വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറ്റുള്ളവരെ നമുക്ക്‌ സഹായിക്കാൻ കഴിയുന്ന വിധങ്ങൾ

മറ്റുള്ളവരെ നമുക്ക്‌ സഹായിക്കാൻ കഴിയുന്ന വിധങ്ങൾ

“ഒരു വികസ്വരരാജ്യത്ത്‌ തെരഞ്ഞെടുപ്പിനെത്തുടർന്ന്‌ അക്രമം പൊട്ടിപ്പുറപ്പെട്ടു. ആയിരക്കണക്കിന്‌ യഹോവയുടെ സാക്ഷികൾക്ക്‌ വീടുകൾ ഉപേക്ഷിച്ച്‌ പലായനം ചെയ്യേണ്ടിവന്നു.” അവിടെയുള്ള ഒരു മൂപ്പനായ ഫ്രാസ്വോ അനുസ്‌മരിക്കുന്നു. “ഭക്ഷണവും മരുന്നും ദുർലഭമായി, ഉള്ളതിനാകട്ടെ തീപിടിച്ച വിലയും. ബാങ്കുകൾ അടഞ്ഞുകിടന്നു, എടിഎം യന്ത്രങ്ങൾ കാലിയാകുകയോ നിലച്ചുപോകുകയോ ചെയ്‌തു.”

രാജ്യമെമ്പാടുമുള്ള രാജ്യഹാളുകളിൽ അഭയംപ്രാപിച്ച സാക്ഷികൾക്ക്‌ വേണ്ട അവശ്യവസ്‌തുക്കളും പണവും എത്തിച്ചുകൊടുക്കാൻ ബ്രാഞ്ച്‌ ഓഫീസിലെ സഹോദരങ്ങൾ ഉടനടി ക്രമീകരണങ്ങൾ ചെയ്‌തുതുടങ്ങി. എതിർപക്ഷങ്ങൾ റോഡുകൾ ഉപരോധിച്ചു. എങ്കിലും, സാക്ഷികൾ കർശനമായ നിഷ്‌പക്ഷത പാലിക്കുന്നവരാണെന്ന്‌ ഇരുപക്ഷങ്ങൾക്കും അറിയാമായിരുന്നതിനാൽ ബ്രാഞ്ച്‌ ഓഫീസിന്റെ വാഹനങ്ങൾ സാധാരണയായി കടത്തിവിടുമായിരുന്നു.

ഫ്രാസ്വോ പറയുന്നു: “ഒരു രാജ്യഹാളിലേക്കു പോകുംവഴി ഒളിപ്പോരാളികൾ ഞങ്ങളുടെ വാഹനത്തിന്‌ നേരെ നിറയൊഴിച്ചു. പക്ഷേ, വെടിയുണ്ടകൾ ഞങ്ങൾക്കിടയിലൂടെ പോയതേ ഉള്ളൂ. ഒരു പട്ടാളക്കാരൻ കൈയിൽ ആയുധവുമായി ഓടിയടുക്കുന്നത്‌ കണ്ട്‌ ഞങ്ങൾ നിമിഷനേരംകൊണ്ട്‌ വാൻ പിന്നോട്ടെടുത്ത്‌ വെട്ടിത്തിരിച്ച്‌ തിരികെ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ പാഞ്ഞു. ജീവൻ തിരിച്ചുകിട്ടിയതിന്‌ ഞങ്ങൾ യഹോവയോട്‌ നന്ദിപറഞ്ഞു. പിറ്റേന്ന്‌ ആ രാജ്യഹാളിലുണ്ടായിരുന്ന 130 സഹോദരങ്ങളും സുരക്ഷിതസ്ഥാനങ്ങളിലേക്ക്‌ മാറി. ചിലർ ബ്രാഞ്ച്‌ ഓഫീസിലും എത്തി. സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ ഞങ്ങൾ അവരുടെ ആത്മീയവും ഭൗതികവും ആയ ആവശ്യങ്ങൾ നിറവേറ്റി.”

“ബ്രാഞ്ച്‌ ഓഫീസിന്‌ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌ രാജ്യമെങ്ങുനിന്നും ധാരാളം കത്തുകൾ പ്രവഹിച്ചു. മറ്റു സ്ഥലങ്ങളിലുള്ള സഹോദരങ്ങൾ സഹായവുമായെത്തിയത്‌ ദുരിതബാധിതരായ സഹോദരങ്ങൾക്ക്‌ യഹോവയിലുള്ള അവരുടെ ആശ്രയവും വിശ്വാസവും വർധിക്കാൻ ഇടയാക്കി,” ഫ്രാസ്വോ ഓർമിക്കുന്നു.

പ്രകൃതിദുരന്തങ്ങളോ മനുഷ്യൻ വരുത്തിവെക്കുന്ന ദുരിതങ്ങളോ സഹോദരങ്ങളെ ബാധിക്കുമ്പോൾ നാം അവരോട്‌ ‘“സമാധാനത്തോടെ പോയി തീ കായുക; ഭക്ഷിച്ചു തൃപ്‌തരാകുക”’ എന്നു കേവലം പറഞ്ഞിട്ട്‌ പോരുകയല്ല ചെയ്യുന്നത്‌. (യാക്കോ. 2:15, 16) മറിച്ച്‌, അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടത്‌ ചെയ്‌തുകൊടുക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ, ഒരു ക്ഷാമം വരാൻപോകുന്നെന്ന്‌ മുന്നറിയിപ്പു കിട്ടിയപ്പോൾ “ശിഷ്യന്മാർ ഓരോരുത്തരും അവരവരുടെ കഴിവനുസരിച്ച്‌ യെഹൂദ്യയിൽ വസിക്കുന്ന സഹോദരങ്ങൾക്കു സഹായം എത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു.”—പ്രവൃ. 11:28-30.

യഹോവയുടെ ദാസന്മാരായ നാം ഭൗതികസഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതിൽ ഉത്സുകരാണ്‌. എന്നാൽ ആളുകൾക്ക്‌ ആത്മീയാവശ്യങ്ങളുമുണ്ട്‌. (മത്താ. 5:3) യേശു തന്റെ അനുഗാമികൾക്ക്‌ ശിഷ്യരെ ഉളവാക്കാനുള്ള നിയോഗം നൽകിയത്‌ ഈ ആവശ്യത്തെപ്പറ്റി ആളുകളെ ബോധവാന്മാരാക്കാനും അതു തൃപ്‌തിപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ അവരെ സഹായിക്കാനും വേണ്ടിയാണ്‌. (മത്താ. 28:19, 20) വ്യക്തികളെന്ന നിലയ്‌ക്ക്‌, ഈ നിയോഗം നിറവേറ്റുന്നതിന്‌ നമ്മുടെ സമയവും ഊർജവും വിഭവങ്ങളും നാം ഉദാരമായി ചെലവിടുന്നു. ഒരു സംഘടനയെന്ന നിലയ്‌ക്ക്‌, സംഭാവനയായി ലഭിക്കുന്ന ഫണ്ടുകളിൽ കുറെ നാം ഭൗതികസഹായം നൽകുന്നതിന്‌ ചെലവിടുന്നു. എങ്കിലും സുവാർത്തയുടെ വ്യാപനത്തിനും രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിനും ആണ്‌ അവ മുഖ്യമായും ഉപയോഗപ്പെടുത്തുന്നത്‌. അങ്ങനെ നാം ദൈവത്തോടും അയൽക്കാരോടും ഉള്ള നമ്മുടെ സ്‌നേഹം തെളിയിക്കുന്നു.—മത്താ. 22:37-39.

യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകവേലയെ പിന്തുണയ്‌ക്കുന്നവർക്ക്‌ അവർ നൽകുന്ന സംഭാവനകൾ ഏറ്റവും നന്നായി ഉപയോഗിക്കപ്പെടുമെന്ന്‌ ഉറപ്പായും വിശ്വസിക്കാം. ഭൗതികസഹായം ആവശ്യമുള്ള സഹോദരങ്ങൾക്ക്‌ അതു നൽകാനുള്ള സാഹചര്യം നിങ്ങൾക്കുണ്ടോ? ശിഷ്യരാക്കൽവേലയെ പിന്തുണയ്‌ക്കാൻ നിങ്ങളുടെ ആസ്‌തികൾ ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ, “നന്മ ചെയ്‌വാൻ നിനക്കു പ്രാപ്‌തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുത്‌.”—സദൃ. 3:27.