വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം

യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം

“നിങ്ങൾ ഈ കാര്യങ്ങൾ അറിയുകയും നിങ്ങൾക്കു ലഭിച്ച സത്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നുവെങ്കിലും ഇവയെക്കുറിച്ചു നിങ്ങളെ ഓർമിപ്പിക്കുവാൻ ഞാൻ സദാ സന്നദ്ധനായിരിക്കും.”—2 പത്രോ. 1:12.

1. ഏതൊക്കെ വിഷയങ്ങളാണ്‌ ദൈവജനം പതിവായി ചർച്ചചെയ്യാറുള്ളത്‌, അതുകൊണ്ടുള്ള പ്രയോജനം എന്താണ്‌?

 വീക്ഷാഗോപുര അധ്യയനത്തിന്‌ തയ്യാറാകുമ്പോൾ ‘ഈ വിഷയം നേരത്തേ ഒന്നു പഠിച്ചിട്ടുള്ളതാണല്ലോ’ എന്ന്‌ നിങ്ങൾക്ക്‌ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ക്രിസ്‌തീയസഭയോടൊത്ത്‌ കുറെക്കാലമായി സഹവസിച്ചുവരുന്ന ഒരു വ്യക്തിയാണ്‌ നിങ്ങളെങ്കിൽ ചില വിഷയങ്ങൾ കൂടെക്കൂടെ ചർച്ചചെയ്യുന്നതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും. ദൈവരാജ്യം, മറുവില, ശിഷ്യരാക്കൽവേല തുടങ്ങിയ വിഷയങ്ങളെയും സ്‌നേഹം, വിശ്വസ്‌തത എന്നിങ്ങനെയുള്ള ഗുണങ്ങളെയും കുറിച്ചുള്ള പഠനം നമ്മുടെ ആത്മീയഭക്ഷണക്രമത്തിലെ സ്ഥിരവിഭവങ്ങളാണ്‌. ഈ വിഷയങ്ങളുടെ പതിവുപരിചിന്തനംകൊണ്ട്‌ വിശ്വാസത്തിൽ ബലിഷ്‌ഠരായി നിലനിൽക്കാനും “വചനം കേൾക്കുന്നവർമാത്രം ആയിരിക്കാതെ അതു പ്രവർത്തിക്കുന്നവരും” ആയിരിക്കാനും നമുക്ക്‌ കഴിയുന്നു.—യാക്കോ. 1:22.

2. (എ)ദൈവത്തിന്റെ ഓർമിപ്പിക്കലുകളിൽ മിക്കപ്പോഴും എന്തെല്ലാം ഉൾപ്പെടുന്നു? (ബി) യഹോവയുടെ നിയമങ്ങൾ മനുഷ്യരുടേതിൽനിന്നു വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെ?

2 നിയമങ്ങൾ, കല്‌പനകൾ, ചട്ടങ്ങൾ എന്നിവയുടെ രൂപത്തിൽ ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ ബൈബിളിൽ നമുക്കു കാണാം. മാനുഷികനിയമങ്ങൾക്ക്‌ കാലാകാലങ്ങളിൽ ഭേദഗതിയും പരിഷ്‌കാരവും ആവശ്യമാണ്‌. എന്നാൽ യഹോവയുടെ നിയമങ്ങളും ചട്ടങ്ങളും എക്കാലവും ആശ്രയയോഗ്യമാണ്‌. ഇവയിൽ ചിലത്‌ ഒരു പ്രത്യേക കാലഘട്ടത്തിനോ സാഹചര്യത്തിനോ വേണ്ടി നൽകിയതാകാമെങ്കിലും അവയൊന്നും കാലാന്തരത്തിൽ അപര്യാപ്‌തമോ അപാകതയുള്ളതോ ആയിത്തീരുന്നില്ല. “നിന്റെ സാക്ഷ്യങ്ങൾ (“ഓർമിപ്പിക്കലുകൾ,” NW) എന്നേക്കും നീതിയുള്ളവ” എന്ന്‌ സങ്കീർത്തനക്കാരൻ പറഞ്ഞു.—സങ്കീ. 119:144.

3, 4. (എ) യഹോവയുടെ ഓർമിപ്പിക്കലുകളിൽ ചിലപ്പോഴൊക്കെ എന്തുകൂടെ ഉൾപ്പെട്ടേക്കാം? (ബി) അവ അനുസരിച്ചിരുന്നെങ്കിൽ ഇസ്രായേല്യർക്ക്‌ എന്തു പ്രയോജനം ലഭിക്കുമായിരുന്നു?

3 യഹോവയുടെ ഓർമിപ്പിക്കലുകളിൽ ചിലപ്പോഴൊക്കെ മുന്നറിയിപ്പിൻദൂതുകൾ ഉൾപ്പെട്ടിരിക്കുന്നതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും. ദൈവത്തിന്റെ പ്രവാചകന്മാരിലൂടെ ഇസ്രായേൽജനത്തിന്‌ കൂടെക്കൂടെ മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു. ദൃഷ്ടാന്തത്തിന്‌, വാഗ്‌ദത്തദേശത്ത്‌ പ്രവേശിക്കുന്നതിനുതൊട്ടുമുമ്പ്‌, മോശ അവർക്ക്‌ ഈ മുന്നറിയിപ്പു നൽകി: “നിങ്ങളുടെ ഹൃദയത്തിന്നു ഭോഷത്വം പറ്റുകയും നിങ്ങൾ നേർവഴി വിട്ടു അന്യ ദൈവങ്ങളെ സേവിച്ചു നമസ്‌കരിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അല്ലാഞ്ഞാൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ” ജ്വലിക്കും. (ആവ. 11:16, 17) ദൈവം തന്റെ ജനത്തിന്‌ സഹായകരമായ ഒട്ടനവധി ഓർമിപ്പിക്കലുകൾ നൽകിയതായി ബൈബിൾ വെളിപ്പെടുത്തുന്നു.

4 തന്നെ ഭയപ്പെടാനും തന്റെ വാക്കു കേട്ടനുസരിക്കാനും തന്റെ നാമത്തെ വിശുദ്ധമാക്കാനും മറ്റ്‌ നിരവധി സന്ദർഭങ്ങളിൽ യഹോവ ഇസ്രായേല്യരോട്‌ കൽപ്പിച്ചു. (ആവ. 4:29-31; 5:28, 29) ഈ ഓർമിപ്പിക്കലുകൾ അവർ അനുസരിച്ചിരുന്നെങ്കിൽ അവർക്ക്‌ അനവധി അനുഗ്രഹങ്ങൾ ഉറപ്പായും ലഭിക്കുമായിരുന്നു.—ലേവ്യ. 26:3-6; ആവ. 28:1-4.

ദൈവത്തിന്റെ ഓർമിപ്പിക്കലുകളോട്‌ ഇസ്രായേല്യർ പ്രതികരിച്ചവിധം

5. ഹിസ്‌കീയാരാജാവിനുവേണ്ടി യഹോവ യുദ്ധം ചെയ്‌തത്‌ എന്തുകൊണ്ട്‌?

5 ഇസ്രായേലിന്റെ സംഭവബഹുലമായ ചരിത്രത്തിലുടനീളം ദൈവം തന്റെ വാഗ്‌ദാനങ്ങൾ പാലിച്ചു. ദൃഷ്ടാന്തത്തിന്‌, അശ്ശൂർരാജാവായ സൻഹേരീബ്‌ യെഹൂദ ആക്രമിക്കുകയും രാജാവായ ഹിസ്‌കീയാവിനെ സ്ഥാനഭ്രഷ്ടനാക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തുകയും ചെയ്‌തപ്പോൾ യഹോവ ഇടപെട്ടു, അവൻ തന്റെ ദൂതനെ അയച്ചു. ഒരൊറ്റ രാത്രികൊണ്ട്‌ അശ്ശൂർപ്പടക്കൂട്ടത്തിലെ, “സകല പരാക്രമശാലികളെയും പ്രഭുക്കന്മാരെയും” ദൈവദൂതൻ സംഹരിച്ചു. കനത്തപരാജയം ഏറ്റുവാങ്ങിയ സൻഹേരീബിന്‌ അപമാനിതനായി സ്വദേശത്തേക്കു മടങ്ങേണ്ടിവന്നു. (2 ദിന. 32:21; 2 രാജാ. 19:35) ദൈവം ഹിസ്‌കീയാവിനുവേണ്ടി പടപൊരുതിയത്‌ എന്തുകൊണ്ടാണ്‌? എന്തുകൊണ്ടെന്നാൽ, “അവൻ യഹോവയോടു ചേർന്നിരുന്നു അവനെ വിട്ടു പിന്മാറാതെ . . . അവന്റെ കല്‌പനകളെ പ്രമാണിച്ചുനടന്നു.”—2 രാജാ. 18:1, 5, 6.

സത്യാരാധനയ്‌ക്കുവേണ്ടി നടപടി സ്വീകരിക്കാൻ യഹോവയുടെ ഓർമിപ്പിക്കലുകൾ യോശീയാവിനെ പ്രചോദിപ്പിച്ചു (6-ാം ഖണ്ഡിക കാണുക)

6. യോശീയാരാജാവ്‌ യഹോവയിൽ ആശ്രയംവെച്ചത്‌ എങ്ങനെ?

6 യഹോവയുടെ കല്‌പനകൾ അനുസരിച്ചവരിൽ പേരെടുത്തു പറയത്തക്ക ഒരാളാണ്‌ യോശീയാരാജാവ്‌. ഇളംപ്രായം മുതൽ, അതായത്‌ എട്ടു വയസ്സുമുതൽത്തന്നെ “അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്‌തു; തന്റെ പിതാവായ ദാവീദിന്റെ വഴികളിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.” (2 ദിന. 34:1, 2) വിഗ്രഹങ്ങൾ നിർമാർജനം ചെയ്‌ത്‌ ദേശം ശുദ്ധിയാക്കുകയും സത്യാരാധന പുനഃസ്ഥാപിക്കുകയും ചെയ്‌തുകൊണ്ട്‌ യോശീയാവ്‌ യഹോവയിലുള്ള ആശ്രയത്വം പ്രകടമാക്കി. അങ്ങനെ ചെയ്‌തതുവഴി യോശീയാവ്‌ തനിക്കു മാത്രമല്ല തന്റെ ജനത്തിനുമുഴുവൻ അനുഗ്രഹങ്ങൾ കൈവരുത്തി.—2 ദിനവൃത്താന്തം 34:31-33 വായിക്കുക.

7. ഇസ്രായേല്യർ യഹോവയുടെ ഓർമിപ്പിക്കലുകൾ വകവെക്കാതിരുന്നപ്പോൾ ഫലമെന്തായിരുന്നു?

7 എന്നാൽ ഖേദകരമെന്നു പറയട്ടെ, യഹോവയുടെ ഓർമിപ്പിക്കലുകളിൽ ദൈവജനം എല്ലായ്‌പോഴും പൂർണമായി വിശ്വാസമർപ്പിച്ചില്ല. നൂറ്റാണ്ടുകളിലുടനീളം, അവർ ചിലപ്പോൾ അനുസരിക്കുകയും ചിലപ്പോൾ അനുസരിക്കാതിരിക്കുകയും ചെയ്‌തുകൊണ്ടേയിരുന്നു. വിശ്വാസം ദുർബലമായപ്പോൾ, അപ്പൊസ്‌തലനായ പൗലോസിന്റെ വാക്കുകളിൽപ്പറഞ്ഞാൽ, അവർ “ഉപദേശങ്ങളുടെ ഓരോ കാറ്റിനാലും അലഞ്ഞുഴലുന്ന”വരായി. (എഫെ. 4:13, 14) മുൻകൂട്ടിപ്പറഞ്ഞതുപോലെ, ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ വകവെക്കാതിരുന്നപ്പോൾ അവർക്ക്‌ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവന്നു.—ലേവ്യ. 26:23-25; യിരെ. 5:23-25.

8. ഇസ്രായേല്യർക്കു സംഭവിച്ചതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനുണ്ട്‌?

8 ഇസ്രായേല്യർക്കു സംഭവിച്ചതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനുണ്ട്‌? അവരെപ്പോലെ, ഇന്നുള്ള ദൈവദാസർക്കും ബുദ്ധിയുപദേശവും ശിക്ഷണവും ലഭിക്കാറുണ്ട്‌. (2 പത്രോ. 1:12) നാം ദൈവത്തിന്റെ നിശ്വസ്‌തവചനം വായിക്കുന്ന ഓരോ സന്ദർഭത്തിലും അത്‌ നമുക്ക്‌ ഒരു ഓർമിപ്പിക്കലായി ഉതകുന്നു. നമുക്ക്‌ യഹോവ ഇച്ഛാസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്‌, ഒന്നുകിൽ യഹോവയുടെ മാർഗനിർദേശം അനുസരിക്കാം അല്ലെങ്കിൽ സ്വന്തകണ്ണിൽ ശരിയെന്നു തോന്നുന്നതു ചെയ്യാം. (സദൃ. 14:12) യഹോവയുടെ ഓർമിപ്പിക്കലുകൾക്ക്‌ ചെവികൊടുക്കേണ്ടതിന്റെ ചില കാരണങ്ങളെക്കുറിച്ച്‌ നമുക്കു ചിന്തിക്കാം. അവ അനുസരിക്കുന്നതുകൊണ്ടുള്ള പ്രയോജനത്തെക്കുറിച്ചും നോക്കാം.

ദൈവത്തിനു കീഴ്‌പെടുക, ജീവിച്ചിരിക്കുക

9. ഇസ്രായേല്യർ മരുഭൂമിയിൽ ആയിരുന്നപ്പോൾ, താൻ അവരുടെ കൂടെയുണ്ടെന്ന്‌ യഹോവ ഉറപ്പുനൽകിയത്‌ എങ്ങനെ?

9 “ഭയങ്കരമായ മഹാമരുഭൂമിയിൽകൂടി” 40 വർഷത്തെ സുദീർഘപ്രയാണമായി ഒടുവിൽ പരിണമിച്ച യാത്ര ഇസ്രായേല്യർ ആരംഭിച്ചപ്പോൾ അവരെ താൻ എങ്ങനെ നയിക്കും, എങ്ങനെ സംരക്ഷിക്കും, ഏതുവിധത്തിൽ അവർക്കുവേണ്ടി കരുതും എന്നീ കാര്യങ്ങളെക്കുറിച്ചൊന്നും യഹോവ മുൻകൂട്ടി വിശദാംശങ്ങൾ നൽകിയില്ല. എങ്കിലും, അവർക്ക്‌ തന്നിലും തന്റെ നിർദേശങ്ങളിലും പൂർണമായി ആശ്രയിക്കാനാകും എന്നതിന്‌ അവൻ ആവർത്തിച്ച്‌ തെളിവു നൽകിക്കൊണ്ടിരുന്നു. ദുർഘടമായ ആ മരുപ്രദേശത്തുകൂടെ അവരെ വഴിനയിക്കവെ താൻ അവരുടെ കൂടെയുണ്ടെന്ന്‌ പകൽ ഒരു മേഘസ്‌തംഭവും രാത്രി അഗ്നിസ്‌തംഭവും നിറുത്തിക്കൊണ്ട്‌ യഹോവ ഇസ്രായേല്യരെ ഓർമപ്പെടുത്തി. (ആവ. 1:19; പുറ. 40:36-38) അവരുടെ അടിസ്ഥാനാവശ്യങ്ങൾക്കായും അവൻ കരുതി. “അവരുടെ വസ്‌ത്രം പഴകിയില്ല, അവരുടെ കാൽ വീങ്ങിയതുമില്ല.” അതെ, “അവർക്കു ഒന്നും കുറവുണ്ടായില്ല.”—നെഹെ. 9:19-21.

10. യഹോവ ഇന്ന്‌ തന്റെ ജനത്തെ നയിക്കുന്നത്‌ എങ്ങനെ?

10 നീതിവസിക്കുന്ന ഒരു പുതിയ ലോകത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്‌ ഇന്ന്‌ ദൈവജനം. വരാനിരിക്കുന്ന “മഹാകഷ്ട”ത്തെ അതിജീവിക്കാൻ നമുക്ക്‌ ആവശ്യമായതെല്ലാം നൽകാൻ യഹോവ പ്രാപ്‌തനാണെന്ന്‌ നാം വിശ്വസിക്കുന്നുണ്ടോ? (മത്താ. 24:21, 22; സങ്കീ. 119:40, 41) നമ്മെ പുതിയ ലോകത്തിലേക്കു നയിക്കാൻ യഹോവ ഇന്ന്‌ ഒരു മേഘസ്‌തംഭമോ അഗ്നിസ്‌തംഭമോ നിറുത്തിയിട്ടില്ല. എന്നാൽ ജാഗ്രതയോടിരിക്കാൻ നമ്മെ സഹായിക്കുന്നതിന്‌ തന്റെ സംഘടനയെ യഹോവ ഉപയോഗിക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌, വ്യക്തിപരമായി ബൈബിൾ വായിച്ചുകൊണ്ടും കുടുംബാരാധനയ്‌ക്കായി ഒരു സായാഹ്നം നീക്കിവെച്ചുകൊണ്ടും പതിവായി യോഗങ്ങളിലും ശുശ്രൂഷയിലും പങ്കെടുത്തുകൊണ്ടും നമ്മുടെ ആത്മീയത ബലിഷ്‌ഠമാക്കി നിറുത്താൻ ഇക്കാലത്ത്‌ എത്ര കൂടെക്കൂടെയാണ്‌ യഹോവ നമ്മെ ഓർമിപ്പിക്കുന്നത്‌! ഈ നിർദേശങ്ങൾ പാലിക്കാൻ കഴിയേണ്ടതിന്‌ ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ നാം വരുത്തിയിട്ടുണ്ടോ? അങ്ങനെ ചെയ്യുന്നത്‌ പുതിയ ലോകത്തിലേക്ക്‌ അതിജീവിക്കാൻ വേണ്ടുന്ന വിശ്വാസം വളർത്തിയെടുക്കാൻ നമ്മെ സഹായിക്കും.

യഹോവ നൽകുന്ന ഓർമിപ്പിക്കലുകൾക്കു ചെവികൊടുക്കുന്നത്‌ രാജ്യഹാളുകളും അതിന്റെ പ്രവേശനകവാടവും സുരക്ഷിതമാക്കാൻ സഹായിക്കും (11-ാം ഖണ്ഡിക കാണുക)

11. ദൈവം നമ്മുടെ ക്ഷേമത്തിൽ താത്‌പര്യം പ്രകടമാക്കുന്ന വിധങ്ങൾ ഏവ?

11 നമുക്കു ലഭിച്ചിരിക്കുന്ന മാർഗനിർദേശങ്ങൾ ആത്മീയമായി ഉണർന്നിരിക്കാൻ നമ്മെ സഹായിക്കുന്നതിനു പുറമേ അനുദിന ജീവിതകാര്യാദികളിൽ നമ്മെ വഴിനയിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്‌, ഭൗതികവസ്‌തുക്കളോട്‌ സമനിലയുള്ള വീക്ഷണം പുലർത്താനും ലളിതജീവിതം നയിക്കാനും അങ്ങനെ നമ്മുടെ ഉത്‌കണ്‌ഠകൾ കുറയ്‌ക്കാനും ഉള്ള ഓർമിപ്പിക്കലുകൾ നമുക്കു ലഭിച്ചിട്ടുണ്ട്‌. വസ്‌ത്രധാരണവും ചമയവും എങ്ങനെയുള്ളതായിരിക്കണം, ഹാനികരമല്ലാത്ത വിനോദം എങ്ങനെ തിരഞ്ഞെടുക്കാം, ഉചിതമായ വിദ്യാഭ്യാസം എത്രത്തോളമെന്ന്‌ എങ്ങനെ നിർണയിക്കാം എന്നിവയോടു ബന്ധപ്പെട്ട്‌ ലഭിച്ചിട്ടുള്ള മാർഗനിർദേശങ്ങളിൽനിന്നും നാം പ്രയോജനം നേടിയിരിക്കുന്നു. നമ്മുടെ വീട്ടിലും വാഹനങ്ങളിലും രാജ്യഹാളുകളിലും നാം അനുവർത്തിക്കേണ്ട സുരക്ഷാശീലങ്ങൾ, അടിയന്തിരസാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുക്കേണ്ടവിധം എന്നീ കാര്യങ്ങളിൽ നമുക്കു ലഭിച്ചിട്ടുള്ള ഓർമിപ്പിക്കലുകളെപ്പറ്റി ചിന്തിച്ചുനോക്കൂ. ദൈവം നമ്മുടെ ക്ഷേമത്തിൽ താത്‌പര്യമെടുക്കുന്നുണ്ടെന്ന്‌ കാണിക്കുന്നതല്ലേ ഇവയെല്ലാം?

ഓർമിപ്പിക്കലുകൾ ആദ്യകാലക്രിസ്‌ത്യാനികളെ വിശ്വസ്‌തരായിരിക്കാൻ സഹായിച്ചു

12. (എ) തന്റെ ശിഷ്യന്മാരോട്‌ യേശു ആവർത്തിച്ച്‌ സംസാരിച്ച ഒരു വിഷയം ഏതാണ്‌? (ബി) താഴ്‌മയുടെ ഏതു പ്രവൃത്തിയാണ്‌ പത്രോസ്‌ അപ്പൊസ്‌തലന്റെ മനസ്സിൽ മായാതെ നിന്നത്‌, അത്‌ നമ്മെ എങ്ങനെ സ്വാധീനിക്കണം?

12 ഒന്നാം നൂറ്റാണ്ടിൽ ദൈവജനത്തിന്‌ പതിവായി ഓർമിപ്പിക്കലുകൾ ലഭിച്ചിരുന്നു. താഴ്‌മ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച്‌ യേശു തന്റെ ശിഷ്യന്മാരോട്‌ ആവർത്തിച്ചു സംസാരിച്ചു. എന്നിരുന്നാലും, താഴ്‌മയുള്ളവരായിരിക്കുന്നത്‌ എങ്ങനെയാണെന്ന്‌ പറയുക മാത്രമല്ല അവൻ ചെയ്‌തത്‌, പകരം സ്വന്തം മാതൃകയിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്‌തു. ഭൂമിയിൽ ഒരു മനുഷ്യനായി ജീവിച്ച അവസാനദിവസം യേശു അപ്പൊസ്‌തലന്മാരെ പെസഹായ്‌ക്കായി കൂട്ടിവരുത്തി. അപ്പൊസ്‌തലന്മാർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അത്താഴത്തിനിടയിൽ എഴുന്നേറ്റ്‌ അവരുടെ പാദങ്ങൾ കഴുകി. സാധാരണഗതിയിൽ പരിചാരകർ ചെയ്യുന്ന ഒരു ജോലിയായിരുന്നു അത്‌. (യോഹ. 13:1-17) താഴ്‌മയോടെയുള്ള ഈ പ്രവൃത്തി അവരിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചു. അന്ന്‌ ആ ഭക്ഷണവേളയിൽ സന്നിഹിതനായിരുന്ന പത്രോസ്‌ അപ്പൊസ്‌തലൻ ഏതാണ്ട്‌ 30 വർഷങ്ങൾക്കുശേഷം താഴ്‌മ സംബന്ധിച്ച്‌ സഹവിശ്വാസികൾക്ക്‌ ബുദ്ധിയുപദേശം നൽകിയതിൽനിന്ന്‌ ഇതു വ്യക്തമാണ്‌. (1 പത്രോ. 5:5) യേശുവിന്റെ ഈ മാതൃക പരസ്‌പരമുള്ള ഇടപെടലുകളിൽ താഴ്‌മയുള്ളവരായിരിക്കാൻ നമ്മെയെല്ലാം പ്രചോദിപ്പിക്കേണ്ടതല്ലേ?—ഫിലി. 2:5-8.

13. ഏത്‌ അവശ്യഗുണം വളർത്തിയെടുക്കുന്നതിനെക്കുറിച്ചാണ്‌ യേശു ശിഷ്യന്മാരെ ഓർമിപ്പിച്ചത്‌?

13 യേശു ശിഷ്യന്മാരുമായി കൂടെക്കൂടെ ചർച്ചചെയ്‌ത മറ്റൊരു വിഷയം ശക്തമായ വിശ്വാസത്തിന്റെ ആവശ്യം സംബന്ധിച്ചുള്ളതാണ്‌. ഭൂതബാധിതനായ ഒരു കുട്ടിയിൽ നിന്നും ഭൂതത്തെ പുറത്താക്കാൻ കഴിയാതെ വന്നപ്പോൾ ശിഷ്യന്മാർ യേശുവിനോട്‌ “എന്തുകൊണ്ടാണ്‌ ഞങ്ങൾക്ക്‌ അതിനെ പുറത്താക്കാൻ കഴിയാഞ്ഞത്‌?” എന്നു ചോദിച്ചു. യേശുവിന്റെ മറുപടി ഇതായിരുന്നു: “നിങ്ങളുടെ അൽപ്പവിശ്വാസംനിമിത്തമത്രേ. നിങ്ങൾക്ക്‌ ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ . . . നിങ്ങൾക്ക്‌ ഒന്നും അസാധ്യമായിരിക്കുകയില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” (മത്താ. 17:14-20) വിശ്വാസം ഒരു അനിവാര്യഗുണമാണെന്ന്‌ തന്റെ ശുശ്രൂഷയിലുടനീളം യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. (മത്തായി 21:18-22 വായിക്കുക.) കൺവെൻഷനുകൾ, സമ്മേളനങ്ങൾ, ക്രിസ്‌തീയയോഗങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന ആത്മീയാഭിവൃദ്ധിവരുത്തുന്ന പ്രബോധനങ്ങൾ നമ്മുടെ വിശ്വാസം ശക്തിപ്പെടുത്താനുള്ള ഉപാധികളായി കണ്ട്‌ നാം അവ പ്രയോജനപ്പെടുത്താറുണ്ടോ? സന്തോഷവേളകൾ എന്നതിലുപരി നാം യഹോവയിൽ വിശ്വാസം അർപ്പിക്കുന്നെന്ന്‌ പ്രകടമാക്കാനുള്ള അവസരങ്ങൾ കൂടിയാണ്‌ ഈ കൂടിവരവുകൾ.

14. ഇക്കാലത്ത്‌ ക്രിസ്‌തുസമാന സ്‌നേഹം വളർത്തിയെടുക്കുന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

14 ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിൽ ഉടനീളം പരസ്‌പരം സ്‌നേഹിക്കാനുള്ള ഓർമിപ്പിക്കലുകൾ നമുക്കു കാണാൻ കഴിയും. “നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം” എന്നതാണ്‌ രണ്ടാമത്തെ വലിയ കല്‌പന എന്ന്‌ യേശു പറഞ്ഞു. (മത്താ. 22:39) സമാനമായി, യേശുവിന്റെ അർധസഹോദരനായ യാക്കോബ്‌ സ്‌നേഹത്തെ “രാജകീയ നിയമം” എന്നു വിളിച്ചു. (യാക്കോ. 2:8) യോഹന്നാൻ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “പ്രിയരേ, ഞാൻ നിങ്ങൾക്ക്‌ എഴുതുന്നത്‌ ഒരു പുതിയ കൽപ്പനയല്ല, ആദിമുതൽ നിങ്ങൾക്കുണ്ടായിരുന്ന പഴയ കൽപ്പനയാണ്‌. . . . എന്നാൽ ഞാൻ നിങ്ങൾക്ക്‌ ഒരു പുതിയ കൽപ്പന എഴുതുന്നുവെന്നും പറയാം.” (1 യോഹ. 2:7, 8) “പഴയ കൽപ്പന” എന്നതുകൊണ്ട്‌ യോഹന്നാൻ എന്താണ്‌ ഉദ്ദേശിച്ചത്‌? സ്‌നേഹിക്കാനുള്ള കല്‌പനയെയാണ്‌ അവൻ പരാമർശിച്ചത്‌. “ആദിമുതൽ”ത്തന്നെ അഥവാ ദശകങ്ങൾക്കുമുമ്പുതന്നെ യേശു അതു നൽകിയിരുന്നു എന്ന അർഥത്തിൽ അത്‌ “പഴയ”തായിരുന്നു. സ്വയം ത്യജിച്ചുകൊണ്ടുള്ള സ്‌നേഹം ആവശ്യപ്പെടുന്നതുനിമിത്തം അത്‌ ഒരു “പുതിയ” കല്‌പനയും ആയിരുന്നു. പുതിയ സാഹചര്യങ്ങളെ നേരിടാനിരിക്കെ അത്തരത്തിലുള്ള സ്‌നേഹം അവർക്ക്‌ ആവശ്യമായിരുന്നുതാനും. അയൽക്കാരോടുള്ള നമ്മുടെ സ്‌നേഹത്തെ ഇല്ലാതാക്കുന്ന ഈ ലോകത്തിന്റെ മുഖമുദ്രയാണ്‌ സ്വാർഥതയുടെ ആത്മാവ്‌. അത്‌ നമ്മിൽ വേരുപിടിക്കുന്നതിനെതിരെ ജാഗ്രത പാലിക്കാൻ സഹായിക്കുന്ന മുന്നറിയിപ്പുകൾ ലഭിക്കുന്നതിൽ ക്രിസ്‌തുശിഷ്യരായ നാം നന്ദിയുള്ളവരല്ലേ?

15. ഭൂമിയിൽ യേശുവിന്റെ മുഖ്യദൗത്യം എന്തായിരുന്നു?

15 ആളുകളിൽ യേശു വ്യക്തിപരമായ താത്‌പര്യം കാണിച്ചു. രോഗികളെയും വൈകല്യമുള്ളവരെയും സൗഖ്യമാക്കിയപ്പോഴും മരിച്ചവരെ ഉയിർപ്പിച്ചപ്പോഴും നമുക്ക്‌ അവന്റെ ഈ സ്‌നേഹപൂർവമായ പരിഗണന ദർശിക്കാനാകും. എന്നിരുന്നാലും ആളുകൾക്ക്‌ ശാരീരികസൗഖ്യം നൽകുക എന്നതായിരുന്നില്ല യേശുവിന്റെ മുഖ്യ ദൗത്യം. അവന്റെ പ്രസംഗവും പഠിപ്പിക്കലും ആണ്‌ ആളുകളുടെ ജീവിതത്തിൽ അതിലുമേറെ സ്ഥായിയായ പ്രഭാവം ചെലുത്തിയത്‌. എങ്ങനെ? ഉദാഹരണത്തിന്‌, ഒന്നാം നൂറ്റാണ്ടിൽ യേശു സുഖപ്പെടുത്തുകയും ഉയിർപ്പിക്കുകയും ചെയ്‌ത ആളുകൾ കാലാന്തരത്തിൽ വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്‌തു. അതേസമയം അവൻ പ്രസംഗിച്ച സന്ദേശം കൈക്കൊണ്ടവരോ? അവർ നിത്യജീവൻ പ്രാപിക്കാനുള്ളവരുടെ നിരയിലായി.—യോഹ. 11:25, 26.

16. രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേല ഇന്ന്‌ എത്ര വിപുലവ്യാപകമാണ്‌?

16 ഒന്നാം നൂറ്റാണ്ടിൽ യേശു തുടങ്ങിവെച്ച പ്രസംഗപ്രവർത്തനം ഇന്ന്‌ ഏറെ വ്യാപകമായി നടന്നുവരികയാണ്‌. “നിങ്ങൾ പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ” എന്ന്‌ യേശു തന്റെ ശിഷ്യന്മാരോടു കൽപ്പിച്ചു. (മത്താ. 28:19) അന്ന്‌ അവർ അങ്ങനെതന്നെ ചെയ്‌തു. ഇന്ന്‌ നാമും അങ്ങനെതന്നെ ചെയ്‌തിരിക്കുന്നു! യഹോവയുടെ 70 ലക്ഷത്തിലധികം വരുന്ന സജീവസാക്ഷികൾ 230-ലേറെ രാജ്യങ്ങളിൽ തീക്ഷ്‌ണതയോടെ ദൈവരാജ്യം ഘോഷിക്കുന്നു. ദശലക്ഷങ്ങൾക്ക്‌ അവർ ക്രമമായി ബൈബിളധ്യയനങ്ങൾ നടത്തുന്നു. നാം അന്ത്യനാളുകളിലാണ്‌ ജീവിക്കുന്നത്‌ എന്നതിന്‌ ഈ പ്രസംഗപ്രവർത്തനം അനിഷേധ്യമായ തെളിവു നൽകുന്നു.

യഹോവയിൽ തുടർന്നും വിശ്വാസം അർപ്പിക്കുക

17. പൗലോസും പത്രോസും ഏത്‌ ബുദ്ധിയുപദേശമാണ്‌ നൽകിയത്‌?

17 വിശ്വാസത്തിൽ സ്ഥിരതയുള്ളവരായി നിലകൊള്ളാൻ ഓർമിപ്പിക്കലുകൾ ആദ്യകാലക്രിസ്‌ത്യാനികളെ നിശ്ചയമായും സഹായിച്ചു. റോമിൽ തടവിലായിരുന്ന അപ്പൊസ്‌തലനായ പൗലോസ്‌, തിമൊഥെയൊസിനോട്‌ പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ അവന്‌ ലഭിച്ച പ്രോത്സാഹനം ഒന്നു സങ്കൽപ്പിച്ചു നോക്കൂ: “നീ എന്നിൽനിന്നു കേട്ട സത്യവചനത്തിന്റെ മാതൃക . . . മുറുകെപ്പിടിച്ചുകൊള്ളുക.” (2 തിമൊ. 1:13) സഹിഷ്‌ണുത, സഹോദരപ്രീതി, ആത്മനിയന്ത്രണം തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചശേഷം പത്രോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഈ കാര്യങ്ങൾ അറിയുകയും . . . സത്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നുവെങ്കിലും ഇവയെക്കുറിച്ചു നിങ്ങളെ ഓർമിപ്പിക്കുവാൻ ഞാൻ സദാ സന്നദ്ധനായിരിക്കും.”—2 പത്രോ. 1:5-8, 12.

18. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ ഓർമിപ്പിക്കലുകളെ എങ്ങനെയാണ്‌ വീക്ഷിച്ചത്‌?

18 അതെ, പൗലോസും പത്രോസും എഴുതിയ ലേഖനങ്ങളിൽ “വിശുദ്ധപ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങ”ളാണ്‌ അടങ്ങിയിരുന്നത്‌. (2 പത്രോ. 3:2) ഇപ്രകാരമുള്ള മാർഗനിർദേശം ലഭിച്ചപ്പോൾ ഒന്നാം നൂറ്റാണ്ടിലെ നമ്മുടെ സഹോദരങ്ങൾക്ക്‌ മുഷിവുതോന്നിയോ? ഇല്ല. കാരണം അത്‌ ദൈവത്തിന്‌ അവരോടുള്ള സ്‌നേഹത്തിന്റെ തെളിവായിരുന്നു. അത്‌ അവരെ “ദൈവകൃപയിലും നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള അറിവിലും വളരു”വാൻ സഹായിച്ചു.—2 പത്രോ. 3:18.

19, 20. യഹോവയുടെ ഓർമിപ്പിക്കലുകളിൽ നാം വിശ്വാസം അർപ്പിക്കേണ്ടത്‌ എന്തുകൊണ്ട്‌, അതുവഴി നാം എങ്ങനെ പ്രയോജനം നേടുന്നു?

19 യഹോവയുടെ പിഴവില്ലാത്ത വചനമായ ബൈബിളിൽ അടങ്ങിയിരിക്കുന്ന ഓർമിപ്പിക്കലുകളിൽ വിശ്വാസം അർപ്പിക്കാൻ ഇന്ന്‌ നമുക്ക്‌ നിരവധി കാരണങ്ങളുണ്ട്‌. (യോശുവ 23:14 വായിക്കുക.) ആയിരക്കണക്കിന്‌ വർഷങ്ങളിലുടനീളം അപൂർണമനുഷ്യരോടുള്ള ദൈവത്തിന്റെ ഇടപെടലുകൾ ദൈവവചനത്തിന്റെ ഏടുകളിൽ നമുക്കു കാണാം. ഈ ചരിത്രമത്രയും രേഖപ്പെടുത്തിവെച്ചിരിക്കുന്നത്‌ നമ്മുടെ പ്രയോജനത്തിനുവേണ്ടിയാണ്‌. (റോമ. 15:4; 1 കൊരി. 10:11) ബൈബിൾപ്രവചനങ്ങൾ നിവൃത്തിയേറുന്നത്‌ നാം കണ്ണാൽ കണ്ടിരിക്കുന്നു. പ്രവചനനിവൃത്തികൾ വാസ്‌തവത്തിൽ ഓർമിപ്പിക്കലുകളാണ്‌, യഹോവ ആശ്രയയോഗ്യനാണെന്ന്‌ അതു നമ്മെ ഓർമിപ്പിക്കുന്നു. ഉദാഹരണത്തിന്‌, ‘അന്ത്യകാലത്തെ’ക്കുറിച്ച്‌ മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ യഹോവയുടെ നിർമലാരാധനയിലേക്ക്‌ ഇന്ന്‌ ദശലക്ഷങ്ങൾ ഒഴുകിയെത്തിയിരിക്കുന്നു. (യെശ. 2:2, 3) ഒന്നിനൊന്ന്‌ വഷളായിവരുന്ന ലോകാവസ്ഥകളും ബൈബിൾപ്രവചനങ്ങളുടെ നിവൃത്തിയാണ്‌. മുമ്പ്‌ സൂചിപ്പിച്ചതുപോലെ, മുഴുഭൂമിയിലും നടന്നുകൊണ്ടിരിക്കുന്ന വിപുലമായ പ്രസംഗപ്രവർത്തനം യേശുവിന്റെ വാക്കുകളുടെ നേരിട്ടുള്ള നിവൃത്തിയാണ്‌.—മത്താ. 24:14.

20 താൻ വിശ്വാസയോഗ്യനാണെന്ന്‌ നമ്മുടെ സ്രഷ്ടാവ്‌ ഇന്നോളം തെളിയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ നമുക്ക്‌ അവനിൽ പരിപൂർണമായ ആശ്രയംവെക്കാൻ കഴിയും. നാം അങ്ങനെ ചെയ്യുന്നുണ്ടോ? റോസെലിൻ അതാണ്‌ ചെയ്‌തത്‌. അവൾ പറയുന്നു: “ഞാൻ യഹോവയിൽ പൂർണമായി വിശ്വാസം അർപ്പിക്കാൻ തുടങ്ങിയപ്പോൾ, അവന്റെ സ്‌നേഹമുള്ള കരങ്ങൾ എന്നെ പുലർത്തുന്നതും ശക്തിപ്പെടുത്തുന്നതും ഞാൻ ഏറെ വ്യക്തമായി കാണാൻ തുടങ്ങി.” യഹോവയുടെ ഓർമിപ്പിക്കലുകൾക്കു ചെവിചായ്‌ച്ചുകൊണ്ട്‌ നമുക്കും ഇതുപോലെ അനുഗ്രഹങ്ങൾ പ്രാപിക്കാം.