ജീവിതകഥ
യഹോവയെ അനുസരിച്ചത് എനിക്കു വലിയ അനുഗ്രഹങ്ങൾ കൈവരുത്തി!
“എത്ര ശക്തമായ പാഠമാണ് നോഹയിൽനിന്നു പഠിക്കാൻ കഴിയുന്നത്!” എന്റെ പിതാവു പറയുമായിരുന്നു. “അവൻ യഹോവയെ അനുസരിക്കുകയും തന്റെ കുടുംബത്തെ സ്‌നേഹിക്കുകയും ചെയ്‌തു. അവരെല്ലാവരും പെട്ടകത്തിൽ കയറിയതുകൊണ്ട് ആ കുടുംബം മുഴുവൻ ജലപ്രളയത്തെ അതിജീവിച്ചു.”
സൗമ്യനും കഠിനാധ്വാനിയും ആയിരുന്ന എന്റെ പിതാവിനെക്കുറിച്ചുള്ള കഴിഞ്ഞകാലസ്‌മരണകളിൽ ഒന്നു മാത്രമാണ് ഇത്. ശക്തമായ നീതിബോധമുള്ള ഒരു വ്യക്തിയായിരുന്നതുകൊണ്ടു 1953-ൽ ബൈബിൾസന്ദേശം കേട്ട ഉടനെ അദ്ദേഹം അതിൽ ആകൃഷ്ടനായി. അന്നുമുതൽ പഠിക്കുന്ന കാര്യങ്ങൾ കുട്ടികളായ ഞങ്ങളിൽ ഉൾനടാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. തന്റെ കത്തോലിക്കാമതവിശ്വാസങ്ങൾ ഉപേക്ഷിക്കാൻ അമ്മയ്‌ക്ക് ആദ്യം മടിയായിരുന്നെങ്കിലും പിന്നീട് ബൈബിൾപഠിപ്പിക്കലുകൾ സ്വന്തമാക്കാൻ തുടങ്ങി.
ഞങ്ങളോടൊപ്പം ബൈബിൾ പഠിക്കുന്നതിനു മാതാപിതാക്കൾ വളരെ ശ്രമം ചെയ്യേണ്ടിയിരുന്നു. കാരണം, അമ്മയ്‌ക്കു വിദ്യാഭ്യാസം നന്നേ കുറവായിരുന്നു. അച്ഛനാകട്ടെ, വയലിൽ ഏറെ സമയം അധ്വാനിക്കണമായിരുന്നു. മിക്കപ്പോഴും അദ്ദേഹം ക്ഷീണിതനായിരുന്നതുകൊണ്ടു പഠനസമയത്ത് ഉണർന്നിരിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ശ്രമങ്ങൾക്കു ഫലം ലഭിക്കുകതന്നെ ചെയ്‌തു. മുതിർന്ന കുട്ടിയായിരുന്നതുകൊണ്ട് അനിയത്തിയെയും രണ്ട് അനിയന്മാരെയും പഠിപ്പിക്കാൻ ഞാൻ സഹായിച്ചു. നോഹയ്‌ക്കു തന്റെ കുടുംബത്തോടുള്ള സ്‌നേഹത്തെയും യഹോവയോടുള്ള അനുസരണത്തെയും കുറിച്ചു പിതാവു പറയാറുണ്ടായിരുന്ന കാര്യങ്ങളും അവരെ പഠിപ്പിച്ചു. ഈ ബൈബിൾവിവരണം ഞാൻ എത്രയധികം ഇഷ്ടപ്പെട്ടിരുന്നെന്നോ! അധികം വൈകാതെ ഞങ്ങളെല്ലാവരും ഇറ്റലിയിലെ അഡ്രിയാറ്റിക് തീരത്തുള്ള ഒരു നഗരമായ റൊസേറ്റൊ ഡെൽയി ആബ്രൂറ്റ്‌സിയിലെ രാജ്യഹാളിൽ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി.
1955-ൽ എനിക്കു 11 വയസ്സുള്ളപ്പോളാണ് ഞാൻ ആദ്യമായി കൺവെൻഷനിൽ സംബന്ധിക്കുന്നത്. അതിനുവേണ്ടി ഞാനും അമ്മയും പടിഞ്ഞാറൻ മലനിരകൾ താണ്ടി റോമിലേക്കു പോയി. അന്നുമുതൽ അത്തരം വലിയ കൂടിവരവുകൾ എന്റെ ക്രിസ്‌തീയജീവിതത്തിലെ സുന്ദരനിമിഷങ്ങളായി.
തൊട്ടടുത്ത വർഷം ഞാൻ സ്‌നാനമേൽക്കുകയും മുഴുസമയശുശ്രൂഷ ആരംഭിക്കുകയും ചെയ്‌തു. എനിക്കു 17 വയസ്സുള്ളപ്പോൾ റോമിനു തെക്കുള്ള ലാറ്റിനയിലേക്ക് ഒരു പ്രത്യേക പയനിയറായി നിയമനം ലഭിച്ചു. വീട്ടിൽനിന്ന് ഏകദേശം 190 മൈലുകൾ (300 കി.മീ.) അകലെയായിരുന്നു ആ സ്ഥലം. താരതമ്യേന ഒരു പുതിയ നഗരമായിരുന്നതുകൊണ്ടു ബൈബിൾസത്യം സ്വീകരിച്ചാൽ അയൽക്കാർ എന്തു വിചാരിക്കുമെന്ന് ഓർത്ത് ആളുകൾ ഉത്‌കണ്‌ഠപ്പെട്ടിരുന്നില്ല. ഞാനും എന്റെ പയനിയർ പങ്കാളിയും ഉത്സാഹത്തോടെ ബൈബിൾസാഹിത്യങ്ങൾ വിതരണം ചെയ്‌തു. എന്നാൽ ചെറുപ്പമായിരുന്ന എനിക്ക് എത്രമാത്രം ഗൃഹാതുരത്വം അനുഭവപ്പെട്ടെന്നോ! എങ്കിലും ലഭിച്ചിരുന്ന നിർദേശങ്ങൾ അനുസരിക്കാൻ ഞാൻ ആഗ്രഹിച്ചു.
1963-ലെ “നിത്യസുവാർത്ത” അന്താരാഷ്‌ട്ര സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കായി
എന്നെ മിലാനിലേക്കു നിയമിച്ചു. ഫ്‌ളോറൻസിൽനിന്നുള്ള യുവസഹോദരനായ പൗലൊ പിച്ചോളി ഉൾപ്പെടെ ധാരാളം സഹോദരങ്ങളോടൊപ്പം എനിക്കു സേവിക്കാനായി. കൺവെൻഷന്റെ രണ്ടാം ദിവസം ഏകാകിത്വത്തെക്കുറിച്ച് അദ്ദേഹം ആവേശജനകമായ ഒരു പ്രസംഗം നടത്തി. ‘ഈ സഹോദരൻ ഒരിക്കലും വിവാഹിതനാകില്ല’ എന്നു ചിന്തിച്ചതു ഞാൻ ഇപ്പോഴും ഓർക്കുന്നു. പിന്നീട് ഞങ്ങൾ പരസ്‌പരം കത്തെഴുതാൻ തുടങ്ങി. യഹോവയോടുള്ള സ്‌നേഹം, അവനെ അനുസരിക്കാനുള്ള ശക്തമായ ആഗ്രഹം, ഞങ്ങളുടെ ലക്ഷ്യങ്ങൾ എന്നിങ്ങനെ പല കാര്യങ്ങളിലും സമാനചിന്താഗതിയാണ് ഞങ്ങൾക്കുള്ളതെന്നു മനസ്സിലായി. 1965-ൽ ഞാനും പൗലൊയും വിവാഹിതരായി.വൈദികരുമൊത്തുള്ള ചർച്ച
ഞാൻ ഫ്‌ളോറൻസിൽ പത്തു വർഷം സാധാരണ പയനിയറായി സേവിച്ചു. സഭകളുടെ വളർച്ചയും യുവാക്കളുടെ പുരോഗതിയും നിരീക്ഷിച്ചതു വളരെയധികം പ്രോത്സാഹനമേകി. അവരോടൊപ്പം ആത്മീയസംഭാഷണങ്ങളിലേർപ്പെടുന്നത് പൗലൊയും ഞാനും ഏറെ ആസ്വദിച്ചിരുന്നു. ഫുട്‌ബോൾകളിപോലുള്ള വിനോദങ്ങളിലും പൗലൊ അവർക്കൊപ്പം സമയം ചെലവഴിച്ചു. എന്റെ ഭർത്താവിന്റെ കൂടെയായിരിക്കുന്നതു ഞാൻ വളരെയേറെ വിലമതിച്ചിരുന്നു. എന്നിരുന്നാലും സഭയിലെ യുവാക്കൾക്കും കുടുംബങ്ങൾക്കും അദ്ദേഹത്തിന്റെ ദയാപുരസ്സരമായ താത്‌പര്യവും സമയവും എത്രയേറെ ആവശ്യമാണെന്നും അവർക്ക് അത് എത്രത്തോളം പ്രയോജനം ചെയ്യുന്നെന്നും എനിക്കു കാണാൻ കഴിഞ്ഞു.
ഞങ്ങൾ നടത്തിയിരുന്ന ബൈബിളധ്യയനങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും സന്തോഷം തോന്നാറുണ്ട്. അതിലൊന്നാണ് അഡ്രിയാനയുമൊത്തുള്ള അധ്യയനം. അവൾ പഠിക്കുന്ന കാര്യങ്ങൾ മറ്റു രണ്ടു കുടുംബങ്ങളോടു പങ്കുവെക്കുമായിരുന്നു. അവർ ത്രിത്വം, ആത്മാവിന്റെ അമർത്യത തുടങ്ങിയ സഭാപഠിപ്പിക്കലുകളെക്കുറിച്ച് ഒരു പുരോഹിതനും ഞങ്ങളും തമ്മിൽ ചർച്ച ചെയ്യാൻ ഒരു യോഗം ക്രമീകരിച്ചു. അതിൽ മൂന്നു ബിഷപ്പുമാർ ഹാജരായി. ബൈബിളിലെ വ്യക്തമായ പഠിപ്പിക്കലുകളുമായി താരതമ്യം ചെയ്‌തപ്പോൾ അവരുടെ വിശദീകരണങ്ങൾ പരസ്‌പരവിരുദ്ധവും സങ്കീർണവും ആണെന്ന് ഞങ്ങളുടെ വിദ്യാർഥികൾക്കു പെട്ടെന്നു മനസ്സിലായി. ആ യോഗം ഒരു വഴിത്തിരിവായിരുന്നു. കാലക്രമേണ ആ കുടുംബങ്ങളിലെ 15 പേർ സാക്ഷികളായിത്തീർന്നു.
ഇന്നു നമ്മുടെ സാക്ഷീകരണരീതികൾ തികച്ചും വ്യത്യസ്‌തമാണ്. എന്നാൽ അന്നു പുരോഹിതന്മാരുമായി നടത്തിയ തർക്കങ്ങളിലൂടെ പൗലൊ ഒരു ‘വിദഗ്‌ധൻ’ ആയിത്തീർന്നു. അങ്ങനെ ധാരാളം പുരോഹിതന്മാരുമായി അദ്ദേഹം ചർച്ചകൾ നടത്തിയിട്ടുണ്ട്. സാക്ഷികളല്ലാത്ത സദസ്സിനു മുമ്പാകെ നടത്തിയ ഒരു സംവാദത്തെക്കുറിച്ച് ഞാൻ ഓർക്കുന്നു. കുഴപ്പിക്കുന്ന ചോദ്യങ്ങൾ സദസ്സിൽനിന്നു ചോദിക്കുന്നതിനുവേണ്ടി നേരത്തേതന്നെ ചിലരെ എതിരാളികൾ ക്രമീകരിച്ചിരുന്നു. എന്നാൽ സംഭാഷണം വിപരീതഫലമാണു ചെയ്‌തത്. നൂറ്റാണ്ടുകളായി സഭ രാഷ്‌ട്രീയത്തിലുൾപ്പെടുന്നതു ശരിയാണോ എന്ന് ഒരാൾ ചോദിച്ചു. തങ്ങൾ കുഴപ്പത്തിലായെന്നു പുരോഹിതന്മാർക്കു വ്യക്തമായി. പെട്ടെന്നു വെളിച്ചം പോയി, യോഗം പിരിച്ചുവിട്ടു. പുരോഹിതന്മാർ വിചാരിച്ചതുപോലെ സംഭാഷണം മുമ്പോട്ടു പോകുന്നില്ലെങ്കിൽ അപ്പോൾത്തന്നെ ലൈറ്റ് കെടുത്താൻ അവർ മുന്നമേ തീരുമാനിച്ചിരുന്നെന്നു വർഷങ്ങൾക്കു ശേഷം ഞങ്ങൾക്കു മനസ്സിലായി.
സേവനത്തിന്റെ പുതിയ മേഖലകൾ
ഞാനും പൗലൊയും വിവാഹിതരായി പത്തു വർഷങ്ങൾക്കുശേഷം സഞ്ചാരവേലയ്‌ക്കായി ഞങ്ങളെ ക്ഷണിച്ചു.
പൗലൊയ്‌ക്കു നല്ലൊരു ജോലി ഉണ്ടായിരുന്നതിനാൽ തീരുമാനമെടുക്കുക പ്രയാസമായിരുന്നു. എന്നാൽ പ്രാർഥനാപൂർവം പരിചിന്തിച്ചശേഷം ആ പുതിയ സേവനമേഖലയ്‌ക്കുവേണ്ടി ഞങ്ങളെത്തന്നെ ലഭ്യമാക്കി. ആതിഥ്യമരുളിയ കുടുംബങ്ങളുമായി സമയം ചെലവഴിച്ചത് ഞങ്ങൾ ഏറെ ആസ്വദിച്ചു. വൈകുന്നേരങ്ങളിൽ ഞങ്ങൾ ഒരുമിച്ചു പഠിക്കുകയും അവരുടെ കുട്ടികളുടെ ഗൃഹപാഠം ചെയ്യാൻ പൗലൊ സഹായിക്കുകയും ചെയ്‌തിരുന്നു, പ്രത്യേകിച്ചു ഗണിതശാസ്‌ത്ര വിഷയമാണെങ്കിൽ. നല്ല വായനാശീലമുണ്ടായിരുന്ന പൗലൊ താത്‌പര്യജനകവും കെട്ടുപണിചെയ്യുന്നതും ആയ വിവരങ്ങൾ മറ്റുള്ളവരുമായി ആവേശത്തോടെ പങ്കുവെക്കുമായിരുന്നു. സാക്ഷികളില്ലാത്ത പട്ടണങ്ങളിൽ മിക്ക തിങ്കളാഴ്‌ചകളിലും ഞങ്ങൾ വയൽസേവനത്തിനു പോകുകയും അന്നു വൈകുന്നേരത്തെ പ്രസംഗത്തിനായി ആളുകളെ ക്ഷണിക്കുകയും ചെയ്‌തിരുന്നു.സഞ്ചാരവേല തുടങ്ങി വെറും രണ്ടു വർഷങ്ങൾക്കു ശേഷം റോമിലെ ബെഥേലിൽ സേവിക്കാൻ ഞങ്ങളെ ക്ഷണിച്ചു. പൗലൊയെ നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനും എന്നെ മാസികാവിഭാഗത്തിലും നിയമിച്ചു. മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ എളുപ്പമല്ലായിരുന്നെങ്കിലും അനുസരിക്കാൻ ഞങ്ങൾ ദൃഢചിത്തരായിരുന്നു. ബ്രാഞ്ചിന്റെ ക്രമാനുഗതമായ വളർച്ചയും ഇറ്റലിയിലെ സഹോദരങ്ങളുടെ അഭിവൃദ്ധിയും ഞങ്ങളെ ആവേശഭരിതരാക്കി. ആ സമയത്ത്, യഹോവയുടെ സാക്ഷികൾക്ക് ഇറ്റലിയിൽ നിയമാംഗീകാരം ലഭിച്ചു. സേവനത്തിന്റെ ഇത്തരം മേഖലകളിൽ പ്രവർത്തിക്കാനായതിൽ ഞങ്ങൾ വളരെ സന്തുഷ്ടരായിരുന്നു.
ഞങ്ങൾ ബെഥേലിൽ സേവിച്ചുകൊണ്ടിരിക്കെ രക്തം സംബന്ധിച്ച നമ്മുടെ ബൈബിളധിഷ്‌ഠിതനിലപാടിനെതിരെ ഇറ്റലിയിൽ ചില പ്രശ്‌നങ്ങൾ ഉയർന്നുവന്നു. 1980-കളുടെ തുടക്കത്തിൽ, ഒരു കേസ്സ് വലിയ കോളിളക്കംതന്നെ സൃഷ്ടിച്ചു. യഹോവയുടെ സാക്ഷികളായ ഒരു ദമ്പതികൾ തങ്ങളുടെ മകളുടെ മരണത്തിന് ഉത്തരവാദികളാണെന്ന ആരോപണത്തിനു വിധേയരായി. വാസ്‌തവത്തിൽ മെഡിറ്ററേനിയൻ പ്രദേശത്തെ ആളുകളിൽ സാധാരണയായി കണ്ടുവരുന്ന ഗുരുതരമായ ഒരുതരം അനീമിയ കാരണമായിരുന്നു ആ കുട്ടി മരിച്ചത്. ബെഥേൽ കുടുംബത്തിലെ സഹോദരങ്ങൾ ആ ക്രിസ്‌തീയമാതാപിതാക്കളുടെ അഭിഭാഷകരെ പിന്തുണച്ചു. രക്തം സംബന്ധിച്ചു ദൈവവചനം പറയുന്ന യഥാർഥവസ്‌തുതകൾ മനസ്സിലാക്കാൻ ഉണരുക!-യുടെ ഒരു പ്രത്യേകപതിപ്പും ഒരു ലഘുലേഖയും ആളുകളെ സഹായിച്ചു. ആ മാസങ്ങളിലെ മിക്ക ദിവസങ്ങളിലും പൗലൊ തുടർച്ചയായി 16 മണിക്കൂർവരെ ജോലി ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന്റെ കഠിനശ്രമങ്ങളെ ഞാൻ മുഴുഹൃദയാ പിന്തുണച്ചു.
ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്
ഞങ്ങൾ വിവാഹിതരായി 20 വർഷങ്ങൾക്കു ശേഷം ഒരു അപ്രതീക്ഷിതസാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിവന്നു. എനിക്കു 41-ഉം പൗലൊയ്‌ക്കു 49-ഉം വയസ്സു പ്രായം. ഞാൻ ഗർഭിണിയാണെന്നു തോന്നുന്നെന്ന് അദ്ദേഹത്തോടു പറഞ്ഞു. അന്ന് അദ്ദേഹത്തിന്റെ ഡയറിയിൽ രേഖപ്പെടുത്തിയ വാക്കുകളാണ് ഇവ: “പ്രാർഥന: ഇതു സത്യമാണെങ്കിൽ, മുഴുസമയസേവനത്തിൽ നിലനിൽക്കാൻ ഞങ്ങളെ സഹായിക്കണേ, ആത്മീയമായി തളർന്നുപോകാതെ നല്ല മാതാപിതാക്കളാകാൻ ഞങ്ങളെ സഹായിക്കണേ. സർവോപരി, കഴിഞ്ഞ 30 വർഷങ്ങളായി സ്റ്റേജിൽനിന്നു പറഞ്ഞ കാര്യങ്ങളിൽ ഒരു ശതമാനമെങ്കിലും ബാധകമാക്കാൻ എന്നെ സഹായിക്കണേ.” ഫലങ്ങൾ നോക്കിയാൽ അദ്ദേഹത്തിന്റെ പ്രാർഥനയ്‌ക്ക് ഉത്തരം ലഭിക്കുകതന്നെ ചെയ്‌തു—എന്റെയും.
ഇലാറിയയുടെ ജനനത്തോടെ ഞങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായി. സദൃശവാക്യങ്ങൾ 24:10 പറയുന്നതുപോലെ ശരിക്കും നിരുത്സാഹം തോന്നിയ നിമിഷങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു. അവിടെ ഇങ്ങനെ പറയുന്നു: “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ.” എന്നാൽ പരസ്‌പരപ്രോത്സാഹനത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ ഞങ്ങൾ അന്യോന്യം പിന്തുണച്ചു.
മുഴുസമയസേവനത്തിൽ തിരക്കോടെ ഏർപ്പെട്ടിരുന്ന രണ്ടു സാക്ഷികളുടെ മകളായി ജനിക്കാൻ കഴിഞ്ഞതിൽ താൻ എത്രയധികം സന്തുഷ്ടയാണെന്ന് ഇലാറിയ ആവേശത്തോടെ പറയാറുണ്ട്. അവഗണിക്കപ്പെട്ടതായി അവൾക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഒരു സാധാരണ കുടുംബത്തിലെന്നപോലെതന്നെ അവൾ വളർന്നു. പകൽസമയത്ത് ഞാൻ അവളോടൊപ്പമുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ പൗലൊ വീട്ടിലെത്തിയാൽ അദ്ദേഹത്തിനു ചെയ്‌തുതീർക്കാൻ ധാരാളം ജോലികളുണ്ടാകും. എങ്കിലും അദ്ദേഹം അവളോടൊപ്പം കളിക്കുകയും ഗൃഹപാഠം തീർക്കാൻ സഹായിക്കുകയും ചെയ്യും. അതിനാൽ അദ്ദേഹത്തിനു തന്റെ ജോലികൾ ചെയ്‌തുതീർക്കാനായി വെളുപ്പിന് രണ്ടോ മൂന്നോ മണിവരെ ഉറങ്ങാതിരിക്കേണ്ടിവരുമായിരുന്നു. “ഡാഡിയാണ് എന്റെ ഏറ്റവും നല്ല സുഹൃത്ത്.” മിക്കപ്പോഴും അവൾ അതു പറയുമായിരുന്നു.
നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതുപോലെ ക്രിസ്‌തീയപാതയിൽ തുടരാൻ ഇലാറിയയെ സഹായിക്കുന്നതിനു നിരന്തരശ്രമവും ചില സമയങ്ങളിൽ ദൃഢതയും ആവശ്യമായിരുന്നു. ഒരിക്കൽ കൂട്ടുകാരിയോടൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോൾ ഇലാറിയ മോശമായി പെരുമാറിയത് ഞാൻ ഓർക്കുന്നു. അങ്ങനെ ചെയ്യരുതാത്തത് എന്തുകൊണ്ടാണെന്നു ബൈബിളിൽനിന്നു ഞങ്ങൾ വിശദീകരിച്ചുകൊടുത്തു. തെറ്റു മനസ്സിലാക്കിയ അവൾ ഞങ്ങളുടെ സാന്നിധ്യത്തിൽ കൂട്ടുകാരിയോടു ക്ഷമ ചോദിച്ചു.
മാതാപിതാക്കൾ ശുശ്രൂഷയോടു കാണിച്ച സ്‌നേഹത്തെ താൻ വളരെയേറെ വിലമതിക്കുന്നെന്ന് ഇലാറിയ മടികൂടാതെ പറയാറുണ്ട്. ഇപ്പോൾ അവൾ വിവാഹിതയാണ്. യഹോവയെ അനുസരിക്കേണ്ടതിന്റെയും അവന്റെ നിർദേശങ്ങൾ പിൻപറ്റേണ്ടതിന്റെയും പ്രാധാന്യം മുമ്പത്തെക്കാളധികം അവൾ തിരിച്ചറിയുന്നു.
വിഷമഘട്ടങ്ങളിലും അനുസരണം
പൗലൊയ്‌ക്കു ക്യാൻസറാണെന്ന് 2008-ൽ മനസ്സിലായി. തുടക്കത്തിൽ രോഗത്തെ അതിജീവിക്കുമെന്നു തോന്നിയ അദ്ദേഹം എന്നെ വളരെയേറെ ധൈര്യപ്പെടുത്തി. നല്ല വൈദ്യസഹായം തേടിയതു കൂടാതെ ഭാവിയെ അഭിമുഖീകരിക്കുന്നതിനുള്ള സഹായത്തിനായി ഇലാറിയയുമൊന്നിച്ചു ഞങ്ങൾ ദീർഘനേരം യഹോവയോടു പ്രാർഥിച്ചു. വളരെ ശക്തനും, അസാമാന്യസ്വഭാവദാർഢ്യവുമുള്ള ഒരു മനുഷ്യന്റെ ആരോഗ്യം ക്രമേണ ക്ഷയിക്കുന്നത് എനിക്കു കാണേണ്ടിവന്നു. അങ്ങനെ 2010-ൽ അദ്ദേഹം വിടവാങ്ങി. അതു ഞങ്ങൾക്കു വലിയൊരു ആഘാതമായിരുന്നു. എന്നുവരികിലും, 45 വർഷങ്ങൾ ഞങ്ങൾ ദൈവസേവനത്തിൽ കൈവരിച്ച നേട്ടങ്ങളെപ്രതി ഞാൻ ആശ്വസിച്ചു. ഏറ്റവും നല്ലത് ഞങ്ങൾ യഹോവയ്‌ക്കു കൊടുത്തു. ഞങ്ങളുടെ വേലയ്‌ക്കു നിലനിൽക്കുന്ന പ്രയോജനങ്ങളുണ്ടെന്ന് എനിക്ക് ഉറപ്പാണ്. യോഹന്നാൻ 5:28, 29-ലെ യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതുപോലെ പൗലൊ പുനരുത്ഥാനം പ്രാപിച്ചുവരുന്നതു കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
“ഉള്ളിന്റെയുള്ളിൽ, നോഹയുടെ കഥയെ ഒരുപാടു സ്‌നേഹിക്കുന്ന ആ കൊച്ചുപെൺകുട്ടിയാണ് ഞാൻ ഇപ്പോഴും. എന്റെ തീരുമാനത്തിനു യാതൊരു മാറ്റവും വന്നിട്ടില്ല”
ഉള്ളിന്റെയുള്ളിൽ, നോഹയുടെ കഥയെ ഒരുപാടു സ്‌നേഹിക്കുന്ന ആ കൊച്ചുപെൺകുട്ടിയാണ് ഞാൻ ഇപ്പോഴും. എന്റെ തീരുമാനത്തിനു യാതൊരു മാറ്റവും വന്നിട്ടില്ല. യഹോവ എന്ത് ആവശ്യപ്പെട്ടാലും അത് അനുസരിക്കാൻ ഞാൻ തയ്യാറാണ്. നമ്മുടെ സ്‌നേഹവാനായ ദൈവം വർഷിക്കുന്ന അത്ഭുതകരമായ അനുഗ്രഹങ്ങളോടു താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ നാം നേരിടേണ്ടിവരുന്ന ഏതു പ്രതിസന്ധികളും ത്യാഗങ്ങളും നഷ്ടങ്ങളും തീരെ ചെറുതാണെന്ന് എനിക്ക് ഉറപ്പാണ്. ഞാൻ വ്യക്തിപരമായി അത് അനുഭവിച്ചറിഞ്ഞിരിക്കുന്നു. അതെ, ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു, യഹോവയെ അനുസരിക്കുന്നതു തികച്ചും മൂല്യവത്താണ്.