നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾ സശ്രദ്ധം വായിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകുമോ എന്നു നോക്കുക:
ബൈബിൾ തുറക്കുമ്പോൾ ആദ്യം കണ്ണിൽപ്പെടുന്ന വേദഭാഗം നമുക്കുള്ള മാർഗനിർദേശമായിക്കരുതി വായിക്കുന്ന രീതിയോടുള്ള ക്രിസ്ത്യാനികളുടെ വീക്ഷണം എന്തായിരിക്കണം?
സത്യക്രിസ്ത്യാനികൾ ലക്ഷണം നോക്കുന്നില്ല. പകരം അവർ സൂക്ഷ്മപരിജ്ഞാനവും ദിവ്യമാർഗനിർദേശവും തേടിക്കൊണ്ട് ബൈബിൾ പഠിക്കുന്നു.—12/15, പേജ് 3.
ദൈവത്തിന്റെ ഉത്തമഗൃഹവിചാരകരെന്നനിലയിൽ എല്ലാ ക്രിസ്ത്യാനികളും ഏതു തത്ത്വങ്ങൾ മനസ്സിൽപ്പിടിക്കണം? (1 പത്രോ. 4:10)
ക്രിസ്ത്യാനികളെന്നനിലയിൽ നാം ദൈവത്തിനുള്ളവരും അവനോടു കണക്കുബോധിപ്പിക്കേണ്ടവരുമാണ്. നാം എല്ലാം ഒരേ അടിസ്ഥാനനിലവാരങ്ങളോടു പറ്റിനിൽക്കുന്നു. നാം വിശ്വസ്തരും ആശ്രയയോഗ്യരും ആയിരിക്കണം.—12/15, പേജ് 10-12.
നീങ്ങിപ്പോകാനിരിക്കുന്ന ‘ലോകം’ ഏതാണ്?
നീങ്ങിപ്പോകാനിരിക്കുന്ന ‘ലോകം’ ദൈവേഷ്ടത്തിനു ചേർച്ചയിൽ ജീവിതം നയിക്കാത്ത മനുഷ്യവർഗലോകമാണ്. (1 യോഹ. 2:17) ഭൂമിയും വിശ്വസ്തമനുഷ്യരും അതിജീവിക്കും.—1/1, പേജ് 5-7.
മരിച്ചുപോയെങ്കിലും ഹാബേൽ ഇന്നും നമ്മോടു സംസാരിക്കുന്നതെങ്ങനെ? (എബ്രാ. 11:4)
അവൻ തന്റെ വിശ്വാസത്തിലൂടെയാണ് സംസാരിക്കുന്നത്. അവന്റെ വിശ്വാസത്തിൽനിന്ന് പഠിക്കാനും അത് അനുകരിക്കാനും നമുക്കു കഴിയും. അവന്റെ മാതൃക ഇന്നും നമുക്കു മുന്നിൽ ജീവസുറ്റതായി നിൽക്കുന്നു.—1/1, പേജ് 12.
ശ്രദ്ധിച്ചില്ലെങ്കിൽ ദൈവത്തിൽനിന്നും നമ്മെ അകറ്റിക്കളഞ്ഞേക്കാവുന്ന ചില മണ്ഡലങ്ങളേവ?
തൊഴിലും ജീവിതവൃത്തിയും, നാം തിരഞ്ഞെടുക്കുന്ന വിനോദം, പുറത്താക്കപ്പെട്ട ഒരു കുടുംബാംഗത്തോടുള്ള അടുപ്പം, ആധുനിക സാങ്കേതികവിദ്യയുടെ അമിതോപയോഗം, ആരോഗ്യത്തെപ്രതിയുള്ള ഉത്കണ്ഠ, പണത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാട്, നമ്മുടെ വീക്ഷണങ്ങൾക്കോ സ്ഥാനത്തിനോ അമിതപ്രാധാന്യം നൽകുക എന്നിവയാണ് ആ മണ്ഡലങ്ങളിൽ ചിലത്.—1/15, പേജ് 12-21.
മോശയുടെ താഴ്മയിൽനിന്ന് നമുക്ക് എന്തു പഠിക്കാനുണ്ട്?
അധികാരം അവന്റെ തലയ്ക്കു പിടിച്ചില്ല. അതുകൊണ്ട് അവൻ തന്നിൽത്തന്നെ ആശ്രയിക്കുന്നതിനുപകരം ദൈവത്തിൽ ആശ്രയിച്ചു. നമ്മുടെ അധികാരമോ പദവിയോ നൈസർഗികപ്രാപ്തികളോ നമ്മെ അഹങ്കാരികളാക്കരുത്. എല്ലായ്പോഴും നമുക്ക് യഹോവയിൽ ആശ്രയിക്കാം. (സദൃ. 3:5, 6)—4/1, പേജ് 5.
യിസ്രായേല്യർ ‘ഹൃദയത്തിൽ അഗ്രചർമ്മികൾ’ ആയിരുന്നു എന്ന് പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്ത്? (യിരെ. 9:26)
അവർ ദുശ്ശാഠ്യവും മത്സരവും നിറഞ്ഞവരായിരുന്നു. അതിനാൽ അവരുടെ ഹൃദയത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെടുത്തിയിരുന്ന സംഗതികൾ അവർ നീക്കിക്കളയണമായിരുന്നു. അതായത്, ദൈവത്തിന്റേതിൽനിന്നു വിരുദ്ധമായ അവരുടെ ചിന്താഗതികളും മോഹങ്ങളും ഉൾപ്രേരണകളും അവർ നീക്കംചെയ്യണമായിരുന്നു. (യിരെ. 5:23, 24)—3/15, പേജ് 9-10.
ദൈവത്തിന്റെ സംഘടനയുടെ ഭൗമികഭാഗത്തിൽ ആരൊക്കെയുണ്ട്?
അതിൽ ഭരണസംഘവും ബ്രാഞ്ച് കമ്മിറ്റികളും സഞ്ചാരമേൽവിചാരകന്മാരും മൂപ്പന്മാരുടെ സംഘങ്ങളും സഭകളും യഹോവയുടെ സാക്ഷിയായ ഓരോ വ്യക്തിയും ഉൾപ്പെടുന്നു.—4/15, പേജ് 29.
കുറ്റവാളികളെ സ്തംഭത്തിൽ തൂക്കിക്കൊല്ലുന്ന രീതി ഇസ്രായേല്യർക്ക് ഉണ്ടായിരുന്നോ?
മറ്റു പുരാതനജനതകൾ അങ്ങനെ ചെയ്യാറുണ്ടായിരുന്നെങ്കിലും ഇസ്രായേല്യർ അങ്ങനെ ചെയ്തിരുന്നില്ല, കുറഞ്ഞപക്ഷം എബ്രായതിരുവെഴുത്തുകൾ എഴുതപ്പെട്ട കാലത്തെങ്കിലും. കുറ്റവാളികളെ ആദ്യം കല്ലെറിഞ്ഞോ മറ്റോ കൊല്ലുകയായിരുന്നു ഇസ്രായേല്യരുടെ രീതി. (ലേവ്യ. 20:2, 27) അതിനുശേഷം മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പായി മൃതദേഹം സ്തംഭത്തിൽ തൂക്കുമായിരുന്നു.—5/15, പേജ് 13.