യഹോവയെ സ്നേഹിക്കുന്നവർക്ക് “വീഴ്ചെക്കു സംഗതി ഏതുമില്ല”
“നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല (“ഇടർച്ചയൊന്നുമില്ല,” ന്യൂ ഇൻഡ്യ ഭാഷാന്തരം).”—സങ്കീ. 119:165.
1. പിന്മാറിപ്പോകാതിരിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ഒരു ഓട്ടക്കാരിയുടെ മനോഭാവവുമായി എങ്ങനെ താരതമ്യം ചെയ്യാം?
മേരി ഡെക്കർ കൗമാരത്തിന്റെ തുടക്കത്തിൽത്തന്നെ ഒരു ലോകോത്തര ഓട്ടക്കാരിയെന്ന ഖ്യാതി നേടിയിരുന്നു. 1984-ലെ ഒളിമ്പിക്സിൽ, 3,000 മീറ്റർ ഓട്ടത്തിൽ സ്വർണം അവൾക്കായിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചതാണ്. പക്ഷേ ഫിനിഷ്-ലൈൻ തൊടാൻ അവൾക്കായില്ല. ഓട്ടത്തിനിടെ മറ്റൊരു ഓട്ടക്കാരിയുടെ കാലിൽത്തട്ടി അവൾ വീണുപോയി. പരിക്കേറ്റ അവളെ ഓട്ടക്കളത്തിനു പുറത്തേക്ക് എടുത്തുകൊണ്ടു പോകുമ്പോൾ അവൾ വിങ്ങിപ്പൊട്ടുകയായിരുന്നു. പക്ഷേ, തോറ്റു പിന്മാറുന്ന കൂട്ടത്തിലായിരുന്നില്ല മേരി. ഒരു വർഷത്തിനകം അവൾ തിരികെയെത്തി. 1985-ൽ വനിതകളുടെ ഒരുമൈൽ ഓട്ടത്തിൽ അവൾ ഒരു പുതിയ ലോകറെക്കോർഡ് സ്ഥാപിച്ചു.
2. യഥാർഥക്രിസ്ത്യാനികൾ ഒരു ഓട്ടത്തിലായിരിക്കുന്നത് ഏത് അർഥത്തിൽ, നാം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് എന്തിലാണ്?
2 ക്രിസ്ത്യാനികളെന്ന നിലയിൽ നാമെല്ലാം ഒരു ഓട്ടത്തിലാണ്. ആലങ്കാരികമായ ഒരു ഓട്ടമാണ് നമ്മുടേത്. ജയിക്കാനായി ഓടുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. വിജയത്തിന് വേഗം നിർണായകഘടകമായിരിക്കുന്ന ഒരു ഹ്രസ്വദൂര ഓട്ടമല്ല നമ്മുടേത്. ഓടിയും ഇടയ്ക്കിടെ നിന്നും, വ്യായാമം ലക്ഷ്യമാക്കി ചെയ്യുന്ന ഒരു ഓട്ടവുമല്ല അത്. മറിച്ച് വിജയിക്കാൻ സഹിഷ്ണുത അനിവാര്യമായ ഒരു മാരത്തോൺ ഓട്ടത്തോട് നമ്മുടെ ഓട്ടത്തെ താരതമ്യം ചെയ്യാനാകും. കായികമത്സരങ്ങൾക്കു പേരുകേട്ട കൊരിന്തിലെ ക്രിസ്ത്യാനികൾക്കുള്ള തന്റെ ലേഖനത്തിൽ പൗലോസ് അപ്പൊസ്തലൻ അവരെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ഓട്ടക്കാരായി കൽപ്പിച്ചുകൊണ്ട് ഇങ്ങനെ എഴുതി: “ഓട്ടമത്സരത്തിൽ ഓട്ടക്കാർ എല്ലാവരും ഓടുന്നെങ്കിലും ഒരുവനേ സമ്മാനം നേടുന്നുള്ളൂ എന്നു നിങ്ങൾക്ക് അറിയില്ലയോ? ആകയാൽ നിങ്ങൾ സമ്മാനം നേടാൻ തക്കവണ്ണം ഓടുവിൻ.”—1 കൊരി. 9:24.
3. നിത്യജീവനുവേണ്ടിയുള്ള ഓട്ടത്തിൽ ഓട്ടക്കാർക്കെല്ലാം വിജയിക്കാനാകുന്നത് എങ്ങനെ?
3 ആലങ്കാരികമായ ഈ ഓട്ടത്തിൽ പങ്കെടുക്കാൻ ബൈബിൾ നമ്മോടു പറയുന്നു. (1 കൊരിന്ത്യർ 9:25-27 വായിക്കുക.) സമ്മാനം നിത്യജീവനാണ്, അഭിഷിക്തക്രിസ്ത്യാനികൾക്ക് സ്വർഗത്തിലും ശേഷിക്കുന്നവർക്ക് ഭൂമിയിലും. സാധാരണ കായികമത്സരങ്ങളിൽനിന്നു വ്യത്യസ്തമാണ് ഇത്. ഈ ഓട്ടത്തിൽ പങ്കെടുക്കുകയും അവസാനത്തോളം സഹിച്ചുനിൽക്കുകയും ചെയ്യുന്ന എല്ലാവർക്കും സമ്മാനം നേടാം. (മത്താ. 24:13) ചട്ടപ്രകാരം ഓടാതിരിക്കുകയോ ഓട്ടം പൂർത്തീകരിക്കാതിരിക്കുകയോ ചെയ്യുന്നെങ്കിൽ മാത്രമേ മത്സരാർഥികൾക്ക് സമ്മാനം നഷ്ടപ്പെടുകയുള്ളൂ. മാത്രവുമല്ല, സമ്മാനമായി നിത്യജീവൻ വാഗ്ദാനം ചെയ്യുന്ന ഏക ഓട്ടമത്സരവും ഇതാണ്.
4. നിത്യജീവൻ നേടാനുള്ള ഓട്ടം വെല്ലുവിളികൾ നിറഞ്ഞത് ആയിരിക്കുന്നത് എന്തുകൊണ്ട്?
4 ലക്ഷ്യം തൊടുക എന്നത് അത്ര അനായാസമല്ല. അതിന് ആത്മശിക്ഷണം കൂടിയേതീരൂ. ഒപ്പം, വ്യക്തമായ ലക്ഷ്യബോധവും അതു കൈവരിക്കാനുള്ള നിശ്ചയദാർഢ്യവും ഉണ്ടായിരിക്കണം. ഒരിക്കൽപ്പോലും ഇടറാതെ ലക്ഷ്യം നേടാൻ ഒരാൾക്കുമാത്രമേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ—യേശുക്രിസ്തുവിന്. എന്നാൽ ക്രിസ്തുവിന്റെ അനുഗാമികളെല്ലാം “പലതിലും തെറ്റിപ്പോകുന്നുവല്ലോ” എന്ന് ശിഷ്യനായ യാക്കോബ് എഴുതി. (യാക്കോ. 3:2) അത് എത്ര സത്യമാണ്! നമ്മുടെയും മറ്റുള്ളവരുടെയും അപൂർണതകൾ നമുക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. അതുകൊണ്ട് ചിലപ്പോഴൊക്കെ ഓട്ടത്തിനിടെ എവിടെയെങ്കിലും കാലു തട്ടി വേച്ചുപോകാനും അങ്ങനെ ഗതിവേഗം നഷ്ടമാകാനും ഇടയായേക്കാം. ചിലപ്പോൾ നാം വീണുപോയെന്നും വരാം. പക്ഷേ നാം എഴുന്നേറ്റ് വീണ്ടും ഓട്ടം തുടരും. ചിലർക്ക് വീണിടത്തുനിന്ന് എഴുന്നേൽക്കാനും ഓട്ടം തുടരാനും സഹായം ആവശ്യമായി വന്നിട്ടുണ്ട്. അതുകൊണ്ട്, ക്ഷണനേരത്തേക്ക് നമ്മുടെ കാൽ ഇടറാനോ നാം വീഴാനോ സാധ്യതയുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. ഒരുപക്ഷേ പലയാവർത്തിപോലും അങ്ങനെ സംഭവിച്ചേക്കാം.—1 രാജാ. 8:46.
ഇടറിവീണാലും, എഴുന്നേറ്റ് ഓടുക
5, 6. (എ) ഒരു ക്രിസ്ത്യാനിക്ക് “വീഴ്ചെക്കു സംഗതി ഏതുമില്ല” എന്നു പറയുന്നത് ഏത് അർഥത്തിൽ, എഴുന്നേൽക്കാൻ ഒരുവനെ എന്തു സഹായിക്കും? (ബി) ഇടറിവീഴുന്ന ചിലർ എഴുന്നേൽക്കാത്തത് എന്തുകൊണ്ട്?
5 ഇടറിവീണാലും, തുടർന്നു നാം എന്തു ചെയ്യുന്നുവെന്നുള്ളത് നാം ഏതുതരം വ്യക്തികളാണ് എന്നത് വെളിവാക്കും. ചിലർ അനുതപിക്കുകയും ദൈവത്തെ സേവിക്കുന്നത് തുടരുകയും ചെയ്യും. എന്നാൽ മറ്റുചിലർ അനുതപിക്കുകയില്ല. സദൃശവാക്യങ്ങൾ (സുഭാഷിതങ്ങൾ, പി.ഒ.സി.) 24:16-ലെ വാക്കുകൾ ശ്രദ്ധിക്കുക: “നീതിമാൻ ഏഴുതവണ വീണാലും വീണ്ടും എഴുന്നേൽക്കും; ദുഷ്ടനാകട്ടെ കാലിടറി വീഴുന്നത് പൂർണനാശത്തിലേക്കാണ്.”
6 തന്നിൽ ആശ്രയിക്കുന്നവർ, പ്രാതികൂല്യങ്ങളോ ക്രിസ്തീയജീവിതത്തിൽ ഉണ്ടായ പിഴവുകളോ നിമിത്തം എഴുന്നേൽക്കാനാകാത്തവിധം ഇടറിവീണുപോകാൻ യഹോവ ഒരിക്കലും അനുവദിക്കുകയില്ല. ഭക്തിപൂർണമായ ജീവിതം തുടരാൻ തക്കവിധം വീണ്ടും ‘എഴുന്നേൽക്കാൻ’ നമ്മെ സഹായിക്കുമെന്ന് അവൻ ഉറപ്പുനൽകിയിരിക്കുന്നു. യഹോവയെ ഹൃദയപൂർവം സ്നേഹിക്കുന്ന എല്ലാവർക്കും എത്ര ആശ്വാസദായകമാണ് അത്! എന്നാൽ ദുഷ്ടന്മാർക്ക് എഴുന്നേൽക്കണമെന്ന ആഗ്രഹമില്ല. അവർ ദൈവാത്മാവിന്റെയും ദൈവജനത്തിന്റെയും സഹായം തേടുന്നില്ല. ഇനി, അതു നൽകിയാലും അവർ സ്വീകരിക്കുന്നില്ല. അതേസമയം, ‘യഹോവയുടെ ന്യായപ്രമാണത്തെ സ്നേഹിക്കുന്നവരെ’ സംബന്ധിച്ചിടത്തോളം നിത്യജീവനായുള്ള ഓട്ടത്തിൽനിന്ന് അവരെ എന്നേക്കുമായി വീഴിച്ചുകളയുന്ന സംഗതികൾ ഏതുമില്ല.—സങ്കീർത്തനം 119:165 വായിക്കുക.
7, 8. ഒരാൾ വീണേക്കാമെങ്കിലും ദൈവപ്രീതിയിൽ തുടരാനാകുന്നത് എങ്ങനെ?
7 ചില ആളുകൾ ഏതെങ്കിലും ബലഹീനതകൾ നിമിത്തം ചെറിയ ചില പാപങ്ങളിൽ വീണുപോകാറുണ്ട്, ഒരുപക്ഷേ പലയാവർത്തിപോലും. എന്നാൽ, അപ്പോഴെല്ലാം അവർ ‘എഴുന്നേൽക്കുന്നെങ്കിൽ’ അതായത്, ആത്മാർഥമായി അനുതപിക്കുകയും വിശ്വസ്തസേവനത്തിന്റെ ഗതിയിൽ തുടരാൻ കഠിനമായി ശ്രമിക്കുകയും ചെയ്യുന്നെങ്കിൽ, അവർ യഹോവയുടെ ദൃഷ്ടിയിൽ തുടർന്നും നീതിമാന്മാർതന്നെ ആയിരിക്കും. പുരാതന ഇസ്രായേലുമായുള്ള യഹോവയുടെ ഇടപെടലുകളിൽ ഇതു വ്യക്തമാണ്. (യെശ. 41:9, 10) മേലുദ്ധരിച്ച, സദൃശവാക്യങ്ങൾ 24:16 ഊന്നൽ നൽകുന്നത് നാം ‘വീഴും’ എന്നുള്ള നിഷേധാത്മകസംഗതിക്കല്ല, പ്രത്യുത കരുണാമയനായ ദൈവത്തിന്റെ സഹായത്താൽ നാം ‘എഴുന്നേൽക്കും’ എന്നുള്ള ശുഭസൂചകമായ വസ്തുതയ്ക്കാണ്. (യെശയ്യാവു 55:7 വായിക്കുക.) യഹോവയാംദൈവത്തിനും യേശുക്രിസ്തുവിനും നമ്മിൽ വിശ്വാസമുള്ളതുകൊണ്ട് ‘എഴുന്നേൽക്കാൻ’ നമ്മെ ദയാപുരസ്സരം പ്രോത്സാഹിപ്പിക്കുന്നു.—സങ്കീ. 86:5; യോഹ. 5:19.
8 മാരത്തോൺ ഓട്ടത്തിൽ ഒരു ഓട്ടക്കാരൻ ഇടറുകയോ വീഴുകയോ ചെയ്താലും അടിയന്തിരതയോടെ പ്രവർത്തിക്കുന്നെങ്കിൽ എഴുന്നേറ്റ് ഓട്ടം തുടരാനും ലക്ഷ്യം കാണാനും അയാൾക്ക് സമയം കിട്ടിയേക്കും. നിത്യജീവനുവേണ്ടിയുള്ള നമ്മുടെ ഓട്ടത്തിന്റെ പരിസമാപ്തി കുറിക്കുന്ന ‘നാളോ നാഴികയോ’ നമുക്ക് അറിയില്ല. (മത്താ. 24:36) എന്നിരുന്നാലും, നാം ഇടറുന്നത് എത്ര കുറച്ചാണോ, അതനുസരിച്ചായിരിക്കും ഗതിവേഗം നഷ്ടപ്പെടാതെ ഓടി വിജയത്തിലെത്താനുള്ള സാധ്യതയും. അങ്ങനെയെങ്കിൽ ഇടറിവീഴുന്നത് നമുക്ക് എങ്ങനെ ഒഴിവാക്കാം?
മുന്നോട്ടുള്ള പ്രയാണം ദുഷ്കരമാക്കുന്ന ഇടർച്ചക്കല്ലുകൾ
9. നമുക്ക് ഇടർച്ചക്കല്ലുകൾ ആയേക്കാവുന്ന എന്തിനെക്കുറിച്ചെല്ലാമാണ് നാം പരിചിന്തിക്കാൻ പോകുന്നത്?
9 ഇടർച്ചക്കല്ലുകൾ ആയേക്കാവുന്ന അഞ്ചു സംഗതികൾ നമുക്കു പരിചിന്തിക്കാം. സ്വന്തം ബലഹീനതകൾ, ജഡത്തിന്റെ മോഹങ്ങൾ, സഹവിശ്വാസികളിൽനിന്നുള്ള അനീതികൾ, കഷ്ടതകളും പീഡനങ്ങളും, മറ്റുള്ളവരുടെ അപൂർണതകൾ എന്നിവയാണ് അവ. ഇതിൽ ഏതിലെങ്കിലും തട്ടി നാം ഇടറിപ്പോയിരിക്കുന്നെങ്കിൽ ഓർക്കുക, നമ്മോട് വളരെ ക്ഷമയോടെ ഇടപെടുന്നവനാണ് യഹോവ. നമ്മെ അവിശ്വസ്തരെന്ന് മുദ്രകുത്താൻ തിടുക്കമുള്ളവനല്ല അവൻ.
10, 11. ദാവീദിന് ഏതു ബലഹീനതയുമായി പോരാടേണ്ടിവന്നു?
10 ഓട്ടക്കളത്തിൽ അങ്ങിങ്ങായി കിടക്കുന്ന കല്ലുകൾ പോലെയാണ് സ്വന്തം ബലഹീനതകൾ. ദാവീദുരാജാവിന്റെയും പത്രോസ് അപ്പൊസ്തലന്റെയും ജീവിതത്തിലെ ചില സംഭവങ്ങളിലേക്ക് കണ്ണോടിച്ചാൽ അത്തരം രണ്ടു ബലഹീനതകൾ നമുക്ക് നിരീക്ഷിക്കാനാകും—ആത്മനിയന്ത്രണത്തിന്റെ കുറവും മാനുഷഭയവും.
11 ആത്മനിയന്ത്രണം പ്രകടിപ്പിക്കുന്ന കാര്യത്തിൽ ദാവീദുരാജാവിന്റെ ബലഹീനത വെളിവാക്കിയതാണ് ബത്ത്-ശേബ ഉൾപ്പെട്ട സംഭവം. അതുപോലെ, നാബാലിൽനിന്ന് അധിക്ഷേപം നേരിട്ടപ്പോൾ അവൻ മുന്നുംപിന്നും നോക്കാതെ ചാടിപ്പുറപ്പെട്ടു. ഈ അവസരങ്ങളിൽ ആത്മനിയന്ത്രണം പാലിക്കാനായില്ലെങ്കിലും യഹോവയെ പ്രീതിപ്പെടുത്താനുള്ള ശ്രമം അവൻ ഉപേക്ഷിച്ചില്ല. മറ്റുള്ളവരുടെ സഹായത്താൽ ആത്മീയസമനില വീണ്ടെടുക്കാൻ അവനായി.—1 ശമൂ. 25:5-13, 32, 33; 2 ശമൂ. 12:1-13.
12. ഇടറിയിട്ടും പത്രോസ് ഓട്ടം തുടർന്നത് എങ്ങനെ?
12 മാനുഷഭയം പത്രോസിന് ഒരു ഇടർച്ചക്കല്ലായി. അതിൽത്തട്ടി പതറിയ ചില സാഹചര്യങ്ങൾ അവന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എങ്കിലും അവൻ യഹോവയോടും യേശുവിനോടും വിശ്വസ്തനായി തുടർന്നു. ഒരവസരത്തിൽ അവൻ തന്റെ ഗുരുവിനെ പരസ്യമായി തള്ളിപ്പറഞ്ഞു, അതും മൂന്നു തവണ! (ലൂക്കോ. 22:54-62) പിന്നീടൊരിക്കൽ, ഒരു ക്രിസ്ത്യാനിക്കു ചേരാത്ത വിധത്തിൽ അവൻ പ്രവർത്തിച്ചു; വിജാതീയക്രിസ്ത്യാനികളോട് അവർ പരിച്ഛേദനയേറ്റ യഹൂദക്രിസ്ത്യാനികളോളം വരില്ല എന്ന മട്ടിൽ അവൻ ഇടപെട്ടു. പത്രോസിന്റെ ആ മനോഭാവം തെറ്റായിരുന്നു. ക്രിസ്തീയസഭയിൽ വർഗവിവേചനത്തിന് യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. പൗലോസ് അപ്പൊസ്തലന് അതു വ്യക്തമായി കാണാൻ കഴിഞ്ഞു. അതുകൊണ്ട് ആ ദുഷിപ്പ് സഹോദരങ്ങളിലേക്കു പടരുന്നതിനു മുമ്പുതന്നെ പൗലോസ് നടപടിയെടുത്തു. അവൻ പത്രോസിനെ മുഖത്തു നോക്കിത്തന്നെ തിരുത്തി. (ഗലാ. 2:11-14) അഭിമാനത്തിനു ക്ഷതമേറ്റിട്ട് നിത്യജീവനായുള്ള ഓട്ടത്തിൽനിന്ന് പത്രോസ് പിന്മാറിയോ? ഇല്ല. അവൻ പൗലോസിന്റെ ബുദ്ധിയുപദേശം ഗൗരവമായെടുക്കുകയും ബാധകമാക്കുകയും ഓട്ടം തുടരുകയും ചെയ്തു.
13. ആരോഗ്യപ്രശ്നം നമ്മെ ഇടറിച്ചേക്കാവുന്നത് എങ്ങനെ?
13 ചിലപ്പോൾ ആരോഗ്യപ്രശ്നമായിരിക്കാം ഒരു ബലഹീനത. അതും നമുക്ക് ഒരു ഇടർച്ചക്കല്ലായി നിലകൊണ്ടേക്കാം. അതു നമ്മുടെ ആത്മീയഗതിവേഗം കുറച്ചുകളയുകയും ഒരുപക്ഷേ നാം വേച്ചുപോകാനും മടുത്തുപിന്മാറാനും ഇടയാക്കുകയും ചെയ്തേക്കാം. ഉദാഹരണത്തിന്, ജപ്പാൻകാരിയായ ഒരു സഹോദരിക്ക് സ്നാനമേറ്റ് 17 വർഷത്തിനുശേഷം ഒരു ആരോഗ്യപ്രശ്നം നേരിട്ടു. ആരോഗ്യകാര്യങ്ങളിൽ മുഴുകിയിട്ട് അവൾ ആത്മീയമായി ക്ഷീണിതയായിത്തീർന്നു. ക്രമേണ സഹോദരി നിഷ്ക്രിയയായി. രണ്ടു മൂപ്പന്മാർ അവളെ സന്ദർശിച്ചു. അവരുടെ ദയാവാക്കുകൾ അവൾക്ക് പ്രോത്സാഹനമേകി. അവൾ വീണ്ടും യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. “സഹോദരങ്ങൾ എന്നെ ഊഷ്മളമായി സ്വാഗതം ചെയ്തപ്പോൾ എന്റെ കണ്ണുനിറഞ്ഞു,” സഹോദരി ഓർക്കുന്നു. നമ്മുടെ ഈ സഹോദരി ഇപ്പോൾ ഓട്ടക്കളത്തിൽ തിരികെയെത്തിയിരിക്കുന്നു!
14, 15. തെറ്റായ മോഹങ്ങൾ ഉണ്ടാകുമ്പോൾ ശക്തമായ എന്ത് നടപടിയെടുക്കണം? ഉദാഹരിക്കുക.
14 ജഡത്തിന്റെ മോഹങ്ങൾ പലരെയും ഇടറിച്ചിട്ടുണ്ട്. അത്തരം പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ മാനസികവും ധാർമികവും ആത്മീയവും ആയി ശുദ്ധിപാലിക്കാൻ നാം ശക്തമായ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്. നമുക്ക് ഇടർച്ചയായേക്കാവുന്ന എന്തിനെയും, അതു നമ്മുടെ കണ്ണോ കൈയോ ആണെങ്കിൽപ്പോലും, ആലങ്കാരികമായി ‘എറിഞ്ഞുകളയാനുള്ള’ യേശുവിന്റെ ബുദ്ധിയുപദേശം ഓർക്കുക. ചിലർ ഓട്ടം നിറുത്തിക്കളയാൻ ഇടയാക്കിയിട്ടുള്ള അധാർമിക ചിന്തകളും പ്രവൃത്തികളും ആ പട്ടികയിൽ ഉൾപ്പെടില്ലേ?—മത്തായി 5:29, 30 വായിക്കുക.
15 വളരെ പണ്ടുമുതലേ തനിക്ക് സ്വവർഗരതി പ്രവണതയുമായി മല്ലിടേണ്ടിവന്നിരുന്നു എന്ന് ഒരു ക്രിസ്തീയകുടുംബത്തിൽ വളർന്നുവന്ന ഒരു സഹോദരൻ എഴുതി. “എനിക്ക് എല്ലായ്പോഴും ജാള്യം തോന്നിയിരുന്നു; എങ്ങും പെടാത്തതുപോലൊരു തോന്നൽ” എന്ന് അദ്ദേഹം പറയുന്നു. 20 വയസ്സായപ്പോഴേക്കും അദ്ദേഹം ഒരു സാധാരണ പയനിയറും ഒരു ശുശ്രൂഷാദാസനും ആയിത്തീർന്നിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ഇടറിവീണു. അദ്ദേഹത്തിന് തിരുവെഴുത്തുപരമായ ശിക്ഷണവും മൂപ്പന്മാരിൽനിന്നുള്ള സഹായവും ലഭിച്ചു. പ്രാർഥനയും ദൈവവചനത്തിന്റെ പഠനവും മറ്റുള്ളവരെ സഹായിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചതും എഴുന്നേൽക്കാനും ആത്മീയഗതിവേഗം തിരിച്ചുപിടിക്കാനും അദ്ദേഹത്തെ സഹായിച്ചു. ഇപ്പോൾ, വർഷങ്ങൾക്കുശേഷവും അദ്ദേഹം പറയുന്നു: “ഇന്നും ചില സമയങ്ങളിൽ എനിക്ക് അങ്ങനെ തോന്നാറുണ്ട്. പക്ഷേ അത് എന്നെ കീഴ്പെടുത്താൻ ഞാൻ സമ്മതിക്കാറില്ല. നമുക്ക് താങ്ങാവുന്നതിനും അപ്പുറമുള്ള പരിശോധനകൾ യഹോവ അനുവദിക്കില്ല എന്നു ഞാൻ പഠിച്ചിരിക്കുന്നു. അതുകൊണ്ട് എനിക്കിതു തരണംചെയ്യാനാകുമെന്ന് ദൈവത്തിന് അറിയാമെന്നു ഞാൻ വിശ്വസിക്കുന്നു.” ആ സഹോദരൻ തുടരുന്നു: “ഞാൻ സഹിക്കുന്ന എല്ലാ ക്ലേശങ്ങൾക്കുമുള്ള പ്രതിഫലം പുതിയ ലോകത്തിൽ കിട്ടും. അതെനിക്കു വേണം. അതുവരെ ഞാൻ എന്റെ പോരാട്ടം തുടരും.” ഓട്ടത്തിൽ മുന്നേറാൻതന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.
16, 17. (എ) അനീതിക്ക് പാത്രമായി എന്നു തോന്നിയ ഒരു സഹോദരനെ സഹായിച്ചത് എന്ത്? (ബി) ഇടറാതിരിക്കണമെങ്കിൽ നാം മനസ്സിൽപ്പിടിക്കേണ്ട വസ്തുത എന്താണ്?
16 സഹവിശ്വാസികളിൽനിന്നുള്ള അനീതികൾ നമുക്ക് ഇടർച്ചക്കല്ലുകളായേക്കാം. ഫ്രാൻസിലുള്ള ഒരു സഹോദരന്റെ കാര്യമെടുക്കുക. അദ്ദേഹം ഒരിക്കൽ മൂപ്പനായി സേവിച്ചിരുന്നു. താൻ അനീതിക്ക് ഇരയായതായി തോന്നിയിട്ട് അദ്ദേഹം കടുത്ത നീരസത്തിലായി; സഭയുമായി സഹവസിക്കുന്നത് നിറുത്തുകയും നിഷ്ക്രിയനാകുകയും ചെയ്തു. രണ്ടു മൂപ്പന്മാർ അദ്ദേഹത്തെ സന്ദർശിച്ചു. തന്റെ തോന്നലുകളും ധാരണയുമെല്ലാം അദ്ദേഹം വിവരിച്ചപ്പോൾ സംസാരം തടസ്സപ്പെടുത്താതെ അവർ ശ്രദ്ധയോടെ കേട്ടിരുന്നു. ഭാരം യഹോവയുടെമേൽ ഇറക്കിവെക്കാൻ അവർ സഹോദരനെ പ്രോത്സാഹിപ്പിച്ചു. നമ്മെ സംബന്ധിച്ചിടത്തോളം മുഖ്യസംഗതി യഹോവയെ പ്രസാദിപ്പിക്കുകയാണെന്ന് അവർ എടുത്തുപറഞ്ഞു. മൂപ്പന്മാരുടെ നിർദേശം കൈക്കൊണ്ട അദ്ദേഹം സഭാകാര്യങ്ങളിൽ ശുഷ്കാന്തിയോടെ ഏർപ്പെട്ടുകൊണ്ട് താമസിയാതെ ഓട്ടക്കളത്തിൽ തിരികെയെത്തി.
17 ക്രിസ്ത്യാനികളെല്ലാം നോക്കേണ്ടത് സഭയുടെ നിയമിതശിരസ്സായ യേശുക്രിസ്തുവിലേക്കാണ്, അല്ലാതെ അപൂർണ മനുഷ്യരിലേക്കല്ല. ‘തീജ്വാലയ്ക്കു സമമായ’ കണ്ണുകളുള്ള യേശുവിന് കാര്യങ്ങളെല്ലാം വസ്തുനിഷ്ഠമായി കാണാനാകും; നാം ഒരിക്കലും കാണാത്ത വിശദാംശങ്ങൾപോലും. (വെളി. 1:13-16) ഉദാഹരണത്തിന്, ചില കാര്യങ്ങൾ നമുക്ക് അനീതിയെന്നു തോന്നുന്നത് നമ്മുടെ ഭാഗത്തെ ഒരു തെറ്റിദ്ധാരണയോ തെറ്റായ വിലയിരുത്തലോ മൂലമാണെന്ന് അവന് അറിയാം. സഭയിൽ എന്തെങ്കിലും ക്രമപ്പെടുത്തൽ ആവശ്യമുണ്ടെങ്കിൽ യേശു കൃത്യസമയത്ത് പിഴവറ്റ വിധത്തിൽ അതു കൈകാര്യം ചെയ്യും. അതുകൊണ്ട് ഏതെങ്കിലും സഹവിശ്വാസിയുടെ പ്രവൃത്തികളോ തീരുമാനങ്ങളോ ഇടർച്ചക്കല്ലുകളായിത്തീരാൻ നാം അനുവദിക്കരുത്.
18. കഷ്ടതകളെയും പ്രയാസസാഹചര്യങ്ങളെയും നമുക്ക് എങ്ങനെ സഹിച്ചുനിൽക്കാം?
18 കഷ്ടതകളും പീഡനങ്ങളും അതുപോലെ മറ്റുള്ളവരുടെ അപൂർണതകളും നമ്മെ ഇടറിച്ചേക്കാവുന്ന മറ്റു ചില സംഗതികളാണ്. “വചനംനിമിത്തം കഷ്ടതയോ പീഡനമോ ഉണ്ടാകു”ന്നത് ചില ആളുകളെ ഇടറിച്ചേക്കാം എന്ന് വിതക്കാരന്റെ ഉപമയിൽ യേശു പറഞ്ഞു. പീഡനം കുടുംബത്തിൽനിന്നോ അയൽക്കാരിൽനിന്നോ അധികാരികളിൽനിന്നോ ഒക്കെ ഉണ്ടായേക്കാം. അത് എവിടെനിന്നായാലും, ‘വേരില്ലാത്ത’ അഥവാ ആത്മീയതയ്ക്ക് ആഴമില്ലാത്ത വ്യക്തികളെ അത് വിശേഷാൽ ബാധിക്കാനിടയുണ്ട്. (മത്താ. 13:21) എന്നിരുന്നാലും, നാം ശരിയായ ഹൃദയാവസ്ഥ നിലനിറുത്തുന്നെങ്കിൽ രാജ്യവിത്ത് ആഴത്തിൽ വേരുപിടിച്ച് നമ്മുടെ വിശ്വാസം അടിയുറച്ചതായിത്തീരും. അതുകൊണ്ട് കഷ്ടതകളിലൂടെ കടന്നുപോകുമ്പോൾ പ്രശംസാർഹമായ കാര്യങ്ങളെക്കുറിച്ച് പ്രാർഥനാപൂർവം ധ്യാനിക്കുക. (ഫിലിപ്പിയർ 4:6-9 വായിക്കുക.) യഹോവയുടെ ശക്തിയാൽ നമുക്ക് കഷ്ടതകൾ സഹിച്ചുനിൽക്കാം; പ്രയാസസാഹചര്യങ്ങളെ ഇടർച്ചക്കല്ലുകളാകാൻ അനുവദിക്കാതിരിക്കാം.
19. സഹോദരങ്ങളുടെ അപൂർണതകൾ നമുക്ക് ഇടർച്ചക്കല്ലാകാതിരിക്കാൻ എന്തു ചെയ്യാനാകും?
19 ദുഃഖകരമെന്നു പറയട്ടെ, കഴിഞ്ഞ കാലങ്ങളിൽ മറ്റുള്ളവരുടെ അപൂർണതകളുടെ പേരിൽ ചിലർ തങ്ങളുടെ ഓട്ടം നിറുത്തിക്കളഞ്ഞിരിക്കുന്നു. മനസ്സാക്ഷിക്കുവിട്ടിരിക്കുന്ന കാര്യങ്ങളിൽ വ്യക്തികളുടെ വിരുദ്ധവീക്ഷണങ്ങൾ അവർക്ക് ഇടർച്ചക്കല്ലുകളായിട്ടുണ്ട്. (1 കൊരി. 8:12, 13) ആരെങ്കിലും നമ്മെ മുഷിപ്പിച്ചാൽ ഊതിപ്പെരുപ്പിച്ച് നാം അത് വലിയൊരു പ്രശ്നമാക്കുമോ? വിധിക്കുന്നതു മതിയാക്കാനും മറ്റുള്ളവരോടു ക്ഷമിക്കാനും വ്യക്തിപരമായ അവകാശങ്ങൾക്കുവേണ്ടി നിർബന്ധംപിടിക്കുന്നത് ഒഴിവാക്കാനും ബൈബിൾ ക്രിസ്ത്യാനികളെ ബുദ്ധിയുപദേശിക്കുന്നു. (ലൂക്കോ. 6:37) ഇടർച്ചക്കല്ലാകാൻ ഇടയുള്ള ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ സ്വയം ഇങ്ങനെ ചോദിക്കുക: ‘വ്യക്തിപരമായ അഭിരുചികളുടെ അടിസ്ഥാനത്തിലാണോ ഞാൻ മറ്റുള്ളവരെ വിധിക്കുന്നത്? സഹോദരങ്ങൾ അപൂർണരാണെന്ന് എനിക്ക് അറിയാമെന്നിരിക്കെ, അവരുടെ പിഴവുകൾ നിമിത്തം നിത്യജീവനായുള്ള എന്റെ ഓട്ടം ഞാൻ നിറുത്തിക്കളയേണ്ടതുണ്ടോ?’ ഓട്ടം തികയ്ക്കുന്നതിൽനിന്ന് നമ്മെ തടയാൻ മറ്റുള്ളവരുടെ ചെയ്തികളെ അനുവദിക്കില്ലെന്ന് മനസ്സിൽ ഉറയ്ക്കാൻ യഹോവയോടുള്ള സ്നേഹം നമ്മെ സഹായിക്കും.
സഹിഷ്ണുതയോടെ ഓടുക, ഇടറിവീഴുന്നത് ഒഴിവാക്കുക
20, 21. നിത്യജീവനുവേണ്ടിയുള്ള ഓട്ടത്തിന്റെ കാര്യത്തിൽ എന്താണ് നിങ്ങളുടെ തീരുമാനം?
20 ‘ഓട്ടം തികയ്ക്കാൻ’ നിങ്ങൾ ഉറച്ചിരിക്കുന്നുവോ? (2 തിമൊ. 4:7, 8) എങ്കിൽ വ്യക്തിപരമായ പഠനം ഒരു അനിവാര്യതയാണ്. ബൈബിളും നമ്മുടെ പ്രസിദ്ധീകരണങ്ങളും ഉപയോഗിച്ച് ഗവേഷണം ചെയ്യുകയും ധ്യാനിക്കുകയും ചെയ്തുകൊണ്ട്, ഇടർച്ചക്കല്ലുകളായി ഭവിച്ചേക്കാവുന്ന സംഗതികളെ തിരിച്ചറിയുക. ആവശ്യമായ ആത്മീയകരുത്ത് പകർന്നുകിട്ടാൻ പരിശുദ്ധാത്മാവിനായി യാചിക്കുക. ഓർക്കുക, ഇടയ്ക്കൊന്ന് ഇടറുകയോ വീഴുകയോ ചെയ്തു എന്നു കരുതി ഒരാളും നിത്യജീവനുവേണ്ടിയുള്ള ഓട്ടത്തിൽ തോൽക്കണമെന്നില്ല. അയാൾക്ക് എഴുന്നേൽക്കാനും ഓട്ടം തുടരാനും സാധിക്കും. എന്തിന്, വിശ്വാസത്തിന്റെ പരിശോധനകളിൽനിന്ന് വിലപ്പെട്ട പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഇടർച്ചക്കല്ലുകളെ പുരോഗതിയിലേക്കുള്ള കൽപ്പടവുകളാക്കി മാറ്റി മുന്നേറാൻപോലും അയാൾക്കു കഴിഞ്ഞേക്കും!
21 നിത്യജീവനുവേണ്ടിയുള്ള ഓട്ടം നിഷ്ക്രിയമല്ല, മറിച്ച് സക്രിയമാണെന്നു ബൈബിൾ കാണിച്ചുതരുന്നു. അത് ഒരു ബസ്സിൽ കയറിയിരുന്ന് ഒന്നുമറിയാതെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുപോലെയല്ല. നിത്യജീവനുവേണ്ടിയുള്ള ഓട്ടം നാം ഓടിയേ തീരൂ, നമുക്കുവേണ്ടി മറ്റാർക്കും ഓടാനാവില്ല. ഓട്ടക്കളത്തിൽ യഹോവയിൽനിന്നുള്ള “മഹാസമാധാനം” ഒരു കാറ്റുപോലെ നമുക്കു പിൻബലമേകും. (സങ്കീ. 119:165) ഓട്ടം തികയ്ക്കുവോളം അവൻ നമ്മെ താങ്ങും. ഓട്ടം തികച്ചാലോ? നിത്യതയിലെന്നും നിലയ്ക്കാത്ത അനുഗ്രഹങ്ങൾ അവൻ നമുക്കായി കരുതിവെച്ചിരിക്കുന്നു!—യാക്കോ. 1:12.