വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹൃദയത്തിന്റെ ചായ്‌വുകൾ സംബന്ധിച്ച്‌ ജാഗ്രത പുലർത്തുക

ഹൃദയത്തിന്റെ ചായ്‌വുകൾ സംബന്ധിച്ച്‌ ജാഗ്രത പുലർത്തുക

“ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്‌” എന്ന്‌ ബൈബിൾ പറയുന്നു. (യിരെ. 17:9) നമ്മുടെ ഹൃദയത്തിൽ എന്തിനോടെങ്കിലും അദമ്യമായ ആഗ്രഹം ഉണ്ടാകുമ്പോൾ അത്‌ അനുസരിച്ച്‌ പ്രവർത്തിക്കാൻ നാം കാരണങ്ങൾ കണ്ടെത്താറില്ലേ?

തിരുവെഴുത്തുകൾ നമുക്ക്‌ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ഹൃദയത്തിൽനിന്നു പുറപ്പെടുന്നതോ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവതന്നെ.” (മത്താ. 15:19) ആലങ്കാരികഹൃദയത്തിന്‌ നമ്മെ വഞ്ചിക്കാനും ദൈവഹിതത്തിനു വിരുദ്ധമായ ഒരു നടപടിയെ ന്യായീകരിക്കുന്നതിനു നമ്മെ പ്രേരിപ്പിക്കാനും കഴിയും. ജ്ഞാനരഹിതമായി പ്രവർത്തിച്ചു കഴിയുമ്പോഴായിരിക്കും ചെയ്‌തത്‌ അബദ്ധമാണെന്ന്‌ നാം തിരിച്ചറിയുക. തെറ്റായ ഒരു ഗതി സ്വീകരിക്കും മുമ്പെ ഹൃദയത്തിന്റെ ചായ്‌വുകൾ തിരിച്ചറിയാൻ നമ്മെ എന്തു സഹായിക്കും?

ഹൃദയത്തിന്റെ ചായ്‌വ്‌ എങ്ങനെ തിരിച്ചറിയാം?

ദിനന്തോറുമുള്ള ബൈബിൾ വായന നമ്മുടെ ആലങ്കാരിക ഹൃദയത്തെ എങ്ങനെ സ്വാധീനിക്കും?

ബൈബിൾ ദിവസവും വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക.

‘ദൈവത്തിന്റെ വചനം ജീവനും ശക്തിയുമുള്ളത്‌; അത്‌ ഇരുവായ്‌ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും ദേഹിയെയും ആത്മാവിനെയും തുളച്ചുചെല്ലുന്നതും ആകുന്നു’ എന്ന്‌ അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി. ബൈബിളിൽ അടങ്ങിയിരിക്കുന്ന ദൈവികസന്ദേശത്തിന്‌ “ഹൃദയവിചാരങ്ങളെയും അന്തർഗതങ്ങളെയും വിവേചിക്കാൻ” കഴിവുണ്ട്‌. (എബ്രാ. 4:12) തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ ആത്മപരിശോധന നടത്തുന്നത്‌ ഹൃദയത്തിന്റെ ചായ്‌വുകൾ തിരിച്ചറിയാനുള്ള ഒരു ഉത്തമമാർഗമാണ്‌. നാം ദൈവവചനം ദിവസവും വായിച്ച്‌ അതിൽ പറയുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കേണ്ടതും അങ്ങനെ യഹോവയുടെ വികാരവിചാരങ്ങൾ സ്വാംശീകരിക്കേണ്ടതും എത്ര അനിവാര്യമാണ്‌!

തിരുവെഴുത്തു ബുദ്ധിയുപദേശങ്ങൾ സ്വീകരിക്കുന്നതും ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതും നമ്മുടെ മനസ്സാക്ഷിയെ, അതായത്‌ “സാക്ഷ്യം വഹിക്കുന്ന” ആന്തരിക പ്രാപ്‌തിയെ, സ്വാധീനിക്കും. (റോമ. 9:1) തെറ്റായ ഒരു ഗതിയെ ന്യായീകരിക്കുന്നതിൽനിന്നു നമ്മെ തടയാൻ മനസ്സാക്ഷിയുടെ സ്വരത്തിനു ചെവികൊടുക്കുന്നതിലൂടെ സാധിക്കും. കൂടാതെ, ബൈബിളിൽ ‘നമുക്ക്‌ മുന്നറിയിപ്പായി’ ഉതകുന്ന ദൃഷ്ടാന്തങ്ങളുണ്ട്‌. (1 കൊരി. 10:11) അതിൽനിന്നു പാഠം ഉൾക്കൊള്ളുന്നത്‌ തെറ്റായ ചുവടുവെക്കാതിരിക്കാൻ നമ്മെ സഹായിക്കും. അങ്ങനെയെങ്കിൽ നാം ഓരോരുത്തരും എന്താണു ചെയ്യേണ്ടത്‌?

ഉള്ളിൽ നാം ആരാണെന്ന്‌ മനസ്സിലാക്കാൻ പ്രാർഥന നമ്മെ സഹായിക്കും

ഹൃദയചായ്‌വുകൾ തിരിച്ചറിയാനുള്ള സഹായത്തിനായി പ്രാർഥിക്കുക.

“ഹൃദയത്തെ ശോധന” ചെയ്യുന്നവനാണ്‌ യഹോവ. (1 ദിന. 29:17) അവൻ “നമ്മുടെ ഹൃദയങ്ങളെക്കാൾ വലിയവനും സകലവും അറിയുന്ന”വനുമാണ്‌. (1 യോഹ. 3:20) ദൈവത്തെ വഞ്ചിക്കാനാവില്ല. നമ്മുടെ വികാരവിചാരങ്ങളും ആഗ്രഹങ്ങളും പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ പകരുന്നെങ്കിൽ ഹൃദയത്തിന്റെ ചായ്‌വുകൾ വിവേചിച്ചറിയാൻ അവൻ നമ്മെ സഹായിക്കും. നമ്മിൽ “നിർമ്മലമായോരു ഹൃദയം . . . സൃഷ്ടി”ക്കുന്നതിനുവേണ്ടി ദൈവത്തോട്‌ അപേക്ഷിക്കാൻപോലും നമുക്കു കഴിയും. (സങ്കീ. 51:10) അതുകൊണ്ട്‌ നമ്മുടെ ഹൃദയചായ്‌വുകൾ തിരിച്ചറിയാൻ സഹായിക്കുന്നതിൽ പ്രാർഥനയ്‌ക്കുള്ള പങ്ക്‌ അവഗണിക്കരുത്‌.

ഹൃദയചായ്‌വുകളെ വിവേചിച്ചറിയാൻ ക്രിസ്‌തീയയോഗങ്ങൾ നമ്മെ സഹായിക്കുന്നു

ക്രിസ്‌തീയയോഗങ്ങളിൽ ശ്രദ്ധിച്ചിരിക്കുക.

ക്രിസ്‌തീയയോഗങ്ങളിൽ അവതരിപ്പിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകേൾക്കുന്നത്‌ നമ്മുടെ ഉള്ളിലുള്ള വ്യക്തിയെ, അതായത്‌ നമ്മുടെ ഹൃദയത്തെ, സത്യസന്ധമായി വിലയിരുത്താൻ നമ്മെ സഹായിക്കും. എല്ലാ യോഗങ്ങളിലും നമുക്ക്‌ പുതിയ വിവരങ്ങൾ ലഭിക്കുകയില്ലായിരിക്കാമെങ്കിലും, ബൈബിൾതത്ത്വങ്ങളുടെ മെച്ചപ്പെട്ട ഗ്രാഹ്യവും ഹൃദയചായ്‌വുകൾ അപഗ്രഥിക്കാൻ സഹായിക്കുന്ന വിലപ്പെട്ട ഓർമിപ്പിക്കലുകളും അവയിലൂടെ നമുക്കു ലഭിക്കും. നമ്മുടെ ആന്തരികവ്യക്തിത്വത്തെ സ്‌ഫുടം ചെയ്യുന്നതിൽ സഹോദരങ്ങളുടെ അഭിപ്രായങ്ങൾക്കും വലിയ പങ്കുണ്ട്‌. (സദൃ. 27:17) യോഗങ്ങളിൽ പങ്കെടുത്തുകൊണ്ട്‌ ക്രമമായി ക്രിസ്‌തീയസഹവാസം ആസ്വദിക്കുന്നതിനു പകരം നമ്മെത്തന്നെ ഒറ്റപ്പെടുത്തുന്നെങ്കിൽ അത്‌ ദോഷം ചെയ്യും. ‘സ്വേച്ഛ അന്വേഷിക്കുന്നതിലേക്ക്‌’ അതു നമ്മെ നയിച്ചേക്കാം. (സദൃ. 18:1) അതുകൊണ്ട്‌, ‘എല്ലാ യോഗങ്ങളിലും സംബന്ധിച്ച്‌ പ്രയോജനം നേടുന്നത്‌ എന്റെ ശീലമാണോ?’ എന്ന്‌ സ്വയം ചോദിക്കുന്നത്‌ നന്നായിരിക്കും.—എബ്രാ. 10:24, 25.

ഹൃദയം നമ്മെ നയിക്കുന്നത്‌ എങ്ങോട്ട്‌?

നമ്മുടെ വഞ്ചകഹൃദയം ജീവിതത്തിന്റെ പല മേഖലകളിലും നമ്മെ വഴിതെറ്റിച്ചേക്കാം. ഇവയിൽ നാലെണ്ണം നമുക്കു പരിചിന്തിക്കാം. ഭൗതികാവശ്യങ്ങൾ നിറവേറ്റൽ, ലഹരിപാനീയങ്ങളുടെ ഉപയോഗം, സഹവാസം, വിനോദം എന്നിവയാണ്‌ അവ.

ഭൗതികാവശ്യങ്ങൾ നിറവേറ്റൽ.

ഭൗതികാവശ്യങ്ങൾ തൃപ്‌തിപ്പെടുത്താനുള്ള നമ്മുടെ ആഗ്രഹം സ്വാഭാവികമാണ്‌. എന്നിരുന്നാലും, ഭൗതികകാര്യങ്ങൾക്ക്‌ അമിതപ്രാധാന്യം കൊടുക്കുന്നത്‌ അപകടമാണ്‌. അത്‌ എടുത്തുകാണിക്കുന്ന, ധനികനായ ഒരു മനുഷ്യന്റെ മുന്നറിയിപ്പിൻദൃഷ്ടാന്തം യേശു പറയുകയുണ്ടായി. അയാളുടെ കളപ്പുരകൾ വിളവുകൊണ്ടു നിറഞ്ഞിരുന്നു. പുതിയ വിളവു ശേഖരിച്ചുവെക്കാൻ സ്ഥലമില്ലാതെ വന്നതിനാൽ കളപ്പുരകൾ പൊളിച്ച്‌ ഏറെ വലിയവ പണിയാൻ അയാൾ പദ്ധതിയിട്ടു. ഇതായിരുന്നു അയാളുടെ ചിന്ത: ‘എന്റെ ധാന്യവും എനിക്കുള്ളതൊക്കെയും അവിടെ സംഭരിച്ചുവെക്കും. എന്നിട്ട്‌ എന്നോടുതന്നെ, “അനേകം വർഷങ്ങളിലേക്കു വേണ്ടുന്ന അനവധി വസ്‌തുക്കൾ നീ സ്വരൂപിച്ചുവെച്ചിരിക്കുന്നു. ഇനി വിശ്രമിച്ചുകൊള്ളുക; തിന്നുക, കുടിക്കുക, ആനന്ദിക്കുക” എന്നു പറയും.’ എന്നാൽ ഒഴിവാക്കാനാകാത്ത ഒരു യാഥാർഥ്യം ധനികനായ ഈ മനുഷ്യൻ വിസ്‌മരിച്ചു: ആ രാത്രിയിൽത്തന്നെ തന്റെ ജീവൻ നഷ്ടമാകാം എന്ന സത്യം.—ലൂക്കോ. 12:16-20.

പ്രായം ചെല്ലവെ, വാർധക്യകാലം സാമ്പത്തികമായി ഭദ്രമാക്കുന്നതിനെക്കുറിച്ചുള്ള അമിത ഉത്‌കണ്‌ഠ നിമിത്തം, നാം യോഗങ്ങൾ മുടക്കിക്കൊണ്ട്‌ രാത്രി കൂടുതൽ സമയം ജോലിചെയ്യുന്നതിനെ ന്യായീകരിക്കാനോ ക്രിസ്‌തീയ ഉത്തരവാദിത്വങ്ങൾ അവഗണിക്കാനോ തുടങ്ങിയേക്കാം. അത്തരമൊരു ചായ്‌വിനെതിരെ നാം ജാഗ്രത പുലർത്തേണ്ടതല്ലേ? ഇനി യുവപ്രായക്കാരുടെ കാര്യമെടുക്കാം. മുഴുസമയശുശ്രൂഷയെക്കാൾ മികച്ച ഒരു ജീവിതഗതിയില്ലെന്ന്‌ അറിയാമെങ്കിലും ‘ആദ്യം സാമ്പത്തികഭദ്രത കൈവരിച്ചിട്ടാകാം എല്ലാം’ എന്ന്‌ ന്യായവാദം ചെയ്‌തുകൊണ്ട്‌ നാം പയനിയറിങ്‌ മാറ്റിവെച്ചിരിക്കുകയാണോ? ദൈവവിഷയമായി സമ്പന്നരാകാൻ ഇപ്പോൾത്തന്നെ നാം നമ്മുടെ പരമാവധി ചെയ്യേണ്ടതല്ലേ? നാളെ നാം ജീവനോടെ ഉണ്ടാകുമെന്ന്‌ ആർക്കറിയാം?

ലഹരിപാനീയങ്ങളുടെ ഉപയോഗം.

അമിതമായി ‘വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിൽ ഇരിക്കരുത്‌’ എന്ന്‌ സദൃശവാക്യങ്ങൾ 23:20 പറയുന്നു. ലഹരിപാനീയങ്ങളോട്‌ അദമ്യമായ ആഗ്രഹമുള്ള ഒരു വ്യക്തി അത്‌ സ്ഥിരമായി ഉപയോഗിക്കുന്നതിനെ ന്യായീകരിച്ചേക്കാം. കുടിച്ചുമത്തനാകാനല്ല മനസ്സൊന്നു തണുക്കാനാണ്‌ താൻ കുടിക്കുന്നതെന്നായിരിക്കാം അദ്ദേഹത്തിന്റെ ന്യായീകരണം. മനസ്സുതണുക്കാൻ മദ്യത്തിന്റെ സഹായം വേണ്ടിവരുന്നെങ്കിൽ ഹൃദയത്തിന്റെ ചായ്‌വുകളെ സത്യസന്ധമായി വിലയിരുത്താൻ സമയമായി എന്നതിന്റെ സൂചനയായിരിക്കാം അത്‌.

സഹവാസം.

അവിശ്വാസികളുമായുള്ളസമ്പർക്കം പാടേ ഒഴിവാക്കാൻ നമുക്കാവില്ല, വിശേഷിച്ചും സ്‌കൂളിലും ജോലിസ്ഥലത്തും ശുശ്രൂഷയിലും ഒക്കെ ആയിരിക്കുമ്പോൾ. എന്നാൽ അവരുമായി അടുത്തിടപഴകുകയോ ഒരു ഉറ്റസൗഹൃദം വളർത്തിയെടുക്കുകയോ ചെയ്യുന്നത്‌ നാം ഒഴിവാക്കണം. അവർക്ക്‌ ഒട്ടേറെ നല്ല ഗുണങ്ങളുണ്ടെന്നു പറഞ്ഞുകൊണ്ട്‌ അത്തരം സഹവാസത്തെ നാം ന്യായീകരിക്കുന്നുവോ? ബൈബിൾ മുന്നറിയിപ്പു നൽകുന്നു: “വഴിതെറ്റിക്കപ്പെടരുത്‌. ദുഷിച്ച സംസർഗം സദ്‌ശീലങ്ങളെ കെടുത്തിക്കളയുന്നു.” (1 കൊരി. 15:33) അൽപ്പം മലിനജലം കലരുമ്പോൾ ശുദ്ധജലം മലീമസമാകുംപോലെ ദൈവഭയം ഇല്ലാത്തവരുമായുള്ള സൗഹൃദം നമ്മുടെ ആത്മീയതയെ മലീമസമാക്കും. അങ്ങനെ നാം ചിന്താഗതി, വസ്‌ത്രധാരണം, സംസാരം, നടത്ത എന്നിവയിലൊക്കെ ലോകത്തെ അനുകരിക്കാൻ തുടങ്ങും.

വിനോദം.

നൂതനസാങ്കേതികവിദ്യഎല്ലാത്തരം വിനോദങ്ങളും നമ്മുടെ വിരൽത്തുമ്പിലെത്തിക്കുന്നു. എന്നാൽ അതിൽ മിക്കതും ഒരു ക്രിസ്‌ത്യാനിക്ക്‌ യോജിക്കാത്തവയാണ്‌. ‘ഏതെങ്കിലും അശുദ്ധിയെക്കുറിച്ചുള്ള സംസാരംപോലും നിങ്ങളുടെ ഇടയിൽ ഉണ്ടാകരുത്‌’ എന്ന്‌ പൗലോസ്‌ എഴുതി. (എഫെ. 5:3) നമ്മുടെ ഹൃദയത്തിന്‌, അശുദ്ധമായ എന്തെങ്കിലും കാണാനോ കേൾക്കാനോ ചായ്‌വു തോന്നുന്നെങ്കിലോ? അൽപ്പം വിനോദവും വിശ്രമവും ആവശ്യമില്ലാത്തവരായി ആരാണുള്ളതെന്നും ഏതു വിനോദം തിരഞ്ഞെടുക്കണമെന്നത്‌ വ്യക്തിപരമായ കാര്യമാണെന്നും നാം ന്യായവാദം ചെയ്‌തേക്കാം. എന്നാൽ നമുക്ക്‌ പൗലോസിന്റെ ബുദ്ധിയുപദേശം മനസ്സിൽപ്പിടിച്ചുകൊണ്ട്‌ അശുദ്ധമായതൊന്നും കാണുകയോ കേൾക്കുകയോ ചെയ്യാതിരിക്കാം.

മാറ്റങ്ങൾ വരുത്താൻ നമുക്കാകും

വഞ്ചകഹൃദയത്തിന്റെ ചായ്‌വുകൾക്ക്‌ നിങ്ങൾ വശംവദരായിരിക്കുന്നുവോ? തെറ്റായ പെരുമാറ്റത്തെ ന്യായീകരിക്കുന്നത്‌ നിങ്ങളുടെ ഒരു ശീലമായിരിക്കുന്നുവോ? മാറ്റങ്ങൾ വരുത്താനാകും. (എഫെ. 4:22-24) രണ്ട്‌ ആധുനികകാല അനുഭവങ്ങൾ കാണുക.

മിഗെലിന്‌ a ഭൗതികവസ്‌തുക്കൾ സംബന്ധിച്ച തന്റെ ചിന്താഗതി പൊരുത്തപ്പെടുത്തേണ്ടിവന്നു. അദ്ദേഹം പറയുന്നു: “ഏറ്റവും നൂതനവും ഉത്തമവും ആയ സാങ്കേതികോപകരണങ്ങളും സുഖസൗകര്യങ്ങളും സ്വന്തമാക്കുന്നതിന്‌ വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു രാജ്യത്തുനിന്നുള്ളവരാണ്‌ ഞാനും ഭാര്യയും മകനും. ഒരു ഘട്ടത്തിൽ, ലോകം സമ്മാനിക്കുന്നത്‌ എന്തും വാങ്ങിക്കൂട്ടാൻ ഞാൻ ശ്രമിച്ചു. ഭൗതികത്വചിന്താഗതി എന്നെ ബാധിക്കില്ലെന്നായിരുന്നു എന്റെ ചിന്ത. എന്നാൽ ഭൗതികവസ്‌തുക്കളുടെ പിന്നാലെയുള്ള പോക്കിന്‌ യാതൊരു അന്തവുമില്ലെന്ന്‌ പെട്ടെന്നുതന്നെ ഞാൻ തിരിച്ചറിഞ്ഞു. എന്റെ വീക്ഷണങ്ങളും ഹൃദയചായ്‌വുകളും മാറ്റാൻ സഹായിക്കണമേ എന്ന്‌ ഞാൻ പ്രാർഥനയിൽ യഹോവയോട്‌ അപേക്ഷിച്ചു. ഒരു കുടുംബമെന്ന നിലയിൽ മുഴുഹൃദയാ യഹോവയെ സേവിക്കാനുള്ള ഞങ്ങളുടെ ആഗ്രഹം ഞാൻ അവനെ അറിയിച്ചു. ജീവിതം ലളിതമാക്കാനും ആവശ്യമധികമുള്ളിടത്തേക്ക്‌ മാറാനും ഞങ്ങൾ തീരുമാനിച്ചു. ഏറെ താമസിയാതെ പയനിയറിങ്ങ്‌ തുടങ്ങാൻ ഞങ്ങൾക്കായി. സംതൃപ്‌തവും ധന്യവും ആയ ഒരു ജീവിതം നയിക്കാൻ ഭൗതികമായി അധികമൊന്നും ആവശ്യമില്ലെന്ന്‌ ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.”

സത്യസന്ധമായ ആത്മപരിശോധന മോശമായ സഹവാസം ഉപേക്ഷിക്കാൻ സഹായിച്ചത്‌ എങ്ങനെയെന്ന്‌ കാണിക്കുന്നതാണ്‌ ലീയുടെ അനുഭവം. ലീ പറയുന്നു: “ബിസിനെസിന്റെ ഭാഗമായി വിദേശ ഇടപാടുകാരുമായുള്ള കൂടിക്കാഴ്‌ച പതിവായിരുന്നു. അത്തരം സാഹചര്യങ്ങളിൽ മദ്യം അമിതമായി ഉപയോഗിക്കപ്പെടുമെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. പക്ഷേ ആ കൂടിവരവുകൾ ഞാൻ ആസ്വദിച്ചിരുന്നു. പലപ്പോഴും എന്റെ മദ്യത്തിന്റെ ഉപയോഗം അൽപ്പം കൂടിപ്പോയിട്ടുമുണ്ട്‌, എന്നാൽ പിന്നീട്‌ എനിക്ക്‌ ഖേദം തോന്നുമായിരുന്നു. ഹൃദയത്തെ എനിക്ക്‌ സത്യസന്ധമായി ശോധന ചെയ്യേണ്ടിവന്നു. ഞാൻ യഥാർഥത്തിൽ തേടുന്നത്‌ യഹോവയെ സ്‌നേഹിക്കാത്ത ആളുകളുമായുള്ള സഹവാസമാണെന്ന്‌ മനസ്സിലാക്കാൻ ദൈവവചനത്തിൽനിന്നുള്ള ബുദ്ധിയുപദേശവും മൂപ്പന്മാരിൽനിന്നുള്ള നിർദേശങ്ങളും സഹായിച്ചു. ഇപ്പോൾ ഞാൻ ബിസിനെസ്‌ നടത്തുന്നത്‌ കഴിയുന്നതും ഫോണിലൂടെയാണ്‌. അങ്ങനെ, ഇടപാടുകാരുമായുള്ള കൂടിക്കാഴ്‌ചകൾ പരമാവധി കുറച്ചിരിക്കുന്നു.”

നാം നമ്മോടുതന്നെ സത്യസന്ധരായിരിക്കുകയും ഹൃദയചായ്‌വുകളെ തിരിച്ചറിയുകയും വേണം. അങ്ങനെ ചെയ്യവെ, യഹോവ “ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നു” എന്ന കാര്യം മനസ്സിൽപ്പിടിച്ചുകൊണ്ട്‌ പ്രാർഥനയിൽ അവന്റെ സഹായം തേടേണ്ടതുണ്ട്‌. (സങ്കീ. 44:21) ദൈവം തന്റെ വചനവും നമുക്കായി നൽകിയിരിക്കുന്നു; കുറവുകൾ പരിഹരിക്കാൻ സഹായിക്കുന്ന ഒരു കണ്ണാടിപോലെയാണ്‌ അത്‌. (യാക്കോ. 1:22-25) കൂടാതെ ക്രിസ്‌തീയപ്രസിദ്ധീകരണങ്ങളിലൂടെയും യോഗങ്ങളിലൂടെയും നമുക്കു ലഭിക്കുന്ന ഓർമിപ്പിക്കലുകളും ബുദ്ധിയുപദേശവും വിലപ്പെട്ടതാണ്‌. ഇത്തരം കരുതലുകൾ ഉപയോഗപ്പെടുത്തുന്നതു വഴി നമുക്ക്‌ ഹൃദയത്തെ കാക്കാനും നീതിപാതകളിൽ നടക്കുന്നതിൽ തുടരാനും കഴിയും.

a പേരുകൾ മാറ്റിയിരിക്കുന്നു.