വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘കേട്ടിട്ടുള്ളതിലേക്കും വിശിഷ്ടമായ സന്ദേശം’

‘കേട്ടിട്ടുള്ളതിലേക്കും വിശിഷ്ടമായ സന്ദേശം’

ചരിത്ര സ്‌മൃതികൾ

‘കേട്ടിട്ടുള്ളതിലേക്കും വിശിഷ്ടമായ സന്ദേശം’

“ഇതെല്ലാം എന്തിനാണ്‌?” കാനഡയിൽ സസ്‌കാചെവാനിലുള്ള സാസ്‌കറ്റൂണിലെ ആയുധപ്പുരയിൽ കണ്ട 60 അടി നീളമുള്ള തടിക്കഷണങ്ങളുടെ ഒരു കൂമ്പാരം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ജോർജ്‌ നാഷ്‌ ചോദിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത്‌, സിഗ്നൽ ടവറുകൾ നിർമിക്കാൻ ഉപയോഗിച്ചിരുന്ന തടികളാണ്‌ അവയെന്ന്‌ ആരോ അദ്ദേഹത്തോടു പറഞ്ഞു. നാഷ്‌ സഹോദരൻ പിന്നീട്‌ ഇങ്ങനെ പറയുകയുണ്ടായി: “റേഡിയോടവറുകൾ പണിയാൻ ഈ തടികൾ ഉപയോഗിക്കാമല്ലോ എന്നു ഞാൻ ചിന്തിച്ചു. അങ്ങനെയാണ്‌ ദിവ്യാധിപത്യ റേഡിയോനിലയത്തെക്കുറിച്ചുള്ള ആശയം ഉടലെടുത്തത്‌.” വെറും ഒരു വർഷത്തിനു ശേഷം 1924-ൽ സിഎച്ച്‌യുസി അതിന്റെ പ്രക്ഷേപണം ആരംഭിച്ചു. മതപരമായ വിഷയങ്ങൾ പ്രക്ഷേപണം ചെയ്യുന്ന കാനഡയിലെ ആദ്യത്തെ റേഡിയോനിലയങ്ങളിലൊന്നായിരുന്നു അത്‌.

ഏതാണ്ട്‌ യൂറോപ്പിന്റെ അത്രയും വിസ്‌തൃതിയുള്ളതിനാൽ റേഡിയോയിലൂടെയുള്ള സാക്ഷീകരണത്തിന്‌ കാനഡയിൽ പ്രസക്തിയുണ്ടായിരുന്നു. “റേഡിയോപ്രക്ഷേപണംകൊണ്ട്‌ വളരെ ഗുണമുണ്ടായി. നേരിട്ടു ചെന്നു കാണാൻ കഴിയാത്ത പല ആളുകളുടെയും അടുക്കൽ സത്യം എത്തി” എന്ന്‌ സാസ്‌കറ്റൂൺ നിലയത്തിൽ പ്രവർത്തിച്ചിരുന്ന ഫ്‌ലോറൻസ്‌ ജോൺസൺ പറഞ്ഞു. “റേഡിയോ അന്നൊരു പുതുമയായിരുന്നതിനാൽ പ്രക്ഷേപണം ചെയ്യുന്നതെന്തും കേൾക്കാൻ ആളുകൾ ആകാംക്ഷ കാണിച്ചിരുന്നു.” 1926-ഓടെ ബൈബിൾവിദ്യാർഥികൾ (യഹോവയുടെ സാക്ഷികൾ അന്ന്‌ അറിയപ്പെട്ടിരുന്നത്‌ അങ്ങനെയാണ്‌) നാലു കനേഡിയൻ നഗരങ്ങളിൽ സ്വന്തമായി റേഡിയോനിലയങ്ങൾ പ്രവർത്തിപ്പിക്കാൻ തുടങ്ങി. a

ഈ നിലയങ്ങളിൽ ഒന്നിലേക്ക്‌ റേഡിയോ ട്യൂൺ ചെയ്‌താൽ നിങ്ങൾക്ക്‌ എന്തു കേൾക്കാനാകുമായിരുന്നു? പ്രാദേശികസഭയിൽനിന്നുള്ള ഗായകർ വാദ്യോപകരണങ്ങളുടെയോ ചെറിയ വാദ്യവൃന്ദത്തിന്റെയോ അകമ്പടിയോടെ ഗീതങ്ങൾ ആലപിച്ചിരുന്നു. കൂടാതെ, സഹോദരന്മാരുടെ പ്രഭാഷണങ്ങളും ബൈബിൾചർച്ചകളും പ്രക്ഷേപണം ചെയ്‌തിരുന്നു. ബൈബിൾചർച്ചകളിൽ പങ്കെടുത്തിരുന്ന അമി ജോൺസ്‌ ഓർക്കുന്നു: “വയൽസേവനത്തിലായിരിക്കെ ഞാൻ സ്വയം പരിചയപ്പെടുത്തുമ്പോൾ, ‘നിങ്ങളുടെ ശബ്ദം ഞാൻ റേഡിയോയിലൂടെ കേൾക്കാറുണ്ടല്ലോ’ എന്ന്‌ വീട്ടുകാർ ചിലപ്പോൾ പറയുമായിരുന്നു.”

നോവ സ്‌കോഷയിലെ ഹാലിഫാക്‌സിലുള്ള ബൈബിൾവിദ്യാർഥികൾ ഒരു നവീനപരിപാടി പരീക്ഷിച്ചു നോക്കി: ശ്രോതാക്കൾക്ക്‌ ഫോണിലൂടെ ബൈബിൾചോദ്യങ്ങൾ ചോദിക്കാവുന്ന ഒരു ‘ടോക്‌-ഷോ,’ അതായത്‌ ഒരു ചർച്ചാവേദി. “വമ്പിച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. നിലയത്തിലേക്ക്‌ ഫോൺവിളികളുടെ പ്രവാഹമായിരുന്നു. പല കോളുകളും വിട്ടുകളയേണ്ടിവന്നു,” ഒരു സഹോദരൻ എഴുതി.

പൗലോസ്‌ അപ്പൊസ്‌തലന്റെ കാര്യത്തിലെന്നപോലെ ബൈബിൾവിദ്യാർഥികൾക്കും തങ്ങളുടെ സന്ദേശത്തോട്‌ സമ്മിശ്രപ്രതികരണമാണ്‌ ലഭിച്ചത്‌. (പ്രവൃ. 17:1-5) ചിലർക്കു സന്ദേശം ഇഷ്ടമായി. അതിൽ ഒരാളായ ഹെക്‌ടർ മാർഷൽ, വേദാദ്ധ്യയനങ്ങളെക്കുറിച്ച്‌ ബൈബിൾവിദ്യാർഥികൾ റേഡിയോയിലൂടെ പറയുന്നതു കേട്ട്‌ അതിന്റെ ആറു വാല്യങ്ങൾ ആവശ്യപ്പെട്ടു. “സൺഡേസ്‌കൂളിൽ പഠിപ്പിക്കാൻ ഈ പുസ്‌തകങ്ങൾ സഹായിക്കുമെന്ന്‌ എനിക്കുതോന്നി,” അദ്ദേഹം പിന്നീട്‌ എഴുതി. പക്ഷേ, അതിന്റെ ഒന്നാം വാല്യം വായിച്ചു തീർന്നപ്പോഴേക്കും പള്ളിവിടാൻ ഹെക്‌ടർ തീരുമാനിച്ചുകഴിഞ്ഞിരുന്നു! തീക്ഷ്‌ണതയുള്ള ഒരു സുവിശേഷകനായിത്തീർന്ന അദ്ദേഹം 1998-ൽ മരിക്കുന്നതുവരെ യഹോവയെ വിശ്വസ്‌തതയോടെ സേവിച്ചു. “രാജ്യം, ലോകത്തിന്റെ പ്രത്യാശ” എന്ന പ്രസംഗം പ്രക്ഷേപണം ചെയ്‌തതിന്റെ പിറ്റേന്ന്‌ കിഴക്കൻ നോവ സ്‌കോഷയിലെ, കേണൽ ജെ. എ. മക്‌ഡൊനാൾഡ്‌ അവിടെയുള്ള ഒരു സഹോദരനോടു പറഞ്ഞു: “ഇന്നലെ കേപ്‌ ബ്രെട്ടൻ ദ്വീപിലെ ആളുകൾ കേട്ടത്‌, ലോകത്തിന്റെ ഈ ഭാഗത്തുള്ളവർ കേട്ടിട്ടുള്ളതിലേക്കും വിശിഷ്ടമായ സന്ദേശമായിരുന്നു.”

അതേസമയം പുരോഹിതന്മാരെ ഇതു പ്രകോപിപ്പിച്ചു. ഹാലിഫാക്‌സിലുള്ള ചില കത്തോലിക്കർ ബൈബിൾവിദ്യാർഥികളുടെ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്ന റേഡിയോനിലയം തകർക്കുമെന്നു ഭീഷണിപ്പെടുത്തി. മതനേതാക്കളുടെ നിർബന്ധത്തിനു വഴങ്ങി 1928-ൽ, യാതൊരു മുന്നറിയിപ്പുമില്ലാതെ, ബൈബിൾവിദ്യാർഥികൾക്ക്‌ പ്രക്ഷേപണാനുമതി പുതുക്കി നൽകില്ലെന്ന്‌ ഗവണ്മെന്റ്‌ പ്രഖ്യാപിച്ചു. ഗവണ്മെന്റിന്റെ ഭാഗത്തെ ഈ അനീതിക്കെതിരെയുള്ള പ്രതിഷേധമെന്നോണം, റേഡിയോതരംഗങ്ങൾ ആർക്കു സ്വന്തം? എന്നൊരു ലിഖിതസന്ദേശം സഹോദരീസഹോദരന്മാർ വിതരണം ചെയ്‌തു. പക്ഷേ, ഗവണ്മെന്റിന്റെ തീരുമാനത്തിനു മാറ്റമുണ്ടായില്ല, ബൈബിൾവിദ്യാർഥികൾക്ക്‌ പ്രക്ഷേപണാനുമതി പുതുക്കി നൽകാൻ അവർ വിസമ്മതിച്ചു.

കാനഡയിലുണ്ടായിരുന്ന ദൈവദാസന്മാരുടെ ആ ചെറിയ കൂട്ടത്തെ ഇതു നിരുത്സാഹപ്പെടുത്തിയോ? “ആദ്യമൊക്കെ, ശത്രുക്കൾ വിജയിച്ചതുപോലെ തോന്നിയിരുന്നു” എന്ന്‌ ഇസബെൽ വെയ്‌ന്റൈറ്റ്‌ സമ്മതിച്ചു. “പക്ഷേ വേണമെങ്കിൽ യഹോവയ്‌ക്ക്‌ അതു തടയാമായിരുന്നല്ലോ. അങ്ങനെ ചെയ്യാഞ്ഞതിലൂടെ, രാജ്യസുവാർത്ത ഘോഷിക്കാൻ ഇതിലും മികച്ച ഒരു മാർഗവുമായി ഞങ്ങൾ പരിചിതരാകണമെന്ന്‌ ദൈവം പറയുകയായിരുന്നിരിക്കാം.” കാനഡയിലെ ബൈബിൾവിദ്യാർഥികൾ, സാക്ഷീകരണത്തിനായി റേഡിയോയെ പരിധിയിലധികം ആശ്രയിക്കാതെ ആളുകളെ അവരുടെ ഭവനങ്ങളിൽ ചെന്നു കാണുന്നതിൽ ശ്രദ്ധിക്കാൻ തുടങ്ങി. എന്നാൽ ആ നിശ്ചിത കാലയളവിൽ, ആളുകൾ ‘കേട്ടിട്ടുള്ളതിലേക്കും വിശിഷ്ടമായ സന്ദേശം’ പ്രക്ഷേപണം ചെയ്യുന്നതിൽ റേഡിയോ തീർച്ചയായും വലിയൊരു പങ്കുവഹിച്ചു!—കാനഡയിലെ ശേഖരത്തിൽനിന്ന്‌.

[അടിക്കുറിപ്പ്‌]

a കാനഡയിലെ സഹോദരങ്ങൾ വാണിജ്യറേഡിയോ നിലയങ്ങളിൽനിന്ന്‌ പ്രക്ഷേപണസമയം വിലയ്‌ക്കെടുക്കുകയും ചെയ്‌തിരുന്നു.

[32-ാം പേജിലെ ആകർഷക വാക്യം]

“നിലയത്തിലേക്ക്‌ ഫോൺവിളികളുടെ പ്രവാഹമായിരുന്നു. പല കോളുകളും വിട്ടുകളയേണ്ടിവന്നു”

[32-ാം പേജിലെ ചിത്രങ്ങൾ]

(1) ആൽബെർട്ടയിലുള്ള എഡ്‌മണ്ടണിലെ നിലയം (2) ഒൺടേറിയോയിലെ ടൊറന്റോയിൽ, ഒരു സഹോദരൻ പ്രക്ഷേപണയന്ത്രം കൈകാര്യം ചെയ്യുന്നു (3) സസ്‌കാചെവാനിലുള്ള സാസ്‌കറ്റൂണിലെ സിഎച്ച്‌യുസി സ്റ്റുഡിയോ