വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യാരാധനയിൽ ഏകീകൃതരായ ‘പ്രവാസികൾ’

സത്യാരാധനയിൽ ഏകീകൃതരായ ‘പ്രവാസികൾ’

സത്യാരാധനയിൽ ഏകീകൃതരായ ‘പ്രവാസികൾ’

“പരദേശക്കാർ നിങ്ങൾക്കു ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആയിരിക്കും. നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും.”—യെശ. 61:5, 6.

ഉത്തരം പറയാമോ?

പരദേശികളെ ചിലർ എങ്ങനെയാണ്‌ കാണുന്നത്‌, എന്നാൽ ബൈബിളിന്റെ വീക്ഷണം വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെ?

എല്ലാ ദേശങ്ങളിലെയും ആളുകൾക്ക്‌ ഏതു ക്ഷണം നൽകിവരുകയാണ്‌?

പരദേശികളില്ലാത്ത ഒരു ലോകത്തിലെ ജീവിതം നാം ഇപ്പോൾത്തന്നെ ആസ്വദിക്കുന്നു എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

1. അന്യദേശക്കാരെ ചിലർ എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌, എന്നാൽ അതു ശരിയല്ലാത്തത്‌ എന്തുകൊണ്ട്‌?

 അന്യദേശക്കാരെ സൂചിപ്പിക്കാൻ തരംതാഴ്‌ന്ന വാക്കുകൾ ചിലർ ഉപയോഗിക്കാറുണ്ട്‌. അത്തരം വാക്കുകളിൽ അവരോടുള്ള അവഹേളനവും പുച്ഛവും ആണ്‌ ധ്വനിക്കുന്നത്‌. അന്യനാട്ടുകാർ തരംതാഴ്‌ന്നവരാണെന്ന രീതിയിൽ പെരുമാറുന്നത്‌ മാന്യതയല്ല. മാത്രമല്ല, അങ്ങനെ ചെയ്യുന്നത്‌ വസ്‌തുതകൾക്കുനേരെ കണ്ണടയ്‌ക്കലുമാണ്‌. മനുഷ്യവർഗത്തിലെ വംശങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പ്രസ്‌താവിക്കുന്നു: “മനുഷ്യവർഗത്തിലെ വ്യത്യസ്‌ത വംശങ്ങളിൽപ്പെട്ടവർ ബൈബിൾ പറയുന്നതുപോലെ, സഹോദരന്മാരാണ്‌.” തമ്മിൽ എത്രയൊക്കെ വ്യത്യാസങ്ങളുണ്ടെങ്കിലും സഹോദരന്മാർ സഹോദരന്മാർതന്നെയാണ്‌.

2, 3. യഹോവ പരദേശികളെ എങ്ങനെയാണ്‌ കാണുന്നത്‌?

2 നാം താമസിക്കുന്നത്‌ എവിടെയായാലും നമുക്കിടയിൽ അന്യനാട്ടുകാർ ഉണ്ടായിരിക്കുമെന്നുള്ളത്‌ ഒരു വസ്‌തുതയാണ്‌. ന്യായപ്രമാണ ഉടമ്പടിയിലൂടെ യഹോവയാംദൈവവുമായി ഒരു സവിശേഷബന്ധത്തിലേക്കു വന്ന പുരാതന ഇസ്രായേല്യർക്കിടയിലും പരദേശികൾ ഉണ്ടായിരുന്നു. പരദേശികൾക്കു പരിമിതമായ അവകാശങ്ങളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, അവരോട്‌ ആദരവോടും ന്യായത്തോടും കൂടെ ഇടപെടണമെന്ന്‌ ദൈവം നിഷ്‌കർഷിച്ചിരുന്നു. അനുകരണീയമായ എത്ര നല്ല മാതൃക! സത്യക്രിസ്‌ത്യാനികൾക്കിടയിൽ പക്ഷപാതിത്വത്തിനും മുൻവിധിക്കും സ്ഥാനമില്ല. എന്തുകൊണ്ട്‌? പത്രോസ്‌ അപ്പൊസ്‌തലൻ എഴുതി: “ദൈവം പക്ഷപാതമുള്ളവനല്ലെന്നും ഏതൊരു ജനതയിലും അവനെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണെന്നും നിശ്ചയമായും ഞാൻ മനസ്സിലാക്കുന്നു.”—പ്രവൃ. 10:34, 35.

3 ദേശവാസികളായ ഇസ്രായേല്യരുമായുള്ള അടുത്ത സഹവാസം പുരാതന ഇസ്രായേലിലെ അന്യദേശക്കാർക്ക്‌ പ്രയോജനം ചെയ്‌തു; പരദേശികളായ അവരെ യഹോവ അംഗീകരിച്ചു. യഹോവയെക്കുറിച്ച്‌ വർഷങ്ങൾക്കു ശേഷം പൗലോസ്‌ അപ്പൊസ്‌തലൻ പറഞ്ഞതിൽനിന്ന്‌ ഇതു വ്യക്തമാണ്‌: “ദൈവം യഹൂദന്മാരുടെ മാത്രമോ? അവൻ വിജാതീയരുടെയും ദൈവമല്ലയോ? അതെ, അവൻ വിജാതീയരുടെയും ദൈവമാകുന്നു.”—റോമ. 3:29; യോവേ. 2:32.

4. ‘ദൈവത്തിന്റെ ഇസ്രായേലിൽ’ പരദേശികൾ ഇല്ല എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

4 പുതിയ ഉടമ്പടിയിലൂടെ അഭിഷിക്തക്രിസ്‌ത്യാനികളുടെ സഭ ദൈവവുമായി ഒരു വിശിഷ്ടബന്ധത്തിലേക്കു വരുകയും അങ്ങനെ ആ സ്ഥാനം ജഡിക ഇസ്രായേല്യർക്ക്‌ നഷ്ടമാകുകയും ചെയ്‌തു. തത്‌സ്ഥാനത്തേക്കു വന്ന ക്രിസ്‌തീയസഭയ്‌ക്ക്‌ ‘ദൈവത്തിന്റെ ഇസ്രായേൽ’ എന്നു പേരായി. (ഗലാ. 6:16) ഈ പുതിയ ജനതയെക്കുറിച്ച്‌ പൗലോസ്‌ ഇങ്ങനെ വിശദീകരിച്ചു: “ഇതിൽ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ ഇല്ല; പരിച്ഛേദിതനെന്നോ അഗ്രചർമിയെന്നോ ഇല്ല; അന്യഭാഷക്കാരൻ, സിഥിയൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്‌തു സകലത്തിലും സകലവും ആയിരിക്കുന്നു.” (കൊലോ. 3:11) ആ അർഥത്തിൽ നോക്കിയാൽ ക്രിസ്‌തീയസഭയിൽ ‘പരദേശികൾ’ ഇല്ലായിരുന്നു.

5, 6. (എ) യെശയ്യാവു 61:5, 6-നെക്കുറിച്ച്‌ ഏതു ചോദ്യം ഉയർന്നുവന്നേക്കാം? (ബി) യെശയ്യാവിൽ പറയുന്ന ‘യഹോവയുടെ പുരോഹിതന്മാരും’ ‘പരദേശക്കാരും’ ആരാണ്‌? (സി) രണ്ടു കൂട്ടരും ഒരുമിച്ചു പ്രവർത്തിക്കുന്നത്‌ എങ്ങനെ?

5 എന്നാൽ ചിലർ ക്രിസ്‌തീയസഭയെക്കുറിച്ചുള്ള പ്രവചനം അടങ്ങിയ യെശയ്യാവ്‌ 61-ാം അധ്യായം ചൂണ്ടിക്കാണിച്ചേക്കാം. അതിലെ 6-ാം വാക്യം ‘യഹോവയുടെ പുരോഹിതന്മാരെക്കുറിച്ച്‌’ പറയുന്നുണ്ട്‌. എന്നാൽ അതിന്റെ 5-ാം വാക്യത്തിൽ ഈ ‘പുരോഹിതന്മാരോടു’ സഹകരിച്ചു പ്രവർത്തിക്കുന്ന ‘പരദേശക്കാരെക്കുറിച്ച്‌’ പറഞ്ഞിരിക്കുന്നു. ഇതിന്റെ അർഥം എന്താണ്‌?

6 ഇവിടെ പറഞ്ഞിരിക്കുന്ന യഹോവയുടെ ‘പുരോഹിതന്മാർ,’ ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവരും’ ‘ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും പുരോഹിതന്മാരായി, ക്രിസ്‌തുവിനോടുകൂടെ ആയിരംവർഷം രാജാക്കന്മാരായി വാഴുകയും’ ചെയ്യുന്ന അഭിഷിക്തക്രിസ്‌ത്യാനികളാണ്‌. (വെളി. 20:6) എന്നാൽ, ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ള അനേകം വിശ്വസ്‌തക്രിസ്‌ത്യാനികൾ വേറെയുണ്ട്‌. സ്വർഗത്തിൽ സേവിക്കാനിരിക്കുന്നവരുമായി അടുത്തു സഹവസിക്കുകയും ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആ ജനതയുടെ ഭാഗമല്ലാത്തതിനാൽ ഇവർ ഒരു ആലങ്കാരികാർഥത്തിൽ പരദേശികളാണ്‌. കൊയ്‌ത്തുവേലയിൽ “ഉഴവുകാരും മുന്തിരിത്തോട്ടക്കാരും” ആയി സേവിച്ചുകൊണ്ട്‌ ഇവർ യഹോവയുടെ പുരോഹിതന്മാരോടൊപ്പം സസന്തോഷം വേല ചെയ്യുന്നു. അതെ, ആളുകളെ പരിപാലിക്കുകയും കൂട്ടിവരുത്തുകയും ചെയ്‌തുകൊണ്ട്‌ അവർ ദൈവത്തിന്റെ മഹത്വത്തിനായി ആത്മീയവിളവ്‌ ഉത്‌പാദിപ്പിക്കുന്നതിൽ സഹായിക്കുന്നു. യഹോവയെ എക്കാലവും സേവിക്കാൻ ആഗ്രഹിക്കുന്ന പരമാർഥികളായ വ്യക്തികളെ കണ്ടെത്തി അവരെ ആർദ്രതയോടെ മേയ്‌ക്കാൻ അഭിഷിക്തരും വേറെ ആടുകളും ശ്രമിക്കുന്നു.—യോഹ. 10:16.

അബ്രാഹാമിനെപ്പോലുള്ള ‘പ്രവാസികൾ’

7. ഇന്നുള്ള ക്രിസ്‌ത്യാനികൾ അബ്രാഹാമിനെയും പുരാതനകാലത്തെ മറ്റു വിശ്വസ്‌തപുരുഷന്മാരെയും പോലെയാണെന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

7 മുൻലേഖനത്തിൽ കണ്ടതുപോലെ സത്യക്രിസ്‌ത്യാനികൾ സാത്താന്റെ ദുഷ്ടലോകത്തിൽ പരദേശികൾ അഥവാ പ്രവാസികൾ ആണ്‌. ഇക്കാര്യത്തിൽ അബ്രാഹാമിനെപ്പോലുള്ള പുരാതനദൈവദാസന്മാരുമായി അവർക്കു സാമ്യമുണ്ട്‌. ആ പുരാതനദൈവദാസർ, ‘ദേശത്ത്‌ അന്യരും പ്രവാസികളും’ ആയിരുന്നെന്നു പറഞ്ഞിരിക്കുന്നു. (എബ്രാ. 11:13) നമ്മുടെ പ്രത്യാശ എന്തായിരുന്നാലും അബ്രാഹാമിന്‌ യഹോവയുമായി ഉണ്ടായിരുന്നതുപോലുള്ള ഒരു ബന്ധം നമുക്കും ആസ്വദിക്കാനാകും. ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘാംഗമായിരുന്ന യാക്കോബ്‌ ഇങ്ങനെ എഴുതി: ‘“അബ്രാഹാം യഹോവയിൽ വിശ്വസിച്ചു; അത്‌ അവനു നീതിയായി കണക്കിട്ടു.” . . . അവൻ “യഹോവയുടെ സ്‌നേഹിതൻ” എന്നു വിളിക്കപ്പെടുകയും ചെയ്‌തു.’—യാക്കോ. 2:23.

8. അബ്രാഹാമിനു ദൈവം എന്ത്‌ ഉറപ്പുനൽകി, ആ ഉറപ്പിനെ അവൻ എങ്ങനെയാണ്‌ കണ്ടത്‌?

8 അബ്രാഹാമിലൂടെയും അവന്റെ സന്തതികളിലൂടെയും ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടുമെന്ന്‌ ദൈവം ഉറപ്പുനൽകി. ഈ അനുഗ്രഹം ഏതെങ്കിലും ഒരു ജനതയ്‌ക്കു മാത്രമായിരുന്നില്ല എന്നതു ശ്രദ്ധിക്കുക. (ഉല്‌പത്തി 22:15-18 വായിക്കുക.) ദൈവത്തിന്റെ ഈ വാഗ്‌ദാനം വിദൂരഭാവിയിൽ നിറവേറാനുള്ളതായിരുന്നെങ്കിലും അതു നിറവേറുമെന്ന കാര്യത്തിൽ അബ്രാഹാമിന്‌ യാതൊരു സംശയവുമില്ലായിരുന്നു. ആയുസ്സിന്റെ പകുതിയിലേറെയും അവനും കുടുംബവും പല സ്ഥലങ്ങളിലായി അലഞ്ഞു നടന്നു. അക്കാലമെല്ലാം അബ്രാഹാം യഹോവയുമായുള്ള സൗഹൃദം കാത്തുസൂക്ഷിച്ചു.

9, 10. (എ) അബ്രാഹാമിന്റെ മാതൃക നമുക്ക്‌ എങ്ങനെ അനുകരിക്കാം? (ബി) മറ്റുള്ളവർക്ക്‌ ഏതു ക്ഷണം നൽകാൻ നമുക്കാകും?

9 വാഗ്‌ദാനനിവൃത്തിക്കായി എത്രകാലം കാത്തിരിക്കേണ്ടിവരുമെന്ന്‌ അറിയില്ലായിരുന്നെങ്കിലും യഹോവയോടുള്ള അബ്രാഹാമിന്റെ ഭക്തിക്കും സ്‌നേഹത്തിനും തെല്ലും മങ്ങലേറ്റില്ല. ഏതെങ്കിലും ഒരു ദേശത്ത്‌ സ്ഥിരതാമസമാക്കാൻ അവൻ ശ്രമിച്ചില്ല. താനൊരു പ്രവാസിയാണെന്ന കാര്യം എപ്പോഴും അവന്റെ മനസ്സിലുണ്ടായിരുന്നു. (എബ്രാ. 11:14, 15) അബ്രാഹാമിനെ അനുകരിച്ച്‌ നമുക്കും ഒരു ലളിതജീവിതം നയിക്കാം; വസ്‌തുവകകൾ, സമൂഹത്തിലെ സ്ഥാനമാനങ്ങൾ, ഉദ്യോഗം എന്നിവയെക്കുറിച്ച്‌ അമിതമായി വ്യാകുലപ്പെടാതിരിക്കാം. ഉടൻ അവസാനിക്കാനിരിക്കുന്ന ഈ വ്യവസ്ഥിതിയിൽ, പലരും പറയുന്നതുപോലുള്ള ഒരു സാധാരണജീവിതം നയിക്കുന്നതിൽ എന്ത്‌ അർഥമാണുള്ളത്‌? ശാശ്വതമല്ലാത്ത ഒന്നിനോട്‌ എന്തിനാണ്‌ ഇത്ര ആത്മബന്ധം? അബ്രാഹാമിന്റെ കാര്യത്തിലെന്നപോലെ ഏറെ ശ്രേഷ്‌ഠമായ ഒരു ജീവിതമാണ്‌ നമ്മെയും കാത്തിരിക്കുന്നത്‌. പ്രത്യാശ സാക്ഷാത്‌കരിക്കപ്പെടുന്നതുവരെ കാത്തിരിക്കാനുള്ള മനസ്സുകാണിച്ചുകൊണ്ട്‌ നമുക്കും ക്ഷമയുള്ളവരായിരിക്കാം.—റോമർ 8:25 വായിക്കുക.

10 അബ്രാഹാമിന്റെ സന്തതിയിലൂടെ അനുഗ്രഹം പ്രാപിക്കാൻ സകലജനതകളിലുംപെട്ട ആളുകളെ യഹോവ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്‌. യഹോവയുടെ അഭിഷിക്തരായ ‘പുരോഹിതന്മാരും’ വേറെ ആടുകളിൽപ്പെട്ട ‘പരദേശക്കാരും’ 600-ലധികം ഭാഷകളിൽ ലോകമെമ്പാടുമുള്ള ആളുകൾക്ക്‌ ഈ ക്ഷണം വെച്ചുനീട്ടുന്നു.

ദേശാതിർത്തികൾക്കപ്പുറത്തേക്കു നോക്കുക

11. ഇസ്രായേല്യരല്ലാത്തവർക്കും ശലോമോൻ എന്തു ക്ഷണം നൽകി?

11 യഹോവ അബ്രാഹാമിനു നൽകിയ വാഗ്‌ദാനത്തിനു ചേർച്ചയിൽ, യഹോവയെ സ്‌തുതിക്കുന്നതിന്‌ സകലജനതകളിലുംനിന്നുള്ളവർ തങ്ങളോടൊപ്പം ചേരുമെന്ന്‌ ശലോമോൻ മനസ്സിലാക്കുകയുണ്ടായി. ബി.സി. 1026-ൽ, ആലയസമർപ്പണവേളയിലെ ഹൃദയംഗമമായ പ്രാർഥനയിൽ അവൻ ഇങ്ങനെ പറഞ്ഞു: “നിന്റെ ജനമായ യിസ്രായേലിലുള്ളവനല്ലാത്ത ഒരു അന്യജാതിക്കാരൻ ദൂരദേശത്തുനിന്നു നിന്റെ നാമം ഹേതുവായി വരികയും—അവർ നിന്റെ മഹത്വമുള്ള നാമത്തെയും ബലമുള്ള ഭുജത്തെയും നീട്ടിയിരിക്കുന്ന കയ്യെയും കുറിച്ചു കേൾക്കുമല്ലോ—ഈ ആലയത്തിങ്കലേക്കു നോക്കി പ്രാർത്ഥിക്കയുംചെയ്‌താൽ നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു, ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്നെ ഭയപ്പെടുവാനും . . . നിന്റെ നാമത്തെ അറിവാനും തക്കവണ്ണം അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും നീ ചെയ്‌തുകൊടുക്കേണമേ.”—1 രാജാ. 8:41-43.

12. യഹോവയുടെ സാക്ഷികളെ ചിലർ ‘പരദേശികളായോ’ വിചിത്രമനുഷ്യരായോ കരുതുന്നത്‌ എന്തുകൊണ്ട്‌?

12 തന്റേതല്ലാത്ത ഒരു ദേശത്തു താമസിക്കുന്ന, അല്ലെങ്കിൽ ആ ദേശം സന്ദർശിക്കുന്ന ഒരു വ്യക്തിയെയാണ്‌ സാധാരണഗതിയിൽ പരദേശി എന്നു പറയാറുള്ളത്‌. യഹോവയുടെ സാക്ഷികളുടെ അവസ്ഥ ഇതാണെന്നു പറയാം. ക്രിസ്‌തുവിന്റെ കീഴിലുള്ള ദൈവരാജ്യം എന്ന സ്വർഗീയഗവണ്മെന്റിനോടാണ്‌ അവർ കൂറുപുലർത്തുന്നത്‌. അതുകൊണ്ട്‌, ചിലയാളുകൾ അവരെ വിചിത്രമനുഷ്യരായി വീക്ഷിച്ചാലും രാഷ്‌ട്രീയകാര്യങ്ങളിൽ അവർ തികഞ്ഞ നിഷ്‌പക്ഷത പാലിക്കുന്നു.

13. (എ) ഓരോരുത്തരുടെയും കാഴ്‌ചപ്പാടാണ്‌ ഒരു വ്യക്തിയെ ‘പരദേശിയായി’ വീക്ഷിക്കാൻ ഇടയാക്കുന്നതെന്ന്‌ പറയുന്നത്‌ എന്തുകൊണ്ട്‌? (ബി) മനുഷ്യർ പരസ്‌പരം എങ്ങനെ വീക്ഷിക്കാനാണ്‌ യഹോവ ഉദ്ദേശിച്ചത്‌?

13 പരദേശികൾ ഒരു ന്യൂനപക്ഷമായതിനാൽ അവരുടെ തനതുസവിശേഷതകൾകൊണ്ട്‌ അവരെ തിരിച്ചറിയാം. ഉദാഹരണത്തിന്‌, അവരുടെ ഭാഷ, പെരുമാറ്റരീതികൾ, ആകാരം, വസ്‌ത്രധാരണം ഒക്കെ വ്യത്യസ്‌തമായിരിക്കും. എന്നാൽ മറ്റെല്ലാ മനുഷ്യരുമായി അവർക്കുള്ള സാമ്യം ഈ വ്യത്യാസങ്ങളെ കവച്ചുവെക്കുന്നതാണ്‌. വാസ്‌തവത്തിൽ, ചിലകാര്യങ്ങളിൽ അൽപ്പസ്വൽപ്പം വ്യത്യാസങ്ങളുള്ളതിന്റെ പേരിൽ മാത്രമാണ്‌ ആളുകൾ ഒരാളെ പരദേശിയായി കാണുന്നത്‌. വാസ്‌തവമോ അവാസ്‌തവമോ ആയ ഇത്തരം വ്യത്യാസങ്ങൾ മാറ്റിനിറുത്താൻ നമുക്കു കഴിഞ്ഞാൽ “പരദേശി” എന്ന വാക്കുതന്നെ ഏതാണ്ട്‌ അർഥശൂന്യമാകും. ഭൂമിയിലുള്ളവരെല്ലാം ഒരൊറ്റ ഗവണ്മെന്റിനു കീഴിലെ പൗരന്മാരായിരുന്നെങ്കിൽ ഇന്ന്‌ ആരും ആരെയും പരദേശിയായി കണക്കാക്കുമായിരുന്നില്ല. വാസ്‌തവത്തിൽ യഹോവയുടെ ആദിമോദ്ദേശ്യം, ഏകഭരണത്തിൻ കീഴിൽ അതായത്‌ തന്റെ ഭരണത്തിൻ കീഴിൽ സകലമനുഷ്യരും ഏകകുടുംബമായി കഴിയണം എന്നതായിരുന്നു. ഗോളമെമ്പാടും ആരും ആരെയും വിദേശിയായി കാണാത്ത ഒരു അവസ്ഥ സൃഷ്ടിക്കാൻ ഇന്നാകുമോ?

14, 15. ഒരു കൂട്ടമെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ എന്തു നേട്ടം കൈവരിച്ചിരിക്കുന്നു?

14 സ്വാർഥതയും ദേശീയചിന്താഗതിയും നിറഞ്ഞ ഈ ലോകത്ത്‌ ദേശാതിർത്തികൾക്കപ്പുറം കാണുന്ന ആളുകളുണ്ടെന്ന്‌ അറിയുന്നത്‌ സന്തോഷം പകരുന്നു. മുൻവിധികൾ മറികടക്കുക എന്നത്‌ ബുദ്ധിമുട്ടായിരിക്കാം. സിഎൻഎൻ എന്ന ടെലിവിഷൻ ശൃംഖലയുടെ സ്ഥാപകനായ ടെഡ്‌ ടേണർ, പല ദേശങ്ങളിലുള്ള പ്രതിഭാധനരായ ആളുകളുമായി പ്രവർത്തിച്ചതിനെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “അവരോടൊപ്പം ജോലി ചെയ്‌തത്‌ അവിസ്‌മരണീയ അനുഭവമായിരുന്നു. അന്യരാജ്യക്കാരായ അവരെ ഞാൻ കണ്ടത്‌ ‘വിദേശികൾ’ ആയിട്ടല്ല; ഈ ഭൂഗ്രഹത്തിലെ എന്റെ സഹജീവികളായിട്ടാണ്‌. ‘വിദേശം’ എന്ന വാക്ക്‌ തരംതാണതായി ഞാൻ കാണാൻ തുടങ്ങി. സിഎൻഎൻ-ൽ, പ്രക്ഷേപണത്തിലോ ഓഫീസിലെ സംസാരത്തിനിടയിലോ ആ വാക്ക്‌ ഉപയോഗിക്കരുതെന്ന്‌ ഞാനൊരു നിയമമുണ്ടാക്കി. പകരം ‘രാജ്യാന്തരം’ എന്ന പദം ഉപയോഗിക്കാൻ തീരുമാനിച്ചു.”

15 ഗോളമെമ്പാടുമുള്ള ദേശങ്ങളിൽ ഒരു കൂട്ടമെന്ന നിലയിൽ ദൈവത്തിന്റെ കാഴ്‌ചപ്പാടുള്ളവർ യഹോവയുടെ സാക്ഷികൾ മാത്രമാണ്‌. കാര്യങ്ങൾ യഹോവ വീക്ഷിക്കുന്നതുപോലെ വീക്ഷിക്കാൻ പഠിക്കുന്നതുകൊണ്ട്‌ മാനസികമായും വൈകാരികമായും ദേശീയാതിർത്തികൾ ഭേദിക്കാൻ അവർക്കു കഴിഞ്ഞിരിക്കുന്നു. മറ്റു ദേശക്കാരെ അവിശ്വസിക്കുകയോ സംശയിക്കുകയോ വെറുക്കുകയോ ചെയ്യുന്നതിനു പകരം അവരുടെ സ്വഭാവത്തിലെയും പ്രാപ്‌തികളിലെയും വൈവിധ്യങ്ങൾ ആസ്വദിക്കാൻ അവർ പഠിച്ചിരിക്കുന്നു. യഹോവയുടെ സാക്ഷികൾ കൈവരിച്ചിരിക്കുന്ന ഈ നേട്ടത്തെക്കുറിച്ചും മറ്റുള്ളവരോടുള്ള നിങ്ങളുടെ വീക്ഷണത്തെ അത്‌ ക്രിയാത്മകമായി സ്വാധീനിച്ചിരിക്കുന്നതിനെക്കുറിച്ചും നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

“പരദേശികൾ” ഇല്ലാത്ത ഒരു ലോകം

16, 17. വെളിപാട്‌ 16:16, ദാനീയേൽ 2:44 എന്നിവയുടെ നിവൃത്തി നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും?

16 വൈകാതെ, ദൈവികഭരണത്തെ എതിർക്കുന്ന ഇന്നുള്ള എല്ലാ രാഷ്‌ട്രങ്ങളും യേശുക്രിസ്‌തുവിനെയും അവന്റെ സ്വർഗീയസേനയെയും നേരിടേണ്ടിവരും. “എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ” എന്നറിയപ്പെടുന്ന അന്തിമയുദ്ധത്തിലായിരിക്കും അത്‌. (വെളി. 16:14, 16; 19:11-16) 2,500-ലധികം വർഷം മുമ്പ്‌ ദാനീയേൽ പ്രവാചകൻ, ദൈവോദ്ദേശ്യത്തെ എതിർക്കുന്ന മാനുഷഗവണ്മെന്റുകളെ കാത്തിരിക്കുന്നത്‌ എന്താണെന്ന്‌ നിശ്വസ്‌തതയിൽ മുൻകൂട്ടിപ്പറഞ്ഞു. അവൻ എഴുതി: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.”—ദാനീ. 2:44.

17 ഇതിന്റെ നിവൃത്തി നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന്‌ ചിന്തിക്കാനാകുന്നുണ്ടോ? ഇന്നുള്ള ഓരോ മനുഷ്യനെയും ‘വിദേശിയാക്കുന്ന’ മനുഷ്യനിർമിത ദേശാതിർത്തികൾ മേലാൽ ഉണ്ടായിരിക്കുകയില്ല. ആകാരത്തിലും ശരീരഘടനയിലും ഒക്കെയുള്ള വ്യത്യാസം ദൈവത്തിന്റെ സൃഷ്ടിയിലെ വിസ്‌മയകരമായ വൈവിധ്യത്തിന്റെ സാക്ഷ്യപത്രം മാത്രമായിരിക്കും. ശുഭകാലത്തെക്കുറിച്ചുള്ള ആ പ്രത്യാശ, നമ്മാലാകും വിധം നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തെ സ്‌തുതിക്കാനും മഹത്ത്വപ്പെടുത്താനും നമ്മെയെല്ലാം പ്രേരിപ്പിക്കേണ്ടതാണ്‌.

18. “വിദേശികൾ” എന്ന സങ്കൽപ്പം പൊളിച്ചെഴുതാനാകും എന്നതിന്‌ സമീപകാലത്തെ ഏതു സംഭവവികാസങ്ങൾ തെളിവു നൽകുന്നു?

18 ഇങ്ങനെ ഒരു ആഗോളമാറ്റം അസംഭവ്യമാണോ? അല്ല! അതു സംഭവിക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും. യഹോവയുടെ സാക്ഷികൾക്കിടയിൽ “പരദേശി” എന്ന വാക്കിന്‌ ഇപ്പോൾപ്പോലും വലിയ അർഥമൊന്നുമില്ല. തങ്ങൾക്ക്‌ ഇടയിലുള്ളവർ ഏതു ദേശക്കാരാണെന്നതിന്‌ അവർ പ്രാധാന്യം കൽപ്പിക്കാറില്ല. ഉദാഹരണത്തിന്‌, അടുത്തകാലത്ത്‌ സുവാർത്താപ്രസംഗവേല കൂടുതൽ കാര്യക്ഷമമാക്കാനും വേലയുടെ മേൽനോട്ടം എളുപ്പമാക്കാനും ചെറിയ പല ബ്രാഞ്ച്‌ ഓഫീസുകൾ മറ്റു ബ്രാഞ്ചുകളുമായി ലയിപ്പിക്കുകയുണ്ടായി. (മത്താ. 24:14) നിയമം അനുവദിച്ചിടത്തോളം, ദേശീയ അതിർത്തികൾ അവഗണിച്ചുകൊണ്ടാണ്‌ ഇതു ചെയ്‌തത്‌. ദൈവരാജ്യത്തിന്റെ രാജാവായ യേശുക്രിസ്‌തു മനുഷ്യനിർമിതമായ അതിർത്തികൾ തകർക്കുകയാണ്‌ എന്നതിന്റെയും വൈകാതെ ‘സമ്പൂർണജയം നേടും’ എന്നതിന്റെയും ദൃശ്യമായ മറ്റൊരു തെളിവാണ്‌ ഇത്‌.—വെളി. 6:2.

19. സത്യത്തിന്റെ നിർമലമായ ഭാഷ എന്തു സാധ്യമാക്കിയിരിക്കുന്നു?

19 പല ദേശങ്ങളിൽനിന്നുള്ളവരും പല ഭാഷകൾ സംസാരിക്കുന്നവരും ആണ്‌ യഹോവയുടെ സാക്ഷികൾ; എന്നാൽ അവരെല്ലാം സത്യത്തിന്റെ നിർമലഭാഷയോടു പറ്റിനിൽക്കുന്നു. ഇതിലൂടെ അവർക്കു കൈവന്നിരിക്കുന്ന ഐക്യം തകർക്കാനാകാത്തതാണ്‌. (സെഫന്യാവു 3:9 വായിക്കുക.) ഈ ദുഷ്ടവ്യവസ്ഥിതിയിലാണ്‌ സ്ഥിതിചെയ്യുന്നതെങ്കിലും അതിൽനിന്നു വേറിട്ട ഒരു അന്താരാഷ്‌ട്ര കുടുംബമാണ്‌ ഇവരുടേത്‌. പരദേശികൾ ഇല്ലാത്ത, ഒരു പുതിയ ലോകത്തിന്റെ പൂർവദൃശ്യം അതു നമുക്കു നൽകുന്നു. അന്നു ജീവിച്ചിരിക്കുന്നവർ ഒട്ടൊഴിയാതെ പ്രാരംഭത്തിൽ ഉദ്ധരിച്ച ഈ വാക്കുകളുടെ സത്യതയ്‌ക്ക്‌ ആവേശത്തോടെ സാക്ഷ്യം പറയും: “മനുഷ്യവർഗത്തിലെ വ്യത്യസ്‌ത വംശങ്ങളിൽപ്പെട്ടവർ ബൈബിൾ പറയുന്നതുപോലെ, സഹോദരന്മാരാണ്‌.”—മനുഷ്യവർഗത്തിലെ വംശങ്ങൾ.

[അധ്യയന ചോദ്യങ്ങൾ]

[28-ാം പേജിലെ ആകർഷക വാക്യം]

മനുഷ്യനിർമിത ദേശീയാതിർത്തികൾ പഴങ്കഥയായി മാറുന്ന, “വിദേശികൾ” എന്ന വാക്ക്‌ കാലഹരണപ്പെടുന്ന ഒരു കാലം കാണാൻ നിങ്ങൾക്ക്‌ ആകാംക്ഷയുണ്ടോ?

[25-ാം പേജിലെ ചിത്രം]

അബ്രാഹാമിനെപ്പോലെ, ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ കാണുന്നതിനായാണോ നിങ്ങൾ ജീവിക്കുന്നത്‌?

[27-ാം പേജിലെ ചിത്രം]

യഹോവയുടെ ദൃഷ്ടിയിൽ ഇവർ ആരും പരദേശികളല്ല