വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘പ്രവാസികളായി’ ജീവിക്കുന്നതിൽ തുടരുക

‘പ്രവാസികളായി’ ജീവിക്കുന്നതിൽ തുടരുക

‘പ്രവാസികളായി’ ജീവിക്കുന്നതിൽ തുടരുക

“ജഡമോഹങ്ങളെ വിട്ടകലാൻ അന്യരും പ്രവാസികളുമായ നിങ്ങളെ ഞാൻ ഉദ്‌ബോധിപ്പിക്കുന്നു.”—1 പത്രോ. 2:11.

ഉത്തരം പറയാമോ?

അഭിഷിക്തരെ പ്രവാസികൾ എന്നു വിളിക്കാവുന്നത്‌ എന്തുകൊണ്ട്‌?

ഏത്‌ അർഥത്തിലാണ്‌ ‘വേറെ ആടുകൾ’ പ്രവാസികളായിരിക്കുന്നത്‌?

ഭാവിയിൽ നടക്കാനിരിക്കുന്ന ഏതു കാര്യത്തിനായാണ്‌ നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്‌?

1, 2. ‘തിരഞ്ഞെടുക്കപ്പെട്ടവർ’ എന്നു പത്രോസ്‌ വിശേഷിപ്പിച്ചത്‌ ആരെയാണ്‌, അവരെ ‘പ്രവാസികൾ’ എന്നു വിളിച്ചത്‌ എന്തുകൊണ്ട്‌?

 യേശു സ്വർഗാരോഹണം ചെയ്‌ത്‌ ഏതാണ്ട്‌ 30 വർഷത്തിനു ശേഷം പത്രോസ്‌ അപ്പൊസ്‌തലൻ “പൊന്തൊസിലും ഗലാത്യയിലും കപ്പദോക്യയിലും ഏഷ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന പ്രവാസികൾക്ക്‌, . . . തിരഞ്ഞെടുക്കപ്പെട്ടവർക്ക്‌” ഒരു ലേഖനം എഴുതി. (1 പത്രോ. 1:1) തന്നെപ്പോലെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും ക്രിസ്‌തുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കുക എന്ന ‘സജീവമായ പ്രത്യാശയിലേക്ക്‌ പുതുജനനം’ പ്രാപിക്കുകയും ചെയ്‌തവരെയാണ്‌ “തിരഞ്ഞെടുക്കപ്പെട്ടവർ” എന്നു പത്രോസ്‌ പരാമർശിച്ചത്‌. (1 പത്രോസ്‌ 1:3, 4 വായിക്കുക.) എന്നാൽ അതിനുശേഷം അവരെ “അന്യരും പ്രവാസികളും” എന്നു വിളിച്ചത്‌ എന്തുകൊണ്ടാണ്‌? (1 പത്രോ. 2:11) ലോകമെമ്പാടുമായി അഭിഷിക്തരെന്ന്‌ അവകാശപ്പെടുന്നവരുടെ എണ്ണം ഏതാണ്ട്‌ 650 സജീവസാക്ഷികൾക്ക്‌ 1 എന്ന അനുപാതത്തിലാണെന്നിരിക്കെ പത്രോസിന്റെ വാക്കുകൾക്ക്‌ ഇന്നു നമ്മുടെ കാര്യത്തിൽ എന്തു പ്രസക്തിയാണുള്ളത്‌?

2 ഒന്നാം നൂറ്റാണ്ടിലെ അഭിഷിക്തക്രിസ്‌ത്യാനികൾക്ക്‌ ‘പ്രവാസികൾ’ എന്ന വിശേഷണം അനുയോജ്യമായിരുന്നു. ഇന്നു ജീവിച്ചിരിക്കുന്ന അഭിഷിക്തശേഷിപ്പിന്റെ കാര്യത്തിലെന്നപോലെ അവരുടെയും ഭൂമിയിലെ വാസം ശാശ്വതമായിരുന്നില്ല. അഭിഷിക്തഗണമായ “ചെറിയ ആട്ടിൻകൂട്ട”ത്തിൽപ്പെട്ട പൗലോസ്‌ അപ്പൊസ്‌തലൻ അക്കാര്യം വിശദീകരിച്ചുകൊണ്ടു പറഞ്ഞു: “നമ്മുടെ പൗരത്വം സ്വർഗത്തിലാകുന്നു. അവിടെയുള്ള കർത്താവായ യേശുക്രിസ്‌തു എന്ന രക്ഷിതാവിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു.” (ലൂക്കോ. 12:32; ഫിലി. 3:20) തങ്ങളുടെ ‘പൗരത്വം സ്വർഗത്തിൽ’ ആയതിനാൽ അഭിഷിക്തർ മരണത്തിങ്കൽ ഭൂമിയോടു വിടചൊല്ലുകയും അമർത്യതയോടു കൂടിയ ശ്രേഷ്‌ഠമായ സ്വർഗീയജീവനിലേക്കു പ്രവേശിക്കുകയും ചെയ്യും. (ഫിലിപ്പിയർ 1:21-23 വായിക്കുക.) അതുകൊണ്ട്‌ അക്ഷരാർഥത്തിൽത്തന്നെ അവർ സാത്താന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ഈ ലോകത്തിൽ പ്രവാസികളാണെന്നു പറയാം.

3. ‘വേറെ ആടുകളെക്കുറിച്ച്‌’ ഏതു ചോദ്യം ഇപ്പോൾ പ്രസക്തമാണ്‌?

3 എന്നാൽ ‘വേറെ ആടുകളുടെ’ കാര്യമോ? (യോഹ. 10:16) ഭൂമിയിൽ സ്ഥിരവാസികളാകുക എന്ന തിരുവെഴുത്തധിഷ്‌ഠിതമായ പ്രത്യാശയല്ലേ അവർക്കുള്ളത്‌? അതെ, ഭൂമിയായിരിക്കും അവരുടെ ശാശ്വതഭവനം! എന്നുവരികിലും അവരെയും ഇപ്പോൾ പ്രവാസികളായി കണക്കാക്കാവുന്നതാണ്‌. ഏത്‌ അർഥത്തിൽ?

‘സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങുന്നു’

4. ലോകനേതാക്കൾക്ക്‌ ഏത്‌ അവസ്ഥ മാറ്റാനാകുന്നില്ല?

4 സാത്താന്റെ ഈ ദുഷ്ടവ്യവസ്ഥിതി നിലനിൽക്കാൻ അനുവദിച്ചിരിക്കുന്നിടത്തോളം സാത്താൻ യഹോവയ്‌ക്കെതിരെ മത്സരിച്ചതിന്റെ പ്രത്യാഘാതങ്ങൾ ക്രിസ്‌ത്യാനികൾ ഉൾപ്പെടെ എല്ലാവരും അനുഭവിക്കേണ്ടിവരും. “ഇന്നോളം സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദനപ്പെട്ടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ” എന്ന്‌ റോമർ 8:22 പറയുന്നു. എത്ര ആത്മാർഥമായി ശ്രമിച്ചിട്ടും ലോകനേതാക്കൾക്കോ ശാസ്‌ത്രജ്ഞർക്കോ ജീവകാരുണ്യപ്രവർത്തകർക്കോ ഒന്നും ഈ അവസ്ഥയ്‌ക്കു മാറ്റം വരുത്താനാകുന്നില്ല.

5. ദശലക്ഷങ്ങൾ 1914 മുതൽ ഏതു നിലപാട്‌ സ്വീകരിച്ചിരിക്കുന്നു, എന്തുകൊണ്ട്‌?

5 യേശുക്രിസ്‌തു 1914-ൽ വാഴ്‌ചയാരംഭിച്ചതു മുതൽ അവന്റെ പ്രജകളാകാൻ തീരുമാനിച്ച്‌ ദശലക്ഷങ്ങൾ മനസ്സോടെ മുന്നോട്ടു വന്നിരിക്കുന്നു. സാത്താന്റെ ലോകവ്യവസ്ഥിതിയുടെ ഭാഗമാകാൻ അവർക്കു തെല്ലും താത്‌പര്യമില്ല. സാത്താന്റെ ലോകത്തെ പിന്തുണയ്‌ക്കാൻ അവർ വിസമ്മതിക്കുന്നു. പകരം ദൈവരാജ്യത്തെ പിന്തുണച്ചുകൊണ്ടു പ്രവർത്തിക്കാൻ അവർ തങ്ങളുടെ ജീവിതവും വസ്‌തുവകകളും വിനിയോഗിക്കുന്നു.—റോമ. 14:7, 8.

6. യഹോവയുടെ സാക്ഷികൾ പ്രവാസികളായിരിക്കുന്നത്‌ ഏത്‌ അർഥത്തിൽ?

6 ഇരുന്നൂറിലധികം രാജ്യങ്ങളിലായി ജീവിക്കുന്ന യഹോവയുടെ സാക്ഷികൾ നിയമം അനുസരിക്കുന്ന പൗരന്മാരാണ്‌; പക്ഷേ, എവിടെ ജീവിച്ചാലും അവർ അവിടെ പ്രവാസികളെപ്പോലെയാണ്‌. താമസിക്കുന്ന രാജ്യത്തെ രാഷ്‌ട്രീയ-സാമൂഹിക വിഷയങ്ങളിൽ പൂർണമായി അവർ നിഷ്‌പക്ഷത പാലിക്കുന്നു. ഇപ്പോൾത്തന്നെ, ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ഒരു പുതിയ ലോകത്തിലെ പൗരന്മാരായാണ്‌ അവർ സ്വയം വീക്ഷിക്കുന്നത്‌. ഈ അപൂർണലോകത്തിലെ പ്രവാസത്തിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന വസ്‌തുത അവരെ ഏറെ സന്തോഷിപ്പിക്കുന്നു.

7. ദൈവദാസന്മാർ എവിടെ, എപ്പോൾ സ്ഥിരതാമസക്കാരാകും?

7 വൈകാതെ ക്രിസ്‌തു തന്റെ അധികാരം ഉപയോഗിച്ച്‌ സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയെ ഉന്മൂലനം ചെയ്യും. ക്രിസ്‌തുവിന്റെ പിഴവറ്റ ഭരണകൂടം ഭൂമിയിൽനിന്ന്‌ പാപവും ദുഃഖവും തുടച്ചുനീക്കും. യഹോവയുടെ പരമാധികാരത്തിനെതിരെ മത്സരിക്കുന്ന ദൃശ്യവും അദൃശ്യവും ആയ ഘടകങ്ങളെ അതു നിർമാർജനം ചെയ്യും. പറുദീസാഭൂമിയിൽ സ്ഥിരതാമസക്കാരാകാൻ ദൈവത്തിന്റെ വിശ്വസ്‌തദാസന്മാർക്ക്‌ അപ്പോൾ അവസരം ലഭിക്കും. (വെളിപാട്‌ 21:1-5 വായിക്കുക.) അങ്ങനെ എല്ലാ അർഥത്തിലും സൃഷ്ടി “ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രമാക്കപ്പെട്ട്‌ ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” പ്രാപിക്കും!—റോമ. 8:20.

സത്യക്രിസ്‌ത്യാനികളിൽനിന്നു പ്രതീക്ഷിക്കുന്നത്‌

8, 9. ‘ജഡമോഹങ്ങളെ വിട്ടകലുക’ എന്നു പറഞ്ഞപ്പോൾ പത്രോസ്‌ എന്താണ്‌ ഉദ്ദേശിച്ചത്‌, വിശദീകരിക്കുക?

8 ക്രിസ്‌ത്യാനികളിൽനിന്ന്‌ എന്താണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ പത്രോസിന്റെ തുടർന്നുള്ള വാക്കുകളിൽ കാണാം: “പ്രിയമുള്ളവരേ, നിങ്ങളുടെ ഉള്ളിൽ പോരാടുന്ന ജഡമോഹങ്ങളെ വിട്ടകലാൻ അന്യരും പ്രവാസികളുമായ നിങ്ങളെ ഞാൻ ഉദ്‌ബോധിപ്പിക്കുന്നു.” (1 പത്രോ. 2:11) പത്രോസ്‌ ഈ ഉദ്‌ബോധനം ആദ്യം നൽകിയത്‌ അഭിഷിക്തരായ ക്രിസ്‌ത്യാനികൾക്കാണെങ്കിലും യേശുവിന്റെ വേറെ ആടുകളുടെ കാര്യത്തിലും അതിന്‌ അത്രതന്നെ പ്രാധാന്യമുണ്ട്‌.

9 ചില മോഹങ്ങൾ അതായത്‌ മനുഷ്യന്റെ ചില ആഗ്രഹങ്ങൾ സ്രഷ്ടാവ്‌ ഉദ്ദേശിച്ചിരിക്കുന്ന വിധത്തിൽ നിറവേറ്റുന്നതിൽ ഒരു തെറ്റുമില്ല. അതു ജീവിതം കൂടുതൽ ആനന്ദകരമാക്കും. ഉദാഹരണത്തിന്‌, നല്ല ഭക്ഷണപാനീയങ്ങൾ ആസ്വദിക്കുക, ഉന്മേഷം പകരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക, നല്ല സുഹൃത്തുക്കളുമൊത്തു സമയം ചെലവിടുക ഇതൊക്കെ നമ്മുടെ സ്വാഭാവിക ആഗ്രഹങ്ങളിൽപ്പെടുന്നവയാണ്‌. വിവാഹയിണയുമായി ലൈംഗികാസ്വാദനത്തിനുള്ള ആഗ്രഹവും ഉചിതമാണ്‌; ദാമ്പത്യത്തിൽ അതിന്‌ അതിന്റേതായ സ്ഥാനവുമുണ്ട്‌. (1 കൊരി. 7:3-5) എന്നാൽ പത്രോസ്‌ ഇവിടെ പറഞ്ഞത്‌ “ഉള്ളിൽ പോരാടുന്ന ജഡമോഹങ്ങ”ളെക്കുറിച്ചാണ്‌, അതായത്‌ പാപപൂർണമായ ആഗ്രഹങ്ങൾ. മറ്റൊരു ബൈബിൾഭാഷാന്തരം ഇതിനെ ‘ദുഷ്ട ആഗ്രഹങ്ങൾ’ (പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ) എന്നാണ്‌ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. യഹോവയുടെ ഉദ്ദേശ്യത്തിനു വിരുദ്ധവും അവനുമായുള്ള ഒരു നല്ല ബന്ധത്തിന്‌ വിഘാതം സൃഷ്ടിക്കുന്നതും ആയ അഭിലാഷങ്ങൾക്ക്‌ നാം തടയിടേണ്ടതുണ്ട്‌. അല്ലാത്തപക്ഷം നമ്മുടെ ജീവൻതന്നെ അപകടത്തിലാകും.

10. സത്യക്രിസ്‌ത്യാനികളെ തന്റെ ലോകത്തിന്റെ ഭാഗമാക്കാൻ സാത്താൻ എന്ത്‌ ഉപാധികളാണ്‌ ഉപയോഗിക്കുന്നത്‌?

10 സാത്താന്റെ ലക്ഷ്യം ഇതാണ്‌: ഈ വ്യവസ്ഥിതിയിൽ ‘പ്രവാസികളായി’ സ്വയം വീക്ഷിക്കാനുള്ള സത്യക്രിസ്‌ത്യാനികളുടെ ദൃഢനിശ്ചയം ദുർബലമാക്കുക. ഭൗതികത്വത്തിന്റെ പകിട്ടും അധാർമികതയുടെ വശീകരണശക്തിയും സ്ഥാനമാനങ്ങളുടെ ആകർഷണീയതയും ‘ഞാൻ മുമ്പൻ’ മനോഭാവവും ദേശീയതയുടെ മാസ്‌മരശക്തിയും എല്ലാം സാത്താന്റെ കെണികളാണ്‌, അവയെ നാം തിരിച്ചറിയണം. അഭികാമ്യമല്ലാത്ത ഇത്തരം ജഡികാഗ്രഹങ്ങളിൽനിന്ന്‌ പാടേ വിട്ടുനിൽക്കാനുള്ള നമ്മുടെ നിശ്ചയദാർഢ്യം, സാത്താന്റെ ദുഷ്ടലോകത്തിന്റെ ഭാഗമാകാൻ നമുക്ക്‌ ഒട്ടും താത്‌പര്യമില്ല എന്നാണു കാണിക്കുന്നത്‌. അതിലൂടെ, പ്രവാസികളായിട്ടാണ്‌ ഈ ലോകത്തു ജീവിക്കുന്നത്‌ എന്നതിന്‌ തെളിവുകൾ നൽകുകയാണു നാം. നീതി വസിക്കുന്ന ദൈവത്തിന്റെ പുതിയ ലോകത്തിൽ സ്ഥിരതാമസത്തിനുവേണ്ട യോഗ്യത പ്രാപിക്കാനാണ്‌ നാം ആഗ്രഹിക്കുന്നതും യത്‌നിക്കുന്നതും.

നല്ല നടത്ത

11, 12. അന്യനാട്ടുകാരെ ചിലപ്പോൾ എങ്ങനെ വീക്ഷിച്ചേക്കാം, യഹോവയുടെ സാക്ഷികളെപ്പറ്റി എന്തു പറയാനാകും?

11 ‘പ്രവാസികളായ’ ക്രിസ്‌ത്യാനികളിൽനിന്ന്‌ എന്താണു പ്രതീക്ഷിക്കുന്നതെന്ന്‌ പൗലോസ്‌ തുടർന്നു വിശദീകരിച്ചു. 12-ാം വാക്യം പറയുന്നു: “വിജാതീയർ നിങ്ങളെ ദുഷ്‌പ്രവൃത്തിക്കാർ എന്നു ദുഷിക്കുമ്പോൾത്തന്നെ നിങ്ങളുടെ സത്‌പ്രവൃത്തികൾ കണ്ടറിഞ്ഞിട്ട്‌ പരിശോധനാനാളിൽ ദൈവത്തെ മഹത്ത്വപ്പെടുത്തേണ്ടതിന്‌ അവരുടെയിടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കട്ടെ.” അന്യദേശത്തു താമസിക്കുന്ന പ്രവാസികൾ ചിലപ്പോൾ ദുഷിക്കപ്പെടാറുണ്ട്‌. തദ്ദേശവാസികളിൽനിന്നു വ്യത്യസ്‌തരാണെന്നതുകൊണ്ടു മാത്രം അവർ ചിലപ്പോൾ ‘ദുഷ്‌പ്രവൃത്തിക്കാരായി’ വീക്ഷിക്കപ്പെട്ടേക്കാം. അവരുടെ സംസാരം, പെരുമാറ്റരീതികൾ, വസ്‌ത്രധാരണം ചിലപ്പോൾ രൂപംപോലും വ്യത്യാസപ്പെട്ടിരിക്കാം. എന്നാൽ അവരുടെ സത്‌പ്രവൃത്തികൾ അതായത്‌ അവരുടെ നല്ല പെരുമാറ്റം കാണുമ്പോൾ അവർ മോശക്കാരാണെന്ന ധാരണ അടിസ്ഥാനരഹിതമാണെന്നു തെളിയും.

12 അതുപോലെ, സത്യക്രിസ്‌ത്യാനികൾ സംസാരത്തിലും വിനോദം തിരഞ്ഞെടുക്കുന്ന കാര്യത്തിലും മറ്റു വിധങ്ങളിലും തങ്ങളുടെ അയൽക്കാരിൽനിന്നു വ്യത്യസ്‌തരാണ്‌. വസ്‌ത്രധാരണവും ചമയവും സമൂഹത്തിലെ മറ്റുള്ളവരിൽനിന്ന്‌ അവരെ പലപ്പോഴും വേറിട്ടുനിറുത്തുന്നു. ഈ വൈപരീത്യങ്ങൾ നിമിത്തം തെറ്റിദ്ധാരണയുടെ പുറത്ത്‌ പലരും ഇവരെ ‘ദുഷ്‌പ്രവൃത്തിക്കാരെന്നു’ മുദ്രകുത്താനിടയായിട്ടുണ്ട്‌. എന്നാൽ, മറ്റു ചിലർ അവരുടെ നല്ല ജീവിതരീതിയെ പ്രതി അവരെ പ്രശംസിക്കാറുമുണ്ട്‌.

13, 14. ‘ജ്ഞാനം പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നത്‌’ എങ്ങനെ, ഉദാഹരിക്കുക?

13 അന്യായമായ കുറ്റാരോപണങ്ങൾ തുറന്നുകാട്ടാൻ നമ്മുടെ നല്ല നടത്തകൊണ്ടു കഴിഞ്ഞിട്ടുണ്ട്‌. ദൈവത്തോടു സമ്പൂർണവിശ്വസ്‌തത കാണിച്ച ഏക മനുഷ്യനായ യേശുവിനെതിരെപോലും വ്യാജാരോപണങ്ങളുണ്ടായി. “തീറ്റിപ്രിയനും വീഞ്ഞുകുടിയനുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതൻ” എന്ന്‌ ചിലർ അവനെ വിളിച്ചു. എന്നാൽ ദൈവത്തെ സേവിച്ചുകൊണ്ട്‌ അവൻ നയിച്ച നല്ല ജീവിതം ആ ആരോപണങ്ങൾ തെറ്റായിരുന്നെന്നു തെളിയിച്ചു. “ജ്ഞാനമോ അതിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു” എന്ന്‌ യേശു പറഞ്ഞു. (മത്താ. 11:19) ഇന്നും ഇങ്ങനെ സംഭവിക്കാറുണ്ട്‌. ഉദാഹരണത്തിന്‌, ജർമനിയിലെ സെൽറ്റേഴ്‌സിലുള്ള ബെഥേലിൽ സേവിക്കുന്ന സഹോദരങ്ങളെ ചില സമീപവാസികൾ ‘വിചിത്രജീവികളായി’ കരുതി. എന്നാൽ അവിടത്തെ മേയർ അവർക്കുവേണ്ടി സംസാരിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അവിടെ സേവിക്കുന്ന സാക്ഷികൾക്ക്‌ അവരുടേതായ ജീവിതരീതിയുണ്ട്‌. എന്നാൽ അത്‌ ഒരുവിധത്തിലും സമൂഹത്തിലെ മറ്റുള്ളവർക്ക്‌ ഒരു ശല്യമാകുന്നില്ല.”

14 അടുത്തകാലത്ത്‌ റഷ്യയിലെ മോസ്‌കോയിൽ ജീവിക്കുന്ന യഹോവയുടെ സാക്ഷികളുടെ കാര്യത്തിലും ഇങ്ങനെയൊരു സംഭവമുണ്ടായി. അവർക്കെതിരെ പല വ്യാജാരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. ഒടുവിൽ 2010 ജൂണിൽ ഫ്രാൻസിലെ സ്‌ട്രാസ്‌ബുർഗിലുള്ള യൂറോപ്യൻ മനുഷ്യാവകാശ കോടതി ഇങ്ങനെ വിധിച്ചു: “ഹർജിക്കാരുടെ മതസ്വാതന്ത്ര്യത്തിലും കൂടിവരാനുള്ള സ്വാതന്ത്ര്യത്തിലും (മോസ്‌കോ) കൈകടത്തിയതിന്‌ ന്യായീകരണം ഒന്നും കോടതി കാണുന്നില്ല.” ഹർജിക്കാർ കുടുംബബന്ധങ്ങൾ തകർക്കുന്നവരും ആത്മഹത്യയ്‌ക്ക്‌ പ്രേരിപ്പിക്കുന്നവരും ചികിത്സ നിഷേധിക്കുന്നവരും ആണെന്നതുപോലുള്ള “കുറ്റങ്ങൾ തെളിയിക്കുന്നതിനുവേണ്ട ‘പ്രസക്തവും പര്യാപ്‌തവും’ ആയ കാരണങ്ങൾ നിരത്താൻ പ്രാദേശിക കോടതികൾക്ക്‌ കഴിഞ്ഞിട്ടില്ല.” അതുകൊണ്ട്‌ “പ്രാദേശിക കോടതികൾ പ്രഖ്യാപിച്ച വിധി, തദ്ദേശ നിയമങ്ങളുടെ വഴക്കമില്ലായ്‌മ നിമിത്തം വളരെ കടുത്തതും, ന്യായമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നെങ്കിൽത്തന്നെ അതുമായി പൊരുത്തമില്ലാത്തതും ആണ്‌.”

ഉചിതമായ കീഴ്‌പെടൽ

15. ലോകത്തെമ്പാടുമുള്ള സത്യക്രിസ്‌ത്യാനികൾ ഏതു ബൈബിൾതത്ത്വം അനുസരിക്കുന്നു?

15 മോസ്‌കോ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ദേശങ്ങളിലെ യഹോവയുടെ സാക്ഷികൾ, ക്രിസ്‌ത്യാനികൾക്ക്‌ പത്രോസ്‌ നൽകിയ മറ്റൊരു നിബന്ധന പാലിക്കുന്നു. അവൻ എഴുതി: “കർത്താവിനെപ്രതി മാനുഷികമായ എല്ലാ അധികാരങ്ങൾക്കും കീഴ്‌പെട്ടിരിക്കുവിൻ: ശ്രേഷ്‌ഠാധികാരിയെന്ന നിലയിൽ രാജാവിനും . . . ദേശാധിപതികൾക്കും കീഴ്‌പെട്ടിരിക്കുവിൻ.” (1 പത്രോ. 2:13, 14) ഈ ദുഷ്ടലോകത്തിന്റെ ഭാഗമല്ലെങ്കിലും സത്യക്രിസ്‌ത്യാനികൾ പൗലോസ്‌ നിർദേശിച്ചതുപോലെ, “ആപേക്ഷികസ്ഥാനങ്ങളിൽ” ആയിരിക്കുന്ന ഗവണ്മെന്റ്‌ അധികാരികൾക്ക്‌ മനസ്സോടെ കീഴ്‌പെടുന്നു.—റോമർ 13:1, 5-7 വായിക്കുക.

16, 17. (എ) നാം ഗവണ്മെന്റുകൾക്ക്‌ എതിരല്ലെന്നതിന്‌ എന്തു തെളിവുണ്ട്‌? (ബി) ചില രാഷ്‌ട്രീയനേതാക്കൾ എന്തു സമ്മതിച്ചിരിക്കുന്നു?

16 ഈ വ്യവസ്ഥിതിയിൽ ‘പ്രവാസികളായി’ ജീവിക്കുന്നതിലൂടെ യഹോവയുടെ സാക്ഷികൾ ഒരു നിശ്ശബ്ദവിപ്ലവം നയിക്കുകയല്ല. സ്വന്തമായി രാഷ്‌ട്രീയ-സാമൂഹിക നിലപാടുള്ളവരെ അവർ എതിർക്കുകയോ അവരുടെ തീരുമാനങ്ങളിൽ കൈകടത്തുകയോ ചെയ്യുന്നില്ല. ചില മതവിഭാഗങ്ങളെപ്പോലെ യഹോവയുടെ സാക്ഷികൾ രാഷ്‌ട്രീയകാര്യങ്ങളിൽ ഉൾപ്പെടുന്നില്ല. ഭരണച്ചുമതലയുള്ള അധികാരികളുടെ തീരുമാനങ്ങളെ സ്വാധീനിക്കാനും അവർ ശ്രമിക്കാറില്ല. അവർ ക്രമസമാധാനം തകർക്കുന്നവരും ഗവണ്മെന്റിനെതിരെ മത്സരിക്കുന്നവരും ആണെന്നുള്ള ആരോപണങ്ങൾതീർത്തും അടിസ്ഥാനരഹിതമാണ്‌.

17 “രാജാവിനെ ആദരിക്കുവിൻ” എന്ന പത്രോസിന്റെ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ ഗവണ്മെന്റ്‌ അധികാരികളെ ക്രിസ്‌ത്യാനികൾ അനുസരിക്കുന്നു. അങ്ങനെ അവരുടെ സ്ഥാനത്തിന്‌ അർഹിക്കുന്ന ആദരവ്‌ സാക്ഷികൾ നൽകുന്നു. (1 പത്രോ. 2:17) യഹോവയുടെ സാക്ഷികളുടെ കാര്യത്തിൽ ഉത്‌കണ്‌ഠപ്പെടേണ്ട കാര്യമില്ലെന്ന്‌ അധികാരികൾ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ജർമനിയിലെ ബ്രാൻഡെൻബർഗ്‌ എന്ന സംസ്ഥാനത്തെ മുൻ ക്യാബിനറ്റ്‌ മന്ത്രിയും പിന്നീട്‌ ജർമൻ പാർലമെന്റ്‌ അംഗവും ആയ ഷെഫാൻ റിക്ക്‌ എന്ന രാഷ്‌ട്രീയപ്രവർത്തകൻ ഇങ്ങനെ പറഞ്ഞു: “ജയിലുകളിലും പാളയങ്ങളിലും ആയിരുന്ന യഹോവയുടെ സാക്ഷികളുടെ പെരുമാറ്റത്തിൽ, വിശേഷിച്ച്‌ എസ്‌എസ്‌ സേനയ്‌ക്കു (നാസിപ്പട്ടാളം) മുമ്പിൽ അവർ കാണിച്ച നിശ്ചയദാർഢ്യത്തിലും സഹതടവുകാരോടുള്ള അവരുടെ മനുഷ്യത്വപരമായ ഇടപെടലുകളിലും അവരിലെ സദ്‌ഗുണങ്ങൾ ദൃശ്യമായിരുന്നു. ആ ഗുണങ്ങൾ ജനാധിപത്യഭരണവ്യവസ്ഥയുടെ നിലനിൽപ്പിന്‌ അന്നത്തെപ്പോലെ ഇന്നും ഒഴിച്ചുകൂടാനാവാത്തതാണ്‌. വിദേശികളോടും, വേറിട്ട രാഷ്‌ട്രീയകാഴ്‌ചപ്പാടോ വ്യത്യസ്‌ത ആദർശങ്ങളോ വെച്ചുപുലർത്തുന്നവരോടും ഉള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അത്തരം സദ്‌ഗുണങ്ങൾ നമ്മുടെ രാജ്യത്തെ ഓരോ പൗരനും അനിവാര്യമായിത്തീർന്നിരിക്കുന്നു.”

സഹോദരങ്ങളോടുള്ള സ്‌നേഹം

18. (എ) മുഴുസഹോദരവർഗത്തെയും നമുക്ക്‌ സ്‌നേഹിക്കാനാകുന്നത്‌ എന്തുകൊണ്ട്‌? (ബി) സാക്ഷികളല്ലാത്ത ചിലർ ഏതു കാര്യം ശ്രദ്ധിച്ചിട്ടുണ്ട്‌?

18 പത്രോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “മുഴുസഹോദരവർഗത്തെയും സ്‌നേഹിക്കുവിൻ. ദൈവത്തെ ഭയപ്പെടുവിൻ.” (1 പത്രോ. 2:17) ദൈവത്തെ അപ്രീതിപ്പെടുത്തിയേക്കുമോ എന്ന ആരോഗ്യാവഹമായ ഭയം യഹോവയുടെ സാക്ഷികൾക്കുണ്ട്‌; ദൈവഹിതം ചെയ്യാൻ ഇത്‌ അവർക്ക്‌ കൂടുതലായ പ്രചോദനം പകരുന്നു. തങ്ങളെപ്പോലെതന്നെ ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന സഹോദരീസഹോദരന്മാർ അടങ്ങുന്ന ലോകവ്യാപക കൂട്ടത്തോടൊപ്പം യഹോവയെ സേവിക്കുന്നതിൽ അവർ വളരെ സന്തുഷ്ടരാണ്‌. അതുകൊണ്ട്‌, സ്വാഭാവികമായും അവർ “മുഴുസഹോദരവർഗത്തെയും” സ്‌നേഹിക്കുന്നു. അത്തരം സഹോദരസ്‌നേഹം സ്വാർഥത നിറഞ്ഞ ഇന്നത്തെ സമൂഹത്തിൽ വിരളമായതിനാൽ സാക്ഷികൾ അല്ലാത്തവരെ ഇത്‌ അതിശയിപ്പിച്ചേക്കാം. ഉദാഹരണത്തിന്‌, 2009-ൽ ജർമനിയിൽ നടന്ന അന്താരാഷ്‌ട്രകൺവെൻഷന്റെ സമയത്ത്‌ അതിൽ പങ്കെടുക്കാനെത്തിയ വിദേശികളോട്‌ സാക്ഷികൾ കാണിച്ച സ്‌നേഹവും സഹായമനസ്‌കതയും ഒരു അമേരിക്കൻ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്ന ഒരു ടൂർ ഗൈഡിനെ അമ്പരപ്പിച്ചു. ഇത്രയും കാലത്തെ തന്റെ ജോലിക്കിടയിൽ ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ലെന്ന്‌ ആ സ്‌ത്രീ പറഞ്ഞു. ഒരു സാക്ഷി ഇതേക്കുറിച്ച്‌ ഓർക്കുന്നു: “അവർ നമ്മളെക്കുറിച്ച്‌ സംസാരിച്ചപ്പോഴെല്ലാം അവരുടെ വാക്കുകളിൽ ആശ്ചര്യവും ആവേശവും തുളുമ്പിനിന്നിരുന്നു.” നിങ്ങൾ പങ്കെടുത്ത ഏതെങ്കിലും ഒരു കൺവെൻഷനിൽ സാക്ഷികളെ നിരീക്ഷിച്ച ആരെങ്കിലും ഇങ്ങനെ പ്രതികരിച്ചിട്ടുണ്ടോ?

19. നമ്മുടെ തീരുമാനം എന്തായിരിക്കണം, എന്തുകൊണ്ട്‌?

19 മേൽപ്പറഞ്ഞ വിധങ്ങളിലും മറ്റ്‌ അനേകവിധങ്ങളിലും സാത്താന്റെ ഈ വ്യവസ്ഥിതിയിൽ തങ്ങൾ വാസ്‌തവമായും ‘പ്രവാസികളാണെന്ന്‌’ യഹോവയുടെ സാക്ഷികൾ തെളിയിക്കുന്നു. അങ്ങനെ തുടരാനും അവർ സന്തോഷപൂർവം തീരുമാനിച്ചിട്ടുള്ളവരാണ്‌. വൈകാതെ, ദൈവത്തിന്റെ നീതിനിഷ്‌ഠമായ പുതിയ ലോകത്തിൽ തങ്ങൾ സ്ഥിരതാമസക്കാരാകുമെന്ന അവരുടെ പ്രത്യാശ ഉറച്ചതും ഈടുറ്റതും ആണ്‌. നിങ്ങൾ അതിനായി കാത്തിരിക്കുകയാണോ?

[അധ്യയന ചോദ്യങ്ങൾ]

[20-ാം പേജിലെ ചിത്രം]

സാത്താന്റെ ലോകത്തെ രക്ഷിക്കാൻ നാം ശ്രമിക്കുന്നില്ല

[20-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ പുതിയ ലോകത്തിനായാണ്‌ നാം പ്രവർത്തിക്കുന്നത്‌

[22-ാം പേജിലെ ചിത്രം]

ഈ റഷ്യൻ കുടുംബത്തെ ഒരുമിച്ചു നിറുത്താൻ ബൈബിൾസത്യം സഹായിച്ചിരിക്കുന്നു