വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

താരതമ്യങ്ങൾ നിങ്ങളെ സഹായിക്കുന്ന വിധം

താരതമ്യങ്ങൾ നിങ്ങളെ സഹായിക്കുന്ന വിധം

ഭൂമിയിൽ ജീവിച്ചിരുന്നതിലേക്കുംവെച്ച്‌ ഏറ്റവും മഹാനായ അധ്യാപകൻ യേശുവായിരുന്നു എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? ദൃഷ്ടാന്തങ്ങളും ചോദ്യങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള അവന്റെ പഠിപ്പിക്കൽരീതി അനുകരിക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടാകാം. എന്നാൽ, തന്റെ പഠിപ്പിക്കലിൽ അവൻ പലപ്പോളും താരതമ്യങ്ങൾ ഉപയോഗിച്ചിട്ടുള്ളതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

പല ആളുകളും സംസാരത്തിൽ താരതമ്യങ്ങൾ ഉപയോഗിക്കാറുണ്ട്‌. നിങ്ങളും അറിയാതെതന്നെ പലപ്പോളും താരതമ്യങ്ങൾ ഉപയോഗിച്ചു സംസാരിച്ചേക്കാം. ഉദാഹരണത്തിന്‌, നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം: “എല്ലാ പഴവും പഴുത്തതാണെന്ന്‌ അവർ പറഞ്ഞു. എന്നാൽ ഈ ഒരെണ്ണം പഴുത്തതല്ല.” അല്ലെങ്കിൽ, “ചെറുപ്പത്തിൽ അവൾ ഒരു നാണം കുണുങ്ങിയായിരുന്നു. എന്നാൽ ഇപ്പോൾ അവൾ എല്ലാവരോടും മടികൂടാതെ ഇടപെടുന്നു.”

ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ ആദ്യം ഒരു വസ്‌തുതയോ ആശയമോ അവതരിപ്പിക്കുന്നു. അതിനു ശേഷം എന്നാൽ, പകരം, പ്രത്യുത, മറിച്ച്‌ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഉപയോഗിച്ച്‌ അതിന്റെ താരതമ്യം വ്യക്തമാക്കുന്നു. അല്ലെങ്കിൽ, ആശയം കൂട്ടിച്ചേർക്കുന്നതിനോ ആശയത്തിനു കൂടുതൽ ദൃഢത കൊടുക്കുന്നതിനോ ഇത്തരം പ്രയോഗങ്ങൾ ഉപയോഗിച്ചേക്കാം. അങ്ങനെ, നിങ്ങളുടെ സംസാരം സ്വാഭാവികമായി തോന്നാനും നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യം കേൾവിക്കാരനു വ്യക്തമായി മനസ്സിലാകാനും ഇടയാകും.

എല്ലാ ഭാഷയിലും സംസ്‌കാരത്തിലും താരതമ്യങ്ങൾ ഉപയോഗിച്ചു സംസാരിക്കുന്നതു സാധാരണമല്ലെങ്കിലും നമുക്ക്‌ അതിന്റെ പ്രാധാന്യം അറിയാം. എന്തുകൊണ്ട്‌? ദൈവത്തിന്റെ നിശ്വസ്‌തവചനത്തിൽ അങ്ങനെയുള്ള ധാരാളം പ്രയോഗങ്ങൾ കാണുന്നുണ്ട്‌. യേശു മിക്കപ്പോഴും ഇത്തരത്തിലുള്ള താരതമ്യങ്ങൾ ഉപയോഗിച്ചു. ഈ ഉദാഹരണങ്ങൾ ഓർത്തുനോക്കൂ: “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. എന്നാൽ ഉപ്പ്‌ ഉറകെട്ടുപോയാൽ എങ്ങനെ അതിനു വീണ്ടും ഉപ്പുരസം വരുത്തും?” “ഈ കൽപ്പനകളിൽ ഏറ്റവും ലഘുവായ ഒന്നുപോലും ലംഘിക്കുകയും ലംഘിക്കാൻ മനുഷ്യരെ പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിനു യോഗ്യനായിരിക്കുകയില്ല. എന്നാൽ അവ പിൻപറ്റുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിനു യോഗ്യനായിരിക്കും.” “ഈ ഭൂമിയിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതു മതിയാക്കുവിൻ; പകരം, . . . സ്വർഗത്തിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുവിൻ.”—മത്താ. 5:13, 19; 6:19, 20

മറ്റു ബൈബിൾപുസ്‌തകങ്ങളിലും സമാനമായ താരതമ്യങ്ങളുണ്ട്‌. ഒരു ആശയം ഗ്രഹിക്കാനോ അല്ലെങ്കിൽ എന്തെങ്കിലും ഒരു കാര്യം കൂടുതൽ മെച്ചമായി ചെയ്യാനാകുന്ന വിധം ഊന്നിപറയാനോ അവ നിങ്ങളെ സഹായിക്കും. ഈ താരതമ്യത്തെക്കുറിച്ചു ചിന്തിക്കുക: “ഒരു ശിക്ഷയും തത്‌കാലത്തേക്കു സന്തോഷകരമല്ല, ദുഃഖകരംതന്നെയാണ്‌. എന്നാൽ അതിനാൽ പരിശീലനം നേടിക്കഴിഞ്ഞവർക്ക്‌ അതു പിന്നീട്‌ നീതി എന്ന സമാധാനഫലം നൽകുന്നു.” (എബ്രാ. 12:11) ശിക്ഷണത്തോടു ശരിയായ വീക്ഷണം പുലർത്തുന്നതു പ്രയോജനപ്രദമാണെന്നു പറഞ്ഞാലും കാര്യം മനസ്സിലാകുമായിരുന്നു. എന്നുവരികിലും, അപ്പൊസ്‌തലനായ പൗലോസ്‌ താരതമ്യം ഉപയോഗിച്ച്‌, ‘ശിക്ഷ ദുഃഖകരംതന്നെയാണ്‌; എന്നാൽ അതിനാൽ പരിശീലനം നേടിക്കഴിഞ്ഞവർക്ക്‌ അതു പിന്നീട്‌ നീതി എന്ന സമാധാനഫലം നൽകുന്നു’ എന്നു പറഞ്ഞപ്പോൾ ആശയം ഏറെ വ്യക്തമായി.

പൗലോസ്‌ എഫെസ്യർക്ക്‌ എഴുതിയപ്പോൾ ഇങ്ങനെ എഴുതി: “നമുക്കു പോരാട്ടമുള്ളത്‌ മാംസരക്തങ്ങളോടല്ല . . . സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനകളോടുമത്രേ.” (എഫെ. 6:12) ഇവിടെ, താരതമ്യത്തിനായി ഏതെങ്കിലും ഒരു പ്രത്യേക വാക്ക്‌ ഉപയോഗിച്ചിട്ടില്ലെങ്കിലും ഈ രണ്ട്‌ ആശയങ്ങൾ തമ്മിൽ താരതമ്യം ചെയ്‌ത്‌ എഴുതിയിരിക്കുന്നു. വളരെ ഗൗരവമേറിയ ഒരു പോരാട്ടമാണു നമുക്കുള്ളതെന്നു മനസ്സിലാക്കാൻ ഇതു സഹായിക്കുന്നു. ഈ പോരാട്ടം നിസ്സാരരായ മനുഷ്യർക്ക്‌ എതിരായിട്ടല്ല, പകരം ദുഷ്ടാത്മസേനകൾക്ക്‌ എതിരായിട്ടാണ്‌.

താരതമ്യങ്ങളിൽനിന്നുള്ള പ്രയോജനം

എഫെസ്യർക്കുള്ള ലേഖനത്തിൽ പൗലോസ്‌ ഉപയോഗിച്ചിരിക്കുന്ന നിരവധി താരതമ്യങ്ങൾ നിങ്ങൾക്കു കാണാനാകും. ഇവയെക്കുറിച്ചു ചിന്തിക്കുന്നത്‌, പൗലോസ്‌ പറയാൻ ഉദ്ദേശിച്ച ആശയം ഗ്രഹിക്കാനും നമ്മൾ ചെയ്യേണ്ടതു കൃത്യമായി മനസ്സിലാക്കാനും നമ്മെ ഓരോരുത്തരെയും സഹായിക്കും.

ഈ ലേഖനത്തോടൊപ്പമുള്ള ചതുരത്തിൽ എഫെസ്യർക്കുള്ള ലേഖനത്തിലെ നാലും അഞ്ചും അധ്യായങ്ങളിലെ ചില താരതമ്യങ്ങൾ പരാമർശിച്ചിട്ടുണ്ട്‌. അതു പരിചിന്തിക്കുന്നത്‌ ആസ്വാദ്യകരവും അർഥവത്തും ആണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. ഓരോ താരതമ്യവും വായിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തെക്കുറിച്ചു ചിന്തിക്കുക. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘സത്യസന്ധമായി പറഞ്ഞാൽ, ഇക്കാര്യങ്ങളിൽ എന്റെ മനോഭാവം എന്താണ്‌? ഇതോ ഇതിനു സമാനമോ ആയ സാഹചര്യങ്ങളിൽ ഞാൻ എങ്ങനെയാണു പ്രതികരിക്കുന്നത്‌? ഈ താരതമ്യത്തിന്റെ ഏതു ഭാഗത്തോടുള്ള ബന്ധത്തിലായിരിക്കും മറ്റുള്ളവർ എന്നെ വീക്ഷിക്കുക?’ നിങ്ങൾ മാറ്റം വരുത്തേണ്ട ഏതെങ്കിലും കാര്യം ആ താരതമ്യം എടുത്തുകാട്ടുന്നതായി തിരിച്ചറിയുന്നെങ്കിൽ അങ്ങനെ ചെയ്യാൻ ആ താരതമ്യം നിങ്ങളെ സഹായിക്കട്ടെ.

ഇതോടൊപ്പമുള്ള ചതുരത്തിലെ വിവരങ്ങൾ നിങ്ങൾക്കു കുടുംബാരാധനയിൽ ഉപയോഗിക്കാനാകും. ആദ്യം, കുടുംബാംഗങ്ങൾക്കെല്ലാവർക്കും ആ താരതമ്യങ്ങൾ വായിക്കാം. അതിനു ശേഷം, ഒരാൾക്ക്‌ ഏതെങ്കിലും ഒരു താരതമ്യത്തിന്റെ ആദ്യഭാഗം വായിക്കാനാകും. താരതമ്യത്തിന്റെ രണ്ടാം ഭാഗത്തെ മുഖ്യാശയം ഓർത്തെടുക്കാൻ മറ്റുള്ളവർക്കു സമയം നൽകുക. രണ്ടാം ഭാഗം മെച്ചമായ രീതിയിൽ എങ്ങനെ ബാധകമാക്കാം എന്നതിനെക്കുറിച്ചുള്ള ഒരു രസകരമായ കുടുംബചർച്ചയിലേക്ക്‌ അതു നയിച്ചേക്കാം. അതെ, ഇത്തരത്തിൽ താരതമ്യങ്ങൾ പരിചിന്തിക്കുന്നതു കുടുംബത്തിലും മറ്റിടങ്ങളിലും ക്രിസ്‌തീയനടത്തയുള്ളവരായിരിക്കാൻ കുട്ടികളെയും മുതിർന്നവരെയും സഹായിക്കും.

താരതമ്യത്തിന്റെ രണ്ടാം ഭാഗം നിങ്ങൾക്ക്‌ ഓർത്തെടുക്കാനാകുമോ?

താരതമ്യങ്ങളുടെ മൂല്യത്തെക്കുറിച്ചു നിങ്ങൾ കൂടുതൽ ബോധവാന്മാരാകുന്തോറും ബൈബിളിൽനിന്ന്‌ അവ വ്യക്തമായി തിരിച്ചറിയാൻ നിങ്ങൾക്കു കഴിയും. അതു ക്രിസ്‌തീയശുശ്രൂഷയിൽ വളരെ സഹായകമാണെന്നു നിങ്ങൾ കണ്ടെത്തും. ഉദാഹരണത്തിന്‌, ഒരു വീട്ടുകാരനോടു നിങ്ങൾക്ക്‌ ഇങ്ങനെ പറയാനായേക്കും: ‘മരണത്തെ അതിജീവിക്കുന്ന ഒരു ആത്മാവ്‌ എല്ലാവർക്കുമുണ്ടെന്നു മിക്ക ആളുകളും പറയുന്നു. എന്നാൽ, ദൈവവചനം ഇതേക്കുറിച്ച്‌ എന്താണു പറയുന്നതെന്നു ഞാൻ കാണിച്ചുതരട്ടേ?’ അല്ലെങ്കിൽ, ബൈബിളധ്യയനം നടത്തുമ്പോൾ നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം: ‘ഈ പ്രദേശത്തുള്ള മിക്ക ആളുകളും ദൈവവും ക്രിസ്‌തുവും ഒന്നാണെന്നു വിശ്വസിക്കുന്നു. എന്നാൽ, ബൈബിൾ പറയുന്നതായി ഞങ്ങൾ കണ്ടെത്തിയത്‌. . .  നിങ്ങൾ എന്താണു വിശ്വസിക്കുന്നത്‌?’

അതെ, തിരുവെഴുത്തുകളിൽ നൽകിയിരിക്കുന്ന പ്രബോധനാത്മകമായ അനേകം താരതമ്യങ്ങൾ ദൈവത്തിന്റെ വഴിയിൽ നടക്കാൻ നമ്മെ സഹായിക്കുന്നു. അതുപോലെ, ബൈബിൾസത്യം മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിനും നമുക്കു താരതമ്യങ്ങൾ ഉപയോഗിക്കാനാകും.