വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ മഹനീയനാമത്തെ ആദരിക്കുക

യഹോവയുടെ മഹനീയനാമത്തെ ആദരിക്കുക

“ഞാൻ . . . നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.”—സങ്കീ. 86:12.

1, 2. ക്രൈസ്‌തവലോകത്തിലെ സഭകളിൽനിന്നു വ്യത്യസ്‌തമായി യഹോവയുടെ സാക്ഷികൾ ദൈവനാമത്തെ എങ്ങനെ വീക്ഷിക്കുന്നു?

 ക്രൈസ്‌തവമണ്ഡലത്തിലെ സഭകൾ പൊതുവെ ദൈവനാമത്തിനു മുഖംതിരിച്ചിരിക്കുകയാണ്‌. ഉദാഹരണത്തിന്‌, പരിഷ്‌കരിച്ച പ്രമാണഭാഷാന്തരം (ഇംഗ്ലീഷ്‌) അതിന്റെ ആമുഖത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ഏകദൈവത്തിന്‌ വ്യക്തിപരമായ നാമം ഉപയോഗിക്കുന്ന രീതി . . . സഭയുടെ സാർവത്രിക വിശ്വാസസംഹിതയോട്‌ ഒട്ടുംതന്നെ ചേർച്ചയിലല്ല.”

2 എന്നാൽ ദൈവനാമം വഹിക്കുന്നതിലും മഹത്ത്വപ്പെടുത്തുന്നതിലും അഭിമാനിക്കുന്നവരാണ്‌ യഹോവയുടെ സാക്ഷികൾ. (സങ്കീർത്തനം 86:12; യെശയ്യാവു 43:10 വായിക്കുക.) അതിലുപരി, ആ നാമത്തിന്റെയും അതിന്റെ വിശുദ്ധീകരണം ഉൾപ്പെടുന്ന അഖിലാണ്ഡവിവാദവിഷയത്തിന്റെയും അർഥം അറിയാൻ സാധിച്ചിരിക്കുന്നത്‌ ഒരു പദവിയായി നാം കണക്കാക്കുന്നു. (മത്താ. 6:9) എന്നാൽ നാം ഒരിക്കലും ആ പദവിയെ നിസ്സാരമായി എടുക്കരുത്‌. അതുകൊണ്ട്‌ നമുക്ക്‌ ഇപ്പോൾ മൂന്നു പ്രധാനപ്പെട്ട ചോദ്യങ്ങൾ പരിചിന്തിക്കാം: ദൈവത്തിന്റെ നാമം അറിയുക എന്നാൽ എന്താണ്‌? യഹോവ തന്റെ മഹനീയനാമത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും അങ്ങനെ അതിനു മഹത്ത്വം വർധിപ്പിക്കുകയും ചെയ്‌തിരിക്കുന്നത്‌ എങ്ങനെ? നമുക്ക്‌ യഹോവയുടെ നാമത്തിൽ നടക്കാൻ കഴിയുന്നത്‌ എങ്ങനെ?

ദൈവനാമം അറിയുക എന്നതിന്റെ അർഥം

3. ദൈവനാമം അറിയുക എന്നതിന്റെ അർഥം എന്താണ്‌?

3 ദൈവനാമം അറിയുന്നതിൽ, “യഹോവ” എന്ന വാക്കുമായി കേവലം പരിചിതരാകുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നു. അതിൽ യഹോവയുടെ ശ്രേഷ്‌ഠവ്യക്തിത്വം, ഗുണങ്ങൾ, ഉദ്ദേശ്യം എന്നിവയെക്കുറിച്ച്‌ അറിയുന്നതും, തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന അവന്റെ പ്രവൃത്തികളെക്കുറിച്ച്‌, വിശേഷിച്ചും തന്റെ ദാസന്മാരോടുള്ള അവന്റെ ഇടപെടലുകളെക്കുറിച്ച്‌ മനസ്സിലാക്കുന്നതും ഉൾപ്പെടുന്നു. തന്റെ ഉദ്ദേശ്യങ്ങൾ ഇതൾവിരിയവെ പടിപടിയായിട്ടാണ്‌ യഹോവ തന്നെക്കുറിച്ചു വെളിപ്പെടുത്തുന്നത്‌. (സദൃ. 4:18) യഹോവ തന്റെ നാമം ആദ്യമാനുഷജോഡിക്ക്‌ വെളിപ്പെടുത്തി. കയീൻ ജനിച്ചപ്പോൾ ഹവ്വാ ആ നാമം ഉപയോഗിച്ചു. (ഉല്‌പ. 4:1) വിശ്വസ്‌തഗോത്രപിതാക്കന്മാരായ നോഹ, അബ്രാഹാം, യിസ്‌ഹാക്ക്‌, യാക്കോബ്‌ എന്നിവർക്കെല്ലാം ദൈവനാമം അറിയാമായിരുന്നു. യഹോവ അവരെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും തന്റെ ഉദ്ദേശ്യത്തിന്റെ നാനാവശങ്ങൾ അവർക്ക്‌ വെളിപ്പെടുത്തുകയും ചെയ്‌തപ്പോൾ ദൈവനാമത്തോടുള്ള അവരുടെ വിലമതിപ്പ്‌ പിന്നെയും വർധിച്ചു. മോശയ്‌ക്കാകട്ടെ ദൈവനാമത്തെക്കുറിച്ച്‌ സവിശേഷമായ ഗ്രാഹ്യം നൽകപ്പെട്ടു.

മോശ ദൈവനാമത്തിന്റെ അർഥം മനസ്സിലാക്കി. അത്‌ അവന്റെ വിശ്വാസം ബലിഷ്‌ഠമാക്കി

4. മോശ ദൈവത്തോട്‌ അവന്റെ നാമത്തെക്കുറിച്ചു ചോദിച്ചത്‌ എന്തുകൊണ്ട്‌, മോശയുടെ ആശങ്ക ന്യായമായിരുന്നത്‌ എന്തുകൊണ്ട്‌?

4 പുറപ്പാടു 3:10-15 വായിക്കുക. മോശയ്‌ക്ക്‌ 80 വയസ്സുള്ളപ്പോൾ യഹോവ അവന്‌ ഒരു ഭാരിച്ച ഉത്തരവാദിത്വം നൽകി: ‘നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കുക.’ അപ്പോൾ മോശ ആദരവോടെ യഹോവയോട്‌ അതീവപ്രാധാന്യമുള്ള ഒരു ചോദ്യം ചോദിച്ചു. ചോദ്യത്തിന്റെ സാരം ഇതായിരുന്നു: ‘എന്താണ്‌ നിന്റെ പേര്‌?’ കാലങ്ങളായി ആളുകൾക്ക്‌ ദൈവനാമം അറിയാമായിരുന്നു എന്നിരിക്കെ, എന്തായിരുന്നു മോശയുടെ ചോദ്യത്തിന്റെ പ്രസക്തി? തെളിവനുസരിച്ച്‌, ആ നാമത്തിനുടമയായ വ്യക്തിയെക്കുറിച്ച്‌ കൂടുതൽ അറിയാനാണ്‌ അവൻ ആഗ്രഹിച്ചത്‌. എന്തുകൊണ്ടെന്നാൽ, ആ വസ്‌തുതകൾ ദൈവം തങ്ങളെ വാസ്‌തവമായും വിടുവിക്കും എന്ന്‌ ദൈവജനത്തിന്‌ ഉറപ്പുനൽകുമായിരുന്നു. മോശയുടെ ആശങ്ക ന്യായമായിരുന്നു. കാരണം, ഇസ്രായേല്യർ അനേകവർഷങ്ങളായി അടിമത്തത്തിലായിരുന്നു. തങ്ങളുടെ പൂർവപിതാക്കന്മാരുടെ ദൈവത്തിന്‌ തങ്ങളെ വിടുവിക്കാനുള്ള കഴിവുണ്ടോ എന്ന്‌ അവർ ചിന്തിച്ചിട്ടുണ്ടായിരിക്കാം. ചില ഇസ്രായേല്യർ ഈജിപ്‌തിലെ ദേവന്മാരെ ആരാധിക്കാൻപോലും തുടങ്ങിയിരുന്നു.—യെഹെ. 20:7, 8.

5. മോശയ്‌ക്കു നൽകിയ മറുപടിയിലൂടെ യഹോവ തന്റെ നാമത്തെക്കുറിച്ച്‌ കൂടുതലായി വെളിപ്പെടുത്തിയത്‌ എങ്ങനെ?

5 യഹോവ എങ്ങനെയാണ്‌ മോശയുടെ ചോദ്യത്തിനു മറുപടി നൽകിയത്‌? മോശയോട്‌ അവൻ പറഞ്ഞു: ‘ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്ന്‌ നീ യിസ്രായേൽമക്കളോടു പറയേണം.’ a അതിന്റെയർഥം തന്റെ ഉദ്ദേശ്യം നിവർത്തിക്കാനായി താൻ ആഗ്രഹിക്കുന്ന എന്തും ആയിരിക്കാനും ആയിത്തീരാനും യഹോവയ്‌ക്കു കഴിയും എന്നാണ്‌. 15-ാം വാക്യത്തിൽ, “ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു” എന്ന്‌ യഹോവ പറയുന്നത്‌ അതുകൊണ്ടാണ്‌. ആ വെളിപ്പെടുത്തൽ മോശയുടെ വിശ്വാസത്തെ എത്രമാത്രം ശക്തിപ്പെടുത്തുകയും അവനിൽ ഭയാദരവുണർത്തുകയും ചെയ്‌തിട്ടുണ്ടാകണം!

യഹോവ തന്റെ നാമം അന്വർഥമാക്കുന്നു

6, 7. തന്റെ മഹനീയനാമത്തിന്റെ അർഥത്തിനു ചേർച്ചയിൽ യഹോവ പ്രവർത്തിച്ചത്‌ എങ്ങനെ?

6 മോശയ്‌ക്ക്‌ ആ നിയോഗം നൽകി ഏറെത്താമസിയാതെ ഇസ്രായേലിന്റെ വിമോചകൻ ആയിത്തീർന്നുകൊണ്ട്‌ യഹോവ തന്റെ നാമം അന്വർഥമാക്കി. പത്തു കൊടിയബാധകളാൽ അവൻ ഈജിപ്‌തിന്റെ അഹങ്കാരമടക്കി; ഫറവോൻ ഉൾപ്പെടെയുള്ള മിസ്രയീമ്യദേവന്മാർ തീർത്തും ശക്തിശൂന്യരാണെന്ന്‌ അങ്ങനെ തുറന്നുകാട്ടി. (പുറ. 12:12) അതിനുശേഷം യഹോവ ചെങ്കടൽ വിഭജിച്ച്‌ ഇസ്രായേൽ ജനത്തെ അതിനു നടുവിലൂടെ മറുകരകടത്തി. പിന്തുടർന്നെത്തിയ ഫറവോനെയും സൈന്യത്തെയും അവൻ കടലിൽ മുക്കിക്കൊന്നു. (സങ്കീ. 136:13-15) പിന്നീട്‌, “ഭയങ്കരമായ മഹാമരുഭൂമിയിൽകൂടി” രണ്ടുമൂന്നു ദശലക്ഷമോ ഒരുപക്ഷേ അതിലേറെയോ വരുന്ന ദൈവജനത്തിന്‌ ഭക്ഷണവും വെള്ളവും നൽകിക്കൊണ്ട്‌ യഹോവ അവരുടെ ജീവന്റെ സംരക്ഷകൻ ആയിത്തീർന്നു. അവരുടെ ‘വസ്‌ത്രം ജീർണിക്കാതെയും ചെരിപ്പ്‌ പഴകാതെയും’ അവൻ കാത്തു. (ആവ. 1:19; 29:4) അതെ, അവന്റെ അതുല്യനാമം അർഥപൂർണമാക്കിക്കൊണ്ടു പ്രവർത്തിക്കുന്നതിൽനിന്ന്‌ യഹോവയെ തടയാൻ ഒന്നിനും കഴിയില്ല. പിൽക്കാലത്ത്‌ അവൻ യെശയ്യാവിനോട്‌ ഇപ്രകാരം പറയുകയുണ്ടായി: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.”—യെശ. 43:11, 12.

7 മോശയുടെ പിൻഗാമിയായ യോശുവ ഈജിപ്‌തിലും മരുഭൂമിയിലും വെച്ച്‌ യഹോവയുടെ ഭയങ്കരവും അതിശയകരവുമായ പ്രവൃത്തികൾക്ക്‌ ദൃക്‌സാക്ഷിയായവനാണ്‌. അതുകൊണ്ട്‌ തന്റെ ജീവിതാന്ത്യത്തോടടുത്ത്‌ സ്വജനമായ ഇസ്രായേല്യരോട്‌ തികഞ്ഞ ബോധ്യത്തോടെ ഹൃദയത്തിൽനിന്ന്‌ അവന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഇതാ, ഞാൻ ഇന്നു സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്‌തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ല.” (യോശു. 23:14) അതെ, യഹോവ അക്ഷരംപ്രതി തന്റെ വാക്കു പാലിച്ചു, അതിനുവേണ്ടി അവൻ തീരുമാനിച്ചതുപോലെയെല്ലാം അവൻ ആയിത്തീർന്നു.

8. നമ്മുടെ നാളിൽ ദൈവം തന്റെ നാമത്തിന്റെ അർഥത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നത്‌ എങ്ങനെ?

8 സമാനമായി ഇന്നും യഹോവ തന്റെ പേരിനെ സാർഥകമാക്കിക്കൊണ്ട്‌ പ്രവർത്തിക്കുന്നു. അന്ത്യനാളുകളിൽ രാജ്യസന്ദേശം “ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും” എന്ന്‌ അവൻ തന്റെ പുത്രൻ മുഖാന്തരം മുൻകൂട്ടിപ്പറഞ്ഞു. (മത്താ. 24:14) സർവശക്തനായ ദൈവത്തിനല്ലാതെ മറ്റാർക്കാണ്‌ അത്തരമൊരു വേലയെക്കുറിച്ച്‌ മുൻകൂട്ടിപ്പറയാനും അതു നടക്കുന്നുവെന്ന്‌ ഉറപ്പുവരുത്താനും “പഠിപ്പില്ലാത്തവരും സാധാരണക്കാരും” ആയ ആളുകളെ ഉപയോഗിച്ച്‌ അതു നിർവഹിക്കാനും കഴിയുക? (പ്രവൃ. 4:13) അതുകൊണ്ട്‌ ഈ വേലയിൽ പങ്കുപറ്റുമ്പോൾ നാം ബൈബിൾപ്രവചനത്തിന്റെ നിവൃത്തിയിൽ പങ്കുപറ്റുകയാണ്‌. അതുപോലെ, നമ്മുടെ പിതാവിനെ നാം ആദരിക്കുകയാണെന്നു തെളിയിക്കുകയാണ്‌. ‘നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ’ എന്ന നമ്മുടെ പ്രാർഥന ആത്മാർഥമാണെന്നും നാം പ്രകടമാക്കുന്നു.—മത്താ. 6:9, 10.

അവന്റെ നാമം മഹനീയം!

യഹോവയെ ദൈവമായി അംഗീകരിക്കാൻ ഫറവോൻ കൂട്ടാക്കിയില്ല

9, 10. ഇസ്രായേല്യരുമായുള്ള ഇടപെടലുകളിലൂടെ യഹോവ എങ്ങനെയാണ്‌ തന്റെ നാമത്തിന്‌ തുടർന്നും അർഥം പകർന്നത്‌, എന്തായിരുന്നു ഫലം?

9 ഇസ്രായേല്യരുടെ പുറപ്പാടിനു ശേഷം അധികം വൈകാതെ, യഹോവ അവർക്കുവേണ്ടി പുതിയൊരു ധർമം ഏറ്റെടുത്തു. ന്യായപ്രമാണ ഉടമ്പടിയിലൂടെ അവൻ അവരുടെ ‘ഭർത്താവ്‌’ ആയിത്തീർന്നു; അതിനോട്‌ അനുബന്ധിച്ചുള്ള എല്ലാ ഉത്തരവാദിത്വങ്ങളും അവൻ മനസ്സോടെ ഏറ്റെടുത്തു. (യിരെ. 3:14) ഇസ്രായേല്യർ അങ്ങനെ അവന്റെ ആലങ്കാരിക ഭാര്യ, അവന്റെ നാമം വഹിക്കുന്ന ജനം ആയിത്തീർന്നു. (യെശ. 54:5, 6) അവർ യഹോവയ്‌ക്കു സന്തോഷത്തോടെ കീഴ്‌പെടുകയും അവന്റെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നിടത്തോളം അവൻ അവർക്ക്‌ എല്ലാം തികഞ്ഞ ഭർത്താവ്‌ ആകുമായിരുന്നു. അവൻ അവരെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും അവർക്ക്‌ സമാധാനം ചൊരിയുകയും ചെയ്യുമായിരുന്നു. (സംഖ്യാ. 6:22-27) അങ്ങനെ യഹോവയുടെ അതിശ്രേഷ്‌ഠനാമം ജനതകളുടെ ഇടയിൽ വിശ്രുതമാകുമായിരുന്നു. (ആവർത്തനപുസ്‌തകം 4:5-8; സങ്കീർത്തനം 86:7-10 വായിക്കുക.) അങ്ങനെതന്നെ സംഭവിച്ചു. ഇസ്രായേലിന്റെ ചരിത്രത്തിലുടനീളം അന്യജാതിക്കാരായ അനേകർ സത്യാരാധനയിൽ ആകൃഷ്ടരായി വന്നുചേർന്നു. “നിന്റെ ജനം എന്റെ ജനം നിന്റെ ദൈവം എന്റെ ദൈവം” എന്ന്‌ നൊവൊമിയോടു പറഞ്ഞ മോവാബ്യസ്‌ത്രീയായ രൂത്തിന്റെ മനോഭാവമായിരുന്നു അവർക്കെല്ലാം.—രൂത്ത്‌ 1:16.

10 ഇസ്രായേല്യരുമായുള്ള യഹോവയുടെ 1,500-ഓളം വർഷത്തെ ഇടപെടലുകളിലൂടെ അവന്റെ വ്യക്തിത്വത്തിന്റെ നിരവധി പുതിയ മുഖങ്ങൾ വെളിപ്പെട്ടു. ആവർത്തിച്ചു വഴിപിഴച്ച ആ ജനതയോട്‌ അവൻ വീണ്ടുംവീണ്ടും ‘കരുണയും, ദീർഘക്ഷമയും’ കാണിച്ചു. അസാധാരണ സഹിഷ്‌ണുതയും ക്ഷമയും ഉള്ള ദൈവമാണ്‌ യഹോവ. (പുറ. 34:5-7) അവന്റെ ക്ഷമയ്‌ക്കു പക്ഷേ പരിധിയുണ്ട്‌. യഹൂദജനത അവന്റെ പുത്രനെ തിരസ്‌കരിച്ച്‌ കൊന്നുകളഞ്ഞപ്പോൾ യഹോവയുടെ ക്ഷമ ആ പരിധിയിലെത്തി. (മത്താ. 23:37, 38) ദൈവനാമം വഹിക്കുന്ന ജനമായിരിക്കുക എന്ന പദവി ജഡികയിസ്രായേലിനു നഷ്ടമായി. ഒരു സമൂഹമെന്ന നിലയിൽ അവർ, ഉണങ്ങിപ്പോയ ഒരു മരം പോലെ ആത്മീയമൃതാവസ്ഥയിലായി. (ലൂക്കോ. 23:31) ദിവ്യനാമത്തോടുള്ള അവരുടെ മനോഭാവത്തെ ഇത്‌ എങ്ങനെയാണ്‌ ബാധിച്ചത്‌?

11. യഹൂദജനതയിൽനിന്ന്‌ ദൈവനാമം അപ്രത്യക്ഷമായത്‌ എങ്ങനെ?

11 കാലാന്തരത്തിൽ, ദൈവനാമത്തോട്‌ അന്ധവിശ്വാസപരമായ ഒരു മനോഭാവം യഹൂദന്മാർ വളർത്തിയെടുത്തതായി ചരിത്രം സൂചിപ്പിക്കുന്നു. ഉച്ചരിച്ചുകൂടാത്തവണ്ണം പവിത്രമായി അവർ അതിനെ കരുതി. (പുറ. 20:7) പക്ഷേ, ദൈവനാമം ക്രമേണ യഹൂദമതത്തിൽ നിന്ന്‌ അപ്രത്യക്ഷമാകാനേ അത്‌ ഉതകിയുള്ളൂ. തന്റെ നാമത്തോടുള്ള ഈ കടുത്ത അനാദരവ്‌ യഹോവയെ ദുഃഖിപ്പിച്ചു എന്നതിനു സംശയമില്ല. (സങ്കീ. 78:40, 41) എന്നിരുന്നാലും “തീക്ഷ്‌ണൻ” എന്നു നാമമുള്ള യഹോവ, തന്നെ തിരസ്‌കരിക്കുകയും തന്നിമിത്തം താൻ തിരസ്‌കരിക്കുകയും ചെയ്‌ത ഒരു ജനത്തോടു ചേർത്ത്‌ തന്റെ നാമം തുടർന്നും ഉപയോഗിക്കാൻ അനുവദിക്കുകയില്ലായിരുന്നു. (പുറ. 34:14) ഇത്‌ നമ്മുടെ സ്രഷ്ടാവിന്റെ നാമം അത്യാദരവോടെ കരുതേണ്ടതാണ്‌ എന്ന വസ്‌തുതയ്‌ക്ക്‌ അടിവരയിടുന്നു.

ദൈവനാമം വിളിക്കപ്പെട്ട ഒരു പുതിയ ജനത

12. തന്റെ നാമം വഹിക്കുമെന്നു മുൻകൂട്ടിപ്പറയപ്പെട്ട ജനതയെ യഹോവ എങ്ങനെയാണ്‌ ഉളവാക്കിയത്‌?

12 ഒരു പുതിയ ജനതയുമായി, അതായത്‌ ആത്മീയയിസ്രായേലുമായി, ഒരു പുതിയ ഉടമ്പടി ചെയ്യാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ച്‌ യഹോവ യിരെമ്യാവിലൂടെ അറിയിച്ചു. അതിലെ എല്ലാ അംഗങ്ങളും, ‘ആബാലവൃദ്ധം യഹോവയെ അറിയും’ എന്ന്‌ യിരെമ്യാവ്‌ മുൻകൂട്ടിപ്പറഞ്ഞു. (യിരെ. 31:31, 33, 34) എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ ദൈവം പുതിയ ഉടമ്പടി സ്ഥാപിച്ചപ്പോൾ ആ പ്രവചനം നിവൃത്തിയേറാൻ തുടങ്ങി. യഹൂദരും യഹൂദേതരരും ഉൾപ്പെട്ട ആ പുതിയ ജനത, അഥവാ ‘ദൈവത്തിന്റെ ഇസ്രായേൽ,’ ‘ദൈവത്തിന്റെ നാമത്തിനായുള്ള ഒരു ജനം’ ആയിത്തീർന്നു. ‘എന്റെ നാമം വഹിക്കുന്നവർ’ എന്ന്‌ യഹോവ അവരെ വിളിച്ചു.—ഗലാ. 6:16; പ്രവൃത്തികൾ 15:14-17 വായിക്കുക; മത്താ. 21:43.

13. (എ) ആദിമക്രിസ്‌ത്യാനികൾ ദൈവനാമം ഉപയോഗിച്ചിരുന്നോ? വിശദീകരിക്കുക. (ബി) ശുശ്രൂഷയിൽ ദൈവനാമം ഉപയോഗിക്കാനുള്ള പദവിയെ നിങ്ങൾ എങ്ങനെ കാണുന്നു?

13 ‘ദൈവനാമം വഹിക്കുന്നവർ’ എന്നനിലയിൽ ആ ആത്മീയജനതയിലെ അംഗങ്ങൾ ദിവ്യനാമം ഉപയോഗിച്ചിരുന്നു. എബ്രായതിരുവെഴുത്തിൽനിന്ന്‌ ഉദ്ധരിച്ചപ്പോൾ ഉറപ്പായും അവർ അങ്ങനെ ചെയ്‌തിരുന്നു. b അതുകൊണ്ട്‌ എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ പത്രോസ്‌ അപ്പൊസ്‌തലൻ യഹൂദരും യഹൂദമതം സ്വീകരിച്ചവരും അടങ്ങുന്ന ഒരു സാർവദേശീയസമൂഹത്തെ സംബോധന ചെയ്‌തപ്പോൾ ദൈവനാമം അനേകം തവണ ഉപയോഗിച്ചു. (പ്രവൃ. 2:14, 20, 21, 25, 34) ആദിമക്രിസ്‌ത്യാനികൾ യഹോവയെ ആദരിച്ചു. തന്മൂലം, പ്രസംഗവേലയിലുള്ള അവരുടെ ശ്രമങ്ങളെ യഹോവയും അനുഗ്രഹിച്ചു. സമാനമായി ഇന്ന്‌, ദൈവനാമം അഭിമാനത്തോടെ പ്രസിദ്ധമാക്കുകയും താത്‌പര്യമുള്ളവരെ സാധ്യമെങ്കിൽ അവരുടെ ബൈബിളിൽനിന്നുതന്നെ അത്‌ എടുത്തു കാണിക്കുകയും ചെയ്യുമ്പോൾ യഹോവ നമ്മുടെ ശുശ്രൂഷയെ അനുഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ നാം സത്യദൈവത്തെ അവർക്കു പരിചയപ്പെടുത്തുകയാണ്‌. നമുക്കും അവർക്കും എത്ര വലിയൊരു പദവിയാണ്‌ അത്‌! നിത്യതയിലെന്നും നിലനിൽക്കാനും ദൃഢതരമാകാനും പോകുന്ന ഒരു അതുല്യബന്ധത്തിന്റെ, യഹോവയുമായുള്ള ബന്ധത്തിന്റെ, തുടക്കം അവിടെനിന്നാകാം.

14, 15. വിശ്വാസത്യാഗം വ്യാപിച്ചിട്ടും തന്റെ ശാശ്വതനാമത്തിനുവേണ്ടി യഹോവ എന്തു ചെയ്‌തിരിക്കുന്നു?

14 പിൽക്കാലത്ത്‌, വിശേഷിച്ചും അപ്പൊസ്‌തലന്മാരുടെ മരണശേഷം വിശ്വാസത്യാഗം ക്രിസ്‌തീയസഭയിൽ പടർന്നുപിടിച്ചു. (2 തെസ്സ. 2:3-7) യഹൂദസമ്പ്രദായം കടമെടുത്ത്‌, ദൈവത്തിന്റെ നാമം ഉപയോഗിക്കേണ്ടതില്ല എന്നുപോലും ചില വ്യാജോപദേഷ്ടാക്കൾ പഠിപ്പിച്ചു. തന്റെ ശാശ്വതനാമം എന്നേക്കുമായി മാഞ്ഞുപോകാൻ അവൻ അനുവദിക്കുമായിരുന്നോ? ഒരിക്കലുമില്ല! അതിന്റെ കൃത്യമായ ഉച്ചാരണം ഇപ്പോൾ വ്യക്തമല്ല എന്നതു ശരിതന്നെ. എന്നാൽ ആ നാമം കാലമിന്നോളം നിലനിന്നിരിക്കുന്നു. ചരിത്രത്തിലുടനീളം, വ്യത്യസ്‌ത ബൈബിൾപരിഭാഷകളിലും ബൈബിൾപണ്ഡിതന്മാരുടെ കൃതികളിലും ആ നാമം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്‌, ദൈവത്തിന്റെ അനവധിയായ സ്ഥാനപ്പേരുകളെ അപേക്ഷിച്ച്‌ “യഹോവ” എന്നുള്ളത്‌ “അവന്റെ വ്യക്തിത്വത്തെ ഏറ്റവും നന്നായി വിളിച്ചോതുന്നതായി തോന്നുന്നു” എന്ന്‌ 1757-ൽ ചാൾസ്‌ പീറ്റേഴ്‌സ്‌ എഴുതി. ദൈവാരാധനയെക്കുറിച്ച്‌ 1797-ൽ രചിക്കപ്പെട്ട പുസ്‌തകത്തിന്റെ ഏഴാം അധ്യായം ഹോപ്‌ടൺ ഹെയ്‌ൻസ്‌ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌: “യഹൂദർക്കിടയിൽ, ദൈവത്തിന്റെ വ്യക്തിനാമമാണ്‌ യഹോവ. അവനെ മാത്രമാണ്‌ അവർ ആരാധിച്ചത്‌. ക്രിസ്‌തുവും അവന്റെ അപ്പൊസ്‌തലന്മാരും അങ്ങനെതന്നെ ചെയ്‌തു.” ഹെൻട്രി ഗ്രൂ (1781-1862) ദൈവനാമം ഉപയോഗിക്കുക മാത്രമല്ല അത്‌ നിന്ദിക്കപ്പെട്ടിരിക്കുന്നതിനാൽ വിശുദ്ധമാക്കപ്പെടേണ്ടത്‌ ആവശ്യമാണെന്നു തിരിച്ചറിയുകയും ചെയ്‌തു. അതുപോലെ, ചാൾസ്‌ റ്റി. റസ്സലിന്റെ ഒരു അടുത്ത സഹകാരിയായിരുന്ന ജോർജ്‌ സ്റ്റോഴ്‌സ്‌ (1796-1879) റസ്സലിനെപ്പോലെതന്നെ ദൈവനാമം ഉപയോഗിച്ചിരുന്നു.

15 ശ്രദ്ധേയമായ ഒരു വർഷമാണ്‌ 1931. അതുവരെ അന്താരാഷ്‌ട്ര ബൈബിൾവിദ്യാർഥികൾ എന്ന്‌ അറിയപ്പെട്ടിരുന്ന ദൈവജനം യഹോവയുടെ സാക്ഷികൾ എന്ന തിരുവെഴുത്തുപരമായ പേരു സ്വീകരിച്ചത്‌ ആ വർഷമാണ്‌. (യെശ. 43:10-12) അങ്ങനെ ഏകസത്യദൈവത്തിന്റെ ദാസന്മാരായിരിക്കാനും ദൈവനാമം പ്രകീർത്തിച്ചുകൊണ്ട്‌ ആ “നാമത്തിനായി” വേർതിരിക്കപ്പെട്ട ഒരു ജനമായിരിക്കാനും തങ്ങൾക്ക്‌ അഭിമാനമാണെന്ന്‌ അവർ ലോകത്തോടു വിളിച്ചുപറഞ്ഞു. (പ്രവൃ. 15:14) ഈ സംഭവങ്ങൾ മലാഖി 1:11-ലെ യഹോവയുടെ വാക്കുകൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു: “സൂര്യന്റെ ഉദയംമുതൽ അസ്‌തമനംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു.”

യഹോവയുടെ നാമത്തിൽ നടക്കുക

16. “യഹോവയുടെ നാമത്തിൽ” നടക്കുന്നതിനെ ഒരു ബഹുമതിയായി വീക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

16 മീഖാ പ്രവാചകൻ എഴുതി: “സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.” (മീഖാ 4:5) തന്റെ നാമത്തോടു ബന്ധപ്പെടുത്തി യഹോവയുടെ സാക്ഷികൾ എന്ന്‌ അറിയപ്പെടാൻ ബൈബിൾവിദ്യാർഥികളെ ദൈവം അനുവദിച്ചത്‌ അവർക്കു ലഭിച്ച വലിയൊരു ബഹുമതി മാത്രമായിരുന്നില്ല, അവർക്കുള്ള ദൈവാംഗീകാരത്തിന്റെ സ്‌പഷ്ടമായ ഒരു തെളിവുകൂടിയായിരുന്നു. (മലാഖി 3:16-18 വായിക്കുക.) എന്നാൽ വ്യക്തിപരമായി നിങ്ങളെ സംബന്ധിച്ചെന്ത്‌? ‘യഹോവയുടെ നാമത്തിൽ നടക്കാൻ’ നിങ്ങൾ സകല ശ്രമവും ചെയ്യുന്നുണ്ടോ? അതിൽ ഉൾപ്പെട്ടിരിക്കുന്ന സംഗതികൾ നിങ്ങൾ തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്യുന്നുണ്ടോ?

17. ദൈവത്തിന്റെ നാമത്തിൽ നടക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

17 ദൈവത്തിന്റെ നാമത്തിൽ നടക്കുന്നതിൽ ചുരുങ്ങിയത്‌ മൂന്നു സംഗതികളെങ്കിലും ഉൾപ്പെട്ടിരിക്കുന്നു. ഒന്നാമതായി, ‘യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവർ മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ’ എന്നു തിരിച്ചറിഞ്ഞുകൊണ്ട്‌ നാം ആ നാമം മറ്റുള്ളവരോട്‌ ഘോഷിക്കണം. (റോമ. 10:13) രണ്ടാമതായി, നാം യഹോവയുടെ ഗുണങ്ങൾ പ്രതിഫലിപ്പിക്കേണ്ടതുണ്ട്‌, വിശേഷിച്ചും അവന്റെ സ്‌നേഹം. (1 യോഹ. 4:8) മൂന്നാമതായി, ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കു സന്തോഷത്തോടെ കീഴ്‌പെടുമ്പോൾ നാം ദൈവനാമത്തിൽ നടക്കുകയാണ്‌. കീഴ്‌പെടാത്തപക്ഷം, നമ്മുടെ പിതാവിന്റെ വിശുദ്ധനാമത്തിന്മേൽ നാം നിന്ദവരുത്തുകയായിരിക്കും. (1 യോഹ. 5:3) ‘നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കാൻ’ നിങ്ങൾ നിശ്ചയിച്ചുറച്ചിരിക്കുന്നുവോ?

18. യഹോവയുടെ അതിശ്രേഷ്‌ഠനാമത്തെ ആദരിക്കുന്നവർക്കെല്ലാം വിശ്വാസത്തോടെ ഭാവിയിലേക്കു നോക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

18 യഹോവയെ അവഗണിക്കുകയോ ധിക്കരിക്കുകയോ ചെയ്യുന്ന എല്ലാവരും അവൻ ആരെന്നു തിരിച്ചറിയാൻ ഉടൻതന്നെ നിർബന്ധിതരായിത്തീരും. (യെഹെ. 38:23) “യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ?” എന്നു ചോദിച്ച ഫറവോനെപ്പോലെയുള്ള ആളുകൾ അതിൽ ഉൾപ്പെടുന്നു. ഫറവോന്‌ അതു തിരിച്ചറിയാൻ ഒട്ടും സമയം വേണ്ടിവന്നില്ല! (പുറ. 5:1, 2; 9:16; 12:29) എന്നാൽ നമ്മെ സംബന്ധിച്ചിടത്തോളം യഹോവയെ അറിയാൻ നാം മനസ്സോടെ മുന്നോട്ടുവന്നിരിക്കുകയാണ്‌. ആ നാമം വഹിക്കുന്നതിലും ആ നാമത്തിൽ അറിയപ്പെടുന്ന അവന്റെ അനുസരണയുള്ള ജനമായിരിക്കുന്നതിലും നാം അഭിമാനിക്കുന്നു. അതുകൊണ്ട്‌ സങ്കീർത്തനം 9:10-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്‌ദാനത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട്‌ നാം ഭാവിയിലേക്കു നോക്കുന്നു: “നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.”

a ‘ആയിത്തീരുക’ എന്നർഥമുള്ള എബ്രായക്രിയയുടെ ഒരു രൂപമാണ്‌ ദൈവനാമം.

b ആദിമക്രിസ്‌ത്യാനികൾ ഉപയോഗിച്ചിരുന്ന എബ്രായപാഠത്തിൽ ദൈവനാമചതുരക്ഷരി അടങ്ങിയിരുന്നു. എബ്രായതിരുവെഴുത്തുകളുടെ ഗ്രീക്കുപരിഭാഷയായ സെപ്‌റ്റുവജിന്റിന്റെ ആദ്യപ്രതികളിലും അതുണ്ടായിരുന്നെന്ന്‌ തെളിവുകൾ സൂചിപ്പിക്കുന്നു.