വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ഏകാകിത്വം എന്ന വരം നിഗൂഢമായ ഒരു വിധത്തിൽ ലഭിച്ചിട്ടുള്ളവരാണ്‌ ഏകാകികളായി തുടരാൻ തീരുമാനിക്കുന്നതെന്ന്‌ മത്തായി 19:10-12-ലെ യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നുണ്ടോ?

▪ ഏകാകിത്വത്തെക്കുറിച്ച്‌ യേശു സംസാരിച്ച സന്ദർഭം നമുക്കൊന്നു നോക്കാം. പരീശന്മാർ യേശുവിന്റെ അടുക്കൽവന്ന്‌ വിവാഹമോചനം എന്ന വിഷയം എടുത്തിട്ടപ്പോൾ, വിവാഹത്തിന്റെ കാര്യത്തിൽ യഹോവ വെച്ചിരിക്കുന്ന നിലവാരം യേശു വ്യക്തമാക്കി. ഭാര്യയിൽ “ദൂഷ്യമായ വല്ലതും” കണ്ടാൽ അവൾക്ക്‌ ഉപേക്ഷണപത്രം നൽകാൻ ന്യായപ്രമാണം അനുവദിച്ചിരുന്നെങ്കിലും ആദിയിൽ അങ്ങനെ അല്ലായിരുന്നു. (ആവ. 24:1, 2) യേശു അവരോട്‌ ഇങ്ങനെ പ്രസ്‌താവിച്ചു: “പരസംഗം എന്ന കാരണത്താലല്ലാതെ ഭാര്യയെ ഉപേക്ഷിച്ച്‌ മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു.”—മത്താ. 19:3-9.

അതുകേട്ട ശിഷ്യന്മാർ പറഞ്ഞു: “ഭാര്യാഭർത്തൃബന്ധം ഇങ്ങനെയുള്ളതെങ്കിൽ വിവാഹം ചെയ്യാതിരിക്കുന്നതാണു നല്ലത്‌.” അവരോടുള്ള യേശുവിന്റെ മറുപടി ഇതായിരുന്നു: “വരം ലഭിച്ചവരല്ലാതെ മറ്റാരും ഈ പറഞ്ഞതിന്‌ ഇടമൊരുക്കുന്നില്ല. അമ്മയുടെ ഗർഭത്തിൽനിന്നുതന്നെ ഷണ്ഡന്മാരായി ജനിച്ചവരുണ്ട്‌. മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുണ്ട്‌. സ്വർഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുമുണ്ട്‌. അതിന്‌ ഇടമൊരുക്കാൻ കഴിയുന്നവൻ അങ്ങനെ ചെയ്യട്ടെ.”—മത്താ. 19:10-12.

ശരിക്കുള്ള ഷണ്ഡന്മാർ, ജന്മനായുള്ള വൈകല്യത്താലോ അപകടത്താലോ അംഗച്ഛേദം നിമിത്തമോ അങ്ങനെയായവരാണ്‌. എന്നാൽ ശാരീരികവൈകല്യം ഇല്ലാത്തവരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം അങ്ങനെ ജീവിച്ചവരുമുണ്ടായിരുന്നു. വിവാഹംകഴിക്കാൻ സാധിക്കുമായിരുന്നെങ്കിലും ആത്മനിയന്ത്രണം പാലിച്ച്‌ “സ്വർഗരാജ്യത്തെപ്രതി” ഏകാകികളായി തുടർന്നവരാണ്‌ അവർ. രാജ്യവേലയിൽ അർപ്പിതരാകാൻ യേശുവിനെപ്പോലെ അവരും ഏകാകിത്വം തിരഞ്ഞെടുക്കുകയായിരുന്നു. ഏകാകിത്വം എന്ന വരം അവർക്ക്‌ ജന്മനാ കിട്ടിയതോ പിന്നീട്‌ വരമായി ലഭിച്ചതോ അല്ല. അവർ അതിന്‌ ഇടമൊരുക്കിയതാണ്‌, എന്നുവെച്ചാൽ, ആ വരം അവർ ബോധപൂർവം നേടിയെടുത്തതാണ്‌.

യേശു പറഞ്ഞതിന്‌ അടിവരയിട്ടുകൊണ്ട്‌ പിന്നീട്‌ പൗലോസ്‌ അപ്പൊസ്‌തലനും ഇക്കാര്യത്തെക്കുറിച്ചു പറയുകയുണ്ടായി. എല്ലാ ക്രിസ്‌ത്യാനികൾക്കും—അവർ ഏകാകികളായാലും വിവാഹിതരായാലും—ദൈവത്തെ സ്വീകാര്യമാംവിധം സേവിക്കാമെങ്കിലും ഏകാകികളായിരിക്കാൻ “ഹൃദയത്തിൽ നിശ്ചയിച്ചുറച്ചിരിക്കുന്നവർ” “ഏറെ ഉചിതമായി പ്രവർത്തിക്കുന്നു” എന്ന്‌ അവൻ എഴുതി. എന്തുകൊണ്ടാണ്‌ അവൻ അങ്ങനെ പറഞ്ഞത്‌? വിവാഹിതർക്ക്‌ തങ്ങളുടെ സമയത്തിന്റെയും ഊർജത്തിന്റെയും ഒരു പങ്ക്‌ ഇണയെ പ്രസാദിപ്പിക്കാനും ഇണയ്‌ക്കുവേണ്ടി കരുതാനും ചെലവഴിക്കേണ്ടിവരുന്നു. ഏകാകികളായ ക്രിസ്‌ത്യാനികൾക്കു പക്ഷേ ഇത്തരം കടപ്പാടുകൾ ഇല്ലാത്തതിനാൽ കർത്താവിന്റെ വേലയിൽ പൂർണമായി അർപ്പിതരാകാൻ കഴിയുന്നു. അവർ അതിനെ ദൈവത്തിൽനിന്നുള്ള ഒരു ‘വരമായാണ്‌’ കാണുന്നത്‌.—1 കൊരി. 7:7, 32-38.

അതെ, ഒരു ക്രിസ്‌ത്യാനിക്ക്‌ ഏകാകിത്വം എന്ന വരം നിഗൂഢമായ വിധത്തിൽ ലഭിക്കുന്നില്ല എന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. പകരം, രാജ്യവേലയിൽ ഏകാഗ്രതയോടെ ഏർപ്പെടാൻ കഴിയേണ്ടതിന്‌ അവിവാഹിതരായി തുടർന്നുകൊണ്ട്‌ ആ വരം അവർ നേടിയെടുക്കുന്നതാണ്‌. രാജ്യവേലയോടുള്ള ബന്ധത്തിൽ ഏകാകികളായി തുടരാൻ പലരും ഇന്ന്‌ നിശ്ചയിച്ചുറച്ചിരിക്കുന്നു. അങ്ങനെയുള്ളവരെ മറ്റുള്ളവർ തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ടതാണ്‌.