“യഹോവയ്‌ക്കുവേണ്ടി അടിമവേല ചെയ്യുവിൻ”
“അലസരാകാതെ . . . യഹോവയ്‌ക്കുവേണ്ടി അടിമവേല ചെയ്യുവിൻ.”—റോമ. 12:11.
1. ആളുകളുടെ മനസ്സിലുള്ള അടിമത്തവും റോമർ 12:11-ൽ പറഞ്ഞിരിക്കുന്ന അടിമത്തവും തമ്മിലുള്ള വ്യത്യാസം എന്ത്?
അടിമവേല എന്ന വാക്കു കേൾക്കുമ്പോൾ എന്താണു നിങ്ങളുടെ മനസ്സിലേക്കു വരുന്നത്? പൊതുവെ ആളുകൾക്കുള്ള വീക്ഷണത്തിൽനിന്നു തികച്ചും വ്യത്യസ്‌തമാണ് ക്രിസ്‌ത്യാനികളുടെ അടിമത്തം. അടിമത്തം എന്നു കേൾക്കുമ്പോൾ ആളുകളുടെ മനസ്സിലേക്കു വരുന്നത് അന്യായമായ പെരുമാറ്റം, അടിച്ചമർത്തൽ, ക്രൂരമായ ഭരണം എന്നൊക്കെയാണ്. എന്നാൽ ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന അടിമത്തം സ്‌നേഹനിധിയായ ഒരു യജമാനനെ മനസ്സോടെ സേവിക്കുന്നതിനെയാണ് അർഥമാക്കുന്നത്. “യഹോവയ്‌ക്കുവേണ്ടി അടിമവേല ചെയ്യുവിൻ” എന്ന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ അപ്പൊസ്‌തലനായ പൗലോസ് ഉദ്‌ബോധിപ്പിച്ചു. ദൈവത്തോടുള്ള സ്‌നേഹത്താൽ പ്രേരിതരായി വിശുദ്ധസേവനം അർപ്പിക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. (റോമ. 12:11) ഇത്തരം അടിമത്തത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? സാത്താന്റെയും അവന്റെ ലോകത്തിന്റെയും അടിമകളാകുന്നത് നമുക്ക് എങ്ങനെ ഒഴിവാക്കാം? വിശ്വസ്‌തതയോടെ യഹോവയ്‌ക്കുവേണ്ടി അടിമവേല ചെയ്‌താൽ എന്തെല്ലാം പ്രതിഫലങ്ങൾ ലഭിക്കും?
‘ഞാൻ എന്റെ യജമാനനെ സ്‌നേഹിക്കുന്നു’
2. (എ) തന്റെ സ്വാതന്ത്ര്യം വേണ്ടെന്നുവെക്കാൻ ഒരു ഇസ്രായേല്യ അടിമയെ പ്രേരിപ്പിച്ചിരുന്നത് എന്താണ്? (ബി) അടിമയുടെ ചെവി കുത്തിത്തുളച്ചിരുന്നത് ശ്രദ്ധേയമായിരുന്നത് എന്തുകൊണ്ട്?
2 യഹോവ നമ്മിൽനിന്ന് ആവശ്യപ്പെടുന്നത് ഏതുതരം അടിമത്തമാണെന്ന് ഇസ്രായേല്യർക്കു കൊടുത്ത ന്യായപ്രമാണത്തിൽനിന്നു നമുക്ക് മനസ്സിലാക്കാം. ഒരു എബ്രായ അടിമയ്‌ക്ക് തന്റെ സേവനത്തിന്റെ ഏഴാം വർഷത്തിൽ സ്വതന്ത്രനായി പോകാനുള്ള അനുവാദമുണ്ടായിരുന്നു. (പുറ. 21:2) എന്നിരുന്നാലും യജമാനനെ സ്‌നേഹിക്കുന്ന അടിമയ്‌ക്കു തന്റെ സേവനത്തിൽ തുടരാൻ ആഗ്രഹമുണ്ടെങ്കിൽ യഹോവ ഒരു പ്രത്യേകക്രമീകരണം ഏർപ്പെടുത്തിയിരുന്നു. അതായത് അത്തരം ഒരു അടിമയെ യജമാനൻ കൂട്ടിക്കൊണ്ടുപോയി കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തിയിട്ട് സൂചികൊണ്ട് അവന്റെ കാത് കുത്തിത്തുളയ്‌ക്കുമായിരുന്നു. (പുറ. 21:5, 6) ഈ ക്രമീകരണത്തിൽ ചെവി തുളയ്‌ക്കുന്നത് ഉൾപ്പെട്ടിരുന്നു എന്നതു ശ്രദ്ധേയമാണ്. എബ്രായഭാഷയിൽ അനുസരണം എന്ന ആശയം ദ്യോതിപ്പിക്കുന്നതിന് കേൾവിയോടും ശ്രദ്ധയോടും ബന്ധപ്പെട്ട ഒരു വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്റെ യജമാനനെ തുടർന്നും മനസ്സോടെ അനുസരിക്കാൻ അത്തരമൊരു അടിമ ആഗ്രഹിച്ചിരുന്നു എന്നാണ് അതു സൂചിപ്പിക്കുന്നത്. യഹോവയോടുള്ള നമ്മുടെ സമർപ്പണത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്നു മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കും. അതായത് യഹോവയോടുള്ള സ്‌നേഹത്താൽ പ്രേരിതരായി നാം അവനെ മനസ്സോടെ അനുസരിക്കണം.
3. നമ്മുടെ സമർപ്പണത്തിന്റെ അടിസ്ഥാനം എന്താണ്?
3 യഹോവയെ സേവിച്ചുകൊണ്ട് അവന്റെ അടിമകളായിരിക്കാൻ തീരുമാനിച്ചശേഷമാണ് നാം സ്‌നാനമേൽക്കുന്നത്. നമ്മുടെ സമർപ്പണം, യഹോവയെ അനുസരിക്കാനും അവന്റെ ഇഷ്ടം ചെയ്യാനും ഉള്ള ആഗ്രഹത്തിൽനിന്നാണ് ഉടലെടുക്കുന്നത്. അതു ചെയ്യാൻ ആരും നമ്മെ നിർബന്ധിക്കുന്നില്ല. കുട്ടികൾപോലും സ്‌നാനമേൽക്കുന്നത് സ്വയം യഹോവയ്‌ക്കു സമർപ്പിച്ചതിനു ശേഷമാണ്. കേവലം മാതാപിതാക്കളെ സന്തോഷിപ്പിക്കാൻവേണ്ടിയല്ല അവർ അങ്ങനെ ചെയ്യുന്നത്. അതെ, ക്രിസ്‌തീയസമർപ്പണത്തിന്റെ അടിസ്ഥാനം നമ്മുടെ സ്വർഗീയയജമാനനായ യഹോവയോടുള്ള സ്‌നേഹമാണ്. അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “ദൈവത്തോടുള്ള സ്‌നേഹമോ, അവന്റെ കൽപ്പനകൾ അനുസരിക്കുന്നതാകുന്നു.”—1 യോഹ. 5:3.
സ്വതന്ത്രർ എങ്കിലും അടിമകൾ
4. ‘നീതിയുടെ അടിമകൾ’ ആയിത്തീരാൻ നാം എന്തു ചെയ്യേണ്ടതുണ്ട്?
4 തന്റെ അടിമകളായിരിക്കാൻ യഹോവ അവസരം നൽകിയതിനെപ്രതി നാം എത്ര നന്ദിയുള്ളവരായിരിക്കണം! യേശുവിന്റെ മറുവിലയിലുള്ള വിശ്വാസമാണ് പാപത്തിന്റെ അടിമത്തത്തിൽനിന്ന് സ്വതന്ത്രരാകാൻ നമ്മെ സഹായിച്ചിരിക്കുന്നത്. അപൂർണരായ നാം യഹോവയുടെയും യേശുവിന്റെയും അധികാരത്തിനു കീഴ്‌പെടാൻ മനസ്സോടെ മുന്നോട്ടു വന്നിരിക്കുന്നു. പൗലോസ് തന്റെ നിശ്ശ്വസ്‌തലേഖനത്തിൽ അതു വ്യക്തമാക്കി: “നിങ്ങളും പാപസംബന്ധമായി മരിച്ചെന്നും ക്രിസ്‌തുയേശു മുഖാന്തരം ദൈവത്തിനായി ജീവിക്കുന്നെന്നും കരുതിക്കൊള്ളുവിൻ.” തുടർന്ന് അവൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: “നിങ്ങൾ നിങ്ങളെത്തന്നെ ആർക്കെങ്കിലും സമർപ്പിക്കുമ്പോൾ, അയാളെ അനുസരിക്കുകയാൽ നിങ്ങൾ അയാളുടെ അടിമകളാണെന്ന് അറിയുന്നില്ലയോ? ഒന്നുകിൽ നിങ്ങൾ മരണത്തിലേക്കു നയിക്കുന്ന പാപത്തിന്റെ അടിമകൾ; അല്ലെങ്കിൽ നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്റെ അടിമകൾ. നിങ്ങൾ പാപത്തിന്റെ അടിമകൾ ആയിരുന്നെങ്കിലും നിങ്ങൾക്കു ലഭിച്ച ഉപദേശം നിങ്ങൾ ഹൃദയപൂർവം അനുസരിച്ചതുകൊണ്ട് ദൈവത്തിനു സ്‌തോത്രം. പാപത്തിൽനിന്നു സ്വതന്ത്രരാക്കപ്പെട്ട നിങ്ങൾ ഇപ്പോൾ നീതിയുടെ അടിമകളായിരിക്കുന്നു.” (റോമ. 6:11, 16-18) ‘ഹൃദയപൂർവം അനുസരിക്കാനാണ്’ അപ്പൊസ്‌തലൻ പറഞ്ഞതെന്നു കുറിക്കൊള്ളുക. അതെ, യഹോവയ്‌ക്കു നമ്മെ സമർപ്പിക്കുമ്പോൾ നാം ‘നീതിയുടെ അടിമകളായിത്തീരുന്നു.’
5. നാമെല്ലാം നേരിടുന്ന ആന്തരികപോരാട്ടം ഏതാണ്, എന്തുകൊണ്ട്?
5 എന്നിരുന്നാലും, നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്നത് അത്ര എളുപ്പമല്ല. രണ്ടു തരത്തിലുള്ള പോരാട്ടം നമുക്കുണ്ട്. അതിൽ ഒന്നിനെക്കുറിച്ച് പൗലോസ് ഇങ്ങനെ എഴുതി: “എന്റെ അന്തരംഗത്തിൽ ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ പ്രമോദിക്കുന്നു; എങ്കിലും എന്റെ മനസ്സിന്റെ പ്രമാണത്തോടു പോരാടുന്ന മറ്റൊരു പ്രമാണം എന്റെ അവയവങ്ങളിൽ ഞാൻ കാണുന്നു. എന്റെ അവയവങ്ങളിലുള്ള ആ പാപപ്രമാണം എന്നെ അടിമയാക്കിത്തീർക്കുന്നു.” (റോമ. 7:22, 23) പാരമ്പര്യമായി കൈമാറിക്കിട്ടിയ അപൂർണത നമ്മെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് ജഡത്തിന്റെ ആഗ്രഹങ്ങൾക്കെതിരെ നാം തുടർച്ചയായി പോരാടേണ്ടതുണ്ട്. അപ്പൊസ്‌തലനായ പത്രോസ് ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “സ്വതന്ത്രരായും, എന്നാൽ സ്വാതന്ത്ര്യം ദുഷ്‌ചെയ്‌തികൾക്കു മറയാക്കാതെ ദൈവത്തിന്റെ അടിമകളായും ജീവിക്കുവിൻ.”—1 പത്രോ. 2:16.
6, 7. സാത്താൻ ഈ ലോകത്തെ ആകർഷകമാക്കുന്നത് എങ്ങനെ?
6 അടുത്തതായി പോരാടേണ്ടത് സാത്താന്റെ സ്വാധീനത്തിലുള്ള ഈ ലോകത്തിന് എതിരെയാണ്. യഹോവയോടും യേശുവിനോടും ഉള്ള നമ്മുടെ വിശ്വസ്‌തത തകർക്കുക എന്ന ലക്ഷ്യത്തിൽ ഈ ലോകത്തിന്റെ ഭരണാധികാരിയായ സാത്താൻ നമുക്കു നേരെ തീയമ്പുകൾ തൊടുത്തുവിടുന്നു. അവന്റെ ദുഷിച്ച സ്വാധീനത്തിനു വശംവദരാകാൻ പ്രലോഭിപ്പിച്ചുകൊണ്ട് നമ്മെ അവന്റെ അടിമകളാക്കാൻ ശ്രമിക്കുന്നു. (എഫെസ്യർ 6:11, 12 വായിക്കുക.) സാത്താൻ ഇതു ചെയ്യുന്ന ഒരു വിധം തന്റെ ലോകത്തെ ആകർഷകവും വശ്യവും ആക്കിക്കൊണ്ടാണ്. അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ഒരുവൻ ലോകത്തെ സ്‌നേഹിക്കുന്നെങ്കിൽ പിതാവിനോടുള്ള സ്‌നേഹം അവനിൽ ഇല്ല. ജഡമോഹം, കണ്മോഹം, ജീവിതത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതൊക്കെയും ലോകത്തിൽനിന്നുള്ളതാണ്, പിതാവിൽനിന്നുള്ളതല്ല.”—1 യോഹ. 2:15, 16.
7 ധനികരാകാനുള്ള ആഗ്രഹം ഇന്നു ലോകത്തിൽ പ്രബലമായിരിക്കുന്നു. പണമാണ് സന്തോഷത്തിനു നിദാനം എന്നു വിശ്വസിപ്പിക്കാൻ സാത്താൻ ശ്രമിക്കുന്നു. എല്ലാ സാധനങ്ങളും ലഭ്യമായ അതിവിശാലമായ സൂപ്പർമാർക്കറ്റുകൾ നമുക്കു ചുറ്റും വർധിച്ചുവരുന്നു. ഭൗതികവസ്‌തുക്കൾക്കും വിനോദത്തിനും പ്രാധാന്യം കൊടുക്കുന്ന ഒരു ജീവിതരീതി ലക്ഷ്യം വെക്കാനാണ് പരസ്യലോകവും പ്രേരിപ്പിക്കുന്നത്. ലോകത്തിലെ ആളുകളുമൊത്ത് മനംമയക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കാനുള്ള കണ്ണഞ്ചിപ്പിക്കുന്ന വാഗ്‌ദാനങ്ങൾ പല ഏജൻസികളും വെച്ചുനീട്ടുന്നു. അതെ, നമുക്കു ചുറ്റുമുള്ള ലോകം ജീവിതം ‘ആസ്വദിക്കാൻ’ നമ്മെ പ്രേരിപ്പിക്കുന്നു. പക്ഷേ, ലോകത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിലാണെന്നുമാത്രം.
8, 9. എന്ത് അപകടമാണു നമുക്കു മുന്നിലുള്ളത്, എന്തുകൊണ്ട്?
8 ലോകത്തിന്റെ വീക്ഷണം വെച്ചുപുലർത്തിയ ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്‌ത്യാനികൾക്ക് പത്രോസ് ഇങ്ങനെ മുന്നറിയിപ്പു നൽകി: “പട്ടാപ്പകൽ സുഖഭോഗങ്ങളിൽ ആറാടുന്നത് അവർക്ക് ആനന്ദം. നിങ്ങളുടെ വിരുന്നുകളിൽ വഞ്ചന ഉപദേശിച്ചുകൊണ്ട് മദിച്ചുരസിക്കുന്ന അവർ, കറകളും കളങ്കങ്ങളുമത്രേ. അവർ പൊള്ളയായ വമ്പു പറയുന്നു; വഴിപിഴച്ചവരുടെ ഇടയിൽനിന്നു രക്ഷപ്പെട്ടുവരുന്നവരെ അവർ ജഡികമോഹങ്ങളിലും ദുഷ്‌കാമവൃത്തികളിലും കുടുക്കുന്നു. മറ്റുള്ളവർക്ക് സ്വാതന്ത്ര്യം വാഗ്‌ദാനം ചെയ്യുന്ന ഇവർതന്നെ അധർമത്തിന്റെ അടിമകളാകുന്നു; കാരണം, ഒരുവൻ ഏതിനാൽ തോൽപ്പിക്കപ്പെടുന്നുവോ അതിന്റെ അടിമയാണവൻ.”—2 പത്രോ. 2:13, 18, 19.
9 “കണ്മോഹം” തൃപ്‌തിപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്കു സ്വതന്ത്രനാകാൻ കഴിയില്ല. പകരം അയാൾ ഈ ലോകത്തിന്റെ അദൃശ്യയജമാനനായ സാത്താന്റെ അടിമയാകുകയാണു ചെയ്യുന്നത്. (1 യോഹ. 5:19) അതെ, ഭൗതികത്വത്തിന്റെ അടിമയാകുന്ന വ്യക്തി വലിയൊരു അപകടത്തിലാണു ചെന്നുചാടുന്നത്—രക്ഷപ്പെടാൻ വളരെ പ്രയാസമുള്ള ഒരു അപകടത്തിൽ.
സംതൃപ്‌തിദായകമായ ഒരു ജീവിതവൃത്തി
10, 11. ഇന്ന് സാത്താന്റെ മുഖ്യലക്ഷ്യം ആരാണ്, ലൗകികവിദ്യാഭ്യാസം അവർക്ക് എന്തെല്ലാം പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം?
10 ഏദെനിലേതുപോലെതന്നെ, അനുഭവപരിചയം കുറഞ്ഞവരെയാണ് സാത്താൻ ഇന്നും ലക്ഷ്യം വെക്കുന്നത്. യുവാക്കളെ വഴിതെറ്റിക്കാനാണ് അവന് ഏറ്റവും താത്‌പര്യം. ആരും, പ്രത്യേകിച്ച് യുവജനങ്ങൾ, യഹോവയെ സ്വമനസ്സാലെ സേവിക്കുന്നത് സാത്താന് ഇഷ്ടമല്ല. യഹോവയ്‌ക്കു തങ്ങളുടെ ജീവിതം സമർപ്പിച്ച ഓരോരുത്തരുടെയും വിശ്വസ്‌തതയും ഭക്തിയും തകർന്നുകാണാനാണ് ദൈവത്തിന്റെ ഈ ശത്രു ആഗ്രഹിക്കുന്നത്.
11 ചെവി കുത്തിത്തുളയ്‌ക്കാൻ തന്നെത്തന്നെ വിട്ടുകൊടുക്കുന്ന അടിമയുടെ ദൃഷ്ടാന്തം ഒന്നുകൂടെ മനസ്സിലേക്കു കൊണ്ടുവരാം. അടിമയ്‌ക്കു താത്‌കാലികമായ വേദന സഹിക്കേണ്ടിവരുമായിരുന്നു. എന്നാൽ, തന്റെ യജമാനനെ എന്നും സേവിക്കുമെന്നതിന്റെ തെളിവായി വർത്തിക്കുമായിരുന്നു ആ അടയാളം. യുവപ്രായത്തിലുള്ള ഒരു വ്യക്തി സമപ്രായക്കാരിൽനിന്ന് വ്യത്യസ്‌തമായ ഒരു ജീവിതഗതി തിരഞ്ഞെടുക്കുമ്പോൾ സമാനമായ വേദനയും ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവന്നേക്കാം. ലോകം വെച്ചുനീട്ടുന്ന ജീവിതവൃത്തിയാണ് ആളുകളെ സംതൃപ്‌തരാക്കുന്നതെന്ന ആശയം സാത്താൻ ഇന്നു പ്രചരിപ്പിക്കുന്നു. എന്നാൽ, തങ്ങളുടെ ആത്മീയാവശ്യങ്ങൾ തൃപ്‌തിപ്പെടുത്തുന്നതാണു പ്രധാനമെന്നു ക്രിസ്‌ത്യാനികൾ തിരിച്ചറിയുന്നു. “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ അനുഗൃഹീതർ” എന്നു യേശു പഠിപ്പിച്ചു. (മത്താ. 5:3) സമർപ്പിതക്രിസ്‌ത്യാനികൾ ദൈവത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചാണു ജീവിക്കേണ്ടത്, അല്ലാതെ സാത്താന്റെ ഇഷ്ടത്തിന് അനുസരിച്ചല്ല. കൂടാതെ, അവർ യഹോവയുടെ നിയമത്തിൽ സന്തോഷം കണ്ടെത്തുകയും രാപകൽ അതു ധ്യാനിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 1:1-3 വായിക്കുക.) യഹോവയുടെ ഒരു ദാസന് തന്റെ ആത്മീയാവശ്യങ്ങൾ തൃപ്‌തിപ്പെടുത്താനോ ധ്യാനിക്കാനോ മതിയായ സമയം നൽകുന്നതല്ല ഇന്നുള്ള മിക്ക വിദ്യാഭ്യാസകോഴ്‌സുകളും.
12. മിക്ക ചെറുപ്പക്കാരും ഇന്ന് ഏതു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്?
12 ഈ ലോകത്തിലെ ചില യജമാനന്മാർ ഒരു ക്രിസ്‌ത്യാനിയുടെ അടിമത്തജീവിതം ദുഷ്‌കരമാക്കിയേക്കാം. കൊരിന്ത്യർക്കുള്ള തന്റെ ആദ്യലേഖനത്തിൽ പൗലോസ് ചോദിച്ചു: “ഒരു അടിമയായിരിക്കെ നീ വിളിക്കപ്പെട്ടുവോ?” അതിനു ശേഷം അവരെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “അതിൽ വ്യസനിക്കരുത്. എന്നാൽ സ്വതന്ത്രനാകാൻ അവസരം ലഭിച്ചാൽ അതു പ്രയോജനപ്പെടുത്തിക്കൊള്ളുക.” (1 കൊരി. 7:21) അതെ, അടിമത്തത്തിൽനിന്നുള്ള സ്വാതന്ത്ര്യമായിരുന്നു അടിമകൾ ആഗ്രഹിക്കേണ്ടത്. ഇന്നു മിക്ക രാജ്യങ്ങളിലും ഒരു പ്രായംവരെ വിദ്യാഭ്യാസം നിർബന്ധമാണ്. എന്നാൽ അതിനു ശേഷം എന്തു ചെയ്യണമെന്ന് സ്വയം തീരുമാനിക്കാവുന്നതാണ്. ഈ ലോകത്തിൽ ഒരു നല്ല ജോലി നേടാൻവേണ്ടിയുള്ള വിദ്യാഭ്യാസം തുടരുകയാണെങ്കിൽ, മുഴുസമയസേവനത്തിനുള്ള സ്വാതന്ത്ര്യം കളഞ്ഞുകുളിക്കുകയായിരിക്കും.—1 കൊരിന്ത്യർ 7:23 വായിക്കുക.
വിദ്യാഭ്യാസം—ഉന്നതമോ ഉയരത്തിൽനിന്നുള്ളതോ?
13. ഏതുതരം വിദ്യാഭ്യാസമാണ് യഹോവയുടെ ദാസർക്കു പ്രയോജനം ചെയ്യുന്നത്?
13 കൊലോസ്യയിലെ ക്രിസ്‌ത്യാനികൾക്ക് പൗലോസ് ഇങ്ങനെ മുന്നറിയിപ്പു നൽകി: “സൂക്ഷിക്കുവിൻ! തത്ത്വജ്ഞാനത്താലും വഞ്ചകവും കഴമ്പില്ലാത്തതുമായ ആശയഗതികളാലും ആരും നിങ്ങളെ വശീകരിച്ച് കുടുക്കിലാക്കരുത്. അവയ്‌ക്ക് ആധാരം മാനുഷികപാരമ്പര്യങ്ങളും ലോകത്തിന്റെ ആദിപാഠങ്ങളുമാണ്; ക്രിസ്‌തുവിന്റെ ഉപദേശങ്ങളല്ല.” (കൊലോ. 2:8) ‘തത്ത്വജ്ഞാനവും വഞ്ചകവും കഴമ്പില്ലാത്തതുമായ ആശയഗതികളും’ ആണ് ഈ ലോകത്തിലെ ബുദ്ധിജീവികൾ ഉന്നമിപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസവും ലക്ഷ്യമിടുന്നത് അത്തരം അറിവു പകർന്നുകൊടുക്കുന്നതിനാണ്. അതു ബിരുദധാരികളെ സൃഷ്ടിക്കുന്നു എന്നതു സത്യംതന്നെ. എന്നാൽ പ്രായോഗികജ്ഞാനം പകർന്നുകൊടുക്കാനോ ജീവിതത്തിലെ പരുക്കൻ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ വിദ്യാർഥികളെ ഒരുക്കാനോ ഉന്നതവിദ്യാഭ്യാസത്തിനു കഴിയുന്നില്ല. ഇതിനു വിപരീതമായി, ഒരു ലളിതജീവിതം നയിച്ചുകൊണ്ട് ദൈവത്തെ സേവിക്കാൻ തങ്ങളെ പ്രാപ്‌തരാക്കുന്ന വൈദഗ്‌ധ്യങ്ങൾ നേടാനാണ് യഹോവയുടെ ദാസർ ആഗ്രഹിക്കുന്നത്. അതിനു സഹായിക്കുന്ന ഒരു വിദ്യാഭ്യാസം അവർ തിരഞ്ഞെടുക്കണം. പൗലോസ് തിമൊഥെയൊസിനു കൊടുത്ത ഈ ബുദ്ധിയുപദേശം അവർ ഗൗരവത്തോടെ എടുക്കുന്നു: “ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു ആദായംതന്നെ. അതുകൊണ്ട് ഉണ്ണാനും ഉടുക്കാനും വകയുണ്ടെങ്കിൽ നമുക്കു തൃപ്‌തിപ്പെടാം.” (1 തിമൊ. 6:6, 8) പേരിനൊപ്പം ബിരുദങ്ങൾ എഴുതിച്ചേർക്കാനോ സർവകലാശാലയിൽനിന്നുള്ള സാക്ഷ്യപത്രങ്ങൾ നേടാനോ ഒക്കെ ശ്രമിക്കുന്നതിനു പകരം ശുശ്രൂഷയിൽ പരമാവധി ഏർപ്പെട്ടുകൊണ്ട് “ശ്ലാഘ്യപത്രം” നേടാനാണ് സത്യക്രിസ്‌ത്യാനികൾ ശ്രമിക്കുന്നത്.—2 കൊരിന്ത്യർ 3:1-3 (സത്യവേദപുസ്‌തകം) വായിക്കുക.
14. ഫിലിപ്പിയർ 3:8 പറയുന്നതനുസരിച്ച് ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും അടിമയായിരിക്കാനുള്ള പദവിയെ പൗലോസ് എങ്ങനെയാണു വീക്ഷിച്ചത്?
14 അപ്പൊസ്‌തലനായ പൗലോസിന്റെ കാര്യം എടുക്കുക. ന്യായപ്രമാണോപദേഷ്ടാവായ ഗമാലിയേലിന്റെ കാൽക്കലിരുന്നാണ് അവൻ പഠിച്ചത്. പൗലോസിനു ലഭിച്ച വിദ്യാഭ്യാസം, ഇന്നത്തെ സർവകലാശാലാവിദ്യാഭ്യാസത്തിനു തുല്യമാണ്. എന്നാൽ ഇതിനോടുള്ള താരതമ്യത്തിൽ ദൈവത്തിനും ക്രിസ്‌തുവിനും അടിമവേല ചെയ്യാനുള്ള പദവിയെ പൗലോസ് എങ്ങനെയാണു വീക്ഷിച്ചത്? അവൻ ഇങ്ങനെ എഴുതി: “എന്റെ കർത്താവായ ക്രിസ്‌തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്‌ഠതനിമിത്തം ഞാൻ സകലതും വിട്ടുകളഞ്ഞിരിക്കുന്നു. അവനുവേണ്ടി ഞാൻ ആ നഷ്ടം സഹിക്കുകയും അവയെ ഒക്കെയും വെറും ഉച്ഛിഷ്ടമായി ഗണിക്കുകയും ചെയ്‌തിരിക്കുന്നു.” (ഫിലി. 3:8) പൗലോസിന്റെ ഈ വീക്ഷണം, വിദ്യാഭ്യാസം സംബന്ധിച്ചു ബുദ്ധിപൂർവമായ ഒരു തീരുമാനമെടുക്കാൻ യുവജനങ്ങളെയും ദൈവഭക്തരായ മാതാപിതാക്കളെയും സഹായിക്കും. (ചിത്രങ്ങൾ കാണുക.)
ഉയരത്തിൽനിന്നുള്ള വിദ്യാഭ്യാസത്തിന്റെ പ്രയോജനങ്ങൾ
15, 16. യഹോവയുടെ സംഘടന ഏതുതരത്തിലുള്ള വിദ്യാഭ്യാസമാണ് പ്രദാനം ചെയ്യുന്നത്, എന്തു ലക്ഷ്യത്തിൽ?
15 ഈ ലോകത്തിലെ മിക്ക ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും നിലനിൽക്കുന്ന അന്തരീക്ഷം എങ്ങനെയുള്ളതാണ്? പലപ്പോഴും രാഷ്‌ട്രീയ-സാമൂഹിക കലാപങ്ങളുടെ വിളനിലമല്ലേ അവ? (എഫെ. 2:2) ഇതിനു വിപരീതമായി, ക്രിസ്‌തീയസഭയിലെ സമാധാനപരമായ അന്തരീക്ഷത്തിൽ ഏറ്റവും ശ്രേഷ്‌ഠമായ വിദ്യാഭ്യാസമാണ് യഹോവയുടെ സംഘടന പ്രദാനം ചെയ്യുന്നത്. വാരംതോറുമുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽനിന്നു പ്രയോജനം നേടാനുള്ള അവസരം നമുക്ക് ഓരോരുത്തർക്കുമുണ്ട്. പയനിയർ ദമ്പതികൾക്കും (ക്രിസ്‌തീയ ദമ്പതികൾക്കുള്ള ബൈബിൾ സ്‌കൂൾ) ഏകാകികളായ പയനിയർ സഹോദരന്മാർക്കും (ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾ സ്‌കൂൾ) വേണ്ടി പ്രത്യേകം സ്‌കൂളുകളുമുണ്ട്. നമ്മുടെ സ്വർഗീയയജമാനനായ യഹോവയെ അനുസരിക്കാൻ ഇത്തരം ദിവ്യാധിപത്യവിദ്യാഭ്യാസം നമ്മെ സഹായിക്കുന്നു.
16 അമൂല്യമായ ആത്മീയനിധികൾ കുഴിച്ചെടുക്കുന്നതിന് ഇംഗ്ലീഷിലുള്ള വാച്ച്‌ടവർ പ്രസിദ്ധീകരണ സൂചികയും വാച്ച്‌ടവർ ലൈബ്രറിയും നമുക്ക് ഉപയോഗിക്കാനാകും. യഹോവയെ ആരാധിക്കുക എന്ന ഏകലക്ഷ്യത്തിൽ കേന്ദ്രീകരിച്ചുള്ളതാണ് ഈ വിദ്യാഭ്യാസപ്രവർത്തനങ്ങളെല്ലാം. ദൈവവുമായി അനുരഞ്‌ജനത്തിലാകാൻ മറ്റുള്ളവരെ എങ്ങനെ സഹായിക്കാമെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. (2 കൊരി. 5:20) കാലക്രമത്തിൽ അവരും മറ്റുള്ളവരെ പഠിപ്പിക്കാൻ സജ്ജരാകും. —2 തിമൊ. 2:2.
അടിമയ്‌ക്കു ലഭിക്കുന്ന പ്രതിഫലം
17. ഉയരത്തിൽനിന്നുള്ള വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നതുകൊണ്ട് എന്തു പ്രയോജനങ്ങളാണുള്ളത്?
17 താലന്തുകളെക്കുറിച്ചുള്ള യേശുവിന്റെ ഉപമയിലെ വിശ്വസ്‌തരായ അടിമകളെ യജമാനൻ പ്രശംസിക്കുകയും അവർക്കു കൂടുതൽ ഉത്തരവാദിത്വം ഏല്‌പിച്ചുകൊടുക്കുകയും ചെയ്‌തു. അങ്ങനെ അവർ യജമാനന്റെ സന്തോഷത്തിൽ പങ്കുചേർന്നു. (മത്തായി 25:21, 23 വായിക്കുക.) ഇന്ന്, സന്തോഷവും അനുഗ്രഹങ്ങളും ലഭിക്കണമെങ്കിൽ നാം ഉയരത്തിൽനിന്നുള്ള വിദ്യാഭ്യാസം തിരഞ്ഞെടുക്കേണ്ടതുണ്ട്. മൈക്കിളിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. സ്‌കൂളിൽ നന്നായി പഠിക്കുമായിരുന്ന അവനോട് സർവകലാശാലാവിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളെക്കുറിച്ച് അധ്യാപകർ സംസാരിച്ചു. പക്ഷേ, അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൻ ഒരു ഹ്രസ്വകാല, തൊഴിലധിഷ്‌ഠിത കോഴ്‌സ് തിരഞ്ഞെടുത്തു. സാധാരണ പയനിയർ സേവനത്തെ പിന്തുണയ്‌ക്കുന്ന ഒരു തൊഴിൽ കണ്ടെത്താൻ അത് അവനെ സഹായിച്ചു. ഇപ്പോൾ മൈക്കിളിനു നഷ്ടബോധം തോന്നുന്നുണ്ടോ? അദ്ദേഹം പറയുന്നു: “ഒരു പയനിയറെന്ന നിലയിൽ എനിക്കു ലഭിച്ചതും ഒരു മൂപ്പനെന്ന നിലയിൽ ഇപ്പോൾ ലഭിക്കുന്നതും ആയ ദിവ്യാധിപത്യവിദ്യാഭ്യാസം വളരെ ശ്രേഷ്‌ഠമാണ്.” അദ്ദേഹം തുടരുന്നു: “എനിക്കു സമ്പാദിക്കാനാകുമായിരുന്ന പണത്തെക്കാൾ എത്രയോ അമൂല്യമാണ് ഞാൻ ആസ്വദിക്കുന്ന അനുഗ്രഹങ്ങളും പദവികളും. ഉന്നതവിദ്യാഭ്യാസത്തിന്റെ പിന്നാലെ പോകാഞ്ഞതിൽ ഞാൻ അതീവസന്തുഷ്ടനാണ്.”
18. ഉയരത്തിൽനിന്നുള്ള വിദ്യാഭ്യാസം തിരഞ്ഞെടുക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്?
18 ഉയരത്തിൽനിന്നുള്ള വിദ്യാഭ്യാസം, ദൈവത്തിന്റെ ഇഷ്ടം ചെയ്യാനും അവന്റെ അടിമകളായിരിക്കാനും നമ്മെ സഹായിക്കുന്നു. “ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രമാക്കപ്പെട്ട് ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” പ്രാപിക്കുക എന്ന അനന്യമായ പ്രത്യാശ അതു വെച്ചുനീട്ടുന്നു. (റോമ. 8:20) എല്ലാറ്റിലും ഉപരി, നമ്മുടെ സ്വർഗീയയജമാനനായ യഹോവയോടുള്ള ഉറ്റസ്‌നേഹം കാണിക്കാൻ ഉയരത്തിൽനിന്നുള്ള വിദ്യാഭ്യാസം നമ്മെ പഠിപ്പിക്കും.—പുറ. 21:5.