ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കുക
“പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്.”—സദൃ. 3:5.
1, 2. തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ, നിങ്ങൾ എടുത്തിട്ടുള്ള ചില തീരുമാനങ്ങളെക്കുറിച്ച് എന്തു പറയാനാകും?
തീരുമാനങ്ങൾ! തീരുമാനങ്ങൾ! അനുദിനം നമുക്കു പല തീരുമാനങ്ങളും എടുക്കേണ്ടിവരുന്നു. ഓരോ ദിവസവും നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് എന്തു തോന്നുന്നു? തങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളെല്ലാം സ്വയമായി എടുക്കാനാണു ചിലർക്ക് ഇഷ്ടം. അവ മറ്റാരും എടുക്കുന്നത് അവർക്കു തീരെ ഇഷ്ടമല്ല. അങ്ങനെ ഒരു കാര്യം അവർക്കു ചിന്തിക്കാൻപോലും കഴിയില്ല. എന്നാൽ മറ്റു ചിലർക്ക് അനുദിനം എടുക്കേണ്ടിവരുന്ന ചെറിയചെറിയ തീരുമാനങ്ങൾ ഒഴികെയുള്ള ഗൗരവമേറിയ തീരുമാനങ്ങളെടുക്കുന്നതിന് അങ്ങേയറ്റം ഭയമാണ്. ചിലർ മാർഗനിർദേശത്തിനായി പുസ്‌തകങ്ങളിലേക്കും ഉപദേഷ്ടാക്കളിലേക്കും തിരിയുന്നു. അതിനായി വൻതുകപോലും ചെലവഴിക്കാൻ അവർക്കു മടിയില്ല.
2 നമ്മളിൽ പലരും മേൽപ്പറഞ്ഞ രണ്ടു കൂട്ടരിലും പെടാത്തവരാണ്. ചില കാര്യങ്ങളെക്കുറിച്ചു തീരുമാനമെടുക്കാൻ നമുക്ക് അവകാശവും അധികാരവും ഇല്ലെന്നു നാം മനസ്സിലാക്കുന്നു. എന്നാൽ ജീവിതത്തിന്റെ പല മേഖലകളിലും വ്യക്തിപരമായ കാര്യങ്ങളിൽ യഥേഷ്ടം തീരുമാനങ്ങളെടുക്കാൻ സാധിക്കുമെന്നു നമുക്ക് അറിയാം. (ഗലാ. 6:5) എന്നാൽപ്പോലും നാം എടുക്കുന്ന തീരുമാനങ്ങളെല്ലാം ജ്ഞാനപൂർവമാണെന്നോ പ്രയോജനപ്രദമാണെന്നോ നാം അവകാശപ്പെടുന്നില്ല.
3. തീരുമാനങ്ങളെടുക്കുന്നതിനു നമുക്ക് എന്തു സഹായമുണ്ട്, എന്നാൽ തീരുമാനമെടുക്കുന്നത് എല്ലായ്‌പോഴും അത്ര എളുപ്പമല്ലാത്തത് എന്തുകൊണ്ട്?
3 ജീവിതത്തിലെ പ്രധാനപ്പെട്ട പല മേഖലകളിലും യഹോവയുടെ ദാസരായ നമുക്ക് അവൻ വ്യക്തമായ മാർഗനിർദേശങ്ങൾ നൽകിയിരിക്കുന്നതിൽ നാം സന്തുഷ്ടരാണ്. ഈ മാർഗനിർദേശങ്ങൾ പിൻപറ്റുന്നെങ്കിൽ യഹോവയെ പ്രീതിപ്പെടുത്തുന്ന, നമുക്കു പ്രയോജനം ചെയ്യുന്ന തീരുമാനങ്ങളെടുക്കാൻ നമുക്കാകും. എന്നിരുന്നാലും, നമുക്ക് നേരിട്ടേക്കാവുന്ന എല്ലാ സാഹചര്യങ്ങളും പ്രശ്‌നങ്ങളും ദൈവവചനത്തിൽ പറഞ്ഞിട്ടില്ല. അത്തരം സന്ദർഭങ്ങളിൽ നാം എങ്ങനെ തീരുമാനമെടുക്കും? ഉദാഹരണത്തിന്, മോഷണം തെറ്റാണെന്നു നമുക്ക് അറിയാം. (എഫെ. 4:28) എന്നാൽ, മോഷണം എന്നു പറഞ്ഞാൽ എന്താണ്? മോഷണത്തിനു പിന്നിലെ ആന്തരമാണോ മോഷ്ടിച്ച വസ്‌തുവിന്റെ വിലയാണോ അതു നിർണയിക്കുന്നത്? അതോ കണക്കിലെടുക്കേണ്ട മറ്റ് എന്തെങ്കിലുമുണ്ടോ? വ്യക്തമായ നിർദേശങ്ങളില്ലെന്നു മറ്റുള്ളവർ പറയുന്ന സാഹചര്യങ്ങളിൽ എന്തു ചെയ്യണമെന്നു നാം എങ്ങനെ തീരുമാനിക്കും? നമുക്കു വഴികാട്ടിയായി എന്താണുള്ളത്?
തീരുമാനമെടുക്കുന്നതിൽ സുബോധമുള്ള മനസ്സുള്ളവരായിരിക്കുക
4. ഒരു തീരുമാനമെടുക്കേണ്ടിവന്ന സാഹചര്യത്തിൽ നിങ്ങൾക്ക് എന്ത് ഉപദേശമായിരിക്കാം ലഭിച്ചത്?
4 എനിക്ക് ഒരു പ്രധാനപ്പെട്ട തീരുമാനമെടുക്കേണ്ടതുണ്ടെന്നു നാം സഹക്രിസ്‌ത്യാനിയോടു പറയുമ്പോൾ സുബോധത്തോടെ, സൂക്ഷിച്ചു തീരുമാനമെടുക്കാൻ അദ്ദേഹം നമ്മെ ഓർമിപ്പിച്ചേക്കാം. അതു നല്ലൊരു ഉപദേശം തന്നെയാണ്. ചിന്തിക്കാതെ, പെട്ടെന്നു തീരുമാനമെടുക്കുന്നതിനെതിരെ ബൈബിൾ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നത്.” (സദൃ. 21:5) സുബോധമുള്ള മനസ്സുള്ളവരായിരിക്കുക എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? സമയമെടുത്ത്, ന്യായബോധത്തോടെ, യുക്തിസഹമായി ഒരു കാര്യത്തിന്റെ എല്ലാ വശങ്ങളും പരിചിന്തിക്കുന്നതു മാത്രമേ അതിൽ ഉൾപ്പെട്ടിട്ടുള്ളോ? ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുന്നത് ഒരു നല്ല തീരുമാനത്തിലെത്താൻ സഹായിക്കും. എന്നാൽ സുബോധമുള്ള മനസ്സുള്ളവരായിരിക്കുന്നതിൽ അതിലധികം ഉൾപ്പെട്ടിട്ടുണ്ട്.—റോമ. 12:3; 1 പത്രോ. 4:7.
5. എന്തുകൊണ്ടാണു നമുക്കു ജന്മനാ തികഞ്ഞ സുബോധമുള്ള മനസ്സില്ലാത്തത്?
5 നാം ആരും തികഞ്ഞ സുബോധമുള്ള മനസ്സോടെ ജനിച്ചവരല്ല എന്നതാണു വസ്‌തുത. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? നാമെല്ലാം പാപികളും അപൂർണരും ആയതിനാൽ നമുക്ക് ആർക്കും തികഞ്ഞ സുബോധത്തോടെ കാര്യങ്ങൾ വിലയിരുത്താനുള്ള പ്രാപ്‌തിയില്ല. (സങ്കീ. 51:5; റോമ. 3:23) കൂടാതെ, മുമ്പു നമ്മിൽ പലരും, സാത്താൻ മനസ്സ് “അന്ധമാക്കി”യവരോടൊപ്പമായിരുന്നു; യഹോവയെയും അവന്റെ നീതിയുള്ള നിലവാരങ്ങളെയും കുറിച്ചു നമുക്ക് അറിയില്ലായിരുന്നു. (2 കൊരി. 4:4; തീത്തൊ. 3:3) അതുകൊണ്ട്, നമുക്കു ശരിയെന്നും യുക്തിസഹമെന്നും തോന്നുന്ന കാര്യങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ തുനിഞ്ഞാൽ നാം നമ്മെത്തന്നെ വഞ്ചിക്കുകയായിരിക്കും; എത്രമാത്രം ചിന്തിച്ചു തീരുമാനമെടുത്താലും അതു ശരിയാകണമെന്നില്ല.—സദൃ. 14:12.
6. സുബോധമുള്ള മനസ്സുള്ളവരായിരിക്കാൻ നമ്മെ എന്തു സഹായിക്കും?
6 നാമെല്ലാം അപൂർണരാണെങ്കിലും സ്വർഗീയപിതാവായ യഹോവ എല്ലാ വിധത്തിലും പൂർണനാണ്. (ആവ. 32:4) ചിന്തകൾക്കു മാറ്റം വരുത്താനും സുബോധമുള്ള മനസ്സുള്ളവരായിരിക്കാനും വേണ്ട പ്രാപ്‌തി ദൈവം നമുക്കു നൽകിയിട്ടുണ്ടെന്നതാണു സന്തോഷകരമായ കാര്യം. (2 തിമൊഥെയൊസ് 1:7 വായിക്കുക.) ക്രിസ്‌ത്യാനികൾ എന്ന നിലയിൽ യുക്തിസഹമായി ചിന്തിക്കാനും ശരിയായി പ്രവർത്തിക്കാനും നാം ആഗ്രഹിക്കുന്നു. നമ്മുടെ ചിന്തകൾക്കും വികാരങ്ങൾക്കും കടിഞ്ഞാണിടാൻ പഠിച്ചുകൊണ്ട്, യഹോവ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വിധം അനുകരിക്കാൻ നാം ശ്രമിക്കണം.
7, 8. സമ്മർദ്ദങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും സുബോധത്തോടെ തീരുമാനമെടുക്കാൻ കഴിയുന്നത് എങ്ങനെ എന്ന് ഉദാഹരിക്കുക.
7 നമുക്ക് ഒരു ഉദാഹരണം നോക്കാം. പ്രവാസികളായ ചില മാതാപിതാക്കൾ ജോലിയിൽ തുടരുന്നതിനും പണസമ്പാദനത്തിനും ആയി നവജാതശിശുക്കളെ നാട്ടിലെ കുടുംബാംഗങ്ങളോടൊപ്പം ആക്കുന്നത് ഇപ്പോൾ ഒരു സ്ഥിരം പ്രവണതയാണ്. a ഉദാഹരണത്തിന്, വിദേശത്തു ജോലി ചെയ്യുന്ന ഒരു സ്‌ത്രീ ആൺകുഞ്ഞിനു ജന്മം നൽകി. ആ സമയത്ത് അവൾ ബൈബിൾ പഠിക്കാൻതുടങ്ങി; നന്നായി പുരോഗമിക്കുകയും ചെയ്‌തു. കുഞ്ഞിനെ വലിയപ്പന്റെയും വലിയമ്മയുടെയും അടുത്തേക്ക് അയയ്‌ക്കാൻ അവരുടെ ബന്ധുമിത്രാദികൾ അവളെയും ഭർത്താവിനെയും നിർബന്ധിച്ചു. എന്നാൽ, കുഞ്ഞിനെ വളർത്തുക എന്നതു തന്റെ ദൈവദത്തമായ ഒരു ഉത്തരവാദിത്വമാണെന്നു ബൈബിൾ പഠിച്ചപ്പോൾ അവൾ മനസ്സിലാക്കി. (സങ്കീ. 127:3; എഫെ. 6:4) മറ്റുള്ളവർക്കു ശരിയെന്നു തോന്നുന്ന ഈ രീതി അവൾ അനുകരിക്കേണ്ടിയിരുന്നോ? അതോ താൻ ബൈബിളിൽനിന്നു പഠിക്കുന്നതു ബാധകമാക്കുകയും വരാമായിരുന്ന സാമ്പത്തികബുദ്ധിമുട്ടുകളും പരിഹാസവും നേരിടുകയും ചെയ്യണമായിരുന്നോ? അവളുടെ സ്ഥാനത്തു നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?
8 വളരെയധികം മാനസികസമ്മർദ്ദത്തിലായ ആ യുവമാതാവ് മാർഗനിർദേശത്തിനായി തന്റെ ഹൃദയം യഹോവയുടെ മുമ്പാകെ പകർന്നു. തന്നെ ബൈബിൾ പഠിപ്പിച്ച വ്യക്തിയോടും സഭയിലെ മറ്റുള്ളവരോടും തന്റെ അവസ്ഥയെക്കുറിച്ചു സംസാരിച്ചപ്പോൾ അവൾക്കു യഹോവയുടെ വീക്ഷണഗതി മനസ്സിലാക്കാനായി. മാതാപിതാക്കളിൽനിന്ന് അകന്നു നിൽക്കുന്ന കുരുന്നുമനസ്സുകൾക്കുണ്ടായേക്കാവുന്ന വൈകാരികമുറിവിനെക്കുറിച്ചും അവൾ ചിന്തിച്ചു. തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ ഇക്കാര്യം പരിചിന്തിച്ചശേഷം കുഞ്ഞിനെ മാതാപിതാക്കളുടെ അടുക്കലേക്ക് അയയ്‌ക്കുന്നില്ലെന്ന് അവൾ തീരുമാനിച്ചു. സഭാംഗങ്ങൾ ഒത്തുചേർന്ന് അവരെ സഹായിക്കുന്നതും കുഞ്ഞ് ആരോഗ്യവാനും സന്തോഷവാനും ആണെന്നതും അവളുടെ ഭർത്താവു ശ്രദ്ധിച്ചു. അദ്ദേഹം ഒരു ബൈബിളധ്യയനം സ്വീകരിക്കുകയും യോഗത്തിനു വന്നുതുടങ്ങുകയും ചെയ്‌തു.
9, 10. സുബോധമുള്ള മനസ്സുള്ളവരായിരിക്കുക എന്നാൽ എന്താണ് അർഥം, നമുക്ക് അത് എങ്ങനെ നേടാൻ കഴിയും?
9 ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇതിൽനിന്ന് എന്താണു നമുക്കു പഠിക്കാനാകുന്നത്? യുക്തിസഹമെന്നും എളുപ്പമെന്നും നമുക്കോ മറ്റുള്ളവർക്കോ തോന്നുന്നതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതു മാത്രമല്ല സുബോധമുള്ള മനസ്സുണ്ടായിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്. തെറ്റായ സമയം കാണിക്കുന്ന ഒരു വാച്ചുപോലെയാണ് അപൂർണമായ നമ്മുടെ മനസ്സും ഹൃദയവും. അതിലെ സമയം നോക്കി കാര്യങ്ങൾ ചെയ്യുന്നതു ബുദ്ധിയായിരിക്കില്ല, അതു പല പ്രശ്‌നങ്ങളിലേക്കു നയിച്ചേക്കാം. (യിരെ. 17:9) അതുകൊണ്ട് നാം നമ്മുടെ മനസ്സും ഹൃദയവും യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരേണ്ടതുണ്ട്.—യെശയ്യാവു 55:8, 9 വായിക്കുക.
10 ബൈബിൾ നമുക്കു ജ്ഞാനപൂർവമായ ഈ നിർദേശം നൽകുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” (സദൃ. 3:5, 6) ഇവിടെ “സ്വന്ത വിവേകത്തിൽ ഊന്നരുത്” എന്നു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. തുടർന്ന് “അവനെ (യഹോവയെ) നിനെച്ചുകൊൾക” എന്നും പറഞ്ഞിരിക്കുന്നു. പൂർണതയുള്ള, തികഞ്ഞ സുബോധമുള്ള മനസ്സു യഹോവയ്‌ക്കു മാത്രമാണുള്ളത്. അതുകൊണ്ട്, തീരുമാനമെടുക്കേണ്ടിവരുമ്പോളെല്ലാം ദൈവത്തിന്റെ വീക്ഷണം അറിയുന്നതിനായി നാം ബൈബിളിലേക്കു തിരിയണം, അതിനെ അടിസ്ഥാനമാക്കി തീരുമാനമെടുക്കണം. അങ്ങനെ യഹോവയുടെ വീക്ഷണഗതിക്കു ചേർച്ചയിൽ തീരുമാനമെടുക്കുന്നതാണ് സുബോധമുള്ള മനസ്സുള്ളവരായിരിക്കുക എന്നതിന്റെ അർഥം.
നിങ്ങളുടെ ചിന്താപ്രാപ്‌തികൾ പരിശീലിപ്പിക്കുക
11. ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാൻ എങ്ങനെ പഠിക്കാനാകും?
11 ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാൻ പഠിക്കുന്നതും എടുക്കുന്ന തീരുമാനങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നതും അത്ര എളുപ്പമല്ല. സത്യത്തിൽ പുതിയവരായവർക്കും പുരോഗമിച്ചുകൊണ്ടിരിക്കുന്നവർക്കും പ്രത്യേകിച്ച് ഇതൊരു വെല്ലുവിളിയായിരിക്കാം. എന്നിരുന്നാലും, ആത്മീയശിശുക്കളെന്നു ബൈബിൾ വിളിക്കുന്നവർക്കു യഥാർഥപുരോഗതി കൈവരിക്കുക സാധ്യമാണ്. വീഴാതെ നടക്കാൻ ഒരു കൊച്ചുകുട്ടി എങ്ങനെ പഠിക്കുന്നുവെന്നു ചിന്തിക്കുക. അവൻ ചെറിയചെറിയ ചുവടുകൾവെച്ച് നടന്ന് പരിശീലിക്കുന്നു. ആത്മീയശിശുവായിരിക്കുന്ന ഒരാളുടെ കാര്യത്തിലും ഇതു സത്യമാണ്. അത്തരത്തിലുള്ള ഒരാൾക്കു ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാൻ തന്നെത്തന്നെ പരിശീലിപ്പിക്കാനാകും. ആത്മീയമായി പക്വതയുള്ളവരെക്കുറിച്ച് അപ്പൊസ്‌തലനായ പൗലോസ് പറഞ്ഞത് “ശരിയും തെറ്റും തിരിച്ചറിയാൻ തക്കവിധം ഉപയോഗത്താൽ തങ്ങളുടെ വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിച്ചിരിക്കുന്നവരത്രേ” എന്നാണ്. “ഉപയോഗത്താൽ” എന്നും “പരിശീലിപ്പിച്ചിരിക്കുന്നവരത്രേ” എന്നും ഉള്ള വാക്കുകൾ അർഥമാക്കുന്നത് തുടർച്ചയായ ശ്രമം നടത്തുന്നതിനെയാണ്. ഇതാണ് പുതിയവർ ചെയ്യേണ്ടിയിരിക്കുന്നത്.—എബ്രായർ 5:13, 14 വായിക്കുക.
12. ജ്ഞാനപൂർവം തീരുമാനമെടുക്കാനുള്ള കഴിവ് എങ്ങനെ വളർത്തിയെടുക്കാം?
12 മുമ്പു പറഞ്ഞതുപോലെ, നമുക്ക് ഓരോ ദിവസവും ചെറുതും വലുതും ആയ ധാരാളം തീരുമാനങ്ങളെടുക്കേണ്ടിവരും. നമ്മുടെ പ്രവൃത്തികളിൽ 40 ശതമാനവും മുന്നമേ ചിന്തിച്ചു തീരുമാനിക്കുന്നവയല്ല മറിച്ച്, വേരുറച്ചുപോയ ശീലങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണെന്നാണ് ഒരു പഠനം കാണിക്കുന്നത്. ദൃഷ്ടാന്തത്തിന്, ഓരോ ദിവസവും ഏതു വസ്‌ത്രം ധരിക്കണമെന്നു നിങ്ങൾ തീരുമാനിക്കേണ്ടതുണ്ട്. നിങ്ങൾ ഇതൊരു ചെറിയ കാര്യമായി വീക്ഷിക്കുകയും വലിയ ബുദ്ധിമുട്ടില്ലാതെ തീരുമാനിക്കുകയും ചെയ്യുന്നു, പ്രത്യേകിച്ചു നിങ്ങൾ ധൃതിയിലായിരിക്കുമ്പോൾ. എന്നാൽ, യഹോവയുടെ ദാസനോ ദാസിയോ എന്ന നിലയിൽ നിങ്ങൾ ഏതു വസ്‌ത്രം ധരിക്കുന്നു എന്നത് പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. (2 കൊരി. 6:3, 4) നിങ്ങൾ വസ്‌ത്രം വാങ്ങാൻ കടയിൽ പോകുമ്പോൾ ഇപ്പോഴത്തെ രീതിക്ക് ഇണങ്ങുന്നവ വാങ്ങുന്നതിനെക്കുറിച്ചു ചിന്തയുള്ളവരായിരിക്കും. എന്നാൽ മാന്യമായ വസ്‌ത്രങ്ങളാണോ നിങ്ങൾ വാങ്ങുന്നത്? നിങ്ങൾക്കു താങ്ങാനാകുന്നതാണോ അവയുടെ വില? ഇത്തരം കാര്യങ്ങളിൽ ശരിയായ തീരുമാനങ്ങളെടുക്കുന്നതു നമ്മുടെ ചിന്താപ്രാപ്‌തികളെ പരിശീലിപ്പിക്കാനും കൂടുതൽ പ്രാധാന്യമേറിയ കാര്യങ്ങളിൽ ജ്ഞാനപൂർവം തീരുമാനമെടുക്കാനും നമ്മെ സഹായിക്കും.—ലൂക്കോ. 16:10; 1 കൊരി. 10:31.
ശരിയായതു ചെയ്യാനുള്ള ആഗ്രഹം വളർത്തിയെടുക്കുക
13. നമ്മൾ എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ എന്താണ് ആവശ്യമായിരിക്കുന്നത്?
13 ശരിയായ തീരുമാനങ്ങളെടുക്കുമ്പോൾപ്പോലും അതിനു ചേർച്ചയിൽ പ്രവർത്തിക്കുക അത്ര എളുപ്പമല്ലെന്നു നമുക്കെല്ലാവർക്കും അറിയാം. ഉദാഹരണത്തിന്, ചില ആളുകൾ പുകവലി നിറുത്താൻ ആഗ്രഹിക്കുന്നെങ്കിലും അതിനു കഴിയുന്നില്ല. എന്തുകൊണ്ടെന്നാൽ മതിയായ ഉൾപ്രേരണ അവർക്കില്ല. തങ്ങൾ തിരഞ്ഞെടുത്ത മാർഗം പിന്തുടരാനുള്ള നിശ്ചയദാർഢ്യമാണ് അവർക്കു വേണ്ടത്. ചിലരുടെ അഭിപ്രായത്തിൽ, തീരുമാനശേഷി പേശികൾപ്പോലെയാണ്. നമ്മൾ അവ എത്രത്തോളം ഉപയോഗിക്കുന്നുവോ അത്രത്തോളം അവ ബലിഷ്‌ഠമായിത്തീരും. നമ്മൾ അവ വല്ലപ്പോഴും മാത്രമേ ഉപയോഗിക്കുന്നുള്ളു എങ്കിൽ അവ ബലഹീനമാകുകയും ക്ഷയിച്ചുപോകുകയും ചെയ്യും. അങ്ങനെയെങ്കിൽ, നാം എടുത്ത തീരുമാനത്തോടു പറ്റിനിൽക്കാനും അതിനു ചേർച്ചയിൽ പ്രവർത്തിക്കാനും ഉള്ള ആഗ്രഹം ബലിഷ്‌ഠമാക്കാൻ നമ്മെ എന്തു സഹായിക്കും? സഹായത്തിനുവേണ്ടി നമുക്കു യഹോവയിലേക്കു തിരിയാൻ കഴിയും.—ഫിലിപ്പിയർ 2:13 വായിക്കുക.
14. താൻ ചെയ്യേണ്ടതു ചെയ്യാൻ പൗലോസിനു ശക്തിയുണ്ടായിരുന്നത് എന്തുകൊണ്ട്?
14 ശരിയായതു ചെയ്യാൻ ബുദ്ധിമുട്ടാണെന്നു പൗലോസ് തന്റെ അനുഭവത്തിൽനിന്നു തിരിച്ചറിഞ്ഞു. അവൻ ഒരിക്കൽ ഇങ്ങനെ വിലപിച്ചു: “നന്മ ചെയ്യാൻ ഞാൻ ഇച്ഛിക്കുന്നെങ്കിലും അതു പ്രവർത്തിക്കാൻ എനിക്കു കഴിയുന്നില്ല.” തന്റെ ഉള്ളിന്റെ ഉള്ളിലെ ആഗ്രഹം എന്താണെന്ന് അഥവാ താൻ എന്താണു ചെയ്യേണ്ടതെന്ന് അവന് അറിയാമായിരുന്നു. എന്നിരുന്നാലും, ചില സാഹചര്യങ്ങളിൽ അതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതിൽനിന്ന് എന്തോ ഒന്ന് അവനെ തടഞ്ഞിരുന്നു. അവൻ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “എന്റെ അന്തരംഗത്തിൽ ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ പ്രമോദിക്കുന്നു; എങ്കിലും എന്റെ മനസ്സിന്റെ പ്രമാണത്തോടു പോരാടുന്ന മറ്റൊരു പ്രമാണം എന്റെ അവയവങ്ങളിൽ ഞാൻ കാണുന്നു. എന്റെ അവയവങ്ങളിലുള്ള ആ പാപപ്രമാണം എന്നെ അടിമയാക്കിത്തീർക്കുന്നു.” അവനു പ്രത്യാശയ്‌ക്കു വകയില്ലായിരുന്നെന്നാണോ ഇതിന്റെ അർഥം? അല്ല. അവൻ പറഞ്ഞു: “നമ്മുടെ കർത്താവായ യേശുക്രിസ്‌തു മുഖാന്തരം ദൈവത്തിനു സ്‌തോത്രം!” (റോമ. 7:18, 22-25) മറ്റൊരിടത്ത് അവൻ ഇങ്ങനെ എഴുതി: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം സകലവും ചെയ്യാൻ ഞാൻ പ്രാപ്‌തനാണ്.”—ഫിലി. 4:13.
15. തീരുമാനശേഷിയോടെ പ്രവർത്തിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്, അങ്ങനെ ചെയ്‌തില്ലെങ്കിലുള്ള ദോഷം എന്ത്?
15 ദൈവത്തെ പ്രസാദിപ്പിക്കുന്നതിനു നാം തീരുമാനശേഷിയുള്ളവരായിരിക്കണം. ബാലിന്റെ ആരാധകരെയും വിശ്വാസത്യാഗികളായ ഇസ്രായേല്യരെയും ഏലിയാവ് കർമേൽ പർവതത്തിൽ കൂട്ടിവരുത്തി ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ.” (1 രാജാ. 18:21) എന്താണു ചെയ്യേണ്ടതെന്ന് ഇസ്രായേൽ മക്കൾക്ക് അറിയാമായിരുന്നു. എന്നാൽ, ഒരു തീരുമാനമെടുത്ത് അതിനു ചേർച്ചയിൽ പ്രവർത്തിക്കുന്ന കാര്യത്തിൽ അവർ “രണ്ടു തോണിയിൽ” കാൽ വെക്കുന്നവരെപ്പോലെയായിരുന്നു. ഇതിൽനിന്നു തികച്ചും വ്യത്യസ്‌തമായി, വർഷങ്ങൾക്കു മുമ്പു യോശുവ ഒരു നല്ല മാതൃക വെച്ചു. ഇസ്രായേല്യരോട് അവൻ ഇങ്ങനെ പറഞ്ഞു: “യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ . . . ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” (യോശു. 24:15) യോശുവ തന്റെ തീരുമാനത്തോടു പറ്റിനിന്നതിന്റെ ഫലം എന്തായിരുന്നു? യോശുവയ്‌ക്കും അവനോടൊപ്പമുള്ളവർക്കും അനുഗ്രഹങ്ങൾ ലഭിച്ചു. അവർ “പാലും തേനും ഒഴുകുന്ന” വാഗ്‌ദത്തദേശത്തു പ്രവേശിച്ചു.—യോശു. 5:6.
ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കുക, അനുഗ്രഹം പ്രാപിക്കുക
16, 17. ദൈവേഷ്ടത്തിനു ചേർച്ചയിൽ തീരുമാനങ്ങളെടുക്കുന്നതിന്റെ പ്രയോജനം ദൃഷ്ടാന്തീകരിക്കുക.
16 ആധുനികകാലത്തെ ഒരു സാഹചര്യം പരിചിന്തിക്കുക. പുതുതായി സ്‌നാനമേറ്റ ഒരു സഹോദരൻ വിവാഹിതനാണ്, മൂന്നു ചെറിയ കുട്ടികളും ഉണ്ട്. ഒരു ദിവസം, അദ്ദേഹത്തിന്റെ സഹജോലിക്കാരൻ കൂടുതൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന ഒരു കമ്പനിയിലേക്ക് നമുക്കു മാറാമെന്ന് അഭിപ്രായപ്പെട്ടു. സഹോദരൻ ഇക്കാര്യത്തെക്കുറിച്ചു ചിന്തിക്കുകയും പ്രാർഥിക്കുകയും ചെയ്‌തു. അദ്ദേഹത്തിനും കുടുംബത്തിനും വാരാന്തങ്ങളിൽ യോഗത്തിലും ശുശ്രൂഷയിലും പങ്കെടുക്കാൻ സാധിക്കുന്നതുകൊണ്ടായിരുന്നു ശമ്പളം കുറവാണെങ്കിലും അദ്ദേഹം ഇപ്പോഴുള്ള ജോലി തിരഞ്ഞെടുത്തത്. പുതിയ ജോലി സ്വീകരിച്ചാൽ ആത്മീയകാര്യങ്ങളിൽ ഈ രീതിയിൽ ഏർപ്പെടാൻ കുറച്ചു കാലത്തേക്കെങ്കിലും തനിക്കു കഴിയില്ലെന്ന കാര്യം സഹോദരൻ തിരിച്ചറിഞ്ഞു. നിങ്ങളാണെങ്കിൽ എന്തു ചെയ്യുമായിരുന്നു?
17 ലഭിക്കാമായിരുന്ന ഉയർന്ന വരുമാനവും ഇപ്പോഴുള്ള ആത്മീയാനുഗ്രഹവും തമ്മിൽ താരതമ്യം ചെയ്‌ത ശേഷം സഹോദരൻ ആ പുതിയ ജോലി നിരസിച്ചു. ആ തീരുമാനത്തെപ്രതി അദ്ദേഹം ഖേദിച്ചെന്നു നിങ്ങൾ കരുതുന്നുണ്ടോ? ഉയർന്ന ശമ്പളമുണ്ടായിരിക്കുന്നതിനെക്കാൾ ആത്മീയപ്രയോജനങ്ങളും അനുഗ്രഹങ്ങളും ഉണ്ടായിരിക്കുന്നതാണു തനിക്കും കുടുംബത്തിനും ഏറെ നല്ലതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അവരുടെ പത്തു വയസ്സുള്ള ഏറ്റവും മൂത്ത മകൾ മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും യഹോവയെയും വളരെ സ്‌നേഹിക്കുന്നെന്നു പറഞ്ഞു. അവളിൽനിന്ന് ഈ വാക്കുകൾ കേട്ടതിൽ മാതാപിതാക്കളായ അവർക്ക് അതിയായ സന്തോഷം തോന്നി. യഹോവയ്‌ക്കു തന്നെത്തന്നെ സമർപ്പിച്ച് സ്‌നാനമേൽക്കാൻ താൻ ആഗ്രഹിക്കുന്നെന്ന് അവൾ പറഞ്ഞു. ജീവിതത്തിൽ യഹോവയുടെ ആരാധന ഒന്നാം സ്ഥാനത്തുവെച്ച അവളുടെ പിതാവിന്റെ നല്ല മാതൃക അവൾ എത്ര വിലമതിക്കുന്നുണ്ടാകണം!
18. വ്യക്തിപരമായ കാര്യങ്ങളിൽ ഓരോ ദിവസവും ജ്ഞാനപൂർവം തീരുമാനമെടുക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
18 വലിയ മോശയായ യേശുക്രിസ്‌തു പതിറ്റാണ്ടുകളായി യഹോവയുടെ സത്യാരാധകരെ സാത്താന്റെ ലോകമാകുന്ന മരുഭൂമിയിലൂടെ വഴിനയിച്ചുകൊണ്ടിരിക്കുകയാണ്. വലിയ യോശുവ എന്ന നിലയിൽ ഇപ്പോൾ യേശുക്രിസ്‌തു ഇന്നത്തെ ദുഷിച്ച വ്യവസ്ഥിതിക്ക് അവസാനം വരുത്താനും തന്റെ അനുഗാമികളെ വാഗ്‌ദത്തപ്രകാരമുള്ള നീതി വസിക്കുന്ന പുതിയ വ്യവസ്ഥിതിയിലേക്കു നയിക്കാനും തയ്യാറായി നിൽക്കുന്നു. (2 പത്രോ. 3:13) അതുകൊണ്ട്, നമ്മുടെ മുൻകാലചിന്തകളിലേക്കും സ്വാഭാവരീതികളിലേക്കും മൂല്യങ്ങളിലേക്കും അഭിലാഷങ്ങളിലേക്കും തിരിയാനുള്ള സമയമല്ല ഇത്. പകരം, നമ്മെക്കുറിച്ചുള്ള ദൈവേഷ്ടം എന്താണെന്നു കൂടുതൽ കൃത്യമായി വിവേചിച്ചറിയാനുള്ള സമയമാണ് ഇപ്പോൾ. (റോമ. 12:2; 2 കൊരി. 13:5) യഹോവയുടെ നിത്യാനുഗ്രഹങ്ങൾക്ക് അർഹനായ വ്യക്തിയാണു നിങ്ങളെന്നു തെളിയിക്കുന്നതായിരിക്കട്ടെ ഓരോ ദിവസവും നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും!—എബ്രായർ 10:38, 39 വായിക്കുക.
a മുത്തശ്ശീമുത്തശ്ശന്മാർ ബന്ധുമിത്രാദികളുടെ മുമ്പിൽ ‘ആളാകാനുള്ള’ ഒരു മാർഗമായി കൊച്ചുമക്കളെ വീക്ഷിക്കുന്നതിനാലാണു ചില രാജ്യങ്ങളിൽ ഇങ്ങനെയൊരു രീതിയുള്ളത്.