വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ശിശുക്കളുടെ വായിൽനിന്ന്‌’ പ്രോത്സാഹനം

‘ശിശുക്കളുടെ വായിൽനിന്ന്‌’ പ്രോത്സാഹനം

‘ശിശുക്കളുടെ വായിൽനിന്ന്‌’ പ്രോത്സാഹനം

റഷ്യയിലെ സുപ്രീംകോടതി 2009 ഡിസംബറിൽ നടത്തിയ ഒരു വിധിപ്രഖ്യാപനം റഷ്യയിലെ റ്റാഗൻറോഗിലെ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക മതസംഘടനയെ പിരിച്ചുവിടുന്നതിലേക്കും രാജ്യഹാൾ കണ്ടുകെട്ടുന്നതിലേക്കും നയിച്ചു; നമ്മുടെ 34 പ്രസിദ്ധീകരണങ്ങൾ തീവ്രവാദപരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവയാണെന്ന്‌ മുദ്രകുത്തപ്പെട്ടു. യഹോവയുടെ സാക്ഷികളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ, ഞെട്ടിക്കുന്ന ഈ സംഭവങ്ങളെക്കുറിച്ചുള്ള വിവരണത്തോടൊപ്പം കുട്ടികൾ ഉൾപ്പെടെ ഈ വിധിയുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവന്ന സഹോദരങ്ങളുടെ ഫോട്ടോകളും നൽകിയിരുന്നു.

കുറച്ചു മാസങ്ങൾക്കു ശേഷം, റഷ്യയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന ഓഫീസിൽ ഒരു വലിയ പൊതി ലഭിച്ചു; ഒപ്പം ഒരു കത്തും ഉണ്ടായിരുന്നു. കോടതിവിധിയെക്കുറിച്ച്‌ വായിച്ചറിഞ്ഞ ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലുള്ള ഒരു സാക്ഷിക്കുടുംബം അയച്ചതായിരുന്നു അത്‌. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “പ്രിയ സഹോദരങ്ങളേ, ഞങ്ങളുടെ മക്കളായ കോഡിയും ലെരീസയും റഷ്യയിലെ കൂട്ടുകാരുടെ വിശ്വാസത്തെയും നേരിട്ട പരിശോധനകളെയും കുറിച്ച്‌ കേട്ടു. അത്‌ അവരെ ഏറെ സ്‌പർശിച്ചു. റ്റാഗൻറോഗിലെ കുട്ടികൾക്കായി അവർ കുറച്ച്‌ കത്തുകളും കാർഡുകളും തയ്യാറാക്കിയിട്ടുണ്ട്‌. അവർക്കു ചില സമ്മാനങ്ങളും ഞങ്ങൾ അതോടൊപ്പം അയയ്‌ക്കുന്നു. വളരെ അകലെയാണെങ്കിലും യഹോവയെ വിശ്വസ്‌തതയോടെ സേവിക്കുന്ന, അവരെക്കുറിച്ചു ചിന്തയുള്ള കുട്ടികൾ ഇവിടെയും ഉണ്ടെന്ന്‌ അവർ അറിയട്ടെ. കുട്ടികളുടെ സ്‌നേഹാശ്ലേഷങ്ങൾ അവർക്കു നൽകുമല്ലോ!”

സമ്മാനങ്ങൾ ലഭിച്ചപ്പോൾ റ്റാഗൻറോഗിലെ കുട്ടികൾ തങ്ങൾ വരച്ച പടങ്ങളും നന്ദിവാക്കുകളും സഹിതമുള്ള കത്തുകൾ ഓസ്‌ട്രേലിയയിലുള്ള ആ കുടുംബത്തിന്‌ അയച്ചുകൊടുത്തു. ‘ശിശുക്കളുടെ വായിൽനിന്നു’ വന്ന പ്രോത്സാഹനത്തിന്റെ വാക്കുകൾ വായിച്ച്‌ റഷ്യയിലെ ബ്രാഞ്ചിൽ സേവിക്കുന്ന ഒരു സഹോദരൻ കോഡിക്കും ലെരീസയ്‌ക്കും ഇങ്ങനെ എഴുതി: “ചെയ്യാത്ത കുറ്റത്തിനു ശിക്ഷ കിട്ടിയാൽ കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഉണ്ടാകുന്ന വിഷമം നിങ്ങൾക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. റ്റാഗൻറോഗിലുള്ള നമ്മുടെ സഹോദരീസഹോദരന്മാർ തെറ്റൊന്നും ചെയ്‌തിട്ടില്ലെങ്കിലും അവർക്കു രാജ്യഹാൾ നഷ്ടമായി. അതിൽ അവർക്ക്‌ വളരെ സങ്കടമുണ്ട്‌. ലോകത്തിന്റെ മറുഭാഗത്ത്‌, അവരെക്കുറിച്ചു ചിന്തയുള്ളവരുണ്ടെന്ന്‌ അറിയുന്നത്‌ അവർക്ക്‌ വലിയ പ്രോത്സാഹനമാണ്‌. നിങ്ങൾ കാണിച്ച സ്‌നേഹത്തിനും നല്ല മനസ്സിനും നന്ദി!”—സങ്കീ. 8:2.

നാം ഒരു ലോകവ്യാപക സഹോദരവർഗത്തിന്റെ ഭാഗമാണെന്ന്‌ ഇതു തെളിയിക്കുന്നു. ജീവിതത്തിലെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും തളർന്നുപോകാതിരിക്കാൻ നമ്മെ സഹായിക്കുന്നത്‌ ഈ പരസ്‌പരസ്‌നേഹമാണ്‌. യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ വിദ്വേഷം ഊട്ടിവളർത്തുന്നതാണോ എന്നതിനെക്കുറിച്ച്‌ കോടതിമുറികളിൽ ചൂടുപിടിച്ച ചർച്ച നടക്കുമ്പോൾ, ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും അതിർവരമ്പുകൾക്ക്‌ അതീതമായി നമ്മുടെ കുട്ടികൾ നിശ്ശബ്ദം, പരസ്‌പരം കരുതൽ കാണിക്കുകയായിരുന്നു. “നിങ്ങൾക്കു പരസ്‌പരം സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാകുന്നുവെന്ന്‌ എല്ലാവരും അറിയും” എന്ന യേശുവിന്റെ വാക്കുകൾ എത്ര സത്യമാണ്‌!—യോഹ. 13:35.

[32-ാം പേജിലെ ചിത്രങ്ങൾ]

ഓസ്‌ട്രേലിയയിലെ കുട്ടികളിൽനിന്ന്‌ (വലത്ത്‌) സമ്മാനങ്ങൾ ലഭിച്ച റഷ്യയിലെ കുട്ടികൾ (ഇടത്ത്‌)