വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയെ “അറിവാൻ തക്കഹൃദയം” നിങ്ങൾക്കുണ്ടോ?

യഹോവയെ “അറിവാൻ തക്കഹൃദയം” നിങ്ങൾക്കുണ്ടോ?

‘ഞാൻ യഹോവ എന്ന്‌ എന്നെ അറിവാൻ തക്കഹൃദയം ഞാൻ അവർക്കു കൊടുക്കും; അവർ എനിക്കു ജനമായിരിക്കും.’—യിരെ. 24:7.

1, 2. ചിലർക്ക്‌ അത്തിപ്പഴം ഇഷ്ടമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

 നിങ്ങൾ അത്തിപ്പഴം കഴിച്ചിട്ടുണ്ടോ? ബൈബിൾക്കാലങ്ങളിൽ ഇസ്രായേല്യർക്ക്‌ അത്‌ ഏറെ ഇഷ്ടമായിരുന്നു. (നഹൂം 3:12; ലൂക്കോ. 13:6-9) അത്തിപ്പഴത്തിൽ നാര്‌, ധാതുക്കൾ, ആന്റിഓക്‌സീകാരികൾ (antioxidants) മുതലായവ അടങ്ങിയിരിക്കുന്നു. അതുകൊണ്ട്‌ ഹൃദയത്തിന്‌ അതു വളരെ നല്ലതാണെന്ന്‌ ചിലർ പറയാറുണ്ട്‌.

2 യഹോവ ഒരിക്കൽ അത്തിപ്പഴത്തെ ഹൃദയവുമായി ബന്ധപ്പെടുത്തി പറയുകയുണ്ടായി. അത്തിപ്പഴത്തിന്റെ പോഷകഗുണങ്ങളെക്കുറിച്ചായിരുന്നില്ല ദൈവം പറഞ്ഞത്‌. അവൻ ഒരു ആലങ്കാരികയർഥത്തിൽ സംസാരിക്കുകയായിരുന്നു. യിരെമ്യാപ്രവാചകനിലൂടെ അവൻ പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ഹൃദയത്തിനു ബാധകമാണ്‌. അവന്റെ വാക്കുകൾ നമുക്ക്‌ ഒന്നു വിശകലനം ചെയ്യാം. അതിൽനിന്ന്‌ ക്രിസ്‌ത്യാനികളായ നമുക്ക്‌ ഇന്ന്‌ എന്തു പഠിക്കാനാകും എന്നു ചിന്തിക്കുക.

3. യിരെമ്യാവു 24-ാം അധ്യായത്തിൽപ്പറഞ്ഞിരിക്കുന്ന അത്തിപ്പഴങ്ങൾ എന്തിനെ ചിത്രീകരിക്കുന്നു?

3 യിരെമ്യാവിന്റെ നാളിൽ ദൈവം അത്തിപ്പഴത്തെക്കുറിച്ചു പറഞ്ഞതെന്താണെന്ന്‌ നമുക്ക്‌ ആദ്യം നോക്കാം. ബി.സി. 617-ൽ യെഹൂദജനത ആത്മീയമായി വളരെ മോശമായ ഒരു അവസ്ഥയിലായിരുന്നു. ഭാവിയിൽ അവർക്കു സംഭവിക്കാനിരുന്നതിനെക്കുറിച്ച്‌ ദൈവം ഒരു ദർശനം നൽകി. അതിൽ അവരെ “എത്രയും നല്ല”തും “എത്രയും ആകാത്തതും” ആയ രണ്ടുതരം അത്തിപ്പഴങ്ങളായി അവൻ ചിത്രീകരിച്ചു. (യിരെമ്യാവു 24:1-3 വായിക്കുക.) നെബൂഖദ്‌നേസറിന്റെയും സൈന്യത്തിന്റെയും പ്രഹരമേൽക്കേണ്ടിവന്ന സിദെക്കീയാരാജാവിനെയും അവനെപ്പോലുള്ള മറ്റുള്ളവരെയും ആണ്‌ “ആകാത്ത” അത്തിപ്പഴങ്ങൾ ചിത്രീകരിച്ചത്‌. അതേസമയം “നല്ല” അത്തിപ്പഴങ്ങൾ ചിത്രീകരിച്ചത്‌, അപ്പോൾത്തന്നെ ബാബിലോണിലായിരുന്ന യെഹെസ്‌കേൽ, ദാനിയേൽ, ദാനിയേലിന്റെ മൂന്നു കൂട്ടുകാർ എന്നിവരെയും തുടർന്ന്‌ ബാബിലോണിൽ പ്രവാസികളായി പോകേണ്ടിവരുമായിരുന്ന മറ്റു ചിലരെയുമാണ്‌. അവരുടെ ഒരു ശേഷിപ്പ്‌ തിരിച്ചുവരുകയും യെരുശലേമും ആലയവും പുനർനിർമിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ സംഭവിക്കുകയും ചെയ്‌തു.—യിരെ. 24:8-10; 25:11, 12; 29:10.

4. നല്ല അത്തിപ്പഴങ്ങളെക്കുറിച്ചു ദൈവം പറഞ്ഞതിൽനിന്ന്‌ നമുക്ക്‌ എന്തു പ്രോത്സാഹനം ഉൾക്കൊള്ളാം?

4 നല്ല അത്തിപ്പഴത്താൽ ചിത്രീകരിക്കപ്പെട്ടവരെക്കുറിച്ച്‌ യഹോവ ഇങ്ങനെ പറഞ്ഞു: ‘ഞാൻ യഹോവ എന്ന്‌ എന്നെ അറിവാൻ തക്കഹൃദയം ഞാൻ അവർക്കു കൊടുക്കും; അവർ എനിക്കു ജനമായിരിക്കും.’ (യിരെ. 24:7) ഈ ലേഖനത്തിന്റെ ആധാരവാക്യമായി തിരഞ്ഞെടുത്തിരിക്കുന്ന ഈ വാക്കുകൾ എത്ര പ്രോത്സാഹജനകമാണ്‌! തന്നെ “അറിവാൻ തക്കഹൃദയം” വ്യക്തികൾക്ക്‌ നൽകാൻ ദൈവം മനസ്സൊരുക്കമുള്ളവനാണ്‌. ഇവിടെ “ഹൃദയം” ഒരുവന്റെ മനഃസ്ഥിതിയെ കുറിക്കുന്നു. അങ്ങനെയൊരു ഹൃദയം ഉണ്ടായിരിക്കാനും ദൈവജനത്തിന്റെ ഭാഗമായിരിക്കാനും നിങ്ങൾ ആഗ്രഹിക്കുമെന്നുറപ്പാണ്‌. അതിലേക്കുള്ള പടികളിൽ ഉൾപ്പെടുന്നവയാണ്‌ ദൈവവചനം പഠിച്ചു ബാധകമാക്കുക, മാനസാന്തരപ്പെട്ടു തിരിഞ്ഞുവരുക, ദൈവത്തിനു ജീവിതം സമർപ്പിക്കുക, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനമേൽക്കുക എന്നിവ. (മത്താ. 28:19, 20; പ്രവൃ. 3:19) ഈ പടികൾ നിങ്ങൾ ഇപ്പോൾത്തന്നെ സ്വീകരിച്ചിട്ടുണ്ടാകാം; അല്ലെങ്കിൽ നിങ്ങൾ യഹോവയുടെ സാക്ഷികളോടൊത്ത്‌ ക്രമമായി സഹവസിക്കുകയും അതിലേക്കു പുരോഗമിക്കുകയും ചെയ്യുകയായിരിക്കാം.

5. ആരുടെ ഹൃദയത്തെക്കുറിച്ചാണ്‌ യിരെമ്യാവ്‌ മുഖ്യമായും എഴുതിയത്‌?

5 നാം മേൽപ്പറഞ്ഞ എല്ലാ പടികളും സ്വീകരിച്ചവരാണെങ്കിലും അല്ലെങ്കിലും തുടർന്നും നമ്മുടെ മനോഭാവത്തിനും പെരുമാറ്റത്തിനും ശ്രദ്ധനൽകേണ്ടതുണ്ട്‌. അത്‌ എന്തുകൊണ്ടാണെന്ന്‌ ഹൃദയത്തെക്കുറിച്ച്‌ യിരെമ്യാവ്‌ തുടർന്നുപറഞ്ഞ കാര്യങ്ങളിൽനിന്നു മനസ്സിലാക്കാനാകും. യിരെമ്യാവിന്റെ പുസ്‌തകത്തിലെ ചില അധ്യായങ്ങൾ യെഹൂദയ്‌ക്കു ചുറ്റുമുണ്ടായിരുന്ന ജനതകളെക്കുറിച്ചുള്ളതായിരുന്നെങ്കിലും ആ പുസ്‌തകം മുഖ്യമായും ശ്രദ്ധകേന്ദ്രീകരിച്ചത്‌ യെഹൂദയിലായിരുന്നു. അവിടം ഭരിച്ച രാജാക്കന്മാരിൽ അഞ്ചുപേരുടെ ഭരണകാലമാണ്‌ പശ്ചാത്തലം. (യിരെ. 1:15, 16) യിരെമ്യാവ്‌ എഴുതിയത്‌ പ്രധാനമായും യഹോവയുടെ സമർപ്പിതജനത്തിലെ പുരുഷന്മാരെയും സ്‌ത്രീകളെയും കുട്ടികളെയും കുറിച്ചാണ്‌. അവരുടെ പൂർവപിതാക്കന്മാർ അത്തരമൊരു ജനമായിരിക്കാൻ സ്വമനസ്സാലേ തീരുമാനിച്ചതാണ്‌. (പുറ. 19:3-8) തങ്ങൾ ദൈവത്തിനു സമർപ്പിതരാണെന്ന്‌ യിരെമ്യാവിന്റെ നാളിൽ ജനം ആവർത്തിക്കുകയും ചെയ്‌തു. അവർ യഹോവയോടു പറഞ്ഞു: “ഇതാ, ഞങ്ങൾ നിന്റെ അടുക്കൽവരുന്നു; നീ ഞങ്ങളുടെ ദൈവമായ യഹോവയല്ലോ.” (യിരെ. 3:22) എന്നാൽ അവരുടെ ഹൃദയത്തിന്റെ അവസ്ഥ എന്തായിരുന്നെന്നാണ്‌ നിങ്ങൾ കരുതുന്നത്‌?

ഒരു ‘ഹൃദയശസ്‌ത്രക്രിയ’ വേണ്ടതുണ്ടായിരുന്നോ?

6. ദൈവം ഹൃദയത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നാം പ്രത്യേകാൽ താത്‌പര്യമെടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

6 ഇന്ന്‌ ഡോക്‌ടർമാർക്ക്‌ നൂതനോപാധികൾ ഉപയോഗിച്ച്‌ ഹൃദയത്തിന്റെ അവസ്ഥയും അതിന്റെ പ്രവർത്തനവും മനസ്സിലാക്കാനാകും. എന്നാൽ യഹോവയ്‌ക്ക്‌ അതിലുമേറെ ചെയ്യാനാകും, യിരെമ്യാവിന്റെ കാലത്ത്‌ അവൻ ചെയ്‌തതുപോലെ. ഇക്കാര്യത്തിൽ അവന്റെ കഴിവിനോടു കിടപിടിക്കാൻ ആർക്കുമാവില്ല. പിൻവരുന്ന വാക്കുകളിൽനിന്ന്‌ അതു മനസ്സിലാക്കാം: “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ? യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്‌ത്‌ . . . ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.” (യിരെ. 17:9, 10) ‘ഹൃദയത്തെ ശോധനചെയ്യുക’ എന്നു പറഞ്ഞാൽ, 70-ഓ 80-ഓ വർഷംകൊണ്ട്‌ 300 കോടിയോളം തവണ മിടിക്കുന്ന അക്ഷരീയഹൃദയത്തിന്റെ പരിശോധനയെയല്ല അർഥമാക്കുന്നത്‌. മറിച്ച്‌ യഹോവ ആലങ്കാരികഹൃദയത്തെക്കുറിച്ചാണ്‌ പറയുന്നത്‌. ഒരു വ്യക്തിയുടെ ആഗ്രഹങ്ങൾ, മനോനിരൂപണങ്ങൾ, മനഃസ്ഥിതി, ചിന്താഗതി, ലക്ഷ്യങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന മുഴു ആന്തരികവ്യക്തിയെയുമാണ്‌ “ഹൃദയം” എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അത്തരമൊരു ഹൃദയം നിങ്ങൾക്കുമുണ്ട്‌. ദൈവത്തിന്‌ അതു പരിശോധിക്കാനാകും. ഒരു പരിധിവരെ നിങ്ങൾക്കും അതിനാകും.

7. തന്റെ നാളിലെ മിക്ക യഹൂദരുടെയും ഹൃദയത്തെ യിരെമ്യാവ്‌ വർണിച്ചത്‌ എങ്ങനെ?

7 ഈ പരിശോധനയ്‌ക്കായി തയ്യാറെടുക്കുന്നതിന്റെ ഭാഗമായി നമുക്ക്‌ ഇങ്ങനെ ചോദിക്കാവുന്നതാണ്‌: ‘യിരെമ്യാവിന്റെ നാളിലെ മിക്ക യഹൂദരുടെയും ആലങ്കാരികഹൃദയത്തിന്റെ അവസ്ഥ എന്തായിരുന്നു?’ ഉത്തരത്തിനായി യിരെമ്യാവ്‌ ഉപയോഗിച്ച ഒരു അസാധാരണ പദപ്രയോഗം ശ്രദ്ധിക്കുക: “യിസ്രായേൽഗൃഹം ഒക്കെയും ഹൃദയത്തിൽ അഗ്രചർമ്മികളാകുന്നു.” യഹൂദപുരുഷന്മാരെല്ലാം ഏൽക്കേണ്ടിയിരുന്ന പരിച്ഛേദനയെക്കുറിച്ചല്ല അവൻ പറഞ്ഞത്‌. “അഗ്രചർമ്മത്തോടുകൂടിയ സകല പരിച്ഛേദനക്കാരെയും ഞാൻ ശിക്ഷിപ്പാനുള്ള കാലം വരുന്നു . . . എന്നു യഹോവയുടെ അരുളപ്പാട്‌” എന്ന വാക്കുകളിൽനിന്ന്‌ അതു മനസ്സിലാക്കാം. അതെ, പരിച്ഛേദനയേറ്റ യഹൂദന്മാർപോലും ‘ഹൃദയത്തിൽ അഗ്രചർമ്മികളായിരുന്നു.’ (യിരെ. 9:25, 26) എന്താണ്‌ ഈ പറഞ്ഞിരിക്കുന്നതിന്റെ അർഥം?

8, 9. ഹൃദയത്തോടുള്ള ബന്ധത്തിൽ മിക്ക യഹൂദരും എന്തു ചെയ്യണമായിരുന്നു?

8 യഹൂദന്മാർ “ഹൃദയത്തിൽ അഗ്രചർമ്മികളാകുന്നു” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം മനസ്സിലാക്കാൻ ദൈവം അവരോട്‌ ആവശ്യപ്പെട്ടത്‌ എന്താണെന്നു നോക്കിയാൽ മതിയാകും: “യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്‌പ്രവൃത്തികൾനിമിത്തം എന്റെ കോപം . . . കത്താതിരിക്കേണ്ടതിന്നു നിങ്ങളെത്തന്നേ യഹോവെക്കായി പരിച്ഛേദന ചെയ്‌തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം നീക്കിക്കളവിൻ.” അവരുടെ ദുഷ്‌പ്രവൃത്തികളുടെ പ്രഭവകേന്ദ്രം എവിടെയായിരുന്നു? അവരുടെ ഉള്ളിൽനിന്ന്‌, ഹൃദയത്തിൽനിന്നാണ്‌ അത്‌ ഉത്ഭവിച്ചത്‌. (മർക്കോസ്‌ 7:20-23 വായിക്കുക.) അതെ, ദൈവം കൃത്യമായ രോഗനിർണയം നടത്തി; യഹൂദന്മാരുടെ ദുഷ്‌ചെയ്‌തികളുടെ ഉറവിടം അവൻ യിരെമ്യാവിലൂടെ വെളിപ്പെടുത്തി. ദുശ്ശാഠ്യവും മത്സരവും നിറഞ്ഞതായിരുന്നു അവരുടെ ഹൃദയം. അവരുടെ വിചാരങ്ങളും ഹൃദയചോദനകളും യഹോവയ്‌ക്ക്‌ അപ്രിയമായിരുന്നു. (യിരെമ്യാവു 5:23, 24; 7:24-26 വായിക്കുക.) ദൈവം അവരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളെത്തന്നേ യഹോവെക്കായി പരിച്ഛേദന ചെയ്‌തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം നീക്കിക്കളവിൻ.”—യിരെ. 4:4; 18:11, 12.

9 അതുകൊണ്ട്‌, യിരെമ്യാവിന്റെ നാളിലെ യഹൂദന്മാർക്ക്‌ ഒരു ‘ഹൃദയശസ്‌ത്രക്രിയയുടെ’ ആവശ്യമുണ്ടായിരുന്നു. മോശയുടെ നാളിലെ യഹൂദന്മാരുടെ കാര്യത്തിലെന്നപോലെ ഇവർക്കും ഒരു ‘ഹൃദയപരിച്ഛേദന’ അനിവാര്യമായിരുന്നു. (ആവ. 10:16; 30:6) ‘ഹൃദയത്തിന്റെ അഗ്രചർമ്മം നീക്കിക്കളയുക’ എന്നു പറഞ്ഞാൽ, ഹൃദയത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെടുത്തിയിരുന്ന സംഗതികൾ നീക്കിക്കളയുക എന്നായിരുന്നു അർഥം. അതായത്‌, ദൈവത്തിന്റേതിൽനിന്നു വ്യത്യസ്‌തമായിരുന്ന അവരുടെ ചിന്താഗതികളും മോഹങ്ങളും ഉൾപ്രേരണകളും അവർ നീക്കംചെയ്യണമായിരുന്നു.—പ്രവൃ. 7:51.

അവനെ “അറിവാൻ തക്കഹൃദയം” ഉള്ളവരായിരിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

10. ദാവീദിനെപ്പോലെ നാമും എന്തു ചെയ്യണം?

10 നമ്മുടെ ആലങ്കാരികഹൃദയം സംബന്ധിച്ച്‌ ഉൾക്കാഴ്‌ച നൽകിയിരിക്കുന്നതിൽ നാം ദൈവത്തോട്‌ എത്ര നന്ദിയുള്ളവരായിരിക്കണം! എന്നാൽ ‘ഇന്ന്‌ യഹോവയുടെ സാക്ഷികൾ അതേക്കുറിച്ച്‌ ചിന്താകുലരാകേണ്ടതുണ്ടോ’ എന്നു ചിലർക്കു തോന്നിയേക്കാം. ഇന്നു സഭയിലുള്ള ക്രിസ്‌ത്യാനികളിൽ മിക്കവരുംതന്നെ ആ യഹൂദന്മാരിൽ പലരെയുംപോലെ നീതികേടിൽ ചരിക്കുകയോ ‘ആകാത്ത അത്തിപ്പഴം’ പോലെ ആയിത്തീരുകയോ ചെയ്യുന്നില്ല. യഹോവയുടെ ദാസന്മാർ ഇന്ന്‌ അർപ്പിതരായ ഒരു ശുദ്ധജനമാണ്‌. എന്നിരുന്നാലും ദാവീദ്‌ യഹോവയോടു നടത്തിയ യാചന ഈ സന്ദർഭത്തിൽ ഓർക്കുന്നതു നല്ലതാണ്‌: ‘ദൈവമേ, എന്നെ ശോധന ചെയ്‌തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കേണമേ.’—സങ്കീ. 17:3; 139:23, 24.

11, 12. (എ) നാം ഓരോരുത്തരും സ്വന്തം ഹൃദയം പരിശോധിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) ദൈവം ചെയ്യുകയില്ലാത്ത സംഗതി എന്താണ്‌?

11 നാം ഓരോരുത്തരും ദൈവമുമ്പാകെ ഒരു അംഗീകൃതനിലയിലേക്കു വരാനും അതിൽ തുടരാനും ദൈവം ആഗ്രഹിക്കുന്നു. യഹോവ ‘നീതിമാനെ ശോധനചെയ്‌ത്‌, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നു’ എന്ന്‌ യിരെമ്യാവ്‌ എഴുതി. (യിരെ. 20:12) സർവശക്തൻ നീതിമാനായ ഒരുവന്റെ ഹൃദയത്തെപ്പോലും ശോധനചെയ്യുന്നെങ്കിൽ നാം സ്വന്തം ഹൃദയത്തെ സത്യസന്ധമായി വിലയിരുത്തേണ്ടത്‌ എത്ര പ്രധാനമാണ്‌! (സങ്കീർത്തനം 11:5 വായിക്കുക.) അങ്ങനെ ചെയ്യവെ മാറ്റംവരുത്തേണ്ടതായുള്ള ഒരു മനോഭാവമോ ലക്ഷ്യമോ ഉള്ളിന്റെയുള്ളിലെ ഒരു ചായ്‌വോ നാം തിരിച്ചറിഞ്ഞേക്കാം. നമ്മുടെ ഹൃദയത്തിന്റെ സംവേദകത്വം കുറച്ചുകളയുന്ന എന്തോ ഒന്ന്‌ അഥവാ നാം നീക്കിക്കളയേണ്ട, “ഹൃദയത്തിന്റെ അഗ്രചർമ്മം” നാം കണ്ടെത്തിയേക്കാം. അതു നീക്കിക്കളയുന്ന പ്രക്രിയയാണ്‌ ആലങ്കാരികഹൃദയശസ്‌ത്രക്രിയ. നിങ്ങളുടെ ആലങ്കാരികഹൃദയം പരിശോധിക്കുന്നത്‌ നല്ലതാണ്‌ എന്നതിനോട്‌ നിങ്ങൾ യോജിക്കുന്നെങ്കിൽ ഏതൊക്കെ കാര്യങ്ങളാണ്‌ പരിശോധിക്കേണ്ടത്‌? ആവശ്യമായ മാറ്റങ്ങൾ വരുത്താൻ എങ്ങനെ കഴിയും?—യിരെ. 4:4.

12 ഒരു കാര്യം മനസ്സിൽപ്പിടിക്കുക: മാറ്റം വരുത്താനായി യഹോവ നമ്മെ നിർബന്ധിക്കുമെന്ന്‌ ഒരിക്കലും കരുതരുത്‌. ‘നല്ല അത്തിപ്പഴങ്ങൾക്ക്‌’ തന്നെ ‘അറിവാൻ തക്കഹൃദയം കൊടുക്കും’ എന്ന്‌ അവൻ പറഞ്ഞു. എന്നാൽ, ഹൃദയത്തിൽ മാറ്റംവരുത്താൻ താൻ നിർബന്ധം ചെലുത്തുമെന്ന്‌ അവൻ പറഞ്ഞില്ല. ദൈവത്തെ അറിയുന്നുവെന്ന വസ്‌തുതയുടെ തെളിവായ സംവേദകത്വമുള്ള ഒരു ഹൃദയം ഉണ്ടായിരിക്കാൻ അവർ ആഗ്രഹിക്കേണ്ടിയിരുന്നു. നാമും അങ്ങനെ ആഗ്രഹിക്കേണ്ടതല്ലേ?

ഹൃദയം പരിശോധിക്കുന്നതും അനുചിതമായ അഭിലാഷങ്ങൾ നീക്കംചെയ്യുന്നതും അനുഗ്രഹങ്ങളിലേക്കു നയിക്കും

13, 14. ഒരു ക്രിസ്‌ത്യാനിക്ക്‌ അയാളുടെ ഹൃദയം എങ്ങനെ ദോഷം ചെയ്‌തേക്കാം?

13 യേശു പറഞ്ഞു: “ഹൃദയത്തിൽനിന്നു പുറപ്പെടുന്നതോ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവതന്നെ.” (മത്താ. 15:19) സംവേദനക്ഷമമല്ലാത്ത ഹൃദയം ഒരു സഹോദരനെ വ്യഭിചാരമോ പരസംഗമോ ചെയ്യുന്നതിലേക്കു നയിച്ചേക്കാം. തുടർന്ന്‌ അദ്ദേഹം മാനസാന്തരപ്പെടാതിരിക്കുന്നെങ്കിൽ അദ്ദേഹത്തിന്‌ ദൈവപ്രീതി എന്നേക്കുമായി നഷ്ടപ്പെടാം. എന്നാൽ അത്തരമൊരു പാപം ചെയ്‌തിട്ടില്ലെങ്കിലും ഒരു വ്യക്തി തന്റെ ഹൃദയത്തിൽ അനുചിതമോഹങ്ങൾ വളരാൻ അനുവദിക്കുന്നുണ്ടായിരിക്കാം. (മത്തായി 5:27, 28 വായിക്കുക.) ഇവിടെയാണ്‌ വ്യക്തിപരമായ ഹൃദയപരിശോധനയുടെ പ്രസക്തി. അത്തരമൊരു സമഗ്രപരിശോധനയിൽ, ദൈവം വെച്ചുപൊറുപ്പിക്കുകയില്ലാത്തതും പാടേ നീക്കംചെയ്യേണ്ടതുമായ രഹസ്യമോഹങ്ങൾ, അതായത്‌ വിപരീതലിംഗവർഗത്തിൽപ്പെട്ട ആരോടെങ്കിലുമുള്ള അനുചിതവികാരങ്ങൾ സ്വന്തം ഹൃദയത്തിൽ നിങ്ങൾ കണ്ടെത്തുമോ?

14 ഇനി, യഥാർഥത്തിൽ ‘കൊലപാതകമൊന്നും’ ചെയ്‌തിട്ടില്ലാത്ത ഒരു സഹോദരൻ പക്ഷേ സഹവിശ്വാസിയെ ദ്വേഷിക്കുന്ന അളവോളം തന്റെ ഹൃദയത്തിൽ പക വളർന്നുവരാൻ അനുവദിച്ചേക്കാം. (ലേവ്യ. 19:17) തന്റെ ഹൃദയത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെടുത്തിയേക്കാവുന്ന അത്തരം നീചവികാരങ്ങൾ നീക്കംചെയ്യാൻ ആ വ്യക്തി ആത്മാർഥമായി ശ്രമിക്കുമോ?—മത്താ. 5:21, 22.

15, 16. (എ) ഒരു ക്രിസ്‌ത്യാനി ‘ഹൃദയത്തിൽ അഗ്രചർമ്മമുള്ളവനായിരുന്നേക്കാവുന്നത്‌’ എങ്ങനെയെന്ന്‌ ഉദാഹരിക്കുക. (ബി) ‘ഹൃദയത്തിന്റെ അഗ്രചർമ്മം’ യഹോവയ്‌ക്ക്‌ അപ്രിയമായിരിക്കുന്നത്‌ എന്തുകൊണ്ടാണെന്നാണ്‌ നിങ്ങൾ കരുതുന്നത്‌?

15 സന്തോഷകരമെന്നു പറയട്ടെ ക്രിസ്‌ത്യാനികളിൽ മിക്കവർക്കും അത്തരമൊരു ‘ഹൃദ്രോഗം’ ഇല്ല. എന്നിരുന്നാലും യേശു “ദുശ്ചിന്ത”യെ അഥവാ ദുഷിച്ചന്യായവാദങ്ങളെ കുറിച്ചു പറയുകയുണ്ടായി. എന്താണത്‌? ജീവിതത്തിന്റെ വ്യത്യസ്‌തമണ്ഡലങ്ങളെ കളങ്കിതമാക്കിയേക്കാവുന്ന വികലവീക്ഷണങ്ങളും മനോഭാവങ്ങളുമാണ്‌ അത്‌. ഉദാഹരണത്തിന്‌, ഒരു വ്യക്തി തന്റെ കുടുംബാംഗങ്ങളോട്‌ അന്ധമായ കൂറ്‌ പ്രകടിപ്പിച്ചേക്കാം. ക്രിസ്‌ത്യാനികൾ കുടുംബാംഗങ്ങളെ സ്‌നേഹിക്കരുതെന്നല്ല അതിനർഥം. അവർ അന്ത്യകാലത്തെ “സഹജസ്‌നേഹമില്ലാത്ത” ആളുകളെപ്പോലെയല്ല. (2 തിമൊ. 3:1, 3) എന്നിരുന്നാലും കുടുംബാംഗങ്ങളോടുള്ള സ്‌നേഹം പലപ്പോഴും അന്ധമായിപ്പോകാനുള്ള സാധ്യതയുണ്ട്‌. ‘ഞങ്ങൾ ഒരു ചോരയാണ്‌’ എന്നതുപോലുള്ള പ്രസ്‌താവനകൾ നാം കേൾക്കാറുണ്ട്‌. അങ്ങനെയുള്ളവർ കണ്ണുമടച്ച്‌ കുടുംബാംഗങ്ങളെ ന്യായീകരിക്കുകയോ അവരുടെ പക്ഷംപിടിക്കുകയോ ചെയ്യും. ആരെങ്കിലും അവരെ വ്രണപ്പെടുത്തിയാൽ ന്യായാന്യായം നോക്കാതെ അത്‌ ഏറ്റുപിടിക്കും. ദീനയുടെ സഹോദരന്മാരുടെ കടിഞ്ഞാണില്ലാത്ത ധാർമികരോഷം അവരെക്കൊണ്ട്‌ എന്തു ചെയ്യിച്ചു എന്ന്‌ നോക്കുക. (ഉല്‌പ. 34:13, 25-30) അബ്‌ശാലോം തന്റെ അർധസഹോദരനായ അമ്‌നോനെ കൊല്ലാനിടയായ ഹൃദയവികാരങ്ങൾ നിങ്ങൾക്ക്‌ കാണാനാകുന്നുണ്ടോ? (2 ശമൂ. 13:1-30) ഈ സംഭവങ്ങൾക്കു വഴിമരുന്നിട്ടത്‌ “ദുശ്ചിന്ത” അല്ലെങ്കിൽ വികലമായ ന്യായവാദങ്ങൾ ആയിരുന്നില്ലേ?

16 സത്യക്രിസ്‌ത്യാനികൾ ഇന്ന്‌ ആരെയും കൊല്ലുന്നില്ല എന്നതു ശരിയാണ്‌. എന്നാൽ, നമ്മുടെ ഒരു കുടുംബാംഗത്തോട്‌ ഒരു സഹോദരനോ സഹോദരിയോ നിർമര്യാദം പെരുമാറുകയോ, അങ്ങനെ പെരുമാറിയെന്ന്‌ നമുക്ക്‌ തോന്നുകയോ ചെയ്‌തതിനാൽ നാം ആ വ്യക്തിയോട്‌ കടുത്ത നീരസം വെച്ചുപുലർത്തുമോ? ആ വ്യക്തിയുടെ ആതിഥ്യം സ്വീകരിക്കാനോ ആ വ്യക്തിയോട്‌ ആതിഥ്യം കാണിക്കാനോ ചിലർ വിസമ്മതിച്ചേക്കാം. (എബ്രാ. 13:1, 2) അത്തരം കടുത്ത നീരസവും ആതിഥ്യമര്യാദയുടെ അഭാവവും സ്‌നേഹരാഹിത്യത്തിന്റെ തെളിവാണ്‌. അതുകൊണ്ടുതന്നെ അതിനെ നിസ്സാരമായി കാണാനാവില്ല. ഹൃദയം പരിശോധിക്കുന്നവൻ അതിനെ ‘ഹൃദയത്തിന്റെ അഗ്രചർമ്മമായി’ രോഗനിർണയം ചെയ്‌തേക്കാം. (യിരെ. 9:25, 26) യഹോവ നൽകുന്ന പ്രതിവിധി ഇതാണ്‌: “നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം നീക്കിക്കളവിൻ.”—യിരെ. 4:4.

ദൈവത്തെ “അറിവാൻ തക്കഹൃദയം” നേടാം, നിലനിറുത്താം

17. യഹോവാഭയം ഏറെ സംവേദനക്ഷമമായ ഹൃദയം ഉണ്ടായിരിക്കാൻ നമ്മെ എങ്ങനെ സഹായിക്കും?

17 നിങ്ങളുടെ ആലങ്കാരികഹൃദയം പരിശോധിച്ചപ്പോൾ അത്‌ യഹോവയുടെ ഉദ്‌ബോധനങ്ങളോട്‌ വേണ്ടത്ര സംവേദകത്വമുള്ളതല്ലെന്നും, ഒരുപരിധിവരെ അതിൽ ‘അഗ്രചർമ്മം’ നിലനിൽക്കുന്നതായും കണ്ടെത്തിയെങ്കിലോ? മാനുഷഭയമോ പ്രാമുഖ്യതയ്‌ക്കോ സുഖലോലുപതയ്‌ക്കോ വേണ്ടിയുള്ള അഭിനിവേശമോ നിങ്ങൾ കണ്ടെത്തിയിരിക്കാം. മർക്കടമുഷ്ടി, സ്വതന്ത്രചിന്താഗതി തുടങ്ങിയ പ്രവണതകളും ഒരുപക്ഷേ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാകാം. നിങ്ങൾക്കു മാത്രമല്ല അങ്ങനെയുള്ള ചായ്‌വുകൾ ഉണ്ടായിട്ടുള്ളത്‌. (യിരെ. 7:24; 11:8) തന്റെ നാളിലെ അവിശ്വസ്‌തയഹൂദന്മാർക്ക്‌ “ശാഠ്യവും മത്സരവും ഉള്ളോരു ഹൃദയം” ഉണ്ടായിരുന്നെന്ന്‌ യിരെമ്യാവ്‌ എഴുതി. അവൻ ഇങ്ങനെയും കൂട്ടിച്ചേർത്തു: ‘നമുക്ക്‌ അതതു സമയത്തു വേണ്ടുന്ന മഴ തരുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക എന്ന്‌ അവർ ഹൃദയത്തിൽ പറയുന്നതുമില്ല.’ (യിരെ. 5:23, 24) ഇതു കാണിക്കുന്നത്‌, യഹോവയോടുള്ള ഭയവും വിലമതിപ്പും വർധിപ്പിക്കുന്നത്‌ നമ്മുടെ ‘ഹൃദയത്തിന്റെ അഗ്രചർമ്മം’ നീക്കിക്കളയാൻ നമ്മെ സഹായിക്കും എന്നല്ലേ? ദൈവത്തിന്റെ നിലവാരങ്ങളോട്‌ ഏറെ സംവേദനക്ഷമതയുള്ള ഒരു ഹൃദയം ഉണ്ടായിരിക്കാൻ അത്തരത്തിലുള്ള ആരോഗ്യകരമായ ഭയം നമ്മെ സഹായിക്കും.

18. പുതിയ ഉടമ്പടിയിലുള്ളവർക്ക്‌ യഹോവ എന്തു വാഗ്‌ദാനം നൽകി?

18 തന്നെ “അറിവാൻ തക്കഹൃദയം” യഹോവ നമുക്കു നൽകവെ നമുക്ക്‌ അവനോടു സഹകരിച്ചു പ്രവർത്തിക്കാം. പുതിയ ഉടമ്പടിയിലുള്ള അഭിഷിക്തരോടുള്ള ദൈവത്തിന്റെ വാഗ്‌ദാനം വാസ്‌തവത്തിൽ അതുതന്നെയാണ്‌: “ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.” യഹോവയെ അറിയുന്നതു സംബന്ധിച്ചോ? അവൻ ഇങ്ങനെ പറഞ്ഞു: “ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല.”—യിരെ. 31:31-34. a

19. സത്യക്രിസ്‌ത്യാനികൾക്ക്‌ എന്തു വിസ്‌മയാവഹമായ പ്രത്യാശയുണ്ട്‌?

19 സ്വർഗത്തിലായാലും ഭൂമിയിലായാലും, പുതിയ ഉടമ്പടിയിൽനിന്ന്‌ പ്രയോജനം നേടാൻ നിങ്ങൾ പ്രത്യാശിക്കുന്നെങ്കിൽ യഹോവയെ അറിയാനും അവന്റെ ജനത്തിന്റെ ഭാഗമായിരിക്കാനും നിങ്ങൾ അതിയായി ആഗ്രഹിക്കണം. ക്രിസ്‌തുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെടണം എന്നത്‌ അത്തരം പ്രയോജനങ്ങൾ നേടാനുള്ള ഒരു അനിവാര്യവ്യവസ്ഥയാണ്‌. നിങ്ങൾക്കു ക്ഷമ ലഭ്യമാണ്‌ എന്ന വസ്‌തുത മറ്റുള്ളവരോട്‌, നിങ്ങളുടെയുള്ളിൽ കടുത്ത അമർഷം തോന്നുന്നവരോടുപോലും, ക്ഷമിക്കാൻ നിങ്ങളെ പ്രേരിപ്പിക്കണം. ഹൃദയത്തിലുണ്ടായിരുന്നേക്കാവുന്ന ഏതൊരു നീരസവും നീക്കിക്കളയാനുള്ള മനസ്സൊരുക്കം നിങ്ങളുടെ ഹൃദയത്തിനു നല്ലതാണ്‌. അങ്ങനെ ചെയ്യുന്നത്‌, നിങ്ങൾ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നു എന്നതിന്റെ മാത്രമല്ല അവനെ കൂടുതൽ മെച്ചമായി അറിഞ്ഞുകൊണ്ടിരിക്കുന്നു എന്നതിന്റെയും തെളിവാണ്‌. അപ്പോൾ നിങ്ങളെക്കുറിച്ചും യഹോവ ഇങ്ങനെ പറയും: “നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും.”—യിരെ. 29:13, 14.

a പുതിയ ഉടമ്പടിയെക്കുറിച്ചുള്ള വിവരങ്ങൾക്ക്‌ 2012 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 26-30 പേജുകൾ കാണുക.