വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ രൂപാന്തരപ്പെട്ടിട്ടുണ്ടോ?

നിങ്ങൾ രൂപാന്തരപ്പെട്ടിട്ടുണ്ടോ?

“മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.”—റോമ. 12:2.

1, 2. നാം വളർന്നുവന്ന വിധവും ചുറ്റുപാടുകളും നമ്മെ സ്വാധീനിക്കുന്നത്‌ എങ്ങനെയാണ്‌?

 വളർന്നുവന്ന വിധവും ചുറ്റുപാടുകളും നമ്മെയെല്ലാം ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്‌. വസ്‌ത്രധാരണം, ഭക്ഷണം, പെരുമാറ്റരീതി എന്നിവയിലൊക്കെ നമുക്ക്‌ നമ്മുടേതായ ഇഷ്ടാനിഷ്ടങ്ങളുണ്ട്‌. എന്തുകൊണ്ടാണ്‌ അത്‌? നമുക്കു ചുറ്റുമുള്ള ആളുകളുടെയും ജീവിതസാഹചര്യങ്ങളുടെയും സ്വാധീനമാണ്‌ ഭാഗികമായെങ്കിലും അതിനു കാരണം.

2 എന്നാൽ ഭക്ഷണം, വസ്‌ത്രധാരണരീതി തുടങ്ങിയവയെക്കാൾ പ്രാധാന്യമർഹിക്കുന്ന ചില സംഗതികളുണ്ട്‌. ഉദാഹരണത്തിന്‌, ചില കാര്യങ്ങളെ ശരിയും സ്വീകാര്യവും മറ്റു ചിലവയെ തെറ്റും അസ്വീകാര്യവും ആയി കാണാൻ വളർന്നുവരവെ നാം ശീലിക്കുന്നു. ഇവയിൽ പലതും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളായതിനാൽ ഓരോരുത്തരിലും അത്‌ വ്യത്യാസപ്പെട്ടിരിക്കും. കൂടാതെ, നമ്മുടെ തിരഞ്ഞെടുപ്പുകൾ നമ്മുടെ മനസ്സാക്ഷിയുടെ പ്രതിഫലനവും ആയിരുന്നേക്കാം. “ന്യായപ്രമാണമില്ലാത്ത വിജാതീയർ ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങൾ സഹജമായി” ചെയ്യാറുണ്ടെന്ന്‌ ബൈബിളും പറയുന്നു. (റോമ. 2:14) അതിന്റെയർഥം നിയതമായ ദൈവനിയമങ്ങൾ ഇല്ലാത്തിടത്തോളം കുടുംബത്തിലെ കീഴ്‌വഴക്കങ്ങളും നാട്ടുനടപ്പും അനുസരിച്ചങ്ങുപോയാൽമതി എന്നാണോ?

3. പൊതുവെ സ്വീകാര്യമായ കീഴ്‌വഴക്കങ്ങളും നാട്ടുനടപ്പും അനുസരിച്ചുമാത്രം പ്രവർത്തിക്കാൻ ക്രിസ്‌ത്യാനികൾക്കു സാധ്യമല്ലെന്നു പറയുന്നതിന്റെ രണ്ടു കാരണങ്ങൾ ഏവ?

3 ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം അത്‌ അങ്ങനെയല്ലാത്തതിന്‌ കുറഞ്ഞപക്ഷം രണ്ട്‌ മുഖ്യകാരണങ്ങളുണ്ട്‌. ഒന്നാമത്‌, ബൈബിൾ പിൻവരുന്ന പ്രകാരം നമ്മെ ഓർമിപ്പിക്കുന്നു: “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികൾ അത്രേ.” (സദൃ. 16:25) നമ്മൾ അപൂർണരായതുകൊണ്ട്‌, എല്ലായ്‌പോഴും ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തിക്കൊണ്ട്‌ സ്വന്തം കാലടികളെ പിഴവുകൂടാതെ നയിക്കാനുള്ള പ്രാപ്‌തി നമുക്കില്ല. (സദൃ. 28:26; യിരെ. 10:23) രണ്ടാമത്‌, ലോകത്തിന്റെ പ്രവണതകളും ശരിതെറ്റുകളും നിശ്ചയിച്ചുകൊണ്ട്‌ അണിയറയിൽ ചരടുപിടിക്കുന്നത്‌ “ഈ ലോകത്തിന്റെ ദൈവം” ആയ സാത്താനാണെന്ന്‌ ബൈബിൾ വെളിപ്പെടുത്തുന്നു. (2 കൊരി. 4:4; 1 യോഹ. 5:19) അതുകൊണ്ട്‌ യഹോവയുടെ അനുഗ്രഹവും അംഗീകാരവും നാം കാംക്ഷിക്കുന്നെങ്കിൽ റോമർ 12:2-ലെ (വായിക്കുക) ബുദ്ധിയുപദേശത്തിന്‌ നാം ചെവികൊടുക്കണം.

4. ഈ ലേഖനത്തിൽ നാം എന്താണ്‌ പരിചിന്തിക്കാൻ പോകുന്നത്‌?

4 റോമർ 12:2-ൽ രേഖപ്പെടുത്തിയിരിക്കുന്ന ചില പ്രധാന ആശയങ്ങൾ നമ്മുടെ അടുത്തശ്രദ്ധ അർഹിക്കുന്നു: (1) നാം ‘രൂപാന്തരപ്പെടേണ്ടത്‌’ എന്തുകൊണ്ട്‌? (2) എന്താണ്‌ ‘രൂപാന്തരപ്പെടേണ്ടത്‌?’ (3) നമുക്ക്‌ എങ്ങനെ ‘രൂപാന്തരപ്പെടാൻ’ കഴിയും? ഈ ചോദ്യങ്ങൾ നമുക്കു പരിചിന്തിക്കാം.

‘രൂപാന്തരപ്പെടേണ്ടത്‌’ എന്തുകൊണ്ട്‌?

5. റോമർ 12:2-ലെ വാക്കുകൾ പൗലോസ്‌ ആരെ ഉദ്ദേശിച്ച്‌ എഴുതിയതാണ്‌?

5 പൗലോസ്‌ അപ്പൊസ്‌തലന്റെ റോമർക്കുള്ള ലേഖനത്തിലെ വാക്കുകൾ അവിശ്വാസികളെയോ പൊതുജനത്തെയോ അല്ല, അഭിഷിക്തരായ സഹക്രിസ്‌ത്യാനികളെ ഉദ്ദേശിച്ചാണ്‌ എഴുതിയത്‌. (റോമ. 1:7) “ഈ ലോകത്തോട്‌ അനുരൂപപ്പെടാതെ” രൂപാന്തരപ്പെടാൻ അവൻ അവരെ ആഹ്വാനം ചെയ്‌തു. അന്ന്‌, (ഏതാണ്ട്‌ എ.ഡി. 56-ൽ) റോമിലെ ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം, ‘ലോകം’ എന്നതിൽ റോമാസാമ്രാജ്യത്തിന്റെ തനതായ മാനദണ്ഡങ്ങളും ആചാരങ്ങളും പെരുമാറ്റരീതികളും ജീവിതശൈലികളും ഉൾപ്പെട്ടിരുന്നു. ‘അനുരൂപപ്പെടാതെ’ എന്ന്‌ പൗലോസ്‌ പറഞ്ഞത്‌ ശ്രദ്ധിക്കുക. അവരിൽ ചിലർ അപ്പോഴും അന്നത്തെ ആ ‘ലോകത്താൽ’ അഥവാ ‘വ്യവസ്ഥിതിയാൽ’ സ്വാധീനിക്കപ്പെട്ടിരുന്നു എന്നാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌. അന്നുണ്ടായിരുന്ന നമ്മുടെ സഹോദരീസഹോദരന്മാരുടെമേൽ ആ ലോകം ഏതുതരത്തിലുള്ള സ്വാധീനങ്ങളാണ്‌ ചെലുത്തിയത്‌?

6, 7. പൗലോസിന്റെ കാലത്തെ ക്രിസ്‌ത്യാനികൾക്ക്‌ റോമിലെ സാമൂഹിക-മത പശ്ചാത്തലം ഒരു വെല്ലുവിളി ഉയർത്തിയത്‌ എങ്ങനെ?

6 ക്ഷേത്രങ്ങൾ, ശവകുടീരങ്ങൾ, സ്‌മാരകങ്ങൾ, പോർക്കളങ്ങൾ, നാടകശാലകൾ തുടങ്ങി നിരവധി ചരിത്രാവശിഷ്ടങ്ങൾ ഇന്ന്‌ റോമിൽ എത്തുന്ന സഞ്ചാരികൾക്ക്‌ അവിടെ കാണാൻ കഴിയും. അവയിൽ ചിലത്‌ ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നവയാണ്‌. അത്തരം ഗതകാലശേഷിപ്പുകൾ പുരാതനറോമിലെ സാമൂഹിക-മത പശ്ചാത്തലത്തിലേക്ക്‌ വെളിച്ചം വീശുന്നു. റോമിന്റെ മല്ലയുദ്ധങ്ങൾ, തേരോട്ടമത്സരങ്ങൾ, നാനാതരം ഇതിവൃത്തങ്ങളിലുള്ള നൃത്ത-സംഗീത നാട്യാവിഷ്‌കാരങ്ങൾ, നാടകങ്ങൾ എന്നിവയെക്കുറിച്ച്‌ ചരിത്രപുസ്‌തകങ്ങളിലും വായിക്കാനാകും. ലജ്ജാവഹമായിരുന്നു ഇവയിൽ ചിലതിന്റെ പ്രതിപാദ്യം. ധനസമ്പാദനത്തിന്‌ അവസരങ്ങൾ അനവധിയായിരുന്ന, സമ്പദ്‌സമൃദ്ധമായ വാണിജ്യകേന്ദ്രംകൂടിയായിരുന്നു റോം.—റോമ. 6:21; 1 പത്രോ. 4:3, 4.

7 ദേവഗണങ്ങളെ അണിനിരത്തിയ ഒട്ടനവധി ക്ഷേത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും തങ്ങളുടെ ആരാധനാമൂർത്തികളോട്‌ റോമാക്കാർക്ക്‌ ആത്മാർഥമായൊരു വ്യക്തിബന്ധം ഉണ്ടായിരുന്നതായി കാണുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം മതം എന്നത്‌ ജനനം, വിവാഹം, ശവസംസ്‌കാരം എന്നിങ്ങനെ, അന്നത്തെ സാമൂഹികവ്യവസ്ഥയുടെ ഭാഗമായിരുന്ന നിരവധി ആചാരാനുഷ്‌ഠാനങ്ങളുടെ ഒരു മേളനമായിരുന്നു. ഇവയെല്ലാം അന്ന്‌ റോമിലുണ്ടായിരുന്ന ക്രിസ്‌ത്യാനികൾക്ക്‌ ഉയർത്തിയ വെല്ലുവിളി നിങ്ങൾക്ക്‌ ഊഹിക്കാൻ കഴിയും! അവരിൽ മിക്കവരും ഇങ്ങനെയൊരു പശ്ചാത്തലത്തിൽനിന്ന്‌ വന്നവരായതിനാൽ യഥാർഥക്രിസ്‌ത്യാനികൾ ആയിത്തീരാൻ അവർക്ക്‌ ശരിക്കും ഒരു ‘രൂപാന്തരം’ അനിവാര്യമായിരുന്നു. സ്‌നാനമേൽക്കുന്ന ദിവസത്തോടെ അവസാനിക്കുന്ന ഒന്നായിരുന്നില്ല ആ രൂപാന്തരം.

8. ലോകം ഇന്ന്‌ ക്രിസ്‌ത്യാനികൾക്ക്‌ എന്തു ഭീഷണി ഉയർത്തുന്നു?

8 റോമാസാമ്രാജ്യംപോലെ ഇന്നത്തെ ലോകവും സമർപ്പിതക്രിസ്‌ത്യാനികൾക്ക്‌ ഒരു ഭീഷണിയാണ്‌. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ, എവിടെയും ലോകത്തിന്റെ ആത്മാവ്‌ വ്യാപരിച്ചിരിക്കുന്നു. (എഫെസ്യർ 2:2, 3; 1 യോഹന്നാൻ 2:16 വായിക്കുക.) ലോകത്തിന്റെ മോഹങ്ങളും ചിന്താഗതികളും മാനദണ്ഡങ്ങളും ധാർമികകാഴ്‌ചപ്പാടുകളും ആയി നാം നിരന്തരം സമ്പർക്കത്തിൽവരുന്നതുകൊണ്ട്‌ ലോകം നമ്മെ വരുതിയിലാക്കാനുള്ള സാധ്യത എല്ലായ്‌പോഴും നിലനിൽക്കുന്നു. അതുകൊണ്ട്‌, “ഈ ലോകത്തോട്‌ അനുരൂപപ്പെടാതെ” ‘രൂപാന്തരപ്പെടാനുള്ള’ നിശ്വസ്‌തബുദ്ധിയുപദേശത്തിന്‌ ചെവികൊടുക്കാൻ നമുക്ക്‌ ഈടുറ്റ കാരണങ്ങളുണ്ട്‌. അങ്ങനെയെങ്കിൽ, നാം എന്തു ചെയ്യണം?

എന്താണ്‌ ‘രൂപാന്തരപ്പെടേണ്ടത്‌?’

9. സ്‌നാനത്തിന്‌ യോഗ്യരാകുന്നതിനുമുമ്പ്‌ പലരും എന്തെല്ലാം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്‌?

9 ഒരു വ്യക്തി ബൈബിൾസത്യം പഠിക്കുകയും ബാധകമാക്കുകയും ചെയ്യവെ അദ്ദേഹം ആത്മീയപുരോഗതി വരുത്തിത്തുടങ്ങുകയാണ്‌. ഈ പുരോഗതിയുടെ തെളിവെന്നോണം, പഠിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ അദ്ദേഹം ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നു. അദ്ദേഹം വ്യാജമതാചാരങ്ങളും മുൻകാല ജീവിതത്തിലെ അനഭിലഷണീയമായ ശീലങ്ങളും സ്വഭാവങ്ങളും വിട്ടുകളഞ്ഞ്‌ ക്രിസ്‌തുസമാന വ്യക്തിത്വം വളർത്തിയെടുക്കാൻ ആരംഭിക്കുന്നു. (എഫെ. 4:22-24) ഓരോ വർഷവും പതിനായിരക്കണക്കിന്‌ ആളുകൾ ഇപ്രകാരം പുരോഗതി വരുത്തുകയും യഹോവയ്‌ക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി സ്‌നാനമേൽക്കുകയും ചെയ്യുന്നത്‌ നമ്മെയെല്ലാം സന്തോഷിപ്പിക്കുന്നു. തീർച്ചയായും ഇത്‌ യഹോവയുടെ ഹൃദയത്തെയും സന്തോഷിപ്പിക്കുന്നുണ്ട്‌. (സദൃ. 27:11) എന്നാൽ, ‘ഒരു വ്യക്തി ഇത്രയും മാറ്റങ്ങൾമാത്രം വരുത്തിയാൽ മതിയെന്നാണോ?’ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്‌.

പലരും സാത്താന്റെ ലോകത്തിൽനിന്ന്‌ പുറത്തുകടന്ന്‌ രൂപാന്തരപ്പെടേണ്ടതുണ്ട്‌ (9-ാം ഖണ്ഡിക കാണുക)

10. ‘രൂപാന്തരം’ എന്നത്‌ കേവലം പുരോഗതി വരുത്തുന്നതിൽനിന്ന്‌ വ്യത്യാസപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

10 ‘രൂപാന്തരപ്പെടുക’ എന്നു പറയുമ്പോൾ കേവലം മെച്ചപ്പെടുന്നതിലും പുരോഗതിവരുത്തുന്നതിലും അധികം കാര്യങ്ങൾ ഉൾപ്പെടുന്നു. ഒരു ഉത്‌പന്നത്തെ ‘പുതിയത്‌’ അല്ലെങ്കിൽ ‘പുതുക്കിയത്‌’ എന്ന ലേബൽ ഒട്ടിച്ച്‌ പരസ്യപ്പെടുത്തിയാലും ഉള്ളിൽ ഉത്‌പന്നത്തിന്‌ കാര്യമായ മാറ്റം വന്നിട്ടുണ്ടാവില്ല. ഒരുപക്ഷേ ഏതെങ്കിലും പുതിയ ഒരു ചേരുവകൂടി ചേർത്ത്‌ കെട്ടുംമട്ടും പരിഷ്‌കരിച്ച്‌ പുറത്തിറക്കിയതു മാത്രമാകാം. എന്നാൽ, റോമർ 12:2-ൽ ‘രൂപാന്തരപ്പെടുക’ എന്നു പറഞ്ഞിരിക്കുന്നത്‌ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ചിന്തകൾക്ക്‌ അപ്പാടെ മാറ്റം വരുത്തിക്കൊണ്ട്‌ മാനസികമായി പുതുക്കപ്പെടുന്നതിനെയാണെന്ന്‌ ഒരു ബൈബിൾനിഘണ്ടു പറയുന്നു. അതുകൊണ്ട്‌, കേവലം ദുശ്ശീലങ്ങളോ ദുർഭാഷണമോ ദുർനടത്തയോ വിട്ടുകളയുന്നതല്ല ഒരു ക്രിസ്‌ത്യാനി വരുത്തേണ്ട ‘രൂപാന്തരം.’ ഒട്ടും ബൈബിൾപരിജ്ഞാനം ഇല്ലാത്ത ചിലയാളുകൾപോലും ഇവയൊക്കെ ഒഴിവാക്കാറുണ്ട്‌. അങ്ങനെയെങ്കിൽ, ക്രിസ്‌ത്യാനികൾ വരുത്തേണ്ട രൂപാന്തരത്തിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

11. രൂപാന്തരം ഏതുവിധത്തിൽ സംഭവിക്കണമെന്നാണ്‌ പൗലോസ്‌ കാണിച്ചുതന്നത്‌?

11 “മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ” എന്ന്‌ പൗലോസ്‌ എഴുതി. ചിന്തിക്കാനുള്ള നമ്മുടെ പ്രാപ്‌തിയെയാണ്‌ “മനസ്സ്‌” എന്നതുകൊണ്ട്‌ അർഥമാക്കുന്നത്‌. എന്നാൽ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നതനുസരിച്ച്‌ അതിൽ നമ്മുടെ മാനസികചായ്‌വ്‌, മനോഭാവം, ന്യായാന്യായങ്ങൾ വിവേചിക്കാനുള്ള പ്രാപ്‌തി എന്നിവയെല്ലാം ഉൾപ്പെടുന്നു. റോമർക്കുള്ള ലേഖനത്തിന്റെ ആദ്യഭാഗത്ത്‌ “അധമചിന്ത” പ്രകടമാക്കിയ ആളുകളുടെ സ്വഭാവരീതികൾ പൗലോസ്‌ വരച്ചുകാണിക്കുകയുണ്ടായി. ഇങ്ങനെയുള്ളവരെക്കുറിച്ച്‌, “അനീതിയും ദോഷവും ദുർമോഹവും തിന്മയും നിറഞ്ഞവർ” എന്നും “അസൂയ, കൊലപാതകം, ശണ്‌ഠ, വഞ്ചന, ദ്രോഹബുദ്ധി” എന്നിവയിലും മറ്റു ദുഷ്‌ചെയ്‌തികളിലും മുഴുകി ജീവിക്കുന്നവർ എന്നും അവൻ പറഞ്ഞു. (റോമ. 1:28-31) അതുകൊണ്ട്‌ അത്തരം സാഹചര്യങ്ങളിൽ വളർന്നുവന്ന്‌ പിന്നീട്‌ ദൈവദാസരായിത്തീർന്നവരോട്‌ ‘മനസ്സു പുതുക്കാനും’ ‘രൂപാന്തരപ്പെടാനും’ പൗലോസ്‌ നിഷ്‌കർഷിച്ചത്‌ എന്തുകൊണ്ടാണെന്ന്‌ നമുക്കു മനസ്സിലാക്കാൻ കഴിയും.

‘സകല വിദ്വേഷവും കോപവും ക്രോധവും ആക്രോശവും ദൂഷണവും നിങ്ങളെ വിട്ട്‌ ഒഴിഞ്ഞുപോകട്ടെ.’—എഫെ. 4:31

12. ഇക്കാലത്ത്‌ ആളുകളുടെ പൊതുവായ ചിന്താരീതി എന്താണെന്നാണ്‌ നിങ്ങൾക്കു കാണാൻ കഴിയുന്നത്‌, ഈ മനോഭാവം ക്രിസ്‌ത്യാനികൾക്ക്‌ അപകടമായേക്കാവുന്നത്‌ എങ്ങനെ?

12 ഖേദകരമെന്നു പറയട്ടെ, പൗലോസ്‌ വിവരിച്ചതരം ആളുകളാണ്‌ ഇന്നു ലോകത്തിൽ നമുക്കു ചുറ്റുമുള്ളത്‌. നിലവാരങ്ങളും തത്ത്വങ്ങളും മുറുകെപ്പിടിക്കുന്നത്‌ പഴഞ്ചൻ രീതിയാണെന്നോ അസഹിഷ്‌ണുതയുടെ ലക്ഷണമാണെന്നോ അവർ കരുതിയേക്കാം. പല അധ്യാപകരും രക്ഷിതാക്കളും ഒരു അനുവാദാത്മകസമീപനം അഥവാ എന്തും അനുവദിച്ചുകൊടുക്കുന്ന ഒരു രീതി സ്വീകരിക്കുകയും സ്വതന്ത്രചിന്താഗതി ഉന്നമിപ്പിക്കുകയും ചെയ്യുന്നു. അവരെ സംബന്ധിച്ചിടത്തോളം ഒന്നിനും നിശ്ചിതമായ ശരിതെറ്റുകൾ ഇല്ല; എല്ലാം ആപേക്ഷികമാണ്‌. ശരിയെന്ന്‌ തങ്ങൾക്കു തോന്നുന്നത്‌ ചെയ്യാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ടെന്നാണ്‌ മതഭക്തരെന്ന്‌ അവകാശപ്പെടുന്നവരിൽപോലും പലരും കരുതുന്നത്‌. ദൈവത്തോടോ അവന്റെ കൽപ്പനകളോടോ അവർക്ക്‌ ഒരു കടപ്പാടും തോന്നുന്നില്ല. (സങ്കീ. 14:1) ഈ മനോഭാവം സത്യക്രിസ്‌ത്യാനികൾക്ക്‌ ശരിക്കും ഒരു ഭീഷണിയായേക്കാം. ശ്രദ്ധിച്ചില്ലെങ്കിൽ ചിലരെങ്കിലും ദിവ്യാധിപത്യക്രമീകരണങ്ങളോട്‌ ഇതേ കാഴ്‌ചപ്പാടുതന്നെ വെച്ചുപുലർത്തിയേക്കാം. ഇങ്ങനെയുള്ളവർ സഭയിലെ നടപടിക്രമങ്ങളോടു സഹകരിച്ചുപോകാൻ മടിക്കുകയും വ്യക്തിപരമായി ഇഷ്ടമില്ലാത്ത എന്തിനെക്കുറിച്ചും പരാതി പറയുകയും ചെയ്‌തേക്കാം. അതുപോലെ വിനോദം, ഇന്റർനെറ്റിന്റെ ഉപയോഗം, ഉന്നതവിദ്യാഭ്യാസം എന്നിവയെപ്പറ്റി നൽകപ്പെടുന്ന ബൈബിളധിഷ്‌ഠിത ബുദ്ധിയുപദേശങ്ങളെ സംശയിക്കുകയും അവ മുഴുവനായി സ്വീകരിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്‌തേക്കാം.

13. നാം ആത്മാർഥമായി ആത്മപരിശോധന നടത്തേണ്ടത്‌ എന്തുകൊണ്ട്‌?

13 അതുകൊണ്ട്‌, ഇനിമേൽ ലോകത്തിന്റെ മൂശയിൽ വാർക്കപ്പെടാതിരിക്കണമെങ്കിൽ ആത്മാർഥമായ ഒരു ആത്മപരിശോധന അനിവാര്യമാണ്‌. നമ്മുടെ ഉള്ളിന്റെയുള്ളിലെ കാഴ്‌ചപ്പാടുകൾ, വികാരങ്ങൾ, ലക്ഷ്യങ്ങൾ, പിൻപറ്റിപ്പോരുന്ന മൂല്യങ്ങൾ ഇവയെല്ലാം സത്യസന്ധമായി നാം വിലയിരുത്തണം. മേൽപ്പറഞ്ഞവയെല്ലാം മറ്റുള്ളവരുടെ കണ്ണിൽനിന്ന്‌ മറഞ്ഞിരുന്നേക്കാം. അവർ നമ്മെ മാതൃകായോഗ്യരായി വീക്ഷിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തേക്കാം. എന്നാൽ, ദൈവവചനത്തിൽനിന്ന്‌ പഠിച്ച കാര്യങ്ങൾക്ക്‌ അനുസൃതമായി ഈ സുപ്രധാനമണ്ഡലങ്ങളിൽ നാം ഇപ്പോൾത്തന്നെ മാറ്റംവരുത്തിയിട്ടുണ്ടോ? തുടർന്നങ്ങോട്ടും മാറ്റംവരുത്താൻ നാം തയ്യാറാകുമോ? അത്‌ നമുക്കു മാത്രമേ അറിയൂ.—യാക്കോബ്‌ 1:23-25 വായിക്കുക.

‘രൂപാന്തരം’ നടക്കുന്നവിധം

14. ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നമുക്ക്‌ എന്തു സഹായമുണ്ട്‌?

14 രൂപാന്തരപ്പെടുത്തേണ്ടത്‌ അകമേയുള്ള വ്യക്തിയെ ആയതിനാൽ ഉപരിതലം തുളച്ച്‌ ഉള്ളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന ഒരു ഉപാധി നമുക്ക്‌ ആവശ്യമാണ്‌. ആ വിധത്തിൽ നമ്മെ സഹായിക്കാൻ എന്തിനു കഴിയും? നാം എങ്ങനെയുള്ള വ്യക്തികളായിരിക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നതെന്ന്‌ ബൈബിൾ പഠിക്കുമ്പോൾ നാം മനസ്സിലാക്കുന്നു. നാം ബൈബിൾ വായിക്കുമ്പോൾ നമ്മിലുണ്ടാകുന്ന പ്രതികരണം നമ്മുടെ ഉള്ളിലുള്ളത്‌ എന്താണെന്ന്‌ കണ്ടെത്താൻ നമ്മെ സഹായിക്കും. ‘പരിപൂർണമായ ദൈവഹിതം’ ചെയ്യാൻ എന്തെല്ലാം പരിവർത്തനങ്ങളാണ്‌ നാം വരുത്തേണ്ടതെന്ന്‌ തിരിച്ചറിയാൻ അങ്ങനെ നമുക്കു സാധിക്കുകയും ചെയ്യും.—റോമ. 12:2; എബ്രാ. 4:12.

15. യഹോവ മനയുമ്പോൾ നമ്മിലുണ്ടാകുന്ന രൂപാന്തരം ഏതുതരത്തിലുള്ളതാണ്‌?

15 യെശയ്യാവു 64:8 വായിക്കുക. ഈ തിരുവെഴുത്തിലൂടെ യെശയ്യാപ്രവാചകൻ വരച്ചിടുന്ന വാങ്‌മയചിത്രം നാം ബാധകമാക്കേണ്ട ഒരു ആശയം നമ്മുടെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നു. ഇവിടെ, നമ്മെ കളിമണ്ണായും യഹോവയെ മനയുന്നവനായും കല്‌പിച്ചിരിക്കുന്നു. അവൻ എങ്ങനെയാണ്‌ നമ്മെ മനയുന്നത്‌? ഏറെ സൗന്ദര്യമോ ആകാരസൗഷ്‌ഠവമോ നൽകിക്കൊണ്ട്‌ അവൻ നമ്മുടെ ബാഹ്യരൂപത്തെ ഉടച്ചുവാർക്കുന്നില്ല. ശാരീരികമായ പരിശീലനമല്ല പിന്നെയോ ആത്മീയപരിശീലനമാണ്‌ യഹോവ നമുക്ക്‌ നൽകുന്നത്‌. നമ്മെ മനയാൻ യഹോവയെ നാം അനുവദിക്കുന്നെങ്കിൽ ആന്തരികമായ അഥവാ ആത്മീയമായ രൂപാന്തരമാണ്‌ നമ്മിലുണ്ടാകുന്നത്‌. ലോകത്തിന്റെ സ്വാധീനങ്ങളോടു പൊരുതാൻ നമുക്കുവേണ്ടത്‌ വാസ്‌തവത്തിൽ അതുതന്നെയാണ്‌. മനയൽപ്രക്രിയ എങ്ങനെയാണ്‌ നടക്കുന്നത്‌?

16, 17. (എ) മികച്ചയിനം പാത്രങ്ങളുണ്ടാക്കാൻ താൻ ഉപയോഗിക്കുന്ന കളിമണ്ണിനെ കുശവൻ എന്തു ചെയ്യുമെന്ന്‌ വിവരിക്കുക. (ബി) ദൈവദൃഷ്ടിയിൽ വിലയേറിയവരായി രൂപാന്തരപ്പെടാൻ ദൈവവചനം നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

16 മികച്ചയിനം കളിമൺപാത്രങ്ങൾ ഉണ്ടാക്കാൻ ഗുണമേന്മയേറിയ കളിമണ്ണാണ്‌ കുശവൻ ഉപയോഗിക്കുന്നത്‌. എങ്കിൽപ്പോലും, കുശവൻ രണ്ടു കാര്യങ്ങൾ പിന്നെയും ചെയ്യേണ്ടതുണ്ട്‌. ഒന്നാമതായി, അഴുക്കും ലവണമാലിന്യങ്ങളും നീക്കംചെയ്‌ത്‌ കളിമണ്ണ്‌ ശുദ്ധീകരിക്കണം. തുടർന്ന്‌ മതിയായ അളവിൽ വെള്ളം ചേർത്ത്‌ കളിമണ്ണിന്‌ പതംവരുത്തണം. എങ്കിൽമാത്രമേ മനഞ്ഞതിനുശേഷം പാത്രത്തിന്റെ രൂപം നിലനിൽക്കുകയുള്ളൂ.

17 മാലിന്യങ്ങൾ നീക്കംചെയ്യുകയും ആവശ്യത്തിനു കടുപ്പവും മാർദവവും നിലനിറുത്തി കളിമണ്ണിന്‌ പതംവരുത്താൻ അതിൽ വെള്ളം ചേർക്കുകയും ചെയ്യേണ്ടതുണ്ടെന്ന്‌ ശ്രദ്ധിക്കുക. അങ്ങനെയാകുമ്പോൾ ലോലമായ പാത്രങ്ങൾപോലും അതുകൊണ്ട്‌ മനഞ്ഞെടുക്കാം. നമ്മുടെ ജീവിതത്തിൽ ദൈവവചനത്തിന്‌ ചെയ്യാനാകുന്ന സമാനമായൊരു ധർമം നമുക്കിവിടെ കാണാനാകുന്നില്ലേ? യഹോവയെ അറിയാതിരുന്ന കാലത്ത്‌ നാം വെച്ചുപുലർത്തിയിരുന്ന ചിന്താഗതികൾ ഉപേക്ഷിക്കാനും അവന്റെ ദൃഷ്ടിയിൽ വിലയേറിയ പാത്രങ്ങളായി രൂപാന്തരപ്പെടാനും ദൈവവചനത്തിന്‌ നമ്മെ സഹായിക്കാനാകും. (എഫെ. 5:26) ദിവസവും ബൈബിൾ വായിക്കാനും ദൈവവചനത്തിന്റെ പരിചിന്തനം നടക്കുന്ന ക്രിസ്‌തീയയോഗങ്ങളിൽ ക്രമമായി ഹാജരാകാനും എത്രയോ തവണ നമുക്ക്‌ ഓർമിപ്പിക്കലുകൾ ലഭിച്ചിട്ടുണ്ട്‌! ഇക്കാര്യങ്ങൾ ചെയ്യാൻ നമ്മെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നത്‌ എന്തുകൊണ്ടാണ്‌? എന്തുകൊണ്ടെന്നാൽ, അങ്ങനെ ചെയ്യുമ്പോഴെല്ലാം യഹോവ നമ്മെ മനയാൻ നാം സ്വയം വിട്ടുകൊടുക്കുകയാണു ചെയ്യുന്നത്‌.—സങ്കീ. 1:2; പ്രവൃ. 17:11; എബ്രാ. 10:24, 25.

രൂപാന്തരം വരുത്തുന്നത്‌, പ്രശ്‌നങ്ങൾ മുമ്പത്തേതിലും മെച്ചമായി പരിഹരിക്കാൻ നിങ്ങളെ സഹായിക്കും (18-ാം ഖണ്ഡിക കാണുക)

18. (എ) ദൈവവചനം നമ്മുടെയുള്ളിൽ സ്വാധീനം ചെലുത്തി നമ്മെ രൂപാന്തരപ്പെടുത്താൻ ധ്യാനം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ഏതു ചോദ്യങ്ങൾ അതിനു സഹായിക്കും?

18 എന്നാൽ, ദൈവവചനം നമ്മിൽ ആവശ്യമായത്ര രൂപാന്തരം വരുത്തണമെങ്കിൽ പതിവായി ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നതുമാത്രം മതിയാകുന്നില്ല, അത്‌ ഒരു തുടക്കമേ ആകുന്നുള്ളൂ. അനേകം ആളുകൾ ബൈബിൾ പലയാവർത്തി വായിച്ചുതീർത്തിട്ടുണ്ട്‌; അതിന്റെ ഉള്ളടക്കവും അവർക്ക്‌ സുപരിചിതമാണ്‌. ഒരുപക്ഷേ, വയൽശുശ്രൂഷയിൽ അങ്ങനെയുള്ളവരെ നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ടാകും. അവരിൽ ചിലർക്ക്‌ ബൈബിൾഭാഗങ്ങൾ മനഃപാഠം പോലുമാണ്‌. a എങ്കിൽപ്പോലും, അതൊന്നും അവരുടെ ചിന്താഗതിയെയോ ജീവിതരീതിയെയോ തെല്ലും സ്വാധീനിച്ചിട്ടുണ്ടാവില്ല. എവിടെയാണ്‌ കുഴപ്പം? ദൈവവചനം ഒരു വ്യക്തിയെ സ്വാധീനിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യണമെങ്കിൽ അത്‌ ഹൃദയത്തിലേക്ക്‌ ആഴ്‌ന്നിറങ്ങാൻ അയാൾ അനുവദിക്കണം. അതുകൊണ്ട്‌ പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ നാം സമയമെടുക്കണം. ഇങ്ങനെ ചോദിക്കുന്നത്‌ നല്ലതാണ്‌: ‘കേവലം ഒരു മതോപദേശമായിട്ടാണോ ഞാൻ ഇതിനെ കാണുന്നത്‌? അതോ ഇതാണ്‌ സത്യം എന്ന്‌ എനിക്കു ബോധ്യംവന്നിട്ടുണ്ടോ? മറ്റുള്ളവരെ പഠിപ്പിക്കാൻമാത്രമുള്ള കുറെ ഉപദേശങ്ങളായിട്ടല്ല, പ്രത്യുത സ്വയം ബാധകമാക്കേണ്ട കാര്യങ്ങളായി തിരിച്ചറിഞ്ഞ്‌ ഞാൻ അവയെ ജീവിതത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടോ? യഹോവ എന്നോടായി സംസാരിക്കുന്നത്‌ എനിക്ക്‌ അനുഭവവേദ്യമാകുന്നുണ്ടോ?’ ഈ ചോദ്യങ്ങളെക്കുറിച്ചു മനസ്സിരുത്തി ചിന്തിക്കുന്നത്‌ യഹോവയോടുള്ള അടുപ്പവും സ്‌നേഹവും പിന്നെയും വർധിപ്പിക്കാൻ നമ്മെ സഹായിക്കും. ഇങ്ങനെ ഹൃദയം പ്രചോദിതമാകുമ്പോൾ നമ്മുടെ ഉള്ളിൽ ഗുണപരമായ മാറ്റങ്ങൾക്ക്‌ അത്‌ വഴിതെളിക്കും.—സദൃ. 4:23; ലൂക്കോ. 6:45.

19, 20. ഏതു ബൈബിൾബുദ്ധിയുപദേശം ബാധകമാക്കുന്നത്‌ നമുക്ക്‌ സത്‌ഫലങ്ങൾ കൈവരുത്തും?

19 നാം വ്യക്തിപരമായി ചെയ്യേണ്ട ഒരു സംഗതിയെക്കുറിച്ച്‌ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: ‘പഴയ വ്യക്തിത്വം അതിന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞ്‌ പുതിയ വ്യക്തിത്വം ധരിച്ചുകൊള്ളുവിൻ; ഈ വ്യക്തിത്വമോ, പരിജ്ഞാനത്താൽ പുതുക്കപ്പെടുന്നതത്രേ.’ (കൊലോ. 3:9, 10) നാമെല്ലാം ഒരളവോളം ഇക്കാര്യത്തിൽ പുരോഗതി വരുത്തിയിട്ടുണ്ട്‌. എന്നാൽ പതിവായി ദൈവവചനം വായിക്കുന്നതും ധ്യാനിക്കുന്നതും തുടർന്നും അഭിവൃദ്ധി വരുത്തിക്കൊണ്ടിരിക്കാൻ നമുക്കു പ്രേരണയാകും. അതെ, ദൈവവചനത്തിന്റെ ശരിയായ അർഥവും ശക്തിയും തിരിച്ചറിയവെ പരിവർത്തനം വരുത്തുന്നതിൽ അടിക്കടി നേട്ടം കൈവരിക്കാൻ നമുക്കു കഴിയും. അങ്ങനെ ഉരുത്തിരിയുന്ന പുതിയ ക്രിസ്‌തീയവ്യക്തിത്വം സാത്താന്റെ കുതന്ത്രങ്ങൾക്കെതിരെ നമുക്ക്‌ ഒരു കവചമായി ഉതകും.

20 “അനുസരണമുള്ള മക്കളെന്നനിലയിൽ, അജ്ഞതയുടെ കാലത്തുണ്ടായിരുന്ന മോഹങ്ങൾക്ക്‌ ഇനിമേൽ അധീനരാകാതെ . . . സകല പ്രവൃത്തികളിലും വിശുദ്ധരായിരിക്കുവിൻ” എന്ന്‌ പത്രോസ്‌ അപ്പൊസ്‌തലൻ നമ്മെ ഓർമിപ്പിക്കുന്നു. (1 പത്രോ. 1:14, 15) മുൻകാലത്ത്‌ വെച്ചുപുലർത്തിയിരുന്ന ചിന്താഗതികളും മനോഭാവങ്ങളും വിട്ടുകളഞ്ഞ്‌ രൂപാന്തരപ്പെടാൻ മനസ്സുവെക്കുന്നെങ്കിൽ, അടുത്ത ലേഖനത്തിൽ കാണാൻ പോകുന്നതുപോലെ, നാം നിശ്ചയമായും അനുഗ്രഹങ്ങൾ പ്രാപിക്കും.

a 1994 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 10-ാം പേജിലെ 7-ാം ഖണ്ഡികയിലെ ഉദാഹരണം കാണുക.