വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

60 വർഷത്തെ സൗഹൃദം, ഒരു തുടക്കം മാത്രം!

60 വർഷത്തെ സൗഹൃദം, ഒരു തുടക്കം മാത്രം!

ജീവിതകഥ

60 വർഷത്തെ സൗഹൃദം, ഒരു തുടക്കം മാത്രം!

1951-ലെ ഒരു വേനൽക്കാല സായാഹ്നം. യു.എസ്‌.എ.-യിലെ ന്യൂയോർക്കിലുള്ള ഇത്തക്കയിൽ അടുത്തടുത്തുള്ള ബൂത്തുകളിൽനിന്ന്‌ നാലു ചെറുപ്പക്കാർ ആവേശത്തോടെ ഫോൺചെയ്യുന്നു. എല്ലാവർക്കും പ്രായം ഏകദേശം 20-നു മുകളിൽ കാണും. മിഷിഗൺ, അയവ, കാലിഫോർണിയ എന്നീ വിദൂരസ്ഥലങ്ങളിലേക്ക്‌ ഒരു സന്തോഷവാർത്ത അറിയിക്കുകയാണ്‌ അവർ!

ഗിലെയാദ്‌ സ്‌കൂളിന്റെ 17-ാമത്തെ ക്ലാസ്സിൽ പങ്കെടുക്കാൻ ആ വർഷം ഫെബ്രുവരിയിൽ 122 പയനിയർമാർ ന്യൂയോർക്കിലെ സൗത്ത്‌ ലാൻസിങ്ങിൽ എത്തിച്ചേർന്നിരുന്നു. മിഷനറിമാരാകാൻ പ്രതീക്ഷിച്ചു വന്ന അവരിൽ നാലു പേരാണ്‌ ലോയൽ ടേണർ, വില്യം (ബിൽ) കാസ്റ്റൻ, റിച്ചാർഡ്‌ കെൽസി, റേമൻ ടെമ്പൾടൺ എന്നിവർ. ലോയലും ബില്ലും മിഷിഗണിൽനിന്നുള്ളവരായിരുന്നു; റിച്ചാർഡ്‌ അയവയിൽനിന്നും റേമൻ കാലിഫോർണിയയിൽനിന്നും. വൈകാതെ ഇവർ ഉറ്റസുഹൃത്തുക്കളായി.

ഏതാണ്ട്‌ അഞ്ചു മാസം കടന്നുപോയി. ഒരു ദിവസം ലോകാസ്ഥാനത്തുനിന്ന്‌ നേഥൻ എച്ച്‌. നോർ സഹോദരൻ വിദ്യാർഥികളെ കാണാൻ വരുന്നുണ്ടെന്ന്‌ അറിയിപ്പു ലഭിച്ചു. എല്ലാവരും ആവേശത്തിലായി. സാധിക്കുമെങ്കിൽ, ഒരേ രാജ്യത്ത്‌ ഒന്നിച്ചു സേവിക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ ഈ നാലു സഹോദരന്മാർ പറഞ്ഞിരുന്നു. ഏതു വിദേശരാജ്യത്തേക്കാണ്‌ അവരെ മിഷനറിമാരായി അയയ്‌ക്കുന്നതെന്ന്‌ അദ്ദേഹത്തിന്റെ ഈ വരവിൽ അറിയാനാകുമോ?

വിദ്യാർഥികളെ അഭിസംബോധന ചെയ്‌തു സംസാരിച്ച ശേഷം നോർ സഹോദരൻ, ഓരോരുത്തരെയും നിയമിച്ചിരിക്കുന്ന രാജ്യം അറിയിക്കാൻ തുടങ്ങിയതോടെ എല്ലാവരും ആകാംക്ഷയുടെ മുൾമുനയിലായി. അത്‌ അറിയാനായി നെഞ്ചിടിപ്പോടെ കാത്തിരുന്ന ആ നാൽവർ സംഘത്തെയാണ്‌ ആദ്യം വേദിയിലേക്കു ക്ഷണിച്ചത്‌. തങ്ങളെ ഒരുമിച്ചായിരിക്കും നിയമിക്കുന്നതെന്ന്‌ മനസ്സിലായപ്പോൾ അവർക്ക്‌ ആശ്വാസമായി. പക്ഷേ, അത്‌ എങ്ങോട്ടാണ്‌? അവരെ അയയ്‌ക്കുന്നത്‌ ജർമനിയിലേക്കാണെന്നു കേട്ടതും ആശ്ചര്യം അടക്കാനാവാതെ സഹപാഠികൾ ഒന്നടങ്കം നിറുത്താതെ കയ്യടിച്ചു.

1933-ൽ തുടങ്ങിയ ഹിറ്റ്‌ലറിന്റെ കിരാതഭരണത്തിൻകീഴിൽ വിശ്വസ്‌തത കൈവിടാതിരുന്ന ജർമനിയിലെ സാക്ഷികളുടെ ചരിത്രം എല്ലായിടത്തുമുള്ള യഹോവയുടെ സാക്ഷികളെ വിസ്‌മയിപ്പിച്ചിരുന്ന കാലമായിരുന്നു അത്‌. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിലെ സഹോദരങ്ങൾക്കുവേണ്ടി തുണികളും മറ്റു സാധനങ്ങളും അയച്ചുകൊടുക്കുന്നതിൽ പങ്കെടുത്തവരായിരുന്നു പല വിദ്യാർഥികളും. അസാമാന്യ വിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ധൈര്യത്തിന്റെയും യഹോവയിലുള്ള ആശ്രയത്തിന്റെയും നല്ല മാതൃകകളായിരുന്നു ജർമനിയിലെ ദൈവദാസർ. ‘പ്രിയങ്കരരായ ഈ സഹോദരീസഹോദരന്മാരെ അടുത്തറിയാൻ ഇനി ഞങ്ങൾക്കാകുമല്ലോ’ എന്ന്‌ അന്നു ചിന്തിച്ചതായി ലോയൽ ഓർക്കുന്നു. എല്ലാവരും ആവേശത്തോടെ പോയി ഫോൺചെയ്‌തത്‌ എന്തുകൊണ്ടാണെന്ന്‌ ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ!

ജർമനിയിലേക്കുള്ള യാത്ര

ന്യൂയോർക്കിലെ ഈസ്റ്റ്‌ റിവറിലുള്ള തുറമുഖത്തുനിന്ന്‌ 1951 ജൂലൈ 27-ാം തീയതി എസ്‌എസ്‌ ഹോംലാൻഡ്‌ എന്ന ആവിക്കപ്പൽ നീങ്ങിത്തുടങ്ങിയതോടെ ആ നാലു കൂട്ടുകാരുടെ ജർമനിയിലേക്കുള്ള യാത്ര ആരംഭിച്ചു. ഗിലെയാദിലെ അവരുടെ അധ്യാപകരിൽ ഒരാളായിരുന്ന (പിന്നീട്‌ ഭരണസംഘാംഗമായ) ആൽബർട്ട്‌ ഷ്രോഡർ സഹോദരൻ അവരെ ഏതാനും ജർമൻ വാചകങ്ങൾ പഠിപ്പിച്ചിരുന്നു. 11 ദിവസത്തെ യാത്രയ്‌ക്കിടയിൽ ജർമൻകാരായ സഹയാത്രികരിൽനിന്ന്‌ കൂടുതൽ പഠിക്കാനാകുമെന്ന്‌ അവർ പ്രതീക്ഷിച്ചിരുന്നിരിക്കാം. പക്ഷേ, കാര്യമായൊന്നും നടന്നില്ല. അവർ സംസാരിച്ചിരുന്നത്‌ ജർമൻ ഭാഷയുടെ പല രൂപങ്ങളായിരുന്നിരിക്കണം; പാവങ്ങൾ കുഴഞ്ഞുപോയി!

ഒടുവിൽ ആഗസ്റ്റ്‌ 7 ചൊവ്വാഴ്‌ച രാവിലെ ആ സഹോദരന്മാർ ജർമൻ മണ്ണിൽ കാലുകുത്തി. കടൽച്ചൊരുക്ക്‌ അനുഭവിച്ച്‌ അവശരായിരുന്നു അവർ അപ്പോൾ. ഹാംബർഗിലാണ്‌ ഇറങ്ങിയത്‌. വെറും ആറു വർഷം മുമ്പ്‌ കെട്ടടങ്ങിയ യുദ്ധത്തിന്റെ അവശേഷിപ്പുകൾ എങ്ങും കാണാമായിരുന്നു. ആ കാഴ്‌ചയുടെ ഭാരംപേറി രാത്രി അവർ വീസ്‌ബാഡനിലേക്കു തീവണ്ടി കയറി. അന്ന്‌ ബ്രാഞ്ച്‌ ഓഫീസ്‌ അവിടെയായിരുന്നു.

ബുധനാഴ്‌ച വെളുപ്പിന്‌ അവർ അവിടെ ആദ്യമായി ഒരു ജർമൻ സാക്ഷിയെ കണ്ടുമുട്ടി. തനി ജർമൻ പേരുകാരൻ! ഹാൻസ്‌ എന്ന ആ സഹോദരൻ അവരെ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ ബെഥേലിൽ എത്തിച്ചു. ഇംഗ്ലീഷ്‌ ഒട്ടും അറിയാത്ത, പ്രായമുള്ള, ഗൗരവക്കാരിയായ ഒരു സഹോദരിയുടെ പക്കലാണ്‌ ഹാൻസ്‌ അവരെ ഏൽപ്പിച്ചത്‌. ഉച്ചത്തിൽ സംസാരിച്ചാൽ ഇവർക്ക്‌ ജർമൻ മനസ്സിലാകുമെന്ന്‌ കരുതിയിട്ടാണോ എന്തോ, സഹോദരി ഒച്ചകൂട്ടി സംസാരിക്കാൻ തുടങ്ങി. ഒച്ച കൂടിയതല്ലാതെ ആർക്കുമാർക്കും ഒന്നും മനസ്സിലായില്ല. ഒടുവിൽ അവിടത്തെ ബ്രാഞ്ച്‌ ദാസനായ എറിക്‌ ഫ്രോസ്റ്റ്‌ സഹോദരൻ വന്നപ്പോഴാണ്‌ രംഗമൊന്ന്‌ ശാന്തമായത്‌. അദ്ദേഹം ഇംഗ്ലീഷിൽ സ്വാഗതം ചെയ്‌തതോടെ അവർക്ക്‌ ആശ്വാസമായി.

ആഗസ്റ്റ്‌ മാസം ഒടുവിൽ അവർ നാലു പേരും ആദ്യമായി ഒരു ജർമൻ കൺവെൻഷനിൽ സംബന്ധിച്ചു. ഫ്രാങ്ക്‌ഫർട്ട്‌ ആം മെയിനിൽ നടന്ന “നിർമലാരാധന” സമ്മേളനമായിരുന്നു അത്‌. 47,432 എന്ന ഹാജരും 2,373 പേർ സ്‌നാനമേറ്റതും ആ സഹോദരന്മാരുടെ മിഷനറി ആത്മാവിനെയും പ്രസംഗിക്കാനുള്ള ആഗ്രഹത്തെയും പൂർവാധികം ശക്തമാക്കി. എന്നാൽ ഏതാനും ദിവസങ്ങൾക്കകം നോർ സഹോദരനിൽനിന്ന്‌ അവർക്ക്‌ ഒരു സന്ദേശം ലഭിച്ചു; ബെഥേലിൽ താമസിച്ച്‌ അവിടത്തെ വേല നിർവഹിക്കാനായിരുന്നു നിർദേശം.

മിഷനറിവേല മനസ്സിൽ കൊണ്ടുനടന്നിരുന്നതിനാൽ ഐക്യനാടുകളിലെ ബെഥേലിൽ സേവിക്കാനുള്ള അവസരം റേമൻ ഒരിക്കൽ വേണ്ടെന്നു വെച്ചതാണ്‌. റിച്ചാർഡും ബില്ലും ആകട്ടെ, ബെഥേൽ സേവനത്തെക്കുറിച്ചു ചിന്തിച്ചിട്ടുപോലും ഇല്ലായിരുന്നു. എന്നാൽ തങ്ങളുടെ നിയമനത്തിൽനിന്നു പിൽക്കാലത്തു ലഭിച്ച സന്തോഷം, നമുക്ക്‌ ഏറ്റവും നല്ലത്‌ എന്തെന്ന്‌ അറിയാവുന്നത്‌ യഹോവയ്‌ക്കാണെന്ന കാര്യം അവരെ ഒന്നുകൂടി ബോധ്യപ്പെടുത്തി. അതെ, സ്വന്തം ആഗ്രഹങ്ങൾ എന്തായിരുന്നാലും യഹോവ നമ്മെ നയിക്കുന്ന വഴിയേ പോകുന്നതാണ്‌ ബുദ്ധി. ഇതു മനസ്സിലാക്കിയിട്ടുള്ളവർ യഹോവ നൽകുന്ന നിയമനം ഏതായാലും എവിടെയായാലും അത്‌ സന്തോഷത്തോടെ നിർവഹിക്കും.

ഫെർബോറ്റൻ!

അമേരിക്കക്കാർ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായതിൽ ജർമൻ ബെഥേലിലെ പലരും വളരെ സന്തോഷിച്ചു; അവരോട്‌ ഇംഗ്ലീഷ്‌ സംസാരിച്ചു പഠിക്കാമല്ലോ! പക്ഷേ, ഒരു സുപ്രഭാതത്തിൽ ആ സ്വപ്‌നമെല്ലാം തകർന്നടിഞ്ഞു. ഒരു ദിവസം ഭക്ഷണത്തിനിരിക്കുമ്പോൾ ഫ്രോസ്റ്റ്‌ സഹോദരൻ തന്റെ പതിവു ശൈലിയിൽ വീറോടെ ജർമൻ ഭാഷയിൽ ഗൗരവമുള്ള എന്തോ പറഞ്ഞുതുടങ്ങി. അവിടെയുണ്ടായിരുന്ന മിക്ക സഹോദരങ്ങളും ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു. നവാഗതരായ നാൽവർ സംഘത്തിന്‌ ആദ്യമൊന്നും കാര്യം പിടികിട്ടിയില്ലെങ്കിലും തങ്ങളെക്കുറിച്ചെന്തോ പറയുകയാണെന്ന്‌ പതിയെ മനസ്സിലായി. അതുകൊണ്ട്‌ ഫ്രോസ്റ്റ്‌ സഹോദരൻ ഒച്ചയുയർത്തി “ഫെർബോറ്റൻ!” (“നിരോധിച്ചിരിക്കുന്നു!”) എന്ന്‌ ദൃഢസ്വരത്തിൽ ആവർത്തിച്ചപ്പോൾ അവർ അസ്വസ്ഥരായി. ഇത്രയൊക്കെ പറയാൻമാത്രം അവർ എന്താണ്‌ ചെയ്‌തത്‌?

ഭക്ഷണം കഴിഞ്ഞ്‌ എല്ലാവരും പെട്ടെന്ന്‌ സ്ഥലം കാലിയാക്കി. പിന്നീട്‌ ഒരു സഹോദരൻ സംഭവം വിശദീകരിച്ചപ്പോഴാണ്‌ അവർക്കു കാര്യം പിടികിട്ടിയത്‌. അദ്ദേഹം പറഞ്ഞു: “ഞങ്ങളെ സഹായിക്കാൻ കഴിയണമെങ്കിൽ നിങ്ങൾ ജർമൻ സംസാരിക്കാൻ പഠിക്കണം. അതുകൊണ്ടാണ്‌ ഭാഷ പഠിക്കുന്നതുവരെ നിങ്ങളോട്‌ ഇംഗ്ലീഷിൽ സംസാരിക്കുന്നത്‌ ഫെർബോറ്റൻ എന്ന്‌ ഫ്രോസ്റ്റ്‌ സഹോദരൻ പറഞ്ഞത്‌.”

ബെഥേലംഗങ്ങളെല്ലാം അത്‌ അപ്പാടെ അനുസരിച്ചു. അതിനു ഫലമുണ്ടായി. ആ പുതിയവർ ജർമൻ ഭാഷ പഠിച്ചെടുത്തു; കൂടാതെ, സ്‌നേഹമുള്ള ഒരു സഹോദരൻ നൽകുന്ന ബുദ്ധിയുപദേശം അനുസരിക്കാൻ തുടക്കത്തിൽ പ്രയാസമായിരുന്നേക്കാമെങ്കിലും അതു മിക്കപ്പോഴും നമ്മുടെ നന്മയിൽ കലാശിക്കുമെന്നും അത്‌ അവരെ പഠിപ്പിച്ചു. ഫ്രോസ്റ്റ്‌ സഹോദരന്റെ ബുദ്ധിയുപദേശത്തിൽ നിഴലിച്ചത്‌ യഹോവയുടെ സംഘടനയുടെ ക്ഷേമത്തിലുള്ള അദ്ദേഹത്തിന്റെ താത്‌പര്യവും സഹോദരങ്ങളോടുള്ള സ്‌നേഹവും ആണ്‌. a ആ നാലു പേരും ഫ്രോസ്റ്റ്‌ സഹോദരനെ പിൽക്കാലത്ത്‌ അതിയായി സ്‌നേഹിച്ചതിൽ അതിശയിക്കാനില്ല!

സുഹൃത്തുക്കളിൽനിന്നു പഠിക്കാം

ദൈവഭയമുള്ള സുഹൃത്തുക്കളിൽനിന്ന്‌ നമുക്ക്‌ വിലയേറിയ പാഠങ്ങൾ പഠിക്കാനാകും. അവ യഹോവയുമായുള്ള നമ്മുടെ സൗഹൃദം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. ആ നാലു സുഹൃത്തുക്കൾ വിശ്വസ്‌തരായ ജർമൻ സഹോദരീസഹോദരന്മാരിൽനിന്ന്‌ വളരെയധികം കാര്യങ്ങൾ പഠിച്ചു; അങ്ങനെ ഒട്ടേറെപ്പേർ ഉള്ളതിനാൽ എല്ലാവരുടെയും പേരെടുത്തു പറയുക ബുദ്ധിമുട്ടാണ്‌. അതോടൊപ്പം അവർ ഓരോരുത്തരും മറ്റു മൂവരിൽനിന്നും പലതും പഠിച്ചു. റിച്ചാർഡ്‌ പറയുന്നു: “ലോയലിന്‌ ജർമൻ ഭാഷ കുറച്ചൊക്കെ അറിയാമായിരുന്നതിനാൽ അദ്ദേഹത്തിന്‌ വലിയ ബുദ്ധിമുട്ടുണ്ടായില്ല. എന്നാൽ ഞങ്ങൾ മൂന്നു പേരും ശരിക്കും വെള്ളംകുടിച്ചു. കൂട്ടത്തിൽ മൂത്തത്‌ ലോയൽ ആയിരുന്നതിനാൽ സാധാരണഗതിയിൽ ഭാഷാപരമായ കാര്യങ്ങൾക്കായും നേതൃത്വത്തിനായും ഞങ്ങൾ തിരിഞ്ഞത്‌ അദ്ദേഹത്തിലേക്കാണ്‌.” റേമൻ ഓർക്കുന്നു: “ജർമനിയിൽ എത്തി ഒരു വർഷം കഴിഞ്ഞപ്പോൾ ആദ്യത്തെ ഒഴിവുകാലം സ്വിറ്റ്‌സർലൻഡിൽ ചെലവഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അവിടത്തുകാരനായ ഒരു സഹോദരൻ തടികൊണ്ടുള്ള മനോഹരമായ അദ്ദേഹത്തിന്റെ വീട്‌ ഞങ്ങൾക്കു വിട്ടുതന്നപ്പോൾ എനിക്ക്‌ ആവേശം അടക്കാനായില്ല. ജർമൻ ഭാഷയുമായി മല്ലിടാതെ രണ്ടാഴ്‌ച സ്വിറ്റ്‌സർലൻഡിൽ സ്വസ്ഥം! പക്ഷേ ലോയലിന്റെ മനസ്സിലുള്ളത്‌ എന്താണെന്ന്‌ ഞാൻ അറിഞ്ഞിരുന്നില്ല. എല്ലാ ദിവസവും രാവിലെ ദിനവാക്യചർച്ച ജർമൻ ഭാഷയിൽ നടത്തണമെന്ന്‌ അദ്ദേഹം നിർബന്ധംപിടിച്ചു. അദ്ദേഹം ഒരു വിട്ടുവീഴ്‌ചയ്‌ക്ക്‌ ഒരുക്കമല്ലായിരുന്നു. അത്‌ എന്നെ നിരാശപ്പെടുത്തി. പക്ഷേ, വിലപ്പെട്ട ഒരു പാഠം ഞങ്ങൾ അതിൽനിന്നു പഠിച്ചു. നമ്മുടെ നന്മയെ കരുതി പ്രവർത്തിക്കുന്നവർ നേതൃത്വമെടുക്കുമ്പോൾ കീഴ്‌പെടുക, യോജിക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടാണെങ്കിലും. കാലാന്തരത്തിൽ ഈ മനോഭാവം ഞങ്ങൾക്ക്‌ ഏറെ ഗുണംചെയ്‌തു. ദിവ്യാധിപത്യ നിർദേശത്തിനു കീഴ്‌പെടുന്നത്‌ അത്‌ ഏറെ എളുപ്പമാക്കിത്തീർത്തു.”

“താഴ്‌മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്‌ഠരായി കരുതുവിൻ” എന്ന ഫിലിപ്പിയർ 2:3-ലെ വാക്കുകൾക്കു ചേർച്ചയിൽ, ഓരോരുത്തരുടെയും കഴിവുകൾ അംഗീകരിക്കാൻ ഈ സുഹൃത്തുക്കൾ പഠിച്ചെടുത്തു. അതുകൊണ്ട്‌, തങ്ങളെക്കാൾ നന്നായി ബില്ലിന്‌ കൈകാര്യം ചെയ്യാനാകുമെന്നു തോന്നുന്ന കാര്യങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചുകൊണ്ട്‌ അവർ അദ്ദേഹത്തെ ആദരിച്ചിരുന്നു. ലോയൽ പറയുന്നു: “പ്രയാസമേറിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ, നിർണായകമായതോ അത്ര സുഖകരമല്ലാത്തതോ ആയ നടപടികൾ കൈക്കൊള്ളേണ്ടതുള്ളപ്പോൾ ഞങ്ങൾ ബില്ലിനെയാണ്‌ ആശ്രയിച്ചത്‌. വിഷമകരമായ ഒരു സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ഞങ്ങൾ ഏകാഭിപ്രായത്തിൽ എത്തിച്ചേരുമായിരുന്നെങ്കിലും അത്‌ കൈകാര്യം ചെയ്യാനുള്ള ധൈര്യമോ പ്രാപ്‌തിയോ ഞങ്ങൾ മൂവർക്കും അത്രകണ്ട്‌ ഉണ്ടായിരുന്നില്ല. എന്നാൽ ബില്ലിന്‌ ആ നയചാതുര്യം ഉണ്ടായിരുന്നു.”

സന്തുഷ്ടദാമ്പത്യങ്ങൾ

ഒന്നിനു പുറകേ ഒന്നായി നാലു പേരും വിവാഹിതരാകാൻ തീരുമാനിച്ചു. യഹോവയോടും മുഴുസമയശുശ്രൂഷയോടും ഉള്ള സ്‌നേഹമാണ്‌ അവരെ സുഹൃത്തുക്കളാക്കിയത്‌; അതുകൊണ്ട്‌, ജീവിതത്തിൽ യഹോവയ്‌ക്കു മുൻഗണന നൽകുന്ന ഇണകളെ കണ്ടെത്താൻ അവർ തീരുമാനിച്ചുറച്ചു. വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണെന്നും വ്യക്തിപരമായ ആഗ്രഹങ്ങളെക്കാൾ രാജ്യതാത്‌പര്യങ്ങൾക്കാണ്‌ പ്രാധാന്യം നൽകേണ്ടതെന്നും മുഴുസമയശുശ്രൂഷ അവരെ പഠിപ്പിച്ചിരുന്നു. അതുകൊണ്ട്‌, സ്വന്തം താത്‌പര്യപ്രകാരം അതിനോടകംതന്നെ മുഴുസമയശുശ്രൂഷകർ ആയിത്തീർന്ന സഹോദരിമാരെ അവർ കണ്ടെത്തി. അങ്ങനെ കരുത്തുറ്റ നാലു ദാമ്പത്യങ്ങൾ പിറവിയെടുത്തു.

സൗഹൃദമായാലും ദാമ്പത്യമായാലും അത്‌ ഈടുനിൽക്കണമെങ്കിൽ യഹോവ ആ ബന്ധത്തിലുണ്ടായിരിക്കണം. (സഭാ. 4:12) ബില്ലിന്റെയും റേമന്റെയും ഭാര്യമാർ പിന്നീട്‌ മരണമടഞ്ഞെങ്കിലും വിശ്വസ്‌തയായ ഒരു ഭാര്യ നൽകുന്ന സന്തോഷവും പിന്തുണയും അനുഭവിച്ചറിയാൻ അതിനകം അവർക്ക്‌ അവസരം ലഭിച്ചിരുന്നു. ലോയലും റിച്ചാർഡും ഇപ്പോഴും അത്‌ അനുഭവിച്ചറിയുന്നു. ബിൽ പിന്നീട്‌ പുനർവിവാഹം ചെയ്‌തു; അപ്പോഴും, മുഴുസമയശുശ്രൂഷയിൽ തുടരാൻ പറ്റിയ ഒരു ഇണയെയാണ്‌ അദ്ദേഹം തിരഞ്ഞെടുത്തത്‌.

നിയമനങ്ങൾ നിർവഹിക്കാനായി പിൽക്കാലത്ത്‌ അവർക്ക്‌ പല വഴിക്കു പിരിയേണ്ടിവന്നു; ജർമനി, ഓസ്‌ട്രിയ, ലക്‌സംബർഗ്‌, കാനഡ, ഐക്യനാടുകൾ എന്നിവിടങ്ങളിലെല്ലാം അവർ സേവിച്ചു. കാതങ്ങൾ അകലെയായിരുന്നതിനാൽ ആഗ്രഹിക്കുന്നത്രയും സമയം ഒന്നിച്ചു ചെലവഴിക്കാൻ അവർക്കായില്ല. എങ്കിലും അവർക്കിടയിലെ സമ്പർക്കം നിലനിന്നു. സുഖത്തിൽ അവർ ഒന്നിച്ചു സന്തോഷിച്ചു, ദുഃഖത്തിൽ അവർ ഒന്നിച്ചു കരഞ്ഞു. (റോമ. 12:15) ഇത്തരം സൗഹൃദങ്ങളുടെ വില നാം അറിയാതെ പോകരുത്‌. എന്നെന്നും കാത്തുസൂക്ഷിക്കേണ്ടവയാണ്‌ അവ. അങ്ങനെയുള്ള സുഹൃത്തുക്കൾ യഹോവയിൽനിന്നുള്ള വിലപ്പെട്ട സമ്മാനമാണ്‌. (സദൃ. 17:17) ഇക്കാലത്ത്‌ യഥാർഥ സുഹൃത്തുക്കൾ എത്ര വിരളമാണ്‌! എന്നാൽ സത്യക്രിസ്‌ത്യാനികൾക്ക്‌ സുഹൃത്തുക്കളെ കണ്ടെത്താൻ പ്രയാസമില്ല. യഹോവയുടെ സാക്ഷികളായ നമുക്ക്‌ ലോകമെമ്പാടുമുള്ള സഹവിശ്വാസികളോടും അതിലുപരി യഹോവയാം ദൈവത്തോടും യേശുക്രിസ്‌തുവിനോടും സൗഹൃദം പങ്കിടാനാകും.

എല്ലാവരുടെയും കാര്യത്തിലെന്നപോലെ ഈ കൂട്ടുകാരുടെ ജീവിതയാത്രയിലും കാറുംകോളും ഉണ്ടായിട്ടുണ്ട്‌. ഇണയെ നഷ്ടപ്പെടുന്നതിന്റെ വേദനയും ഗുരുതരമായ രോഗവുമായി മല്ലിടുമ്പോഴുള്ള ഉത്‌കണ്‌ഠയും പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നതിനെക്കുറിച്ചുള്ള ആകുലതയും മുഴുസമയശുശ്രൂഷയിലായിരിക്കെ കുട്ടിയെ വളർത്തുന്നതിന്റെ ക്ലേശങ്ങളും പുതിയൊരു ദിവ്യാധിപത്യ നിയമനം ലഭിക്കുമ്പോൾ അനുഭവപ്പെടുന്ന ആശങ്കയും പ്രായാധിക്യംനിമിത്തം ഈയിടെയായി വർധിച്ചുവരുന്ന ബുദ്ധിമുട്ടുകളും ഒക്കെ അതിന്റെ ഭാഗമാണ്‌. പക്ഷേ, ഇത്രയും കാലത്തെ അനുഭവത്തിൽനിന്ന്‌ അവർ തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്‌: യഹോവയെ സ്‌നേഹിക്കുന്നവരുടെ ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടാകുമ്പോൾ കൈത്താങ്ങേകാൻ നല്ല സുഹൃത്തുക്കൾ ഒപ്പമുണ്ടാകും, അവർ നമ്മുടെ അരികിലായാലും അകലെയായാലും.

അനന്തതയിലേക്കു നീളുന്ന ആത്മബന്ധം

ലോയൽ 18-ാം വയസ്സിലും റേമൻ 12-ാം വയസ്സിലും ബിൽ 11-ാം വയസ്സിലും റിച്ചാർഡ്‌ 10-ാം വയസ്സിലും ദൈവത്തിന്‌ ജീവിതം സമർപ്പിച്ചവരാണ്‌. 17-നും 21-നും ഇടയ്‌ക്ക്‌ പ്രായമുള്ളപ്പോൾ അവരെല്ലാം മുഴുസമയശുശ്രൂഷയും ഏറ്റെടുത്തു. “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക” എന്ന സഭാപ്രസംഗി 12:1-ലെ പ്രോത്സാഹനവാക്കുകൾ അവർ ചെവിക്കൊണ്ടത്‌ എത്ര നന്നായി!

നിങ്ങൾ ഒരു യുവസഹോദരനാണോ? സാധിക്കുമെങ്കിൽ, യഹോവയുടെ ക്ഷണം സ്വീകരിച്ച്‌ മുഴുസമയശുശ്രൂഷ ഏറ്റെടുക്കാൻ മുന്നോട്ടുവരുക. അങ്ങനെ ചെയ്‌താൽ യഹോവയുടെ കൃപയാൽ ആ നാലു സുഹൃത്തുക്കളെപ്പോലെ സർക്കിട്ട്‌, ഡിസ്‌ട്രിക്‌റ്റ്‌, മേഖലാ മേൽവിചാരകനായി പ്രവർത്തിക്കാനോ, ബെഥേലിൽ ഒരുപക്ഷേ ബ്രാഞ്ച്‌ കമ്മിറ്റിയംഗമായിപ്പോലും സേവിക്കാനോ രാജ്യശുശ്രൂഷാ സ്‌കൂൾ, പയനിയർ സേവനസ്‌കൂൾ എന്നിവയിൽ പഠിപ്പിക്കാനോ ചെറുതും വലുതും ആയ കൺവെൻഷനുകളിൽ പ്രസംഗിക്കാനോ നിങ്ങൾക്കു പദവി ലഭിച്ചേക്കാം. തങ്ങളുടെ സേവനത്തിൽനിന്ന്‌ പതിനായിരങ്ങൾ പ്രയോജനം നേടിയെന്ന അറിവ്‌ ഈ നാലു പേർക്ക്‌ എത്രമാത്രം സന്തോഷം നൽകിയെന്നോ! മുഴുദേഹിയോടെ തന്നെ സേവിക്കാൻ സ്‌നേഹപുരസ്സരം യഹോവ നീട്ടിയ ക്ഷണം യുവപ്രായത്തിൽ സ്വീകരിച്ചതുകൊണ്ടാണ്‌ അവർക്ക്‌ ഇതെല്ലാം സാധ്യമായത്‌.—കൊലോ. 3:23.

ലോയലും റിച്ചാർഡും റേമനും വീണ്ടും ഒന്നിച്ചു. അവർ ഇപ്പോൾ ജർമനിയിൽ സെൽറ്റേഴ്‌സിലുള്ള ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുകയാണ്‌. സങ്കടകരമെന്നു പറയട്ടെ, ഐക്യനാടുകളിൽ പ്രത്യേക പയനിയറായി സേവിക്കെ 2010-ൽ ബിൽ മരണമടഞ്ഞു. ഏതാണ്ട്‌ 60 വർഷം നീണ്ടുനിന്ന ആ സവിശേഷ സുഹൃദ്‌ബന്ധത്തെ മരണം തച്ചുടച്ചു! പക്ഷേ, നമ്മുടെ ദൈവമായ യഹോവ തന്റെ സുഹൃത്തുക്കളെ ഒരിക്കലും മറക്കില്ല. അവന്റെ രാജ്യത്തിൻകീഴിൽ, മരണം താത്‌കാലികമായി അടർത്തിമാറ്റിയ ക്രിസ്‌തീയ സൗഹൃദങ്ങൾ വീണ്ടും തളിർക്കും, അത്‌ ഉറപ്പാണ്‌.

മരണത്തിനു തൊട്ടുമുമ്പ്‌ ബിൽ ഇങ്ങനെ എഴുതി: “60 വർഷത്തെ നമ്മുടെ സൗഹൃദത്തിനിടയിൽ സുഖകരമല്ലാത്ത ഒരു നിമിഷംപോലും എനിക്ക്‌ ഓർക്കാനാകുന്നില്ല. നമ്മുടെ ഈ ബന്ധം എനിക്കെന്നും വിലപ്പെട്ടതായിരുന്നു.” പുതിയ ഭൂമിയിൽ അനന്തമായി നീളുന്ന തങ്ങളുടെ സൗഹൃദം മനസ്സിൽക്കണ്ട്‌ അദ്ദേഹത്തിന്റെ ആ മൂന്നു സുഹൃത്തുക്കൾ ഏറ്റുപറഞ്ഞു: “അതിന്‌, ഇത്‌ വെറും തുടക്കം മാത്രമല്ലേ!”

[അടിക്കുറിപ്പ്‌]

a ഫ്രോസ്റ്റ്‌ സഹോദരന്റെ ആവേശം തുളുമ്പുന്ന ജീവിതകഥ 1961 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 244-249 പേജുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

[18-ാം പേജിലെ ആകർഷക വാക്യം]

നിയമനത്തിൽനിന്നു ലഭിച്ച സന്തോഷം, നമുക്ക്‌ ഏറ്റവും നല്ലത്‌ എന്തെന്ന്‌ അറിയാവുന്നത്‌ യഹോവയ്‌ക്കാണെന്ന കാര്യം അവരെ ഒന്നുകൂടി ബോധ്യപ്പെടുത്തി

[21-ാം പേജിലെ ആകർഷക വാക്യം]

“60 വർഷത്തെ നമ്മുടെ സൗഹൃദത്തിനിടയിൽ സുഖകരമല്ലാത്ത ഒരു നിമിഷംപോലും എനിക്ക്‌ ഓർക്കാനാകുന്നില്ല”

[17-ാം പേജിലെ ചിത്രം]

ഇടത്തുനിന്ന്‌ വലത്തോട്ട്‌: റിച്ചാർഡ്‌, ലോയൽ, റേമൻ, ബിൽ എന്നിവർ ഗിലെയാദിൽവെച്ച്‌ സുഹൃത്തുക്കളായി

[18-ാം പേജിലെ ചിത്രങ്ങൾ]

മുകളിൽ: റേമൻ ഒരു രാജ്യശുശ്രൂഷാ സ്‌കൂളിൽ പഠിപ്പിക്കുന്നു; വലത്ത്‌: റിച്ചാർഡ്‌ വീസ്‌ബാഡനിലെ ബെഥേലിലെ അഡ്രസ്സോഗ്രാഫിൽ പണി ചെയ്യുന്നു

[19-ാം പേജിലെ ചിത്രങ്ങൾ]

മുകളിൽ: നോർ സഹോദരന്റെ (ഇടത്ത്‌) സന്ദർശനവേളയിൽ ഫ്രോസ്റ്റ്‌ സഹോദരനും (വലത്ത്‌) മറ്റുള്ളവരും; വലത്ത്‌: 1952-ലെ ഒഴിവുകാലത്ത്‌ സ്വിറ്റ്‌സർലൻഡിൽ

[20-ാം പേജിലെ ചിത്രം]

ഇടത്തുനിന്ന്‌ വലത്തോട്ട്‌: റിച്ചാർഡും ബില്ലും ലോയലും റേമനും 1984-ൽ സെൽറ്റേഴ്‌സിലെ ബ്രാഞ്ച്‌ കെട്ടിടങ്ങളുടെ സമർപ്പണത്തിന്‌ ഒത്തുചേർന്നപ്പോൾ

[21-ാം പേജിലെ ചിത്രം]

ഇടത്തുനിന്ന്‌ വലത്തോട്ട്‌: റേമനും റിച്ചാർഡും ലോയലും