങളുണ്ടായി, ധൈര്യത്തോടെ സേവനം തുടരാൻ അവനെ സഹായിച്ചത്‌ എന്ത്‌?

7 പൗലോസ്‌ അപ്പൊസ്‌തലന്റെ മാതൃകയും ശ്രദ്ധ അർഹിക്കുന്നു. അവന്‌ ‘നഗരത്തിലെയും മരുഭൂമിയിലെയും കടലിലെയും ആപത്ത്‌’ നേരിട്ടു. ‘വിശപ്പും ദാഹവും’ അനുഭവിച്ച അവൻ ‘ശൈത്യത്തിലും നഗ്നതയിലും കഴിഞ്ഞു.’ “ഒരു രാത്രിയും പകലും” താൻ “കടലിൽ ഒഴുകിനടന്നു” എന്നും പൗലോസ്‌ പറയുകയുണ്ടായി; കപ്പൽച്ചേതത്തിൽ അകപ്പെട്ട സന്ദർഭങ്ങളിൽ ഒന്നിനെക്കുറിച്ചായിരിക്കാം അവൻ പരാമർശിച്ചത്‌. (2 കൊരി. 11:23-27) ഇത്രയൊക്കെ അനുഭവിക്കേണ്ടിവന്നിട്ടും അവന്റെ മനോഭാവം എന്തായിരുന്നു? ദൈവത്തെ സേവിച്ചതുമൂലം മരണത്തെ മുഖാമുഖം കാണേണ്ടിവന്ന ശേഷം അവൻ പറഞ്ഞ വാക്കുകളിൽനിന്ന്‌ അത്‌ വായിച്ചെടുക്കാം: “ഞങ്ങളിലല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ ഞങ്ങൾ ആശ്രയിക്കേണ്ടതിനത്രേ ഇതു സംഭവിച്ചത്‌. അത്ര ഭയങ്കരമായ വിപത്തിൽനിന്നാണ്‌ അവൻ ഞങ്ങളെ വിടുവിച്ചത്‌; ഇനിയും അവൻ ഞങ്ങളെ രക്ഷി”ക്കും. (2 കൊരി. 1:8-10) നിരവധി ദുഷ്‌കരസാഹചര്യങ്ങളിലൂടെ കടന്നുപോയവനാണ്‌ പൗലോസ്‌. ജീവിതത്തിൽ അത്രയേറെ കഷ്ടങ്ങൾ അനുഭവിച്ചവർ അധികംപേർ കാണില്ല. എങ്കിലും ചില പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ പൗലോസിന്റേതുപോലുള്ള വികാരങ്ങൾ നമുക്കും തോന്നിയിട്ടുണ്ടാവാം. അതുകൊണ്ടുതന്നെ പ്രയാസങ്ങളിന്മധ്യേയും ധൈര്യം കാണിച്ച പൗലോസിന്റെ മാതൃകയിൽനിന്ന്‌ നമുക്ക്‌ ആശ്വാസം കണ്ടെത്താനാകും.

അവ നമ്മെ തളർത്തിക്കളയരുത്‌

8. ഇന്നുള്ള പ്രശ്‌നങ്ങൾ നമ്മെ എങ്ങനെ ബാധിച്ചേക്കാം? ഉദാഹരിക്കുക.

8 ദുരന്തങ്ങളും വെല്ലുവിളികളും സമ്മർദങ്ങളും നിറഞ്ഞ ലോകസാഹചര്യങ്ങൾ ഇന്ന്‌ പലരെയും തളർത്തിക്കളയുന്നു. ക്രിസ്‌ത്യാനികളെയും ഇതു ബാധിച്ചിട്ടുണ്ട്‌. ഭർത്താവിനോടൊപ്പം ഓസ്‌ട്രേലിയയിൽ മുഴുസമയശുശ്രൂഷ ആസ്വദിച്ചിരുന്ന ലാനി a എന്ന സഹോദരിയുടെ കാര്യമെടുക്കുക. സ്‌തനാർബുദമാണെന്ന വാർത്ത താൻ ഒരു ഞെട്ടലോടെയാണ്‌ കേട്ടതെന്ന്‌ ലാനി പറയുന്നു; അത്‌ ലാനിയെ ആകെ തകർത്തുകളഞ്ഞു. അവൾ പറയുന്നു: “ചികിത്സ എന്നെ അവശയാക്കി, എന്റെ ആത്മാഭിമാനം ചോർന്നുപോയി.” പോരാത്തതിന്‌ നട്ടെല്ലിനു ശസ്‌ത്രക്രിയ കഴിഞ്ഞ ഭർത്താവിനെ പരിചരിക്കേണ്ട ചുമതലയും സഹോദരിക്കുണ്ടായിരുന്നു. നമുക്ക്‌ ഇത്തരം ഒരു സാഹചര്യം നേരിട്ടാൽ അതിനെ എങ്ങനെ തരണം ചെയ്യാനാകും?

9, 10. (എ) നാം സാത്താനെ എന്തിന്‌ അനുവദിക്കരുത്‌? (ബി) പ്രവൃത്തികൾ 14:22-ൽ പറയുന്ന വസ്‌തുതയുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ നമ്മെ എന്തു സഹായിക്കും?

9 നാം നേരിടുന്ന കഷ്ടതകൾ ഉപയോഗിച്ച്‌ നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ ഇളക്കാൻ സാത്താൻ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം നാം മനസ്സിൽപ്പിടിക്കണം. എന്നാൽ ഇത്തരത്തിൽ നമ്മുടെ സന്തോഷം കവർന്നെടുക്കാൻ നാം അവനെ അനുവദിക്കരുത്‌. “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ” എന്ന്‌ സദൃശവാക്യങ്ങൾ 24:10 പറയുന്നു. നാം മുമ്പു ചർച്ച ചെയ്‌തതുപോലുളള ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത്‌ പ്രയാസസാഹചര്യങ്ങൾ നേരിടാൻ വേണ്ട ധൈര്യം ആർജിക്കാൻ നമ്മെ സഹായിക്കും.

10 എല്ലാ പ്രശ്‌നങ്ങളും നമുക്കു നീക്കംചെയ്യാനാവില്ലെന്നു മനസ്സിൽപ്പിടിക്കുന്നതും പ്രയോജനം ചെയ്യും. വാസ്‌തവത്തിൽ പ്രശ്‌നങ്ങൾ നാം പ്രതീക്ഷിക്കുന്നുണ്ട്‌. (2 തിമൊ. 3:12) “അനേകം കഷ്ടതകളിലൂടെയാണു നാം ദൈവരാജ്യത്തിൽ കടക്കേണ്ടത്‌” എന്ന്‌ പ്രവൃത്തികൾ 14:22 പറയുന്നു. ഇത്തരം പ്രശ്‌നങ്ങളുടെ മധ്യേ നിരുത്സാഹിതരാകുന്നതിനു പകരം ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാനുള്ള അവസരങ്ങളായി അവയെ കാണരുതോ? ദൈവം സഹായിക്കുമെന്ന ആ വിശ്വാസം നിങ്ങൾക്ക്‌ ധൈര്യം പകരും.

11. പ്രയാസസാഹചര്യങ്ങൾ നേരിടുമ്പോൾ തളർന്നുപോകാതിരിക്കാൻ നമുക്ക്‌ എന്ത്‌ ചെയ്യാനാകും?

11 ക്രിയാത്മകമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും പ്രധാനമാണ്‌. “സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു” എന്ന്‌ ദൈവവചനം പറയുന്നു. (സദൃ. 15:13) ക്രിയാത്മകമായി ചിന്തിക്കുന്നത്‌ ആരോഗ്യത്തിന്‌ ഗുണകരമാണെന്ന കാര്യം ആരോഗ്യരംഗത്ത്‌ ഗവേഷണം ചെയ്യുന്നവർ ഏറെ നാളുകളായി അംഗീകരിക്കുന്ന വസ്‌തുതയാണ്‌. രോഗത്തിനുള്ള മരുന്നാണെന്ന്‌ പറഞ്ഞ്‌ വെറും പഞ്ചസാരഗുളികകൾ നൽകിയ ചില രോഗികളിൽ രോഗലക്ഷണങ്ങൾ കുറയുന്നതായി കണ്ടു. തങ്ങൾക്ക്‌ അവ പ്രയോജനം ചെയ്യുന്നുണ്ടെന്ന്‌ രോഗികൾ വിശ്വസിച്ചതായിരുന്നു കാരണം. നേരെ തിരിച്ചും സംഭവിച്ചു. തങ്ങൾ കഴിക്കുന്ന മരുന്നിന്‌ ദൂഷ്യഫലങ്ങളുണ്ടെന്നുള്ള കേൾവിതന്നെ ചിലരുടെ ആരോഗ്യം ക്ഷയിപ്പിച്ചു. നമുക്കു മാറ്റം വരുത്താനാകാത്ത സാഹചര്യങ്ങളെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌ നമ്മെ നിരാശപ്പെടുത്തുകയേ ഉള്ളൂ. യഹോവ നൽകുന്ന സഹായം വെറും ‘പഞ്ചസാരഗുളികകൾ’പോലെയല്ല എന്ന അറിവ്‌ ആശ്വാസദായകമാണ്‌; അവ നമുക്ക്‌ യഥാർഥത്തിൽ പ്രയോജനം ചെയ്യുന്നു. നാം ദുരിതങ്ങൾ നേരിടുമ്പോൾപ്പോലും തന്റെ വചനത്തിലൂടെയും സഹായം നൽകാൻ സന്നദ്ധരായ സഹോദരങ്ങളിലൂടെയും നമ്മെ ശക്തരാക്കുന്ന പരിശുദ്ധാത്മാവിലൂടെയും യഹോവ നമുക്കു സഹായം നൽകുന്നു. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ നമുക്കു ശക്തി പകരും. ജീവിതത്തിലെ സുഖകരമല്ലാത്ത കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുന്നതിനു പകരം ഓരോ പ്രശ്‌നവും പരിഹരിക്കാൻ പ്രായോഗികമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക; ജീവിതത്തിൽ നമുക്കുള്ള നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.—സദൃ. 17:22.

12, 13. (എ) ദുരന്തങ്ങളിന്മധ്യേ പിടിച്ചുനിൽക്കാൻ ദൈവദാസരെ സഹായിച്ചിരിക്കുന്നത്‌ എന്താണ്‌? ഉദാഹരിക്കുക. (ബി) ദുരന്തങ്ങളുടെ സമയത്ത്‌, ഒരുവന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനം എന്താണെന്ന്‌ വെളിപ്പെടുന്നത്‌ എങ്ങനെ?

12 അടുത്തയിടെ പല രാജ്യങ്ങളിലും വലിയ വിപത്തുകൾ ഉണ്ടായിട്ടുണ്ട്‌. അവിടങ്ങളിലുള്ള പല സഹോദരങ്ങളും ഈ സാഹചര്യങ്ങളിൽ തളരാതെ പിടിച്ചുനിന്നത്‌ എടുത്തുപറയേണ്ടിയിരിക്കുന്നു. അത്‌ അവർക്ക്‌ അത്ര എളുപ്പമായിരുന്നില്ല. 2010-ന്റെ തുടക്കത്തിൽ ചിലിയിലുണ്ടായ വലിയ ഭൂകമ്പവും സുനാമിയും പല സഹോദരങ്ങളുടെയും വീടും വസ്‌തുവകകളും തട്ടിയെടുത്തു; ചിലർക്ക്‌ ഉപജീവനമാർഗം നഷ്ടമായി. ഇത്രയൊക്കെ സംഭവിച്ചിട്ടും തങ്ങളുടെ ആത്മീയപ്രവർത്തനങ്ങൾക്ക്‌ അവർ മുടക്കം വരുത്തിയില്ല. ദുരന്തത്തിൽ വീട്‌ പൂർണമായും നശിച്ച സാമുവെൽ പറയുന്നു: “അങ്ങേയറ്റം കഷ്ടത്തിലായിരുന്നെങ്കിലും ഞാനും ഭാര്യയും ഒരിക്കൽപ്പോലും യോഗങ്ങളോ വയൽസേവനമോ മുടക്കിയില്ല. ഈ ശീലങ്ങളാണ്‌ നിരാശയിലാണ്ടുപോകാതിരിക്കാൻ ഞങ്ങളെ സഹായിച്ചതെന്ന്‌ ഞാൻ കരുതുന്നു.” മറ്റ്‌ അനേകരെയുംപോലെ അവർ ദുരന്തത്തെ പിന്നിലാക്കി യഹോവയുടെ സേവനത്തിൽ മുന്നേറി.

13 ശക്തമായ പേമാരിയെ തുടർന്ന്‌ 2009 സെപ്‌റ്റംബറിൽ ഫിലിപ്പീൻസിലെ മനിലയുടെ 80 ശതമാനത്തിൽ അധികം പ്രദേശം വെള്ളത്തിനടിയിലായി. ഏറെ വസ്‌തുവകകൾ നഷ്ടപ്പെട്ട ഒരു ധനികൻ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “വെള്ളപ്പൊക്കം എല്ലാവരെയും ഒരേ തട്ടിലെത്തിച്ചു. സമ്പന്നരും ദരിദ്രരും ഒരുപോലെ പ്രയാസത്തിലും ദുരിതത്തിലും ആയി.” “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയോ കള്ളന്മാർ തുരന്നു മോഷ്ടിക്കുകയോ ചെയ്യുകയില്ലാത്ത സ്വർഗത്തിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുവിൻ” എന്ന യേശുവിന്റെ ജ്ഞാനമൊഴികളാണ്‌ ഇതു നമ്മെ ഓർമിപ്പിക്കുന്നത്‌. (മത്താ. 6:20) ഒരുവന്റെ വസ്‌തുവകകൾ നിമിഷനേരംകൊണ്ട്‌ അപ്രത്യക്ഷമായേക്കാമെന്നതിനാൽ അത്തരം ഭൗതികവസ്‌തുവകകളെ കേന്ദ്രീകരിച്ച്‌ ജീവിക്കുന്നവരെ കാത്തിരിക്കുന്നത്‌ മിക്കപ്പോഴും നിരാശയാണ്‌. എന്നാൽ, യഹോവയുമായുള്ള ബന്ധത്തെ കേന്ദ്രീകരിച്ച്‌ ജീവിക്കുന്നെങ്കിലോ? നമുക്കു ചുറ്റും എന്തുതന്നെ സംഭവിച്ചാലും ആ ബന്ധത്തിന്‌ ഇളക്കംതട്ടുകയില്ലാത്തതിനാൽ അതാണ്‌ ഏറ്റവും ജ്ഞാനപൂർവമായ ഗതി.—എബ്രായർ 13:5, 6 വായിക്കുക.

ധൈര്യമുള്ളവരായിരിക്കാനുള്ള കാരണങ്ങൾ

14. ധൈര്യമുള്ളവരായിരിക്കാൻ നമുക്ക്‌ എന്തു കാരണങ്ങളുണ്ട്‌?

14 തന്റെ സാന്നിധ്യകാലത്ത്‌ അനേകം പ്രശ്‌നങ്ങളുണ്ടായിരിക്കുമെന്നും എന്നാൽ, “പരിഭ്രാന്തരാകരുത്‌” എന്നും യേശു പറഞ്ഞു. (ലൂക്കോ. 21:9) നമ്മെ പിന്തുണയ്‌ക്കാൻ രാജാവായ യേശുക്രിസ്‌തുവും പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉണ്ടെന്ന അറിവ്‌ നമുക്ക്‌ ആത്മവിശ്വാസം പകരേണ്ടതാണ്‌. തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “ഭീരുത്വത്തിന്റെ ആത്മാവിനെയല്ല, ശക്തിയുടെയും സ്‌നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു നൽകിയത്‌.”—2 തിമൊ. 1:7.

15. ദൈവത്തിലുള്ള തങ്ങളുടെ ആശ്രയത്തെക്കുറിച്ച്‌ ചില ദൈവദാസർ എന്തു പറഞ്ഞു, അവരുടെ ധൈര്യം അനുകരിക്കാൻ നാം എന്ത്‌ ചെയ്യണം?

15 ദൈവത്തിലുള്ള ശക്തമായ ആശ്രയം പ്രകടിപ്പിച്ചുകൊണ്ട്‌ ചില ദൈവദാസർ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക. “യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു” എന്ന്‌ ദാവീദ്‌ പറഞ്ഞു. (സങ്കീ. 28:7) പൗലോസ്‌ അപ്പൊസ്‌തലന്റെ വാക്കുകളിലും ആ ഉറച്ച ബോധ്യമുണ്ട്‌: “നാമോ നമ്മെ സ്‌നേഹിച്ചവൻ മുഖാന്തരം ഇതിലൊക്കെയും പൂർണജയം പ്രാപിക്കുന്നു.” (റോമ. 8:37) അനർഥം മുന്നിൽക്കണ്ട സമയത്ത്‌, ദൈവവുമായി തനിക്കുണ്ടായിരുന്ന ബന്ധത്തിന്റെ ആഴം എടുത്തുകാട്ടിക്കൊണ്ട്‌ തന്റെ ശ്രോതാക്കളോട്‌ യേശു ഇങ്ങനെ പറഞ്ഞു: “പിതാവ്‌ എന്നോടുകൂടെയുള്ളതുകൊണ്ട്‌ ഞാൻ തനിച്ചല്ല.” (യോഹ. 16:32) ഇവരുടെ വാക്കുകളിൽ നാം എന്താണ്‌ കാണുന്നത്‌? അതെ, യഹോവയിലുള്ള അടിയുറച്ച ആശ്രയം. നമ്മളും അവരെപ്പോലെ ദൈവത്തിൽ ആശ്രയിക്കാൻ പഠിക്കുന്നെങ്കിൽ ഇന്നത്തെ ഏത്‌ പ്രയാസസാഹചര്യങ്ങളെയും നേരിടാൻ നമുക്കാകും.—സങ്കീർത്തനം 46:1-3 വായിക്കുക.

ധൈര്യം നിലനിറുത്താൻ സഹായിക്കുന്ന കരുതലുകൾ

16. നാം ദൈവവചനം പഠിക്കേണ്ടത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

16 സ്വന്തം കഴിവുകളല്ല, മറിച്ച്‌ ദൈവത്തെക്കുറിച്ചുള്ള അറിവും അവനിലുള്ള ആശ്രയവും ആണ്‌ ഒരു ക്രിസ്‌ത്യാനിക്ക്‌ ധൈര്യം പകരുന്നത്‌. ആ അറിവും ആശ്രയവും വർധിക്കാൻ അവന്റെ ലിഖിതവചനമായ ബൈബിളിന്റെ പഠനം നമ്മെ സഹായിക്കും. വിഷാദരോഗവുമായി മല്ലിടുന്ന ഒരു സഹോദരി തന്നെ സഹായിക്കുന്നത്‌ എന്താണെന്ന്‌ പറയുന്നു: “വിശേഷാൽ ആശ്വാസം തരുന്ന ബൈബിൾ ഭാഗങ്ങൾ ഞാൻ കൂടെക്കൂടെ വായിക്കും.” ക്രമമായി കുടുംബാരാധനയ്‌ക്ക്‌ സമയം മാറ്റിവെക്കാനുള്ള നിർദേശം നിങ്ങൾ ബാധകമാക്കിയോ? ഇതെല്ലാം ചെയ്യുന്നത്‌ “നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു” എന്നു പറഞ്ഞ സങ്കീർത്തനക്കാരന്റെ മനോഭാവം ഉള്ളവരായിരിക്കാൻ നമ്മെ സഹായിക്കും.—സങ്കീ. 119:97.

17. (എ) നമുക്കു ലഭിക്കുന്ന ഏതു കരുതൽ ധൈര്യം നിലനിറുത്താൻ സഹായിച്ചേക്കാം? (ബി) പ്രസിദ്ധീകരിച്ചുവന്ന ഒരു ജീവിതകഥ നിങ്ങളെ സഹായിച്ച വിധം വിശദീകരിക്കുക.

17 യഹോവയിലുള്ള നമ്മുടെ ആശ്രയം ശക്തമാക്കുന്ന വിവരങ്ങൾ ബൈബിളധിഷ്‌ഠിതപ്രസിദ്ധീകരണങ്ങളിലൂടെ നമുക്കു ലഭിക്കുന്നു. അതാണ്‌ മറ്റൊരു കരുതൽ. നമ്മുടെ മാസികകളിൽ വരുന്ന ജീവിതകഥകൾ അനേകം സഹോദരങ്ങളെ സഹായിച്ചിട്ടുണ്ട്‌. ഒരു പ്രത്യേകതരം വിഷാദരോഗവുമായി (bipolar mood disorder) മല്ലിടുന്ന ഏഷ്യയിൽനിന്നുള്ള ഒരു സഹോദരി, അതേ രോഗത്തെ വിജയകരമായി നേരിട്ട ഒരു സഹോദരന്റെ ജീവിതകഥ വായിക്കുകയുണ്ടായി. മുമ്പ്‌ മിഷനറിയായിരുന്ന അദ്ദേഹത്തിന്റെ അനുഭവം സഹോദരിക്ക്‌ ആശ്വാസം നൽകി. “എന്റെ രോഗാവസ്ഥ കൂടുതൽ നന്നായി മനസ്സിലാക്കാൻ അത്‌ എന്നെ സഹായിച്ചു. എനിക്ക്‌ ശുഭപ്രതീക്ഷ ലഭിച്ചു,” സഹോദരി പറയുന്നു.

18. പ്രാർഥന എന്ന കരുതൽ നാം പ്രയോജനപ്പെടുത്തേണ്ടത്‌ എന്തുകൊണ്ട്‌?

18 ഏതു സാഹചര്യത്തിലും പ്രാർഥനയ്‌ക്ക്‌ നമ്മെ സഹായിക്കാനാകും. പ്രാർഥനയുടെ മൂല്യത്തിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട്‌ പൗലോസ്‌ അപ്പൊസ്‌തലൻ പറഞ്ഞതു ശ്രദ്ധിക്കുക: “ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക; അപ്പോൾ മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശു മുഖാന്തരം കാത്തുകൊള്ളും.” (ഫിലി. 4:6, 7) പ്രയാസസാഹചര്യങ്ങളിന്മധ്യേ ധൈര്യം ആർജിക്കുന്നതിന്‌ ഈ കരുതൽ നാം നന്നായി പ്രയോജനപ്പെടുത്തുന്നുണ്ടോ? ഏറെ നാളായി വിഷാദരോഗത്താൽ വലയുന്ന, ബ്രിട്ടനിൽനിന്നുള്ള അലക്‌സ്‌ പറയുന്നു: “ഒരുതരത്തിൽ പറഞ്ഞാൽ, പ്രാർഥനയിൽ യഹോവയോടു സംസാരിക്കുന്നതും അവന്റെ വചനം വായിച്ചുകൊണ്ട്‌ അവനെ ശ്രദ്ധിക്കുന്നതും ആണ്‌ എന്റെ പ്രാണവായു.”

19. ക്രിസ്‌തീയയോഗങ്ങളിൽ സംബന്ധിക്കുന്നതിനെ നാം എങ്ങനെ കാണണം?

19 യോഗങ്ങളിലെ സഹവാസമാണ്‌ നമ്മെ സഹായിക്കാനുള്ള മറ്റൊരു കരുതൽ. ഒരു സങ്കീർത്തനക്കാരൻ എഴുതി: “എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്‌ഛിച്ചു മോഹിച്ചുപോകുന്നു.” (സങ്കീ. 84:2) നമുക്കും അതുപോലെ തോന്നുന്നുണ്ടോ? മുമ്പു പരാമർശിച്ച ലാനി ക്രിസ്‌തീയസഹവാസത്തെ താൻ എങ്ങനെയാണ്‌ കാണുന്നതെന്ന്‌ പറയുന്നു: “യോഗങ്ങൾക്ക്‌ പോകണമോ എന്നൊരു ചോദ്യമേ ഉദിച്ചിരുന്നില്ല. യഹോവയിൽനിന്നു സഹായം ലഭിക്കണമെങ്കിൽ ഞാൻ അവിടെ ആയിരിക്കേണ്ടതുണ്ടെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു.”

20. സുവാർത്തപ്രസംഗവേലയിൽ ഏർപ്പെടുന്നത്‌ നമ്മെ എത്തരത്തിൽ സഹായിക്കും?

20 രാജ്യപ്രസംഗവേലയിൽ സജീവമായി പ്രവർത്തിക്കുന്നതും നമുക്ക്‌ ധൈര്യം പകരുന്നു. (1 തിമൊ. 4:16) ഒട്ടനവധി പ്രശ്‌നങ്ങൾ അഭിമുഖീകരിച്ച ഓസ്‌ട്രേലിയയിൽനിന്നുള്ള ഒരു സഹോദരി പറയുന്നു: “പ്രസംഗവേലയ്‌ക്കു പോകാൻ എനിക്ക്‌ ഒട്ടുംതന്നെ താത്‌പര്യം തോന്നിയില്ല. പക്ഷേ, ഒരു മൂപ്പൻ അദ്ദേഹത്തോടൊപ്പം വയൽസേവനത്തിനു പോകാൻ ക്ഷണിച്ചപ്പോൾ ഞാൻ പോയി. ഓരോ പ്രാവശ്യവും ശുശ്രൂഷയിൽ ഏർപ്പെട്ടപ്പോൾ എനിക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി; അത്‌ യഹോവ എന്നെ സഹായിച്ചതായിരിക്കണം.” (സദൃ. 16:20) യഹോവയിൽ വിശ്വസിക്കാൻ മറ്റുള്ളവരെ സഹായിക്കുമ്പോൾ തങ്ങളുടെ വിശ്വാസം ബലപ്പെടുന്നതായി പലരും കണ്ടെത്തിയിരിക്കുന്നു. അപ്പോൾ അവർക്ക്‌ തങ്ങളുടെ പ്രശ്‌നങ്ങൾ മാറ്റിവെച്ചിട്ട്‌ പ്രാധാന്യമേറിയ കാര്യങ്ങളിൽ ശ്രദ്ധിക്കാനാകുന്നു.—ഫിലി. 1:10, 11.

21. പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാനാകും?

21 ഇന്ന്‌ നാം നേരിടുന്ന ദുരിതങ്ങളെ ധൈര്യപൂർവം അഭിമുഖീകരിക്കാൻ യഹോവ ധാരാളം സഹായം നൽകിയിട്ടുണ്ട്‌. ഈ കരുതലുകളിൽനിന്നെല്ലാം പ്രയോജനം നേടുകയും ധൈര്യത്തോടെ പ്രവർത്തിച്ച ദൈവദാസരുടെ മാതൃകകളെക്കുറിച്ചു ധ്യാനിക്കുകയും അവരെ അനുകരിക്കുകയും ചെയ്യുന്നത്‌ പ്രശ്‌നങ്ങളെ വിജയകരമായി കൈകാര്യം ചെയ്യാൻ നമ്മെ സഹായിക്കും. ഈ വ്യവസ്ഥിതി അതിന്റെ അന്ത്യത്തോട്‌ അടുക്കവെ ഇനിയും പല പ്രശ്‌നങ്ങളും നാം അഭിമുഖീകരിച്ചേക്കാം. എങ്കിലും ഞങ്ങൾ “വീണുകിടക്കുന്നവരെങ്കിലും നശിച്ചുപോകുന്നില്ല. . . . ഞങ്ങൾ മടുത്തുപിന്മാറുന്നില്ല” എന്നു പറഞ്ഞ പൗലോസിനെപ്പോലെ ആയിരിക്കാൻ നമുക്കാകും. (2 കൊരി. 4:9, 16) അതെ, ഇന്നുള്ള ദുരിതങ്ങൾ യഹോവയുടെ സഹായത്താൽ നമുക്ക്‌ ധൈര്യത്തോടെ നേരിടാനാകും.—2 കൊരിന്ത്യർ 4:17, 18 വായിക്കുക.

[അടിക്കുറിപ്പ്‌]

a ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.

[അധ്യയന ചോദ്യങ്ങൾ]

[10, 11 പേജുകളിലെ ചിത്രങ്ങൾ]

ദുരിതങ്ങൾ നേരിടുമ്പോൾ യഹോവ നൽകിയിരിക്കുന്ന സഹായം പ്രയോജനപ്പെടുത്തുക