മാതാപിതാക്കളേ, ശൈശവംമുതൽ നിങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുക
“മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ” എന്നു ബൈബിൾ പറയുന്നു. (സങ്കീ. 127:3) പിറന്നുവീഴുന്ന തങ്ങളുടെ പിഞ്ചോമനയെ മാതാപിതാക്കൾ അത്യന്തം ആഹ്ലാദത്തോടെ വരവേൽക്കും.
ഒരു കുട്ടിയുടെ ജനനം സന്തോഷത്തോടൊപ്പം ഉത്തരവാദിത്വങ്ങളും കൈവരുത്തും. ഒരു കുഞ്ഞ് ആരോഗ്യമുള്ള മുതിർന്ന വ്യക്തിയായി വളരണമെങ്കിൽ ക്രമമായ അടിസ്ഥാനത്തിൽ പോഷകപ്രദമായ ഭക്ഷണം ആവശ്യമാണ്. അതുപോലെ, സത്യാരാധനയ്ക്കുവേണ്ടി ദൃഢമായ ഒരു നിലപാട് എടുക്കണമെങ്കിൽ കുട്ടികൾക്ക് ആത്മീയപോഷണം ആവശ്യമാണ്. അവരിൽ ദൈവികതത്ത്വങ്ങൾ ക്രമമായി ഉൾനടാൻ മാതാപിതാക്കൾ കഠിനശ്രമം ചെയ്യേണ്ടതുണ്ട്. (സദൃ. 1:8) അത്തരം പരിശീലനം എപ്പോൾമുതൽ കൊടുത്ത് തുടങ്ങാം? അതിൽ എന്തൊക്കെ ഉൾപ്പെടുന്നു?
മാതാപിതാക്കൾക്ക് മാർഗനിർദേശം ആവശ്യമാണ്
പുരാതനയിസ്രായേലിലെ സോര നഗരത്തിൽ ജീവിച്ചിരുന്ന ദാൻഗോത്രത്തിലെ മാനോഹയെക്കുറിച്ചു ചിന്തിക്കുക. മാനോഹയുടെ വന്ധ്യയായ ഭാര്യ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കുമെന്നു യഹോവയുടെ ദൂതൻ അവളോടു പറഞ്ഞു. (ന്യായാ. 13:2, 3) ആ വാക്കുകൾ കേട്ടപ്പോൾ വിശ്വസ്തരായ അവർക്ക് എത്രയധികം സന്തോഷം തോന്നിയിട്ടുണ്ടാകും! എന്നിരുന്നാലും അവർക്ക് ഉത്കണ്ഠയുമുണ്ടായിരുന്നു. അതുകൊണ്ട്, മാനോഹ ഇങ്ങനെ പ്രാർഥിച്ചു: “കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ.” (ന്യായാ. 13:8) മാനോഹയും ഭാര്യയും തങ്ങളുടെ മകനായ ശിംശോനെ പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. അവർ അവനെ ദിവ്യനിയമങ്ങൾ പഠിപ്പിച്ചുവെന്നതിനു സംശയമില്ല. അവരുടെ ശ്രമങ്ങൾ വിജയിക്കുകതന്നെ ചെയ്തു. “യഹോവയുടെ ആത്മാവ് അവനെ ഉദ്യമിപ്പിച്ചുതുടങ്ങി” എന്നു ബൈബിൾ പറയുന്നു. ഇസ്രായേലിലെ ന്യായാധിപന്മാരിൽ ഒരാളായിത്തീർന്ന ശിംശോൻ ദൈവാത്മാവിന്റെ സഹായത്താൽ ധാരാളം വീര്യപ്രവൃത്തികൾ ചെയ്തു.—ന്യായാ. 13:25; 14:5, 6; 15:14, 15.
എപ്പോളാണ് കുട്ടികളെ പരിശീലിപ്പിച്ച് തുടങ്ങേണ്ടത്? തിമൊഥെയൊസിന്റെ അമ്മയായ യൂനിക്കയും വല്യമ്മയായ ലോവീസും അവനെ “തിരുവെഴുത്തുകൾ ശൈശവംമുതൽതന്നെ” പഠിപ്പിച്ചു. (2 തിമൊ. 1:5; 3:15) അതെ, നന്നേ ചെറുപ്പംമുതൽ തിമൊഥെയൊസിന് തിരുവെഴുത്തുകളിൽനിന്നുള്ള പരിശീലനം കൊടുത്തുതുടങ്ങി!
മാർഗനിർദേശത്തിനായി പ്രാർഥിക്കുന്നതും ആസൂത്രണം ചെയ്യുന്നതും “ശൈശവംമുതൽ” കുട്ടികളെ പരിശീലിപ്പിക്കാൻ മാതാപിതാക്കളെ സഹായിക്കും. സദൃശവാക്യങ്ങൾ 21:5 പറയുന്നു: “ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു.” ഒരു കുഞ്ഞു ജനിക്കുന്നതിനു മുമ്പുതന്നെ മാതാപിതാക്കൾ ശ്രദ്ധയോടെ ഒരുക്കങ്ങൾ തുടങ്ങും. കുഞ്ഞിന് ആവശ്യമായ സാധനങ്ങളുടെ ഒരു പട്ടികപോലും ഉണ്ടാക്കിയേക്കാം. ആത്മീയപരിശീലനം നൽകാനും മുന്നമേ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ശിശുവായിരിക്കുമ്പോൾത്തന്നെ പരിശീലനം തുടങ്ങുക എന്നതായിരിക്കണം അവരുടെ ലക്ഷ്യം.
കുട്ടികളുടെ വളർച്ചയെക്കുറിച്ചുള്ള ഒരു പുസ്തകം (Early Childhood Counts—A Programming Guide on Early Childhood Care for Development) ഇങ്ങനെ പറയുന്നു: “തലച്ചോറ് വികാസം പ്രാപിക്കുന്നതിൽ ജനനശേഷമുള്ള ആദ്യമാസങ്ങൾ നിർണായകമാണ്. പഠനത്തിനു സഹായിക്കുന്ന നാഡീബന്ധങ്ങളായ സിനാപ്സുകൾ ഈ സമയത്ത് 20 മടങ്ങ് വർധിക്കുന്നു.” ആത്മീയവിവരങ്ങളും അതിന്റെ മൂല്യവും കുരുന്നുമനസ്സിൽ ഉൾനടാൻ ഈ ചുരുങ്ങിയ സമയം പൂർണമായും പ്രയോജനപ്പെടുത്തേണ്ടതല്ലേ?
സാധാരണ പയനിയറായ ഒരു അമ്മ തന്റെ മകളെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ഒരു മാസം പ്രായമുള്ളപ്പോൾമുതൽ അവളെ ഞാൻ ശുശ്രൂഷയ്ക്കു കൂടെക്കൊണ്ടുപോകുമായിരുന്നു. ഒന്നും മനസ്സിലാകുമായിരുന്നില്ലെങ്കിലും നേരത്തേയുള്ള ഈ പരിശീലനം അവൾക്കു നല്ല ഫലം ചെയ്യുമെന്നു ഞാൻ വിശ്വസിച്ചു. തത്ഫലമായി, അവൾ രണ്ടു വയസ്സുള്ളപ്പോൾത്തന്നെ വയലിൽ കണ്ടുമുട്ടുന്നവർക്ക് ധൈര്യസമേതം ലഘുലേഖകൾ സമർപ്പിക്കുമായിരുന്നു.”
ശൈശവംമുതൽ കുട്ടിയെ പരിശീലിപ്പിക്കുന്നെങ്കിൽ നല്ല ഫലം ലഭിക്കുകതന്നെ ചെയ്യും. എന്നിരുന്നാലും കുട്ടികൾക്ക് ആത്മീയപരിശീലനം കൊടുക്കുന്നതിൽ അനവധി പ്രതിബന്ധങ്ങളുണ്ടെന്നു മാതാപിതാക്കൾ കണ്ടെത്തിയിരിക്കുന്നു.
“സമയം പൂർണമായി പ്രയോജനപ്പെടുത്തിക്കൊള്ളുവിൻ”
അടങ്ങിയിരിക്കാനും ഒരു കാര്യത്തിൽ കൂടുതൽ സമയം ശ്രദ്ധ കേന്ദ്രീകരിക്കാനും കൊച്ചുകുട്ടികൾക്ക് ബുദ്ധിമുട്ടാണ്. കൂടാതെ അവർ ജിജ്ഞാസയുള്ളവരും തങ്ങളുടെ ചുറ്റുമുള്ള ലോകത്തെക്കുറിച്ച് അറിയാൻ വെമ്പൽകൊള്ളുന്നവരും ആണ്. അതുകൊണ്ട് അവരെ പഠിപ്പിക്കുന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. ആ സ്ഥിതിക്ക്, ശ്രദ്ധ കേന്ദ്രീകരിക്കാൻ മാതാപിതാക്കൾക്ക് കുട്ടികളെ എങ്ങനെ സഹായിക്കാം?
ആവർത്തനപുസ്തകം 6:6, 7-ൽ മോശ പറഞ്ഞതു ശ്രദ്ധിക്കുക: “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” ആവർത്തിച്ച് പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് “ഉപദേശിച്ചുകൊടുക്ക” എന്ന വാക്ക് സൂചിപ്പിക്കുന്നത്. ക്രമമായി വെള്ളം ഒഴിച്ചുകൊടുക്കേണ്ട ഒരു കുഞ്ഞുതൈ പോലെയാണ് കൊച്ചുകുട്ടി. ആവർത്തിച്ച് പറയുന്നത് പ്രധാനപ്പെട്ട കാര്യങ്ങൾ ഓർത്തിരിക്കാൻ മുതിർന്നവരെ സഹായിക്കുമെങ്കിൽ കൊച്ചുകുട്ടികളെ എത്രയധികം!
ദൈവികസത്യങ്ങൾ പഠിപ്പിക്കുന്നതിന് മാതാപിതാക്കൾ കുട്ടികളോടൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ട്. അതിവേഗം മുന്നോട്ടുകുതിക്കുന്ന ഈ ലോകത്തിൽ സമയം കണ്ടെത്തുക പ്രയാസമാണ്. ക്രിസ്തീയപ്രവർത്തനങ്ങൾക്കായി “സമയം പൂർണമായി പ്രയോജനപ്പെടുത്തിക്കൊള്ളുവിൻ” എന്നാണ് അപ്പൊസ്തലനായ പൗലോസ് നിർദേശിച്ചിരിക്കുന്നത്. (എഫെ. 5:15, 16) ഇത് എങ്ങനെ ചെയ്യാം? വളരെ തിരക്കുള്ള ഒരു ക്രിസ്തീയമേൽവിചാരകന്റെ ദൃഷ്ടാന്തം പരിചിന്തിക്കാം. ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങൾ, ജോലി, കുട്ടിയെ പരിശീലിപ്പിക്കൽ എന്നിങ്ങനെ നിരവധി കാര്യങ്ങൾ സമനിലയോടെ നിർവഹിക്കാൻ കഠിനാധ്വാനം ചെയ്യുന്ന ഒരാളായിരുന്നു അദ്ദേഹം. ഭാര്യയാകട്ടെ തിരക്കേറിയ പട്ടികയുള്ള ഒരു സാധാരണ പയനിയറും. മകളെ പരിശീലിപ്പിക്കാൻ അവർ എങ്ങനെ സമയം കണ്ടെത്തുന്നു? പിതാവു പറയുന്നു: “എല്ലാ ദിവസവും രാവിലെ ഞാൻ ജോലിക്കു പോകുന്നതിനു മുമ്പ് ഞങ്ങൾ മകളോടൊപ്പം എന്റെ ബൈബിൾ കഥാപുസ്തകവും തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന പുസ്തകവും വായിക്കും. വൈകുന്നേരങ്ങളിൽ അവൾ ഉറങ്ങാൻ പോകുന്നതിനു മുമ്പും അവളോടൊപ്പം വായിച്ചെന്ന് ഉറപ്പു വരുത്തും. കൂടാതെ ശുശ്രൂഷയ്ക്കു പോകുമ്പോൾ അവളെ കൂടെ കൊണ്ടുപോകും. അവളുടെ ജീവിതത്തിലെ ആദ്യത്തെ നിർണായകവർഷങ്ങൾ നഷ്ടപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.”
‘മക്കൾ അസ്ത്രങ്ങൾപോലെയാണ്’
കുട്ടികൾ ഉത്തരവാദിത്വബോധമുള്ള വ്യക്തികളായി വളർന്നുവരാൻ നാം ആഗ്രഹിക്കുന്നു. എന്നിരുന്നാലും ദൈവത്തോടുള്ള സ്നേഹം അവരിൽ ഉൾനടുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.—മർക്കോ. 12:28-30.
സങ്കീർത്തനം 127:4 പറയുന്നു: “വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.” ശരിയായ ലക്ഷ്യത്തിൽ തൊടുത്തുവിടേണ്ട അസ്ത്രങ്ങളോടാണു കുട്ടികളെ ഉപമിച്ചിരിക്കുന്നത്. ആവനാഴിയിൽനിന്ന് ഒരു അമ്പ് തൊടുത്തുവിട്ടാൽ പിന്നെ അതു തിരിച്ചെടുക്കാനാവില്ല. കുട്ടികളെന്ന ‘അസ്ത്രങ്ങൾ’ മാതാപിതാക്കളുടെ കൈയിൽ താരതമ്യേന കുറച്ചുസമയത്തേക്കേ ഉണ്ടായിരിക്കൂ. ആ ചുരുങ്ങിയ സമയം ദൈവികതത്ത്വങ്ങൾ കുട്ടികളുടെ മനസ്സിലും ഹൃദയത്തിലും ഉൾനടാൻ മാതാപിതാക്കൾ ശ്രമിക്കണം.
തന്റെ ആത്മീയമക്കളെക്കുറിച്ച് അപ്പൊസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നുവെന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.” (3 യോഹ. 4) മക്കൾ ‘സത്യത്തിൽ നടക്കുന്നത്’ കാണുമ്പോൾ ക്രിസ്തീയമാതാപിതാക്കൾക്കും അതേ ഹൃദയവികാരം പ്രകടമാക്കാം.