വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

കുറ്റവാളികളെ സ്‌തംഭത്തിൽ തൂക്കിക്കൊല്ലുന്ന രീതി ഇസ്രായേല്യർക്ക്‌ ഉണ്ടായിരുന്നോ?

പുരാതനകാലത്ത്‌ ചില കുറ്റവാളികളെ സ്‌തംഭത്തിലോ തൂണിലോ തറച്ച്‌ കൊല്ലുന്ന രീതി പല രാജ്യങ്ങളിലും ഉണ്ടായിരുന്നു. റോമാക്കാരുടെ രീതി ഇങ്ങനെയായിരുന്നു: കുറ്റവാളികളെ സ്‌തംഭത്തിന്മേൽ ചേർത്തുകെട്ടുകയോ ആണിതറയ്‌ക്കുകയോ ചെയ്യും. കുറ്റവാളി സ്‌തംഭത്തിൽ കിടന്ന്‌ കാറ്റും മഴയും വെയിലും ഏറ്റ്‌ വേദനയും വിശപ്പും ദാഹവും കൊണ്ടു തളർന്ന്‌ ഇഞ്ചിഞ്ചായി മരിക്കും. താഴേക്കിടയിലുള്ള കുറ്റവാളികൾക്കാണ്‌ ഈ ശിക്ഷ നൽകിയിരുന്നത്‌. അപമാനകരമായ ഒരു ശിക്ഷയായിട്ടാണ്‌ റോമാക്കാർ ഇതിനെ കരുതിയിരുന്നത്‌.

പുരാതന ഇസ്രായേലിലെ കാര്യമോ? കുറ്റവാളികളെ സ്‌തംഭത്തിൽ തൂക്കിക്കൊല്ലുന്ന രീതി ഇസ്രായേല്യർക്ക്‌ ഉണ്ടായിരുന്നോ? മോശൈകന്യായപ്രമാണം ഇങ്ങനെ അനുശാസിക്കുന്നു: “ഒരുത്തൻ മരണയോഗ്യമായ ഒരു പാപം ചെയ്‌തിട്ടു അവനെ കൊന്നു ഒരു മരത്തിൽ തൂക്കിയാൽ അവന്റെ ശവം മരത്തിന്മേൽ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം.” (ആവ. 21:22) അതുകൊണ്ട്‌ എബ്രായതിരുവെഴുത്തുകൾ എഴുതപ്പെട്ട കാലത്ത്‌, വധശിക്ഷ അർഹിക്കുന്ന ഒരു വ്യക്തിയെ ആദ്യം വധിക്കുകയും പിന്നെ സ്‌തംഭത്തിലോ മരത്തിലോ തൂക്കുകയും ആയിരുന്നുവെന്ന്‌ വ്യക്തമാണ്‌.

ഇതിനോടുള്ള ബന്ധത്തിൽ ലേവ്യപുസ്‌തകം 20:2 ഇങ്ങനെ പറയുന്നു: “യിസ്രായേൽമക്കളിലോ യിസ്രായേലിൽ വന്നു പാർക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയിൽ ഒന്നിനെ മോലെക്കിന്നു കൊടുത്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം.” “വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള” ആരെങ്കിലും ഉണ്ടെങ്കിൽ അവരെയും കൊല്ലണമായിരുന്നു. എങ്ങനെ? “അവരെ കല്ലെറിഞ്ഞു കൊല്ലേണം” എന്നായിരുന്നു കൽപ്പന.—ലേവ്യ. 20:27.

ആവർത്തനപുസ്‌തകം 22:23, 24-ൽ നാം ഇപ്രകാരം വായിക്കുന്നു: “വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതിയെ ഒരുത്തൻ പട്ടണത്തിൽവെച്ചു കണ്ടു അവളോടുകൂടെ ശയിച്ചാൽ യുവതി പട്ടണത്തിൽ ആയിരുന്നിട്ടും നിലവിളിക്കായ്‌കകൊണ്ടും പുരുഷൻ കൂട്ടുകാരന്റെ ഭാര്യക്കു പോരായ്‌ക വരുത്തിയതുകൊണ്ടും നിങ്ങൾ അവരെ ഇരുവരെയും പട്ടണവാതില്‌ക്കൽ കൊണ്ടുവന്നു കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.” അതുകൊണ്ട്‌ പുരാതന ഇസ്രായേലിൽ ഹീനമായ കുറ്റം ചെയ്‌ത വ്യക്തിയെ കല്ലെറിഞ്ഞു കൊന്നാണ്‌ വധശിക്ഷ നടപ്പാക്കിയിരുന്നത്‌. a

എബ്രായതിരുവെഴുത്തുകൾ എഴുതപ്പെട്ട കാലത്ത്‌ വധശിക്ഷ അർഹിക്കുന്ന ഒരു വ്യക്തിയെ ആദ്യം വധിക്കുകയും പിന്നെ സ്‌തംഭത്തിലോ മരത്തിലോ തൂക്കുകയും ആയിരുന്നു

നിയമാവർത്തനം (ആവർത്തനപുസ്‌തകം) 21:23, (പി.ഒ.സി.) “മരത്തിൽ തൂക്കപ്പെട്ടവൻ ദൈവത്താൽ ശപിക്കപ്പെട്ടവനാണ്‌” എന്നു പ്രസ്‌താവിക്കുന്നു. “ദൈവത്താൽ ശപിക്കപ്പെട്ട” ദുഷ്ടനായ ഒരു വ്യക്തിയുടെ മൃതദേഹം സ്‌തംഭത്തിന്മേലോ മരത്തിന്മേലോ തൂക്കി പരസ്യമായി പ്രദർശിപ്പിക്കുന്നത്‌ മറ്റുള്ളവർക്ക്‌ ഒരു മുന്നറിയിപ്പായി ഉതകുമായിരുന്നു.

a ന്യായപ്രമാണമനുസരിച്ച്‌, ഒരു കുറ്റവാളിയെ വധിച്ചതിനുശേഷമാണ്‌ സ്‌തംഭത്തിൽ തൂക്കിയിരുന്നതെന്ന്‌ മിക്ക പണ്ഡിതന്മാരും സമ്മതിക്കുന്നു. എന്നാൽ ഒന്നാം നൂറ്റാണ്ടോടെ യഹൂദന്മാർ ചില കുറ്റവാളികളെ സ്‌തംഭത്തിലേറ്റി വധിച്ചതായി തെളിവുകൾ സൂചിപ്പിക്കുന്നു.