വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആശ്വാസം കൈക്കൊള്ളുക, ആശ്വാസം പകരുക

ആശ്വാസം കൈക്കൊള്ളുക, ആശ്വാസം പകരുക

അപൂർണമനുഷ്യരായ നമുക്കെല്ലാം രോഗം വരാറുണ്ട്‌. ചിലർക്ക്‌ ഗുരുതരമായ രോഗം പിടിപെടുന്നു. അത്തരം വിഷമസന്ധികളിൽ നമുക്ക്‌ എങ്ങനെ പിടിച്ചുനിൽക്കാനാകും?

കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹവിശ്വാസികളും പകരുന്ന ആശ്വാസമാണ്‌ പിടിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്ന ഒരു മുഖ്യസംഗതി.

ഒരു സുഹൃത്തിന്റെ സ്‌നേഹത്തോടും ദയാവായ്‌പോടും കൂടെയുള്ള വാക്കുകൾ സൗഖ്യവും കുളിർമയും പകരുന്ന ഒരു സ്‌നിഗ്‌ധലേപനം പോലെയാണ്‌. (സദൃ. 16:24; 18:24; 25:11) എന്നാൽ സത്യക്രിസ്‌ത്യാനികൾ ആശ്വാസം കൈക്കൊള്ളുന്നവർ മാത്രമല്ല, “ദൈവത്തിൽനിന്ന്‌ (അവർക്കു) ലഭിക്കുന്ന ആശ്വാസത്താൽ ഏതു കഷ്ടതയിലുമുള്ളവരെ ആശ്വസിപ്പിക്കാൻ” മുൻകൈ എടുക്കുന്നവരുമാണ്‌. (2 കൊരി. 1:4; ലൂക്കോ. 6:31) മെക്‌സിക്കോയിലെ ഒരു ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായ അന്റോണിയോ ആ വസ്‌തുത സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു.

അദ്ദേഹത്തിന്‌ ഒരുതരം രക്താർബുദം (lymphoma) പിടിപെട്ടു. അന്റോണിയോ സഹോദരൻ ആകെ വിഷണ്ണനായി. എങ്കിലും മനസ്സിലോടുന്ന ആകുലതകൾക്കു കടിഞ്ഞാണിടാൻ അദ്ദേഹം കിണഞ്ഞുശ്രമിച്ചു. അതിനായി, രാജ്യഗീതങ്ങൾ ഓർത്തെടുത്ത്‌ ഉറക്കെ പാടാൻ അദ്ദേഹം ശ്രമിക്കുമായിരുന്നു. അതിലെ വാക്കുകൾ കാതിൽപതിയുമ്പോൾ അവയുടെ അർഥത്തെക്കുറിച്ച്‌ അദ്ദേഹം ചിന്തിക്കും. ഉറക്കെ പ്രാർഥിച്ചതും ബൈബിൾ വായിച്ചതും അദ്ദേഹത്തിന്‌ കുറച്ചൊന്നുമല്ല ആശ്വാസം പകർന്നത്‌.

എന്നിരുന്നാലും, സഹവിശ്വാസികളുടെ പിന്തുണയായിരുന്നു തനിക്കു ലഭിച്ച വലിയൊരു സഹായം എന്ന്‌ അദ്ദേഹം പറയുന്നു. “മനസ്സു ഭാരപ്പെടുമ്പോൾ ഞാനും ഭാര്യയും ഞങ്ങളുടെ ബന്ധുവായ, സഭയിലെ ഒരു മൂപ്പനെ വിളിച്ച്‌ പ്രാർഥിപ്പിക്കുമായിരുന്നു. അത്‌ ഞങ്ങൾക്ക്‌ ആശ്വാസവും സാന്ത്വനവും പകർന്നു. വളരെ കുറച്ചു സമയംകൊണ്ട്‌ ഞങ്ങൾക്ക്‌ ആകുലതകൾ മറികടക്കാനായി. കുടുംബാംഗങ്ങളും സഭയിലെ സഹോദരങ്ങളുമാണ്‌ അതിനു ഞങ്ങളെ സഹായിച്ചത്‌” എന്ന്‌ സഹോദരൻ പറയുന്നു. കരുതലും സ്‌നേഹവും ഉള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നതിൽ സഹോദരൻ നന്ദിയുള്ളവനാണ്‌.

ക്ലേശങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്കുള്ള മറ്റൊരു സഹായമാണ്‌ ദൈവം വാഗ്‌ദാനം ചെയ്‌തിട്ടുള്ള പരിശുദ്ധാത്മാവ്‌. ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ ഒരു “ദാനം” ആണെന്ന്‌ പത്രോസ്‌ അപ്പൊസ്‌തലൻ പറയുകയുണ്ടായി. (പ്രവൃ. 2:38) എ.ഡി. 33-ലെ പെന്തെക്കൊസ്‌ത്‌ നാളിൽ അനേകർ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചപ്പോൾ അതു സത്യമാണെന്നു തെളിഞ്ഞു. ആ അർഥത്തിലല്ലെങ്കിലും പരിശുദ്ധാത്മാവ്‌ എന്ന ദാനം ഇന്ന്‌ നമുക്കെല്ലാവർക്കും ലഭ്യമാണ്‌, അളവുകൂടാതെ യഹോവ നമുക്ക്‌ അതു നൽകുന്നു. അങ്ങനെയെങ്കിൽ ധാരാളമായി നമുക്ക്‌ അതു ചോദിച്ചുകൂടേ?—യെശ. 40:28-31.

ക്ലേശത്തിലായിരിക്കുന്നവരോട്‌ ആത്മാർഥതാത്‌പര്യം കാണിക്കുക

പൗലോസ്‌ അപ്പൊസ്‌തലന്‌ അനേകം ക്ലേശങ്ങൾ അനുഭവിക്കേണ്ടിവന്നു, ചിലയവസരങ്ങളിൽ മരണത്തെപ്പോലും മുഖാമുഖം കണ്ടു. (2 കൊരി. 1:8-10) എന്നാൽ അവന്‌ മരണത്തോടു കൊടിയഭീതി ഇല്ലായിരുന്നു. തനിക്ക്‌ ദൈവത്തിന്റെ കൈത്താങ്ങുണ്ട്‌ എന്ന അറിവ്‌ അവനെ ആശ്വസിപ്പിച്ചു. “മനസ്സലിവുള്ള പിതാവും സർവാശ്വാസത്തിന്റെയും ദൈവവുമായി, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെടുമാറാകട്ടെ. . . . നമ്മുടെ കഷ്ടതകളിലൊക്കെയും അവൻ നമ്മെ ആശ്വസിപ്പിക്കുന്നു” എന്ന്‌ അവൻ എഴുതി. (2 കൊരി. 1:3, 4) സ്വയം അയ്യോഭാവം വിചാരിച്ച്‌ കഴിഞ്ഞുകൂടാൻ പൗലോസ്‌ ആഗ്രഹിച്ചില്ല. അനുഭവിച്ച കഷ്ടതകളെല്ലാം സമാനുഭാവം വളർത്തിയെടുക്കാൻ അവനെ സഹായിച്ചു. തന്നിമിത്തം, പ്രാതികൂല്യങ്ങളിൽപ്പെട്ട്‌ ഉഴലുന്നവരെ ആശ്വസിപ്പിക്കാനുള്ള ഒരു വൈകാരികപ്രാപ്‌തി അവൻ ആർജിച്ചെടുത്തു.

അന്റോണിയോ സഹോദരന്റെ രോഗം ഭേദമായി, അദ്ദേഹം സഞ്ചാരവേല പുനരാരംഭിച്ചു. സഹവിശ്വാസികളിൽ താത്‌പര്യമെടുക്കുന്ന ഒരു രീതി സഹോദരന്‌ മുമ്പും ഉണ്ടായിരുന്നെങ്കിലും രോഗികളായവരെ സന്ദർശിക്കാനും പ്രോത്സാഹിപ്പിക്കാനും സഹോദരനും സഹോദരിയും അതിനുശേഷം വിശേഷാൽ ശ്രദ്ധവെച്ചു. ഗുരുതരമായ ഒരു രോഗവുമായി മല്ലിടുകയായിരുന്ന ഒരു സഹോദരനെ സന്ദർശിച്ച അനുഭവം അന്റോണിയോ സഹോദരൻ വിവരിക്കുന്നു. അദ്ദേഹത്തിന്‌ യോഗങ്ങൾക്കു പോകാൻ ഉത്സാഹമില്ലെന്ന്‌ അന്റോണിയോ സഹോദരനു മനസ്സിലായി. അത്‌ “യഹോവയോടും സഹോദരങ്ങളോടും സ്‌നേഹമില്ലാഞ്ഞതുകൊണ്ടായിരുന്നില്ല. പിന്നെയോ താൻ ഒന്നിനും കൊള്ളാത്തവനാണെന്ന തോന്നലായിരുന്നു അദ്ദേഹത്തിന്‌. കടുത്തരോഗാവസ്ഥയാണ്‌ അങ്ങനെയൊരു ചിന്ത മനസ്സിൽ ഉളവാക്കിയത്‌” എന്ന്‌ അന്റോണിയോ സഹോദരൻ പറയുന്നു.

രോഗിയായ സഹോദരനെ പ്രോത്സാഹിപ്പിക്കാനായി അന്റോണിയോ സഹോദരൻ ഒരു കാര്യം ചെയ്‌തു. ഒരു വിരുന്നുസത്‌കാര വേളയിൽ, പ്രാർഥിക്കാമോ എന്ന്‌ അദ്ദേഹത്തോട്‌ ചോദിച്ചു. ആദ്യം ബുദ്ധിമുട്ടു തോന്നിയെങ്കിലും അദ്ദേഹം പ്രാർഥിക്കാമെന്നു സമ്മതിച്ചു. “എത്ര ഹൃദ്യമായൊരു പ്രാർഥനയായിരുന്നു അതെന്നോ! അതേത്തുടർന്ന്‌ അദ്ദേഹം ആളാകെ മാറി. താൻ വേണ്ടപ്പെട്ടവനും ഉപകാരപ്രദനും ആണെന്ന്‌ അദ്ദേഹത്തിനു തോന്നിത്തുടങ്ങി.”

നാമെല്ലാം ചെറുതോ വലുതോ ആയ കഷ്ടങ്ങൾ സഹിച്ചുനിന്നിട്ടുണ്ട്‌. ആ അനുഭവം, പൗലോസ്‌ പറഞ്ഞതുപോലെ, മറ്റുള്ളവർ കഷ്ടത്തിലാകുമ്പോൾ അവരെ ആശ്വസിപ്പിക്കാൻ നമ്മെ പ്രാപ്‌തരാക്കും. അതുകൊണ്ട്‌, സഹക്രിസ്‌ത്യാനികൾ കഷ്ടപ്പെടുമ്പോൾ അവരുടെ വേദന നമുക്ക്‌ നമ്മുടെ മനസ്സിൽ അറിയാൻ ശ്രമിക്കാം. അവരെ ആശ്വസിപ്പിച്ചുകൊണ്ട്‌ നമ്മുടെ ദൈവമായ യഹോവയെ അനുകരിക്കാം.