വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഒരു വിശ്വസ്‌ത ഗൃഹവിചാരകനാണ്‌!

നിങ്ങൾ ഒരു വിശ്വസ്‌ത ഗൃഹവിചാരകനാണ്‌!

നിങ്ങൾ ഒരു വിശ്വസ്‌ത ഗൃഹവിചാരകനാണ്‌!

“നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല.”—1 കൊരി. 6:19.

ഉത്തരം പറയാമോ?

പുരാതന ഗൃഹവിചാരകന്മാരുടെ ഭാഗധേയം എന്തായിരുന്നു?

ദൈവത്തിന്റെ എല്ലാ ഗൃഹവിചാരകന്മാർക്കും എന്ത്‌ ഉത്തരവാദിത്വമുണ്ട്‌?

നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ഗൃഹവിചാരണയെ നാം എങ്ങനെ കാണണം?

1. സ്വാതന്ത്ര്യത്തെക്കുറിച്ച്‌ പൊതുവെ ലോകത്തിനുള്ള വീക്ഷണം എന്താണ്‌?

 “മനസ്സോടെ ആരും അടിമത്തത്തിന്റെ നുകം പേറുകയില്ല.” ഏതാണ്ട്‌ 2,500 വർഷങ്ങൾക്കു മുമ്പ്‌ ഒരു യവന നാടകകൃത്ത്‌ എഴുതിയതാണ്‌ ഇത്‌. ഈ പ്രസ്‌താവനയോട്‌ ഇന്നുള്ള പലരും പൂർണമായി യോജിക്കും. അടിച്ചമർത്തപ്പെട്ട, ബന്ധനസ്ഥരായ ആളുകളുടെ ഒരു ദയനീയചിത്രമാണ്‌ അടിമത്തമെന്ന വാക്ക്‌ മനസ്സിലേക്കുകൊണ്ടുവരുന്നത്‌. അവരുടെ കഠിനാധ്വാനത്തിന്റെയും ത്യാഗങ്ങളുടെയും ഗുണഭോക്താക്കൾ അവരല്ല അവരുടെമേൽ ആധിപത്യം നടത്തുന്ന യജമാനന്മാരാണ്‌.

2, 3. (എ) ക്രിസ്‌തുവിന്‌ ദാസന്മാർ അഥവാ അടിമകൾ ആകാൻ മനസ്സോടെ മുന്നോട്ടു വന്നിരിക്കുന്നവർക്ക്‌ എന്തു സ്ഥാനമാണുള്ളത്‌? (ബി) ഗൃഹവിചാരണയെക്കുറിച്ച്‌ ഏതെല്ലാം ചോദ്യങ്ങൾ ഉയരുന്നു?

2 എന്നാൽ, തന്റെ ശിഷ്യന്മാർ എളിയവരായ ദാസന്മാർ അഥവാ അടിമകൾ ആയിരിക്കുമെന്ന്‌ യേശു സൂചിപ്പിക്കുകയുണ്ടായി. യഥാർഥക്രിസ്‌ത്യാനികൾ ഉൾപ്പെട്ടിരിക്കുന്ന ഈ അടിമത്തം വ്യത്യസ്‌തമായ ഒന്നാണ്‌. ഇവിടെ അടിച്ചമർത്തലോ അവഹേളനമോ ഇല്ല. അന്തസ്സുറ്റ സ്ഥാനമാണ്‌ ഈ അടിമകൾക്കുള്ളത്‌; ഇവരെ ആദരണീയരും വിശ്വസ്‌തരും ആയി കണക്കാക്കുന്നു. ഉദാഹരണത്തിന്‌, മരണത്തിനു തൊട്ടുമുമ്പ്‌ യേശു ഒരു ‘അടിമ’യെക്കുറിച്ചു പറഞ്ഞത്‌ ഓർക്കുക. ‘വിശ്വസ്‌തനും വിവേകിയുമായ ആ അടിമയെ’ താൻ ഉത്തരവാദിത്വങ്ങൾ ഭരമേൽപ്പിക്കുമെന്ന്‌ അവൻ മുൻകൂട്ടിപ്പറഞ്ഞു.—മത്താ. 24:45-47.

3 മറ്റൊരു സമാന്തരവിവരണത്തിൽ ഈ അടിമയെ “ഗൃഹവിചാരകൻ” എന്നു വിളിച്ചിരിക്കുന്നത്‌ ശ്രദ്ധേയമാണ്‌. (ലൂക്കോസ്‌ 12:42-44 വായിക്കുക.) ഇന്നു ജീവിച്ചിരിക്കുന്ന വിശ്വസ്‌തരായ ക്രിസ്‌ത്യാനികളിൽ മിക്കവരും ഈ വിശ്വസ്‌തഗൃഹവിചാരക ഗണത്തിൽപ്പെടുന്നവരല്ല. എന്നിരുന്നാലും, ദൈവത്തെ സേവിക്കുന്ന എല്ലാവരും ഒരർഥത്തിൽ ഗൃഹവിചാരകന്മാരാണെന്ന്‌ തിരുവെഴുത്തുകൾ കാണിക്കുന്നു. എന്തെല്ലാം ഉത്തരവാദിത്വങ്ങളാണ്‌ അവർക്കുള്ളത്‌? അവയെ എങ്ങനെ കാണണം? ഇതു മനസ്സിലാക്കുന്നതിന്‌, പുരാതനകാലങ്ങളിലെ ഗൃഹവിചാരകന്റെ ഭാഗധേയം എന്തായിരുന്നെന്ന്‌ നമുക്കു നോക്കാം.

ഗൃഹവിചാരകരുടെ ഭാഗധേയം

4, 5. പുരാതനകാലത്തെ ഗൃഹവിചാരകന്മാർക്ക്‌ എന്തെല്ലാം ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നു? ഉദാഹരിക്കുക.

4 പുരാതനകാലങ്ങളിൽ, വിശ്വസ്‌തനായ ഒരു അടിമയെയാണ്‌ പലപ്പോഴും ഗൃഹവിചാരകനായി നിയമിച്ചിരുന്നത്‌. യജമാനന്റെ വീട്ടുകാര്യങ്ങളും കച്ചവടകാര്യങ്ങളും നോക്കിനടത്തിയിരുന്നത്‌ ഈ വ്യക്തിയാണ്‌. മിക്കപ്പോഴും, ഈ ഗൃഹവിചാരകന്‌ ഗണ്യമായ അധികാരമുണ്ടായിരുന്നു; കുടുംബത്തിലെ വസ്‌തുവകകളുടെയും സമ്പത്തിന്റെയും മറ്റു ദാസീദാസന്മാരുടെയും ചുമതല ഇദ്ദേഹത്തിനായിരുന്നു. ഇതിനൊരു ഉദാഹരണമാണ്‌ അബ്രാഹാമിന്റെ ദാസനായ എല്യേസർ. അബ്രാഹാമിന്റെ അനവധിയായ സ്വത്തുവകകളുടെമേൽ എല്യേസറിനെ കാര്യസ്ഥനായി നിയമിച്ചിരുന്നു. തന്റെ മകൻ യിസ്‌ഹാക്കിനുവേണ്ടി ഒരു വധുവിനെ തിരഞ്ഞെടുക്കാൻ മെസൊപ്പൊട്ടേമിയയിലേക്ക്‌ അബ്രാഹാം അയച്ചതും ഈ ദാസനെത്തന്നെയായിരിക്കണം. എത്ര വലിയൊരു ഉത്തരവാദിത്വമായിരുന്നു അത്‌! ദൂരവ്യാപകഫലം ഉളവാക്കുന്ന ഒരു നിയമനം.—ഉല്‌പ. 13:2; 15:2; 24:2-4.

5 അബ്രാഹാമിന്റെ പ്രപൗത്രനായ യോസേഫ്‌ കുറച്ചുകാലം പോത്തീഫറിന്റെ ഗൃഹവിചാരകനായിരുന്നു. (ഉല്‌പ. 39:1, 2) കാലാന്തരത്തിൽ യോസേഫിനു സ്വന്തമായി ഒരു ‘ഗൃഹവിചാരകനുണ്ടായി.’ യോസേഫിന്റെ പത്തു സഹോദരന്മാർക്ക്‌ ആതിഥ്യമരുളിയത്‌ ഈ ഗൃഹവിചാരകനാണ്‌. ‘പാനപാത്ര മോഷണവുമായി’ ബന്ധപ്പെട്ട്‌ സഹോദരന്മാരെ പരീക്ഷിക്കാൻ യോസേഫ്‌ നടത്തിയ ‘നാടകത്തിൽ’ അവനോടൊപ്പം കരുനീക്കങ്ങൾ നടത്തിയതും ഈ വ്യക്തിയായിരുന്നു. ഗൃഹവിചാരകന്മാരെ യജമാനന്മാർ പലതും വിശ്വസിച്ചേൽപ്പിച്ചിരുന്നു എന്ന്‌ ഈ ദൃഷ്ടാന്തങ്ങൾ വ്യക്തമാക്കുന്നു.—ഉല്‌പ. 43:19-25; 44:1-12.

6. ക്രിസ്‌തീയമൂപ്പന്മാർക്ക്‌ വ്യത്യസ്‌തമായ ഏതെല്ലാം ഗൃഹവിചാരണ നിർവഹിക്കാനുണ്ട്‌?

6 നൂറ്റാണ്ടുകൾ കഴിഞ്ഞ്‌ പൗലോസ്‌ അപ്പൊസ്‌തലൻ, ക്രിസ്‌തീയ മേൽവിചാരകന്മാർ ‘ദൈവത്തിന്റെ ഗൃഹവിചാരകരാണ്‌’ എന്ന്‌ എഴുതുകയുണ്ടായി. (തീത്തൊ. 1:7) “ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ” മേയ്‌ക്കാൻ നിയമിതരാകുന്ന മേൽവിചാരകന്മാർ അവർക്കുവേണ്ട മാർഗനിർദേശം നൽകുകയും സഭയിൽ നേതൃത്വം എടുക്കുകയും ചെയ്യുന്നു. (1 പത്രോ. 5:1, 2) എന്നാൽ, ഉത്തരവാദിത്വങ്ങൾ ഓരോരുത്തർക്കും വ്യത്യസ്‌തമാണ്‌. ഉദാഹരണത്തിന്‌, മിക്ക ക്രിസ്‌തീയമേൽവിചാരകന്മാരും ഒരു സഭയെയാണ്‌ സേവിക്കുന്നത്‌. എന്നാൽ സഞ്ചാരമേൽവിചാരകന്മാർ പല സഭകളെ സേവിക്കുന്നു. ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾ രാജ്യം മുഴുവനുമുള്ള സഭകളുടെ കാര്യങ്ങൾ നോക്കുന്നു. എന്നാൽ ഇവരെല്ലാവരും വിശ്വസ്‌തതയോടെ തങ്ങളുടെ കടമകൾ നിർവഹിക്കാനാണ്‌ പ്രതീക്ഷിക്കുന്നത്‌. എല്ലാവരും ‘കണക്കുബോധിപ്പിക്കേണ്ടവരാണ്‌.’—എബ്രാ. 13:17.

7. ഒരർഥത്തിൽ എല്ലാ ക്രിസ്‌ത്യാനികളും ഗൃഹവിചാരകന്മാരാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

7 മേൽവിചാരകന്മാരല്ലാത്ത വിശ്വസ്‌തക്രിസ്‌ത്യാനികളുടെ കാര്യമോ? പത്രോസ്‌ അപ്പൊസ്‌തലൻ തന്റെ ലേഖനത്തിൽ എല്ലാ ക്രിസ്‌ത്യാനികൾക്കുമായി ഇങ്ങനെ എഴുതി: “ഓരോരുത്തനും, വിവിധ വിധങ്ങളിൽ ചൊരിയപ്പെട്ട ദൈവകൃപയുടെ ഉത്തമ കാര്യവിചാരകനായി, തനിക്കു ലഭിച്ച കൃപാവരത്തിനൊത്തവിധം മറ്റുള്ളവർക്കു ശുശ്രൂഷ ചെയ്യാനായി അതു വിനിയോഗിക്കണം.” (1 പത്രോ. 1:1; 4:10) സഹവിശ്വാസികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നതിന്‌ ദൈവം തന്റെ മഹാദയയാൽ നമുക്കെല്ലാവർക്കും വരങ്ങളും ആസ്‌തികളും കഴിവുകളും വൈദഗ്‌ധ്യങ്ങളും നൽകിയിരിക്കുന്നു. അതുകൊണ്ട്‌ ദൈവത്തെ സേവിക്കുന്നവരെല്ലാം കാര്യവിചാരകന്മാർ അഥവാ ഗൃഹവിചാരകന്മാർ ആണെന്നു പറയാം. ദൈവം നമ്മെ ആദരിക്കുകയും നമ്മിൽ വിശ്വാസമർപ്പിക്കുകയും നമുക്കു നൽകിയിരിക്കുന്ന ദാനങ്ങളെല്ലാം നന്നായി വിനിയോഗിക്കാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

നാം ദൈവത്തിനുള്ളവർ

8. നാം മനസ്സിൽപ്പിടിക്കേണ്ട ഒരു പ്രധാനതത്ത്വം എന്ത്‌?

8 ഗൃഹവിചാരകരെന്ന നിലയിൽ നാം മനസ്സിൽപ്പിടിക്കേണ്ട മൂന്നു തത്ത്വങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം. ഒന്ന്‌: നാം എല്ലാവരും ദൈവത്തിനുള്ളവരും അവനോടു കണക്കുബോധിപ്പിക്കേണ്ടവരും ആണ്‌. പൗലോസ്‌ ഇങ്ങനെ എഴുതി: “നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല,” ക്രിസ്‌തുവിന്റെ യാഗരക്തത്താൽ “വിലയ്‌ക്കുവാങ്ങപ്പെട്ടവരാണ്‌.” (1 കൊരി. 6:19, 20) നാം യഹോവയ്‌ക്കുള്ളവരായതിനാൽ അവന്റെ കൽപ്പനകൾ അനുസരിക്കാൻ കടപ്പെട്ടവരാണ്‌; അവയാകട്ടെ ഭാരമുള്ളവയല്ലതാനും. (റോമ. 14:8; 1 യോഹ. 5:3) നാം ക്രിസ്‌തുവിനും അടിമകളാണ്‌. പുരാതനകാലത്തെ ഗൃഹവിചാരകന്മാരെപ്പോലെ നമുക്കും വലിയ സ്വാതന്ത്ര്യം അനുവദിച്ചുതന്നിട്ടുണ്ട്‌; എന്നാൽ അതിന്‌ പരിധികളുണ്ട്‌. ലഭിക്കുന്ന നിർദേശത്തിനു ചേർച്ചയിൽ നാം ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടതുണ്ട്‌. ഏതെല്ലാം സേവനപദവികൾ നമുക്കുണ്ടെങ്കിലും ശരി നാം ദൈവത്തിനും ക്രിസ്‌തുവിനും ദാസന്മാരാണ്‌.

9. അടിമയിൽനിന്ന്‌ യജമാനൻ പ്രതീക്ഷിക്കുന്നത്‌ എന്താണെന്ന്‌ യേശു ദൃഷ്ടാന്തീകരിച്ചത്‌ എങ്ങനെ?

9 അടിമയിൽനിന്ന്‌ യജമാനൻ പ്രതീക്ഷിക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കാൻ യേശു നമ്മെ സഹായിക്കുന്നു. പകലന്തിയോളം പണിയെടുത്തിട്ട്‌ വീട്ടിലെത്തിയ ഒരു അടിമയുടെ ദൃഷ്ടാന്തം ഒരിക്കൽ അവൻ ശിഷ്യന്മാരോടു പറയുകയുണ്ടായി. “വേഗം വന്നു ഭക്ഷണത്തിനിരുന്നുകൊള്ളുക” എന്ന്‌ യജമാനൻ അവനോടു പറയുമോ? ഇല്ല. മറിച്ച്‌ ഇങ്ങനെ പറയും: “എനിക്ക്‌ അത്താഴം ഒരുക്കുക; ഞാൻ ഭക്ഷിച്ചു പാനം ചെയ്യുന്നതുവരെ അരകെട്ടി എനിക്കു ശുശ്രൂഷ ചെയ്യുക; പിന്നെ നീയും തിന്നുകുടിച്ചുകൊള്ളുക.” ഈ ദൃഷ്ടാന്തത്തിന്റെ പ്രയുക്തത യേശു വിശദീകരിച്ചത്‌ എങ്ങനെയാണ്‌? “അങ്ങനെ നിങ്ങളും, നിങ്ങളെ ഏൽപ്പിച്ച കാര്യങ്ങൾ നിറവേറ്റിയശേഷം, ‘ഞങ്ങൾ വെറും അടിമകൾ. ഞങ്ങൾ ഞങ്ങളുടെ കടമനിർവഹിക്കുക മാത്രമേ ചെയ്‌തിട്ടുള്ളൂ’ എന്നു പറയുവിൻ.”—ലൂക്കോ. 17:7-10.

10. യഹോവയെ സേവിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ അവൻ വിലമതിക്കുന്നെന്ന്‌ എന്തു തെളിയിക്കുന്നു?

10 യഹോവയെ സേവിക്കാനായി നാം ചെയ്യുന്ന ശ്രമങ്ങളെയെല്ലാം അവൻ അതിയായി വിലമതിക്കുന്നു. ബൈബിൾ ഈ ഉറപ്പുനൽകുന്നു: “തന്റെ നാമത്തോടു നിങ്ങൾ കാണിച്ചിരിക്കുന്ന സ്‌നേഹവും നിങ്ങൾ ചെയ്‌തിരിക്കുന്ന സേവനവും മറന്നുകളയാൻ തക്കവണ്ണം ദൈവം അനീതിയുള്ളവനല്ല.” (എബ്രാ. 6:10) ന്യായബോധമില്ലാതെ അവൻ നമ്മോട്‌ ഒന്നും ആവശ്യപ്പെടുകയില്ല. മാത്രമല്ല, അവൻ നമ്മോട്‌ ആവശ്യപ്പെടുന്നതെല്ലാം നമ്മുടെ നന്മയെപ്രതിയുള്ളതായിരിക്കും; അതു നമ്മെ അനാവശ്യമായി ഭാരപ്പെടുത്തുകയില്ല. എന്നുവരികിലും, യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്നു മനസ്സിലാക്കാനാകുന്നതുപോലെ, ഒരു അടിമ സ്വന്തം അഭീഷ്ടങ്ങൾക്കു പ്രഥമസ്ഥാനം നൽകി സ്വയം പ്രീതിപ്പെടുത്താൻ ശ്രമിക്കില്ല. അതുപോലെ നമ്മളും ദൈവത്തിനു സമർപ്പിക്കുമ്പോൾ ഇനിമേൽ ദൈവത്തിന്റെ ഇഷ്ടത്തിനു ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുമെന്നു തീരുമാനിക്കുന്നു. ശരിയല്ലേ?

യഹോവ നമ്മിൽനിന്ന്‌ ആവശ്യപ്പെടുന്നത്‌ എന്താണ്‌?

11, 12. ഗൃഹവിചാരകരെന്ന നിലയിൽ നാം ഏതു ഗുണം പ്രകടമാക്കണം, എന്ത്‌ ഒഴിവാക്കണം?

11 രണ്ടാമത്തെ തത്ത്വം ഇതാണ്‌: ഗൃഹവിചാരകരെന്നനിലയിൽ നാമെല്ലാവരും ഒരേ നിലവാരങ്ങൾ പിൻപറ്റേണ്ടതുണ്ട്‌. ക്രിസ്‌തീയസഭയിൽ, ചില ഉത്തരവാദിത്വങ്ങൾ ഏതാനും ചിലർക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ മിക്ക ഉത്തരവാദിത്വങ്ങളും എല്ലാവർക്കും പൊതുവായുള്ളതാണ്‌. ഉദാഹരണത്തിന്‌, ക്രിസ്‌തുശിഷ്യരും യഹോവയുടെ സാക്ഷികളും എന്ന നിലയിൽ നാം പരസ്‌പരം സ്‌നേഹിക്കാൻ ബാധ്യസ്ഥരാണ്‌. സത്യക്രിസ്‌ത്യാനികളെ തിരിച്ചറിയിക്കുന്നതുതന്നെ സ്‌നേഹമാണെന്ന്‌ യേശു പറഞ്ഞു. (യോഹ. 13:35) എന്നാൽ നമ്മുടെ ക്രിസ്‌തീയസഹോദരങ്ങളെ മാത്രമല്ല നാം സ്‌നേഹിക്കുന്നത്‌; അല്ലാത്തവരെയും സ്‌നേഹിക്കാൻ നാം ശ്രമിക്കുന്നു. ഇതു നമുക്ക്‌ എല്ലാവർക്കുമുള്ള ഉത്തരവാദിത്വമാണ്‌, നാം ചെയ്യേണ്ടതുമാണ്‌.

12 നാം സദ്‌ശീലങ്ങൾ ഉള്ളവരായിരിക്കാനും ദൈവം പ്രതീക്ഷിക്കുന്നു. ദൈവവചനം കുറ്റംവിധിക്കുന്ന ജീവിതശൈലികളും പെരുമാറ്റങ്ങളും പാടേ ഒഴിവാക്കാനാണ്‌ നാം ആഗ്രഹിക്കുന്നത്‌. പൗലോസ്‌ എഴുതി: “പരസംഗികൾ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, പുരുഷകാമികൾ, സ്വവർഗഭോഗികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, ദൂഷകന്മാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” (1 കൊരി. 6:9, 10) ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങൾക്ക്‌ അനുസൃതമായി ജീവിതം രൂപപ്പെടുത്താൻ നല്ല ശ്രമം ആവശ്യമാണെന്നത്‌ സത്യംതന്നെ. പക്ഷേ അതിനായുള്ള ഏതു ശ്രമവും നന്മയിൽ കലാശിക്കും. ആയുസ്സും ആരോഗ്യവും നൽകുന്ന ഒരു ജീവിതരീതി, നല്ല വ്യക്തിബന്ധങ്ങൾ, ദൈവാംഗീകാരം എന്നിങ്ങനെ അതിന്റെ ഗുണഫലങ്ങൾ നിരവധിയാണ്‌.—യെശയ്യാവു 48:17, 18 വായിക്കുക.

13, 14. എല്ലാ ക്രിസ്‌ത്യാനികൾക്കുമുള്ള ഉത്തരവാദിത്വം എന്ത്‌, നാം അതിനെ എങ്ങനെ കാണണം?

13 ഗൃഹവിചാരകന്‌ പല ജോലികൾ ചെയ്യാനുണ്ടായിരുന്നു എന്നു നാം കണ്ടു. നമുക്കും അതുപോലെ ജോലികളുണ്ട്‌. നമുക്കെല്ലാം വിലപ്പെട്ട ഒരു സമ്മാനം ലഭിച്ചിട്ടുണ്ട്‌—സത്യത്തിന്റെ പരിജ്ഞാനം. ഈ പരിജ്ഞാനം നാം മറ്റുള്ളവരുമായി പങ്കുവെക്കാൻ ദൈവം പ്രതീക്ഷിക്കുന്നു. (മത്താ. 28:19, 20) പൗലോസ്‌ എഴുതി: “ഓരോരുത്തനും ഞങ്ങളെ ക്രിസ്‌തുവിന്റെ ദാസന്മാരും ദൈവത്തിന്റെ പാവനരഹസ്യങ്ങളുടെ കാര്യവിചാരകന്മാരുമായി കരുതിക്കൊള്ളട്ടെ.” (1 കൊരി. 4:1) ‘പാവനരഹസ്യങ്ങൾ’ അഥവാ ബൈബിൾസത്യങ്ങൾ അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതും യജമാനനായ യേശുക്രിസ്‌തുവിന്റെ നിർദേശപ്രകാരം അതു മറ്റുള്ളവർക്കു വിശ്വസ്‌തതയോടെ പകർന്നു കൊടുക്കുന്നതും കാര്യവിചാരകന്റെ അഥവാ ഗൃഹവിചാരകന്റെ ഉത്തരവാദിത്വത്തിൽ ഉൾപ്പെടുന്നുവെന്ന്‌ പൗലോസ്‌ മനസ്സിലാക്കി.—1 കൊരി. 9:16.

14 മറ്റുള്ളവരുമായി ബൈബിൾസത്യം പങ്കുവെക്കുന്നത്‌ സ്‌നേഹത്തിന്റെ ഒരു തെളിവാണ്‌. സാഹചര്യം വ്യത്യസ്‌തമായതിനാൽ ശുശ്രൂഷയിൽ എല്ലാവർക്കും ഒരേപോലെ ഉൾപ്പെടാനായെന്നുവരില്ല. യഹോവയ്‌ക്ക്‌ അതു മനസ്സിലാകും. നമ്മുടെ പരമാവധി ചെയ്യുക, അതാണ്‌ പ്രധാനം. അങ്ങനെ നമുക്ക്‌ ദൈവത്തോടും അയൽക്കാരനോടും ഉള്ള സ്‌നേഹം തെളിയിക്കാം.

വിശ്വസ്‌തതയുടെ പ്രാധാന്യം

15-17. (എ) ഗൃഹവിചാരകൻ വിശ്വസ്‌തനായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) അവിശ്വസ്‌തതയുടെ തിക്തഫലങ്ങൾ യേശു ദൃഷ്ടാന്തീകരിച്ചത്‌ എങ്ങനെ?

15 മൂന്നാമത്തെ തത്ത്വം മറ്റു രണ്ടു തത്ത്വങ്ങളുമായി അടുത്തു ബന്ധമുള്ളതാണ്‌: നാം വിശ്വസ്‌തരും ആശ്രയയോഗ്യരും ആയിരിക്കണം. ഒരു ഗൃഹവിചാരകന്‌ അഭികാമ്യമായ നിരവധി ഗുണങ്ങളും കഴിവുകളും ഉണ്ടായിരിക്കാം; പക്ഷേ അയാൾ ഉത്തരവാദിത്വബോധമില്ലാത്തവനും യജമാനനോടു കൂറില്ലാത്തവനും ആണെങ്കിൽ അതുകൊണ്ട്‌ എന്തു പ്രയോജനം? സമർഥനും ഫലപ്രാപ്‌തനും ആയ ഒരു ഗൃഹവിചാരകനാകാൻ അവശ്യംവേണ്ട ഗുണമാണ്‌ വിശ്വസ്‌തത. പൗലോസ്‌ എഴുതിയത്‌ ഓർക്കുക: “കാര്യവിചാരകന്മാരിൽനിന്നു പ്രതീക്ഷിക്കുന്നതോ, അവർ വിശ്വസ്‌തരായിരിക്കണം എന്നത്രേ.”—1 കൊരി. 4:2.

16 നാം വിശ്വസ്‌തരാണെങ്കിൽ പ്രതിഫലം കിട്ടും, നിശ്ചയം! വിശ്വസ്‌തരല്ലെങ്കിൽ നഷ്ടം സഹിക്കേണ്ടിവരും. താലന്തുകളെക്കുറിച്ചുള്ള യേശുവിന്റെ ഉപമയിൽ ഈ തത്ത്വം നമുക്കു കാണാം. യജമാനൻ കൊടുത്ത പണംകൊണ്ട്‌ ‘വ്യാപാരംചെയ്‌ത’ വിശ്വസ്‌തനായ അടിമയെ യജമാനൻ അഭിനന്ദിക്കുകയും ആ അടിമ വലിയ അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്‌തു. എന്നാൽ യജമാനൻ ഏൽപ്പിച്ചിട്ടു പോയകാര്യം നിരുത്തരവാദപരമായി കൈകാര്യം ചെയ്‌ത അടിമയെ യജമാനൻ ‘ദുഷ്ടനും’ ‘അലസനും’ ‘കൊള്ളരുതാത്തവനും’ എന്നു വിധിച്ചു. ഏൽപ്പിച്ച താലന്ത്‌ തിരികെ വാങ്ങി അവനെ പുറന്തള്ളി.—മത്തായി 25:14-18, 23, 26, 28-30 വായിക്കുക.

17 അവിശ്വസ്‌തതയുടെ തിക്തഫലങ്ങളെക്കുറിച്ച്‌ യേശു മറ്റൊരു സന്ദർഭത്തിലും സൂചിപ്പിക്കുകയുണ്ടായി. അവൻ പറഞ്ഞു: “ധനവാനായ ഒരു മനുഷ്യന്‌ ഒരു കാര്യവിചാരകൻ ഉണ്ടായിരുന്നു. അവൻ വസ്‌തുവകകൾ ദുർവ്യയം ചെയ്യുന്നതായി യജമാനനു പരാതി ലഭിച്ചു. അവൻ അവനെ വിളിച്ച്‌, ‘നിന്നെക്കുറിച്ചു ഞാൻ ഈ കേൾക്കുന്നതെന്ത്‌? നിന്റെ കാര്യനിർവഹണത്തിന്റെ കണക്ക്‌ ഏൽപ്പിച്ചുതരുക; നീ ഇനി ഈ വീട്ടിലെ കാര്യങ്ങൾ നോക്കിനടത്തേണ്ട’ എന്നു പറഞ്ഞു.” (ലൂക്കോ. 16:1, 2) യജമാനന്റെ സ്വത്ത്‌ ദുർവ്യയം ചെയ്‌തതിനാൽ യജമാനൻ അവനെ പിരിച്ചുവിട്ടു. എത്ര ശക്തമായ പാഠമാണ്‌ ഇതു നമ്മെ പഠിപ്പിക്കുന്നത്‌! നമ്മെ ഏൽപ്പിച്ച കാര്യങ്ങളിൽ അവിശ്വസ്‌തത കാണിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുകയില്ല.

നമ്മെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത്‌ ഉചിതമോ?

18. നമ്മെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തരുതാത്തത്‌ എന്തുകൊണ്ട്‌?

18 സ്വയം വിലയിരുത്താനായി നമുക്ക്‌ ഓരോരുത്തർക്കും ഇങ്ങനെ ചോദിക്കാം: ‘എങ്ങനെയുള്ള ഒരു ഗൃഹവിചാരകനാണ്‌ ഞാൻ?’ നമ്മെ മറ്റുള്ളവരുമായി തട്ടിച്ചുനോക്കുന്നത്‌ പക്ഷേ അഭികാമ്യമല്ല. ബൈബിൾ ഇങ്ങനെ ഉപദേശിക്കുന്നു: “ഓരോരുത്തനും താന്താന്റെ പ്രവൃത്തി ശോധനചെയ്യട്ടെ. അപ്പോൾ, തന്നെ മറ്റാരുമായും താരതമ്യപ്പെടുത്താതെ അവനു തന്നിൽത്തന്നെ അഭിമാനിക്കാൻ വകയുണ്ടാകും.” (ഗലാ. 6:4) നമ്മുടെ വേലയെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തുന്നതിനു പകരം നമുക്ക്‌ എത്രത്തോളം ചെയ്യാൻ കഴിയും എന്നതിനു ശ്രദ്ധ കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത്‌, അഹങ്കരിക്കാതിരിക്കാനും അതേസമയം നിരാശയിലാണ്ടുപോകാതിരിക്കാനും നമ്മെ സഹായിക്കും. കാര്യങ്ങൾ വിലയിരുത്തി നോക്കുമ്പോൾ നമ്മുടെ സാഹചര്യങ്ങൾ ഇപ്പോൾ പഴയതുപോലെയല്ല എന്നു നാം തിരിച്ചറിഞ്ഞേക്കാം. ആരോഗ്യപ്രശ്‌നങ്ങളോ പ്രായാധിക്യമോ ചില ഉത്തരവാദിത്വങ്ങളോ നിമിത്തം പഴയതുപോലെ ശുശ്രൂഷയിൽ ഉൾപ്പെടാൻ നമുക്കു കഴിയുന്നില്ലായിരിക്കാം. ഇനി, ഇതിനൊരു മറുവശവുമുണ്ട്‌. ഒരുപക്ഷേ ഇപ്പോൾ ചെയ്യുന്നതിനെക്കാൾ കൂടുതൽ ചെയ്യാൻ നമ്മുടെ സാഹചര്യം അനുവദിച്ചേക്കാം. അങ്ങനെയാണെങ്കിൽ ശുശ്രൂഷ ഊർജിതപ്പെടുത്താൻ ശ്രമിക്കരുതോ?

19. നാം ആഗ്രഹിക്കുന്ന ഒരു പദവി നമുക്കു ലഭിക്കുന്നില്ലെങ്കിൽ നിരാശപ്പെട്ടുപോകരുതാത്തത്‌ എന്തുകൊണ്ട്‌?

19 ഇനി, നാം ആഗ്രഹിക്കുന്ന ചില സേവനപദവികൾ മറ്റുള്ളവർക്ക്‌ ലഭിച്ചിട്ടുണ്ടായിരിക്കാം. അവരുമായി നമ്മെ താരതമ്യം ചെയ്യുന്നത്‌ ഉചിതമായിരിക്കില്ല. ഉദാഹരണത്തിന്‌, സഭയിൽ മൂപ്പനായി സേവിക്കാനോ സമ്മേളനത്തിനോ കൺവെൻഷനോ നിയമനങ്ങൾ നിർവഹിക്കാനോ ഒരു സഹോദരൻ ആഗ്രഹിക്കുന്നുണ്ടാകാം. അത്തരം പദവികൾക്കുവേണ്ട യോഗ്യത നേടാൻ പരിശ്രമിക്കുന്നത്‌ നല്ലതാണ്‌. എന്നാൽ നാം ആഗ്രഹിക്കുന്ന സമയത്ത്‌ അവ ലഭിച്ചില്ലെങ്കിൽ നിരാശിതരാകരുത്‌. നമുക്കു മനസ്സിലായിട്ടില്ലാത്ത ചില കാരണങ്ങൾ നിമിത്തം ചില പദവികൾ നാം പ്രതീക്ഷിച്ചതിലേറെ വൈകിയായിരിക്കും നമുക്കു ലഭിക്കുക. ഇസ്രായേല്യരെ ഈജിപ്‌തിൽനിന്നു നയിച്ചുകൊണ്ടുപോകാൻ തനിക്കു കഴിയുമെന്ന്‌ മോശ വിചാരിച്ചെങ്കിലും 40 വർഷം അവന്‌ അതിനായി കാത്തിരിക്കേണ്ടിവന്നു എന്ന കാര്യം മനസ്സിൽപ്പിടിക്കുക. ദുശ്ശാഠ്യക്കാരും മത്സരികളും ആയ ആ ജനത്തെ നയിക്കാൻവേണ്ട ഗുണങ്ങൾ വളർത്തിയെടുക്കാൻ അവന്‌ ആ സമയം ഉപകാരപ്പെട്ടു.—പ്രവൃ. 7:22-25, 30-34.

20. യോനാഥാന്റെ അനുഭവത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

20 ചിലപ്പോൾ ചില പദവികൾ നമുക്കു ലഭിച്ചില്ലെന്നുംവരാം. യോനാഥാന്റെ കാര്യത്തിൽ അതു സംഭവിച്ചു. ശൗലിന്റെ മകനായിരുന്നതിനാൽ ഇസ്രായേൽ ജനതയുടെ അടുത്ത രാജാവാകേണ്ടത്‌ അവനായിരുന്നു. എന്നാൽ, അവനെക്കാൾ വളരെ പ്രായംകുറഞ്ഞ ദാവീദിനെയാണ്‌ ദൈവം തിരഞ്ഞെടുത്തത്‌. ഇത്‌ അറിഞ്ഞപ്പോൾ യോനാഥാൻ എന്തു ചെയ്‌തു? അവൻ ദാവീദിന്റെ രാജത്വം അംഗീകരിച്ചു. സ്വന്തം ജീവൻ പണയപ്പെടുത്തിപ്പോലും അവൻ ദാവീദിനു പിന്തുണയേകി. “നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും” എന്ന്‌ അവൻ ദാവീദിനോടു പറഞ്ഞു. (1 ശമൂ. 23:17) അതെ, യോനാഥാന്‌ യാതൊരു പരാതിയും ഇല്ലായിരുന്നു. ശൗലിനെപ്പോലെ യോനാഥാൻ ദാവീദിനോട്‌ അസൂയപ്പെട്ടില്ല. മറ്റുള്ളവർക്കു ലഭിക്കുന്ന നിയമനങ്ങളെപ്രതി അസൂയപ്പെടാതെ നമുക്കു ലഭിക്കുന്ന ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മനസ്സർപ്പിക്കുക. പുതിയ ലോകത്തിൽ എല്ലാ ദൈവദാസന്മാരുടെയും ന്യായമായ ആഗ്രഹങ്ങൾ യഹോവ തൃപ്‌തിപ്പെടുത്തും എന്ന കാര്യത്തിൽ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം.

21. നമ്മുടെ ഗൃഹവിചാരകസ്ഥാനത്തെ നാം എങ്ങനെ കാണണം?

21 ദൈവത്തിന്റെ വിശ്വസ്‌തഗൃഹവിചാരകരായ നാം മനസ്സിൽപ്പിടിക്കേണ്ട ഒന്നുണ്ട്‌: അടിച്ചമർത്തലും കണ്ണീരും നിറഞ്ഞ ദുരിതപൂർണമായ അടിമത്തമല്ല നമ്മുടേത്‌. ആദരണീയമായ പദവികൾ നമുക്കുണ്ട്‌. ഈ വ്യവസ്ഥിതിയുടെ അവസാനനാളുകളിൽ രാജ്യസുവാർത്ത ഘോഷിക്കുകയെന്ന ഒരിക്കലും ആവർത്തിക്കപ്പെടില്ലാത്ത ഒരു വേലയും നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നു. ആ വേല നിർവഹിക്കുന്നതിനോടു ബന്ധപ്പെട്ട്‌ നമുക്കുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന്‌ ഗണ്യമായ സ്വാതന്ത്ര്യവും നമുക്ക്‌ അനുവദിച്ചുതന്നിരിക്കുന്നു. അതുകൊണ്ട്‌ നമുക്ക്‌ വിശ്വസ്‌തരായ ഗൃഹവിചാരകരായിരിക്കാം. സർവപ്രപഞ്ചത്തിന്റെയും അധിപനായവന്‌ സേവചെയ്യുകയെന്ന പദവിയെ നമുക്ക്‌ ഉദാത്തമായി കരുതാം!

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ചിത്രങ്ങൾ]

നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നമുക്ക്‌ വിശ്വസ്‌തതയോടെ നിർവഹിക്കാം