വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക’

‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക’

‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക.’—ഫിലി. 1:10.

1, 2. അന്ത്യകാലത്തെക്കുറിച്ചുള്ള ഏതു പ്രവചനം യേശുവിന്റെ ശിഷ്യന്മാരെ ആകാംക്ഷാഭരിതരാക്കിയിരിക്കണം, എന്തുകൊണ്ട്‌?

 അങ്ങനെ ഒടുവിൽ പത്രോസും യാക്കോബും യോഹന്നാനും അന്ത്രെയാസും തങ്ങളുടെ ഗുരുവിനോടൊപ്പം തനിച്ചായി. ആലയത്തിന്റെ നാശത്തെക്കുറിച്ച്‌ യേശു നേരത്തേ പറഞ്ഞ കാര്യങ്ങൾ അവരുടെ മനസ്സിനെ മഥിക്കുന്നുണ്ടായിരുന്നു. (മർക്കോ. 13:1-4) അതുകൊണ്ട്‌ അവർ ഗുരുവിനോട്‌, “ഇവയെല്ലാം എപ്പോഴായിരിക്കും സംഭവിക്കുകയെന്നും നിന്റെ സാന്നിധ്യത്തിന്റെയും യുഗസമാപ്‌തിയുടെയും അടയാളം എന്തായിരിക്കുമെന്നും” ചോദിച്ചു. (മത്താ. 24:1-3) അവരുടെ ജീവിതം മാറ്റിമറിക്കുന്നതും സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യനാളുകൾ അടയാളപ്പെടുത്തുന്നതും ആയ സംഭവങ്ങളെയും സാഹചര്യങ്ങളെയും കുറിച്ച്‌ അപ്പോൾ യേശു അവരോട്‌ ഒന്നൊന്നായി പറഞ്ഞുതുടങ്ങി. അതിൽ ഒന്ന്‌ അവരുടെ ആകാംക്ഷയുണർത്തിയിട്ടുണ്ടാകണം. യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമം, നിയമരാഹിത്യം എന്നീ ദുഷ്‌കരമായ സംഗതികളെക്കുറിച്ചു പറഞ്ഞതിനു ശേഷം അന്ത്യനാളുകളെ തിരിച്ചറിയിക്കുന്ന ഒരു ശുഭകാര്യംകൂടെ യേശു മുൻകൂട്ടിപ്പറഞ്ഞു. അത്‌ ഇങ്ങനെയായിരുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും.”—മത്താ. 24:7-14.

2 ക്രിസ്‌തുവിനോടൊപ്പം അവർ അപ്പോൾത്തന്നെ ദൈവരാജ്യസുവാർത്ത പ്രസംഗിക്കുന്നുണ്ടായിരുന്നു. (ലൂക്കോ. 8:1; 9:1, 2) “കൊയ്‌ത്ത്‌ വളരെയുണ്ട്‌ സത്യം; വേലക്കാരോ ചുരുക്കം. അതുകൊണ്ട്‌ കൊയ്‌ത്തിലേക്കു വേലക്കാരെ അയയ്‌ക്കാൻ കൊയ്‌ത്തിന്റെ യജമാനനോടു യാചിക്കുവിൻ” എന്ന്‌ അവൻ പറഞ്ഞത്‌ അവർ ഓർക്കുന്നുണ്ടാകണം. (ലൂക്കോ. 10:2) എന്നാൽ “ഭൂലോകത്തിലെങ്ങും” പ്രസംഗിക്കാനും “സകല ജനതകൾക്കും” സാക്ഷ്യം നൽകാനും അവർക്ക്‌ എങ്ങനെ സാധിക്കും? “വേലക്കാരെ” എവിടെനിന്നു കിട്ടും? അന്ന്‌ യേശുവിനോടൊപ്പം അവിടെയിരുന്നപ്പോൾ അവർക്ക്‌ ഇതെല്ലാം ‘ഭാവിയിലേക്കു കടന്നുചെന്ന്‌’ ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ! മത്തായി 24:14-ൽ നാം വായിക്കുന്ന ആ ചുരുങ്ങിയ വാക്കുകളുടെ നിവൃത്തികണ്ട്‌ അവർ അത്ഭുതസ്‌തബ്ധരായേനെ!

3. ലൂക്കോസ്‌ 21:34 ഇന്നു നിവൃത്തിയേറുന്നത്‌ എങ്ങനെ, നാം എങ്ങനെ സ്വയം വിലയിരുത്തണം?

3 യേശുവിന്റെ ആ വാക്കുകൾ നിവർത്തിക്കുന്ന കാലത്താണ്‌ നാം ജീവിക്കുന്നത്‌. ഭൂമി ദൈവരാജ്യസുവാർത്തകൊണ്ടു നിറയ്‌ക്കാൻ ഇന്ന്‌ ദശലക്ഷങ്ങളാണ്‌ അണിചേർന്നിരിക്കുന്നത്‌. (യെശ. 60:22) എന്നാൽ ഈ അന്ത്യനാളുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചുനിറുത്തുക എന്നത്‌ ചിലർക്കെങ്കിലും ഒരു വെല്ലുവിളിയായിരിക്കുമെന്ന്‌ യേശു സൂചിപ്പിച്ചു. പലരുടെയും ശ്രദ്ധപതറുമെന്നും പലവിധ കാര്യങ്ങളാൽ അവർ ‘ഭാരപ്പെടുമെന്നും’ അവൻ മുന്നറിയിപ്പു നൽകി. (ലൂക്കോസ്‌ 21:34 വായിക്കുക.) ഈ വാക്കുകളുടെ നിവൃത്തിയും നാം കാണുന്നു. ദൈവജനത്തിൽ ചിലർ ലക്ഷ്യത്തിൽനിന്നു വ്യതിചലിച്ചുപോകുന്നു. ജോലി, ഉന്നതവിദ്യാഭ്യാസം, വസ്‌തുവകകളുടെ സമ്പാദനം തുടങ്ങിയ കാര്യങ്ങളിൽ അവർ എടുക്കുന്ന തീരുമാനങ്ങളിൽ അത്‌ വെളിവാകുന്നു. അതുപോലെ, ചിലർ വിനോദത്തിനും ഉല്ലാസവേളകൾക്കുമായി ചെലവിടുന്ന സമയം നോക്കിയാലും ആ വസ്‌തുത വ്യക്തമാകും. അനുദിനജീവിതത്തിന്റെ ഉത്‌കണ്‌ഠകളും സമ്മർദങ്ങളും ആണ്‌ മറ്റു ചിലരെ ഭാരപ്പെടുത്തുന്നത്‌. അതുകൊണ്ട്‌ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘എന്റെ അവസ്ഥ എന്താണ്‌? ജീവിതത്തിൽ ഞാൻ ശ്രദ്ധയൂന്നിയിരിക്കുന്നത്‌ എന്തിലാണെന്നാണ്‌ എന്റെ തീരുമാനങ്ങൾ തെളിയിക്കുന്നത്‌?’

4. (എ) ഫിലിപ്പിയിലെ ക്രിസ്‌ത്യാനികൾക്കുവേണ്ടി പൗലോസ്‌ എന്താണ്‌ പ്രാർഥിച്ചത്‌, എന്തുകൊണ്ട്‌? (ബി) ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും നാം എന്തു വിചിന്തനം ചെയ്യും, എന്ത്‌ ഉദ്ദേശ്യത്തിൽ?

4 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ തങ്ങളുടെ ആത്മീയമുൻഗണനകൾ മാറിപ്പോകാതിരിക്കാൻ ശ്രമം ചെയ്യേണ്ടിയിരുന്നു. അതുകൊണ്ടാണ്‌ ഫിലിപ്പിയിലുള്ള ക്രിസ്‌ത്യാനികൾ “പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കാ”നായി പൗലോസ്‌ അപ്പൊസ്‌തലൻ അവർക്കുവേണ്ടി പ്രാർഥിച്ചത്‌. (ഫിലിപ്പിയർ 1:9-11 വായിക്കുക.) അന്നുണ്ടായിരുന്ന ക്രിസ്‌ത്യാനികളിൽ മിക്കവരും പൗലോസിനെപ്പോലെ “ദൈവവചനം നിർഭയം സംസാരിക്കാൻ ഏറെ ധൈര്യം” കാണിച്ചവരാണ്‌. (ഫിലി. 1:12-14) സമാനമായി ഇന്നും നമ്മിൽ മിക്കവരുംതന്നെ ദൈവവചനം ധൈര്യത്തോടെ പ്രസംഗിക്കുന്നു. എന്നിരുന്നാലും, യഹോവ ഇന്നു തന്റെ സംഘടനയിൽ നിർവഹിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പരിചിന്തിക്കുന്നത്‌ സർവപ്രധാനമായ പ്രസംഗവേലയിൽ ഇനിയും കുറെക്കൂടെ ശ്രദ്ധപതിപ്പിക്കാൻ നമ്മെ സഹായിക്കും. ഈ ലേഖനത്തിൽ, മത്തായി 24:14 നിവർത്തിക്കാനായി യഹോവ ചെയ്‌തിരിക്കുന്ന ക്രമീകരണത്തെക്കുറിച്ച്‌ നമുക്കു ചിന്തിക്കാം. അവന്റെ സംഘടനയുടെ ശ്രദ്ധ എന്തിലാണ്‌? അത്‌ അറിയുന്നത്‌ നമുക്കും നമ്മുടെ കുടുംബത്തിനും എങ്ങനെ പ്രചോദനം പകരും? യഹോവയുടെ സംഘടനയോടൊപ്പം ചുവടുവെക്കാനും ദൈവസേവനത്തിൽ ഉറച്ചുനിൽക്കാനും നമ്മെ എന്തു സഹായിക്കുമെന്ന്‌ അടുത്ത ലേഖനത്തിൽ നാം കാണും.

യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗം മുന്നേറുന്നു

5, 6. (എ) തന്റെ സംഘടനയുടെ സ്വർഗീയഭാഗത്തിന്റെ ദർശനം യഹോവ നൽകിയത്‌ എന്തുകൊണ്ട്‌? (ബി) ദർശനത്തിൽ യെഹെസ്‌കേൽ എന്തു കണ്ടു?

5 തന്റെ ലിഖിതവചനത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന്‌ യഹോവ തീരുമാനിച്ച അനേകം കാര്യങ്ങളുണ്ട്‌. ഉദാഹരണത്തിന്‌, മനുഷ്യമസ്‌തിഷ്‌കത്തിന്റെ പ്രവർത്തനവിധങ്ങളും ഈ മഹാപ്രപഞ്ചത്തിന്റെ ഗതിവിഗതികളും ഒക്കെ നമ്മുടെ മനസ്സിൽ കൗതുകം നിറയ്‌ക്കുന്നവയാണ്‌. എന്നിട്ടും അവയൊന്നും സംബന്ധിച്ച വിശദാംശങ്ങൾ യഹോവ നൽകിയിട്ടില്ല. മറിച്ച്‌, തന്റെ ഉദ്ദേശ്യം മനസ്സിലാക്കാനും അതിന്‌ സമരസപ്പെട്ടു ജീവിക്കാനും നമ്മെ സഹായിക്കുന്ന വിവരങ്ങളാണ്‌ യഹോവ നൽകിയിരിക്കുന്നത്‌. (2 തിമൊ. 3:16, 17) അതുകൊണ്ടുതന്നെ, യഹോവയുടെ സംഘടനയുടെ അദൃശ്യഭാഗത്തിന്റെ ചില ഉജ്ജ്വലദൃശ്യങ്ങൾ ബൈബിൾ വെളിപ്പെടുത്തുന്നു എന്നത്‌ രസാവഹമല്ലേ? യെശയ്യാവ്‌, യെഹെസ്‌കേൽ, ദാനിയേൽ എന്നിവരുടെ പുസ്‌തകങ്ങളിലും യോഹന്നാന്റെ വെളിപാടിലും യഹോവയുടെ സ്വർഗീയ സംഘടനാക്രമീകരണത്തിന്റെ കോരിത്തരിപ്പിക്കുന്ന വർണനകളാണുള്ളത്‌! (യെശ. 6:1-4; യെഹെ. 1:4-14, 22-24; ദാനീ. 7:9-14; വെളി. 4:1-11) സ്വർഗകവാടത്തിന്റെ തിരശ്ശീലനീക്കി ഒരുനിമിഷം ഉള്ളിലേക്കൊന്നു കണ്ണുപായിക്കാൻ യഹോവ നമ്മെ അനുവദിക്കുന്നതുപോലെയാണത്‌. എന്തിനാണ്‌ യഹോവ ഈ വിവരങ്ങൾ നമ്മെ അറിയിക്കാൻ ആഗ്രഹിച്ചത്‌?

6 നാം ഒരു സാർവത്രികസംഘടനയുടെ ഭാഗമാണെന്ന കാര്യം നമ്മൾ മറന്നുപോകരുതെന്ന്‌ അവൻ ആഗ്രഹിക്കുന്നു. അക്ഷരീയകണ്ണുകൾക്ക്‌ ദൃശ്യവേദ്യമായതിലും എത്രയോ ഏറെ കാര്യങ്ങളാണ്‌ യഹോവയുടെ ഉദ്ദേശ്യസാക്ഷാത്‌കരണത്തിന്റെ ഭാഗമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്‌! യഹോവയുടെ സംഘടനയുടെ അദൃശ്യഭാഗത്തെ ബൃഹത്തായ ഒരു സ്വർഗീയരഥമായി ചിത്രീകരിച്ചിരിക്കുന്നത്‌ യെഹെസ്‌കേൽ കണ്ടു. ആ രഥത്തിന്‌ അതിശീഘ്രം സഞ്ചരിക്കാനും നിമിഷാർധംകൊണ്ട്‌ ദിശമാറാനും കഴിയും. (യെഹെ. 1:15-21) ചക്രങ്ങൾ ഓരോ തവണ തിരിയുമ്പോഴും രഥത്തിന്‌ ബഹുദൂരം പിന്നിടാനാകും. ദർശനത്തിൽ ആ സ്വർഗീയരഥത്തിന്റെ സാരഥിയെയും യെഹെസ്‌കേലിന്‌ ഒരുമാത്ര കാണാനായി. ആ രംഗം അവൻ ഇങ്ങനെ വർണിക്കുന്നു: “അവന്റെ അരമുതൽ മേലോട്ടു . . . ചുറ്റും തീക്കൊത്ത ശുക്ലസ്വർണ്ണംപോലെ ഞാൻ കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീ പോലെ ഞാൻ കണ്ടു; . . . യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു.” (യെഹെ. 1:25-28) ഈ ദർശനം പ്രവാചകന്റെ മനസ്സിൽ എത്ര ഭയാദരവു നിറച്ചിട്ടുണ്ടാകണം! സംഘടനയുടെമേൽ പൂർണനിയന്ത്രണമുള്ളവനായാണ്‌ ദർശനത്തിൽ യഹോവയെ പ്രവാചകൻ കാണുന്നത്‌. അതിന്റെ ഓരോ ചലനവും തന്റെ പരിശുദ്ധാത്മാവിലൂടെ അവൻ നിയന്ത്രിക്കുന്നു. യഹോവയുടെ മുന്നേറിക്കൊണ്ടിരിക്കുന്ന സംഘടനയുടെ സ്വർഗീയഭാഗത്തിന്റെ എത്ര പ്രൗഢോജ്ജ്വലമായ പ്രതിനിധാനം!

7. ദാനിയേലിനു ലഭിച്ച ദർശനം നമ്മിൽ വിശ്വാസം നിറയ്‌ക്കുന്നത്‌ എങ്ങനെ?

7 നമ്മുടെ ബോധ്യം വർധിപ്പിക്കുന്ന നിരവധി കാര്യങ്ങൾ ദാനിയേലും കണ്ടു. അഗ്നിമയസിംഹാസനത്തിൽ ഉപവിഷ്ടനായ ‘വയോധികനായി’ യഹോവയെ ദർശിക്കുന്നതിനുള്ള അവസരം ദാനിയേലിനു കൈവന്നു. ആ സിംഹാസനത്തിനു ചക്രങ്ങളുണ്ടായിരുന്നു. (ദാനീ. 7:9) തന്റെ സംഘടന തന്റെ ഉദ്ദേശ്യങ്ങൾ സഫലീകരിച്ചുകൊണ്ട്‌ മുന്നേറുന്നുവെന്ന്‌ ദാനിയേലിനു കാണിച്ചുകൊടുക്കാൻ യഹോവ ആഗ്രഹിച്ചു. “മനുഷ്യപുത്രനോടു സദൃശനായ” ഒരുവന്‌, അഥവാ യേശുവിന്‌ “ആധിപത്യവും മഹത്വവും രാജത്വവും” നൽകുന്നതായും ദാനിയേൽ കണ്ടു. ക്രിസ്‌തുവിന്റെ തികവുറ്റ ഭരണാധിപത്യം ഏതാനും വർഷത്തേക്കു മാത്രമുള്ളതല്ല. പിന്നെയോ, “അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും” ആണ്‌. (ദാനീ. 7:13, 14) പരിശോധിക്കപ്പെട്ട്‌ വിശ്വസ്‌തനായി കണ്ട തന്റെ പ്രിയപുത്രനായ യേശുവിന്‌ യഹോവ തന്റെ സംഘടനയുടെ ഭൗമികഭാഗത്തിന്റെ മേൽവിചാരണ നൽകിയിരിക്കുന്നു എന്ന്‌ അറിയുന്നത്‌ യഹോവയിൽ വിശ്വാസം അർപ്പിക്കാനും അവൻ സാക്ഷാത്‌കരിക്കുന്ന കാര്യങ്ങൾ വിലമതിപ്പോടെ കാണാനും നമ്മെ പ്രചോദിപ്പിക്കുന്നില്ലേ? യഹോവയ്‌ക്ക്‌ തന്റെ പുത്രനെ വിശ്വാസമാണ്‌. അതുകൊണ്ട്‌ യേശുവിന്റെ നായകത്വം തികഞ്ഞ ബോധ്യത്തോടെ നമുക്കും സ്വീകരിക്കാം.

8. യഹോവയിൽനിന്നുള്ള ദർശനങ്ങൾ യെഹെസ്‌കേലിന്റെയും യെശയ്യാവിന്റെയും മനസ്സിൽ എന്തു പ്രഭാവം ചെലുത്തി, അത്‌ നമ്മെ എങ്ങനെ സ്വാധീനിക്കണം?

8 യഹോവയുടെ സംഘടനയുടെ അദൃശ്യഭാഗത്തിന്റെ ഈ ദൃശ്യാവിഷ്‌കാരം നമ്മുടെയുള്ളിൽ എന്തു പ്രഭാവം ചെലുത്തണം? യഹോവ സാക്ഷാത്‌കരിക്കുന്ന കാര്യങ്ങൾ യെഹെസ്‌കേലിനെപ്പോലെ നമ്മുടെയുള്ളിലും ഭയാദരവു നിറയ്‌ക്കുന്നു, നമ്മെ വിനയാനതരാക്കുന്നു. (യെഹെ. 1:28) യഹോവയുടെ സംഘടനയെക്കുറിച്ച്‌ മനസ്സിരുത്തി ചിന്തിക്കുന്നത്‌ യെശയ്യാവിനെപ്പോലെ നമ്മെയും പ്രവർത്തനത്തിനു പ്രചോദിപ്പിക്കും. മറ്റുള്ളവരോട്‌ യഹോവയുടെ പ്രവൃത്തികളെക്കുറിച്ച്‌ ഘോഷിക്കാനുള്ള ഒരു അവസരം കൈവന്നപ്പോൾ അവൻ ഒട്ടും മടിച്ചുനിൽക്കാതെ അത്‌ ഏറ്റെടുത്തു. (യെശയ്യാവു 6:5, 8 വായിക്കുക.) യഹോവയുടെ പിന്തുണയോടെ ഏതു വെല്ലുവിളികളെയും തനിക്ക്‌ വിജയകരമായി നേരിടാനാകുമെന്ന്‌ യെശയ്യാവിന്‌ ഉറപ്പായിരുന്നു. ഇന്നും അതുപോലെ, യഹോവയുടെ സംഘടനയുടെ അദൃശ്യഭാഗത്തിന്റെ ഈ ദർശനം നമ്മിൽ ഭയാദരവു നിറയ്‌ക്കുകയും നമ്മെ കർമോത്സുകരാക്കുകയും വേണം. ദൈവോദ്ദേശ്യങ്ങൾ സാക്ഷാത്‌കരിക്കുകയെന്ന ഒരേയൊരു ലക്ഷ്യത്തിൽ സദാ മുന്നേറുന്ന ആ സംഘടനയെ ഒന്നു മനസ്സിൽ സങ്കൽപ്പിച്ചു നോക്കുക, അതു നമ്മെ ഉത്സാഹഭരിതരാക്കും.

യഹോവയുടെ സംഘടനയുടെ ഭൗമികഭാഗം

9, 10. യഹോവയുടെ സംഘടനയ്‌ക്ക്‌ ഒരു ദൃശ്യഭാഗത്തിന്റെ ആവശ്യം എന്തായിരുന്നു?

9 തന്റെ സംഘടനയുടെ അദൃശ്യഭാഗവുമായി ഒത്തിണക്കത്തോടെ പ്രവർത്തിക്കുന്ന ഒരു ദൃശ്യക്രമീകരണം യഹോവ തന്റെ പുത്രൻ മുഖാന്തരം ഇവിടെ ഭൂമിയിൽ സ്ഥാപിച്ചു. മത്തായി 24:14-ൽ പറഞ്ഞിരിക്കുന്ന വേല നിർവഹിക്കാൻ ഒരു ദൃശ്യക്രമീകരണത്തിന്റെ ആവശ്യം എന്താണ്‌? മൂന്നു കാരണങ്ങൾ നമുക്കു നോക്കാം.

10 ഒന്ന്‌, “ഭൂമിയുടെ അറ്റംവരെയും” ക്രിസ്‌തുശിഷ്യന്മാർ ഈ പ്രസംഗപ്രവർത്തനം നടത്തുമെന്ന്‌ യേശു പറഞ്ഞു. (പ്രവൃ. 1:8) രണ്ട്‌, ഈ വേലയിൽ ഏർപ്പെടുന്നവർക്ക്‌ ആത്മീയഭക്ഷണം നൽകാനും അവർക്കായി കരുതാനും ഉള്ള ക്രമീകരണങ്ങൾ വേണമായിരുന്നു. (യോഹ. 21:15-17) മൂന്ന്‌, സുവാർത്ത പ്രസംഗിക്കുന്നവർ യഹോവയെ ആരാധിക്കാനും വേല നിർവഹിക്കേണ്ട വിധങ്ങളെക്കുറിച്ചു പഠിക്കാനും വേണ്ടി ഒരുമിച്ചു കൂടിവരാനുള്ള ക്രമീകരണവും ആവശ്യമായിരുന്നു. (എബ്രാ. 10:24, 25) ഇവയെല്ലാം എങ്ങനെയെങ്കിലുമൊക്കെ നടന്നുപോകുന്ന സംഗതികളായിരുന്നില്ല. വിജയം കൈവരിക്കണമെങ്കിൽ ക്രിസ്‌തുശിഷ്യന്മാരുടെ വേല സുസംഘടിതം ആയിരിക്കണമായിരുന്നു.

11. യഹോവയുടെ സംഘടന ചെയ്‌തിരിക്കുന്ന ക്രമീകരണങ്ങളോടുള്ള നമ്മുടെ പിന്തുണ നമുക്ക്‌ എങ്ങനെ തെളിയിക്കാം?

11 യഹോവയുടെ സംഘടന ചെയ്‌തിരിക്കുന്ന ക്രമീകരണങ്ങളെ പിന്തുണയ്‌ക്കുന്നെന്ന്‌ നമുക്ക്‌ എങ്ങനെ കാണിക്കാം? അതിനുള്ള ഒരു പ്രധാനവിധം യഹോവയും യേശുവും പ്രസംഗവേലയുടെ നേതൃത്വം വിശ്വസിച്ചേൽപ്പിച്ചിരിക്കുന്ന വ്യക്തികളെ നാമും വിശ്വസിക്കുക എന്നതാണ്‌. നമ്മുടെ ഇടയിൽ നേതൃത്വമെടുക്കുന്നവരുടെ ശ്രദ്ധയും പരിഗണനയും അർഹിക്കുന്ന ഒട്ടേറെ പ്രവർത്തനരംഗങ്ങളും സദുദ്യമങ്ങളും ഇന്നു ലോകത്തിലുണ്ട്‌. എന്നാൽ, യഹോവയുടെ സംഘടനയുടെ ദൃശ്യഭാഗത്തിന്റെ ശ്രദ്ധ എന്തിൽ മാത്രമാണ്‌?

‘പ്രാധാന്യമേറിയ കാര്യങ്ങളിൽ’ ശ്രദ്ധകേന്ദ്രീകരിച്ച്‌

12, 13. ക്രിസ്‌തീയമൂപ്പന്മാർ തങ്ങളുടെ നിയമനം നിർവഹിക്കുന്നത്‌ എങ്ങനെ, അത്‌ നിങ്ങൾക്ക്‌ പ്രോത്സാഹനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 ലോകമെമ്പാടുമായി, അനുഭവസമ്പന്നരായ ക്രിസ്‌തീയമൂപ്പന്മാരെ അതതു ദേശങ്ങളിലെ രാജ്യപ്രസംഗവേലയ്‌ക്ക്‌ നേതൃത്വം കൊടുക്കാനും ഉത്സാഹം പകരാനും ആയി ആക്കിവെച്ചിരിക്കുന്നു. തീരുമാനങ്ങളെടുക്കവെ, ‘കാലിന്നു ദീപവും പാതെക്കു പ്രകാശവും’ എന്ന നിലയിൽ ഇവർ ദൈവവചനം ആരായുകയും യഹോവയുടെ മാർഗദർശനത്തിനായി ആത്മാർഥമായി പ്രാർഥിക്കുകയും ചെയ്യുന്നു.—സങ്കീ. 119:105; മത്താ. 7:7, 8.

13 ഒന്നാം നൂറ്റാണ്ടിൽ നേതൃത്വമെടുത്തവരെപ്പോലെതന്നെ ഇന്നും പ്രസംഗവേലയ്‌ക്ക്‌ മേൽനോട്ടം വഹിക്കുന്ന ക്രിസ്‌തീയമൂപ്പന്മാർ ‘വചനോപദേശത്തിൽ വ്യാപരിക്കുന്നു.’ (പ്രവൃ. 6:4) പ്രാദേശികമായും സാർവദേശീയമായും ചെയ്യപ്പെടുന്ന സുവാർത്താപ്രസംഗവേലയുടെ പുരോഗതി അവരെ ഏറെ സന്തോഷിപ്പിക്കുന്നു. (പ്രവൃ. 21:19, 20) അതു നിർവഹിക്കുന്നതിനായി എണ്ണമറ്റ ചട്ടങ്ങളോ പ്രത്യേക ചിട്ടകളോ അവർ മുന്നോട്ടുവെക്കുന്നില്ല. പകരം, സുവാർത്താപ്രസംഗവേല മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമ്പോൾ, അവർ തിരുവെഴുത്തുകളിലേക്കു നോക്കുകയും പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു വിധേയപ്പെടുകയും ചെയ്യുന്നു. (പ്രവൃത്തികൾ 15:28 വായിക്കുക.) ഈ വിധത്തിൽ പ്രവർത്തിച്ചുകൊണ്ട്‌ ഉത്തരവാദിത്വപ്പെട്ട ഈ സഹോദരന്മാർ പ്രാദേശികസഭകളിലുള്ള എല്ലാവർക്കും നല്ല മാതൃകവെക്കുന്നു.—എഫെ. 4:11, 12.

14, 15. (എ) ആഗോളപ്രസംഗവേലയെ പിന്തുണയ്‌ക്കാനായി എന്തു ക്രമീകരണങ്ങളാണ്‌ ചെയ്‌തിരിക്കുന്നത്‌? (ബി) രാജ്യപ്രസംഗവേലയെ പിന്തുണയ്‌ക്കുന്നതിലുള്ള നിങ്ങളുടെ പങ്കിനെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നുന്നു?

14 നമ്മുടെ പ്രസിദ്ധീകരണങ്ങൾ, യോഗങ്ങൾ, കൺവെൻഷനുകൾ എന്നിവയിലൂടെ ലഭിക്കുന്ന ആത്മീയാഹാരം തയ്യാർ ചെയ്യാനായി അഹോരാത്രം നടക്കുന്ന അധ്വാനം അത്രയൊന്നും പുറമേക്ക്‌ കാണാവുന്നതല്ല. കഴിയുന്നത്ര ആളുകളെ “ദൈവത്തിന്റെ മഹാകാര്യങ്ങൾ” അവരവരുടെ ഭാഷകളിൽ മനസ്സിലാക്കാൻ സഹായിക്കുന്നതിനായി ഈ ആത്മീയാഹാരം 600-ഓളം ഭാഷകളിലേക്ക്‌ മൊഴിമാറ്റം ചെയ്യുന്നതിന്‌ സന്നദ്ധസേവകരായ ആയിരങ്ങൾ അണിയറയിൽ കഠിനവേല ചെയ്യുന്നു. (പ്രവൃ. 2:7-11) അതിവേഗ അച്ചടിയന്ത്രങ്ങളിൽ സാഹിത്യങ്ങൾ അച്ചടിക്കാനും പിന്നീട്‌ അത്‌ ബൈൻഡ്‌ ചെയ്യാനുമായി യുവസഹോദരീസഹോദരന്മാർ അശ്രാന്തം പണിയെടുക്കുന്നു. അതിനുശേഷം ഈ സാഹിത്യങ്ങൾ ഭൂമിയുടെ അതിവിദൂരകോണിലുള്ള സഭകളിലേക്കുപോലും എത്തിച്ചുകൊടുക്കുന്നു.

15 പ്രാദേശികസഭയോടൊപ്പം സുവാർത്ത പ്രസംഗിക്കുന്നതിൽ നമുക്കു ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയേണ്ടതിന്‌ മറ്റു നിരവധി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌, രാജ്യഹാളുകളും സമ്മേളനഹാളുകളും നിർമിക്കുക, പ്രകൃതിദുരന്തങ്ങളാൽ ബാധിക്കപ്പെട്ടവരെയും അടിയന്തിരവൈദ്യസഹായം ആവശ്യമുള്ളവരെയും സഹായിക്കുക, സമ്മേളനങ്ങളും കൺവെൻഷനുകളും സംഘടിപ്പിക്കുക, ദിവ്യാധിപത്യസ്‌കൂളുകളിൽ പഠിപ്പിക്കുക എന്നിങ്ങനെ നിരവധി പിന്നണിപ്രവർത്തനങ്ങളിൽ ആയിരങ്ങൾ സ്വമേധാസേവനം ചെയ്യുന്നു. ഇവയുടെയെല്ലാം ഉദ്ദേശ്യമെന്താണ്‌? സുവാർത്താപ്രസംഗവേല കാര്യക്ഷമമാക്കുക, അതിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ആത്മീയക്ഷേമം ഉറപ്പുവരുത്തുക, സത്യാരാധന ഉന്നമിപ്പിക്കുക എന്നിവയാണ്‌ ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ. യഹോവയുടെ സംഘടനയുടെ ഭൗമഭാഗം ‘പ്രാധാന്യമേറിയ കാര്യങ്ങളിൽ’ ശ്രദ്ധയൂന്നിയിരിക്കുന്നുവോ? തീർച്ചയായും!

യഹോവയുടെ സംഘടനയെ മാതൃകയാക്കുക

16. നിങ്ങൾക്ക്‌ വ്യക്തിപരമായോ കുടുംബമൊന്നിച്ചോ ബൈബിൾപഠന പ്രോജക്‌ടായി തെരഞ്ഞെടുക്കാൻ കഴിയുന്ന ഒരു വിഷയം എന്താണ്‌?

16 യഹോവയുടെ സംഘടനയുടെ പ്രവർത്തനവിധങ്ങളെക്കുറിച്ചു ചിന്തിക്കാൻ നിങ്ങൾ ഇടയ്‌ക്കിടെ സമയമെടുക്കാറുണ്ടോ? ചിലർ അത്തരം വിഷയങ്ങളെക്കുറിച്ച്‌ ഗവേഷണം ചെയ്യാനും ധ്യാനിക്കാനുമായി കുടുംബാരാധനയുടെയോ വ്യക്തിപരമായ പഠനത്തിന്റെയോ വേളകളിൽ സമയം നീക്കിവെക്കുന്നു. യെശയ്യാവ്‌, യെഹെസ്‌കേൽ, ദാനിയേൽ, യോഹന്നാൻ എന്നിവർക്കു ലഭിച്ച ദർശനങ്ങൾ ആവേശകരമായ പഠനവിഷയങ്ങളാണ്‌. യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിലും നിങ്ങളുടെ ഭാഷയിൽ ലഭ്യമായ മറ്റു പ്രസിദ്ധീകരണങ്ങളിലും ഡിവിഡി-കളിലും സംഘടനയെ അടുത്തറിയാൻ സഹായിക്കുന്ന കൗതുകകരവും ജിജ്ഞാസാജനകവും ആയ വിവരങ്ങൾ കണ്ടെത്താനാകും.

17, 18. (എ) ഈ ചർച്ച നിങ്ങളെ എങ്ങനെ സഹായിച്ചിരിക്കുന്നു? (ബി) ഏതു ചോദ്യങ്ങൾ നാം സ്വയം ചോദിക്കണം?

17 യഹോവ തന്റെ സംഘടന മുഖാന്തരം സാക്ഷാത്‌കരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ മനസ്സിരുത്തി ചിന്തിക്കുന്നതു നല്ലതാണ്‌. വിസ്‌മയകരമായ ഈ സംഘടനയോടൊപ്പം പ്രാധാന്യമേറിയ കാര്യങ്ങളിൽത്തന്നെ ശ്രദ്ധയൂന്നാൻ നമുക്കും തീരുമാനമെടുക്കാം. അങ്ങനെ ചെയ്യുന്നത്‌ പൗലോസിന്റേതുപോലുള്ള നിശ്ചയദാർഢ്യം പ്രകടമാക്കാൻ നമ്മെ സഹായിക്കും. “ഞങ്ങൾക്ക്‌ ഈ ശുശ്രൂഷ ലഭിച്ചിരിക്കുന്നത്‌ ദൈവത്തിന്റെ കരുണനിമിത്തമാകയാൽ ഞങ്ങൾ മടുത്തുപിന്മാറുന്നില്ല” എന്ന്‌ അവൻ എഴുതി. (2 കൊരി. 4:1) കൂട്ടുവേലക്കാരുടെ ഹൃദയത്തെയും അവൻ ബലപ്പെടുത്തി: “നന്മ ചെയ്യുന്നതിൽ മടുത്തുപോകരുത്‌. തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.”—ഗലാ. 6:9.

18 പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പുവരുത്താനായി, അനുദിന ജീവിതചര്യയിൽ വ്യക്തിപരമായോ കുടുംബപരമായോ നാം പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടോ? സർവപ്രധാനമായ പ്രസംഗവേലയിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാനായി ജീവിതം ലളിതമാക്കാനോ ശ്രദ്ധാശൈഥില്യങ്ങൾ കുറയ്‌ക്കാനോ നാം നടപടികൾ സ്വീകരിക്കുമോ? അടുത്ത ലേഖനത്തിൽ, യഹോവയുടെ സംഘടനയോടൊപ്പം മുന്നേറാൻ നമ്മെ സഹായിക്കുന്ന അഞ്ചു കാര്യങ്ങളെക്കുറിച്ച്‌ നാം ചിന്തിക്കും.