വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാനം പ്രാപിക്കുന്നതിൽനിന്ന്‌ യാതൊന്നും നിങ്ങളെ തടയാതിരിക്കട്ടെ

മാനം പ്രാപിക്കുന്നതിൽനിന്ന്‌ യാതൊന്നും നിങ്ങളെ തടയാതിരിക്കട്ടെ

“മനോവിനയമുള്ളവനോ മാനം പ്രാപിക്കും.”—സദൃ. 29:23.

1, 2. (എ) മാനം, മഹത്ത്വം എന്നിവയ്‌ക്കുള്ള മൂലഭാഷാപദങ്ങൾ എന്തു സൂചിപ്പിക്കുന്നു? (ബി) ഈ ലേഖനത്തിൽ നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?

 മാനം അല്ലെങ്കിൽ മഹത്ത്വം എന്നു കേൾക്കുമ്പോൾ എന്താണ്‌ നിങ്ങളുടെ മനസ്സിലേക്കു വരുന്നത്‌? ധനാഢ്യരോ പ്രശസ്‌തരോ വലിയ ജ്ഞാനികളോ ആയ ആളുകൾക്കു ലഭിക്കുന്ന പുകഴ്‌ചയും കീർത്തിയും ഒക്കെയാണോ? തിരുവെഴുത്തുകളിൽ മാനം, മഹത്ത്വം എന്നെല്ലാം വിവർത്തനം ചെയ്‌തിരിക്കുന്ന മൂലഭാഷാപദങ്ങളുടെ അടിസ്ഥാന അർഥം ഘനം എന്നാണ്‌. പുരാതനനാളുകളിൽ അമൂല്യലോഹങ്ങൾകൊണ്ടുള്ള നാണയങ്ങൾ ഉപയോഗത്തിലുണ്ടായിരുന്നു. നാണയത്തിന്റെ ഘനം കൂടുന്നതനുസരിച്ച്‌ അതിന്റെ മൂല്യവും വർധിക്കും. കാലാന്തരത്തിൽ ഘനമുള്ളതിനെ കുറിക്കാൻ ഉപയോഗിച്ചിരുന്ന പദങ്ങൾക്ക്‌ അമൂല്യമായ, മഹത്തരമായ, മതിപ്പുളവാക്കുന്ന എന്നൊക്കെയുള്ള ആലങ്കാരിക അർഥങ്ങൾ കൈവന്നു.

2 ദൈവം മനുഷ്യരെ മാനം അണിയിക്കുന്നതിനെക്കുറിച്ച്‌ തിരുവെഴുത്തുകൾ പറയുന്നു. മറ്റുള്ളവരുടെ പേര്‌, പ്രശസ്‌തി, അധികാരം എന്നിവയിലൊക്കെ നമുക്കു മതിപ്പു തോന്നിയേക്കാം. എന്നാൽ എങ്ങനെയുള്ളവരെയാണ്‌ ദൈവം മാനിക്കുന്നത്‌? സദൃശവാക്യങ്ങൾ 22:4 ഇങ്ങനെ പറയുന്നു: “താഴ്‌മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.” കൂടാതെ ശിഷ്യനായ യാക്കോബ്‌ എഴുതി: “യഹോവയുടെ സന്നിധിയിൽ നിങ്ങളെത്തന്നെ താഴ്‌ത്തുവിൻ. എന്നാൽ അവൻ നിങ്ങളെ ഉയർത്തും.” (യാക്കോ. 4:10) അങ്ങനെയെങ്കിൽ യഹോവ മനുഷ്യരെ അണിയിക്കുന്ന മാനം എന്താണ്‌? അത്‌ പ്രാപിക്കുന്നതിൽനിന്ന്‌ നമ്മെ എന്തു തടഞ്ഞേക്കാം? ആ മാനം പ്രാപിക്കാൻ മറ്റുള്ളവരെ നമുക്ക്‌ എങ്ങനെ സഹായിക്കാം?

3-5. ഏതു മഹത്ത്വത്തിലേക്ക്‌ യഹോവ നമ്മെ നയിക്കുന്നു?

3 തന്റെ വലങ്കൈ പിടിച്ച്‌ യഥാർഥമഹത്ത്വത്തിലേക്കു യഹോവ നടത്തുമെന്ന വിശ്വാസം സങ്കീർത്തനക്കാരൻ പ്രകടിപ്പിച്ചു. (സങ്കീർത്തനം 73:23, 24 വായിക്കുക.) എങ്ങനെയാണ്‌ യഹോവ ഇതു ചെയ്യുന്നത്‌? തന്റെ താഴ്‌മയുള്ള ദാസരെ വ്യത്യസ്‌തവിധങ്ങളിൽ ആദരിച്ചുകൊണ്ടാണ്‌ യഹോവ അവരെ മഹത്ത്വത്തിലേക്കു കൈപിടിച്ചുനടത്തുന്നത്‌. തന്റെ ഹിതം മനസ്സിലാക്കാൻ സഹായിച്ചുകൊണ്ട്‌ അവൻ അവരെ അനുഗ്രഹിക്കുന്നു. (1 കൊരി. 2:7) തന്റെ വാക്കു കേട്ട്‌ അനുസരിക്കുന്നവർക്ക്‌ താനുമായി ഒരു അടുത്ത വ്യക്തിബന്ധം ആസ്വദിക്കാനുള്ള പദവി അവൻ നൽകുന്നു.—യാക്കോ. 4:8.

4 കൂടാതെ, ക്രിസ്‌തീയശുശ്രൂഷ എന്ന മഹത്തായ നിക്ഷേപം യഹോവ തന്റെ ദാസരെ ഭരമേൽപ്പിക്കുന്നു. (2 കൊരി. 4:1, 7) ഈ ശുശ്രൂഷ മഹത്ത്വത്തിലേക്കു നയിക്കുന്നു. തങ്ങളുടെ സേവനപദവി യഹോവയുടെ സ്‌തുതിക്കായും മറ്റുള്ളവരുടെ പ്രയോജനത്തിനായും ഉപയോഗിക്കുന്നവരോടുള്ള അവന്റെ വാഗ്‌ദാനം ഇതാണ്‌: “എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും.” (1 ശമൂ. 2:30) അങ്ങനെയുള്ളവർ യഹോവയുടെ മുമ്പാകെ ഒരു നല്ല പേരിനാൽ മാനിക്കപ്പെടുന്നു, മറ്റു ദൈവദാസരുടെ ഇടയിലും അവർക്ക്‌ സത്‌കീർത്തി ലഭിച്ചേക്കാം.—സദൃ. 11:16; 22:1.

5 “യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു” നടക്കുന്നവരുടെ ഭാവി എന്തായിരിക്കും? അവർക്ക്‌ ഈ വാഗ്‌ദാനം നൽകപ്പെട്ടിരിക്കുന്നു: “ഭൂമിയെ അവകാശമാക്കുവാൻ അവൻ (യഹോവ) നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും.” (സങ്കീ. 37:34) നിത്യജീവനെന്ന അതുല്യബഹുമതി ആസ്വദിക്കാനായി അവർ കാത്തിരിക്കുന്നു.—സങ്കീ. 37:29.

“മനുഷ്യരാലുള്ള മാനം എനിക്ക്‌ ആവശ്യമില്ല”

6, 7. അനേകരും യേശുവിൽ വിശ്വസിക്കാൻ കൂട്ടാക്കാഞ്ഞത്‌ എന്തുകൊണ്ട്‌?

6 യഹോവ നൽകുന്ന മാനം കരസ്ഥമാക്കുന്നതിൽനിന്ന്‌ നമ്മെ തടഞ്ഞേക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയാണ്‌? ഒരു സംഗതി, ദൈവവുമായി നല്ല ബന്ധമില്ലാത്തവരുടെ അഭിപ്രായങ്ങൾക്ക്‌ വളരെയധികം പ്രാധാന്യം കൊടുക്കുന്നതാണ്‌. യേശുവിന്റെ നാളിലെ ചില പ്രമാണിമാരെപ്പറ്റി അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “പ്രമാണിമാരിൽ അനേകർ അവനിൽ (യേശുവിൽ) വിശ്വസിച്ചെങ്കിലും പരീശന്മാർനിമിത്തം പള്ളിഭ്രഷ്ടരാകുമെന്നു ഭയന്ന്‌ അവർ അവനെ അംഗീകരിച്ചുപറഞ്ഞില്ല. അവർ ദൈവത്തിൽനിന്നുള്ള മാനത്തെക്കാൾ മനുഷ്യരിൽനിന്നുള്ള പ്രശംസ കാംക്ഷിച്ചു.” (യോഹ. 12:42, 43) പരീശന്മാർ എന്തു വിചാരിക്കുമെന്നതിന്‌ ആ പ്രമാണിമാർ അത്രയധികം പ്രാധാന്യം കൊടുക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു!

7 അനേകർ തന്നെ സ്വീകരിക്കുകയും തന്നിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യുകയില്ലാത്തതിന്റെ കാരണം യേശു മുമ്പ്‌ വ്യക്തമാക്കിയിരുന്നു. (യോഹന്നാൻ 5:39-44 വായിക്കുക.) നൂറ്റാണ്ടുകളായി മിശിഹായുടെ വരവ്‌ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഇസ്രായേൽ ജനത. യേശു തന്റെ പഠിപ്പിക്കൽവേല ആരംഭിച്ച സമയത്ത്‌ അവിടെയുണ്ടായിരുന്ന ചിലർക്കെങ്കിലും ക്രിസ്‌തു വരാനുള്ള നിയമിതസമയം ആഗതമായെന്ന്‌ ദാനിയേൽ പ്രവചനത്തിൽനിന്നു മനസ്സിലായിട്ടുമുണ്ടാകാം. മാസങ്ങൾക്കു മുമ്പ്‌ യോഹന്നാൻ സ്‌നാപകൻ വേല തുടങ്ങിയപ്പോൾ “ഇവൻതന്നെയായിരിക്കുമോ ക്രിസ്‌തു?” എന്ന്‌ അനേകരും പറയുന്നുണ്ടായിരുന്നു. (ലൂക്കോ. 3:15) ഇപ്പോൾ, കാലങ്ങളായി അവർ കാത്തിരുന്ന മിശിഹാ ദൈവരാജ്യത്തെക്കുറിച്ച്‌ പഠിപ്പിച്ചുകൊണ്ട്‌ അവരുടെ ഇടയിൽത്തന്നെയുണ്ട്‌. പക്ഷേ, ന്യായപ്രമാണത്തിൽ അവഗാഹമുണ്ടായിരുന്ന അവർ അവനെ അംഗീകരിക്കാൻ പരാജയപ്പെട്ടു. അതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട്‌ യേശു ഇങ്ങനെ ചോദിച്ചു: “ഏകദൈവത്തിൽനിന്നു പുകഴ്‌ച നേടാൻ ശ്രമിക്കാതെ പരസ്‌പരം പുകഴ്‌ച സ്വീകരിക്കുന്ന നിങ്ങൾക്ക്‌ എങ്ങനെ വിശ്വസിക്കാൻ കഴിയും?”

8, 9. മനുഷ്യരിൽനിന്നുള്ള മഹത്ത്വം ദൈവത്തിൽനിന്നുള്ള മഹത്ത്വത്തെ നിഷ്‌പ്രഭമാക്കുന്നത്‌ എങ്ങനെയെന്ന്‌ ഉദാഹരണത്തിലൂടെ വ്യക്തമാക്കുക.

8 മനുഷ്യരിൽനിന്നുള്ള മഹത്ത്വം ദൈവത്തിൽനിന്നുള്ള മഹത്ത്വത്തെ നിഷ്‌പ്രഭമാക്കുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കാൻ മഹത്ത്വത്തെ വെളിച്ചവുമായി താരതമ്യം ചെയ്യുന്നതു സഹായിക്കും. അത്യന്തം തേജോമയമാണ്‌ നമ്മുടെ വിസ്‌മയാവഹമായ പ്രപഞ്ചം. ഒരു തെളിവാർന്ന ആകാശത്തേക്കു നോക്കി എണ്ണമറ്റ നക്ഷത്രങ്ങളെ കണ്ട്‌ അത്ഭുതംകൂറിയത്‌ അവസാനമായി എന്നായിരുന്നു എന്നു നിങ്ങൾ ഓർക്കുന്നുണ്ടോ? “നക്ഷത്രങ്ങളുടെ തേജസ്സ്‌” ഉജ്ജ്വലമാണ്‌. (1 കൊരി. 15:40, 41) പക്ഷേ, വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ഒരു നഗരത്തിൽനിന്നു നോക്കുമ്പോൾ അതേ ആകാശം എങ്ങനെയാണ്‌ കാണപ്പെടുന്നത്‌? നഗരവെളിച്ചത്തിൽ വിദൂരനക്ഷത്രങ്ങളുടെ പ്രഭ മങ്ങിപ്പോകുന്നു! റോഡുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും ഒക്കെയുള്ള വെളിച്ചം നക്ഷത്രങ്ങളുടെ പ്രകാശത്തെക്കാൾ പ്രഭാമയവും മനോഹരവും ആയതുകൊണ്ടാണോ ഇതു സംഭവിക്കുന്നത്‌? ഒരിക്കലും അല്ല! നഗരത്തിൽനിന്നുള്ള വെളിച്ചം ഏറെ അടുത്തായതുകൊണ്ടും നക്ഷത്രങ്ങളെ കാണുന്നതിന്‌ അത്‌ തടസ്സമാകുന്നതുകൊണ്ടും ആണ്‌ അത്‌. നിശാനഭസ്സിലെ താരശോഭ കൺനിറയെ കാണണമെങ്കിൽ നാം കൃത്രിമവെളിച്ചങ്ങളുടെ പ്രഭാവം ഒഴിവാക്കിയേ തീരൂ.

9 സമാനമായി, മനുഷ്യരിൽനിന്നുള്ള മഹത്ത്വമാണ്‌ നാം ഹൃദയത്തോടു ചേർത്തുപിടിക്കുന്നതെങ്കിൽ യഹോവയിൽനിന്നുള്ള നിലനിൽക്കുന്ന മഹത്ത്വത്തിന്റെ ശോഭ നാം വിലമതിക്കാതെപോകും; ദൈവികമഹത്ത്വം നാം തേടുകയുമില്ല. ലോകത്തിലുള്ള പലരും രാജ്യസന്ദേശം സ്വീകരിക്കാത്തത്‌ പരിചയക്കാരും കുടുംബാംഗങ്ങളും എന്തു വിചാരിക്കുമെന്ന ഭയം നിമിത്തമാണ്‌. എന്നാൽ മനുഷ്യരിൽനിന്ന്‌ മാനം നേടാനുള്ള ആഗ്രഹം യഹോവയുടെ സമർപ്പിതദാസർക്കും ഉണ്ടാകാനിടയുണ്ടോ? ഒരു യുവസാക്ഷിക്ക്‌ പ്രസംഗിക്കാനായി ധാരാളം പരിചയക്കാരുള്ള ഒരു പ്രദേശം നിയമിച്ചുകൊടുക്കുന്നുവെന്നു കരുതുക. ആ വ്യക്തി യഹോവയുടെ ഒരു സാക്ഷിയാണെന്ന്‌ അവിടെയാർക്കും അറിയില്ല. ആ യുവാവ്‌ ഭയന്നു പിന്മാറുമോ? ഇനി, ദിവ്യാധിപത്യലക്ഷ്യങ്ങൾ പിന്തുടരുന്നതു മൂലം ഒരു വ്യക്തി പരിഹസിക്കപ്പെടുന്നെങ്കിലോ? തന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ, വ്യക്തമായ ആത്മീയകാഴ്‌ചപ്പാടില്ലാത്തവരെ അദ്ദേഹം അനുവദിക്കുമോ? ഒരു ക്രിസ്‌ത്യാനി ഗുരുതരമായ പാപം ചെയ്യുന്നെങ്കിലോ? സഭയിലെ സത്‌പേര്‌ കളങ്കപ്പെടുമെന്നോ പ്രിയപ്പെട്ടവർ നിരാശപ്പെടുമെന്നോ ഉള്ള ഭയം നിമിത്തം അദ്ദേഹം അത്‌ മറച്ചുവെക്കുമോ? യഹോവയുമായുള്ള ബന്ധം നേരെയാക്കാനാണ്‌ മുഖ്യമായും ആഗ്രഹിക്കുന്നതെങ്കിൽ അദ്ദേഹം “സഭയിലെ മൂപ്പന്മാരെ വിളി”ക്കുകയും അവരുടെ സഹായം തേടുകയും ചെയ്യും.—യാക്കോബ്‌ 5:14-16 വായിക്കുക.

10. (എ) മറ്റുള്ളവർ നമ്മെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെക്കുറിച്ച്‌ വ്യാകുലപ്പെടുന്നത്‌ നമ്മുടെ കാഴ്‌ചപ്പാടിനെ എങ്ങനെ വികലമാക്കിയേക്കാം? (ബി) താഴ്‌മയോടെ പ്രവർത്തിക്കുന്നെങ്കിൽ നമുക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാം?

10 നാം ആത്മീയമായി പക്വത പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നു കരുതുക. അപ്പോൾ ഒരു സഹവിശ്വാസി നമുക്കു ചില ബുദ്ധിയുപദേശങ്ങൾ നൽകുന്നു. ദുരഭിമാനമോ മുഖം രക്ഷിക്കാനുള്ള ആഗ്രഹമോ സ്വയം ന്യായീകരിക്കാനുള്ള പ്രലോഭനമോ നിമിത്തം നാം ആ ഉപദേശത്തോട്‌ മറുത്തുനിൽക്കുമോ? അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ ആത്മാർഥമായ നിരീക്ഷണങ്ങൾ നമുക്കു പ്രയോജനം ചെയ്യില്ല. ഇനി, നിങ്ങൾ സഹവിശ്വാസിയുമൊത്ത്‌ ഒരു ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന്‌ കരുതുക. നിങ്ങൾ സംഭാവന ചെയ്‌ത ആശയങ്ങൾക്കും നിങ്ങളുടെ കഠിനാധ്വാനത്തിനും ഉള്ള ബഹുമതി ആർക്കു കിട്ടും എന്നതിനെക്കുറിച്ചുള്ള ഉത്‌കണ്‌ഠ ആ സംയുക്തസംരംഭത്തെ ബാധിക്കുമോ? നിങ്ങൾ ഇതുപോലൊരു സാഹചര്യത്തിലാണെങ്കിൽ, “മനോവിനയമുള്ളവനോ മാനം പ്രാപിക്കും” എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക.—സദൃ. 29:23.

11. പ്രശംസയോടുള്ള നമ്മുടെ ഉള്ളിന്റെയുള്ളിലെ പ്രതികരണം എന്തായിരിക്കണം, എന്തുകൊണ്ട്‌?

11 മേൽവിചാരകസ്ഥാനത്തുള്ളവരും ആ പദവിക്കായി “യത്‌നിക്കുന്ന”വരും മനുഷ്യരിൽനിന്നുള്ള മാനം തേടാതിരിക്കാൻ ജാഗ്രത പുലർത്തണം. (1 തിമൊ. 3:1; 1 തെസ്സ. 2:6) ഒരു ഉത്തരവാദിത്വം നന്നായി നിർവഹിച്ചതിനെപ്രതി ആത്മാർഥമായ അഭിനന്ദനം ലഭിക്കുമ്പോൾ ഒരു സഹോദരന്റെ പ്രതികരണം എന്തായിരിക്കണം? ശൗൽ രാജാവിനെപ്പോലെ തനിക്കായി ഒരു ജ്ഞാപകസ്‌തംഭമൊന്നും അദ്ദേഹം നാട്ടുകയില്ലായിരിക്കാം. (1 ശമൂ. 15:12) എന്നിരുന്നാലും തനിക്ക്‌ ഈ നേട്ടം കൈവരിക്കാനായത്‌ യഹോവയുടെ കൃപയാൽ മാത്രമാണെന്നും ദൈവത്തിന്റെ അനുഗ്രഹവും സഹായവും ഉണ്ടെങ്കിലേ ഭാവിയിലും ഇത്തരം വിജയം ആവർത്തിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം മനസ്സോടെ അംഗീകരിക്കുന്നുണ്ടോ? (1 പത്രോ. 4:11) പ്രശംസയോടുള്ള നമ്മുടെ ഉള്ളിന്റെയുള്ളിലെ പ്രതികരണം ഏതുതരം മാനമാണ്‌ നാം തേടുന്നതെന്ന്‌ വെളിവാക്കും.—സദൃ. 27:21.

“നിങ്ങളുടെ പിതാവിന്റെ മോഹങ്ങൾ നിറവേറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നു”

12. ചില യഹൂദന്മാർ യേശുവിനെ ശ്രദ്ധിക്കാതിരുന്നത്‌ എന്തുകൊണ്ട്‌?

12 ദൈവത്തിൽനിന്നുള്ള മാനം പ്രാപിക്കുന്നതിൽനിന്ന്‌ നമ്മെ തടഞ്ഞേക്കാവുന്ന മറ്റൊരു സംഗതിയാണ്‌ നമ്മുടെ മോഹങ്ങൾ. തെറ്റായ മോഹങ്ങൾ സത്യം കേൾക്കുന്നതിനുതന്നെ തടസ്സമായേക്കാം. (യോഹന്നാൻ 8:43-47 വായിക്കുക.) ചില യഹൂദന്മാർ യേശുവിന്റെ ദൂത്‌ ശ്രദ്ധിക്കാതിരുന്നത്‌, ‘അവരുടെ പിതാവായ പിശാചിന്റെ മോഹങ്ങൾ നിറവേറ്റാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്‌’ എന്ന്‌ അവൻ പറഞ്ഞു.

13, 14. (എ) ഗവേഷകർ പറയുന്നതനുസരിച്ച്‌, മസ്‌തിഷ്‌കം സംസാരത്തെ അപഗ്രഥിക്കുന്നത്‌ എങ്ങനെ? (എ) നാം ആർക്കു ശ്രദ്ധകൊടുക്കുന്നു എന്നതിനെ നിർണയിക്കുന്നത്‌ എന്ത്‌?

13 കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കാണ്‌ സാധാരണഗതിയിൽ നാം ശ്രദ്ധകൊടുക്കുന്നത്‌. ചില കാര്യങ്ങൾ നാം മനപ്പൂർവം വിട്ടുകളയുന്നു. (2 പത്രോ. 3:6) അനാവശ്യശബ്ദങ്ങൾ അവഗണിച്ചുകളയാനുള്ള അത്ഭുതകരമായ കഴിവോടെയാണ്‌ യഹോവ നമ്മെ സൃഷ്ടിച്ചിരിക്കുന്നത്‌. ഇപ്പോൾ ഒരു നിമിഷം കാതോർത്ത്‌ വ്യതിരിക്തമായ എത്രയെത്ര ശബ്ദങ്ങളാണ്‌ ചുറ്റും കേൾക്കാനാകുന്നതെന്ന്‌ ശ്രദ്ധിക്കുക. അൽപ്പം മുമ്പുവരെ അവയിൽ പലതും നിങ്ങൾ ശ്രദ്ധിച്ചിരിക്കാൻ ഇടയില്ല. വ്യത്യസ്‌തശബ്ദങ്ങൾ കാതിൽപ്പതിക്കുന്നുണ്ടെങ്കിലും, ഒറ്റയൊരു കാര്യത്തിൽ ശ്രദ്ധയൂന്നാൻ മസ്‌തിഷ്‌കത്തിലെ ലിംബിക്‌ വ്യവസ്ഥയാണ്‌ നിങ്ങളെ സഹായിച്ചത്‌. എന്നാൽ സംസാരം ശ്രദ്ധിക്കുമ്പോൾ സ്ഥിതി വ്യത്യസ്‌തമാണ്‌. പലർ സംസാരിക്കുമ്പോൾ ഒരാളുടെ സംസാരത്തിനു മാത്രം ശ്രദ്ധകൊടുക്കുക ബുദ്ധിമുട്ടാണെന്ന്‌ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഉദാഹരണത്തിന്‌, രണ്ടുപേർ സംസാരിക്കുന്നെന്നു കരുതുക. ഒരേ സമയം ഇരുവരുടെയും സംസാരത്തിൽ നിങ്ങൾക്ക്‌ ശ്രദ്ധപതിപ്പിക്കാനാകില്ല. അതിനാൽ ആർക്കെങ്കിലും ഒരാൾക്ക്‌ ശ്രദ്ധകൊടുക്കേണ്ടിവരും. ആരു പറയുന്നത്‌ നിങ്ങൾ ശ്രദ്ധിക്കും? ആരു പറയുന്നത്‌ കേൾക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്‌ ആ വ്യക്തിയെ ശ്രദ്ധിക്കും. തങ്ങളുടെ പിതാവായ പിശാചിന്റെ മോഹങ്ങൾ നിറവേറ്റാൻ ആഗ്രഹിച്ച യഹൂദന്മാർ യേശു പറഞ്ഞതിന്‌ ശ്രദ്ധ കൊടുത്തില്ല.

14 ‘ജ്ഞാനത്തിന്റെ വീട്ടിൽനിന്നും’ ‘ഭോഷത്വത്തിന്റെ വീട്ടിൽനിന്നും’ നമുക്കു സന്ദേശങ്ങൾ ലഭിക്കുന്നു. (സദൃ. 9:1-5, 13-17) ജ്ഞാനവും ഭോഷത്വവും ‘വിളിക്കുന്നതിനാൽ’ നമുക്ക്‌ ഒരു തിരഞ്ഞെടുപ്പ്‌ നടത്തേണ്ടിവരുന്നു. നാം ആരുടെ ക്ഷണമായിരിക്കും സ്വീകരിക്കുക? അത്‌ ആരുടെ ഹിതം നിറവേറ്റാനാണ്‌ നാം ആഗ്രഹിക്കുന്നത്‌ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. യേശുവിന്റെ ആടുകൾ അവന്റെ സ്വരം ശ്രദ്ധിച്ച്‌ അവനെ അനുഗമിക്കുന്നു. (യോഹ. 10:16, 27) അവർ “സത്യത്തിന്റെ പക്ഷത്തുള്ള”വരാണ്‌. (യോഹ. 18:37) ‘അപരിചിതരുടെ സ്വരം അവർക്കു പരിചിതമല്ല.’ (യോഹ. 10:5) താഴ്‌മയുള്ള ആ ആളുകൾ മാനം പ്രാപിക്കും.—സദൃ. 3:13, 16; 8:1, 18.

“അവ നിങ്ങൾക്കു മഹത്ത്വകാരണമാകുന്നു”

15. പൗലോസിന്റെ കഷ്ടതകൾ മറ്റുള്ളവർക്ക്‌ “മഹത്ത്വകാരണ”മായത്‌ എങ്ങനെ?

15 യഹോവയുടെ ഹിതം ചെയ്യുന്നതിലെ നമ്മുടെ സ്ഥിരോത്സാഹം മഹത്ത്വം പ്രാപിക്കാൻ മറ്റുള്ളവരെ സഹായിക്കും. എഫെസൊസിലെ സഭയ്‌ക്ക്‌ പൗലോസ്‌ എഴുതി: “നിങ്ങൾക്കുവേണ്ടി ഞാൻ സഹിക്കുന്ന കഷ്ടതകൾനിമിത്തം നിങ്ങൾ അധൈര്യപ്പെടരുതെന്നു ഞാൻ അപേക്ഷിക്കുന്നു; എന്തെന്നാൽ അവ നിങ്ങൾക്കു മഹത്ത്വകാരണമാകുന്നു” (എഫെ. 3:13) ഏതു വിധത്തിലാണ്‌ പൗലോസിന്റെ കഷ്ടതകൾ എഫെസ്യർക്ക്‌ “മഹത്ത്വകാരണ”മായത്‌? പരിശോധനകളിന്മധ്യേയും എഫെസ്യരെ ശുശ്രൂഷിക്കാൻ പൗലോസ്‌ കാണിച്ച സന്നദ്ധത, ക്രിസ്‌ത്യാനികളെന്ന നിലയിൽ അവർ ആസ്വദിച്ചിരുന്ന പദവികൾ ഘനമേറിയതും അങ്ങേയറ്റം വിലപ്പെട്ടതും ആണെന്നതിന്‌ തെളിവുനൽകി. കഷ്ടതകളിന്മധ്യേ പൗലോസ്‌ തന്റെ ശ്രമം ഉപേക്ഷിച്ചിരുന്നെങ്കിലോ? എഫെസ്യക്രിസ്‌ത്യാനികൾ യഹോവയുമായി ആസ്വദിച്ചിരുന്ന ബന്ധം, അവരുടെ ശുശ്രൂഷ, പ്രത്യാശ എന്നിവയെല്ലാം വിലയില്ലാത്തതാണ്‌ എന്ന സന്ദേശമല്ലേ അവർക്കു ലഭിക്കുമായിരുന്നത്‌? പൗലോസിന്റെ സഹിഷ്‌ണുത ക്രിസ്‌ത്യാനിത്വത്തിന്റെ ശ്രേഷ്‌ഠത ഉയർത്തിക്കാട്ടുകയും ക്രിസ്‌തുശിഷ്യനായിരിക്കുന്നത്‌ ഏതു ത്യാഗവും സഹിക്കാൻതക്ക മൂല്യമുള്ളതാണെന്നു കാണിക്കുകയും ചെയ്‌തു.

16. ലുസ്‌ത്രയിൽ വെച്ച്‌ പൗലോസിന്‌ എന്തു കഷ്ടത സഹിക്കേണ്ടിവന്നു?

16 പൗലോസിന്റെ തീക്ഷ്‌ണതയ്‌ക്കും സഹിഷ്‌ണുതയ്‌ക്കും എന്തു ഫലമുണ്ടായി എന്നു നോക്കാം. പ്രവൃത്തികൾ 14:19, 20 ഇങ്ങനെ പറയുന്നു: “അന്ത്യൊക്യയിൽനിന്നും ഇക്കോന്യയിൽനിന്നും യഹൂദന്മാർ വന്നുകൂടി ജനക്കൂട്ടത്തെ ഇളക്കി. അവർ പൗലോസിനെ കല്ലെറിയുകയും അവൻ മരിച്ചെന്നു കരുതി അവനെ (ലുസ്‌ത്ര) പട്ടണത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോകുകയും ചെയ്‌തു; എന്നാൽ ശിഷ്യന്മാർ അവനു ചുറ്റും കൂടിയപ്പോൾ അവൻ എഴുന്നേറ്റ്‌ പട്ടണത്തിൽ ചെന്നു. പിറ്റേന്ന്‌ അവൻ ബർന്നബാസിനോടൊപ്പം ദെർബയിലേക്കു പോയി.” മരിച്ചെന്നു കരുതി ഉപേക്ഷിക്കപ്പെട്ട ഒരാൾ പിറ്റേദിവസം 100 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തേക്ക്‌ യാത്രയാകുന്നു, അതും ആധുനിക യാത്രാസൗകര്യങ്ങളൊന്നുമില്ലാതെ!

17, 18. (എ) ലുസ്‌ത്രയിലെ പൗലോസിന്റെ കഷ്ടതകൾ തിമൊഥെയൊസ്‌ അടുത്തറിഞ്ഞത്‌ എങ്ങനെയായിരിക്കാം? (ബി) പൗലോസിന്റെ സഹിഷ്‌ണുത തിമൊഥെയൊസിനെ എങ്ങനെ സ്വാധീനിച്ചു?

17 പൗലോസിനെ സഹായിക്കാൻ വന്നുകൂടിയ ‘ശിഷ്യന്മാരിൽ’ തിമൊഥെയൊസും ഉണ്ടായിരുന്നോ? പ്രവൃത്തികളുടെ പുസ്‌തകത്തിലെ വിവരണത്തിൽനിന്ന്‌ അതു വ്യക്തമല്ല. പക്ഷേ അതിനു സാധ്യതയുണ്ട്‌. തിമൊഥെയൊസിന്‌ എഴുതിയ രണ്ടാം ലേഖനത്തിൽ പൗലോസ്‌ പറയുന്നതു നോക്കുക: “നീയോ എന്റെ പ്രബോധനം, ജീവിതരീതി, . . . അന്ത്യൊക്യയിലും (നാട്ടിൽനിന്നു പുറത്താക്കിക്കളഞ്ഞു) ഇക്കോന്യയിലും (കല്ലെറിയാൻ പദ്ധതിയിട്ടു) ലുസ്‌ത്രയിലും (കല്ലെറിഞ്ഞു) . . . എനിക്കു സംഭവിച്ച കാര്യങ്ങൾ, എനിക്ക്‌ ഏൽക്കേണ്ടിവന്ന ഉപദ്രവങ്ങൾ എന്നിവയെല്ലാം അടുത്തറിഞ്ഞിട്ടുണ്ടല്ലോ. എന്നാൽ ഇവയിൽനിന്നെല്ലാം കർത്താവ്‌ എന്നെ വിടുവിച്ചു.”—2 തിമൊ. 3:10, 11; പ്രവൃ. 13:50; 14:5, 19.

18 ഈ സംഭവങ്ങൾ ‘അടുത്തറിഞ്ഞ’ തിമൊഥെയൊസ്‌ പൗലോസിന്റെ സഹിഷ്‌ണുതയെക്കുറിച്ച്‌ നന്നായി മനസ്സിലാക്കി. അവന്റെ മനസ്സിനെ ഇത്‌ വളരെയധികം സ്വാധീനിച്ചു എന്നതിനു സംശയമില്ല. പൗലോസ്‌ ലുസ്‌ത്ര സന്ദർശിച്ചപ്പോൾ തിമൊഥെയൊസ്‌ മാതൃകായോഗ്യനായ ഒരു ക്രിസ്‌ത്യാനിയായിത്തീർന്നിരുന്നു; “ലുസ്‌ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാർക്ക്‌ തിമൊഥെയൊസിനെക്കുറിച്ചു വളരെ നല്ല അഭിപ്രായമായിരുന്നു.” (പ്രവൃ. 16:1, 2) കാലക്രമത്തിൽ ഘനമേറിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള യോഗ്യത തിമൊഥെയൊസ്‌ നേടി.—ഫിലി. 2:19, 20; 1 തിമൊ. 1:3, 4.

19. നമ്മുടെ സഹിഷ്‌ണുത മറ്റുള്ളവരുടെമേൽ എന്തു ഫലം ഉളവാക്കിയേക്കാം?

19 ദൈവേഷ്ടം ചെയ്യുന്നതിലെ നമ്മുടെ സ്ഥിരോത്സാഹം മറ്റുള്ളവരുടെമേൽ, വിശേഷിച്ചും യുവപ്രായക്കാരുടെമേൽ സമാനമായ ഫലം ഉളവാക്കും. അവരിൽ അനേകരും വിലപ്പെട്ട ദൈവദാസരായി മുതിർന്നുവരും. യുവശിഷ്യർ നമ്മെ നിരീക്ഷിച്ച്‌ വയൽശുശ്രൂഷയിലെ പ്രസംഗപാടവവും മറ്റു വൈദഗ്‌ധ്യങ്ങളും സ്വായത്തമാക്കുക മാത്രമല്ല ചെയ്യുന്നത്‌; ജീവിതത്തിലെ ദുഷ്‌കരസാഹചര്യങ്ങളെ നാം കൈകാര്യം ചെയ്യുന്നതു കണ്ടും അവർ പഠിക്കും. വിശ്വസ്‌തരായി തുടരുന്നവരെല്ലാം “നിത്യതേജസ്സോടെ . . . രക്ഷ പ്രാപിക്കേണ്ടതിന്‌” താൻ “സകലതും സഹിക്കുന്നു”വെന്ന്‌ പൗലോസ്‌ പറഞ്ഞു.—2 തിമൊ. 2:10.

പ്രായമായവരുടെ സ്ഥിരോത്സാഹം യുവപ്രായക്കാർ വിലമതിക്കുന്നു

20. ദൈവത്തിൽനിന്നു പുകഴ്‌ച നേടാനുള്ള ശ്രമം തുടരേണ്ടത്‌ എന്തുകൊണ്ട്‌?

20 അങ്ങനെയെങ്കിൽ, ‘ഏകദൈവത്തിൽനിന്നു പുകഴ്‌ച നേടാനുള്ള’ ശ്രമം നാം തുടരേണ്ടതല്ലേ? (യോഹ. 5:44; 7:18) തീർച്ചയായും! (റോമർ 2:6, 7 വായിക്കുക.) യഹോവ, ‘മഹത്ത്വം അന്വേഷിക്കുന്നവർക്കു നിത്യജീവൻ’ നൽകും. കൂടാതെ, നാം “നന്മ ചെയ്യുന്നതിൽ സ്ഥിരത” കാണിക്കുന്നെങ്കിൽ സ്ഥിരോത്സാഹത്തോടെ തുടരാൻ അത്‌ മറ്റുള്ളവർക്ക്‌ പ്രചോദനമേകും. അതാകട്ടെ, അവരുടെ നിത്യപ്രയോജനത്തിൽ കലാശിക്കുകയും ചെയ്യും. ദൈവത്തിൽനിന്നുള്ള മാനം പ്രാപിക്കുന്നതിൽനിന്ന്‌ യാതൊന്നും നിങ്ങളെ തടയാതിരിക്കട്ടെ.