വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജോസീഫസ്‌ ആണോ അത്‌ എഴുതിയത്‌?

ജോസീഫസ്‌ ആണോ അത്‌ എഴുതിയത്‌?

ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ഫ്‌ളേവിയസ്‌ ജോസീഫസ്‌ യഹൂദപുരാവൃത്തങ്ങൾ, (ഇംഗ്ലീഷ്‌) 20-ാം പുസ്‌തകത്തിൽ, “ക്രിസ്‌തു എന്ന്‌ അറിയപ്പെട്ടിരുന്ന യേശുവിന്റെ സഹോദരനായ യാക്കോബിന്റെ” മരണത്തെക്കുറിച്ചു പറയുന്നു. ഈ പ്രസ്‌താവന ആധികാരികമാണെന്ന്‌ പല പണ്ഡിതന്മാരും കരുതുന്നു. എന്നാൽ ഇതേ പുസ്‌തകത്തിൽ യേശുവിനെക്കുറിച്ചു കാണുന്ന മറ്റൊരു പരാമർശത്തിന്റെ വിശ്വസനീയതയെക്കുറിച്ച്‌ ചിലർക്കു സംശയമുണ്ട്‌. ടെസ്റ്റിമോണിയം ഫ്‌ളാവിയാനം (Testimonium Flavianum) എന്നറിയപ്പെടുന്ന ആ വൃത്താന്തം പിൻവരുന്നപ്രകാരമാണ്‌:

“ഇക്കാലത്ത്‌ യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ ഉണ്ടായിരുന്നു. മനുഷ്യൻ എന്നു വിളിക്കുന്നത്‌ ഉചിതമോ എന്നറിയില്ല, കാരണം അവൻ അതിശയങ്ങൾ ചെയ്യുന്നവനും, സത്യത്തെ സ്വാഗതം ചെയ്‌ത ഒരുകൂട്ടം മനുഷ്യരുടെ ഗുരുനാഥനുമായിരുന്നു. യഹൂദരിലും വിജാതീയരിലും അനേകരെ അവൻ തന്റെ അനുയായികളാക്കി. അവനായിരുന്നു ക്രിസ്‌തു. നമുക്കിടയിലെ പ്രമാണിമാരുടെ പ്രേരണയാൽ പീലാത്തൊസ്‌ അവനെ ക്രൂശിനു വിധിച്ചെങ്കിലും ആദ്യംമുതൽ അവനെ സ്‌നേഹിച്ചവർ അവനെ പരിത്യജിച്ചിട്ടില്ല. കാരണം, ദൈവത്തിന്റെ പ്രവാചകന്മാർ മുൻകൂട്ടിപ്പറഞ്ഞതുപോലെ അവൻ അവർക്കു മൂന്നാം നാൾ ജീവനോടെ പ്രത്യക്ഷനായി, അവനെക്കുറിച്ച്‌ ബഹുസഹസ്രം അതിശയകാര്യങ്ങളും അവർ മുൻകൂട്ടിപ്പറഞ്ഞിരുന്നു. അവന്റെ നാമധേയത്തിൽ അറിയപ്പെടുന്ന ക്രിസ്‌ത്യാനികളെന്ന വിഭാഗം ഇതുവരെയും വംശമറ്റുപോയിട്ടില്ല.”—ജോസീഫസ്‌—സമ്പൂർണകൃതികൾ, (ഇംഗ്ലീഷ്‌) വില്യം വിസ്റ്റണിന്റെ വിവർത്തനം.

ഈ ഭാഗം ആധികാരികമാണെന്നു വിശ്വസിച്ചവരും ജോസീഫസ്‌ ആണോ ഇത്‌ എഴുതിയത്‌ എന്നു സംശയിച്ചവരും തമ്മിൽ പതിനാറാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ചൂടുപിടിച്ച വാഗ്വാദങ്ങൾ നടന്നിട്ടുണ്ട്‌. ഫ്രഞ്ച്‌ ചരിത്രകാരനും പൗരാണിക സാഹിത്യവിചക്ഷണനുമായ സെർഷ്‌ ബാർഡെ, കഴിഞ്ഞ നാലു നൂറ്റാണ്ടുകൾകൊണ്ട്‌ കെട്ടുപിണഞ്ഞുപോയ ഈ വാദവിഷയത്തിന്റെ കുരുക്കഴിക്കാൻ നോക്കി. അദ്ദേഹം തന്റെ ഗവേഷണഫലങ്ങൾ, ടെസ്റ്റിമോണിയം ഫ്‌ളാവിയാനം—ചരിത്രവസ്‌തുതകളുടെ വെളിച്ചത്തിൽ ഒരു ചരിത്രപഠനം (Le Testimonium Flavianum—Examen historique considérations historiographiques) എന്ന തന്റെ പുസ്‌തകത്തിൽ പ്രസിദ്ധീകരിച്ചു.

ജോസീഫസ്‌ ഒരു ക്രൈസ്‌തവഗ്രന്ഥകാരൻ അല്ലായിരുന്നു. മറിച്ച്‌, ഒരു യഹൂദചരിത്രകാരനായിരുന്നു. അതുകൊണ്ടുതന്നെ, യേശുവിനെ നിശ്ചയോപപദം ചേർത്ത്‌ “ക്രിസ്‌തു” (“the Christ”) എന്ന്‌ പരാമർശിച്ചിരിക്കുന്നതിനെച്ചൊല്ലിയാണ്‌ വിവാദങ്ങളേറെയും. എന്നാൽ ഈ വിശേഷണം “ഗ്രീക്കു വ്യാകരണം അനുസരിച്ച്‌ ആളുകളുടെ പേരിനുമുമ്പ്‌ നിശ്ചയോപപദം ചേർക്കുന്ന രീതിക്കു ചേർച്ചയിലാണെന്ന്‌” തന്റെ വിശകലനത്തിന്റെ വെളിച്ചത്തിൽ ബാർഡെ സമർഥിക്കുന്നു. യഹൂദന്മാരുടെയും ക്രിസ്‌ത്യാനികളുടെയും കാഴ്‌ചപ്പാടിൽനിന്നു നോക്കുമ്പോൾ, “ജോസീഫസ്‌ ക്രിസ്‌തോസ്‌ എന്ന പദം ഉപയോഗിച്ചിരിക്കാൻ ഒട്ടുംതന്നെ സാധ്യതയില്ലെന്നു പറയുന്നത്‌ ശരിയല്ല.” പ്രത്യുത, അദ്ദേഹം അത്‌ ഉപയോഗിച്ചിരിക്കുന്നു എന്നത്‌ “പൊതുവെ വിമർശകർ കണക്കിലെടുക്കാൻ വിട്ടുപോയ” ഒരു സുപ്രധാനസംഗതിയുടെ സൂചനകൂടിയാണ്‌.

ജോസീഫസിന്റെ രചനാശൈലി അനുകരിച്ച ആരെങ്കിലും പിന്നീട്‌ ഈ ഭാഗം കൂട്ടിച്ചേർത്തതായിരിക്കുമോ? ചരിത്രത്തിൽനിന്നും പാഠഭാഗത്തുനിന്നും ഉള്ള തെളിവുകൾ അപഗ്രഥനം ചെയ്‌ത ബാർഡെ പറയുന്നത്‌, അത്തരമൊരു അനുകരണം നടന്നാൽ അത്‌ ഒരു അത്ഭുതമായിരിക്കുമെന്നാണ്‌. കാരണം അങ്ങനെയൊരു തിരിമറി നടത്താൻ “അനുകരണകലയിൽ സർവകാലപ്രതിഭ” ആയ ഒരു കപടലേഖകൻ വേണ്ടിവരുമായിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അയാൾ “മറ്റൊരു ജോസീഫസ്‌ തന്നെ ആയിരിക്കണമായിരുന്നു!”

പിന്നെ എന്താണ്‌ ഇതിനെച്ചൊല്ലി ഇത്ര കോലാഹലങ്ങൾ? പ്രശ്‌നത്തിന്റെ മൂലകാരണം എടുത്തുകാണിച്ചുകൊണ്ട്‌ ബാർഡെ പറയുന്നത്‌, “ചോദ്യങ്ങൾ ഉയർന്നുവന്നു എന്ന ഏകകാരണത്താലാണ്‌ ബഹുഭൂരിപക്ഷം പൗരാണികപാഠങ്ങളിൽനിന്നു വ്യത്യസ്‌തമായി ടെസ്റ്റിമോണിയത്തിന്റെ വിശ്വാസ്യതയെ സംശയിക്കാനിടയായത്‌” എന്നാണ്‌. മൂലപാഠത്തെ വസ്‌തുനിഷ്‌ഠമായി വിലയിരുത്തിയാൽ അതിന്റെ ആധികാരികതയ്‌ക്കാണ്‌ കൂടുതൽ തെളിവ്‌. എന്നാൽ അതു ഗൗനിക്കാതെ ഇക്കാലമത്രയും ഇങ്ങനെയൊരു നിലപാടിൽ കടിച്ചുതൂങ്ങിയതിനുപിന്നിൽ “ഗൂഢലക്ഷ്യങ്ങൾ” ഉണ്ടായിരുന്നെന്നുവേണം മനസ്സിലാക്കാൻ എന്നും അദ്ദേഹം പറയുന്നു.

ബാർഡെയുടെ വിശകലനം ടെസ്റ്റിമോണിയം ഫ്‌ളാവിയാനത്തെക്കുറിച്ചുള്ള പണ്ഡിതന്മാരുടെ വീക്ഷണത്തിനു മാറ്റം വരുത്തുമോ എന്നത്‌ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. യവനസ്വാധീനകാലത്തെ യഹൂദമതം, ആദിമക്രിസ്‌ത്യാനിത്വം എന്നീ ചരിത്രവിഷയങ്ങളിൽ വിശ്രുതപണ്ഡിതനായ പ്യെർ ഷോൾട്ടറിന്‌ ഇക്കാര്യം ബോധ്യം വന്നിട്ടുണ്ട്‌. വർഷങ്ങളോളം അദ്ദേഹം ടെസ്റ്റിമോണിയത്തെ ഒരു കൂട്ടിചേർപ്പായിട്ടാണ്‌ വീക്ഷിച്ചുപോന്നത്‌. അത്‌ ആധികാരികമാണെന്ന്‌ വിശ്വസിച്ചവരെ അദ്ദേഹം പരിഹസിക്കുകപോലും ചെയ്‌തിരുന്നു. പക്ഷേ അദ്ദേഹം തന്റെ വീക്ഷണം മാറ്റി. ബാർഡെയുടെ വിശദീകരണമാണ്‌ ആ മാറ്റത്തിനു കാരണം എന്നാണ്‌ അദ്ദേഹം പറയുന്നത്‌. “ജോസീഫസിന്റെ ‘അസംബന്ധ ടെസ്റ്റിമോണിയം’ എന്ന്‌ ആരും ഇനി അതിനെ പരിഹസിക്കേണ്ടാ” എന്ന്‌ ഷോൾട്ടർ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

എന്നാൽ, യേശുവിനെ ക്രിസ്‌തുവായി അംഗീകരിക്കാൻ ഇതിലുമേറെ ബോധ്യം വരുത്തുന്ന തെളിവ്‌ യഹോവയുടെ സാക്ഷികൾക്കുണ്ട്‌—ബൈബിളിൽത്തന്നെയുള്ള തെളിവ്‌!—2 തിമൊ. 3:16.