വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ഒരു കുഞ്ഞുണ്ടാകാനുള്ള ആഗ്രഹം മൂലം, സത്യം പഠിക്കുന്നതിനു മുമ്പ്‌ ഞാനും ഭാര്യയും ടെസ്റ്റ്‌ ട്യൂബ്‌ ബീജസങ്കലനചികിത്സാരീതിക്കു (In Vitro Fertilization) വിധേയരായി. ബീജസങ്കലനംചെയ്‌തെടുത്ത ഭ്രൂണങ്ങൾ എല്ലാം ഉപയോഗിച്ചില്ല, ചിലത്‌ ശീതീകരിച്ചു സൂക്ഷിച്ചു. അവ തുടർന്നും സൂക്ഷിക്കേണ്ടതുണ്ടോ, അതോ അവ നശിപ്പിക്കാമോ?

▪ ടെസ്റ്റ്‌ ട്യൂബ്‌ ബീജസങ്കലനത്തിന്‌ (IVF) വിധേയരാകാൻ തീരുമാനിക്കുന്ന ദമ്പതികൾ അഭിമുഖീകരിക്കുന്ന സദാചാരപരവും ധാർമികവും ആയ പ്രശ്‌നങ്ങളിൽ ഒന്നു മാത്രമാണിത്‌. ഇക്കാര്യത്തിൽ ദൈവമുമ്പാകെ ഒരു തീരുമാനമെടുക്കേണ്ടത്‌ ഓരോ ദമ്പതികളുമാണ്‌. എന്നാൽ, ഈ വന്ധ്യതാ ചികിത്സാരീതിയെക്കുറിച്ച്‌ ചില കാര്യങ്ങൾ മനസ്സിലാക്കുന്നത്‌ ഒരു തീരുമാനമെടുക്കാൻ അവരെ സഹായിച്ചേക്കാം.

1978-ൽ ഇംഗ്ലണ്ടിലുള്ള ഒരു സ്‌ത്രീയാണ്‌ ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ്‌ ശിശുവിനു ജന്മം നൽകിയത്‌. അണ്ഡവാഹിനിക്കുഴലുകളിലെ തടസ്സംനിമിത്തം ബീജത്തിന്‌ അവളുടെ അണ്ഡവുമായി സ്വാഭാവികരീതിയിൽ സംയോജിക്കാൻ കഴിഞ്ഞിരുന്നില്ല. ഡോക്‌ടർമാർ ശസ്‌ത്രക്രിയയിലൂടെ അവളുടെ പാകമായ ഒരു അണ്ഡം എടുത്ത്‌ ഗ്ലാസ്സുകൊണ്ടുള്ള ഒരു പാത്രത്തിൽ നിക്ഷേപിച്ച്‌ ഭർത്താവിന്റെ ബീജവുമായി സംയോജിപ്പിച്ചു. സങ്കലനഫലമായുണ്ടായ ഭ്രൂണം ഒരു പോഷകദ്രാവകത്തിൽ വളരാൻ അനുവദിച്ച ശേഷം അതിനെ അവളുടെ ഗർഭാശയത്തിൽ നിക്ഷേപിച്ചു; അത്‌ ഗർഭാശയഭിത്തിയിൽ പറ്റിപ്പിടിച്ച്‌ വളരാൻതുടങ്ങി. മാസങ്ങൾക്കു ശേഷം അവൾക്ക്‌ ഒരു പെൺകുഞ്ഞു ജനിച്ചു. ഈ പ്രക്രിയയും ഇതിന്റെ വകഭേദങ്ങളുമാണ്‌ ടെസ്റ്റ്‌ ട്യൂബ്‌ ബീജസങ്കലനം എന്ന്‌ അറിയപ്പെടാൻ തുടങ്ങിയത്‌.

ഓരോ രാജ്യത്തും കുറച്ചൊക്കെ വ്യത്യാസങ്ങളുണ്ടെങ്കിലും ചുരുക്കത്തിൽ ഈ പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്നത്‌ ഇതാണ്‌: അണ്ഡോൽപ്പാദനം കൂട്ടാനായി അണ്ഡാശയത്തെ ഉത്തേജിപ്പിക്കുന്ന ചില മരുന്നുകൾ ഏതാനും ആഴ്‌ചത്തേക്ക്‌ ഭാര്യയ്‌ക്കു നൽകും. ഭർത്താവ്‌ ഹസ്‌തമൈഥുനത്തിലൂടെ സ്വയം ശുക്ലം സ്രവിപ്പിച്ചു ബീജം നൽകണം. അണ്ഡങ്ങളും കഴുകിയെടുത്ത ബീജങ്ങളും ലാബിൽവെച്ചു സംയോജിപ്പിക്കും; ഒന്നിലധികം അണ്ഡങ്ങളിൽ ബീജസങ്കലനം നടക്കുകയും പല ഭ്രൂണങ്ങൾ രൂപപ്പെടുകയും ചെയ്‌തേക്കാം. ഒന്നോ രണ്ടോ ദിവസമാകുമ്പോൾ, വളർച്ചയാരംഭിച്ച ഈ ഭ്രൂണങ്ങൾക്ക്‌ എന്തെങ്കിലും അപാകതയോ പോരായ്‌മകളോ ഉണ്ടോ എന്ന്‌ അറിയാനായി ശ്രദ്ധാപൂർവം പരിശോധിക്കുന്നു. തുടർന്ന്‌ ആരോഗ്യമുള്ളതും ഗർഭപാത്രത്തിൽ ഉറയ്‌ക്കാൻ കൂടുതൽ സാധ്യതയുള്ളതും ആയ ഭ്രൂണങ്ങളെ ഗർഭാശയത്തിൽ നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുന്നു. സാധാരണഗതിയിൽ മൂന്നാം ദിവസം, ഗർഭസാധ്യത ഉറപ്പാക്കുന്ന ഏറ്റവും ആരോഗ്യമുള്ള രണ്ടോ മൂന്നോ ഭ്രൂണങ്ങളെ ഗർഭാശയത്തിൽ നിക്ഷേപിക്കും. ഒന്നോ അതിലധികമോ ഭ്രൂണങ്ങൾ ഗർഭാശയത്തിൽ ഉറയ്‌ക്കുകയാണെങ്കിൽ അവൾ ഗർഭിണിയായി; പ്രസവം നടക്കാനുള്ള സാധ്യത ഏറെയാണ്‌.

എന്നാൽ, ആരോഗ്യക്കുറവുള്ളതും അപാകതകളുള്ളതും ഉൾപ്പെടെ ഗർഭാശയത്തിൽ നിക്ഷേപിക്കാത്ത ഭ്രൂണങ്ങളുടെ കാര്യമോ? അവ വെറുതെ വെച്ചിരുന്നാൽ ഉപയോഗയോഗ്യമല്ലാതായിത്തീരും. അതുകൊണ്ട്‌ അവയെ നൈട്രജൻലായനിയിൽ ശീതീകരിച്ചുവെക്കാറുണ്ട്‌. എന്തിനാണ്‌ അത്‌? ആദ്യത്തെ ശ്രമം വിഫലമായാൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഭ്രൂണങ്ങൾ ഉപയോഗിച്ച്‌ കുറഞ്ഞ ചെലവിൽ വീണ്ടുമൊരു ശ്രമം നടത്താനാകും. എന്നാൽ ഭ്രൂണങ്ങൾ സൂക്ഷിച്ചുവെക്കുന്നതിനോടു ബന്ധപ്പെട്ട്‌ ചില ധാർമികപ്രശ്‌നങ്ങൾ ഉയരുന്നു. ആദ്യംകണ്ട ദമ്പതികളെപ്പോലെ, ശീതീകരിച്ചുസൂക്ഷിക്കുന്ന തങ്ങളുടെ ഭ്രൂണങ്ങൾ എന്തു ചെയ്യണമെന്ന്‌ അറിയാതെ പലരും കുഴങ്ങുകയാണ്‌. കുട്ടികൾ ഇനി വേണ്ട എന്നായിരിക്കും പലരുടെയും തീരുമാനം. പ്രായവും സാമ്പത്തികസ്ഥിതിയും കണക്കിലെടുത്ത്‌ ചില ദമ്പതികൾ മറ്റൊരു ശ്രമത്തിനു മുതിരാതിരുന്നേക്കാം. ഒരു സമയത്ത്‌ ഒന്നിലേറെ കുഞ്ഞുങ്ങളെ ഗർഭംധരിക്കുന്നതുകൊണ്ടുള്ള അപകടങ്ങളും ദമ്പതികളെ പിന്തിരിപ്പിച്ചേക്കാം. a ഇണകളിൽ ഒരാളുടെയോ ഇരുവരുടെയുമോ മരണം, പുനർവിവാഹം തുടങ്ങിയവ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കാം. ഇങ്ങനെ പലവിധപ്രശ്‌നങ്ങൾ നിമിത്തം ചിലർ വർഷങ്ങളോളം ഭ്രൂണങ്ങൾ സംരക്ഷിക്കുന്നതിനായി പണം നൽകിക്കൊണ്ടേയിരിക്കുന്നു.

അധികംവരുന്ന ഭ്രൂണങ്ങളെ എന്തു ചെയ്യണമെന്ന കാര്യത്തിൽ പലരും വല്ലാത്ത ആശയക്കുഴപ്പത്തിലാണെന്ന്‌ 2008-ൽ ദ ന്യൂയോർക്ക്‌ ടൈംസിൽ ഒരു പ്രമുഖ ഭ്രൂണശാസ്‌ത്രജ്ഞൻ എഴുതുകയുണ്ടായി. ആ ലേഖനം ഇങ്ങനെ പറഞ്ഞു: “കുറഞ്ഞത്‌ നാലു ലക്ഷം ഭ്രൂണങ്ങളാണ്‌ രാജ്യത്തെമ്പാടുമുള്ള ക്ലിനിക്കുകളിൽ ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്നത്‌; ഓരോ ദിവസവും ഈ എണ്ണം കൂടിവരുകയാണ്‌. . . . ശരിയാംവണ്ണം ശീതീകരിച്ചു സൂക്ഷിച്ചാൽ ഭ്രൂണങ്ങൾ പത്തോ അതിൽക്കൂടുതലോ വർഷം വളർച്ചാശേഷിയോടെ ഇരിക്കും. എന്നാൽ ശീതീകരണസംവിധാനം മാറ്റിയാൽ അവ എല്ലാം അതിജീവിക്കുകയില്ല.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) ഒടുവിൽപ്പറഞ്ഞ വസ്‌തുത ചില ക്രിസ്‌ത്യാനികൾക്ക്‌ ചിന്തിക്കാൻ വകനൽകുന്നു. എങ്ങനെ?

ടെസ്റ്റ്‌ ട്യൂബ്‌ ബീജസങ്കലനത്തോടു ബന്ധപ്പെട്ട സങ്കീർണതകൾ അഭിമുഖീകരിക്കുന്ന ദമ്പതികൾക്ക്‌ ഒരുപക്ഷേ തങ്ങളുടെ സാഹചര്യം സമാനമായ മറ്റൊരു സാഹചര്യവുമായി ബന്ധപ്പെടുത്തി ചിന്തിക്കാനാകും. പ്രിയപ്പെട്ട ഒരാൾ, രക്ഷപ്പെടില്ലെന്നുള്ള ഘട്ടത്തിലെത്തുകയും ശ്വസനയന്ത്രംപോലുള്ള കൃത്രിമോപാധികളുടെ സഹായത്താൽമാത്രം ജീവൻ നിലനിറുത്തുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന്‌ ഒരു ക്രിസ്‌ത്യാനിക്കു തീരുമാനിക്കേണ്ടിവന്നേക്കാം. സത്യക്രിസ്‌ത്യാനികൾ ഒരിക്കലും ആവശ്യമായ ചികിത്സ സ്വീകരിക്കാതിരിക്കില്ല. പുറപ്പാടു 20:13-നും സങ്കീർത്തനം 36:9-നും ചേർച്ചയിൽ അവർ ജീവനെ വിലയേറിയതായി കാണുന്നു. 1974 മെയ്‌ 8 ലക്കം ഉണരുക! (ഇംഗ്ലീഷ്‌) ഇങ്ങനെ പറഞ്ഞു: “ദൈവത്തെപ്പോലെ, ജീവൻ പവിത്രമായി കാണുന്നതിനാലും സ്വന്തം മനഃസാക്ഷിക്കു വിലകൽപ്പിക്കുന്നതിനാലും ഗവണ്മെന്റിന്റെ നിയമങ്ങൾ അനുസരിക്കുന്നതിനാലും ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന അവർ ഒരിക്കലും ദയാവധത്തിനു മുതിരുകയില്ല.” മനഃപൂർവം രോഗിയുടെ ജീവനെടുക്കുന്ന പ്രവൃത്തിയാണ്‌ അത്‌. എന്നാൽ ചില സാഹചര്യങ്ങളിൽ, പ്രിയപ്പെട്ട ഒരാളുടെ ജീവൻ പിടിച്ചുനിറുത്താനാകുന്നത്‌ സാങ്കേതികോപകരണങ്ങളുടെ സഹായം ഒന്നുകൊണ്ടു മാത്രമായിരിക്കാം. അത്തരം ഉപകരണങ്ങളുടെ സഹായം പിൻവലിക്കണോ വേണ്ടയോ എന്നുള്ളത്‌ കുടുംബാംഗങ്ങളുടെ തീരുമാനമാണ്‌.

ഈ സാഹചര്യവും ടെസ്റ്റ്‌ ട്യൂബ്‌ ബീജസങ്കലനത്തിലൂടെ സൃഷ്ടിച്ച ഭ്രൂണങ്ങൾ പരിരക്ഷിച്ചുവരുന്ന ദമ്പതികളുടെ സാഹചര്യവും തമ്മിൽ വ്യത്യാസമുണ്ടെന്നത്‌ ശരിയാണ്‌. എങ്കിലും സമാനമായൊരു ആശയം അവർക്കുമുന്നിൽ അവതരിപ്പിക്കപ്പെട്ടേക്കാം, അതായത്‌ നൈട്രജൻ ശീതീകരണസംവിധാനത്തിൽനിന്ന്‌ ഭ്രൂണങ്ങളെ പുറത്തെടുക്കുക. ശീതീകരണസംവിധാനം എന്ന കൃത്രിമസഹായം ഇല്ലെങ്കിൽ ഭ്രൂണങ്ങൾ പെട്ടെന്നുതന്നെ ജീർണിക്കുകയും അവയുടെ വളർച്ചാശേഷി നശിക്കുകയും ചെയ്യും. എന്നാൽ ഇതിന്‌ അനുവദിക്കണോ വേണ്ടയോ എന്നത്‌ ദമ്പതികളുടെ തീരുമാനമാണ്‌.—ഗലാ. 6:7.

ടെസ്റ്റ്‌ ട്യൂബ്‌ ബീജസങ്കലനത്തിനു വിധേയരായ ചില ദമ്പതികൾ ശേഷിക്കുന്ന ഭ്രൂണങ്ങൾ, പിന്നീട്‌ ഒരു കുട്ടിക്ക്‌ ജന്മം നൽകുകയെന്ന ഉദ്ദേശ്യത്തോടെയോ അല്ലാതെയോ പണം നൽകി ശീതീകരിച്ചുസൂക്ഷിക്കാൻ തീരുമാനിച്ചേക്കാം. എന്നാൽ വേറെ ചില ദമ്പതികൾ, ശീതീകരിച്ചിരിക്കുന്ന ഭ്രൂണങ്ങൾ കൃത്രിമസഹായത്താലാണ്‌ വളർച്ചാക്ഷമതയോടെ ഇരിക്കുന്നതെന്ന വസ്‌തുത കണക്കിലെടുത്ത്‌ അവയെ തുടർന്നു സംരക്ഷിക്കേണ്ട എന്നു തീരുമാനിച്ചേക്കാം. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കുന്ന ക്രിസ്‌ത്യാനികൾ തങ്ങളുടെ ബൈബിൾപരിശീലിത മനഃസാക്ഷി അനുസരിച്ച്‌ തീരുമാനം എടുക്കാൻ ദൈവമുമ്പാകെ കടപ്പെട്ടിരിക്കുന്നു. ഒരു നല്ല മനഃസാക്ഷി കാത്തുസൂക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ മനഃസാക്ഷി അവഗണിക്കാതിരിക്കാനും അവർ ശ്രദ്ധിക്കും.—1 തിമൊ. 1:19.

മിക്ക ദമ്പതികളും, “ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന ഭ്രൂണങ്ങൾ എന്തു ചെയ്യണം എന്ന കാര്യത്തിൽ ഉത്‌കണ്‌ഠാകുലരാണ്‌; അതേസമയം ഒരു തീരുമാനത്തിലെത്താനും അവർക്കാകുന്നില്ല,” പുനരുത്‌പാദനത്തോടു ബന്ധപ്പെട്ട അന്തഃസ്രാവിഗ്രന്ഥികളെക്കുറിച്ചു പഠനം നടത്തുന്ന ഒരു വിദഗ്‌ധൻ പറയുന്നു. “എന്തു തീരുമാനിച്ചാലും അത്‌ ഒരു നല്ല തീരുമാനമായിരിക്കില്ലെന്ന്‌ മിക്ക ദമ്പതികൾക്കും തോന്നുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെസ്റ്റ്‌ ട്യൂബ്‌ ബീജസങ്കലനം എന്ന ഈ ഉപാധി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുമ്പോൾത്തന്നെ അതിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ക്രിസ്‌തീയദമ്പതികൾ ഗൗരവമായി ചിന്തിക്കണം. “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്‌പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” എന്ന്‌ ബൈബിൾ പറയുന്നു.—സദൃ. 22:3.

ബൈബിൾ പഠിക്കുന്ന ഒരു അവിവാഹിതജോഡികൾ സ്‌നാനമേൽക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇവരിൽ, പുരുഷൻ രാജ്യത്തു താമസിക്കുന്നത്‌ നിയമാനുസൃതമായിട്ടല്ല. അതിനാൽ നിയമപരമായി വിവാഹിതരാകുന്നതിന്‌ അവർക്കു തടസ്സമുണ്ട്‌; നിയമാനുസൃതമല്ലാതെ രാജ്യത്തു താമസിക്കുന്ന ഒരു വിദേശിക്ക്‌ ഗവണ്മെന്റ്‌ വിവാഹത്തിനുള്ള അനുമതി നൽകില്ല. അതുകൊണ്ട്‌ ഇവർക്ക്‌, പരസ്‌പരം വിശ്വസ്‌തരായിരുന്നുകൊള്ളാം എന്നു പ്രതിജ്ഞ ചെയ്‌തുകൊണ്ടുള്ള ഒരു രേഖയിൽ ഒപ്പുവെച്ച്‌ സ്‌നാനമേൽക്കാമോ?

▪ അങ്ങനെയൊരു രേഖ ഉപയോഗപ്പെടുത്താനുള്ള ക്രമീകരണം യഹോവയുടെ സംഘടനയിൽ നിലവിലുണ്ടെന്നുള്ളത്‌ ശരിയാണ്‌. എന്നാൽ ഈ പ്രശ്‌നത്തിനുള്ള തിരുവെഴുത്തുപരമായ പോംവഴി അതല്ല. അതിന്റെ കാരണം മനസ്സിലാക്കാൻ മേൽപ്പറഞ്ഞ രേഖയുടെ ഉദ്ദേശ്യം എന്താണെന്നു നമുക്ക്‌ ആദ്യം നോക്കാം. അത്‌ എന്തിനുള്ളതാണ്‌, ഏതു സാഹചര്യത്തിൽ, എങ്ങനെയാണ്‌ ഉപയോഗിക്കേണ്ടത്‌ എന്നീക്കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടതുണ്ട്‌.

ഇത്‌ ഒരു ലിഖിതരേഖയാണ്‌. താഴെക്കൊടുക്കുന്ന കാരണത്തിന്റെ പേരിൽ വിവാഹത്തിനു തടസ്സം നേരിടുമ്പോൾ ദമ്പതികൾ സാക്ഷികളുടെ മുമ്പാകെ ഇതിൽ ഒപ്പുവെക്കുന്നു. പരസ്‌പരം വിശ്വസ്‌തരായിരിക്കുമെന്നും നിയമതടസ്സങ്ങൾ നീങ്ങുമ്പോൾ തങ്ങളുടെ ബന്ധം നിയമാനുസൃതമാക്കുമെന്നും ഉള്ള അവരുടെ പ്രതിജ്ഞയാണ്‌ ഇത്‌. ഇതിൽ ഒപ്പുവെച്ചുകൊണ്ട്‌, പരസ്‌പരം വിശ്വസ്‌തരായിരിക്കുമെന്ന്‌ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ സമ്മതിച്ചിരിക്കുന്നതിനാൽ അവരുടെ ബന്ധം ലൗകിക അധികാരികളുടെ മുമ്പാകെ സാധൂകരിക്കപ്പെട്ടതുപോലെതന്നെ സഭ കണക്കാക്കും.

എന്നാൽ ഈ രേഖ ഉപയോഗിക്കേണ്ടിവരുന്നത്‌ എപ്പോഴാണ്‌, എന്തുകൊണ്ട്‌? വിവാഹം ക്രമീകരിച്ച യഹോവ ദാമ്പത്യബന്ധത്തിന്‌ വളരെയധികം ആദരവു കൽപ്പിക്കുന്നു. അവന്റെ പുത്രൻ പറഞ്ഞു: “ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.” (മത്താ. 19:5, 6; ഉല്‌പ. 2:22-24) യേശു ഇങ്ങനെയും കൂട്ടിച്ചേർത്തു: “പരസംഗം (ലൈംഗിക അധാർമികത) എന്ന കാരണത്താലല്ലാതെ ഭാര്യയെ ഉപേക്ഷിച്ച്‌ മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു.” (മത്താ. 19:9) അതുകൊണ്ട്‌ “പരസംഗം” അതായത്‌ ലൈംഗിക അധാർമികത മാത്രമാണ്‌ വിവാഹബന്ധം അവസാനിപ്പിക്കാനുള്ള ഏക തിരുവെഴുത്തടിസ്ഥാനം. ഉദാഹരണത്തിന്‌, ഒരു പുരുഷൻ വിവാഹബാഹ്യ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നെങ്കിൽ അയാളുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്നു നിരപരാധിയായ ഭാര്യയ്‌ക്ക്‌ തീരുമാനിക്കാവുന്നതാണ്‌. വിവാഹമോചനം നേടുന്നെങ്കിൽ അവൾ മറ്റൊരു വ്യക്തിയെ വിവാഹം കഴിക്കുന്നതിൽ തടസ്സമില്ല.

എന്നാൽ വ്യക്തമായ ഈ തിരുവെഴുത്തു നിലപാട്‌ ചില രാജ്യങ്ങളിൽ, വിശേഷിച്ച്‌ മുൻകാലത്ത്‌, അവിടത്തെ പ്രമുഖ ക്രൈസ്‌തവസഭ അംഗീകരിച്ചിരുന്നില്ല. യാതൊരു കാരണവശാലും വിവാഹമോചനം അനുവദിക്കരുതെന്ന്‌ അവർ പഠിപ്പിച്ചു. അങ്ങനെ ക്രൈസ്‌തവസഭയ്‌ക്ക്‌ വലിയ സ്വാധീനമുണ്ടായിരുന്ന ചില സ്ഥലങ്ങളിൽ യേശു പറഞ്ഞ ന്യായമായ കാരണത്തിന്റെ പേരിൽപ്പോലും വിവാഹമോചനം നൽകാൻ അവിടത്തെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല. മറ്റു ചില രാജ്യങ്ങളിൽ, വിവാഹമോചനം ലഭിക്കുമെങ്കിലും അതിന്റെ നടപടിക്രമങ്ങൾ വളരെ ദീർഘിച്ചതും അനേകം നൂലാമാലകൾ നിറഞ്ഞതും ശ്രമകരവും ആണ്‌; വിവാഹമോചനം കിട്ടാൻ അനേകവർഷങ്ങൾ കാത്തിരിക്കേണ്ടതായും വന്നേക്കാം. ദൈവം അനുവദിക്കുന്ന ഒരു കാര്യം സഭയോ ഗവണ്മെന്റ്‌ അധികാരികളോ ‘തടയുന്ന’ ഒരു സാഹചര്യമാണിത്‌.—പ്രവൃ. 11:17.

ഉദാഹരണത്തിന്‌, വിവാഹമോചനം അസാധ്യമോ അതു നേടാൻ അങ്ങേയറ്റം ബുദ്ധിമുട്ടോ (ഒരുപക്ഷേ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നേക്കാം) ആയ രാജ്യത്തായിരിക്കാം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു പുരുഷനും സ്‌ത്രീയും ജീവിക്കുന്നത്‌. നിയമപരമായി നിലനിൽക്കുന്ന മുൻവിവാഹബന്ധം വേർപെടുത്താൻ ന്യായമായതെല്ലാം ചെയ്യുകയും വിവാഹിതരാകാൻ ദൈവമുമ്പാകെ യോഗ്യത പ്രാപിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിൽ അവർക്ക്‌ പ്രസ്‌തുത രേഖ ഉപയോഗപ്പെടുത്താവുന്നതാണ്‌. അത്തരം രാജ്യങ്ങളിൽ ക്രിസ്‌തീയസഭ ചെയ്‌തിരിക്കുന്ന കരുണാപൂർവമായ ഒരു ക്രമീകരണമാണ്‌ അത്‌. എന്നാൽ കുറച്ചൊക്കെ ചെലവേറിയതോ സങ്കീർണമോ ആണെങ്കിൽപ്പോലും മിക്ക രാജ്യങ്ങളിലും വിവാഹമോചനം സാധ്യമാണ്‌; അങ്ങനെയുള്ള രാജ്യങ്ങളിൽ ഈ ക്രമീകരണം ഉപയോഗപ്പെടുത്തുന്നതല്ല.

ഇതു മനസ്സിലാക്കാതെ, വിവാഹമോചനം സാധ്യമായ ദേശങ്ങളിൽ താമസിക്കുന്ന ചിലർ നൂലാമാലകളും അസൗകര്യങ്ങളും ഒഴിവാക്കാൻവേണ്ടി ഇത്തരമൊരു രേഖയിൽ ഒപ്പിട്ട്‌ വിവാഹംകഴിക്കാൻ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌.

ചോദ്യത്തിൽ പരാമർശിച്ചവരുടെ കാര്യമെടുക്കാം: ധാർമികതത്ത്വങ്ങൾക്കു വിരുദ്ധമായി ഒന്നിച്ചു താമസിക്കുന്ന സ്‌ത്രീയും പുരുഷനും വിവാഹിതരാകാൻ ആഗ്രഹിക്കുന്നു. രണ്ടുപേർക്കും തിരുവെഴുത്തുപരമായി അതിനു തടസ്സമൊന്നുമില്ല; ഇരുവർക്കും വേറെ വിവാഹയിണകളും ഇല്ല. എന്നാൽ ഇവിടെ, പുരുഷൻ രാജ്യത്ത്‌ താമസിക്കുന്നത്‌ നിയമാനുസൃതമായിട്ടല്ല എന്നതാണ്‌ പ്രശ്‌നം. അങ്ങനെ താമസിക്കുന്ന ഒരു വിദേശിയുടെ വിവാഹത്തിന്‌ അവിടത്തെ ഗവണ്മെന്റ്‌ അംഗീകാരം നൽകില്ല. (പല രാജ്യങ്ങളിലും, വിവാഹിതരാകാൻപോകുന്ന ഒരാൾക്കോ രണ്ടുപേർക്കുമോ രാജ്യത്ത്‌ നിയമാംഗീകാരം ഇല്ലെങ്കിലും അധികാരികൾ വിവാഹത്തിന്‌ അനുവദിക്കാറുണ്ട്‌.) എന്നാൽ ഇവർ താമസിക്കുന്ന രാജ്യത്ത്‌ വിവാഹമോചനം സാധ്യമാണെന്നതിനാൽ മേൽപ്പറഞ്ഞ രേഖയ്‌ക്ക്‌ ഇവിടെ പ്രസക്തിയില്ല. വിവാഹമോചനം ആവശ്യമാണെന്നിരിക്കെ അത്‌ ലഭ്യമല്ലാത്ത ഒരു സാഹചര്യമല്ലല്ലോ ഇവരുടേത്‌. ഇരുവർക്കും തിരുവെഴുത്തധിഷ്‌ഠിതമായി വിവാഹം കഴിക്കുന്നതിനു തടസ്സമില്ല. എന്നാൽ പുരുഷന്‌ രാജ്യത്ത്‌ നിയമസാധുതയില്ലെന്നിരിക്കെ അവർക്ക്‌ ഇക്കാര്യത്തിൽ എന്തു ചെയ്യാനാകും? ഒരുപക്ഷേ, നിയമാനുസൃതമല്ലാതെ താമസിക്കുന്നവർക്കും വിവാഹത്തിന്‌ അനുമതി നൽകുന്ന ഒരു രാജ്യത്തു പോയി അവർക്ക്‌ വിവാഹിതരാകാം. അല്ലെങ്കിൽ, പുരുഷൻ തന്റെ താമസം നിയമാനുസൃതമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നപക്ഷം ഇപ്പോൾ താമസിക്കുന്ന രാജ്യത്തുതന്നെ അവർക്കു വിവാഹിതരാകാൻ കഴിയും.

അങ്ങനെ അവർക്ക്‌ തങ്ങളുടെ ജീവിതം ദൈവത്തിന്റെ നിലവാരങ്ങൾക്കും കൈസറുടെ നിയമങ്ങൾക്കും ചേർച്ചയിൽ കൊണ്ടുവരാനാകും. (മർക്കോ. 12:17; റോമ. 13:1) അവർ അങ്ങനെ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. അതിനുശേഷം അവർക്ക്‌ സ്‌നാനമേൽക്കാനായേക്കും.—എബ്രാ. 13:4.

[അടിക്കുറിപ്പ്‌]

a ഗർഭസ്ഥശിശുവിന്‌ വൈകല്യങ്ങളുണ്ടെങ്കിലോ? അല്ലെങ്കിൽ, ഗർഭത്തിൽ പല ഭ്രൂണങ്ങൾ വളരുന്നെങ്കിലോ? ഗർഭത്തിൽ വളരുന്ന ഭ്രൂണത്തെയോ ശിശുവിനെയോ നശിപ്പിക്കുന്നത്‌ മനഃപൂർവമുള്ള ഗർഭച്ഛിദ്രമാണ്‌. ടെസ്റ്റ്‌ ട്യൂബ്‌ ബീജസങ്കലനത്തിലൂടെ ഗർഭംധരിക്കുമ്പോൾ രണ്ടോ മൂന്നോ അതിലധികമോ ഗർഭസ്ഥശിശുക്കൾ ഉണ്ടാകുന്നതു സാധാരണമാണ്‌. മാസം തികയാതെയുള്ള പ്രസവം, അമ്മയ്‌ക്കുണ്ടാകുന്ന രക്തസ്രാവം തുടങ്ങിയ അപകടസാധ്യതകൾ അതിനുണ്ട്‌. പല ശിശുക്കളെ ഗർഭത്തിൽ വഹിക്കുന്ന സ്‌ത്രീയോട്‌ അതിൽ ചിലതിനെ നശിപ്പിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാൻ പറഞ്ഞേക്കാം. എന്നാൽ അങ്ങനെ ചെയ്യുന്നത്‌ മനഃപൂർവമുള്ള ഗർഭച്ഛിദ്രമാണ്‌, കൊലപാതകത്തിനു തുല്യം.—പുറ. 21:22, 23, NW; സങ്കീ. 139:16.

[14-ാം പേജിലെ ആകർഷക വാക്യം]

ക്രിസ്‌ത്യാനികൾ തങ്ങളുടെ ബൈബിൾപരിശീലിത മനഃസാക്ഷി അനുസരിച്ച്‌ തീരുമാനം എടുക്കാൻ ദൈവമുമ്പാകെ കടപ്പെട്ടിരിക്കുന്നു

[15-ാം പേജിലെ ചതുരം]

ടെസ്റ്റ്‌ ട്യൂബ്‌ ബീജസങ്കലന ചികിത്സാരംഗത്തെ ഇതരരീതികൾ

ടെസ്റ്റ്‌ ട്യൂബ്‌ ബീജസങ്കലന ചികിത്സയുടെ വരവോടെ, തിരുവെഴുത്തുകളിൽ കാണുന്ന, ദൈവത്തിന്റെ വീക്ഷണത്തിനു കടകവിരുദ്ധമായ ചില രീതികൾ രംഗപ്രവേശംചെയ്‌തു. ഉദാഹരണത്തിന്‌, തന്റെ ഭർത്താവല്ലാത്ത പുരുഷന്റെ ബീജവുമായി ഒരു സ്‌ത്രീയുടെ അണ്ഡം സംയോജിപ്പിക്കാറുണ്ട്‌; അങ്ങനെയുണ്ടാകുന്ന ഭ്രൂണത്തെ അവളുടെ ഗർഭാശയത്തിൽ നിക്ഷേപിക്കുന്നു. (സ്വവർഗരതിക്കാരായ സ്‌ത്രീദമ്പതികൾ ചിലപ്പോൾ ഈ രീതി അവലംബിക്കാറുണ്ട്‌.) ഇനി, മറ്റൊരു സ്‌ത്രീയുടെ അണ്ഡത്തെ ഭർത്താവിന്റെ ബീജവുമായി സംയോജിപ്പിക്കുകയും അങ്ങനെയുണ്ടാകുന്ന ഭ്രൂണം ഭാര്യയുടെ ഗർഭാശയത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.

‘ഭ്രൂണം ദത്തെടുക്കുന്ന’ രീതിയുമുണ്ട്‌. ഇതിൽ, ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഭ്രൂണത്തിൽ ഭാര്യയുടെ അണ്ഡമോ ഭർത്താവിന്റെ ബീജമോ ഉണ്ടായിരിക്കില്ല. മറ്റൊരു രീതിപ്രകാരം, വിവാഹദമ്പതികളുടെ അണ്ഡവും ബീജവും ടെസ്റ്റ്‌ ട്യൂബ്‌ രീതിയിലൂടെ സംയോജിപ്പിക്കുന്നു. അതിനുശേഷം ആ ഭ്രൂണം ഒരു വാടകഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു. ആ സ്‌ത്രീ കുഞ്ഞിനെ ഗർഭത്തിൽ വഹിച്ച്‌ ഈ ദമ്പതികൾക്കുവേണ്ടി പ്രസവിക്കുന്നു. b

ദൈവത്തിന്റെ പിൻവരുന്ന നിർദേശത്തെ ആദരിക്കുന്ന ദൈവദാസന്മാർക്ക്‌ മേൽപ്പറഞ്ഞ രീതികൾ സ്വീകാര്യമല്ല: “നിന്റെ ബീജസ്രവം നിന്റെ കൂട്ടുകാരന്റെ ഭാര്യയ്‌ക്കു നൽകരുത്‌.” (ലേവ്യ. 18:20, NW; 18:29; സദൃ. 6:29) അതുകൊണ്ട്‌, ബീജസങ്കലനത്തിൽ ഇണയുടേതല്ലാത്ത അണ്ഡമോ ബീജമോ (അല്ലെങ്കിൽ രണ്ടും, അതായത്‌ മറ്റാരുടെയെങ്കിലും അണ്ഡവും ബീജവും) ഉപയോഗിക്കുന്നത്‌ ബൈബിളിന്റെ വീക്ഷണത്തിൽ പോർണിയ, അഥവാ ലൈംഗികാധാർമികത ആണ്‌. അത്തരം രീതികൾ അവലംബിക്കുന്നവർ ലൈംഗിക അവയവങ്ങൾ ദുരുപയോഗം ചെയ്യുകയാണ്‌.—മത്താ. 5:32; 1 കൊരി. 5:11; 6:9, 18; എബ്രാ. 13:4.

[അടിക്കുറിപ്പ്‌]

b വാടകമാതൃത്വത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾക്ക്‌ 1993 ജൂൺ 8 ലക്കം ഉണരുക!-യുടെ 27-28 പേജുകൾ കാണുക.