വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലളിതമായ ഇംഗ്ലീഷിലുള്ള വീക്ഷാഗോപുരം പുറത്തിറക്കിയത്‌ എന്തുകൊണ്ട്‌?

ലളിതമായ ഇംഗ്ലീഷിലുള്ള വീക്ഷാഗോപുരം പുറത്തിറക്കിയത്‌ എന്തുകൊണ്ട്‌?

ലളിതമായ ഇംഗ്ലീഷിലുള്ള വീക്ഷാഗോപുരം പുറത്തിറക്കിയത്‌ എന്തുകൊണ്ട്‌?

പതിറ്റാണ്ടുകളായി വീക്ഷാഗോപുരത്തിന്റെ താളുകളിൽ പ്രസിദ്ധീകരിച്ചുവരുന്ന തിരുവെഴുത്തധിഷ്‌ഠിത വിവരങ്ങൾ ഗോളമെമ്പാടുമുള്ള സ്‌ത്രീപുരുഷന്മാർ അതിയായി വിലമതിക്കുകയും അതിൽനിന്നു പ്രയോജനം നേടുകയും ചെയ്‌തിട്ടുണ്ട്‌. അങ്ങനെയിരിക്കെ, 2011 ജൂലൈയിൽ ഈ മാസികയുടെ ലളിതമായ ഇംഗ്ലീഷ്‌ പതിപ്പിന്റെ ആദ്യലക്കം പുറത്തിറങ്ങി. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “അടുത്ത ഒരു വർഷത്തേക്ക്‌ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇത്‌ പ്രസിദ്ധീകരിക്കുക. ഈ പതിപ്പ്‌ ഉപയോഗപ്രദമാണെന്നു കണ്ടാൽ തുടർന്നും അച്ചടിക്കുന്നതാണ്‌.”

ഇപ്പോൾ, ഇതു തുടർന്നും പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന്‌ സന്തോഷപൂർവം അറിയിക്കുന്നു. കൂടാതെ ഫ്രഞ്ച്‌, പോർച്ചുഗീസ്‌, സ്‌പാനിഷ്‌ എന്നീ ഭാഷകളിലും ലളിതമായ പതിപ്പുകൾ പുറത്തിറക്കാൻ പദ്ധതിയുണ്ട്‌.

അവർ ഇഷ്ടപ്പെടാൻ കാരണം

ലളിതമായ പതിപ്പ്‌ ലഭിച്ചശേഷം ദക്ഷിണ പസഫിക്കിലുള്ള പലരും, “ഇപ്പോൾ സഹോദരങ്ങൾക്ക്‌ വീക്ഷാഗോപുരത്തിന്റെ അന്തഃസത്ത മുഴുവനായി ഗ്രഹിക്കാൻ കഴിയുന്നു” എന്നു റിപ്പോർട്ടു ചെയ്‌തു. “പണ്ടു വാക്കുകളുടെ അർഥം നോക്കാനും പദപ്രയോഗങ്ങൾ വിശദീകരിക്കാനും ഉപയോഗിച്ചിരുന്ന സമയം ഇപ്പോൾ, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളുടെ അർഥം ഗ്രഹിക്കാനും പാഠഭാഗവുമായി അവയ്‌ക്കുള്ള ബന്ധം മനസ്സിലാക്കാനും വേണ്ടി വിനിയോഗിക്കാനാകുന്നു” എന്ന്‌ മറ്റൊരു കത്തിൽ എഴുതിയിരുന്നു.

ഐക്യനാടുകളിലെ ഒരു ബിരുദധാരി ഇങ്ങനെ പറഞ്ഞു: “18 വർഷം ഞാൻ സംസാരിച്ചതും എഴുതിയതും ഉന്നതവിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കിയ ഘനമേറിയ ഭാഷയിലാണ്‌. വേണ്ടതിലധികം സങ്കീർണമായ വിധത്തിൽ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു രീതി ഞാൻ വളർത്തിയെടുത്തിരുന്നു. എന്റെ ഈ രീതി അപ്പാടെ മാറ്റേണ്ടതുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു.” ഇപ്പോൾ ഫലപ്രദമായി സുവാർത്ത പ്രസംഗിക്കുന്ന ആ സഹോദരി എഴുതി: “ലളിതഭാഷയിലുള്ള വീക്ഷാഗോപുരം വലിയൊരു സഹായമായിരുന്നു. കാര്യങ്ങൾ എങ്ങനെ ലളിതമായി അവതരിപ്പിക്കാം എന്നതിന്‌ ഒരു ഉത്തമമാതൃകയാണ്‌ അതിലെ ഭാഷ.”

1972-ൽ സ്‌നാനമേറ്റ ഇംഗ്ലണ്ടിലെ ഒരു സഹോദരി ലളിതമായ ഭാഷയിലുള്ള വീക്ഷാഗോപുരത്തെക്കുറിച്ച്‌ ഇങ്ങനെ എഴുതി: “ആദ്യത്തെ ലക്കം വായിച്ചപ്പോൾ യഹോവ എന്നെ ചേർത്തുപിടിച്ച്‌ എന്റെ ഒപ്പമിരുന്നു വായിക്കുന്നതുപോലെയാണ്‌ എനിക്കു തോന്നിയത്‌. ഒരു അച്ഛൻ, ഉറങ്ങുന്നതിനു മുമ്പ്‌ കുട്ടിക്ക്‌ കഥ വായിച്ചുകൊടുക്കുന്നതുപോലുള്ള ഒരു അനുഭവമായിരുന്നു അത്‌.”

40 വർഷം മുമ്പ്‌ സ്‌നാനമേറ്റ, ഐക്യനാടുകളിലെ ബെഥേലിൽ സേവിക്കുന്ന ഒരു സഹോദരി പറഞ്ഞത്‌ ലളിതമായ പതിപ്പ്‌ ചില പുതിയ അറിവുകൾ നൽകിയിട്ടുണ്ടെന്നാണ്‌. ഉദാഹരണത്തിന്‌, 2011 സെപ്‌റ്റംബർ 15 ലക്കത്തിലെ “ചില വാക്കുകളുടെയും പ്രയോഗങ്ങളുടെയും വിശദീകരണം” എന്ന ചതുരത്തിൽ എബ്രായർ 12:1-ലെ (അടിക്കുറിപ്പ്‌) ‘സാക്ഷികളുടെ മേഘം’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം, “അവർ എണ്ണിക്കൂടാനാകാത്തത്ര അധികമായിരുന്നു” എന്നാണെന്ന്‌ വിശദീകരിച്ചിരുന്നു. “ഇത്‌ ഈ വാക്യത്തെക്കുറിച്ചുള്ള എന്റെ ധാരണ മെച്ചപ്പെടുത്തി” എന്ന്‌ ആ സഹോദരി പറയുന്നു. വാരംതോറുമുള്ള യോഗത്തെക്കുറിച്ച്‌ ആ സഹോദരി ഇങ്ങനെ കൂട്ടിച്ചേർത്തു: “ഒരു കുട്ടി ലളിതമായ പതിപ്പിൽനിന്ന്‌ നോക്കിവായിക്കുകയാണെങ്കിൽപ്പോലും സദസ്യർക്ക്‌ അതു കേൾക്കുമ്പോൾ പുതുമ തോന്നും; കാരണം, വീക്ഷാഗോപുരത്തിന്റെ സാധാരണ പതിപ്പിലുള്ള വാക്കുകളായിരിക്കില്ല അവ.”

ബെഥേലിലുള്ള മറ്റൊരു സഹോദരി എഴുതി: “സഭയിലെ കുട്ടികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ ഞാൻ കാതോർത്തിരിക്കാറുണ്ട്‌. നല്ല ബോധ്യത്തോടെ അഭിപ്രായം പറയാൻ വീക്ഷാഗോപുരത്തിന്റെ ലളിതമായ പതിപ്പ്‌ അവരെ സഹായിച്ചിരിക്കുന്നു. അവരുടെ ഉത്തരങ്ങളിൽനിന്ന്‌ എനിക്കു പ്രോത്സാഹനം ലഭിക്കാറുണ്ട്‌.”

1984-ൽ സ്‌നാനമേറ്റ ഒരു സഹോദരി ലളിതമായ പതിപ്പിനോട്‌ വിലമതിപ്പു പ്രകടിപ്പിച്ചത്‌ ഇങ്ങനെ: “ഇത്‌ എനിക്കുവേണ്ടി തയ്യാറാക്കിയതുപോലെ തോന്നി. വായിക്കുന്ന കാര്യം എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നു. വീക്ഷാഗോപുര അധ്യയനത്തിന്‌ ഉത്തരം പറയാനുള്ള ആത്മവിശ്വാസം ഇപ്പോൾ എനിക്കുണ്ട്‌.”

മാതാപിതാക്കൾക്കൊരു വിലപ്പെട്ട ഉപകരണം

ഒരു ഏഴു വയസ്സുകാരന്റെ അമ്മ ഇങ്ങനെ പറഞ്ഞു: “വീക്ഷാഗോപുരം തയ്യാറാകുമ്പോൾ പല വാചകങ്ങളും അവന്‌ വിശദീകരിച്ചുകൊടുക്കേണ്ടിവരുമായിരുന്നു. വളരെധികം സമയമെടുക്കുന്ന ശ്രമകരമായ ഒരു ജോലിയായിരുന്നു അത്‌.” ലളിതമായ പതിപ്പ്‌ അവരെ എങ്ങനെ സഹായിച്ചു? സഹോദരി തുടരുന്നു: “അവൻ ഖണ്ഡികകൾ വായിക്കുന്നതും എളുപ്പം അർഥം മനസ്സിലാക്കുന്നതും കണ്ടപ്പോൾ ഞാൻ അതിശയിച്ചുപോയി. കട്ടിയുള്ള വാക്കുകളോ നീണ്ടവാചകങ്ങളോ ഇല്ലാത്തതിനാൽ അവന്‌ അതു വായിക്കാൻ ഒട്ടും മടിയില്ല. യോഗങ്ങൾക്ക്‌ അഭിപ്രായം പറയാൻ എന്റെ സഹായം കൂടാതെ അവൻ തയ്യാറാകാൻ തുടങ്ങി. അധ്യയനസമയത്തുടനീളം അവൻ മാസികയിൽത്തന്നെ ശ്രദ്ധിച്ചിരിക്കും.”

ഒമ്പതു വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മ എഴുതി: “മുമ്പ്‌ അഭിപ്രായങ്ങൾ തയ്യാറാകാൻ ഞങ്ങൾ അവളെ സഹായിക്കേണ്ടിയിരുന്നു. ഇപ്പോൾ അവൾ സ്വന്തമായി തയ്യാറാകുന്നു. കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കാനോ വിവരങ്ങൾ ലളിതമാക്കി പറഞ്ഞുകൊടുക്കാനോ ഇപ്പോൾ വിരളമായേ സമയം ചെലവഴിക്കേണ്ടിവരുന്നുള്ളൂ. അവൾക്കു മനസ്സിലാകുന്ന ഭാഷയിലായതിനാൽ വീക്ഷാഗോപുര അധ്യയനത്തിൽ തനിക്കും ഒരു പങ്കുണ്ടെന്ന്‌ ഇപ്പോൾ അവൾക്കു തോന്നുന്നു.”

കുട്ടികൾക്കു പറയാനുള്ളത്‌

ലളിതമായ ഭാഷയിലുള്ള വീക്ഷാഗോപുരം വിശേഷാൽ തങ്ങൾക്കുവേണ്ടിയുള്ളതാണെന്ന്‌ പല കുട്ടികൾക്കും തോന്നുന്നു. പന്ത്രണ്ട്‌ വയസ്സുള്ള റിബേക്ക ഇങ്ങനെ അഭ്യർഥിച്ചു: “ദയവായി ഈ പുതിയ പതിപ്പ്‌ നിറുത്തിക്കളയരുത്‌! ‘ചില വാക്കുകളുടെയും പ്രയോഗങ്ങളുടെയും വിശദീകരണം’ എന്ന ഭാഗം എനിക്കു വളരെ ഇഷ്ടമാണ്‌. കുട്ടികൾക്ക്‌ അതു പെട്ടെന്നു മനസ്സിലാകും.”

ഏഴു വയസ്സുള്ള നിക്കലെറ്റിന്റെയും അഭിപ്രായം സമാനമാണ്‌: “വീക്ഷാഗോപുരം മനസ്സിലാക്കാൻ എനിക്ക്‌ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇപ്പോൾ മുമ്പത്തേതിലും അധികം ഉത്തരങ്ങൾ എനിക്ക്‌ സ്വന്തമായി പറയാൻ കഴിയുന്നുണ്ട്‌.” ഒമ്പതു വയസ്സുള്ള ഇമ എഴുതി: “എനിക്കും ആറു വയസ്സുള്ള എന്റെ അനിയനും ഇതു വലിയൊരു സഹായമാണ്‌. ഞങ്ങൾക്ക്‌ ഇപ്പോൾ പല കാര്യങ്ങളും നന്നായി മനസ്സിലാകുന്നുണ്ട്‌. നന്ദി!”

എളുപ്പം മനസ്സിലാകുന്ന വാക്കുകളും ലളിതമായ വാചകങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള ഈ പതിപ്പ്‌ അനേകർക്ക്‌ പ്രയോജനം ചെയ്യുന്നുവെന്ന്‌ വ്യക്തം. അതുകൊണ്ട്‌, ഈ ലളിതഭാഷാ പതിപ്പ്‌ 1879 മുതൽ തുടർച്ചയായി ലഭിക്കുന്ന വിലപ്പെട്ട ആത്മീയകരുതലായ വീക്ഷാഗോപുരത്തിന്റെ സാധാരണ പതിപ്പിനൊപ്പം തുടർന്നും അച്ചടിക്കുന്നതാണ്‌.

[30-ാം പേജിലെ ആകർഷക വാക്യം]

“പണ്ടു വാക്കുകളുടെ അർഥം നോക്കാനും പദപ്രയോഗങ്ങൾ വിശദീകരിക്കാനും ഉപയോഗിച്ചിരുന്ന സമയം ഇപ്പോൾ, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളുടെ അർഥം ഗ്രഹിക്കാനും പാഠഭാഗവുമായി അവയ്‌ക്കുള്ള ബന്ധം മനസ്സിലാക്കാനും വേണ്ടി വിനിയോഗിക്കാനാകുന്നു”

[31-ാം പേജിലെ ആകർഷക വാക്യം]

“അവൻ ഖണ്ഡികകൾ വായിക്കുന്നതും എളുപ്പം അർഥം മനസ്സിലാക്കുന്നതും കണ്ടപ്പോൾ ഞാൻ അതിശയിച്ചുപോയി”