വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അർഥവത്തായ ഒരു പ്രാർഥനയിൽനിന്നുള്ള വിലയേറിയ പാഠങ്ങൾ

അർഥവത്തായ ഒരു പ്രാർഥനയിൽനിന്നുള്ള വിലയേറിയ പാഠങ്ങൾ

“നിന്റെ മഹത്വമുള്ള നാമം വാഴ്‌ത്തപ്പെടുമാറാകട്ടെ.”—നെഹെ. 9:5.

1. ദൈവജനത്തിന്റെ ഏതു കൂടിവരവിനെക്കുറിച്ചാണു നാം പഠിക്കാൻ പോകുന്നത്‌, അത്‌ ഏതു ചോദ്യങ്ങൾ ഉയർത്തുന്നു?

 “നിങ്ങൾ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്‌ത്തുവിൻ.” ഉദ്വേഗജനകമായ ഈ വാക്കുകളോടെ ദൈവത്തിന്റെ പുരാതനജനം ഒരു പ്രാർഥനയ്‌ക്കായി ഒരുമിച്ചുകൂടി. ബൈബിൾവിവരണങ്ങളിലെ സുദീർഘമായ പ്രാർഥനകളിലൊന്നാണ്‌ ഇത്‌. (നെഹെ. 9:4, 5) ബി.സി. 455-ൽ യഹൂദന്മാരുടെ ഏഴാം മാസമായ തിസ്രി 24-ന്‌ യെരുശലേമിലാണ്‌ അവർ കൂടിവന്നത്‌. ആ പ്രത്യേകദിവസത്തിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ചു പരിചിന്തിക്കവെ നിങ്ങളോടുതന്നെ ചോദിക്കുക: ‘ആ കൂടിവരവിനെ വിജയിപ്പിച്ചത്‌ എന്താണ്‌? അർഥവത്തായ ഈ പ്രാർഥനയിൽനിന്ന്‌ എനിക്ക്‌ എന്തെല്ലാം പഠിക്കാം?’—സങ്കീ. 141:2.

ഒരു പ്രത്യേകമാസം

2. യെരുശലേമിന്റെ മതിലുകൾ പുതുക്കിപ്പണിതശേഷം കൂടിവന്ന ഇസ്രായേല്യർ നമുക്കായി എന്തു മാതൃകയാണു കാഴ്‌ചവെച്ചത്‌?

2 മേൽപ്പറഞ്ഞ കൂടിവരവിന്‌ ഒരു മാസം മുമ്പ്‌ യെരുശലേമിന്റെ മതിലുകളുടെ പുനർനിർമാണം യഹൂദന്മാർ പൂർത്തിയാക്കിയിരുന്നു. (നെഹെ. 6:15) 52 ദിവസംകൊണ്ടാണ്‌ അവർ അതു ചെയ്‌തത്‌. അതിനു ശേഷം ഉടൻതന്നെ ദൈവജനം തങ്ങളുടെ ആത്മീയാവശ്യങ്ങൾക്കു പ്രത്യേകശ്രദ്ധ കൊടുക്കാൻതുടങ്ങി. തിസ്രിമാസം ഒന്നാം തീയതി അവർ മറ്റു ലേവ്യരോടൊപ്പം നീർവാതിലിന്റെ മുമ്പിലുള്ള വിശാലസ്ഥലത്തു കൂടിവന്നു. എസ്രാ ദൈവത്തിന്റെ ന്യായപ്രമാണം ഉച്ചത്തിൽ വായിക്കുകയും വിശദീകരിക്കുകയും ചെയ്‌തു. “ഗ്രഹിപ്പാൻ പ്രാപ്‌തിയുള്ള എല്ലാവരും” ഉൾപ്പെടെ മുഴുകുടുംബങ്ങളും “രാവിലെ തുടങ്ങി ഉച്ചവരെ” നിന്നുകൊണ്ട്‌ അതു കേട്ടു. ഇന്ന്‌ സൗകര്യപ്രദമായ രാജ്യഹാളിൽ യോഗങ്ങൾക്കായി കൂടിവരുന്ന നമുക്ക്‌ എത്ര നല്ല മാതൃക! അത്തരം അവസരങ്ങളിൽ, പ്രാധാന്യം കുറഞ്ഞ കാര്യങ്ങളെക്കുറിച്ചു ചിന്തിച്ച്‌ നിങ്ങളുടെ മനസ്സ്‌ അലഞ്ഞുതിരിയാറുണ്ടോ? അങ്ങനെയെങ്കിൽ ഇസ്രായേല്യരെക്കുറിച്ചു ചിന്തിക്കുക. അവർ കേൾക്കുക മാത്രമല്ല കേട്ട കാര്യങ്ങൾ അവരുടെ ഹൃദയത്തെ സ്‌പർശിച്ചു; ഒരു ജനമെന്ന നിലയിൽ ന്യായപ്രമാണം അനുസരിക്കാൻ പരാജയപ്പെട്ടത്‌ ഓർത്ത്‌ അതിദുഃഖത്തോടെ കരയുകയും ചെയ്‌തു.—നെഹെ. 8:1-9.

3. ഏതു നിർദേശമാണ്‌ ഇസ്രായേല്യർ അനുസരിച്ചത്‌?

3 എന്നിരുന്നാലും തങ്ങളുടെ പാപങ്ങളെപ്രതി പരസ്യമായി അനുതപിക്കാനുള്ള ഒരു സമയമായിരുന്നില്ല അത്‌; ഒരു ഉത്സവനാളായിരുന്നതിനാൽ യഹോവയെ ആരാധിക്കുന്നതിൽ സന്തോഷം കണ്ടെത്തേണ്ട സമയമായിരുന്നു. (സംഖ്യാ. 29:1) അതുകൊണ്ട്‌ നെഹെമ്യാവ്‌ ജനത്തോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ചെന്നു മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിച്ചു തങ്ങൾക്കായി വട്ടംകൂട്ടീട്ടില്ലാത്തവർക്കു പകർച്ച കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിന്നു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ.” സന്തോഷകരമെന്നു പറയട്ടെ, ജനം അനുസരിക്കുകയും ആ ദിവസം അവർ “അത്യന്തം സന്തോഷിക്കുകയും ചെയ്‌തു.”—നെഹെ. 8:10-12.

4. ഇസ്രായേല്യകുടുംബത്തലവന്മാർ എന്തു ചെയ്‌തു, കൂടാരപ്പെരുന്നാളിന്റെ ഏതു പ്രധാനസവിശേഷതയാണ്‌ അവർ കണ്ടെത്തിയത്‌?

4 ഒരു ജനമെന്ന നിലയിൽ ന്യായപ്രമാണം എങ്ങനെ തികവോടെ അനുസരിക്കാമെന്നു പരിശോധിക്കാനായി തൊട്ടടുത്ത ദിവസംതന്നെ കുടുംബത്തലവന്മാർ ഒരുമിച്ചുകൂടി. തിരുവെഴുത്തുകൾ പരിശോധിച്ചപ്പോൾ, ഏഴാം മാസമായ തിസ്രി 15 മുതൽ കൂടാരപ്പെരുന്നാൾ ആഘോഷിക്കേണ്ടതാണെന്നും അവസാനദിവസമായ 22-ന്‌ ഭക്തിനിർഭരമായ ഒരു കൂടിവരവോടെ അത്‌ അവസാനിക്കേണ്ടതാണെന്നും അവർ കണ്ടെത്തി. ഉടൻതന്നെ ജനം അതിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്‌തു. യോശുവയുടെ കാലത്തിനു ശേഷം നടത്തിയ ഏറ്റവും വിജയകരമായ കൂടാരപ്പെരുന്നാളായിരുന്നു അത്‌. “ഏറ്റവും വലിയ സന്തോഷ”ത്തിന്‌ അത്‌ ഇടയാക്കി. “ആദ്യദിവസം മുതൽ അവസാനദിവസംവരെ” ന്യായപ്രമാണം “ദിവസേന” പരസ്യമായി വായിക്കുന്നതായിരുന്നു ഈ ഉത്സവത്തിന്റെ ഒരു പ്രധാനസവിശേഷത.—നെഹെ. 8:13-18.

ഏറ്റുപറച്ചിലിന്റെ ഒരു ദിവസം

5. ലേവ്യരുടെ പ്രാർഥനയ്‌ക്കു തൊട്ടുമുമ്പ്‌ ജനം എന്തു ചെയ്‌തു?

5 ന്യായപ്രമാണം അനുസരിക്കുന്നതിൽ പരാജയപ്പെട്ട ഇസ്രായേല്യർക്കു തങ്ങളുടെ പാപങ്ങൾ ഏറ്റുപറയുന്നതിന്‌ കൂടാരപ്പെരുന്നാളിനു രണ്ടു ദിവസങ്ങൾക്കു ശേഷം അവസരം ലഭിച്ചു. അത്‌ തിന്നുകുടിച്ച്‌ സന്തോഷിക്കാനുള്ള ഒരു സമയമായിരുന്നില്ല. അതുകൊണ്ട്‌ ദൈവജനം ഉപവസിക്കുകയും അനുതാപത്തിന്റെ തെളിവെന്ന നിലയിൽ രട്ട്‌ ഉടുക്കുകയും ചെയ്‌തു. രാവിലെ മൂന്നു മണിക്കൂറോളം ന്യായപ്രമാണം വീണ്ടും വായിച്ചുകേട്ടു. ഉച്ച കഴിഞ്ഞപ്പോൾ അവർ ‘പാപങ്ങൾ ഏറ്റുപറഞ്ഞ്‌ തങ്ങളുടെ ദൈവമായ യഹോവയെ നമസ്‌കരിച്ചു.’ അപ്പോൾ ലേവ്യർ ജനത്തിനുവേണ്ടി അർഥവത്തായ ഒരു പ്രാർഥന നടത്തി. —നെഹെ. 9:1-4.

6. അർഥവത്തായ പ്രാർഥന നടത്താൻ ലേവ്യരെ സഹായിച്ചത്‌ എന്താണ്‌, അതു നമ്മെ എന്തു പഠിപ്പിക്കുന്നു?

6 ന്യായപ്രമാണം പതിവായി വായിച്ചതാണ്‌ അർഥവത്തായ ഈ പ്രാർഥന നടത്താൻ ലേവ്യരെ സഹായിച്ചത്‌ എന്നതിനു സംശയമില്ല. പ്രാർഥനയുടെ ആദ്യഭാഗത്ത്‌ അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്‌ യഹോവയുടെ ഗുണങ്ങളിലും പ്രവർത്തനങ്ങളിലും ആയിരുന്നു. ശേഷിച്ച ഭാഗത്ത്‌, ഇസ്രായേല്യർക്കു യാതൊരു അർഹതയും ഇല്ലാതിരുന്നിട്ടും യഹോവ അവരോടു കാണിച്ച ‘മഹാകരുണയെക്കുറിച്ച്‌’ ആവർത്തിച്ച്‌ പറയുന്നു. (നെഹെ. 9:19, 27, 28, 31) ലേവ്യരുടേതുപോലെ നമ്മുടെ പ്രാർഥനകളും ജീവസ്സുറ്റതും അർഥവത്തും ആയിത്തീരണമെങ്കിൽ ദിവസേന നാം ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും വേണം. ദീർഘമായ പ്രാർഥനകൾ നടത്തുന്നതിനു മുമ്പ്‌ അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മോടു സംസാരിക്കാൻ ദൈവത്തെ അനുവദിക്കുകയായിരിക്കും നാം.—സങ്കീ. 1:1, 2.

7. ലേവ്യരുടെ അഭ്യർഥന എന്തായിരുന്നു, നമുക്ക്‌ അതിൽനിന്ന്‌ എന്തു പഠിക്കാം?

7 ഒരു അഭ്യർഥന മാത്രമേ അവർ ആ പ്രാർഥനയിൽ ഉൾപ്പെടുത്തിയുള്ളൂ, അതും അവസാനഭാഗത്ത്‌. വിനീതമായ ആ അഭ്യർഥന നെഹെമ്യാവു 9:32-ൽ കാണാം. അവിടെ ഇങ്ങനെ പറയുന്നു: “ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂർരാജാക്കന്മാരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങൾക്കും ഞങ്ങളുടെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ഞങ്ങളുടെ പിതാക്കന്മാർക്കും നിന്റെ സർവ്വജനത്തിന്നും നേരിട്ട കഷ്ടങ്ങളൊക്കെയും നിനക്കു ലഘുവായി തോന്നരുതേ.” വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നതിനു മുമ്പുതന്നെ യഹോവയെ സ്‌തുതിക്കുകയും അവനു നന്ദി കൊടുക്കുകയും ചെയ്യേണ്ടതുണ്ടെന്ന്‌ ലേവ്യരുടെ ഈ മാതൃക നമ്മെ പഠിപ്പിക്കുന്നു.

ദൈവത്തിന്റെ മഹനീയനാമം സ്‌തുതിക്കൽ

8, 9. (എ) ഏത്‌ എളിയ വാക്കുകളോടെയാണു ലേവ്യർ തങ്ങളുടെ പ്രാർഥന ആരംഭിച്ചത്‌? (ബി) ലേവ്യർ പരാമർശിച്ച രണ്ടു സ്വർഗീയസൈന്യങ്ങൾ ഏവ?

8 ലേവ്യരുടെ പ്രാർഥന വളരെ അർഥവത്തായിരുന്നു. എങ്കിലും അവർ താഴ്‌മയുള്ളവരായിരുന്നതിനാൽ, യഹോവ അർഹിക്കുന്ന സ്‌തുതി തങ്ങളുടെ വാക്കുകളാൽ പൂർണമായും പ്രകടിപ്പിക്കാനാകില്ലെന്ന്‌ അവർക്കു തോന്നി. അതുകൊണ്ട്‌, ദൈവജനത്തെ ഉൾപ്പെടുത്തിക്കൊണ്ട്‌ ഈ എളിയ വാക്കുകളോടെ പ്രാർഥന തുടങ്ങി: “സകലപ്രശംസയ്‌ക്കും സ്‌തുതിക്കും മീതെ ഉയർന്നിരിക്കുന്ന നിന്റെ മഹത്വമുള്ള നാമം വാഴ്‌ത്തപ്പെടുമാറാകട്ടെ.”—നെഹെ. 9:5.

9 പ്രാർഥന ഇങ്ങനെ തുടർന്നു: “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗാധിസ്വർഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്‌കരിക്കുന്നു.” (നെഹെ. 9:6) അതെ, മുഴുപ്രപഞ്ചത്തെയും ആകാശത്തിലെ സൈന്യമായ എണ്ണമറ്റ താരാപംക്തികളെയും സൃഷ്ടിച്ചത്‌ യഹോവയാണ്‌. വ്യത്യസ്‌തതരം ജീവജാലങ്ങളെ അവയുടെ തരം അനുസരിച്ച്‌ പ്രത്യുത്‌പാദനം നടത്താനുള്ള അത്ഭുതകരമായ പ്രാപ്‌തിയോടെ ദൈവം സൃഷ്ടിച്ചിരിക്കുന്നു. ഇവയെയെല്ലാം പോറ്റിപ്പുലർത്താനുള്ള കഴിവും നമ്മുടെ മനോഹരമായ ഗ്രഹത്തിനുണ്ട്‌. ഈ സൃഷ്ടിക്രിയകൾക്കെല്ലാം സാക്ഷ്യം വഹിച്ച ദൈവത്തിന്റെ ദൂതന്മാരെയും “സ്വർഗത്തിലെ സൈന്യം” എന്നു വിളിച്ചിരിക്കുന്നു. (1 രാജാ. 22:19; ഇയ്യോ. 38:4, 7) “രക്ഷ പ്രാപിക്കാനുള്ള” പാപികളായ മനുഷ്യരെ ശുശ്രൂഷിച്ചുകൊണ്ട്‌ അവർ താഴ്‌മയോടെ ദൈവഹിതം ചെയ്യുന്നു. (എബ്രാ. 1:14) സുസംഘടിതമായ ഒരു സൈന്യത്തെപ്പോലെ ഐക്യത്തിൽ യഹോവയെ സേവിക്കുന്ന നമുക്ക്‌ ഈ ദൂതന്മാർ എത്ര ശ്രേഷ്‌ഠമായ മാതൃകയാണു വെച്ചിരിക്കുന്നത്‌!—1 കൊരി. 14:33, 40.

10. അബ്രാഹാമുമായുള്ള ദൈവത്തിന്റെ ഇടപെടലുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

10 അടുത്തതായി ലേവ്യർ തങ്ങളുടെ പ്രാർഥനയിൽ, അബ്രാമുമായുള്ള ദൈവത്തിന്റെ ഇടപെടലുകളെക്കുറിച്ചു പരാമർശിച്ചു. 99 വയസ്സായിട്ടും അബ്രാമിന്‌ തന്റെ ഭാര്യ സാറായിയിലൂടെ ഒരു കുട്ടി ജനിച്ചിരുന്നില്ല, അവൾ വന്ധ്യയായിരുന്നു. അങ്ങനെയിരിക്കെയാണ്‌ ‘ബഹുജാതികൾക്കു പിതാവ്‌’ എന്ന്‌ അർഥം വരുന്ന അബ്രാഹാം എന്ന പേര്‌ യഹോവ അവനു നൽകിയത്‌. (ഉല്‌പ. 17:1-6, 15, 16) കൂടാതെ അബ്രാഹാമിന്റെ സന്തതി കനാൻദേശം അവകാശമാക്കുമെന്നും വാഗ്‌ദാനം ചെയ്‌തു. മനുഷ്യർ തങ്ങളുടെ വാഗ്‌ദാനങ്ങൾ മിക്കപ്പോഴും മറന്നുപോകും. എന്നാൽ യഹോവ അങ്ങനെയല്ല. ലേവ്യർ തങ്ങളുടെ പ്രാർഥനയിൽ ഇങ്ങനെ വിവരിക്കുന്നു: “അബ്രാമിനെ തിരഞ്ഞെടുത്തു അവനെ കൽദയപട്ടണമായ ഊരിൽനിന്നു കൊണ്ടുവന്നു അവന്നു അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ നീ തന്നേ. നീ അവന്റെ ഹൃദയം നിന്റെ മുമ്പാകെ വിശ്വസ്‌തമായി കണ്ടു; . . . (കനാന്യരുടെ) ദേശം കൊടുക്കും, അവന്റെ സന്തതിക്കു തന്നേ കൊടുക്കും എന്നു നീ അവനോടു ഒരു നിയമം ചെയ്‌തു; നീ നീതിമാനായിരിക്കയാൽ നിന്റെ വചനങ്ങളെ നിവർത്തിച്ചുമിരിക്കുന്നു.” (നെഹെ. 9:7, 8) എല്ലായ്‌പോഴും വാക്കു പാലിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട്‌ നീതിയുള്ള ദൈവത്തെ നാം അനുകരിക്കേണ്ടതല്ലേ?—മത്താ. 5:37.

യഹോവയുടെ മഹത്തായ പ്രവൃത്തികളെ വർണിക്കുന്നു

11, 12. യഹോവയുടെ പേരിന്റെ അർഥവും അബ്രാഹാമിന്റെ പിൻഗാമികളുമായുള്ള ഇടപെടലുകളിൽ യഹോവ ഈ അർഥത്തിനു ചേർച്ചയിൽ എങ്ങനെ പ്രവർത്തിച്ചുവെന്നും വിശദീകരിക്കുക.

11 യഹോവ എന്ന പേരിന്റെ അർഥം ‘ആയിത്തീരാൻ അവൻ ഇടയാക്കുന്നു’ എന്നാണ്‌. തന്റെ വാഗ്‌ദാനങ്ങൾ പാലിക്കാൻവേണ്ടി യഹോവ പ്രവർത്തിക്കും എന്നാണ്‌ അതിന്റെ അർഥം. അബ്രാഹാമിന്റെ പിൻഗാമികൾ ഈജിപ്‌തിൽ അടിമകളായിരുന്നപ്പോൾ യഹോവ ഇടപെട്ട വിധത്തിൽനിന്ന്‌ ഇതു വ്യക്തമാണ്‌. ആ മുഴുജനതയും സ്വതന്ത്രരായി വാഗ്‌ദത്തദേശത്ത്‌ താമസമുറപ്പിക്കും എന്നതു തീർത്തും അസാധ്യമായി അവർക്കു തോന്നി. എന്നാൽ ക്രമാനുഗതമായി യഹോവ തന്റെ വാഗ്‌ദാനം നിവർത്തിച്ചു. അങ്ങനെ അതുല്യവും ഉത്‌കൃഷ്ടവും ആയ ആ പേരിന്‌ അർഹൻ താൻ മാത്രമാണെന്ന്‌ യഹോവ തെളിയിച്ചു.

12 നെഹെമ്യാവ്‌ രേഖപ്പെടുത്തിയ ആ പ്രാർഥനയിൽ യഹോവയെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “മിസ്രയീമിൽ ഞങ്ങളുടെ പിതാക്കന്മാരുടെ പീഡയെ നീ കാൺകയും ചെങ്കടലിന്റെ അരികെവെച്ചു അവരുടെ നിലവിളിയെ കേൾക്കയും ഫറവോനിലും അവന്റെ സകലദാസന്മാരിലും അവന്റെ ദേശത്തിലെ സകലജനത്തിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കയും ചെയ്‌തു; അവർ അവരോടു ഡംഭം കാണിച്ചതു നീ അറിഞ്ഞിരുന്നുവല്ലോ; അങ്ങനെ ഇന്നും ഉള്ളതുപോലെ നീ നിനക്കു ഒരു നാമം സമ്പാദിച്ചിരിക്കുന്നു. നീ കടലിനെ അവരുടെ മുമ്പിൽ വിഭാഗിച്ചു; അവർ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നു; അവരെ പിന്തുടർന്നവരെ നീ പെരുവെള്ളത്തിൽ ഒരു കല്ലുപോലെ ആഴത്തിൽ എറിഞ്ഞുകളഞ്ഞു.” യഹോവ തന്റെ ജനത്തിനുവേണ്ടി കൂടുതലായ എന്തൊക്കെ ചെയ്‌തെന്നു പ്രാർഥനയിൽ തുടർന്നു വ്യക്തമാക്കി: “ദേശനിവാസികളായ കനാന്യരെ നീ അവർക്കു കീഴടക്കി. . . . അവർ ഉറപ്പുള്ള പട്ടണങ്ങളും പുഷ്ടിയുള്ള ദേശവും പിടിച്ചു എല്ലാ നല്ല വസ്‌തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി; അവർ തിന്നു തൃപ്‌തിപ്പെട്ടു പുഷ്ടിയുള്ളവരായി നിന്റെ വലിയ നന്മയിൽ സുഖിച്ചുകൊണ്ടിരുന്നു.”—നെഹെ. 9:9-11, 24, 25.

13. യഹോവ എങ്ങനെയാണ്‌ ഇസ്രായേല്യരുടെ ആത്മീയാവശ്യങ്ങൾക്കായി കരുതിയത്‌, ജനം എങ്ങനെ പ്രതികരിച്ചു?

13 തന്റെ ഉദ്ദേശ്യം പൂർത്തീകരിക്കുന്നതിനുവേണ്ടി യഹോവ ക്രമാനുഗതമായ മറ്റു പല നടപടികളും സ്വീകരിച്ചു. ഉദാഹരണത്തിന്‌, ഈജിപ്‌തിൽനിന്നു വിടുവിച്ച ഉടൻതന്നെ അവൻ ഇസ്രായേല്യരുടെ ആത്മീയാവശ്യങ്ങൾക്കായി കരുതി. പ്രാർഥനയിൽ ലേവ്യർ ഇങ്ങനെ ഓർമിക്കുന്നു: “നീ സീനായിമലമേൽ ഇറങ്ങി ആകാശത്തുനിന്നു അവരോടു സംസാരിച്ച്‌ അവർക്കു ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്‌പനകളും കൊടുത്തു.” (നെഹെ. 9:13) അതെ, വാഗ്‌ദത്തദേശത്തിന്റെ അവകാശികളാകാൻപോകുന്ന അവർ തന്റെ വിശുദ്ധനാമം വഹിക്കേണ്ടവരായിരുന്നു. അതുകൊണ്ട്‌, യഹോവ അവരെ പഠിപ്പിച്ചു. എന്നാൽ, യഹോവ പഠിപ്പിച്ച കാര്യങ്ങളെല്ലാം അവർ മറന്നുകളഞ്ഞു.നെഹെമ്യാവു 9:16-18 വായിക്കുക.

ശിക്ഷണത്തിന്റെ ആവശ്യം

14, 15. (എ) പാപികളായ തന്റെ ജനത്തോട്‌ യഹോവ കരുണയോടെ ഇടപെട്ടത്‌ എങ്ങനെ? (ബി) തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ഇടപെടലുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

14 ന്യായപ്രമാണം അനുസരിച്ചുകൊള്ളാമെന്ന്‌ ഇസ്രായേല്യർ സീനായ്‌ പർവതത്തിൽവെച്ച്‌ ദൈവത്തിനു വാക്കു കൊടുത്ത ഉടൻതന്നെ അവർ ചെയ്‌ത രണ്ടു പാപങ്ങളെക്കുറിച്ചു ലേവ്യരുടെ പ്രാർഥനയിൽ പറയുന്നു. ചെയ്‌ത തെറ്റുകളെപ്രതി മരുഭൂമിയിൽവെച്ച്‌ നശിച്ചുപോകേണ്ടവരായിരുന്നു അവർ. എന്നാൽ, പ്രാർഥനയിൽ യഹോവയെ സ്‌തുതിച്ചുകൊണ്ട്‌ ലേവ്യർ പറഞ്ഞതു ശ്രദ്ധിക്കുക: “നീ നിന്റെ മഹാകരുണ നിമിത്തം അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; . . . ഇങ്ങനെ നീ അവരെ നാല്‌പതു സംവത്സരം . . . പുലർത്തി: അവർക്കു ഒന്നും കുറവുണ്ടായില്ല; അവരുടെ വസ്‌ത്രം പഴകിയില്ല, അവരുടെ കാൽ വീങ്ങിയതുമില്ല.” (നെഹെ. 9:19, 21) ഇന്നും യഹോവയെ വിശ്വസ്‌തമായി സേവിക്കാൻ വേണ്ടതെല്ലാം അവൻ പ്രദാനം ചെയ്‌തിരിക്കുന്നു. അതുകൊണ്ട്‌, അനുസരണക്കേടും അവിശ്വസ്‌തതയും നിമിത്തം മരുഭൂമിയിൽവെച്ചു മരിച്ചുപോയ ആയിരക്കണക്കിന്‌ ഇസ്രായേല്യരെപ്പോലെയാകരുത്‌ നാം. വാസ്‌തവത്തിൽ, “യുഗങ്ങളുടെ അവസാനത്തിങ്കൽ വന്നെത്തിയിരിക്കുന്ന നമുക്ക്‌ മുന്നറിയിപ്പിനായി” ഈ കാര്യങ്ങൾ എഴുതിവെച്ചിരിക്കുന്നു.—1 കൊരി. 10:1-11.

15 ദുഃഖകരമെന്നു പറയട്ടെ, വാഗ്‌ദത്തദേശം അവകാശമാക്കിയശേഷം ഹിംസാത്മകവും ഭോഗാസക്തി നിറഞ്ഞതും ആയ കനാന്യരുടെ ആരാധന ഇസ്രായേല്യർ സ്വീകരിച്ചു. അതുകൊണ്ട്‌, തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയെ കീഴ്‌പെടുത്താൻ അയൽരാജ്യങ്ങളെ യഹോവ അനുവദിച്ചു. എന്നാൽ ഇസ്രായേല്യർ അനുതപിച്ചപ്പോൾ യഹോവ കരുണാപൂർവം അവരോടു ക്ഷമിക്കുകയും ശത്രുക്കളുടെ കൈകളിൽനിന്ന്‌ അവരെ രക്ഷിക്കുകയും ചെയ്‌തു. “പലപ്രാവശ്യം” ഇത്‌ ആവർത്തിച്ചു. (നെഹെമ്യാവു 9:26-28, 31 വായിക്കുക.) ലേവ്യർ ഇങ്ങനെ സമ്മതിച്ചുപറയുന്നു: “നീ ഏറിയ സംവത്സരം അവരോടു ക്ഷമിച്ചു നിന്റെ ആത്മാവിനാൽ നിന്റെ പ്രവാചകന്മാർ മുഖാന്തരം അവരോടു സാക്ഷീകരിച്ചു; എന്നാൽ അവർ ശ്രദ്ധിച്ചില്ല; അതുകൊണ്ടു നീ അവരെ ദേശത്തെ ജാതികളുടെ കയ്യിൽ ഏല്‌പിച്ചുകൊടുത്തു.”—നെഹെ. 9:30.

16, 17. (എ) ഇസ്രായേല്യർ അനുസരണക്കേടിന്റെ പാത പിന്തുടർന്നപ്പോൾ ഫലം എന്തായിരുന്നു? (ബി) ഇസ്രായേല്യർ എന്തു സമ്മതിച്ചുപറഞ്ഞു, എന്തു വാക്കു കൊടുത്തു?

16 പ്രവാസത്തിനു ശേഷം മടങ്ങിവന്ന ഇസ്രായേല്യർ വീണ്ടും അനുസരണക്കേടിന്റെ അതേ പാത പിന്തുടർന്നു. എന്തായിരുന്നു അതിന്റെ ഫലം? ലേവ്യർ പ്രാർഥനയിൽ തുടരുന്നു: “ഇതാ, ഞങ്ങൾ ഇന്നു ദാസന്മാർ, നീ ഞങ്ങളുടെ പിതാക്കന്മാർക്കു ഫലവും ഗുണവും അനുഭവിപ്പാൻ കൊടുത്ത ഈ ദേശത്തു തന്നേ ഇതാ, ഞങ്ങൾ ദാസന്മാരായിരിക്കുന്നു. ഞങ്ങളുടെ പാപങ്ങൾ നിമിത്തം നീ ഞങ്ങളുടെ മേൽ ആക്കിയിരിക്കുന്ന രാജാക്കന്മാർക്കു അതു വളരെ അനുഭവം കൊടുക്കുന്നു; . . . ഞങ്ങൾ വലിയ കഷ്ടത്തിലും ആയിരിക്കുന്നു.” അതെ, യഹോവ നൽകിയ വാഗ്‌ദത്തദേശത്തുതന്നെ അവർ അടിമകളായിക്കഴിയേണ്ടിവന്നു.—നെഹെ. 9:36, 37.

17 കഷ്ടപ്പാട്‌ അനുവദിച്ചതുകൊണ്ട്‌ ദൈവം അനീതിയുള്ളവനാണെന്നു ലേവ്യർ ചിന്തിച്ചോ? ഒരിക്കലുമില്ല. ലേവ്യർ സമ്മതിച്ചുപറയുന്നു: “ഞങ്ങൾക്കു ഭവിച്ചതിൽ ഒക്കെയും നീ നീതിമാൻ തന്നേ; നീ വിശ്വസ്‌തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു.” (നെഹെ. 9:33) ഒരു ജനതയെന്ന നിലയിൽ ഇനി ന്യായപ്രമാണം അനുസരിച്ചുകൊള്ളാം എന്നു വാക്കു കൊടുത്തുകൊണ്ടാണ്‌ ഈ നിസ്സ്വാർഥമായ പ്രാർഥന അവസാനിപ്പിച്ചത്‌. (നെഹെമ്യാവു 9:38 വായിക്കുക; 10:29) ഇത്‌ ഒരു പ്രമാണമായി എഴുതിവെച്ച്‌ അതിൽ 84 യഹൂദനേതാക്കൾ ഒപ്പിട്ടു.—നെഹെ. 10:1-27.

18, 19. (എ) ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക്‌ അതിജീവിക്കണമെങ്കിൽ നാം എന്തു ചെയ്യണം? (ബി) എന്തിനുവേണ്ടി പ്രാർഥിക്കുന്നത്‌ നാം നിറുത്തരുത്‌, എന്തുകൊണ്ട്‌?

18 ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിലേക്ക്‌ അതിജീവിക്കണമെങ്കിൽ നമുക്കും യഹോവയിൽനിന്നുള്ള ശിക്ഷണം ആവശ്യമാണ്‌. “അപ്പൻ ശിക്ഷിക്കാത്ത ഏതു മകനാണുള്ളത്‌?” എന്ന്‌ അപ്പൊസ്‌തലനായ പൗലോസ്‌ ചോദിച്ചു. (എബ്രാ. 12:7) വിശ്വസ്‌തതയോടെ ദൈവസേവനത്തിൽ തുടർന്നുകൊണ്ടും നമ്മെ നയിക്കാൻ ദൈവാത്മാവിനെ അനുവദിച്ചുകൊണ്ടും അവന്റെ വഴിനടത്തിപ്പിനു കീഴ്‌പെടുന്നെന്നു നമുക്കു തെളിയിക്കാം. നാം ഗുരുതരമായ ഒരു പാപം ചെയ്‌തിട്ടുണ്ടെങ്കിൽ, ആത്മാർഥമായി അനുതപിക്കുകയും താഴ്‌മയോടെ ശിക്ഷണം സ്വീകരിക്കുകയും ചെയ്‌താൽ യഹോവ തീർച്ചയായും നമ്മോടു ക്ഷമിക്കും.

19 ഇസ്രായേല്യരെ ഈജിപ്‌തിൽനിന്നു വിടുവിച്ചതിനെക്കാൾ മഹത്തായ അത്ഭുതകാര്യങ്ങൾ അവൻ പെട്ടെന്നുതന്നെ ചെയ്യുമ്പോൾ സകലരും അത്‌ അറിയും. അപ്പോൾ അവന്റെ നാമം എന്നത്തേതിലും ഉന്നതമായിത്തീരും! (യെഹെ. 38:23) ദൈവത്തിന്റെ പുരാതനജനം വാഗ്‌ദത്തദേശം അവകാശമാക്കിയതുപോലെ യഹോവയെ വിശ്വസ്‌തമായി ആരാധിക്കുന്ന എല്ലാ ക്രിസ്‌ത്യാനികളും ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകം അവകാശമാക്കുകതന്നെ ചെയ്യും. (2 പത്രോ. 3:13) അത്ഭുതകരമായ ആ നിമിഷം അടുത്തിരിക്കവെ യഹോവയുടെ മഹനീയനാമത്തിന്റെ വിശുദ്ധീകരണത്തിനായി പ്രാർഥിക്കുന്നതിൽ നാം മുടക്കം വരുത്തരുത്‌. ഇപ്പോളും ഭാവിയിലും ദൈവത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കണമെങ്കിൽ നാം ബാധകമാക്കേണ്ട മറ്റൊരു പ്രാർഥനയെക്കുറിച്ച്‌ അടുത്ത ലേഖനത്തിൽ പരിചിന്തിക്കും.